Campus Alive

റീസ്റ്റേറ്റിങ് ഓറിയന്റലിസം: വാഇൽ ഹല്ലാഖുമായി അഭിമുഖം

(എഡ്വേർഡ് സൈദിന്റെ ഓറിയന്റലിസത്തെ കുറിച്ചുള്ള വീക്ഷണങ്ങളെ വിമർശനാത്മകമായി വിലയിരുത്തുന്ന വാഇൽ ബി. ഹല്ലാഖിന്റെ ‘റീസ്റ്റേറ്റിങ് ഓറിയെന്റലിസം’ എന്ന കൃതിയെ മുൻനിർത്തി ഫാത്തിമ തസ്കൊമുർ ഹല്ലാഖുമായി നടത്തിയ അഭിമുഖം)


ഫാത്തിമ തസ്കൊമുർ: ‘റീസ്‌റ്റേറ്റിംഗ് ഓറിയന്റലിസം എന്ന താങ്കളുടെ പുസ്തകം എഡ്വേർഡ് സൈദിന്റെ ഓറിയന്റലിസത്തെ എങ്ങനെയാണ് വിമർശന വിധേയമാകുന്നത്? എങ്ങനെയാണ് അദ്ദേഹത്തിന്റെ വാദഗതികളെ മറ്റു അർത്ഥ തലങ്ങളിലേക്ക് കൂടി വികസിപ്പിച്ചെടുക്കുന്നത്? സൈദ് പരാമർശിക്കാതെ പോയ വസ്തുതകളെ എങ്ങനെയാണ് താങ്കൾ പറയാൻ ശ്രമിക്കുന്നത്?

ഹല്ലാഖ്: താങ്കളുടെ ചോദ്യത്തിനുള്ള മറുപടി പുസ്തകത്തിന്റെ പ്രസാധക കുറിപ്പിലെ ഓറിയന്റലിസ്റ്റ് വിമർശനങ്ങളെ കൂടുതൽ ‘അഗാധമാക്കുകയും’ ‘പുഃനപരിശോധി’ക്കുകയും ‘വിപുലീകരിക്കുക’യുമാണ് റീസ്റ്റേറ്റിങ് ഓറിയന്റലിസം ചെയ്യുന്നതെന്ന പരാമർശത്തിൽ നിന്ന് ആരംഭിക്കാം. ഇവയിൽ അവസാനത്തേതിൽ (ആശയ വിപുലീകരണം) നിന്ന് തുടങ്ങാം. ഇത്തരം വിഷയങ്ങളിൽ ഇടപെടുന്ന ഒട്ടുമിക്ക പണ്ഡിതന്മാരെയും പോലെ തന്നെ ഇദ്ദേഹവും ഓറിയന്റലിസം എന്ന പദത്തെ ഏഷ്യയെയോ ഇസ്ലാമിനെയോ ആഫ്രിക്കയെയോ കുറിച്ചു പഠിച്ച വ്യക്തികളെയും ആശയങ്ങളെയും സൂചിപ്പിക്കുവാൻ സമ്മിശ്രമായി ഉപയോഗിക്കുന്നത് കൊണ്ട് ഒരർത്ഥത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങളെ വിപുലീകരിക്കുക എന്നത് തീർത്തും അപ്രാപ്യമാണ് എന്നത് ആദ്യം തന്നെ സൂചിപ്പിക്കട്ടെ. പൗരാണിക ഗ്രീസ് മുതൽ പതിമൂന്നാം നൂറ്റാണ്ടിലെ ലാറ്റിൻ സ്കോളേഴ്‌സ് വരെ, വോൺ ഗ്രുനെബാം, ബെർണാഡ് ലെവിസ് തുടങ്ങിയവർ മുതൽ ഇരുപതാം നൂറ്റാണ്ടിലെ സ്കോളേഴ്‌സ് വരെയുള്ള എല്ലായിടങ്ങളിലും ഓറിയന്റലിസ്റ്റുകൾ ഉണ്ടായിരുന്നു എന്ന മിഥ്യാ ധാരണയാണ് സൈദ് വെച്ചു പുലർത്തുന്നത്. അതു കൊണ്ടു തന്നെ ഇത്തരം വീക്ഷണ കോണിലൂടെ വിമർശത്തെ ഞാൻ വിപുലീകരിച്ചു എന്ന് പറയുന്നത് ശരിയല്ല. നേരെ മറിച്ച് ഓറിയന്റലിസം ഭാഷാ-സംസ്കാര ഭേദമന്യേ ചരിത്രത്തിൽ സർവ്വവ്യാപമാണെന്ന വാദത്തെ നിരസിക്കാനും പരിമിതപ്പെടുത്താനുമാണ് സത്യത്തിൽ ഞാൻ പരിശ്രമിക്കുന്നത്. പൂർവ്വാധുനിക കാലത്തെ പൗരാണിക സംസ്കാരങ്ങളിൽ (സൈദിനെ സംബന്ധിച്ചിടത്തോളം അവരും വംശീയവാദികളാണ്) ഓറിയന്റലിസം ഉണ്ടായിരുന്നില്ല.

