Campus Alive

ഡിഫെന്റിങ് മുഹമ്മദ് ഇൻ മൊഡേണിറ്റി: ഒരാമുഖം

(ഗ്രന്ഥകാരനും ഫ്രാങ്ക്ലിൻ ആൻഡ് മാർഷൽ കോളേജ് മത പഠന വിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഷേർ അലി തരീന്റെ ‘Defending Muhammad in Modernity’ എന്ന പുതിയ പുസ്തകത്തിലെ ആമുഖ ഭാഗം)


2006 സെപ്തംബറിൽ നോർത്തിന്ത്യയിലെ മുറാദാബാദിലെ അഹറാഉല്ലാഹ് എന്ന ഗ്രാമത്തിലെ എൺപത് വയസ്സുകാരനായ ആബിദ് അലി എന്ന വൃദ്ധൻ ദശകങ്ങളായി തന്റെ ഭാര്യയായിരുന്ന എഴുപത്തിയഞ്ച് വയസ്സ് പ്രായമുള്ള അസ്ഗേരി അലിയെ വീണ്ടും നിക്കാഹ് ചെയ്യുന്നു. കുറച്ച് ആഴ്ചകൾക്ക് മുൻപ്, അവരുടെ നിക്കാഹ് അസാധുവായതായി നാട്ടിലെ മത പണ്ഡിതനായ അബ്ദുൽ മനാൻ കരീമി പ്രഖ്യാപിച്ചിരുന്നു. ഗ്രാമത്തിലെ ഒരു വൃദ്ധന്റെ മയ്യത്ത് നമസ്കാരത്തിൽ മറ്റ് 200 പേരോടൊപ്പം ഇവരും പങ്കെടുത്തിരുന്നു എന്നാണ് അതിനായി അദ്ദേഹം മുന്നോട്ടു വെച്ച കാരണം. പ്രസ്തുത മയ്യിത്ത് നമസ്കാരം നടന്ന സാഹചര്യങ്ങളായിരുന്നു രൂക്ഷമായ ഈ പ്രസ്താവനയിലേക്ക് അദ്ദേഹത്തെ നയിച്ചത്. ഒരു മയ്യത്ത് നിസ്കാരത്തിൽ പങ്കെടുക്കുന്നതിന് യഥാർത്ഥത്തിൽ വിലക്കുകളേതുമില്ല. പക്ഷേ, കരീമിയുടെ വീക്ഷണത്തിൽ, തീർത്തും ഭിന്നമായ ആദർശത്തിൽ വിശ്വസിക്കുന്ന മറ്റൊരു പണ്ഡിതനെ ഇമാമാക്കി കൊണ്ട് മയ്യത്ത് നമസ്കരിക്കുക വഴി, ഗുരുതരമായ പാപമാണ് ആ ഗ്രാമവാസികൾ ചെയ്തിരിക്കുന്നത്!

