Campus Alive

സുൽത്താൻ വാരിയംകുന്നനും ചരിത്രത്തിന്റെ അതിലംഘനവും

തെക്കനേഷ്യൻ സമര ചരിത്രത്തിൽ തന്നെ 1921-ലെ മലബാർ യുദ്ധം വ്യതിരിക്തവും സവിശേഷവുമാവുന്നത് അതിന്റെ ചിതറിയ ഭാഷ്യങ്ങളും ആഖ്യാനങ്ങളും മൂലമാണ്. അതുമായി ബന്ധപ്പെട്ട കൊളോണിയൽ ഭാഷ്യം, ദേശീയ സ്വാതന്ത്ര സമര ഭാഷ്യം, മതപരമായ പ്രത്യയശാസ്ത്രം, നൈസർഗികമായ കാർഷിക വിപ്ലവം, പണ്ഡിതൻമാരുടെ ബഹുവിധ സമീപനങ്ങൾ തുടങ്ങി വ്യത്യസ്ത ആഖ്യാനങ്ങളിലൂടെ ഒരു ബഹുഗുണ സ്വഭാവം (Eclectical) മലബാർ സമരം എല്ലായ്പ്പോഴും കൈവരിക്കുന്നുണ്ട്. പലയിടങ്ങളിൽ, പല അടരുകളിലായി ചിതറിക്കിടക്കുന്ന മലബാർ യുദ്ധവുമായി ബന്ധപ്പെട്ട മൊമന്റുകൾ അതിനെ ഒരു ‘unsettled’ സബ്ജക്ടാക്കുന്നു എന്ന പോലെ തന്നെ, മറ്റൊരു തരത്തിൽ ചരിത്ര രചനയുടെ, മൗലികമായ സമഗ്രത, പൂർണത, രീതിശാസ്ത്രം, ആധികാരികത തുടങ്ങിയവയെ അത് മറികടക്കുന്നുമുണ്ട്. 1921-ന്റെയും മലബാർ യുദ്ധത്തിന്റെയും ഈ ‘അതിലംഘനീയ’ സ്വഭാവം തന്നെയാണ് റമീസ് മുഹമ്മദിന്റെ വാരിയംകുന്നൻ എന്ന പുസ്തക സംരംഭം വായനക്കാരെ ആവേശഭരിതരാക്കുന്നത്.

വാരിയംകുന്നന്റെ ജീവചരിത്രം, രാഷ്ട്രീയം, യുദ്ധതന്ത്രങ്ങൾ, അദ്ദേഹം സാധ്യമാക്കിയ വിമോചനം, ആവിഷ്ക്കരിച്ച പദ്ധതികൾ എന്നിവയെ വളരെ സിനിമാറ്റിക്കലായാണ് റമീസ് പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നത്. ഇത് ഹിച്ച്കോക്കും മാധവൻ നായരും ചേർന്ന് നിർമിച്ച കോളോണിയൽ-വരേണ്യ ആഖ്യാനങ്ങൾക്ക് സാമ്പ്രദായികമായി മറുപടി പറയുക/തിരുത്തുക എന്നതിൽ കവിഞ്ഞ്, 1921-ന്റെ നൂറു വർഷം തികയുന്ന സവിശേഷമായ മൊമന്റിൽ സമകാലികമായി വാരിയംകുന്നനെ അനുഭവേദ്യമാക്കാൻ പുസ്തകത്തിന്റെ സിനിമാറ്റിക്ക് രീതിയും ഹീറോയിക്കലായ പരിവേഷവും സഹായകരമായിട്ടുണ്ട്. ഒരേസമയം ആധികാരികത, ചിട്ട, സോഴ്സ് എന്നിവയെ മുൻനിർത്തിയുള്ള ചരിത്രത്തിന്റെ വിരസമായ വിവരണത്തിൽ നിന്നു മാറുകയും, കീഴാള ഉയിർത്തെഴുന്നേൽപ്പും, വൈവിധ്യമാർന്ന ജനസഞ്ചയ കൂട്ടവുമുള്ള മലബാർ വിപ്ലവത്തിന്റെ ജനകീയ അടരുകളെ ഡോക്യുമെന്റ് ചെയ്ത എ.കെ കോഡൂർ, അലവി കക്കാടൻ പോലുള്ളവരുടെ ‘വാമൊഴി ചരിത്രത്തിന്റെ’ സ്വഭാവവും, റഫറൻസും പുസ്തകത്തിന്റെ രൂപീകരണം, പശ്ചാത്തലം എന്നിവയെ വലിയ രീതിയിൽ സ്വാധീനിച്ചിരിക്കുകയും ചെയ്തിട്ടുണ്ട്. ഇത് ചരിത്രത്തിന്റെ ഔദ്യോഗിക/രേഖീയ രീതിശാസ്ത്രത്തെ മറികടക്കുന്നതിനോടൊപ്പം സമകാലികതയോട് ജനകീയമായി സംവദിക്കുന്ന ചരിത്ര സാഹിത്യം എന്ന തലത്തിലേക്ക് ‘സുൽത്താൻ വാരിയംകുന്നനെ’ മാറ്റുകയും ചെയ്യുന്നുണ്ട്.

