Campus Alive

മാനവികവിഷയങ്ങളുടെ ചരിത്രം: പുനർവായനക്കൊരു ആമുഖം

കോളനിയാനന്തര പഠനങ്ങളിൽ ഫിലോളജിക്കുള്ള പ്രാധാന്യം സംബന്ധിച്ച വൈജ്ഞാനിക സംവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സിറാജ് അഹ്മദിന്റെ ‘ആർക്കിയോളജി ഓഫ് ബാബേൽ: ദി കൊളോണിയൽ ഫൗണ്ടേഷൻ ഓഫ് ഹ്യൂമാനിറ്റീസ്’ എന്ന ഗ്രന്ഥം പ്രസക്തമാവുന്നത്. ന്യൂയോർക്കിലെ സിറ്റി യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഭാഷ -ഗവേഷക വിഭാഗം അസോസിയേറ്റ് പ്രൊഫസറായ അഹ്മദിന്റെ ഈ രചനക്ക്, MLAയുടെ (modern language association) മികച്ച താരതമ്യ സാഹിത്യ പഠനത്തിനുള്ള പുരസ്കാരം 2017-ൽ ലഭിക്കുകയുണ്ടായി. ഫിലോളജിയെ സംബന്ധിച്ച് നിലവിലുള്ള വിശകലനങ്ങളിൽ നിന്നും വിഭിന്നമായ ഒരു രചനയാണ് ആർക്കിയോളജി ഓഫ് ബാബേൽ. താരതമ്യസാഹിത്യം, കോളനിയാനന്തര പഠനങ്ങൾ, നിയമ സിദ്ധാന്തങ്ങൾ, പാശ്ചാത്യതത്വശാസ്ത്രം തുടങ്ങിയ വ്യത്യസ്ത പഠന വിഭാഗങ്ങളുമായി ബന്ധപ്പെട്ട സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ സംഭാവനകൾ നൽകുന്ന അന്തർ വൈജ്ഞാനിക പഠനം കൂടിയാണ് ഈ ഗ്രന്ഥം.

‘ന്യൂ ഫിലോളജി’ എന്നത് ഭാഷാശാസ്ത്ര വിശകലനങ്ങൾക്കപ്പുറം ആധുനിക മാനവിക വിഷയങ്ങളുടെ അടിസ്ഥാന സിദ്ധാന്തങ്ങൾ രൂപപ്പെടുത്തിയ ധൈഷണിക – അന്തർധാര കൂടിയായിരുന്നു. എങ്ങനെയാണ് ഫിലോളജി എന്ന വൈജ്ഞാനിക ശാഖ മാനവിക വിഷയങ്ങളുടെ അടിത്തറയായി വർത്തിച്ചതെന്നുള്ള അന്വേഷണങ്ങൾ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ തന്നെ വൈജ്ഞാനിക സംവാദങ്ങളിൽ വിശകലന വിധേയമായിട്ടുണ്ട്. ജർമൻ ഭാഷാശാസ്ത്രകാരനും സാഹിത്യ വിമർശകനുമായ ഫ്രെഡറിക് നീച്ചെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ഫിലോളജിയുടെ വിമോചനാത്മകമായ വൈജ്ഞാനിക സ്വഭാവത്തെപ്പറ്റി വിശദീകരിക്കുകയും സ്വമേധയാ, തന്നെ ഒരു ഭാഷാശാസ്ത്രകാരനായി (ഫിലോളജിസ്റ്റ്) പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടർന്നു വന്ന മിഷേൽ ഫൂക്കോ, എറിക് ഓർബക് തുടങ്ങിയ ഉത്തരാധുനിക പണ്ഡിതന്മാരും എഡ്വേഡ് സൈദിനെ പോലുള്ള കോളനിയാനന്തര ചിന്തകരുമെല്ലാം ഇവ്വിഷയകമായ സംവാദങ്ങളെ പുഷ്ടിപ്പെടുത്തിയവരാണ്. ഫിലോളജിയെ വിമോചനാത്മകമായ വൈജ്ഞാനിക ശാഖയായി മനസ്സിലാക്കുക വഴി അതിന്റെ രീതിശാസ്ത്രങ്ങൾ കോളനിയാനന്തര പഠനങ്ങളിലേക്ക് ആഗിരണം ചെയ്യേണ്ടതുണ്ട് എന്നതാണ് നിലവിൽ അക്കാദമിക ലോകം ചർച്ചചെയ്യുന്നത്. എന്നാൽ ഭാഷ, സാഹിത്യം തുടങ്ങിയവയോടുള്ള കൊളോണിയൽ സമീപനങ്ങൾക്കപ്പുറത്തേക്ക് നീങ്ങാൻ സാധിക്കുന്നില്ല എന്നത് കോളനിയാനന്തര പഠനങ്ങളുടെ അപചയമായാണ് അഹ്മദ് വിലയിരുത്തുന്നത്. ഭാഷ, സാഹിത്യം എന്നിവസംബന്ധിച്ച് ഫിലോളജി രൂപപ്പെടുത്തിയ മാനകങ്ങൾ ഒരു പൊളിച്ചെഴുത്ത് സാധ്യമല്ലാത്ത വിധം മാനവിക വിഷയങ്ങളുടെ അടിത്തറയായിട്ടുണ്ടെന്നും അഹ്മദ് നിരീക്ഷിക്കുന്നു. 21-ാം നൂറ്റാണ്ടിലും അക്കാദമിക മേഖലയിൽ ഉയർന്നു വരുന്ന ഫിലോളജിയിലേക്ക് മടങ്ങാനുള്ള ആഹ്വാനങ്ങൾ ഇത്തരമൊരു ഉറച്ച വേരിന്റെ പിൻബലത്തിൽ രൂപപ്പെടുന്നതാണെന്നും അമ്മദ് അഭിപ്രായപ്പെടുന്നു. മേൽ പ്രസ്താവിച്ചതും അല്ലാത്തതുമായ ഒട്ടുമിക്ക ഉത്തരാധുനിക-കോളനിയാനന്തര പണ്ഡിതന്മാരും ഫിലോളജിയുടെ രീതിശാസ്ത്രങ്ങളെ പ്രയോജനപ്പെടുത്തിക്കൊണ്ടാണ് തങ്ങളുടെ ചിന്തകളും സിദ്ധാന്തങ്ങളും നിർമിച്ചെടുത്തത് എന്ന അഹ്മദിന്റെ വിമർശനം ശ്രദ്ധേയമാണ്.