കരീമിയും അദ്ദേഹം ഇസ്‌ലാമിൽ നിന്ന് പുറത്ത് പോയതായി പ്രഖ്യാപിച്ച 200 പേരും സുന്നി ഇസ്‌ലാമിലെ ബറേൽവി ധാരയിൽ പെട്ടവരായിരുന്നു. എന്നാൽ ആ മയ്യത്ത് നിസ്കാരത്തിന് നേതൃത്വം നൽകിയ അബൂ ഹാഫിസ് മുഹമ്മദാവട്ടെ ദയൂബന്ദി ധാരയിൽ പെട്ടയാളായിരുന്നു. മയ്യത്ത് നമസ്കാരം നടന്ന ദിവസം പ്രാദേശിക ഇമാമിന്റെ അഭാവത്തിൽ പകരക്കാരനെന്ന നിലയിൽ നമസ്കാരത്തിന് നേതൃത്വം നൽകുകയായിരുന്നു അദ്ദേഹം. കരീമിയെ, സംബന്ധിച്ചേടത്തോളം, ഒരു ദയൂബന്ധി മത പണ്ഡിതന്റെ നേതൃത്വത്തിൽ പ്രാർത്ഥന നിർവ്വഹിക്കുക വഴി, ഗ്രാമവാസികളുടെ വിശ്വാസം അസാധുവാകുന്നു. ഒപ്പം അവർക്കിടയിലെ വിവാഹിതരുടെ വിവാഹക്കരാറും (നിക്കാഹ്) സ്വാഭാവികമായും അസാധുവാകുന്നു. കരീമിയുടെ നിർദ്ദേശ പ്രകാരം അവർക്ക് ഇനിയുള്ള ഒരേയൊരു പോംവഴി, തൗബ (പശ്ചാത്താപം) ചെയ്യുകയും, കലിമ ചൊല്ലുകയും വീണ്ടും നിക്കാഹ് നടത്തുകയും ചെയ്യുക എന്നത് മാത്രമാണ്. ഇതാണ് ആബിദ് അലിയുടെയും ഭാര്യയുടെയും പുനർ വിവാഹത്തിന്റെ പശ്ചാത്തലം. സമാനമായി, നൂറോളം ദമ്പതിമാർ അവിടെ പുനർവിവാഹം നടത്തുകയുണ്ടായി. മറ്റ് ചടങ്ങുകളോ ആഘോഷങ്ങളോ ഇല്ലാതെ രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ മാത്രം വിവാഹം നടത്താമെന്നായിരുന്നു കരീമിയുടെ ആഹ്വാനം.

നോർത്തിന്ത്യയിൽ നടന്ന ഈ സംഭവത്തിന് ഏതാനും വർഷങ്ങൾക്ക് ശേഷം ബറേൽവി-ദയൂബന്ധി ശത്രുതയെ ബലപ്പെടുത്തുന്ന സമാനമായ ചില സംഭവങ്ങൾ പാകിസ്താനിലും അരങ്ങേറി. 2011 ജനുവരി 10-ാം തിയ്യതി പാകിസ്താൻ തീവ്രവാദ വിരുദ്ധ കോടതി മുസഫർഗഢ് ഗ്രാമത്തിലെ പള്ളി ഇമാമായ മുഹമ്മദ് ശാഫിയെയും മകൻ മുഹമ്മദ് അസ്ലമിനെയും മതനിന്ദാ കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കുയുണ്ടായി. അവരുടെ കുടുംബ ഉടമസ്ഥതയിലുള്ള പലചരക്ക് കടയുടെ മുകളിൽ പതിച്ച നബിദിനത്തിന്റെ പോസ്റ്റർ നീക്കം ചെയ്തതിന്റെ പേരിൽ 2010 ഏപ്രിലിൽ ആയിരുന്നു അവരുടെ അറസ്റ്റ്. തത്വത്തിൽ ഏതെങ്കിലും ഒരു മതത്തിനെതിരെയുള്ള മതനിന്ദയെയാണ് നിയമം തടയുന്നതെങ്കിലും, പ്രയോഗത്തിൽ വരുമ്പോൾ പ്രവാചകനെ അപമാനിച്ച വ്യക്തികൾക്കെതിരെ ആയിരുന്നു അത് നടപ്പിലാക്കിയിരുന്നത്.

