Campus Alive

എന്തിനെയാണ് നാം ദേശമെന്ന് വിളിക്കുന്നത്?

ജയില്‍മോചിതരായ വിദ്യാര്‍ഥികള്‍ക്ക് കാമ്പസില്‍ നല്‍കിയ സ്വീകരണത്തില്‍ ദൊന്ത പ്രശാന്ത് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്….

ഈയൊരു നിമിഷത്തെ സാധ്യമാക്കിയ എല്ലാ വിദ്യാര്‍ത്ഥികളും അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. ഞങ്ങളുടെ കൂടെ നിന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സിവില്‍ സൊസൈറ്റി സംഘടനകള്‍ക്കും ഞങ്ങളുടെ കൃതജ്ഞത ഈയവസരത്തില്‍ രേഖപ്പെടുത്തുകയാണ്. അത്‌പോലെ ധൈര്യപൂര്‍വ്വം പോലീസിന്റെ അസഭ്യവിളികളെയും മര്‍ദ്ദനങ്ങളെയും നേരിട്ട എന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിനി സുഹൃത്തുക്കള്‍ക്കും അഭിവാദ്യമര്‍പ്പിക്കുകയാണ്. പോലീസിന്റെ ഭീകരമായ മര്‍ദ്ദനങ്ങളെയും അസഭ്യവര്‍ഷങ്ങളെയും മുഴുവന്‍ വിദ്യാര്‍ഥി സുഹ്യത്തുക്കളും അഭിനന്ദനമര്‍ഹിക്കുന്നു. അവര്‍ പ്രകടിപ്പിച്ച ധീരതയും നിശ്ചയദാര്‍ഢ്യവും അപാരമായിരുന്നു. പോലീസ് ഇടപടെലിന് ശേഷം രോഹിതിന്റെ നീതിക്കായി പോരാടുന്ന നമ്മുടെ പ്രസ്ഥാനത്തിന്റെ ശക്തി വര്‍ധിച്ചിട്ടേയുള്ളൂ എന്നതാണ് യാഥാര്‍ത്ഥ്യം.

എല്ലാ തരത്തിലുമുള്ള ഭരണഘടനാ തത്വങ്ങളെയും കാറ്റില്‍പ്പറത്തിക്കൊണ്ടാണ് സ്‌റ്റേറ്റും പോലീസും ഞങ്ങളോട് പെരുമാറിയത്. പോലീസ് വാനില്‍ വെച്ച് ക്രൂരമായാണ് അവര്‍ ഞങ്ങളെ മര്‍ദ്ദിച്ചത്. ഒരു പോലീസ് സറ്റേഷനില്‍ നിന്ന് അടുത്ത പോലീസ് സ്‌റ്റേഷനിലേക്ക് ഞങ്ങളെയവര്‍ നിരന്തരം മാറ്റിക്കൊണ്ടിരുന്നു. ഞങ്ങളെയവര്‍ വിളിച്ചത് ദേശവിരുദ്ധര്‍ എന്നായിരുന്നു. ഈയടുത്ത കാലത്തായി ദേശവിരുദ്ധത എന്ന പ്രയോഗം വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. എന്താണ് ദേശം എന്ന സാമാന്യ ധാരണ പോലും ബി.ജെ.പിക്കാര്‍ക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇന്ത്യ എന്നത് ഒരു ദേശം പോലുമല്ല എന്നാണ് അംബേദ്കര്‍ പറഞ്ഞിട്ടുള്ളത്. വ്യത്യസ്ത ജാതികളായി ചിതറിക്കിടക്കുന്ന ഒന്നാണത്. ജാതീയത ഒരലങ്കാരമായി കൊണ്ട് നടക്കുന്നവരാണ് ദേശവിരുദ്ധര്‍. അപ്പാറാവുവാണ് ദേശവിരുദ്ധന്‍.

സുഹൃത്തുക്കളെ, യൂണിവേഴ്‌സിറ്റികളാണ് വിദ്യാര്‍ഥി വിരുദ്ധവും ജനവിരുദ്ധവുമായ ഗവണ്‍മെന്റ് നയങ്ങളെ വിമര്‍ശിച്ച് കൊണ്ടിരിക്കുന്നത്. മുസ്‌ലിംകള്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കുമെതിരായ വയലന്‍സിനെതിരെ യൂണിവേഴ്‌സിറ്റികളില്‍ നിന്ന് എതിര്‍ശബ്ദമുയരുന്നുണ്ട്. ജാതി വിവേചനത്തിനെതിരെ അവ നിലകൊളളുന്നു. ബ്രാഹ്മണിസത്തെ പിന്തുണക്കുകയല്ലാതെ നിങ്ങള്‍ക്ക് മുമ്പില്‍ വേറെ വഴിയില്ലെങ്കില്‍ നിങ്ങളെ ചോദ്യം ചെയ്യുന്ന ഈ ശബ്ദങ്ങളെ നിങ്ങള്‍ ഇല്ലായ്മ ചെയ്യേണ്ടി വരും. കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ അതാണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്.