മിഷേൽ ഫൂക്കോ, ഫ്രെഡറിക് നീച്ചേ

ഇത്തരം വിമർശനങ്ങളും നിരീക്ഷണങ്ങളും മുൻനിർത്തി വ്യത്യസ്തമായ ഒരു രീതിശാസ്ത്രം അദ്ദേഹം രൂപപ്പെടുത്തിയെടുക്കുന്നു. നീച്ചെയുടെ വംശാവലി വിജ്ഞാനീയത്തിൽ നിന്ന് വികസിതമായതും ഫൂക്കോയുടെ പുരാവസ്തുവിജ്ഞാനീയത്തോട് ചേർന്ന് നിൽക്കുന്നതുമായ ധൈഷണിക നിക്ഷേപമായി നമുക്കതിനെ വായിക്കാം. നിലവിലുള്ള വ്യവഹാരങ്ങളുടെ വംശാവലി അന്വേഷിക്കുന്നതിലൂടെ അത്തരം വ്യവഹാരങ്ങൾ രൂപപ്പെടുത്തിയ ഘടകങ്ങൾ, അതിൽ വ്യത്യസ്ത സാമൂഹിക രാഷട്രീയ സ്ഥാപനങ്ങളുടെ സ്വാധീനം തുടങ്ങിയവ നീഷേവിയൻ ചിന്തക്ക് അടിസ്ഥാനമായിരുന്നു. ഇവിടെ ഒരു വ്യവഹാരത്തിന്റെ രേഖീയമായ ചരിത്രമേ വിശകലന വിധേയമാക്കപ്പെടുന്നുള്ളൂ. എന്നാൽ നിശ്ചിത വ്യവഹാരത്തിന്റെ വ്യത്യസ്ത സാഹചര്യങ്ങൾ പരിഗണിക്കുകയും വിവിധങ്ങളായ വീക്ഷണകോണുകളിലൂടെ അതിനെ സമീപിക്കുകയും ചെയ്യുക വഴി പുരാവസ്തുവിജ്ഞാനീയം വംശാവലി വിജ്ഞാനീയത്തിൽ നിന്നും വ്യത്യസ്തമാകുന്നു. പുരാവസ്തു വിജ്ഞാനീയ പ്രകാരം ഒരു പ്രതിഭാസത്തിന്റെയോ ആശയത്തിന്റെയോ ചരിത്രം നാം പരിശോധിക്കുമ്പോൾ, രാഷ്ട്രീയം, ഭാഷ തുടങ്ങിയവയുമായെല്ലാം ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളെയും അവതമ്മിലെ അധികാരബന്ധങ്ങളെയുമെല്ലാം അനിവാര്യമായും അന്വേഷിക്കേണ്ടതായിവരുന്നു. ഇത്തരത്തിൽ അപനിർമാണപരമായ ആശയബോധമാണ് ഫൂക്കോയുടെ പുരാവസ്തുവിജ്ഞാനീയം മുന്നോട്ട് വെക്കുന്നത്. പക്ഷേ അച്ചടി ഗ്രന്ഥങ്ങൾക്കും, പാഠത്തിനും ഫിലോളജി നേടിക്കൊടുത്ത അധികാരം ഫൂക്കോയുടെ ചിന്തകളെ സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതായി അഹ്മദ് നീരീക്ഷിക്കുന്നു. എന്നാൽ ഫിലോളജിയുടെ കൊളോണിയൽ ചരിത്രം അനാവരണം ചെയ്യുന്നതിലൂടെ ഒരു കലർപ്പറ്റ പുരാവസ്തു വിജ്ഞാനിയത്തിന് തുടക്കം കുറിക്കാൻ അഹ്മദിന് സാധിക്കുന്നു.

