Campus Alive

അപരചിന്തനത്തിന്റെ വഴികൾ

കഴിഞ്ഞ നിരവധി വർഷങ്ങളായുള്ള ജീവിതത്തിന്റെയും സാമൂഹിക പ്രവർത്തനത്തിന്റെയും വായനയുടെയും ഒരുപാടു പേരുമായി നടത്തിയ സംഭാഷണങ്ങളുടെയും തർക്കത്തിന്റെയും ഫലമായിട്ടാണ് ‘അപരചിന്തനം’ എന്ന ഈ പുസ്തകം രൂപപ്പെട്ടത്. അതിനെപ്പറ്റി കുറച്ചു വാചകങ്ങളിൽ, ചുരുങ്ങിയ സമയത്തിനുള്ളിൽ എന്തു പറയാൻ കഴിയുമെന്നതിനെ പറ്റി ഒരു പിടിയും കിട്ടുന്നില്ല.

എഴുത്തിന്റെ പ്രക്രിയയിൽ ഗ്രന്ഥകർത്താവ് ഉണ്ടെങ്കിലും എഴുതി കഴിഞ്ഞാൽ പിന്നെ വായനക്കാരുടെ ബോധവും അവബോധവും വിനിമയസാങ്കേതികതയുമായി കണ്ണിചേർന്നു മറ്റുപലതുമായി മാറുന്നതാണ് ഓരോ പുസ്തകവും. ചിലപ്പോൾ അത് വായിക്കപ്പെടാതെ തന്നെ പോയേക്കാം. മറ്റു ചിലപ്പോൾ പുനർവായനകളിലൂടെ, മറുവായനകളിലൂടെ, എതിർവായനകളിലൂടെ പുനരവതരിപ്പിക്കപ്പെട്ടേക്കാം. ഇതിനർത്ഥം, ഗ്രന്ഥ രചനയ്ക്ക് ശേഷം ഗ്രന്ഥകർത്താവ് മരണമടയുന്നു എന്ന ബാർത്തിന്റെ അഭിപ്രായത്തെ ഒരു പരിധിവരെ സ്വീകരിക്കുന്നു എന്നാണ്. ഒരു പരിധിവരെ എന്നു പറഞ്ഞത് പുസ്തകത്തെ പറ്റി ആരെങ്കിലും വിമർശനം ഉന്നയിക്കുകയോ, വിശദീകരണം ചോദിക്കുകയോ ചെയ്താൽ ആ സമയം ആ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞുമാറാനാവില്ല എന്നതിനാലാണ്.

എന്നിരുന്നാലും, മരണമടഞ്ഞ ഒരു ഗ്രന്ഥകർത്താവ് എന്ന നില വിട്ട് ഇടപെടുന്ന വായനക്കാരിൽ ഒരാൾ എന്ന അവകാശത്തിലൂന്നിക്കൊണ്ട് ഈ പുസ്തകത്തെ പറ്റി എന്തെങ്കിലും പറയാൻ ശ്രമിക്കാം.

‘അപരചിന്തനം’ കൂടാതെ എന്റെ രണ്ട് പുസ്തകങ്ങൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘മറ്റൊരു ജീവിതം സാധ്യമാണ്’ എന്നതാണ് ആദ്യത്തേത്. അക്കാലത്തെ ചില പുതുചിന്തകളും വേറിട്ട അന്വേഷണങ്ങളും ഉണ്ടായിരുന്ന ഒരു പുസ്തകമാണത്. മുഖ്യധാരയുടെ പരിഗണനക്ക് പുറത്താണെങ്കിലും അത് നല്ല നിലയിൽ വായിക്കപ്പെട്ടിരുന്നു എന്നാണ് കരുതുന്നത്. ‘ഇന്ത്യാടുഡേ’ പോലുള്ള മാഗസിൻ അക്കാലത്ത് ഇറങ്ങിയ പത്ത് പ്രധാനപ്പെട്ട പുസ്തകങ്ങളിൽ ഒന്നായി അതിനെ തിരഞ്ഞെടുത്തിരുന്നു. എൻ.പ്രഭാകരനെ പോലുള്ള എഴുത്തുകാർ ശക്തമായി അംഗീകരിച്ചു കൊണ്ട് അതിനെ പറ്റി മാതൃഭൂമി വാരികയിൽ എഴുതിയിരുന്നു. അതിനുശേഷം ‘ഇരുട്ടിലെ കണ്ണാടി’ എന്ന പുസ്തകം പുറത്തിറങ്ങി. ഡി.സി. ബുക്സാണ് പ്രസിദ്ധീകരിച്ചത്. കീഴാള പ്രമേയങ്ങൾക്കൊപ്പം അധിനിവേശ വിരുദ്ധ ചിന്തയുടെയും പോസ്റ്റ് കൊളോണിയാലിറ്റിയുടെയും സൈദ്ധാന്തിക-രാഷ്ട്രീയ ധാരകൾ കേരളത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ച ചുരുക്കം ചില കൃതികളിലൊന്നാണത്. അതും തരക്കേടില്ലാത്ത വിധത്തിൽ വായിക്കപ്പെട്ടു എന്നാണ് മനസ്സിലാവുന്നത്.