‘സുൽത്താൻ വാരിയംകുന്നൻ’ മുന്നോട്ടു വെക്കുന്ന വിവിധ തുറവികളായ വിമോചനത്തിന് വേണ്ടിയുള്ള മഹാസമരം, സ്വരാജ് സാധ്യമാക്കിയ പോരാട്ടേതിഹാസം, അഞ്ച് മാസത്തെ വിമത ഭരണം എന്നിവയിലെല്ലാം തന്നെ വളരെ റാഡിക്കലായ നിഷേധ സ്വഭാവം (Radical Negation) വാരിയംകുന്നൻ പ്രകടിപ്പിക്കുന്നുണ്ട്. വാരിയംകുന്നന്റെ നേരിട്ടുള്ള കൈകാര്യ കർതൃത്വത്തിലുള്ള തെക്കേക്കളം യോഗം, മഞ്ചേരി പ്രഖ്യാപനം, വെള്ളിനേഴി സമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ നോക്കൂ;

“ഈ സർക്കാറിനുള്ള എന്റെ അവസാനത്തെ കരം കൊടുക്കലാണിത്. അടുത്ത വർഷം ഞാൻ ഇങ്ങനെ തരില്ല. ബ്രിട്ടീഷ് ഭരണത്തിന്റെ അന്ത്യം അടുത്തു”.

“പടച്ചവന്റെ സൃഷ്ടികളെ നാല് ജാതികളാക്കി തിരിച്ച്, എന്നിട്ടത് ദൈവം ചെയ്തതാണെന്ന് കള്ളം പറഞ്ഞ് ഭൂരിപക്ഷം ജനങ്ങളേയും അടിമകളാക്കിയ ജന്മിമാരുടെ ചൊൽപ്പടിക്ക് നമ്മൾ നടക്കേണ്ടവരായിരിക്കുന്നു, അതൊരിക്കലും അനുവദിച്ച് കൊടുക്കരുത്”.

“ആനക്കയം ചേക്കുട്ടിയെ പോലെയുള്ളവർ ഗവൺമെന്റിനോട് കളിക്കേണ്ട ജന്മിയോട് കളിക്കേണ്ട എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നു. അതിനാണ് ഞാനവനെ കൊന്നത്”.

ഇവയിലെല്ലാം തന്നെ ഭരണകൂടാധികാര പ്രയോഗമായി വർത്തിക്കുന്ന ജാതിയധികാരത്തെ അല്ലെങ്കിൽ ത്രൈവർണിക ജാതി ശക്തികളെ പരിവർത്തിപ്പിച്ച ബ്രിട്ടീഷ് കൊളോണിയലിസം ചേർന്ന് നിർമിച്ച ഇരട്ട പരമാധികാരത്തോടുള്ള വെല്ലുവിളിയും, തിരിച്ചറിവും നിഷേധവും നേരിട്ട് പ്രകടമാകുന്നുണ്ട്. ജാതി, ജന്മിത്വം, കൊളോണിയലിസം, പരമാധികാരം എന്നിവയുടെ അന്തർലീനമായ മർദ്ദക സ്വഭാവത്തെ തിരിച്ചറിയാനും തന്റെ സമുദായത്തെ വളരെ റാഡിക്കലായി അതിനെതിരെ രാഷ്ട്രീയപരവും സാമൂഹികപരവുമായി സജ്ജീകരിക്കാനും, പരിവർത്തിപ്പിക്കാനും, അതിന്റെ അമീറും സുൽത്താനും രാജാവുമായി ക്രിയാത്മകമായി നേതൃത്വം നൽകാനും വാരിയംകുന്നന് സാധിക്കുന്നുണ്ട്.