എഡ്വേർഡ് സൈദ്

“ആധുനികപൂർവ്വ സാമ്രാജ്യങ്ങൾ എത്രമാത്രം അധീശപരവും വംശീയകേന്ദ്രീകൃതവുമായിരുന്നാലും, ആധുനിക സാമ്രാജ്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് പോലെ വിജ്ഞാനത്തെ അധികാരവുമായി കൂട്ടിക്കലർത്താനോ നൈതികതയെ പുനർനിർവ്വചിക്കാനോ അവകൾക്ക് സാധ്യമായിട്ടില്ല” എന്ന സ്പഷ്ടമായ വാദം നിരത്തികൊണ്ട് ഇതിനെ നേരിടുകയാണ് ഞാൻ.

പക്ഷേ പിന്നെ എങ്ങനെയാണ് ഈ വിമർശത്തെ ഞാൻ വികസിപ്പിച്ചെടുത്തത്? ആദ്യമായി ഓറിയന്റലിസം ഒരു ആധുനിക പ്രതിഭാസമാണെന്ന് തെളിയിക്കാൻ വേണ്ടി ആധുനിക വിജ്ഞാനീയങ്ങളുടെ വംശപാരമ്പര്യ സംബന്ധിയായ സൂക്ഷ്മപരിശോധന അത്യാവശ്യമായിരുന്നു. അതിലൂടെ മാനവചരിത്രത്തിൽ മുമ്പെങ്ങും കാണാൻ കഴിയാത്ത തരത്തിലുള്ള ബൗദ്ധികചിന്താ (അധീശ) ഘടനകളെ കണ്ടെത്താൻ കഴിഞ്ഞു. രണ്ടാമതായി ഈയൊരു ഘടന വളരെ പ്രബലമാണെന്നതുകൊണ്ടുതന്നെ ഓറിയന്റലിസത്തിന്റെ മേഖലയിൽ മാത്രം ഒതുങ്ങിക്കൂടുന്നില്ല. ആധുനിക ചിന്തയിലും ജീവിതരീതിയിലും ഈ ഘടന പ്രബലമാണെന്നതിനാൽ മറ്റു വൈജ്ഞാനിക ശാഖകളിലേക്കും ഇത് പ്രസരിക്കുന്നുണ്ട്, പ്രത്യേകിച്ച് ഈ ഘടനയെ മൗലികാടിത്തറയായി സ്വീകരിച്ച മേഖലകളിൽ. പ്രസാധക കുറിപ്പിൽ പറയപ്പെട്ട വിപുലീകരണമെന്നതിന്റെ ഏറ്റവും കൃത്യമായ അർത്ഥം ഇതാണ്. എൻജിനീയറിങ്, എക്കണോമിക്സ്, ബിസിനസ്, ജേർണലിസം, നിയമ വിദ്യാലയങ്ങൾ, മുഖ്യധാരാ തത്വചിന്തകൾ, ശാസ്ത്രം, വൈദ്യം തുടങ്ങിയ പലതും ഓറിയന്റലിസത്തെ എങ്ങനെയാണോ രൂപകല്പന ചെയ്യപ്പെട്ടത് അതേരീതിയിൽ ജ്ഞാനശാസ്ത്രപരമായി രൂപകല്പന ചെയ്യപ്പെട്ടതായാണ് ഞാൻ കാണുന്നത്. ഇങ്ങനെ നോക്കുമ്പോൾ ഒരോ വിഷയത്തിന്റെയും മുഖ്യമായ പ്രതിപാദ്യവിഷയം മാത്രമാണ് ഇവകൾ തമ്മിലുള്ള പ്രധാന വ്യത്യാസം. അപരനെക്കുറിച്ചുള്ള പഠനത്തിന് നരവംശശാസ്ത്രത്തെക്കാൾ കൂടുതൽ കൃത്യമായ മേഖല ഓറിയന്റലിസമാണ്. വംശീയതയും കൃത്രിമത്വവും ആധിപത്യവും സ്വേച്ഛാധിപത്യവും തെളിഞ്ഞുകാണുന്നത് അതിലാണ്.