അതിനുശേഷം ഏറെക്കുറെ പത്തുവർഷങ്ങൾക്ക് ശേഷമാണ് ‘അപരചിന്തനം’ പ്രസിദ്ധീകരിക്കുന്നത്.

മൂന്നു ഭാഗങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ആദ്യത്തേത് ദീർഘമായ അഞ്ചോളം ആത്മകഥാ കുറിപ്പുകളാണ്.

സാധാരണയായി കീഴാളരുടെ ഭൂതകാല അനുഭവങ്ങൾ വരേണ്യരുടെ ശൈശവത്തിലെ കൗതുക വസ്തുക്കളുടെയോ, കളിപ്പാട്ടങ്ങളുടെയോ ഓർമ്മ ജനിപ്പിക്കുന്നതിനാണെന്ന് Tinha T Mimh-Ha എന്ന എഴുത്തുകാരി സൂചിപ്പിച്ചിട്ടുണ്ട്. അത്തരത്തിലുള്ള കൗതുകക്കാഴ്ചയുടെ അനുഭൂതി ഉണ്ടാകാത്ത വിധത്തിൽ എങ്ങനെ ആത്മകഥാശകലങ്ങൾ എഴുതാൻ കഴിയും എന്ന് മുമ്പേ തന്നെ ആലോചിച്ചിരുന്നു. അതനുസരിച്ച്, അനുഭവങ്ങളെ വർത്തമാനത്തിലേക്ക് സൂക്ഷ്മമായി പരിഭാഷപ്പെടുത്തുക എന്ന രീതിയാണ് അവലംബിച്ചത്. അതിനെ പറ്റി പ്രിയ സുഹൃത്തും എഴുത്തുകാരനുമായ ഡോ.ഒ.കെ.സന്തോഷ് ഫെയ്സ് ബുക്കിൽ എഴുതിയ കുറിപ്പിൽ നിന്നും ഒരു ഭാഗം ഇവിടെ വായിക്കുകയാണ്;

“അനുഭവങ്ങളെ കേവലം പറച്ചിലാക്കാതെ സാമൂഹികശാസ്ത്രം, ചരിത്രം, രാഷ്ട്രീയം തുടങ്ങിയ വൈജ്ഞാനികതകളുമായി കണ്ണിചേർത്തു പുതിയൊരു രചനാരീതിയിലേക്ക് വികസിപ്പിച്ചു എന്നതാണ് ‘അപരചിന്തനം’ എന്ന പുസ്തകത്തെ വേറിട്ടതാക്കുന്നത്. മാഞ്ഞും മറഞ്ഞും പോയ ചെറുജീവിതങ്ങൾ എന്ന വയനാട്ടിലെ ജീവിതത്തെ കുറിച്ചുള്ള ആദ്യകുറിപ്പ് ഭാഷയിലുണ്ടാക്കുന്ന സൗന്ദര്യവും ആഖ്യാനപരതയിലും സാമൂഹിക നോട്ടങ്ങളിലും പുലർത്തുന്ന സൂക്ഷ്മതയും അനന്യതയും അത്ഭുതകരമാണ്. കാഞ്ച ഐലയ്യ, എം.എസ്.എസ്.പാണ്ഡ്യൻ, ഗോപാൽ ഗുരു തുടങ്ങിയ സാമൂഹിക ചിന്തകർ ഇത്തരം അനുഭവങ്ങളെ സിദ്ധാന്തവൽക്കരിക്കാനും പാഠവൽക്കരിക്കാനും നടത്തിയ ശ്രമങ്ങൾ ഓർക്കുക. സിനിമ ദേശങ്ങൾ, അപര മഹാരാജാസുകൾ, എറണാകുളം നഗരം: ചില അരിക് അനുഭവങ്ങൾ തുടങ്ങിയ കുറിപ്പുകൾ നമ്മുടെ സ്ഥല ഭാവനകളെയും പൊതുരാഷ്ട്രീയാഖ്യാനങ്ങളുടെ ജനപ്രിയരീതികളെയും ആഴത്തിൽ വിശകലനം ചെയ്യേണ്ടതിന്റെ ആവശ്യകത മുന്നോട്ടുവെക്കുന്നവയാണ്”.

