Campus Alive

വഖ്ഫും ഭരണകൂട ഇടപെടലുകളും

ഖ്ഫ് ബോർഡിലെ നിയമനങ്ങൾ പി.എസ്.സിക്ക് വിടണമെന്ന ഇടതുപക്ഷ ഭരണകൂടത്തിന്റെ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ വഖ്ഫിനു മേലുള്ള ഭരണകൂട ഇടപെടലുമായി ബന്ധപ്പെട്ട ചില ആലോചനകളാണ് ഈ ലേഖനം മുന്നോട്ടുവെക്കുന്നത്. മുസ്‌ലിംകൾക്കിടയിൽ നിലനിൽക്കുന്ന കക്ഷിരാഷ്ട്രീയവുമായും വഖ്ഫിനു മേൽ നിയന്ത്രണം നേടാനുള്ള വ്യത്യസ്ത മുസ്‌ലിം ധാരകളുടെ മത്സരവുമായും ഇപ്പോഴുണ്ടായ വിവാദങ്ങൾക്ക് തീർച്ചയായും ബന്ധമുണ്ട്. കേരളത്തിലെ മുസ്‌ലിം സമുദായത്തിലെ പ്രധാന രാഷ്ട്രീയ കക്ഷിയായ മുസ്‌ലിം ലീഗിന് തുടർച്ചയായി അധികാരത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്ന പുതിയ രാഷ്ട്രീയ പരിസരത്തെയും വഖ്ഫ് വിവാദം പ്രതിഫലിപ്പിക്കുന്നു. എന്നാൽ, വഖ്ഫ് വിവാദം ഏറ്റവും മർമ്മ പ്രധാനമായി ഉയർത്തുന്ന ചോദ്യം, വഖ്ഫിനു മേൽ ഭരണകൂടങ്ങൾക്ക് അമിതാധികാരം നൽകുന്നത് അനുചിതമാണോ എന്നതാണ്. വഖ്ഫ് ബോർഡിലെ നിയമനങ്ങൾ ഭരണകൂടം നിശ്ചയിക്കുന്നതോടു കൂടി കൂടുതൽ സുതാര്യതയും കാര്യക്ഷമതയും കൈവരുമെന്നതാണല്ലോ പുതിയ നീക്കത്തെ അനുകൂലിക്കുന്ന പക്ഷത്തുള്ളവരുടെ ഏറ്റവും പ്രധാന വാദം. 

വഖ്ഫ് എന്ന അറബി വാക്കിനർത്ഥം ‘തടഞ്ഞു നിർത്തുക’ എന്നതാണ്. ഇസ്‌ലാം അനുവദിക്കുന്ന നന്മകൾക്ക് വേണ്ടി ഉടമസ്ഥാവകാശം അല്ലാഹുവിലേൽപ്പിച്ച് അന്യാധീനപ്പെടാതെ തടഞ്ഞുനിർത്തപ്പെടുന്ന മുതലുകളെന്നാണ് പൊതുവെ വഖ്ഫിന് നൽകപ്പെടുന്ന വിവക്ഷ. മുസ്‌ലിം ലോകത്ത് എല്ലായിടത്തും ഇങ്ങനെ തടഞ്ഞു നിർത്തപ്പെട്ട മുതലുകൾ കാണാൻ സാധിക്കും. വഖ്ഫായി മാറ്റപ്പെടുന്ന മുതലുകൾ എന്നെന്നും നിലനിൽക്കേണ്ട അല്ലെങ്കിൽ നിലനിൽക്കുന്ന ദാനമായാണ് (സദഖ ജാരിയ) വിശ്വാസി സമൂഹം മനസ്സിലാക്കുന്നത്. മുസ്‌ലിം സമൂഹം പ്രവാചക കാലം മുതലേ പൊതു സേവനങ്ങൾക്ക് വഖ്ഫ് ചെയ്യപ്പെട്ട മുതലുകളാണ് ഉപയോഗിച്ചു വരുന്നത്. പള്ളികൾ, മദ്റസകൾ, കോളേജുകൾ, ദർഗ്ഗകൾ, മഖ്ബറകൾ തുടങ്ങി ഇസ്‌ലാമിക സമൂഹവുമായി ബന്ധപ്പെട്ട അനേകം സ്ഥാപനങ്ങൾ രൂപം കൊണ്ടതും നിലനിന്നു പോന്നതും വഖ്ഫ് എന്ന നിലയിലാണ്. മുസ്‌ലിംകളുടെ ദൈനംദിന