മുൻ പഞ്ചാബ് ഗവർണറായിരുന്ന സൽമാൻ തഅ്സീർ വെടിയേറ്റ് കൊല്ലപ്പെട്ട് അഞ്ച് ദിവസം കഴിഞ്ഞായിരുന്നു മേൽപറഞ്ഞ കോടതി വിധി പുറത്ത് വരുന്നത്. പ്രമാദമായ ഈ കേസിലെ കുറ്റവാളിയായ സൽമാന്റെ ബോഡിഗാഡ് തന്നെയായ മുംതാസ് ഖാദിരി കൊലപാതകത്തിന്റെ കാരണമായി പറയുന്നത് അദ്ദേഹം മതനിന്ദാ കുറ്റം ചെയ്തു എന്നാണ്. പ്രസ്തുത സംഭവത്തെ തുടർന്ന് മതനിന്ദാ നിയമത്തെ അന്യായമായ ഒന്നായും അതിനെ വ്യക്തി വൈരാഗ്യത്തിനും വിഭാഗീയ അക്രമങ്ങൾക്കും ഉപയോഗിക്കുന്നതായി ചൂണ്ടിക്കാണിച്ചു കൊണ്ടുമുള്ള അനേകം വിമർശനങ്ങൾ പാകിസ്താന്റെ വിവിധ മേഖലകളിൽ നിന്ന് ഉയർന്നു വന്നു. ഇത്തരം വിമർശനങ്ങൾക്കൊപ്പം ചേർന്നുകൊണ്ട് ശാഫിയുടെയും അസ്ലമിന്റെയും അഭിഭാഷകനായ ആരിഫ് ഗുർമാനി തന്റെ കക്ഷികൾ അന്യായമായാണ് ശിക്ഷിക്കപ്പെട്ടതെന്നും ‘വിശ്വാസികൾക്കകത്തെ വൈര്യത്തിന്റെ’ ഇരയാണവരെന്നും വാദിച്ചു. അദ്ദേഹം പറയുന്നു: “കേസിലെ രണ്ടു പക്ഷത്തുള്ളവരും മുസ്ലിംകളാണ്… സുന്നി മുസ്ലിംകൾക്കിടയിലെ ദയൂബന്തി വിഭാഗവും ബറേൽവി വിഭാഗവും തമ്മിലുള്ള ഭിന്നതയാണ് ഈ കേസിന് കാരണം… ശാഫി ഒരു നല്ല മുസ്ലിമും പള്ളി ഇമാമുമൊക്കെയാണ്… അവർ മതനിന്ദ നടത്തിയിട്ടില്ല എന്ന ബോധ്യമുള്ളതു കൊണ്ടാണ് ഞാനവർക്ക് വേണ്ടി വാദിക്കുന്നത്..” ദയൂബന്തി വിഭാഗത്തിലുള്ളവരായിരുന്നു അദ്ദേഹത്തിന്റെ കക്ഷികൾ.

സുന്നി ഇസ്‌ലാമിനകത്തെ ദയൂബന്ധി-ബറേൽവി ധാരകൾ തമ്മിലുള്ള ഈ വൈര്യം 19-ാം നൂറ്റാണ്ടിന്റെ അവസാനം വരെ ചെന്നെത്തുന്ന മുസ്‌ലിം പണ്ഡിതർക്കിടയിൽ നിലനിന്നിരുന്ന തീക്ഷ്ണവും സുപ്രധാനവുമായ ചില സംവാദങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്. പ്രവാചക നിന്ദയുമായി ബന്ധപ്പെട്ട മേൽപറഞ്ഞ ഉദാഹരണങ്ങൾ പോലെ, പ്രവാചകാധികാരവുമായി ബന്ധപ്പെട്ട് സൗത്തേഷ്യൻ ഇസ്‌ലാമിൽ 19-ാം നൂറ്റാണ്ടിൽ വിഭിന്നങ്ങളായ വിഭാവനകളായിരുന്നു ഉണ്ടായിരുന്നത്. നൂറ്റാണ്ടുകളായുള്ള മുസ്‌ലിം വിഭാവനയെ പ്രതിസന്ധിയിലാക്കുന്ന ഒരു ധാർമ്മിക പ്രശ്നം ഇതു മൂലം ഉണ്ടായി; പ്രവാചകന്റെ ഓർമ്മകളെയും സുന്നത്തിനെയും ഒരു സമുദായം ബഹുമാനിക്കേണ്ട രൂപം എങ്ങനെയാണ്?