രണ്ടാമത്തെ ഭാഗം സംവാദമാണ്. ദലിത് പക്ഷം, സ്ത്രീപക്ഷം, മുസ്‌ലിം പക്ഷം എന്ന അതിരുകളിൽ തന്നെ നിൽക്കാതെ കേരളത്തിലെ കീഴാള വ്യവഹാരങ്ങളെ മാർജിൻ/മൈനോറിട്ടേറിയൻ എന്ന നിലയിൽ അതിവർത്തിക്കാനുള്ള ശ്രമമാണ് ഈ സംവാദങ്ങൾക്കുള്ളതെന്ന് തോന്നുന്നു. ഇതിന് സഹായകരമായ വസ്തുതകൾ ശ്രീനാരായണ ഗുരുവിന്റെയും, ഡോ.ബി.ആർ അംബേദ്കറിന്റെയും, പൊയ്കയിൽ അപ്പച്ചന്റെയും, സഹോദരനയ്യപ്പന്റേയും സൈദ്ധാന്തിക പരികല്പനകൾക്കൊപ്പം ഡബ്ളിയു.ഈ.ബി.ദുബോയ്സ്, മാൽക്കം എക്സ്, ആലീസ് വാക്കർ, റ്റോണി മോറിസൺ മുതലായവരുടെ ചിന്തകളെ ഉൾക്കൊള്ളാനും ശ്രമിച്ചതാണ്. ഒപ്പം യൂറോകേന്ദ്രവാദത്തിനും ബ്രാഹ്മണ്യത്തിന്റെ പരമാധികാരത്തിനും ഭരണവർഗ്ഗങ്ങളുടെ ഭരണമനോഭാവത്തിനും എതിരായ കീഴാള സാമുദായിക ബഹുജന ഭാവനകളെ സ്വീകരിക്കാനും സന്നദ്ധമായിട്ടുണ്ട്. എങ്കിലും സാമൂഹികശാസ്ത്രമോ ചരിത്രവാദമോ അല്ല ഈ സംവാദങ്ങളുടെ വിഷയം. ഇതിനെപറ്റി സുഹൃത്തും കാലടി സർവ്വകലാശാലയിലെ ഗവേഷകനുമായ സന്തോഷ് സി. എഴുതുന്നു;

