Campus Alive

ക്രിമിനൽ നിയമ ഭേദഗതിയും ബ്രാഹ്മണ്യ വംശീയതയും

 

“ഒരു ജനവിഭാഗം അധികാരം നേടുന്നതിനു മുമ്പ് ആധിപത്യം സ്ഥാപിച്ചിരിക്കണം”

  – അന്റോണിയോ ഗ്രാംഷി

2020 ജൂൺ മാസത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇന്ത്യയിൽ പ്രവർത്തനത്തിലുള്ള ക്രിമിനൽ നിയമങ്ങളെ വിപുലമായി പരിഷ്ക്കരിക്കുന്നതിനായി അഞ്ചംഗ സമിതിയെ നിയോഗിച്ചത്. ആറു മാസമാണ് റിപ്പോർട്ട് നൽകാനുള്ള കാലാവധി. കേന്ദ്ര നിയന്ത്രണത്തിലുള്ള നാഷണൽ ലോ യൂണിവേഴ്സിറ്റികളിലെ മൂന്ന് ഉന്നത ഉദ്യോഗസഥരും രണ്ടു നിയമജ്ഞരും അടങ്ങുന്നതാണ് പ്രസ്തുത സമിതി.

സാധാരണ ഗതിയിൽ കേന്ദ്ര നിയമ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ലോ കമ്മിഷനാണ് പരിഷ്ക്കരണങ്ങൾക്ക് വേണ്ടിയുള്ള പഠനത്തിന് നേതൃത്വം നൽകാറുള്ളത്. ലോ കമ്മീഷനെ ഒഴിവാക്കി കേവലം ലോ യൂണിവേഴ്സിറ്റി ഉന്നതരെ സങ്കീർണമായ ക്രിമിനൽ നിയമങ്ങളുടെ പരിഷ്ക്കരണത്തിന് നിയോഗിച്ചത് നിയമ വൃത്തത്തിൽ വ്യാപകമായ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. മാത്രമല്ല നിയമ വിദഗ്ദരുടെ അപ്രാതിനിധ്യം, ന്യൂനപക്ഷ പിന്നോക്ക സ്ത്രീ സമൂഹങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ അഭാവo, ലോ കമ്മീഷനു പകരം പ്രവർത്തി പരിചയം കുറഞ്ഞ ലോ അക്കാദമീഷ്യൻമാരുടെ നേതൃത്വം, സാധാരണ ഗതിയിൽ റിപ്പോർട്ട് സമർപ്പിക്കാനുള്ള സമയപരിധിയായ മൂന്ന് വർഷത്തെ സാവകാശം കേവലം ആറു മാസമാക്കി ചുരുക്കിയത് തുടങ്ങിയ പ്രാരംഭ ഘട്ടത്തിലെ തന്നെ ഗുരുതര വീഴ്ച്ചകൾ നിയമത്തിൽ വലിയ അസന്തുലിതാവസ്ഥ സൃഷ്ടിക്കുമെന്ന ഗുരുതരമായ പ്രതിസന്ധി നിയമ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്.

കുറ്റകൃത്യങ്ങളുടെ നിർവചനമടക്കം വിപുലമായ പരിഷ്ക്കാരങ്ങൾ, മുൻ കാലങ്ങളിൽ സംഭവിച്ച രീതിയിൽ മുസ്‌ലിം – ദലിത് – സ്ത്രീകളടക്കമുള്ള പിന്നോക്ക ജനവിഭാഗങ്ങൾക്കെതിരെ അധികാര പ്രയോഗത്തിനുള്ള സാധ്യതയും നിയമ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. കാശ്മീരിന്റെ 370-ാം വകുപ്പ് റദ്ദാക്കിയതിനും പൗരത്വ ഭേദഗതി നിയമത്തിനും സമാനമായി വിവേചനപരമായിരിക്കും ദേഗതികൾ എന്നുള്ള ആശങ്കകളും നിലനിൽക്കുന്നു. കുറ്റക്കാരനാണ് എന്ന് തെളിയിക്കേണ്ട ബാധ്യത പ്രോസിക്യൂഷനിൽ നിന്ന് (സർക്കാറിൽ നിന്ന്) കുറ്റവാളി അല്ല എന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിഭാഗത്തേക്കു മാറ്റം ചെയ്യുക എന്നതാണ് ഒരു പരിഷ്ക്കരണം എന്ന വാദവും നിയമ വൃത്തത്തിൽ സജീവമാണ്.

credit: swaddle

പ്രസ്തുത കമ്മിറ്റിയുടെ ആധികാരികത, ലക്ഷ്യം എന്നിവയെ സംബന്ധിച്ച് വളരെ ചുരുക്കം വിവരങ്ങൾ മാത്രമാണ് പൊതു ജനങ്ങളുമായി പങ്കുവെച്ചിട്ടുള്ളത്. കമ്മിറ്റിയുടെ ലക്ഷ്യവും കമ്മിറ്റിയുടെ അധികാരപരിധിയും ഇനിയും വ്യക്തമല്ല എന്നാണ് മുൻ സുപ്രീംകോടതി ജഡ്ജായ ജസ്റ്റിസ് മദൻ ബി ലോക്കൂർ വ്യക്തമാക്കിയത്.

ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്നതാണ് ഇന്ത്യൻ ക്രിമിനൽ നിയമങ്ങളുടെ അടിസ്ഥാന തത്വമായി പറയപ്പെടാറുള്ളത്. പ്രസ്തുത മൂല്യത്തെ അടിസ്ഥാനപ്പെടുത്തി നിയമം രൂപീകരിക്കപ്പെടേണ്ട ഇന്ത്യയിൽ, അതിന് ഘടകവിരുദ്ധമായ ഒട്ടേറെ നിയമങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഒരു കുറ്റം സംശയാതീതമായി തെളിയിക്കപ്പെടുന്നത് വരെ ഒരാൾ കുറ്റവാളിയല്ലെന്നും മറിച്ച് കുറ്റാരോപിതൻ മാത്രമാണ് എന്നും നിയമം പറയുന്നു. എന്നിട്ടും ഒരു മനുഷ്യന്റെ പ്രാഥമിക അവകാശങ്ങൾ പോലും റദ്ദുചെയ്യാൻ ശേഷിയുള്ള ഒട്ടേറെ ഹിംസാത്മകവും നീതിവിരുദ്ധവുമായ നിയമങ്ങൾ ഇന്ത്യയിൽ നിലനിൽക്കുകയും അവ വ്യാപകമായി പ്രയോഗിക്കപ്പെടുകയും ചെയ്യുന്നു. ഒരു ജനാധിപത്യ സമൂഹത്തിൽ, നീതി അടിസ്ഥാന തത്വമായി ഉയർത്തിപിടിക്കുന്ന ഒരു ഭരണഘടന നിയന്ത്രിക്കുകയും നിർദ്ദേശിക്കുകയും ചെയ്യേണ്ട ഒരു രാജ്യത്ത് എന്തുകൊണ്ട് ഗൂഢവും നീതിവിരുദ്ധവുമായ ഇത്തരം നിയമങ്ങൾ അതീവ പ്രഹര ശക്തിയോടെ നിലനിൽക്കുന്നു എന്ന ചോദ്യം നാം മുന്നോട്ടുവെക്കേണ്ടതുണ്ട്. പ്രസ്തുത ചോദ്യത്തിനുള്ള ഉത്തരം ചരിത്രപരമായി മനസ്സിലാക്കുമ്പോൾ മാത്രമേ എന്താണ് ബ്രാഹ്മണ്യ പ്രത്യേയശാസ്ത്രം നയിക്കുന്ന ഹിന്ദു ഭൂരിപക്ഷ ദേശീയ ഗവൺമെന്റിന്റെ ക്രിമിനൽ നിയമ ഭേദഗതികളുടെ ലക്ഷ്യം എന്ന് നമുക്ക് സൂക്ഷ്മമായി അനാവരണം ചെയ്യാൻ സാധിക്കുകയുള്ളൂ.

ഒരു ജനത എങ്ങനെ പ്രവർത്തിക്കുന്നു എന്നത് എങ്ങനെ ചിന്തിക്കുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. ജാതി വ്യവസ്ഥയുടെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, ധാർമ്മിക സങ്കൽപങ്ങളാണ് ഇന്ത്യയുടെ ചിന്തകളെ നിയന്ത്രിക്കുന്ന അധീശത്വ പ്രത്യയശാസ്ത്രം. പ്രസ്തുത പ്രത്യയശാസ്ത്രത്തെയാണ് അംബേദ്ക്കർ ഹിന്ദു മതം അഥവാ ബ്രാഹ്മണിസം എന്ന് വിളിക്കുന്നത്.

ബ്രാഹ്മണ്യ സാമൂഹിക നിയമ വ്യവസ്ഥിതിയുടെ മൗലികമായ സ്വഭാവമെന്തന്നാൽ എല്ലാവർക്കും ബാധകമായ ഒരു പൊതു നിയമമോ മുഴുവൻ മനുഷ്യർക്കും പ്രാപ്യമായ ഒരു നിയമ സംവിധാനമോ സ്വാഭാവിക നീതിയെ സംബന്ധിച്ച ധാരണയൊ അതുൾക്കൊള്ളുന്നില്ല എന്നതാണ്. മറിച്ച് ജാതിവ്യവസ്ഥ ഉൾകൊള്ളുന്ന വംശീയമായ വേർതിരിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് ബ്രാഹ്മണ്യത്തിലെ നിയമ സംഹിതകൾ നിലനിൽക്കുന്നത്. പ്രസ്തുത വേർതിരിവുകളെയും വിവേചനങ്ങളെയും അംബേദ്കർ ‘ശ്രേണീകൃത അസമത്വം’ അഥവാ ‘Graded Inequality’ എന്ന് വിളിക്കുന്നു. മനുസ്മൃതി അടക്കം ഇന്ത്യാ ചരിത്രത്തിൽ പ്രചാരത്തിലുണ്ടായിരുന്ന ഏതാണ്ട് എല്ലാ നിയമ സംവിധാനങ്ങളും പ്രസ്തുത വംശീയതയെയും ശ്രേണീകൃത അസമത്വത്തെയും അടിസ്ഥാനപ്പെടുത്തിയിട്ടുള്ളതും അവയെ നീതീകരിക്കുന്നതുമായിരുന്നു.