താരതമ്യ വ്യാകരണം, സാഹിത്യ വിവർത്തനങ്ങൾ, കൊളോണിയൽ അധികാര നിർവ്വഹണം തുടങ്ങി വ്യത്യസ്തമായ മേഖലകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഫിലോളജിയുടെ കൊളോണിയൽ ചരിത്രം പരിശോധിക്കുന്നതിലൂടെ, അതിന്റെ ജ്ഞാനശാസ്ത്ര യുക്തിയിൽ നിന്ന് മോചിതമാവാനുള്ള വിജയകരമായ ശ്രമം കൂടിയാണ് ‘ആർക്കിയോളജി ഓഫ് ബാബേൽ’ സാധിച്ചെടുക്കുന്നത്. പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ വ്യത്യസ്ത ഭാഷാ സംസ്കാരങ്ങളെ പ്രതിനിധീകരിക്കുന്ന അനേകം പുസ്തകങ്ങൾ വിവർത്തനം ചെയ്ത ‘സർ വില്യം ജോൺസിന്റെ’ രചനകളിലും വിവർത്തനങ്ങളിലുമാണ് ഗ്രന്ഥകാരൻ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ബംഗാളിലെ ഫോർട്ട് വില്യം സുപ്രീം കോടതിയിൽ അഭിഭാഷകനായി നിയമിതനായ വില്യം ജോൺസ് ഇംഗ്ലീഷ് ഭാഷാശാസ്ത്രകാരനും ബഹുഭാഷാപണ്ഡിതനുമായിരുന്നു. നല്ല രൂപത്തിലുള്ള കൊളോണിയൽ അധികാര നിർവ്വഹണത്തിന് തങ്ങൾ സ്വദേശികളുടെ ഭാഷ പഠിക്കേണ്ടതുണ്ട് എന്ന തിരിച്ചറിവിൽ നിന്ന് ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളുടെ വ്യാകരണം അദ്ദേഹം തയ്യാറാക്കി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉദ്യോഗസ്ഥരെ പേർഷ്യൻ ഭാഷ പഠിപ്പിക്കാൻ അദ്ദേഹം തയ്യാറാക്കിയ പേർഷ്യൻ വ്യാകരണം അതിൽ പ്രഥമമായിരുന്നു.

സർ വില്ല്യം ജോൺസ്

ഇത്തരത്തിൽ പലപ്പോഴായി വൈദേശികർ തയ്യാറാക്കിയ വ്യാകരണ ഗ്രന്ഥങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പിക്കപ്പെടുകയും പിൽക്കാലത്ത് സ്വദേശികൾ പോലും തങ്ങളുടെ ഭാഷ പഠിക്കാൻ അവയെ ആശ്രയിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഇന്ത്യൻ ഭാഷകളെ ആധുനികവൽകരിക്കാൻ വ്യാകരണത്തിന് കഴിയും എന്നതായിരുന്നു വൈദേശികരുടെ അവകാശവാദം. വ്യാകരണത്തിലൂടെ ഭാഷ പഠിക്കുക എന്ന നൂതനമായ പഠനരീതിയോടൊപ്പം തന്നെ എഴുതിവെക്കപ്പെട്ട അറിവിനും സാഹിത്യ ഗ്രന്ഥന്ഥങ്ങൾക്കും മാത്രം പ്രാധാന്യം നൽകുന്ന ‘പാഠവൽകരണം’ (textualization) കൂടി അവർ ആവിഷ്കരിച്ചു. ഇതിലൂടെ രേഖപ്പെടുത്തപ്പെടാതെ പോയ പാരമ്പര്യ ഭാഷാ-സാഹിത്യങ്ങൾ പുറംതള്ളപ്പെട്ടു. വ്യതിരിക്തമായ തദ്ദേശീയ വ്യവഹാര പാരമ്പര്യങ്ങൾ മായ്ക്കപ്പെടുകയും വ്യാജമായ ചരിത്ര പ്രതിനിധീകരണങ്ങൾ പിറവിയെടുക്കുകയും ചെയ്തു. ഇവ്വിഷയകമായ അഹ്മദിന്റെ നിരീക്ഷണങ്ങൾ ജോൺസിന്റെ പേർഷ്യൻ സോംഗ് ഓഫ് ഹാഫിസ്, കാളിദാസന്റെ ശാകുന്തളം, അറബ് നാടോടി സംഗീതങ്ങൾ തുടങ്ങിയ സാഹിത്യ വിവർത്തനങ്ങളെ കേന്ദ്രീകരിച്ചു കൊണ്ടാണ് വികസിക്കുന്നത്. കൊളോണിയൽ അധികാര നിർവ്വഹണാർത്ഥം ജന്മം കൊണ്ട സർ വില്യം ജോൺസിന്റെ വ്യാകരണം, താരതമ്യ പഠനത്തിന്റെ ഭാഗമായി രചിക്കപ്പെട്ട അദ്ദേഹത്തിന്റെ വിവർത്തനങ്ങളുടെ ആഗോള സ്വാധീനം, അവയിലെ വ്യാജചരിത്ര പ്രതിനിധീകരണം, ഇത്തരം വിവർത്തനങ്ങളുടെ അപചയങ്ങൾ തുടങ്ങിയവയെല്ലാം അഹ്മദ് വിശകലന വിധേയമാക്കുന്നുണ്ട്.