സൗത്തേഷ്യൻ ഇസ്‌ലാമിനെയും മുസ്‌ലിം സ്വത്വത്തെയും സവിശേഷമായി രൂപപ്പെടുത്തിയെടുത്ത ഈ ബറേൽവി-ദയൂബന്ധി സംവാദ മേഖലയെ സമഗ്രമായി വിശകലനം ചെയ്യാനാണ് എന്റെ പുസ്തകം ശ്രമിക്കുന്നത്. നൂറുവർഷങ്ങൾക്ക് മുന്നേ തുടക്കം കുറിച്ച ഈ സംവാദത്തിന്റെ അലയൊലികൾ കോളനിയാനന്തര പ്രാദേശിക-കുടിയേറ്റ സൗത്തേഷ്യൻ മുസ്‌ലിം മതപരതയിൽ ഇന്നും തുടരുന്നതായി കാണാം. ആധുനിക ലോകത്തിലും സൗത്തേഷ്യയിലും ആഗോളതലത്തിലും തന്നെ ‘ശരിയായ ഇസ്‌ലാം’ എന്നതിനേയും യാഥാസ്ഥിക മുസ്‌ലിം സ്വത്വത്തെയും നിശ്ചയിക്കുന്ന ചോദ്യങ്ങളെ രൂപീകരിക്കുന്നതിൽ ഈ സംവാദ മണ്ഡലത്തിനും അതിന്റെ യുക്തിക്കും ശേഷിപ്പുകൾക്കും നിർണായക പങ്കുണ്ട്.

ബറേൽവി-ദയൂബന്ധി സംവാദം കേവലമൊരു അക്കാദമിക വ്യവഹാരം മാത്രമല്ല. അതിലുപരി, ഇസ്‌ലാമിന്റെ ദൈനംദിന പ്രയോഗത്തിലും മതനിന്ദയെ നിർണയിക്കൽ മുതൽ ഒരു സമുദായത്തിന്റെ ഭക്തി-ധാർമ്മിക ജീവിതത്തെ പരുവപ്പെടുത്തുന്നേടം വരെ ഈ സംവാദമണ്ഡലം വ്യാപിച്ചുകിടക്കുന്നു. നിയമപരം/നിഗൂഢജ്ഞാനപരം, പ്യൂറിറ്റൻ/പോപുലിസ്റ്റ്, എക്സ്ക്ലൂസീവിസ്റ്റ്/ഇൻക്ലൂസീവിസ്റ്റ്, പരമ്പരാഗതം/പുരോഗമനപരം തുടങ്ങിയ ദ്വന്ദങ്ങൾ വഴിയാണ് ഈ സംവാദമണ്ഡലത്തെ ജനകീയവും അക്കാദമികവുമായ വ്യവഹാരങ്ങൾ പലപ്പോഴും സമീപിച്ചിട്ടുള്ളത്. ഇവയിൽ ആദ്യം പറഞ്ഞ ദ്വന്ദമായിരിക്കും ദയൂബന്തി-ബറേൽവി സംവാദത്തെ വിശദീകരിക്കാൻ സാധാരണയായി ഉപയോഗിക്കാറ്. ഇസ്‌ലാമിക നിയമ പാരമ്പര്യവും സൂഫിസവും തമ്മിലുള്ള വ്യത്യാസത്തിന്റെ/വിഭജനത്തിന്റെ പ്രതിഫലനമായാണ് ഈ സംവാദത്തെ പലപ്പോഴും വായിക്കാറുള്ളത്. ദയൂബന്തി-ബറേൽവി സംവാദത്തിന്റെ ആന്തരികയുക്തികളെ ആഴത്തിൽ വിശകലനം ചെയ്യുക വഴി അത്തരം ദ്വന്ദനിർമ്മിതികളുടെയും വിശദീകരണങ്ങളുടെയും ആശയദാരിദ്രത്തെയും വക്രീകരണത്തെയും തുറന്നുകാട്ടാനാണ് ഈ പുസ്തകം ശ്രമിക്കുന്നത്. ജീവിതത്തിന്റെയും മതത്തിന്റെയും പരിമിതികളെ ഉയർത്തിക്കാട്ടാനുള്ള പരാജയപ്പെട്ട ലിബറൽ സെക്കുലർ ശ്രമങ്ങളുടെ സൂചനകളാണ് ഈ ദ്വന്ദ നിർമ്മിതികൾ. ആശയപരമായി ദുർബലവും രാഷ്ട്രീയമായി ഹാനികരവുമാണിവ.