കോളോണിയൽ കാലഘട്ടത്തിലും ബ്രാഹ്മണ്യം ഇന്ത്യയുടെ അധീശത്വ പ്രത്യയശാസ്ത്രം ആയിരുന്നു. എങ്കിലും അതിന് വിപരീതമായ മറ്റു ധാരകളും സജീവമായിരുന്നു. മനുസ്മൃതി ആയിരിക്കണം ഇന്ത്യൻ ഭരണഘടനയെന്നും മനുസ്മൃതി അനുസരിച്ചാണ് ഇന്ത്യ നിയമ നയ രൂപീകരണം നടത്തേണ്ടത് എന്നും വാദിച്ചിരുന്ന, ആർ.എസ്.എസും ഹിന്ദു മഹാസഭയും അവയുടെ നേതാക്കളായ വി.ഡി സവർക്കും ഗോൾവാൾക്കറും അടങ്ങുന്ന ഒരു ധാര, ഗാന്ധിയും നെഹറുവും ആസാദും നേതൃത്വം നൽകുന്ന കോൺഗ്രസ് പ്രസ്ഥാനം, ജാതി വിരുദ്ധവും, നീതി എന്ന ആശയത്തെ മുൻനിർത്തി ആയിരിക്കണം ഭരണഘടന നിലവിൽ വരേണ്ടതെന്നും മനുസ്മൃതി നീതിയെയും സാഹോദര്യത്തെയും റദ്ദു ചെയ്യുന്ന വംശീയതയുടെ നിയമ പുസ്തകമാണ് എന്നും അതിനാൽ അവ കത്തിക്കേണ്ടതാണ് എന്നും അഥവാ ജാതിയുടെ നശീകരണത്തിലൂടെ മാത്രമേ ഇന്ത്യക്ക് ഒരു മോചനം സാധ്യമാവൂ എന്നുമുള്ള സങ്കൽപം മുന്നോട്ടു വച്ച ജ്യോതി റാവൂ ഫൂലെയും, അംബേദ്കറും, പെരിയാറും കേരളത്തിൽ അയ്യങ്കാളിയും നാരായണ ഗുരുവും സഹോദരൻ അയപ്പനും നേതൃത്വം നൽകുന്ന മറ്റൊരു ധാര, പുതുതായി രൂപം കൊള്ളുന്ന പുതിയ ദേശ രാഷ്ട്രത്തിൽ എല്ലാ സമൂഹങ്ങളുടെയും പ്രാതിനിധ്യത്തിനായി പ്രവർത്തിച്ച വിവിധ മത സാമുദായിക കക്ഷികളുടെ ധാര, കമ്മ്യൂണിസ്റ്റ് ധാര, ലെഫ്റ്റ് ലിബറൽ മൂല്യങ്ങളുടെ ധാര എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ കൊളോണിയൽ കാലഘട്ടത്തിലും വിശിഷ്യാ ഭരണഘടനാ നിർമാണ കാലഘട്ടത്തിൽ സജീവമായിരുന്നു. ഇതിൽ എല്ലാ വിഭാഗങ്ങൾക്കും ഏറിയും കുറഞ്ഞും ഭരണഘടനാ നിർമ്മാണ സമിതിയിൽ പ്രാതിനിധ്യവും ഉണ്ടായിരുന്നു. എങ്കിൽ പോലും ഗാന്ധിയും നെഹ്റുവും നേതൃത്വം നൽകിയിരുന്ന കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ജനകീയവും വിശാലവുമായ ധാരയ്ക്കും അംബേദ്കർ പ്രതിനിധാനം ചെയ്തിരുന്ന ജാതി വിരുദ്ധവും നീതിയുക്തവും ആയ ധാരയ്ക്കും ആണ് ഭരണഘടനാ നിർമ്മാണ സഭയിൽ മേൽകൈ ലഭിച്ചത്. അതുകൊണ്ടു തന്നെ മനുസ്മൃതി അടിസ്ഥാനപ്പെടുത്തി ആയിരിക്കണം ഇന്ത്യൻ ഭരണഘടനയും മറ്റു നിയമ സംവിധാനങ്ങളും എന്ന വാദം താൽകാലികമായെങ്കിലും തിരസ്ക്കരിക്കപ്പെട്ടു. ഇത്തരമൊരു സാഹചര്യത്തിലാണ് നീതിയെ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ ഭരണഘടന വിവിധ ബലാബലങ്ങളെ അതിജയിച്ചു നിലവിൽ വരുന്നത്. 1950-ൽ ഇന്ത്യൻ ഭരണഘടന ഔദ്യോഗികമായി നിലവിൽ വന്നു. പുതുതായി രൂപം കൊണ്ട ഇന്ത്യ എന്ന ദേശരാഷ്ട്രത്തിന്റെ നയവും അത് ഉയർത്തി പിടിക്കേണ്ട മൂല്യവും ആയിട്ടായിരുന്നു യഥാർത്ഥത്തിൽ ഭരണഘടന വിഭാവനം ചെയ്യപ്പെട്ടത്. പ്രസ്തുത മൂല്യത്തിന്റെ അടിസ്ഥാനം നീതിയും സാഹോദര്യവും ആയിരുന്നു.