ഏറനാടും വള്ളുവനാടുമടങ്ങുന്ന തെക്കേ മലബാറിലെ അഞ്ച് മാസത്തെ വിമത രാജ്യം എന്ന പ്രാദേശിക ഭൂമികക്കപ്പുറം “ഞാൻ മാപ്പിളയാണ്, പറങ്കികൾക്കെതിരെ പോരാടിയവരുടെ പിൻമുറക്കാരനാണ്” എന്ന പ്രഖ്യാപനത്തിലൂടെ പോർച്ചുഗീസ് അധിനിവേശാനന്തരമുള്ള മാപ്പിള ഉള്ളടക്കങ്ങളുടെ നൊമാഡിക്കലായ, നാഗരികമായ ഇടപാടുകളുടെ സംയോജനമായാണ് വാരിയംകുന്നത്തിനെയും 1921-ലെ മലബാറിലെ സാമൂഹികവും രാഷ്ട്രീയവുമായ സംഭവ വികാസങ്ങളെയും അവതരിപ്പിക്കുന്നത്. ബദ്ർ, ഉഹ്ദ്, പാട്ടുകളെ ചേറൂർ-മലപ്പുറം പടപ്പാട്ടുകളുമായും സീറാ പാരായണവുമായും ഹദ്ദാദ് റാത്തീബുമായും കണ്ണിചേർക്കുന്നത് ഇങ്ങനയാണ്.

ഗ്രന്ഥകാരൻ റമീസ് മുഹമ്മദ്

1921-ലെ ശഹാദത്തും ഉയിർത്തെഴുന്നേൽപ്പും പിതൃത്വമില്ലാത്ത വെറും വൈകാരികമായ/ഫനാറ്റിക്കലായ ഹാലിളക്കം/യാദ്യശ്ചികത അല്ലെന്നും, അടിച്ചമർത്തപ്പെട്ടവർക്കും നീതിക്കും വേണ്ടി ദൈവീക മാർഗത്തിൽ രക്തസാക്ഷിത്വം വരിക്കുന്നവർ പാരത്രിക വിജയം കൈവരിക്കുമെന്ന പാരമ്പര്യത്തിന്റെ ഭാഗമായ, 1830-കളിൽ മമ്പുറം തങ്ങന്മാരുടെ ആശീർവാദത്തോടു കൂടിയ മാപ്പിളമാരുടെ സ്യൂസൈഡ് സ്ക്വാഡുകളുടെ തുടർച്ചയാണ് 1921-ലെ മലബാർ യുദ്ധത്തിലെ എക്സോട്ടിക് മൊമന്റൊയ പൂക്കോട്ടൂർ യുദ്ധത്തേയും അനാവരണം ചെയ്യുന്നത്. മലബാർ യുദ്ധ നായകരുടെ ബന്ധുക്കളെ അഭിമുഖം ചെയ്ത ചരിത്രകാരി പി ഗീതയോട് പൂക്കോട്ടൂർ പടനായകൻ മമ്മദിന്റെ മകൾ പറഞ്ഞത്, മമ്മദ് യുദ്ധത്തിന്റെ തലേന്ന് ഭാര്യയേയും മകളേയും ഭാര്യ വീട്ടിൽ കൊണ്ടുചെന്നാക്കിയിട്ട് “ഇനി മഅ്ശറയിൽ വെച്ചു കാണാം” എന്നും പറഞ്ഞാണ് പോയത് എന്നാണ്. പുരുഷൻമാർ യുദ്ധത്തിനിറങ്ങുമ്പോൾ സ്ത്രീകൾ ബദർ പാട്ടുകൾ പാടി പ്രോത്സാഹനം നൽകുന്നതും, അവസാന ഭക്ഷണവും പ്രാർത്ഥനയും കഴിഞ്ഞ് അടർക്കളത്തിൽ പോരാടാൻ മക്കളായ അലവി, മുഹമ്മദ് എന്നിവരെ രക്തസാക്ഷിത്വത്തിന് പറഞ്ഞയക്കുന്ന പപ്പാട്ടുങ്ങൽ മമ്മുട്ടി – തായുമ്മ ദമ്പതികൾ തുടങ്ങിയ ഒട്ടേറെ മൊമന്റുകൾ ഈ കൃതിയിലൂടെ ത്രസിപ്പിക്കുന്നുണ്ട്. മലബാർ യുദ്ധത്തിലുടനീളം ബ്രിട്ടീഷുകാർക്കെതിരെ നടന്ന തുറന്ന യുദ്ധത്തിൽ (Open War) ഒരാൾ പോലും തിരിഞ്ഞോടിയിട്ടില്ല എന്നു മാത്രമല്ല, മാപ്പിളമാർക്ക് പിന്നിൽ നിന്ന് വെടിയേറ്റ ഒരു സംഭവം പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. “ഞങ്ങൾ മാപ്പിളമാർ പിറകിൽ വെടി കൊണ്ട് മരിക്കാറില്ല” എന്ന വാരിയംകുന്നന്റെ ധീരതയാർന്ന വാക്കുകളടക്കം മലബാർ യുദ്ധത്തിന്റെ ദൈവശാസ്ത്രപരമായ വിമോചന ഉള്ളടക്കം സുൽത്താൻ വാരിയംകുന്നൻ പുസ്തകം തുറന്ന് പ്രഖ്യാപിക്കുന്നുണ്ട്.