“കെ.കെ ബാബുരാജിന്റെ ഇടപെടലുകൾക്ക് വ്യത്യസ്തത എന്ന പൊതുപ്രയോഗത്തെ കവിഞ്ഞുനിൽക്കുന്ന, പലതിൽ ഒന്ന് എന്ന അംഗീകാരത്തിന് മെരുങ്ങാത്ത ചിന്താജീവിതമാണുള്ളതെന്നാണ് ഞാൻ കരുതുന്നത്. കാരണം, വ്യത്യസ്തമായതെന്ന് സാംസ്കാരിക/രാഷ്ട്രീയ മുഖ്യധാര വിലയിരുത്തുന്ന മിക്കതും വിമർശന സ്വഭാവം പുലർത്തുന്നു എന്ന് പുറമേക്ക് തോന്നിപ്പിക്കാമെങ്കിലും, ആന്തരികമായി വിധേയപ്പെട്ട ഒരു നിയമവ്യവസ്ഥക്കുള്ളിലാവും വിന്യസിക്കപ്പെട്ടിരിക്കുക. എന്നാൽ, ഘടനാപരമായ ആ അധീശനിയമവ്യവസ്ഥയെ തന്നെ പ്രശ്നവൽക്കരിക്കുന്ന വ്യവഹാരങ്ങൾ വ്യത്യസ്തമാകുന്നത് പൊതുവിന്യാസക്രമങ്ങളോട് വിമർശനാത്മകമായി സംവദിക്കാൻ പുതിയ ഭാഷയും വ്യാകരണവും നിർമ്മിക്കുന്നതിലൂടെയാണ്. ഭാഷയുടെ ഒരുതരം മൈനർവൽക്കരണമാണിത്. അതായത്, ഭൂരിപക്ഷ ക്രമങ്ങളുടെ സ്ഥിരതയും അതിർത്തിയും ഭേദിച്ച് ആ സ്ഥാനത്ത് സ്വയം പുതിയ അതിർത്തികൾ നിർമ്മിച്ച് അവയ്ക്ക് ശത്രുപക്ഷം നിൽക്കുകയല്ല മൈനർവൽക്കരണത്തിലൂടെ സാധ്യമാകുന്നത്. പകരം അധീശക്രമത്തിന്റെ അതിരുകളെ ഭേദിക്കുന്നതിനൊപ്പം സ്വയം അതിരുകളിൽ തളക്കാതെ, നിരന്തരം വികസിക്കാൻ സന്നദ്ധമാവുകയാണ് ചെയ്യുന്നത്. ചലനാത്മകതയിലും പരസ്പര ബന്ധനാവസ്ഥയിലും (Intersectionality) ഊന്നുന്ന ദ്രവാത്മകത (Fluidity) ആണ് അതിന്റെ ഒരു സവിശേഷത എന്നു പറയാം. അതുകൊണ്ടുതന്നെ ഭാഷയിലെ നിലനിൽക്കുന്ന സൗന്ദര്യശാസ്ത്ര ഉപാധികളോട് സന്ധി ചെയ്യുന്നതിന് പകരം, ചരിത്രപരമായ ഉപദാനങ്ങളെ വീണ്ടെടുത്തും സമകാലീനവൽക്കരിച്ചും രാഷ്ട്രീയം, സൗന്ദര്യശാസ്ത്രം (Politics and Aesthetics) എന്നിവയെ തന്നെ പുനർനിർമ്മിക്കുക എന്ന അത്യന്തം ശ്രമകരവും അപകടകരവുമായ ദൗത്യം അവക്ക് ഏറ്റെടുക്കേണ്ടതുണ്ട്”.

മൂന്നാമത്തെ ഭാഗം ഇടപെടലുകളാണ്. സെപ്തംബർ 11-ന് ശേഷമുള്ള സാമ്രാജ്യത്വ യുദ്ധപരതയും വംശീയ മേധാവിത്വവും മൂലധന താൽപര്യങ്ങളും ദേശാതിർത്തികൾ ഭേദിക്കുന്നതിനെ പറ്റിയുള്ള വിശദീകരണങ്ങൾക്കൊപ്പം, നവസാങ്കേതികത, സിനിമ, സംഗീതം, ജനപ്രിയത എന്നിവയിലെല്ലാം അതെങ്ങനെ വ്യാപരിക്കുന്നു എന്നതിനെപ്പറ്റിയുള്ള സൂചനകളുമാണ് ഈ ഭാഗത്തിലുള്ളത്. ഒപ്പം, ബാബരി മസ്ജിദിനെ ചരിത്രസ്മരണയാക്കിയ സുപ്രീംകോടതി വിധി, മണ്ഡലാനന്തര സാമൂഹികാനുഭവങ്ങൾ, ഹിന്ദുത്വത്തിന്റെ രാഷ്ട്രീയ സ്ഥിരത, ഊന പ്രക്ഷോഭം, നീൽസലാം-ലാൽസലാം മുദ്രാവാക്യങ്ങൾ പോലുള്ള കാര്യങ്ങളും പൗരത്വനിയമ വിരുദ്ധ നിലപാടുകളും ഇതിലുണ്ട്. കേരളത്തിൽ നടന്ന ചുംബന സമരം, മനുഷ്യസംഗമം, അമാനവ സംഗമം എന്നിവയെ പറ്റിയുള്ള നിരീക്ഷണങ്ങളും ഇതിൽ കാണാം.

അമാനവ സംഗമത്തിൽ നിന്ന്

പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ സഞ്ചരിച്ചാൽ പ്രധാനമായും നാല് കാര്യങ്ങളാണ് കാണാനാവുന്നതെന്ന് തോന്നുന്നു.