മേൽപറഞ്ഞത് പോലെ ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നതാണ് ഇന്ത്യൻ നീതിന്യായ വ്യവസ്ഥിതിയുടെ അടിസ്ഥാന നീതി വാക്യങ്ങളിൽ ഒന്ന്. സുതാര്യവും സുവ്യക്തവുമായ, സംശയാതീതമായി കുറ്റം തെളിയിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കുന്ന അവസ്ഥയിലായിരുന്നു ഇന്ത്യയിലെ ക്രിമിനൽ നിയമ വിചാരണ സംവിധാനങ്ങൾ എറെക്കുറെ നിലനിന്നത്.

ചരിത്രപരമായി വസ്തുത ഇങ്ങനെയായിരിക്കെ, ക്രിമിനൽ നിയമങ്ങളുടെ ഉദ്ദേശ ശുദ്ധിയെ സംശയത്തിൽ നിർത്തുന്ന, വിചാരണയിലെ സുതാര്യതയും സുവ്യക്തതയെയും റദ്ദു ചെയ്യുന്ന, തികച്ചും ഹിംസാത്മകവും നീതി രഹിതവുമായ, പ്രതി എന്നാരോപിക്കപ്പെടുന്ന വ്യക്തിയുടെ മൗലികവും പ്രാഥമികവുമായ എല്ലാ അവകാശങ്ങളെയും നിഷേധിക്കുന്ന ‘ഡീപ്പ് സ്റ്റേറ്റ്  നിയമങ്ങൾ’ എന്നും ‘കരി നിയമങ്ങൾ’ എന്നും അറിയപ്പെടുന്ന ഭീകര നിയമങ്ങൾ ഇന്ത്യയിൽ എങ്ങനെ നിലവിൽ വന്നു എന്നും എന്തിനു വേണ്ടി നടപ്പിൽ വരുത്തി എന്നും എപ്രകാരം ആണ് പ്രയോഗിക്കപ്പെട്ടത് എന്നും ചരിത്രപരമായി, ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി വിശകലനം ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമേ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബ്രാഹ്മണിസത്തിന്റെ വക്താക്കളായ ഗവൺമെന്റിന്റെ ക്രിമിനൽ നിയമ ഭേദഗതിയുടെ ലക്ഷ്യവും ഇന്ത്യയുടെ ഭാവിയും സൂക്ഷ്മമായി മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ.

ഇന്ത്യയിൽ വ്യാപകമായി എങ്ങനെ ഡീപ്പ് സ്റ്റേറ്റ് നിയമങ്ങൾ നിലവിൽ വന്നു എന്ന ചോദ്യത്തിന്റെ പ്രാരംഭ ഉത്തരം കിടക്കുന്നത് എന്താണ് ബ്രാഹ്മണ്യ വ്യവസ്ഥിതി മുന്നോട്ടു വയ്ക്കുന്ന നിയമ സംവിധാനം എന്നതും അതിന്റെ വക്താക്കൾക്ക് എങ്ങനെയാണ് ഇന്ത്യയിൽ ആധിപത്യം ലഭിച്ചത് എന്നതിലുമാണ്.

അന്റോണിയോ ഗ്രാംഷി

ഒരു സാമൂഹിക വിഭാഗത്തിനു രാഷ്ട്രീയ അധികാരം നേടുന്നതിനു മുമ്പ് പ്രത്യയശാസ്ത്രപരമായ ആധിപത്യം സ്ഥാപിക്കാൻ സാധിക്കണം എന്ന് ഗ്രാംഷി പറയുന്നു. വിവിധ സാംസ്കാരിക, പ്രത്യയശാസ്ത്ര വിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യ പോലെയൊരു സമൂഹത്തിൽ ധാർമ്മിക തലത്തിൽ ആധിപത്യം സ്ഥാപിക്കാൻ സാധിക്കുമ്പോൾ മാത്രമേ ഒരു വിഭാഗത്തിന്റെ താൽപര്യങ്ങൾ സമൂഹത്തിന്റെ പൊതു താൽപര്യവും ഒരു വിഭാഗത്തിന്റെ പ്രത്യയശാസ്ത്രം സമൂഹത്തിന്റെ പൊതു പ്രത്യയശാസ്ത്രവും ആവുകയുള്ളൂ. ഇത്തരത്തിൽ സ്ഥാപിക്കപ്പെടുന്ന ആധിപത്യത്തെ ഗ്രാംഷി ‘Hegemony’ അഥവാ ‘പ്രത്യയശാസ്ത്ര നായകത്വം’ എന്നു വിളിച്ചു.