‘പേർഷ്യൻ സോംഗ് ഓഫ്’ എന്ന തലക്കെട്ടോടെ പേർഷ്യൻ ഗസൽ ചക്രവർത്തി ഹാഫിസിന്റെ രചനകൾ 1771-ൽ ജോൺസ് പ്രസിദ്ധീകരിച്ചു. പൂർവ്വ ബ്രിട്ടീഷ് ഭരണങ്ങളുടെ ഭാഗമായി ഭരണ ഭാഷയായി മാറിയ പേർഷ്യൻ ഭാഷയുടെ വ്യാകരണം നിർമിക്കുന്നതിലൂടെ സുഗമമായ അധികാര നിർവ്വഹണം സാധിച്ചെടുക്കലായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതോടൊപ്പം തന്നെ വൈജ്ഞാനികവും സാഹിത്യപരവുമായ എല്ലാ മേഖലകളിലും അധിവേശം ശക്തമാക്കുക കൂടി അവർ ഉന്നംവെച്ചു. പേർഷ്യൻ ഭാഷയിൽ പ്രസിദ്ധനായ കവിയുടെ ഗസലുകൾ വിവർത്തനം ചെയ്യുന്നതിലൂടെ യൂറോപ്യൻ സാഹിത്യത്തെ ഗ്രീക്ക്-റോമൻ ക്ലാസിക്കിസത്തിന്റെ സ്വാധീനത്തിൽ നിന്നും മോചിപ്പിക്കാം എന്നും ജോൺസ് പ്രതീക്ഷിച്ചു. അപ്രകാരം തന്നെ ഗോഥെയുടെ ലോക സാഹിത്യ സിദ്ധാന്തവും വേഡ്സ് വർത്തിന്റെ ലിറിക്കൽ ബലാഡ്സും രൂപപ്പെട്ടു. പ്ലേറ്റോയുടെ അനുകരണ സിദ്ധാന്തത്തിൽ നിന്നും വേഡ്സ് വർത്തിന്റെ “ശക്തമായ മാനുഷിക വികാരങ്ങളുടെ സ്വാഭാവികമായ ഒഴുക്കി”ലേക്കുള്ള ദൂരം ഹാഫിസിന്റെ രചനകളായിരുന്നു. എന്നാൽ സൂഫി പാരമ്പര്യത്തിന്റെയും അവരുടെ ഗസലുകളുടെയും വ്യാജചരിത്ര പ്രതിനിധീകരണമായാണ് ഹാഫിസിനെ അഹ്മദ് നോക്കിക്കാണുന്നത്. സൂഫിസം എന്നത് സ്വയം വരിക്കുന്ന ദാരിദ്ര്യത്തിന്റെയും അധികാര വിരക്തിയുടെയും വഴക്കമാണെന്നിരിക്കെ ശീറാസിലെ ഭരണവർഗ്ഗത്തിൽ പെടുന്ന ഹാഫിസിനെ മാത്രം സൂഫിസത്തിന്റെ പ്രതിനിധിയായി ചിത്രീകരിച്ചത് എന്തുകൊണ്ടാണ്? യഥാർത്ഥത്തിൽ എഴുത്തിന്റെയോ രേഖയുടെയോ ഭാഗമല്ലാത്ത സൂഫി വ്യവഹാര പാരമ്പര്യങ്ങളെ മാറ്റി നിർത്തിക്കൊണ്ടാണ് ഇത്തരം പ്രതിനിധീകരണങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുന്നത്.