ഇതിന് ബദലായി, മതാതിർത്തികൾക്കത്തു തന്നെയുള്ള ഇത്തരം വിരുദ്ധാഖ്യാനങ്ങളെ പരിഷ്കരണത്തിന്റെയും പാരമ്പര്യത്തിന്റെയും മത്സര യുക്തികളായി കാണുന്ന ഒരു ആശയ സമീപനത്തിനു വേണ്ടിയാണ് പുസ്തകം വാദിക്കുന്നത്. ഇത്തരം യുക്തികളുടെ വക്താക്കൾ പാരമ്പര്യത്തിന്റെ അതിരുകളെ തന്ത്രപരമായി നിയന്ത്രക്കാനാണ് അതുവഴി ശ്രമിക്കുന്നത്. മതത്തിന്റെ അതിർവരമ്പുകളെ കുറിച്ച് ആധികാരികമായി സംസാരിക്കാനുള്ള എതിർപക്ഷ വ്യവഹാരങ്ങളുടെ ശേഷിയെ കുറച്ചുകാണിക്കാൻ അവർ കിണഞ്ഞ് ശ്രമിക്കുന്നു. തന്ത്രപരമായ ചില പുറന്തള്ളൽ പ്രയോഗങ്ങൾ ഇതിന്റെ ഭാഗമാണ്. അധീശത്വത്തിനായി മല്ലിടുന്ന ഇത്തരം വിരുദ്ധ വ്യാവഹാരിക തന്ത്രങ്ങളുടെ സംഘർഷ ഭൂമികയെ വിഷയപരമായ (Disciplinary) ദ്വന്ദങ്ങളിലേക്ക് ചുരുക്കുക സാധ്യമല്ല. പകരം, ഒരു വ്യാവഹാരിക പാരമ്പര്യത്തിനകത്തെ പരസ്പര വിരുദ്ധമായ യുക്തികളെ കൃത്യമായി അടയാളപ്പെടുത്തുന്ന ഒരു ചിന്താ പ്രയോഗം (സിദ്ധാന്തം) ആവശ്യമാണ്. അത്തരമൊരു സമീപനമാണ് ഈ പുസ്തകം മുന്നോട്ടുവെക്കാൻ ആഗ്രഹിക്കുന്നത്. 19-ാം നൂറ്റാണ്ടിലെ ഇന്ത്യൻ മുസ്‌ലിംകൾക്കിടയിലെ പാരമ്പര്യത്തിന്റെയും പരിഷ്കരണത്തിന്റെയും സംഘർഷാത്മകമായ യുക്തികളെ സൂക്ഷ്മ വിശകലനത്തിന് വിധേയമാക്കുക വഴി, ആധുനിക സൗത്തേഷ്യയിലെ ഇസ്‌ലാമിന്റെ പരിധികളെ എങ്ങനെയാണ് നിർമ്മിക്കുകയും, സ്ഥാപിക്കുകയും, സംഘർഷപ്പെടുത്തുകയും ചെയ്തത് എന്നാണ് പുസതകം അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.