ഏഷ്യയിലെ ഒരു ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മേൽ പരമാധികാരം പ്രയോഗിക്കുന്നതും പെറുവിലേയോ ഇക്വഡോറിലേയോ വനങ്ങളിലെ മരങ്ങൾക്കും നദികൾക്കും മേൽ ആധിപത്യം സ്ഥാപിക്കുന്നതും തമ്മിൽ വലിയ അന്തരമൊന്നുമില്ല എന്നതാണ് എന്റെ വാദം. ഇത്തരം ഓരോ സംഭവങ്ങളെയും ജ്ഞാനശാസ്ത്രപരമായ ‘ജനിതക പാളി’  (Epistemological genetic slice) എന്ന് വിളിക്കാം. ഇത്തരം സംഭവങ്ങളെല്ലാം തന്നെ ലോകത്തെക്കുറിച്ചുള്ള സവിശേഷവും ഘടനാപരവുമായ ആധുനിക മനോഭാവത്തെയാണ് ദ്യോതിപ്പിക്കുന്നത്. വംശീയതയുടെ രാഷ്ട്രീയ തലങ്ങൾ, ഓറിയന്റിനെക്കുറിച്ച വിചിത്രവൽക്കരണം, ആക്ഷേപകരമായ ഭാഷ തുടങ്ങിയവയിലൂടെയൊക്കെ സൈദ് സഞ്ചരിച്ചിട്ടുണ്ടങ്കിലും ഓറിയന്റെലിസത്തെ നിർമ്മിച്ചെടുക്കുന്ന ഗാഢവും അന്തർലീനവുമായ ബൗദ്ധിക ഘടനയെ (സ്വന്തം ചിന്താ വ്യവഹാരങ്ങളെ പോലും അതിൽ നിന്ന് മോചിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല) കണ്ടെടുക്കാൻ അദ്ദേഹത്തിന് കഴിയുന്നില്ല.

ഓറിയന്റലിസത്തോടുള്ള വിമർശമെന്നത് സൈദ് അംഗീകരിക്കുന്ന മതേതര മാനവികത, ലിബറലിസം, മനുഷ്യകേന്ദ്രീകൃതവാദം, ഭൗതികവാദം, ക്യാപിറ്റലിസം തുടങ്ങിയവയോടുള്ള വിമർശം കൂടിയാണ്.

പാശ്ചാത്യം, ആധുനികത, അധികാരം എന്നിവ തമ്മിലുള്ള ബന്ധം എന്താണ്? ഓറിയന്റലിസവും കൊളോണിയലിസവും തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കാമോ?