ജീവിതം വഖ്ഫുമായി ചേർന്നാണ് കിടക്കുന്നത്. മുസ്‌ലിംകൾ തുർക്കി പോലുള്ള പ്രദേശങ്ങളിൽ ‘വഖ്ഫ് ചെയ്യപ്പെട്ട തൊട്ടിലിൽ ജനിച്ച് വഖ്ഫ് മുതലിൽ നിന്നുള്ള ഭക്ഷണം കഴിച്ച് വഖ്ഫാക്കപ്പെട്ട ഖബറിൽ അടക്കം ചെയ്യുന്നു’ എന്ന് ഗിബ്സിനെ പോലുള്ള ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത് മുസ്‌ലിം ജീവിതത്തിലെ വഖ്ഫിന്റെ മാറ്റിനിർത്തപ്പെടാനാവാത്ത ഈയൊരു സാന്നിധ്യം കാരണമാണ്. വഖ്ഫ് മുതലുകളാണ് ഇസ്‌ലാമിക സമൂഹത്തെ ലോകം മൊത്തം വളർത്തിയെടുത്തത്. Hodgoson ഈയൊരു പശ്ചാത്തലത്തിലാണ് വഖ്ഫിനെ “Financing of Islamic Society” എന്ന് വിശേഷിപ്പിക്കുന്നത്. വഖ്ഫ് ഇസ്‌ലാമിക സമൂഹത്തിന് അതിപ്രധാനമായതിനാൽ തന്നെ ഇസ്‌ലാമിക മദ്ഹബുകൾ വഖ്ഫിനെ വളരെയധികം വിശദീകരിക്കുകയും കൃത്യപ്പെടുത്തുകുയും ചെയ്തിട്ടുണ്ട്. ദാനം ചെയ്യുന്നയാൾ വഖ്ഫിന്റെ പരിപാലന ചുമതല ഏൽപ്പിക്കുന്ന ആളിനെയാണ് ഫിഖ്ഹീ സജ്ഞ പ്രകാരം മുതവല്ലി എന്നു വിളിക്കുന്നത്. മുതവല്ലി ദാനം ചെയ്ത ആളുടെ ഉദ്ദേശങ്ങൾക്കനുസരിച്ച് വഖ്ഫിനെ പരിപാലിക്കാൻ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട ആളാണ്. ഒരിക്കലും അയാൾക്ക് വഖ്ഫിനു മേൽ ഉടമസ്ഥാവകാശം നിലനിൽക്കുന്നില്ല. മുതവല്ലി അയാളുടെ ഉത്തരവാദിത്തം നിറവേറ്റാത്ത ഘട്ടത്തിൽ മുസ്‌ലിംകൾക്കിടയിലെ ഖാദിമാർ അദ്ദേഹത്തെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യേണ്ടതും മറ്റൊരാൾക്ക് ആ ഉത്തരവാദിത്തം ഏൽപ്പിച്ചു കൊടുക്കേണ്ടതുമാണ് എന്നാണ് ഇസ്‌ലാമിക ഫിഖ്ഹ് നിഷ്കർഷിക്കുന്നത്.

വഖ്ഫിന്റെ ഇത്തരത്തിലുള്ള കൃത്യമായ ഇസ്‌ലാമിക നിയമ സംവിധാനങ്ങളുടെയും വഖ്ഫിനോട് മുസ്‌ലിം സമൂഹം കാണിക്കുന്ന ബഹുമാനത്തിന്റെയും ഫലമായി വഖ്ഫുകൾ കാലങ്ങളായി നിലനിന്നു പോന്നതായി കാണാൻ സാധിക്കും കേരളത്തിൽ തന്നെ നൂറ്റാണ്ടുകളോളം പഴക്കമുള്ള വഖ്ഫാക്കപ്പെട്ട പള്ളികളും, സ്രാമ്പികളും, പള്ളി ലൈബ്രറികളുമെല്ലാം ഇന്നും ദാനം ചെയ്തയാളുടെ അഭിലാഷങ്ങൾക്കനുസൃതമായി നിലനിൽക്കുന്നത് ഇസ്‌ലാമിക സമൂഹം വഖ്ഫിന് നൽകിയ പരിപാവന സ്വഭാവവും ഇസ്‌ലാമിക നിയമങ്ങളുടെ സംരക്ഷണവും കാരണമായാണ്.