ഒന്ന്, ദലിത് വാദത്തെ അല്ലെങ്കിൽ അംബേദ്ക്കറിസ്റ്റ് സ്വാധീനതയെ ഈ പുസ്തകം കുറേയൊക്കെ അതിവർത്തപരമായി; ട്രാൻസ്ഫോർമേറ്റീവായാണ് കാണുന്നതെന്ന് പറയാം. അതായത്, ജാതിവ്യവസ്ഥയുടെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗം എന്ന നിലയിൽ ഒരു സംരക്ഷിതപദവിയാണ് പൊതുസമൂഹം ദലിതർക്ക് കല്പിച്ചിട്ടുള്ളത്. ഈ സംരക്ഷിതപദവി വിട്ട് സ്വതന്ത്രസമുദായം എന്ന കാഴ്ചപ്പാടാണ് ഈ പുസ്തകത്തിലുള്ളത്. എല്ലാത്തിനും സവർണ്ണരെ പഴിപറയുക, ഗാന്ധിസത്തോടും മാർക്സിസത്തോടും കണക്ക് തീർക്കുക എന്ന സാമ്പ്രദായിക രീതി കയ്യൊഴിഞ്ഞുകൊണ്ട് അപനിർമ്മാണം പോലുള്ള നവസാധ്യതകളിലാണ് പുസ്തകം കൂടുതൽ ഊന്നൽ കൊടുത്തിട്ടുള്ളത്. ഇതിനർത്ഥം, ദലിതരുടെ അവസര പ്രക്ഷോഭണങ്ങളും ഭൂമി, വിദ്യാഭ്യാസം, വിഭവ പങ്കാളിത്തം എന്നിവക്ക് വേണ്ടിയുള്ള സമരങ്ങളും, ബ്രാഹ്മണ്യത്തോടും ഭരണമേലാളിത്തത്തോടുമുള്ള പ്രതിരോധങ്ങളും ലഘൂകരിക്കപ്പെടണമെന്നല്ല.

പൊതുബോധം ദിലതരെ ഇല്ലാത്തവരായാണ് അടയാളപ്പെടുത്തുന്നത്. ഇത്തരത്തിലുള്ള ഇല്ലായ്മയെ (lack) കേന്ദ്രീകരിച്ചാലുള്ള പ്രശ്നമെന്താണെന്ന് വെച്ചാൽ അതിന്റെ മറുപുറം അവരെ ദുർമാർഗ്ഗികളും, മദ്യപാനികളും, നന്ദി കെട്ടവരും, വർഗ്ഗബോധമില്ലാത്തവരും, സ്വത ബോധമുള്ളവരുമായി മാത്രം കാണുന്നു എന്നതാണ്. ഇല്ലായ്മക്ക് പകരം സാമൂഹികമായ പുറന്തള്ളലുകളെ പ്രശ്നവൽക്കരിക്കുന്നതും, ഇതര പിന്നാക്ക സമുദായങ്ങളോടും ന്യൂനപക്ഷങ്ങളോടും സവർണ്ണരിലെ ഉൽബുദ്ധരോടും സഹവർത്തിക്കുന്നതും സാഹോദര്യഭാവന വികസിപ്പിക്കുന്നതുമായ സൂചനകളിലാണ് ഈ പുസ്തകം ശ്രദ്ധ കൊടുക്കുന്നത്.