ഇന്ത്യയിൽ വളരെ ചുരുക്കം ഘട്ടങ്ങളിൽ മാത്രമാണ് ബ്രാഹ്മണ്യത്തിനു പ്രത്യയശാസ്ത്ര നായകത്വം നഷ്ടമായതായി ചരിത്രം രേഖപ്പെടുത്തുന്നത്. സ്വാതന്ത്ര്യ സമര കാലഘട്ടത്തിലോ ഭരണഘടനാ നിർമ്മാണ ഘട്ടത്തിലോ ബ്രാഹ്മണ്യത്തിന്റെ പ്രത്യയശാസ്ത്ര നായകത്വം പൂർണമായും നഷ്ടപ്പെട്ടിരുന്നില്ല. എങ്കിലും ഭരണതലത്തിലോ ധാർമ്മിക തലത്തിലോ വ്യക്തമായ ഒരു മേൽകൈ അതിനു ലഭിച്ചിരുന്നില്ല. അത്തരമൊരു സാഹചര്യത്തിലാണ് ഭരണഘടനയുടെ നീതി സങ്കൽപവും ക്രിമിനൽ നിയമങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും നിർവചനവും നിർവചനങ്ങളുടെ എകീകൃത സ്വഭാവവും സുതാര്യതയും വിശ്വസ്തതയും ബ്രാഹ്മണ്യത്തിന് പ്രത്യയശാസ്ത്ര നായകത്വം നേടിയെടുക്കാനും അധികാരത്തിലേക്ക് വരാനും തടസ്സങ്ങൾ സൃഷ്ടിച്ചത്.

ഭരണഘടനാ പിന്തുണയോടെ ഇന്ത്യയിൽ നിലവിൽ വന്ന ക്രിമിനൽ കുറ്റങ്ങളുടെ നിർവചനത്തിന്റെ അടിസ്ഥാന സ്വഭാവം എന്നു പറയുന്നത് ഒരു പ്രവർത്തി ആണ് ഒരു കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നത് എന്നതാണ്. എന്നാൽ ജാതി വ്യവസ്ഥിതിക്കകത്ത് ഒരിക്കലും ഒരു പ്രവർത്തനം അല്ല ഒരു കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നത്, മറിച്ച് പ്രവർത്തിക്കുന്നയാളുടെ ജാതിയാണ്. ഒരു ഉദാഹരണം പറയുകയാണെങ്കിൽ രാമായണം പ്രകാരം രാമൻ ശംബൂകനെ വധിക്കുന്നത് അദ്ദേഹം തപസ്സനുഷ്ടിച്ചു എന്ന കുറ്റം ചെയ്തതിനാണ്. ഹിന്ദു സാഹിത്യങ്ങളിലും പുരാതന ഗ്രന്ഥങ്ങളിലും എറെ മഹത്വമുള്ള, ആദരണീയമായ ഒരു പ്രവൃത്തിയാണ് തപസ്സനുഷ്ഠിക്കുക എന്നത്. പക്ഷേ ഇത്രയും ആദരണീയമായ ഒരു പ്രവർത്തനം ഒരു വധ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി മാറുന്നത് ഒരിക്കലും ആ പ്രവർത്തനം മോശമായതു കൊണ്ടല്ല, മറിച്ച് ആ പ്രവർത്തനം ചെയ്ത ശംബൂകൻ ചാതുർവർണ്യത്തിലെ എറ്റവും താഴ്ന്ന ജാതിയായ ശൂദ്ര വിഭാഗത്തിൽ നിന്നുള്ള വ്യക്തി ആയതു കൊണ്ടു മാത്രമാണ്. ഇതേ തപസ്സിൽ നിന്ന് ലഭിച്ച ശക്തിയാണ് ഹിന്ദു സാഹിത്യങ്ങളിലെ പല മഹാൻമാരെയും ആദരണീയരാക്കുന്നതും. അതുകൊണ്ടാണ് പ്രവർത്തനം അല്ല, മറിച്ച് പ്രവർത്തിക്കുന്നയാളുടെ ജാതിയാണ് കുറ്റകൃത്യത്തെ സൃഷ്ടിക്കുന്നത് എന്ന് പറയാൻ കാരണം. പക്ഷേ ഇന്ത്യൻ ക്രിമിനൽ കുറ്റങ്ങളുടെ നിർവചനത്തിന്റെ അടിസ്ഥാന സ്വഭാവം എന്നു പറയുന്നത് ഒരു പ്രവൃത്തി ആണ്.