അനേകം തലമുറകൾ നന്മ അനുഭവിക്കേണ്ടതിനാൽ തന്നെ വഖ്ഫ് മുതലുകൾ വ്യത്യസ്ത രാഷ്ട്രീയ സാമൂഹിക സാമ്പത്തിക കാലങ്ങളിലൂടെ സ്വാഭാവികമായും കടന്നുപോവുന്നു. വ്യത്യസ്ത കാലങ്ങളിലൂടെയുള്ള വഖ്ഫിന്റെ അതിജീവനം സാധ്യമായത് അതിന്റെ തികച്ചും പ്രാദേശിക-വികേന്ദ്രീകൃതമായതും ഭരണകൂട സ്വാധീനങ്ങളിൽ നിന്ന് അകന്നതുമായ നിലനിൽപ്പിലൂടെയാണെന്ന് കാണാൻ സാധിക്കും. ഇങ്ങനെയുള്ള വഖ്ഫിന്റെ ഭരണകൂടെ സ്വാധീനത്തിൽ നിന്ന് മാറിയുള്ള സ്വഭാവമാണ് മുസ്‌ലിംകളെ തന്നെ ലോകത്തിന്റെ പല ദിക്കുകളിലും സമുദായങ്ങളായി കൊണ്ടും വ്യത്യസ്ത  രാഷ്ട്രീയ സാഹചര്യങ്ങളെ മറികടന്നു കൊണ്ടും വളരാൻ സഹായിച്ചത്. ശരീഅത്തിന്റെ നിലനിൽപ്പിനും വഖ്ഫ് വഹിച്ച പങ്ക് വലുതാണ്. ശരീഅത്തിന്റെ ഭരണകൂട സ്വാധീനം ഇല്ലാത്ത വളർച്ച സാധ്യമാക്കിയത്  ഭരണകൂട മുക്തമായ വഖ്ഫിന്റെ ലഭ്യത കാരണമാണെന്ന് ഇസ്‌ലാമിക ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. തികച്ചും പ്രാദേശികവും ഭരണകൂട മുക്തവുമായിട്ടുള്ള സാമ്പത്തിക സ്രോതസ്സുകളായ വഖ്ഫിനെ ആശ്രയിക്കുന്നതിനാൽ ഉലമാക്കൾക്ക് ഇസ്‌ലാമിന്റെ വിജ്ഞാനത്തിൽ സംഭാവന ചെയ്യാനും ശരീഅത്തിനെ നിലനിർത്താനും അവ നൽകിയ പിൻബലം വലുതാണ്. ആധുനിക രാഷ്ട്ര സംവിധാനങ്ങൾക്കും കൊളോണിയലിസത്തിന്റെയും വരവിന് മുൻപേയുള്ള വഖ്ഫിന്റെ ചരിത്രം മുസ്‌ലിം സമൂഹത്തിന്റെ തന്നെ സ്വതന്ത്രവും ഭരണകൂട ഇടപെടലുകളിൽ നിന്ന് മാറിയുള്ള വളർച്ചയുടേയും തന്നെ ചരിത്രമാണെന്ന് കാണാൻ സാധിക്കും. മിരിയം ഓക്സ്റ്ററെ പോലുള്ള ചരിത്രകാരന്മാർ ആധുനികതക്ക് മുൻപ് മുസ്‌ലിം ലോകത്ത് നിലനിന്ന പൊതു മണ്ഡലം (Public Sphere) രൂപപ്പെടുത്തിയത് വഖ്ഫ് ആണെന്ന് സ്ഥാപിക്കുന്നത് ഈയൊരു പശ്ചാത്തലത്തിലാണ്. മക്ദീസിയുടെ ‘Rise of colleges’ എന്ന ഇസ്‌ലാമിലെ വിജ്ഞാനത്തിന്റെ ഉയർച്ചയെ അന്വേഷിക്കുന്ന പുസ്തകം മുസ്‌ലിം സമൂഹത്തിന്റെ സ്വതന്ത്രമായ വൈജ്ഞാനിക വളർച്ചയ്ക്ക് വഖ്ഫ് നൽകിയ സംഭാവനകളെ വളരെയധികം പഠനവിധേയമാക്കുന്നുണ്ട്.