രണ്ട്, മുസ്‌ലിം ജനതയുടെ അപരത്വത്തെ തിരിച്ചറിയാനും അതിനോട് ഉപാധികളില്ലാതെ സഹവർത്തിക്കാനും ഈ പുസ്തകം ശ്രമിക്കുന്നുണ്ടെന്നതാണ്. കേരളത്തെ സംബന്ധിച്ചേടത്തോളം ഇവിടുത്തെ പുരോഗമനകാരികളാവട്ടെ, മാർക്സിസ്റ്റുകളോ മതേതരവാദികളോ ആവട്ടെ, അവരിൽ പലരും മുസ്‌ലിം ജനതയെ കാണുന്നത് ഏഴാം നൂറ്റാണ്ടിലെ ആൾക്കാരായിട്ടാണ്. അതിനു കാരണം ഈ ജനതയുടെ മതപരതയോടും സവിശേഷമായ സാമൂഹിക സംഘാടകത്വങ്ങളോടുമുള്ള വിയോജിപ്പാണ്. മുസ്‌ലിം ജനതയെന്നത് പ്രീമോഡേണോ അന്യരോ അപരരോ അല്ലെന്നും മറിച്ച്, കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പോസ്റ്റ് മോഡേൺ ജനതയാണ് അതെന്നുമുള്ള അഭിപ്രായമാണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കാൻ ശ്രമിക്കുന്നത്. ഇതിന്റെ വായന മുസ്‌ലിങ്ങൾക്ക് പൊതുവേയും അതിലെ ചെറുപ്പക്കാർക്കും സ്ത്രീകൾക്കും സവിശേഷമായും നല്ല സാഹോദര്യാനുഭവം പ്രദാനം ചെയ്യുമെന്ന് കരുതുന്നു.

അപരചിന്തനം

മൂന്ന്, കീഴാള സ്ത്രീകളെ കേവലമായ അനുഭവപരതകളിൽ നിന്നും ‘പറച്ചിലിടങ്ങളി’ൽ നിന്നും വേറിട്ടു കാണാനുള്ള ആലോചനകളാണ്. മുഖ്യധാരാ സ്ത്രീവാദങ്ങൾക്കപ്പുറം ലോകത്തിലെ വിവിധ കീഴാള സ്ത്രീവാദങ്ങളെയും, ന്യൂനപക്ഷ സ്ത്രീവാദങ്ങളെയും സന്നിഹിതമാക്കാനും അവയെ സംവാദപരമാക്കാനുമുള്ള അന്വേഷണങ്ങൾ ഇതിലുണ്ട്. മാത്രമല്ല, സവർണ്ണ സ്ത്രീകളുടെ ഇരട്ടിപ്പ് മൂലം കീഴാള സ്ത്രീകളുടെ സ്വത്വവും സമരങ്ങളും അപഹരിക്കപ്പെടുന്നതിനെ കുറിച്ചുള്ള സൂചനകളുമുണ്ട്.

നാല്, ചരിത്രപരമായി ‘കുറ്റാരോപിത’മായ സ്ഥാനത്തുള്ളവരാണ് കീഴാള ആണുങ്ങളും മുസ്‌ലിം പുരുഷന്മാരും. അതുകൊണ്ട് തന്നെ അവർ നിശബ്ദരോ ന്യൂട്രലോ ആയിരിക്കണം എന്ന തരത്തിലുളള പൊതുപുരുഷ ബോധവും ലിബറൽ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളും ഇവിടെ ശക്തമാണ്. എന്നാൽ മേല്പറഞ്ഞ പോലുള്ള കുറ്റാരോപിത സ്ഥാനങ്ങൾ അധിനിവേശത്തിന്റെയും സവർണ്ണാധിപത്യത്തിന്റെയും കല്പനകൾ ആണെന്നും അതിനെ ഭേദിക്കാൻ കീഴാള ആണുങ്ങൾക്ക് അവകാശമുണ്ടെന്നും ഈ പുസ്തകം സ്ഥാപിക്കുന്നു.

മേൽപ്പറഞ്ഞ നാല് പൊതുധാരകളിൽ ഒന്നിലും ഉൾപ്പെടാത്ത നിരവധി ലേഖനങ്ങൾ വേറെയുമുണ്ട്. അവയിൽ രണ്ട് മൂന്നെണ്ണത്തെ പറ്റി ചെറുതായി സൂചിപ്പിച്ചുകൊണ്ട് ഈ സംഭാഷണം അവസാനിപ്പിക്കാം.

പോണോഗ്രഫിയെ പറ്റിയുള്ളതാണ് അവയിൽ ഒന്ന്. ഇന്റർനെറ്റ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ എന്നിവ വ്യാപകമായതിലൂടെ പോൺ ഒരു വസ്തുതയായി മാറിയിട്ടുണ്ട്. ഇപ്പോൾ സ്ത്രീകളും കുട്ടികളും വരെ അത് ഉപഭോഗിക്കുന്നുമുണ്ട്. പോണിന്റെ ആവർത്തനപരത, പെരുക്കം എന്നിവയെ പറ്റിയാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്.