വാരിയംകുന്നനോടൊപ്പം തന്നെ അദ്ദേഹത്തിന്റെ സഹവിപ്ലവകാരിയും, സഹധർമിണിയുമായ മാളു ഹജ്ജുമ്മയുടെ ഇടപെടലുകൾ ശ്രദ്ധേയമാണ്. നവോത്ഥാനം നടന്നുനീങ്ങിയ നമ്പൂതിരി-നായർ സ്ത്രീകൾക്ക് സങ്കൽപിക്കാൻ പോലും കഴിയാതിരുന്ന ദൂരമാണ് വാരിയംകുന്നന്റെ സഹധർമ്മിണി മാളു ഹജ്ജുമ്മ 1920-21 കാലഘട്ടത്തിൽ തന്റേടത്തോടെ ഒറ്റക്ക് നടത്തിയത്. അക്ഷരം പഠിക്കുക, അവ കൈമാറുക, വിപ്ലവത്തിൽ/ യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കുക, നിരന്തരം യാത്ര ചെയ്യുക തുടങ്ങി, പുരുഷന്റെ സങ്കൽപ സൃഷ്ടികളായുള്ള ഇന്ദുലേഖ ഉൾപ്പെടെയുള്ളവരുടെ രേഖീയ നവോത്ഥാന ചരിത്രത്തെ നിഷ്പ്രഭമാക്കുന്നതാണ് മാളു ഹജ്ജുമ്മയുടെ സമാന്തര ലോകം. ഇത് മലബാർ വിപ്ലവത്തിലെ ഒട്ടനവധി സ്ത്രീകളുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളിലെ (അ)ദൃശ്യമായ സാഹസികതകളുടെ, സ്വപ്രത്യയസ്ഥൈര്യങ്ങളിൽ ചിലതാണ്.

‘മലപ്പുറം-കോഴിക്കോട് റോഡിൽ കലാപകാരികൾ പട്ടാളത്തെ തടയുന്നതിനുവേണ്ടി മുറിച്ചിട്ട മരം’ എന്ന അടിക്കുറപ്പോടുകൂടി 1921 നവംബർ 30ന്​ ലണ്ടനിലെ ടൈംസ്​ പത്രത്തിൽ വന്ന ഫോ​ട്ടോ, PC: സമീൽ ഇല്ലിക്കൽ