കൊളോണിയൽ കാലഘട്ടം മുതലാണ് ശരീഅത്തിന്റെയും വഖ്ഫിന്റെയും മുകളിൽ ഭരണകൂടങ്ങൾ കൂടുതൽ നിയന്ത്രണവും ഇടപെടലുകളും നടത്തിയതെന്ന് കാണാൻ സാധിക്കും. കൊളോണിയൽ റെവന്യൂ സമ്പ്രദായവും നിയമവ്യവസ്ഥയും വഖ്ഫിന്റെ മേൽ വ്യാപകമായ ഇടപെടലുകൾ നടത്തുന്നതായി കാണാം. അന്യാധീനപ്പെടാത്ത മുതലുകളെന്ന വഖ്ഫ് സങ്കല്പം തന്നെ വിപണിയാധിഷ്ടിതമായ കൊളോണിയൽ മുതലാളിത്തത്തിന് തടസ്സമായാണ് ബ്രിട്ടീഷുകാർ മനസ്സിലാക്കിയത്. അതിനാൽ കൊളോണിയലിസം നിലനിന്ന രാജ്യങ്ങളിലെല്ലാം കുടുംബം അതിന്റെ ഫലം അനുഭവിക്കുന്ന തരത്തിലുള്ള വഖ്ഫുകൾ (വഖ്ഫ് ഔലാദ് )പൂർണ്ണമായി നിരോധിക്കുകയോ, അതിന്റെ പ്രയോഗം ചുരുക്കുകയോ അല്ലെങ്കിൽ വ്യാപകമായി നികുതി ഈടാക്കുകയോ ആണ് ചെയ്തത്. ഇന്ത്യയിൽ തന്നെ വഖ്ഫിനെ ഇസ്‌ലാമിക നിയമത്തിന് എതിരാണെന്ന് പറഞ്ഞു കൊണ്ട് Privy Council മൂന്നു പതിറ്റാണ്ടോളം കുടുംബം ഫലം അനുഭവിക്കുന്ന വഖ്ഫുകളെ അസാധുവാക്കുകയാണ് ചെയ്തത് (Abul Fata Mahomed Ishak And Ors. vs Rasamaya Dhur Chowdhuri And Ors. on 24 February, 1891). ദീർഘമായ മുസ്‌ലിം രാഷ്ട്രീയ പ്രക്ഷോഭങ്ങളുടെയും ക്യാമ്പയിനുകളുടെയും ഫലമായാണ് കുടുംബം ഇസ്‌ലാമിക നിയമത്തിലെ  ദാനത്തിന് അർഹരാണെന്ന് സ്ഥാപിക്കുകയും 1913-ൽ വഖ്ഫ് ഔലാദ് സാധുവാണെന്ന് നിയമം പാസ്സാക്കുകയും ചെയ്തത് (The Mussalman Wakf Validating Act, 1913). ശരീഅത്തിനെയും വഖ്ഫിനെയും ഇത്തരത്തിൽ നിർവ്വചിക്കാനും ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാനും സാധിച്ചത് ശരീഅത്തിന്റെയും വഖ്ഫിന്റെയും മേലുള്ള സ്വാധീനം മുസ്‌ലിംകളിൽ നിന്നും മുസ്‌ലിം ഖാദിമാരിൽ നിന്നും വേർപെടുത്തി ആധുനിക നിയമങ്ങളിൽ പരിശീലിക്കപ്പെട്ട ജഡ്ജിമാരിലേക്ക് കർതൃത്വം