ഷേർ അലി തരീൻ

സംഘർഷപ്പെടുന്ന രാഷ്ട്രീയ ദൈവശാസ്ത്രങ്ങൾ

കൂടുതൽ സൂക്ഷ്മമായി പറഞ്ഞാൽ വിഭിന്നങ്ങളായ രാഷ്ട്രീയ ദൈവശാസ്ത്രങ്ങളെ കേന്ദ്രീകരിച്ചാണ് ദയൂബന്തി-ബറേൽവി സംവാദം നിലനിൽക്കുന്നത് എന്നാണ് ഈ പുസ്തകം വാദിക്കുന്നത്. ദൈവശാസ്ത്ര വ്യവഹാരങ്ങളും രാഷ്ട്രീയ-സാമൂഹ്യ ഭാവനകളും തമ്മിൽ ആഴത്തിലുള്ള ബാന്ധവത്തെയാണ് ഇവിടെ രാഷ്ട്രീയ ദൈവശാസ്ത്രം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ഇന്ത്യൻ മുസ്‌ലിംകൾക്ക് തങ്ങളുടെ രാഷ്ട്രീയ പരമാധികാരം നഷ്ടപ്പെട്ട കൊളോണിയൽ സന്ദർഭത്തിൽ, ദൈവിക പരമാധികാരത്തെയും പ്രവാചകൻ മുഹമ്മദ്(സ) ന്റെ അധികാരവുമായുള്ള അതിന്റെ ബന്ധത്തെയും എങ്ങനെ വിഭാവന ചെയ്യാമെന്നതായിരുന്നു ഈ തർക്കത്തിന്റെ മർമ്മ പ്രധാനമായ ചോദ്യം. ദൈവത്തിനും പ്രവാചകനുമിടയിലെ പരസ്പര ബന്ധത്തെ കുറിച്ച വിഭിന്ന ധാരണകൾ അനുഷ്ഠാനങ്ങളുടെയും ജനങ്ങളുടെ ദൈനംദിന ജീവിതത്തെയും കുറിച്ച വ്യത്യസ്ത വീക്ഷണങ്ങൾക്കും വഴിവെച്ചു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ദൈവിക പരമാധികാരം, പ്രവാചകാധികാരം, ദൈനംദിന അനുഷ്ഠാന കർമ്മങ്ങൾ എന്നിവ തമ്മിലുള്ള പരസ്പര ബന്ധത്തെ സംബന്ധിച്ച വിഭിന്നവും വ്യത്യസ്തവുമായ സങ്കൽപനങ്ങൾക്ക് ദയൂബന്തി-ബറേൽവി സംവാദം രൂപംകൊടുത്തു. രാഷ്ട്രീയവും ധാർമ്മികവുമായ ഉൽകണ്ഠയുടെ ഘട്ടത്തിൽ ദൈവം, പ്രവാചകൻ, സമുദായം ഇവ തമ്മിലുള്ള പാരസ്പര്യത്തെ എങ്ങനെ മനസ്സിലാക്കാം എന്നതായിരുന്നു ഇതിന്റ കേന്ദ്ര ചോദ്യം. ദൈവശാസ്ത്രം, നിയമം, ദൈനംദിന പ്രയോഗം ഇവ തമ്മിലുള്ള ബന്ധമാണ് ആശയപരമായി പുസ്തകത്തിന്റെ കൈകാര്യ വിഷയം.

ഒരു സമുദായത്തിന്റെ ദൈവിക പരമാധികാരവും സമുദായത്തിന്റെ ദൈനംദിന ജീവിതവുമായുള്ള അതിന്റെ ഇടപാടിനെയും സംബന്ധിച്ച ആഴത്തിലുള്ള സംവാദങ്ങൾക്ക് രാഷ്ട്രീയ പരമാധികാരത്തിന്റെ തകർച്ച എങ്ങനെയാണ് കളമൊരുക്കുന്നത് എന്നതാണ് പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യം. കൊളോണിയലിസത്തിന്റെ കടന്നുവരവോടെ, നൂറ്റാണ്ടുകളോളം ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ഭൂരിഭാഗവും വ്യാപിച്ചുകിടന്നിരുന്ന മുസ്‌ലിം ഭരണാധികാരം നഷ്ടപ്പെട്ടു. ആ സമയത്ത്, ബാഹ്യവും ആന്തരികവുമായ എല്ലാ ഭീഷണികളിൽ നിന്നും വിശ്വാസത്തിന്റെ അതിർവരമ്പുകളെ സംരക്ഷിച്ചു നിർത്തുക എന്നതായിരുന്നു മുസ്‌ലിം പണ്ഡിത സമൂഹത്തിന്റെ മുന്നിലെ ആസന്നമായ ദൗത്യം. 19-ാം നൂറ്റാണ്ടിലെ മുസ്‌ലിം പണ്ഡിതർ ഈ ദൗത്യത്തെ എങ്ങനെ ഏറ്റെടുത്തു നിറവേറി എന്നും പുസ്തകം പറയുന്നു. സംവാദത്തിൽ പങ്കാളികളായ പാഠങ്ങളെയും ആഖ്യാനങ്ങളെയും പ്രയോക്താക്കളെയും സൂക്ഷ്മ വിശകലനം ചെയ്യുക വഴി, ഒരു വ്യാവഹാരിക പാരമ്പര്യം എന്ന നിലയിൽ ഇസ്‌ലാമിന്റെ അതിർവരമ്പുകൾ കൊളോണിയൽ ആധുനികതയുടെ വ്യവസ്ഥകൾക്കകത്ത് എങ്ങനെ സംഘർഷപ്പെട്ടു എന്നതിന്റെ വ്യക്തമായ ഉദാഹരണവും പുസ്തകം വരച്ചുവെക്കുന്നു.