വിവർത്തനത്തിലൂടെ ആശയം കൈമാറ്റം ചെയ്യുന്നതിൽ പരിപൂർണ പരാജയമായിരുന്നു ഈ ഗ്രന്ഥമെന്നാണ് അഹ്മദിന്റെ മറ്റൊരു വിലയിരുത്തൽ. ജോൺസിന്റെ വിവർത്തനം വഴി യൂറോപ്യൻ സാഹിത്യലോകത്ത് പ്രസിദ്ധനായ ഹാഫിസ് ഒരു സൂഫി സന്യാസിയോ വിശുദ്ധനോ ആയിരുന്നില്ല. മറിച്ച്, നീച്ചെയുടെ വാക്ക് കടമെടുത്താൽ ഒരു സ്ത്രീലമ്പടനും വികാരജീവിയുമായിരുന്നു. ഹാഫിസിന്റെ ഗസലുകളിലെ ദൈവത്തോടുള്ള പ്രണയം സ്ത്രീയോടുള്ള കാമമായി തെറ്റിദ്ധരിച്ചതാണ് വിനയായത്. സൂഫീദർശനങ്ങളിൽ കാണാറുള്ള സാധാരണ ഉപമകളെപ്പോലും മനസ്സിലാക്കുന്നതിലുള്ള വിവർത്തകന്റെ അപചയം വിവർത്തനത്തെ സമ്പൂർണ പരാജയമാക്കുന്നു. “ജീവിതത്തിലെ ദുർഘടമായ പാതകൾ” പലപ്പോഴും സ്ത്രീയുടെ ചുരുണ്ട മുടിയിഴകളായും “ദൈവിക സാമീപ്യത്തിൽ നിന്നും ഉന്മാദത്തിന്റെ പാനീയം നുകരുക” എന്നത് വീഞ്ഞ് പകരുകയും നുകരുകയും ചെയ്യുക തുടങ്ങിയ പ്രയോഗങ്ങളിലൂടെയും ഉപമകളായി അവതരിപ്പിക്കുന്നത് എല്ലാ ഭാഷകളിലുമുള്ള സൂഫീ സാഹിതീയ പ്രയോഗങ്ങളാണ്. എന്നാൽ സൂഫിസത്തിന്റെ വ്യവഹാര പാരമ്പര്യങ്ങൾ പരിഗണിക്കാതെയുള വാക്യാർത്ഥ വിവർത്തനങ്ങൾ പലപ്പോഴും വിരുദ്ധമായ ആശയം അനുവാചകരിലേക്കെത്തിക്കുന്നു.

അഹ്മദ് തന്റെ വൈജ്ഞാനിക ഉദ്ഖനന മേഖല കൊളോണിയൽ ഭാഷാശാസ്ത്രത്തിൽ നിന്നും കൊളോണിയൽ നിയമനിർമാണത്തിലേക്ക് മാറ്റുമ്പോൾ ആദ്യത്തേതിൽ താരതമ്യ വ്യാകരണത്തിന്റെ ശക്തമായ സാന്നിധ്യവും രണ്ടാമത്തേതിൽ ഭാഷാഗോത്രങ്ങളുടെ വർഗ്ഗീകരണത്തിലേക്ക് നയിച്ച വംശീയ സ്വാധീനവും കാണാം. സർവ്വ ആദ്ധ്യാത്മിക സ്വാധീനങ്ങളിൽ നിന്നും മുക്തമായ മതനിരപേക്ഷ വൈജ്ഞാനികാധിപത്യം രൂപപ്പെടുത്തിയെടുക്കാനാണ് കൊളോണിയൽ ഭാഷാശാസ്ത്രം ശ്രമിച്ചത്. ഭാഷാ പഠനങ്ങളിലൂടെ വൈജ്ഞാനിക മേഖലകൾക്ക് അതിർ വരമ്പുകൾ നിർണയിക്കുകയും കൊളോണിയൽ നിയമനിർമാണത്തിലൂടെ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഹിന്ദു മുസ്‌ലിം പ്രജകളുടെ പാരമ്പര്യത്തെ അവർ പുനർനിർമിക്കുകയും ചെയ്തു. കൊളോണിയൽ ടെക്സ്റ്റുകളിലൂടെ മാത്രം വായിച്ചെടുക്കാൻ കഴിയുന്ന അന്തർവർത്തിയായ ഒരു പാരമ്പര്യവും അവർ തദ്ദേശീയർക്ക് പതിച്ചു നൽകി. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയത്തിന്റെ ഭാഗമായി മുഗൾ ഭരണ ഭാഷയായ പേർഷ്യനു പകരം മുസ്‌ലിംകൾക്ക് പാരമ്പര്യ ഭാഷയായി അറബിയും ഹിന്ദുക്കൾക്ക് പാരമ്പര്യ ഭാഷയായി സംസ്കൃതവും രൂപപ്പെടുത്തിയെടുക്കുകയാണ് അധികാര നിർവ്വഹണത്തിന് വേണ്ടി അവർ ആദ്യം ചെയ്തത്. ഹിന്ദു-മുസ്‌ലിം നിയമങ്ങളിലൂടെയാവണം ആധുനിക രാഷ്ട്രത്തിന്റെ അധികാര നിർവ്വഹണം സാധ്യമാക്കുന്നത് എന്ന വാറൺ ഹേസ്റ്റിംഗ്സിന്റെ അഭിപ്രായം തന്നെയായിരുന്നു ജോൺസിനും ഉണ്ടായിരുന്നത്. 1776-ൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ ഒരു കമ്മീഷനെ നിയമിക്കുകയും അവർ ഹിന്ദു-മുസ്‌ലിം നിയമങ്ങളുമായി ബന്ധപ്പെട്ട് വ്യത്യസ്ത ഗ്രന്ഥങ്ങൾ കോഡീകരിക്കുകയും ചെയ്തു. എന്നാൽ ജോൺസിന്റെ രചനകളാണ് സുഗമമായ അധികാര നിർവ്വഹണത്തിന്റെ ഫലപ്രദമായ പ്രായോഗികോപകരണങ്ങളായി വർത്തിച്ചത്. കാളിദാസന്റെ ശാകുന്തളം, അറബ് നാടോടിപ്പാട്ടുകൾ തുടങ്ങി സംസ്കൃത, അറബ് സാഹിത്യങ്ങൾ വിവത്തനം ചെയ്യുകയും തദ്ദേശീയർക്കിടയിൽ അവ ജനകീയമാക്കാൻ പ്രയത്നിക്കുകയും ചെയ്യുന്നതിലൂടെ ഇത്തരം അധികാരനിർവ്വഹണത്തിന് ആവശ്യമായ സാമൂഹികാവസ്ഥ രൂപപ്പെടുത്തിയെടുക്കാൻ ജോൺസിന് സാധിച്ചു. അറബ് നാടോടി സാഹിത്യം കാളിദാസന്റെ ശാകുന്തളം തുടങ്ങിയ വിവർത്തനങ്ങളെയും അവയുടെ വൈരുദ്ധ്യാന്മക ഭാവങ്ങളെയും വ്യത്യസ്ത അധ്യായങ്ങളിലായി ഇഴകീറി പരിശോധിക്കുന്നുണ്ട് അഹ്മദ്.