ഹിന്ദു നിയമ വ്യവസ്ഥിതിയും ഇന്ത്യൻ നിയമ വ്യവസ്ഥിതിയും തമ്മിലുള്ള മൗലികമായ ഈ വ്യത്യാസം ഒരു പ്രത്യയശാസ്ത്ര നായകത്വം നേടുന്നതിൽ നിന്ന് ബ്രാന്മണ്യത്തെ തടഞ്ഞു നിർത്തിയിരുന്നു. അതിനു കാരണം ബ്രാഹ്മണ്യത്തിന്റെ സാമൂഹിക ക്രമീകരണമാണ്. ആ ക്രമീകരണത്തെയാണ് ജാതി എന്ന് പറയുന്നത്. നാലു ജാതികളും നാലായിരം ഉപജാതികളും ആയി വിഭജിക്കപ്പെട്ടിരിക്കുന്ന ബ്രാഹ്മണ്യ വ്യവസ്ഥിതിക്കകത്ത് ഒരിക്കലും ഐക്യ ബോധം എന്നൊന്ന് സാധ്യമായിരുന്നില്ല. പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവും ആയ നായകത്വം ലഭിക്കണമെങ്കിൽ ഐക്യബോധം അനിവാര്യമാണ് എന്ന് ഇബ്നു ഖൽദൂൻ സമർത്ഥിക്കുന്നുണ്ട്. പ്രസ്തുത ഐക്യ ബോധത്തെ അദ്ദേഹം ‘സംഘബോധം’ എന്നു വിളിക്കുന്നു. ബ്രാഹ്മണ്യത്തിനു ഇന്ത്യയിലെ വിവിധ ജാതി വിഭാഗങ്ങളെ ഒന്നിപ്പിക്കണമെങ്കിൽ കേവലം ഹിന്ദു എന്ന ഒരു കുടക്കീഴിൽ അവരെ അണിനിരത്തിയാൽ മാത്രം പോരാ. മറിച്ച് പ്രസ്തുത ഹിന്ദു എന്ന സ്വത്വം വംശീയമായ ഉന്മൂലനം ചെയ്യപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും സ്വത്വപരമായ അത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ ശക്തനായ ഒരു നേതാവിനു കീഴിൽ അണിനിരക്കുകയും വേണം എന്ന അതിജീവന തന്ത്രം ജാതി ഹിന്ദുക്കൾ മനസിലാക്കുകയും അപ്രകാരം പ്രവർത്തിക്കുകയും ചെയ്യണമായിരുന്നു. അതിനു വേണ്ടി ഒരു അപര സ്വത്വത്തെ ശത്രു ആയി പ്രതിഷ്ഠിക്കേണ്ടത് അനിവാര്യമായിരുന്നു. ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഇസ്‌ലാമോഫോബിയയെ കൂടുതൽ ഫലപ്രദമായും ശക്തമായും പ്രചോദിപ്പിക്കുക എന്നതായിരുന്നു ബ്രാഹ്മണ്യം അതിനു തിരഞ്ഞെടുത്ത മാർഗ്ഗം. അതിനവർ തിരഞ്ഞടുത്ത തന്ത്രം ഇന്ത്യയിൽ വ്യാപകമായി ബോംബ് സ്ഫോടനങ്ങളും ഭീകരാക്രമണങ്ങളും ആസൂത്രണം ചെയ്യുകയും നടപ്പിൽ വരുത്തുകയും ബ്യൂറോക്രസിയിലും അന്വേഷണ എജൻസികളിലും ഇന്റലിജൻസ് വിഭാഗങ്ങളിലും ഉള്ള ബ്രാഹ്മണ്യ വക്താക്കളെ ഉപയോഗിച്ച് പ്രസ്തുത കേസുകളിൽ മുസ്‌ലിം സ്വത്വത്തെ പ്രതിസ്ഥാനത്ത് നിർത്തുകയും ചെയ്യുക എന്നതായിരുന്നു എന്ന് ഇവ്വിഷയകമായി രചിച്ച പുസ്തകമായ ‘Who Killed Karkare’ എന്ന പുസ്തകത്തിൽ മഹാരാഷ്ട്ര പോലീസിലെ മുൻ ഐ.ജിയായ എസ്.എം മുഷ്രിഫ് വ്യക്തമാക്കുന്നുണ്ട്. പക്ഷേ ഹിന്ദു സാമൂഹ്യ – നിയമ ക്രമത്തിലെ പോലെ ഒരിക്കലും ഒരു വ്യക്തിയുടെ സ്വത്വത്തെ അടിസ്ഥാനപ്പെടുത്തി മാത്രം ശിക്ഷിക്കാൻ പറ്റുന്ന ഒരവസ്ഥയിൽ ആയിരുന്നില്ല പ്രസ്തുതഘട്ടത്തിൽ ഇന്ത്യയിലെ നിയമ മേഖല. പ്രതിചേർക്കപ്പെട്ടയാളെ കണ്ണിചേർക്കുന്ന തെളിവുകളുടെ അഭാവത്തിൽ, നീതിയുക്തവും സുതാര്യവുമായ ഒരു വിചാരണാ വ്യവസ്ഥിതിയ്ക്കകത്ത്, ഒരിക്കലും കേവലം ഒരു മുസ്‌ലിം ആണ് എന്ന ഒരൊറ്റ കാരണത്താൽ ശിക്ഷിക്കുകയോ തങ്ങളുടെ ലക്ഷ്യം നേടുകയോ സാധ്യമല്ലായിരുന്നു. ഇത്തരം പ്രതിസന്ധിയെ ആണ് ഹെബർ മാക്സ് ‘legitimization Crisis’ അഥവാ ‘സാധൂകരണ പ്രതിസന്ധി’ എന്നു വിളിക്കുന്നത്. പ്രസ്തുത സാധൂകരണ പ്രതിസന്ധിയെ ബ്രാഹ്മണിസം മറികടന്നത് ഡീപ് സ്റ്റേറ്റ് നിയമങ്ങളെ ആശ്രയിച്ചു കൊണ്ടായിരുന്നു.