മറ്റൊന്ന് ‘യൂത്ത് കൾച്ചറി’നെ കുറിച്ചുള്ളതാണ്. സമകാലീന യുവത്വത്തിന്റെ ഉപസംസ്കാര രൂപീകരണങ്ങൾ മുതൽ ദേശീയ പ്രസ്ഥാനത്തിലെയും സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെയും യുവജന സംഘാടകത്വത്തെ പറ്റിയുള്ള വിശകലനങ്ങളാണ് ഇതിലുള്ളത്.

കെ.കെ.ബാബുരാജ്

എടുത്തു പറയാനുള്ള മറ്റൊരു വിഷയം, കേരളത്തിലെ നവ മാർക്സിസ്റ്റ് ചിന്തക്ക് അടിത്തറ പാകിയ ഡോ.ടി.കെ.രാമചന്ദ്രൻ, ചിന്ത രവി, ബി.രാജീവൻ മുതലയാവരും തത്വചിന്തകനായ നിസാർ അഹമ്മദും സിനിമ-സാംസ്കാരിക വിമർശകനായ സി.എസ്.വെങ്കിടേശ്വരനും സാർവ്വ ദേശീയ ബുദ്ധിജീവിയായ അരുന്ധതിറോയിയും “അപരത്വത്തെ” കാര്യമായി അഭിസംബോധന ചെയ്യാത്തത് മൂലം അവർ ‘സാംസ്കാരികമായ നൈരാശ്യമാണ്’ കീഴാളരിൽ ഉൽപ്പാദിപ്പിക്കുന്നതെന്ന വിലയിരുത്തലാണ്. ഇതിലൂടെ ആ എഴുത്തുകാരെ തരംതാഴ്ത്തി പറയുകയോ കുറ്റപ്പെടുത്തുകയോ അല്ല ഉദ്ദേശിക്കുന്നത്. മറിച്ച്, ഇവരെ ശക്തമായും ഗാഢമായും വായിക്കണമെന്ന് തന്നെയാണ് പറയുന്നത്.

അവസാനമായി പറയാനുള്ളത് കടപ്പാടാണ്. എഴുത്തുകാരൻ എന്നതിനൊപ്പം ചില കാര്യങ്ങളിൽ ആക്ടിവിസ്റ്റുമായതിനാൽ ഇടപെട്ടിട്ടുള്ള ബഹുജന പ്രസ്ഥാനങ്ങളും പ്രവർത്തകരും നിരവധിയാണ്. അവരെല്ലാവരും ചേർന്നാണ് ഈ പുസ്തകം രൂപപ്പെടുത്തിയത്. പിന്നെയുള്ളത് സുഹൃത്തുക്കളാണ്. സിമി കോറോത്ത്, ഉമ്മുൽ ഫായിസ, സതി അങ്കമാലി, കെ.അഷ്റഫ്, അരുൺ അശോകൻ, ബിജുരാജ് ആർ.കെ, എ.എസ്.അജിത് കുമാർ, അഫ്ത്താബ് ഇല്ലത്ത്, പ്രശാന്ത് കോളിയൂർ, സുദേഷ് എം. രഘു, പി.എസ്.കെ.ദേവരാജൻ, എ.കെ.വാസു, ഒ.കെ.സന്തോഷ്, ജാൻസി, സണ്ണി എം. കപിക്കാട്, കെ.കെ.കൊച്ച് മുതലായവരോടുള്ള നിരന്തര സംഭാഷണവും തർക്കങ്ങളും ഈ പുസ്തകത്തിലുണ്ട്. എങ്കിലും ഏറ്റവും കൂടുതൽ കടപ്പാട് ജെനി റൊവീനയോടാണ്. ‘ഇരുട്ടിലെ കണ്ണാടി’ എന്ന പുസ്തകം സമർപ്പിച്ചിരുന്നത് അവർക്കാണ്. അപരചിന്തനത്തിലും ജെനിയുടെ എഴുത്തുകളിലുള്ള സ്വാധീനത തുടരുക തന്നെയാണ്.


(അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ, പെരിന്തൽമണ്ണയിലെ വിദ്യാർത്ഥികളുമായി ഒക്ടോബർ 26 ന് നടത്തിയ സംഭാഷണം, തയ്യാറാക്കിയത്: അംജദ് കരുനാഗപള്ളി)

കെ കെ ബാബുരാജ്