കോളനിവാഴ്ചക്ക് മുമ്പ് ടെക്സ്റ്റുകൾ പൊതുജീവിതത്തിൽ വ്യത്യസ്തമായ കർത്തവ്യങ്ങൾ നിർവ്വഹിച്ചിരുന്നു. ബോധനപരം, സ്മരണാത്മകം, വിവരാണാത്മകം, ധ്യാനാത്മകം തുടങ്ങി പല രൂപത്തിൽ നമുക്കവയെ വായിക്കാം. പ്രത്യേകിച്ച് ഇസ്‌ലാമിക ശരീഅത്തുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ. ശരീഅത്തിനെ സംബന്ധിച്ചേടത്തോളം, പ്രത്യേകമായ ഒരു തനത് പാരമ്പര്യം അതിനുണ്ടായിരുന്നു. ശരീഅത്തുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ പലപ്പാഴും പ്രമാണങ്ങളുടെ അപായങ്ങളിൽ നിന്ന് സമുദായത്തെ പ്രതിരോധിക്കുന്നവയായിരുന്നു. വൈയക്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമ നിർധാരണത്തിൽ അഗ്രഗണ്യരായ മുഫ്തികളും അവർക്ക് സഹായികളും ഉണ്ടായിരുന്നു. കേവലം ലിഖിത ഗ്രന്ഥങ്ങൾക്കപ്പുറത്ത് നൂതനമായ പ്രശ്നങ്ങളെ സാംസ്കാരികവും സാമൂഹികവുമായ വഴക്കങ്ങൾ പരിശോധിച്ച്, പ്രായോഗികമായി പരിഹരിക്കാൻ ശരീഅത്ത് നൽകുന്ന ഗവേഷണ സ്വാതന്ത്ര്യം അവർ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാൽ 1792 ഇന്ത്യൻ മുസ്‌ലിംകൾക്കു വേണ്ടി ജോൺസ് ‘മുഹമ്മദൻ ലോ ഓഫ് സക്സഷൻ’ എന്ന പേരിൽ ഗ്രന്ഥം രചിച്ചു. 12-ാം നൂറ്റാണ്ടിലെ ഹനഫി പണ്ഡിതനായ സിറാജുദ്ധീൻ സജാവന്തിയുടെ ‘അസ്സിറാജിയ്യ’ എന്ന അനന്തരാവകാശ നിയമഗ്രന്ഥത്തിന്റെ വിവർത്തനമായിരുന്നു ഇത്. കൊളോണിയൽ അധികാര നിർവ്വഹണത്തിൽ മുസ്‌ലിം ലീഗൽ കോഡുകളുടെ അടിസ്ഥാനമായിരുന്നു ഈ ഗ്രന്ഥം. മുഫ്തികൾക്കു പകരം കൊളോണിയൽ ലീഗൽ കോഡുകൾ ഉപയോഗിച്ച് മതവിധി നടപ്പിലാക്കാൻ മൗലവിമാർ നിയമിക്കപ്പെട്ടു. ശരീഅത്തിന്റെ വ്യവഹാരഭാഷയായി നിലനിന്നിരുന്ന പേർഷ്യന് പകരം അറബി ഭാഷക്ക് കൂടുതൽ പ്രാധാന്യം നൽകിയതിന്റെ ഫലമായി പണ്ഢിതന്മാർ തങ്ങളുടെ പാരമ്പര്യ കർമശാസ്ത്ര വഴക്കങ്ങളിൽ നിന്നും അന്യവൽകരിക്കപ്പെട്ടു. കൂടാതെ ലീഗൽ കോഡുകളുടെ ഭാഷ ഇംഗ്ലീഷ് ആയതു കൊണ്ട് തന്നെ ശരീഅത്തുമായി യാതൊരു ബന്ധവുമില്ലാത്തവർക്കുപോലും മതവിധി പറയാവുന്ന മൂലപ്രമാണങ്ങളായി ഇത്തരം ഗ്രന്ഥങ്ങൾ മാറി. മതപരതയിൽ ഊന്നിക്കൊണ്ട് സമുദായ രൂപീകരണത്തിൽ ആധുനിക രാഷ്ട്രം ഇടപെടുന്നതിന്റെ തുടക്കം കൂടിയായിരുന്നു അത്. കോളനിയാനന്തര ഇന്ത്യയുടെ ഭരണഘടനയിൽ പോലും ഈയൊരു സ്വാധീനം പ്രകടമാണ്. ഷാബാനു കേസ്, മുത്തലാഖ് ബിൽ തുടങ്ങി പല വിഷയങ്ങളെയും ഈയൊരു പശ്ചാത്തലം മുൻനിർത്തി കൊണ്ട് കൂടിവേണം വീക്ഷിക്കാൻ. ഈ രൂപത്തിൽ ഇസ്‌ലാമിക പണ്ഡിതന്മാർ നടത്തിവന്നിരുന്ന പാരമ്പര്യ കർമ്മശാസ്ത്ര നിയമസംവിധാനങ്ങളെ അട്ടിമറിച്ചുകൊണ്ട് അവയെ പൂർണമായി ബ്രിട്ടീഷ് അധീനതയിൽ കൊണ്ടുവരാൻ ഈസ്റ്റ് ഇന്ത്യ കമ്പനിക്കായി. വാമൊഴിപാരമ്പര്യത്തിൽ നിന്നകന്ന് പാഠ കേന്ദ്രീകൃതമായൊരു വായന മുസ്‌ലിങ്ങളെ യഥാസ്ഥിതികമായി അധഃപതിപ്പിച്ചു എന്നും അഹ്മദ് നിരീക്ഷിക്കുന്നുണ്ട്. ദയൂബന്ധി പണ്ഡിതന്മാരിൽ ഫിലോളജിയുടെ സിദ്ധാന്തങ്ങൾ ചെലുത്തിയ സ്വാധീനം മുൻനിർത്തി ആഗോള തലത്തിൽ തന്നെ മുസ്‌ലിം യഥാസ്ഥിതികരെ രൂപപ്പെടുത്തിയത് ഇത്തരം പാഠാധിഷ്ഠിത വായനകളായിരുന്നു എന്ന വിലയിരുത്തലും അദ്ദേഹം നടത്തുന്നുണ്ട്.