മാറ്റപ്പെടുന്നതിലൂടെയാണെന്ന് സ്കോട്ട് കൂഗ്ളിനെ പോലുള്ളവർ വ്യക്തമാക്കുന്നുണ്ട്. വാഇൽ ഹല്ലാഖും മുസ്‌ലിം കർതൃത്വം നഷ്ടപ്പെടുന്നതിലൂടെയാണ് ഇസ്‌ലാമിക നിയമങ്ങൾക്ക് മേലുള്ള ജൂറൽ കൊളോണിയലിസം സാധ്യമായതെന്ന് വാദിക്കുന്നു. ഇസ്‌ലാമിക നിയമങ്ങളുടെയും വഖ്ഫിന്റെയും മേൽ കൊളോണിയൽ ഭരണകൂടം കർതൃത്വം സ്ഥാപിച്ചത് എല്ലാകാലത്തും മുസ്‌ലിംകളേക്കാൾ ഇസ്‌ലാമിക നിയമങ്ങളേയും വഖ്ഫിനേയും ഞങ്ങൾക്ക് മനസ്സിലാക്കാനും നിലനിർത്താനും കഴിയും എന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു. ഇസ്‌ലാമിക നിയമങ്ങളിൽ മുസ്‌ലിം ഖാദിമാർ  കാര്യക്ഷമമല്ലെന്നും വിശ്വാസയോഗ്യമല്ലെന്നുമുള്ള ആരോപണം ശരീഅത്തുമായി ബന്ധപ്പെട്ട് കൊളോണിയൽ കാലത്ത് ഓറിയന്റൽ ഇസ്‌ലാമിക വിദഗ്ധർ ഉയർത്തിയ ഏറ്റവും പ്രധാന വാദം. എന്നാൽ കാര്യക്ഷമതയുടെ പേരിൽ ഇത്തരത്തിൽ കർതൃത്വം ആധുനിക രാഷ്ട്ര സംവിധാനങ്ങളിലേക്ക് മാറ്റപ്പെടുന്നതോടു കൂടി വഖ്ഫിന്റെയും ശരീഅത്തിന്റെയും സാധ്യതയും അതിന്റെ ജൈവികതയും നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് ആധുനിക ഇസ്‌ലാമിക നിയമങ്ങളെക്കുറിച്ച് പഠിച്ച വാഇൽ ഹല്ലാഖിനെ പോലുള്ളവർ ചൂണ്ടികാണിക്കുന്നു. ഗ്രിഗറി കൊസലോസ്കി ശിയാക്കളുടെ ഇമാംബാര (കർബല സ്മരണ നടത്തുന്ന മൈതാനം) എന്ന വഖ്‌ഫ് മുതൽ എങ്ങനെയാണ് കൊളോണിയൽ ഭരണകൂടം നിരന്തരമായ ഇടപെടലുകളിലൂടെ മാറ്റി മറിച്ചത് എന്ന് വിശദമായി അദ്ദേഹത്തിന്റെ പുസ്തകത്തിൽ പഠന വിധേയമാക്കുന്നുണ്ട്. മുതവല്ലിമാർക്ക് വഖ്ഫ് സംരക്ഷിക്കുന്നതിൽ കാര്യക്ഷമതയില്ലെന്ന് ആരോപിച്ച് ബ്രിട്ടീഷുകാർ ഏറ്റെടുത്ത ഇമാംബാര പിന്നീട് കാലക്രമേണ ബ്രിട്ടീഷ് സിവിൽ സർവീസ് ട്രെയിനിങ് ഗ്രൗണ്ടായി പരിവർത്തിക്കുകയാണുണ്ടായത്.