നീതിപൂർണമായ അന്വേഷണത്തിന്റെ അടിസ്ഥാന സ്വഭാവം അവയുടെ നടപടി ക്രമങ്ങൾ സുതാര്യവും, നിഗമനങ്ങളിലേക്ക് എത്തിച്ചേരാൻ സഹായിക്കുന്ന വിവരങ്ങളും തെളിവുകളും സത്യസന്ധവും ആയിരിക്കും എന്നതാണ്. അത്തരമൊരു കേസിന്റെ വിചാരണാ നടപടിയും സുവ്യക്തമായിരിക്കും. എന്നാൽ ഡീപ്പ് സ്റ്റേറ്റ് നിയമങ്ങളുടെ ഒരു സവിശേഷത, അവ ഒരേ സമയം നീഗുഢമായിരിക്കുകയും അതേ സമയം തന്നെ വിശ്വാസ്യത ആവശ്യപ്പെടുകയും ചെയ്യും എന്നതാണ്. ഇന്ത്യയിൽ നടന്ന നിരവധിയായ ഭീകര കേസുകളുടെ വാർത്തകൾ പരിശോധിച്ചാൽ ഇത് മനസ്സിലാകും. UAPA, NSA, POTA, TADA, എന്നിങ്ങനെ എറ്റവും പ്രാഥമികമായ അവകാശങ്ങൾ പോലും നിഷേധിക്കുന്ന സങ്കീർണമായ ഭീകര നിയമങ്ങളിലെ മാരക വകുപ്പുകൾ ആണ് ഇത്തരം കേസുകളിൽ പ്രതി ചേർക്കപ്പെടുന്ന കുറ്റാരോപിതരിൽ ചാർത്തുക. അനിശ്ചിതകാലത്തേയ്ക്ക് വിചാരണ നീട്ടി കൊണ്ടുപോകാനും ദീർഘകാലം കസ്റ്റഡിയിൽ വെക്കാനും ജാമ്യം അടക്കമുള്ള അവകാശങ്ങൾ നിഷേധിക്കാനും ഇത്തരം നിയമങ്ങൾക്കു കഴിയും. ഇത്തരം കേസുകളിൽ തെളിവുകളായി നൽകപ്പെടുന്നത് ഇന്റലിജൻസ് ഉൾപ്പെടെയുള്ള വിഭാഗങ്ങൾ നൽകുന്ന രഹസ്യവിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയോ അതല്ലെങ്കിൽ തടവിൽ ഉള്ള കുറ്റാരോപിതന്റെ മൊഴിയെ അടിസ്ഥാനപ്പെടുത്തിയോ എത്തിച്ചേരുന്ന നിഗമനങ്ങളാണ്. പലപ്പോഴും നിഗമനങ്ങളിലേക്കു നയിക്കുന്ന രഹസ്യ വിവരങ്ങൾ പൊതുജനങ്ങൾക്കു മുന്നിൽ പരസ്യപ്പെടുത്താറില്ല, പരസ്യപ്പെടുത്തിയാലും വിവരങ്ങളുടെ ആധികാരികത പരിശോധിക്കാറും ഇല്ല. അതു കൊണ്ടാണ് പൊതുജനങ്ങൾക്കിടയിൽ എറെ സ്വീകാര്യതയും വിശ്വാസ്യതയും ഉള്ള ഇത്തരം കേസുകൾ പക്ഷേ കോടതിയിൽ ദയനീയമായി പരാജയപ്പെടുന്നത്. എങ്കിലും കേസ് കോടതിയിൽ എത്തുന്നതിനു മുമ്പ് തന്നെ മുസ്‌ലിം വിരുദ്ധ വികാരം സൂക്ഷ്മമായി ഇവ വിന്യസിച്ചിരിക്കും. തെളിവുകളുടെ വിശ്വാസ്യതയിലും ആധികാരികതയിലും ഉള്ള സംശയം കേസിനെ നിർണായകമായി സ്വാധീനിക്കുന്നത് തടയാൻ പോലും ഇന്ത്യയിൽ ശ്രമങ്ങളുണ്ടായിട്ടുണ്ട്. രണ്ടുപതിറ്റാണ്ടുകൾക്കു മുമ്പ്, അടൽ ബിഹാരി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്ത്, ഇത്തരത്തിൽ ക്രിമിനൽ നിയമങ്ങളുടെ ഭേദഗതിക്കായി നിയോഗിച്ച സംഘമായിരുന്നു ജസ്റ്റിസ് മലീമത്ത് കമ്മിറ്റി. പ്രസ്തുത കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിൽ ക്രിമിനൽ കേസുകളുടെ വിചാരണയിൽ ‘പൂർണമായും വിശ്വാസയോഗ്യമായ തെളിവുകളെ ആശ്രയിക്കാവൂ’ എന്ന നിബന്ധനയും ‘ പൂർണമായും സംശയാതീതമായും തെളിയിക്കപ്പെട്ടാൽ മാത്രമേ ശിക്ഷിക്കാവൂ’ എന്ന നിബന്ധനയും മയപ്പെടുത്തണമെന്ന് ഉപദേശിച്ചിരുന്നു, എന്നിരിന്നാലും ഈ കമ്മിറ്റി റിപ്പോർട്ട് നടപ്പിലായില്ല.