സംസ്കൃതത്തിൽ പ്രാവീണ്യം നേടിയ ശേഷം 1789-ലാണ് ശാകുന്തളം എന്ന ഇതിഹാസ നാടകം ജോൺസ് വിവർത്തനം ചെയ്യുന്നത്. രണ്ടാം ചന്ദ്രഗുപ്തന്റെ കാലത്തെ കോടതി കവിയായിരുന്ന കാളിദാസന്റെ ഈ രചനക്ക് വളരെയധികം രാഷ്ട്രീയയവും സാമൂഹികവുമായ പ്രധാന്യമുണ്ടായിരുന്നതായി സിറാജ് അഹ്മദ് വിലയിരുത്തുന്നു. റോമിലാ ഥാപ്പറെപ്പോലുള്ള സമൂഹിക നിരീക്ഷകരെപ്പോലെത്തന്നെ ബ്രാഹ്മിൺ-ക്ഷത്രിയ ബാന്ധവത്തിന്റെ ഭാഗമായാണ് അഹ്മദും ശാകുന്തളത്തെ നോക്കിക്കാണുന്നത്. എന്നാൽ ഈ ഗ്രന്ഥത്തിന് ജനകീയത നേടിക്കൊടുത്തതിലൂടെ സംസ്കൃത പാരമ്പര്യമെന്ന മിഥ്യക്ക് വേരോടാൻ പാകത്തിന് സമൂഹത്തെ പരുവപ്പെടുത്താൻ ജോൺസിന് സാധിച്ചു. വളരെ കുറഞ്ഞ വരേണ്യവിഭാഗത്തിന്റെ വൈജ്ഞാനിക വ്യവഹാര ഭാഷയെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇതര ഇന്ത്യൻ ഭാഷകളേക്കാൻ വിലമതിക്കുന്നതാക്കിയതിൽ ജോൺസിന്റെയും കൂട്ടാളികളുടെയും, പങ്ക് എന്തെന്നും അദ്ദേഹം അന്വേഷിക്കുന്നു. സംസ്കൃതത്തെ പൂർണത പ്രാപിച്ച അതിപുരാതന ഭാഷയെന്ന് അടയാളപ്പെടുത്തുന്നതിലൂടെ ഇന്ത്യയിലെ വാമൊഴി പാരമ്പര്യo മാത്രമുള്ള ഇതര പൂർവ്വ ഭാഷകളെല്ലാം അരികുവൽകരിക്കപ്പെട്ടു. ദ്രവീഡിയൻ ഭാഷകളിൽ പിൽക്കാലത്ത് പ്രത്യക്ഷപ്പെട്ട സംസ്കൃതവൽക്കരണവും, സംസ്കൃത ജന്യവാദവുമെല്ലാം ഇതിന്റെ ഭാഗമായിട്ടു കൂടി വേണം മനസ്സിലാക്കാൻ.