സുൽത്താൻ വാരിയംകുന്നന്റെ കോസ്മോപൊളിറ്റൻ നാഗരിക ഇടപാടുകൾ, പ്രധാനമായും അദ്ദേഹത്തിന്റെ ലോക പരിചയം, യാത്രകൾ, ഭാഷാപ്രാവീണ്യം, കത്തിടപാടുകൾ, ഗറില്ല തന്ത്രങ്ങൾ, എന്നിവ അവതരിപ്പിക്കുന്നതിലൂടെ പ്രദേശം, അതിരുകൾ, Segregation (വിവേചനം), ഭൂമി, സംസ്കാരം എന്നിവയെ മുൻനിർത്തിയുള്ള ആഭ്യന്തരവും (ഹിന്ദു-ജാതി) വൈദേശികവുമായ കൊളോണിയലിസത്തെ അത് മറികടക്കുന്നുണ്ട്. ഓറിയന്റലിസവും ഇവാഞ്ചലിക്കലിസവും ചേർന്ന് നിർമിച്ച ആധുനിക ദേശരാഷ്ട്രത്തിന്റെ മനോഘടനയെ തന്നെ ചെറുത്തു നിന്ന, വെല്ലുവിളിച്ച, പുതുപ്രതീക്ഷകൾ നൽകിയ ടിപ്പുവിയൻ പരിവർത്തനങ്ങളുടെ തുടർച്ചയായ സുൽത്താൻ വാരിയംകുന്നന്റെ കർതൃത്വമാണ് ഏറനാടൻ മാപ്പിളമാരെ ജീവസ്സുറ്റ വിഭാഗമാക്കുന്നത്. അത്തൻ കുരിക്കൾ, ചെമ്പൻ പോക്കർ, ഉണ്ണി മൂസ, ആലി മുസ്ലിയാർ എന്നിവരുടെ പോരാട്ടേതിഹാസവും ആത്മീയമായ കർമ വീഥിയും വാരിയംകുന്നന്റെ പ്രയാണത്തെ കൂടുതൽ ജീവസ്സുറ്റതാക്കി തീർത്തിട്ടുണ്ട്. വാരിയംകുന്നൻ തന്റെ എമ്പയറിന്റെ (empire) സാമൂഹിക-രാഷ്ട്രീയ പുനസ്ഥാപനത്തിനായി സ്ഥാപിച്ച കറൻസി, പാസ്പോർട്ട്, മാർഷൽ ലോ എന്നിവയും, പട്ടാള വേഷം ധരിച്ച് ലീ എൻഫീൽഡ് 303 റൈഫിൾ കയ്യിൽ പിടിച്ച് നിൽക്കുന്ന പ്രൗഢഗംഭീര ചിത്രം തുടങ്ങിയവ മലബാർ യുദ്ധവുമായി ബന്ധപ്പെട്ട വാർപ്പുമാതൃകകളെ കുഴിച്ചു മൂടുന്നു എന്ന് മാത്രമല്ല, നശിപ്പിക്കപ്പെട്ട, വക്രീകരിക്കപ്പെട്ട ഓർമകളുടേയും ചിത്രങ്ങളുടെയും രാഷ്ട്രീയപരമായ വീണ്ടെടുപ്പ് കൂടിയാണ്.

മലബാർ യുദ്ധത്തിന്റെ അപൂർണത, അപരിഹാര്യം തുടങ്ങിയ സ്വഭാവങ്ങൾ ഈ പുസ്തകവും തുറന്നിടുന്നുണ്ട്. പ്രധാനമായും വാരിയംകുന്നന്റെ മക്കാ ജീവിത കാലഘട്ടം, വിപ്ലവേതര ജീവിതം, ഖിലാഫത്തുമായി ബന്ധപ്പെട്ട  നീക്കുപോക്കുകൾ, ബ്രിട്ടീഷ് ഭരണം, അധികാരം, വിപ്ലവം എന്നിവയുമായി ബന്ധപ്പെട്ട മതപരവും രാഷ്ട്രീയവുമായ വ്യത്യസ്ത സംവാദങ്ങൾ, ഇടപാടുകൾ തുടങ്ങിയവ ചില ഉദാഹരണങ്ങളാണ്. ഏറ്റവും ശ്രദ്ധേയമായത് വാരിയംകുന്നന്റെ ഫോട്ടോ തന്നെയാണ്. പുസ്തകത്തിന്റെ പ്രധാന ഹൈലൈറ്റും അത് തന്നെയാണ്. തങ്ങളുടെ സുൽത്താന്റെ ദൃശ്യരൂപം പുറത്തു വരുന്നതിലൂടെ സമുദായം എന്ന നിലയിൽ മലബാർ മൊമെന്റിനെ ആത്മവിശ്വാസത്തോടെ സധൈര്യം നോക്കി കാണാനുള്ള അനുഭൂതി മണ്ഡലം രൂപപ്പെട്ടു വന്നിട്ടുണ്ട്. തുടർപോരാട്ടം, സമീപനം, വായന, വ്യാഖ്യാനം എന്നിവക്കെല്ലാം വലിയ മുതൽക്കൂട്ടായി അത് മാറി തീർന്നിരിക്കുന്നു.

സി യഹ്‍യ