ഇത്തരത്തിൽ ഡീപ്പ് സ്റ്റേറ്റ് നിയമങ്ങളെ ആശ്രയിച്ചും അവയുടെ നിഗൂഢത നൽകുന്ന അനന്തമായ സാധ്യതകളെ സൂക്ഷ്മമായി പ്രയോഗിച്ചും ആണ് ശക്തമായ ഒരു വംശീയ വെറുപ്പ് ഇന്ത്യയിൽ സൃഷ്ടിക്കപ്പെട്ടത്. ഇതുമാത്രമാണ് ഇന്ത്യൻ ഇസ്‌ലാമോഫോബിയയുടെ അടിസ്ഥാനം എന്നോ ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ ഒരു പുതിയ പ്രവണത ആണ് എന്നോ,  അല്ലെങ്കിൽ ഇന്ത്യയുടെ വംശീയതയെയും ഹിംസയെയും സംബന്ധിച്ച ചരിത്രത്തിന്റെ ലളിതവൽക്കരണമോ അല്ല, മറിച്ച് മേൽ വിവരിച്ച ഘടകങ്ങൾ ഇസ്‌ലാമോഫോബിയയെ പുതിയ തലങ്ങളിലേക്ക് നയിക്കുന്നതിനു നൽകിയ സംഭാവനയെ കുറിച്ചാണ് പറഞ്ഞത്.

എതൊരു പ്രബല വംശീയ പ്രത്യയശാസ്ത്രത്തിന്റെയും ലക്ഷ്യം ദുർബലമായ വിഭാഗത്തിന്റെ വംശീയമായ ഉന്മൂലനവും പുറന്തള്ളലുമാണ്. മറ്റൊരു ഉത്തരവും വംശീയതയെ തൃപ്തിപ്പെടുത്തില്ല. ഇന്ത്യയിൽ അത്തരമൊരു മുസ്‌ലിം വിരുദ്ധ വംശീയ വികാരം രൂപപ്പെട്ടതുകൊണ്ടാണ് മുസ്‌ലിം ആയതിന്റെ പേരിലും ദലിതനായതിന്റെ പേരിലും കൊലചെയ്യപ്പെടുന്നതും മുസ്‌ലിം വിരുദ്ധ വംശീയ കൂട്ടകൊലകൾ പ്രധാന വാർത്തകൾ ആയി പോലും പരിഗണിക്കപ്പെടാത്തതും. ഇതേ ഇസ്‌ലാമോഫോബിയ തന്നെയാണ് ഇന്ത്യയിലെ ഒരെയൊരു മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനമായ കാശ്മീരിന് നൽകപ്പെട്ട പ്രത്യേക ഭരണഘടനാ പരിരക്ഷകളും അവകാശങ്ങളും എടുത്തു കളയുകയും അവരുടെ ഭൂമിയും പ്രകൃതിയും കയ്യേറിയിട്ടും സ്ത്രീകളെയും കുട്ടികളെയും ഇന്ത്യൻ സൈന്യം ഉൾപ്പെടെയുള്ള സായുധസേനകൾ ലൈംഗിക അതിക്രമങ്ങൾക്ക് വിധേയമാക്കുമ്പോഴും മനുഷ്യർ തീവ്രവാദി എന്നാരോപിക്കപ്പെട്ട് കൊല്ലപ്പെടുമ്പോഴും അവയെ നിരുപാധികം പിന്തുണക്കാൻ ഇന്ത്യയെ പ്രാപ്തമാക്കുന്നത്. ഇതേ ഇസ്ലാം വിരുദ്ധ വംശീയ ബോധം കൊണ്ടു തന്നെയാണ് വംശീയ അജണ്ടകളുള്ള പൗരത്വ ഭേദഗതി നിയമം ഇന്ത്യക്കു സ്വീകാര്യമാവുന്നതും.

അതുകൊണ്ട് കുറ്റകൃത്യങ്ങളുടെ നിർവ്വചനം, തെളിവുകളുടെ സ്വഭാവം,  എന്നിങ്ങനെ വിവിധ തരം സങ്കീർണതകളുള്ള ഭേദഗതികൾ വരുത്തുന്നതിനു വേണ്ടിയുള്ള റബർ സ്റ്റാമ്പായ അഞ്ചംഗ കമ്മിറ്റിയുടെ ലക്ഷ്യം കേവലം നിയമത്തെ ആധുനികവൽക്കരിക്കുക എന്നതല്ല, മറിച്ച്, ശൂദ്രൻ തപസു ചെയ്താൽ തല വെട്ടി കളയുകയും ബ്രാഹ്മണന്റെ തപസ് ആഘോഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്ന, വംശീയതയെയും ബ്രാഹ്മണ്യത്തെയും അടിസ്ഥാനപ്പെടുത്തിയ ഒരു ‘രാമ രാജ്യത്തെ’ സൃഷ്ടിക്കുക എന്നതു തന്നെയാണ് ഹിന്ദു ദേശീയ വക്താക്കൾ ലക്ഷ്യമിടുന്നത്.

 


(പഞ്ചാബ് RIMT യൂണിവേഴ്സിറ്റിയിൽ നിയമ വിദ്യാർത്ഥിയാണ് ലേഖകൻ)

മുഹമ്മദ് റാഷിദ്