സിറാജ് അഹ്മദ്

അതോടൊപ്പം തന്നെ ജോൺസിന്റെ ഭാഷാ കുടുംബമെന്ന മിഥ്യാ സങ്കല്പം തദ്ദേശീയർക്കുമേൽ ധൈഷണികമായ മേൽക്കോയ്മ സ്ഥാപിക്കാനുള്ള ഒരു തന്ത്രം കൂടിയായിരുന്നു. ഇന്തോ യൂറോപ്യൻ ഭാഷാ കുടുംബത്തിന്റെ പൊതു പൂർവ്വിക ഭാഷയായി സംസ്കൃതം അടയാളപെടുത്തുന്നതിലൂടെ ആര്യ വംശസിദ്ധാന്തം മുതൽ ഹിന്ദു ദേശീയത വരെ ഉരുവം കൊണ്ടു. ജർമൻ നാസിസം, ഹിന്ദു ദേശീയത തുടങ്ങിയ പ്രത്യയശാസ്ത്രങ്ങൾ ഫിലോളജിയുടെ ഒരേ വേരിൽ നിന്നും മുളച്ചുപൊന്തിയവയാണെന്നും അഹ്മദ് അഭിപ്രായപ്പെടുന്നു. ഹിന്ദു ദേശീയതയുടെ സ്ഥാപകനായ വിനായക് ദാമോദർ സവർക്കർ വില്യം ജോൺസ്, മാക്സ് മ്യൂളർ തുടങ്ങിയ ഇംഗ്ലീഷ് പണ്ഡിതന്മാരാൽ സ്വാധീനിക്കപ്പെട്ടിരുന്നു എന്ന് അദ്ദേഹം തന്നെ സവർക്കറുടെ രചനാ സമാഹാരം എന്ന ഗ്രന്ഥത്തിൽ അംഗീകരിക്കുന്നുണ്ട്. മനുവിന്റെ ധർമ്മശാസ്ത്രം അടിസ്ഥാനമാക്കിക്കൊണ്ട് ഹിന്ദുക്കൾക്ക് പ്രത്യേകമായി ‘ഹിന്ദു ലീഗൽ കോഡ്സ്’ നിർമിക്കേണ്ടതുണ്ട് എന്ന ഹേസ്റ്റിoഗ്സിന്റെ അഭിപ്രായം പിന്തുടർന്നുകൊണ്ട് ജോൺസ്, 1794-ൽ ‘ദ ഓർഡിനൻസ് ഓഫ് മനു’ എന്ന വിവർത്തന ഗ്രന്ഥം രചിച്ചു. അങ്ങനെ വർണാശ്രമധർമം പോലുള്ള ജാതീയതയെ പ്രോത്സാഹിപ്പിക്കുന്ന ബ്രാഹ്മണാധികാര സിദ്ധാന്തങ്ങൾ ഉൾകൊണ്ട മനുസ്മൃതി ഹിന്ദു ലീഗൽ കോഡിന്റെ ആധാരശിലയായി.

ഈ രൂപത്തിൽ ഇന്ത്യയുടെ സാമൂഹിക, രാഷ്ട്രീയ, മതസാംസ്കാരിക മേഖകലകളെ സ്വാധീനിക്കാൻ ഇത്തരം ഭാഷാശാസ്ത്രകാരന്മാർക്ക് കഴിഞ്ഞു. കോളനി ഭരണകാലത്ത് രൂപപ്പെടുത്തിയ കൊളോണിയൽ യുക്തിയാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭരണനിർവ്വഹണ ചാലകശക്തി. സ്വാതന്ത്ര്യത്തിന്റെ കോളനിയാനന്തര യുഗത്തിലും ജ്ഞാനശാസ്ത്രപരമായ പാരതന്ത്ര്യമാണ് നമ്മുടെ പരാജയമെന്ന തീക്ഷ്ണ ബോധത്തിലേക്കാണ് സിറാജ് അഹ്മദിന്റെ ഈ രചന നമ്മെ കൊണ്ടെത്തിക്കുന്നത്. ഇംഗ്ലീഷ് ഭാഷയിൽ വിരാചിതമായ ഈ ഗ്രന്ഥം വൈജ്ഞാനിക ഭാഷ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള ഒരു മികച്ച രചനയാണ്. വായനക്കാരിൽ ധൈഷണികമായ ഉൾപ്രേരകമായി വർത്തിക്കുകയും പുതിയ വൈജ്ഞാനിക അന്വേഷണങ്ങളിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരു മാസ്മരികത ഈ രചനയിൽ ദർശിക്കാനാകും. ‘സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റി’ പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ ഓൺലൈൻ പതിപ്പ് വ്യത്യസ്ത ഇ-ലൈബ്രറികളിൽ ലഭ്യമാണ്.


(മലയാളം സർവ്വകലാശാല എം.എ ലിംഗ്വിസ്റ്റിക്സ് വിദ്യാർത്ഥിയാണ് ലേഖിക)

തഹ്സില സലാം കെ. കെ.

MA Linguistics, Malayalam Unversity