വഖ്ഫിനെ നിലനിർത്തുന്നത് മുസ്‌ലിംകൾ അതിനു നൽകുന്ന പരിപാവന സ്വഭാവമാണ് എന്ന് ഇസ്‌ലാമിക ചരിത്രം കാണിക്കുന്നു. അതിനാൽ മുസ്‌ലിം കർതൃത്വം ശരീഅത്തിനും വഖ്ഫിനും ഏറെ പ്രധാനമാണെന്ന് വരുന്നു. ആധുനിക രാഷ്ട്ര സംവിധാനങ്ങളും സംരക്ഷണവും അതിന്റെ സഹായവും തീർച്ചയായും എല്ലാ സമുദായങ്ങളെ പോലെയും മുസ്‌ലിങ്ങൾക്ക് നിലനിൽപ്പിന് ആവശ്യമാണ്. എന്നാൽ ആധുനിക രാഷ്ട്ര സംവിധാനങ്ങളെ നയിക്കുന്നത് ഇസ്‌ലാമിക മൂല്യങ്ങളോ വഖ്ഫ് മുതലുകൾ ദാനം ചെയ്തയാളുകളുടെ നിയ്യത്തോ അല്ല. അതിന് അതിന്റേതായ മാർക്കറ്റുമായി ബന്ധപ്പെട്ട യുക്തിയും പൊളിറ്റിക്കൽ എക്കണോമിയുമൊക്കെയാണ് പ്രധാനം. ആധുനിക കാലത്തെ വഖ്ഫിന്റെയും ശരീഅത്തിന്റെയും മേലുള്ള ഭരണകൂട ഇടപെടലുകളുടെ ചരിത്രം വ്യക്തമാക്കുന്നത് മുസ്‌ലിം കർതൃത്വം നഷ്ടപ്പെടുന്നത് ഒരിക്കലും അനുഗുണമായല്ല മുസ്‌ലിംകൾക്ക് വന്നു ചേർന്നത് എന്നാണ്. സുതാര്യതയുടെയും കാര്യക്ഷമതയുടെയും പേരിൽ വഖ്ഫിന് മേലുള്ള ഭരണകൂട ഇടപെടലുകൾ പ്രാദേശികവും വികേന്ദ്രീകൃതവുമായി കിടക്കുന്ന അനേകം വഖ്ഫ് മുതലുകളുമായി ബന്ധിപ്പിച്ച് മനസ്സിലാക്കിയാൽ ഈയൊരു കാര്യത്തിൽ കുറച്ചുകൂടി വ്യക്തത വരും. ഭരണകൂടങ്ങൾ എല്ലാ കാലവും കാര്യക്ഷമതയുടെ കുത്തക അവകാശപ്പെട്ടു കൊണ്ടാണ് ആളുകളുടെയും സമുദായങ്ങളുടെയും മേൽ നിയന്ത്രണം നേടിയത്. വഖ്ഫ് ആത്യന്തികമായി മുസ്‌ലിംകളുടെ അഭിലാഷങ്ങളുമായും പരലോകപ്രതിഫലവുമായും ബന്ധപ്പെട്ടാണ് കിടക്കുന്നത്. വഖ്ഫ് ദാതാവിന്റെ നിയ്യത്തുകൾ സംരക്ഷിക്കപ്പെടാൻ ഏറ്റവും അനുയോജ്യമായത് ഒരിക്കലും ഭരണകൂടങ്ങളല്ല എന്നാണ് ആധുനിക വഖ്ഫിന്റെ ചരിത്രം കാണിക്കുന്നത്. ആധുനിക രാഷ്ട്ര സംവിധാനങ്ങളുടെ വരവോട് കൂടിയാണ് കോടതികൾ വഖ്ഫ് ചെയ്ത ആളുടെ നിയ്യത്ത് ഇഴകീറി പരിശോധിച്ച് തുടങ്ങിയതെന്ന് നിദ മുംതാസിനെ പോലുള്ള ഗവേഷകർ വിലയിരുത്തുന്നുണ്ട്. ബാബരിയിൽ നിന്ന് തുടങ്ങി ഇന്ന് മഥുരയിൽ എത്തി നിൽക്കുന്ന വഖ്ഫിന്റെ മേലുള്ള അക്രമരാഷ്ട്രീയ പരിസരം കൂടി ഇന്ത്യയിൽ ഈയൊരു ഘട്ടത്തിൽ വഖ്ഫുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടതുണ്ട്. വഖ്ഫുകളിൽ കൂടുതൽ ഭരണകൂട ഇടപെടലുകൾ ഉണ്ടാവുന്നത് ചരിത്രവും വർത്തമാനവും മുൻനിർത്തി മനസ്സിലാക്കുമ്പോൾ ദീർഘദൃഷ്ടി ഉള്ള ഏർപ്പാടെല്ലെന്നാണ് മനസ്സിലാവുന്നത്. മുസ്‌ലിം സമുദായത്തിന്റെ സ്വതന്ത്ര വളർച്ചയ്ക്ക് വഖ്ഫുകൾ ഭരണകൂടത്തിൽ നിന്നും എത്ര മാറി സഞ്ചരിക്കുന്നോ അത്രയും നല്ലതെന്ന് വഖ്ഫിന്റെ ലോകചരിത്രം തെളിയിക്കുന്നു.

അബ്ദുല്ല കോട്ടപ്പള്ളി