പശ്ചാത്തലം

19-ാം നൂറ്റാണ്ടിലെ പരസ്പര വിരുദ്ധങ്ങളായ രണ്ട് ഇസ്‌ലാമിക പ്രസ്ഥാനങ്ങളും വീക്ഷണവുമാണ് പുസ്തകം ചർച്ചക്കെടുക്കുന്ന ദയൂബന്തി-ബറേൽവി പ്രസ്ഥാനങ്ങൾ. ഈ രണ്ട് പ്രസ്ഥാനങ്ങളുടെയും വക്താക്കളായ പണ്ഡിതർ തങ്ങളുടെ ജീവിതം കൊണ്ടും ബൗദ്ധിക പരിശ്രമങ്ങൾ കൊണ്ടും സൗത്തേഷ്യൻ മുസ്‌ലിം പൈതൃകത്തിൽ ചെറുതല്ലാത്ത മുദ്രകൾ പതിപ്പിച്ചവരാണ്. പരസ്പര വിയോജിപ്പുകൾ ഉണ്ടായിരിക്കേ തന്നെ പണ്ഡിത പാരമ്പര്യത്തിന്റെയും, പ്രമാണാവലംബത്തിന്റെയും വായനാനുഷ്ഠാനത്തിന്റെയും ഭൂമിശാസ്ത്രത്തിന്റെയും കാര്യത്തിൽ പൊതുവായി പലതും ഇവർക്കിടയിലുണ്ട്. കൂടാതെ, മോക്ഷ സംബന്ധിയായ ജ്ഞാനത്തിന്റെയും, നൈതികതയുടെയും, ഭക്തിയുടെയും കേന്ദ്രങ്ങളായ മദ്രസകളായിരുന്നു ഇവരുടെ വൈജ്ഞാനിക സ്ഥാപന ഇടം.

സമകാലിക വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ, പുറത്തു നിന്നുള്ളവർ എങ്ങനെ നോക്കികാണുന്നു എന്ന കാര്യത്തിലും പ്രസ്തുത ബൗദ്ധിക പാരമ്പര്യങ്ങൾ സമാനമാണ്. മദ്രസകളെയും ഉലമാക്കളെയും നിഗൂഢമായ ഒരു പാരമ്പര്യത്തിലെ വിദഗ്ധരും ആധുനിക സന്ദർഭത്തിൽ അപ്രസക്തവുമായാണ് പാശ്ചാത്യ മുസ്‌ലിം ഭൂരിപക്ഷ സാഹചര്യങ്ങളിലും, പാശ്ചാത്യേതര മുസ്‌ലിം ന്യൂനപക്ഷ സാഹചര്യങ്ങളിലും ഒരുപോലെ മനസ്സിലാക്കപ്പെടുന്നത്. കൂടാതെ, ആക്രമണോത്സുകതയുടെയും മതമൗലികവാദത്തിന്റെയും ഉറവിടമായ ആചാരനിഷ്ഠതയുടെയും വിജ്ഞാന വിരോധത്തിന്റെയും ഏജന്റുമാരായാണ് ഇവരെ കണക്കാക്കുന്നത്. വിഭിന്നങ്ങളായ പ്രത്യയശാസ്ത്ര വിഭാഗങ്ങളിൽ പൊതുവായി കണ്ടു വരുന്ന ഒരു ആഗോള പ്രതിഭാസമാണ് ഇന്ന് മദ്രസാഫോബിയ. പാശ്ചാത്യൻ നവ സാമ്രാജ്യത്വ ബുദ്ധിജീവികളിലും, കൃസ്ത്യൻ-സയണിസ്റ്റ് ദേശീയവാദികളിലും ലിബറലുകളിലും ആധുനികവാദികളിലും മുസ്‌ലിം ഭൂരിപക്ഷ ഇടങ്ങളിലെ ഇസ്‌ലാമിസ്റ്റുകൾക്കിടയിൽ വരെ ഇത് കാണാം. മദ്രസകളുടെയും ഉലമാക്കളുടെയും ഇത്തരം പ്രതിനിധാനത്തിന് ദീർഘകാലത്തെ ചരിത്രമുണ്ടെങ്കിലും, 9/11 ന് ശേഷം അഭൂതപൂർവ്വമായ പ്രാധാന്യം അതിന് കൈവന്നു. തീവ്രവാദത്തിന്റെയും താലിബാന്റെയും പര്യായമായി വരെ മദ്രസകൾ മാറി.

അന്തർ മുസ്‌ലിം സമുദായ സംവാദത്തെയാണ് പുസ്തകം കൈകാര്യം ചെയ്യുന്നതെങ്കിലും സൗത്തേഷ്യൻ മുസ്‌ലിം പണ്ഡിതരെയും അവരുടെ വ്യവഹാരങ്ങളെയും കുറിച്ച അപകടകരമായ ഇത്തരം ആഖ്യാനങ്ങളും പുസ്തകത്തിന്റെ പ്രധാന പ്രതിപാദ്യ വിഷയമാണ്. എങ്കിലും, മദ്രസാ സമ്പ്രദായത്തെ കാൽപനികവൽക്കരിക്കാനുള്ള ശ്രമങ്ങളുമല്ല അത്. മദ്രസാ സംവിധാനത്തിനകത്തെ പണ്ഡിതർ തന്നെ അംഗീകരിക്കുന്ന പോലെ വിജ്ഞാനത്തിന്റെ മദ്രസാ പാരമ്പര്യത്തോടുള്ള വിമർശനങ്ങൾ തീർച്ചയായും സാധ്യമാണ്. പ്രത്യേകിച്ച് ലിംഗ നീതിയും മതന്യൂനപക്ഷങ്ങളെ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. എന്നിരുന്നാലും സൗത്തേഷ്യൻ മുസ്‌ലിം പണ്ഡിത പാരമ്പര്യവുമായി ബന്ധപ്പെട്ട അതിസങ്കീർണവും സൂക്ഷ്മവുമായ ഒരു ചിത്രം വികസിപ്പിക്കുന്നതിന് അതിനകത്തെ ആന്തരിക തർക്കങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കുക ആവശ്യമാണ്. ഇതാണ് ആധുനിക സൗത്തേഷ്യൻ ഇസ്‌ലാമിലെ ഉലമാക്കൾക്കിടയിൽ നടന്നിട്ടുള്ള സുദീർഘവും ബൗദ്ധിക സമ്പന്നവുമായ തർക്ക മണ്ഡലമായ ദയൂബന്ധി-ബറേൽവി സംവാദത്തിന്റെ വിശദമായ ചിത്രം അവതരിപ്പിക്കുക വഴി പുസ്തകം ചെയ്യാൻ ശ്രമിക്കുന്നത്. പ്രസ്തുത സംവാദത്തെ കുറിച്ച് സൂക്ഷ്മ വായന നടത്തുക വഴി ആധുനിക സൗത്തേഷ്യയിലെ ഇസ്‌ലാമിക ബൗദ്ധിക ഭൂമികയുടെ സുപ്രധാനമായ ഒരു ഭാഗത്തെ വിശദമായി വരച്ചുകാണിക്കാനും ഞാൻ ശ്രമിക്കുന്നു.


വിവർത്തനം: മൻഷാദ് മനാസ്

ഷേർ അലി തരീൻ