ആധുനികത അതിനു മുൻപുണ്ടായിരുന്നതിന്റെ തുടർച്ചയല്ല എന്നു മനസ്സിലാക്കിയിരിക്കേണ്ടത് വളരെ പ്രധാനമാണ്. ആധുനികവൽക്കരണ സിദ്ധാന്തം മിക്കവാറും എല്ലാ അക്കാദമിക മേഖലകളിലും അഭംഗുരം തുടരുന്നുണ്ട്. എഴുത്തിന്റെയും ചരിത്രനിർമ്മാണത്തിന്റെയും അടിസ്ഥാനമായ ഈ സിദ്ധാന്തം പുരോഗതിയുടെ ദൈവശാസ്ത്രം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന സങ്കല്പത്തിനനുസൃതമായാണ് വർത്തിക്കുന്നത്. കാലത്തിന് പ്രയോജനവാദപരമായ ഒരു ഏകീകൃത ഘടനയുണ്ടെന്നും അത് അനിവാര്യമാണെന്നും ചരിത്രത്തിലെ ഓരോ ഘട്ടങ്ങളും അടുത്ത ഘട്ടങ്ങൾക്കായുള്ള മുന്നൊരുക്കങ്ങളാണെന്നും യഥാർത്ഥ മനുഷ്യപുരോഗതിയുടെ പൂർണതയിലേക്കുള്ള (പശ്ചാത്യ ആധുനികത) ഹേതുവാണെന്നുമുള്ള സങ്കല്പത്തിൽ അധിഷ്ഠിതമായാണ് ഈ ദൈവശാസ്ത്രം സ്ഥാപിതമാകുന്നത്.

ഈയൊരു സങ്കൽപത്തെ സ്ഥാപിച്ചെടുക്കുന്നതിലൂടെ ആധുനിക യൂറോപ്പിന് പുറത്തോ മുൻപോ യൂറോപ്പിനു തുല്യമായ രീതിയിൽ നിലനിൽപും ശക്തിയും ബൗദ്ധികവും ധാർമികപരവുമായ വികാസവും അവകാശപ്പെടാനാകുന്ന ഒരു സംസ്കാരവും നാഗരികതയും നിലനിന്നിരുന്നില്ല എന്നുവരുന്നു. ആ നാഗരികതകളുടെ സാംസ്കാരികവും അല്ലാത്തതുമായ എല്ലാ മൂല്യങ്ങളെയും തങ്ങൾക്കുമപ്പുറത്തെ ഉന്നതമായ ഒരു ലക്ഷ്യത്തെ തരപ്പെടുത്താൻ വേണ്ടി വിനിയോഗിക്കപ്പെടുകയായിരുന്നു. അധീശത്വത്തിലൂടെയും കൊളോണിയലിസത്തിലൂടെയും ലോകത്ത് നടപ്പിലാക്കപ്പെട്ട പാശ്ചാത്യ ആധുനികതയായിരുന്നു പ്രസ്തുത ലക്ഷ്യം.

മനുഷ്യന്റെ ജീവിതാവസ്ഥയെ മെച്ചപ്പെടുത്തുകയെന്ന അനിവാര്യതയിൽ ആധുനികതയുടെ ഹിംസാത്മകമായ പല ഉപകരണങ്ങളെയും നാം സ്വീകരിച്ചിട്ടുണ്ടെങ്കിലും (അതെത്രമാത്രം അരോചകം ആണെങ്കിലും) നമുക്ക് ചുറ്റുമുള്ള സമുദായ-സാമൂഹിക ഘടന മുതൽ പരിസ്ഥിതി വരെ എല്ലാം ശിഥിലമാക്കപ്പെട്ട ഒരു ലോകത്തിന്റെ ഭയാനകരമായ യാഥാർത്ഥ്യം നാം അനുഭവിക്കുന്നുമുണ്ട്. എന്നാൽ ചില പ്രത്യേക പ്രയോഗങ്ങളെ അനുശാസിക്കുന്ന ജ്ഞാനശാസ്ത്രവും പദ്ധതിയുമെന്ന നിലയിൽ ആധുനികതയുടെ ഒഴിച്ചുകൂടാവാനാത്ത ഘടകമാണ് ഇവയൊക്കെയെന്ന വസ്തുതയാണ് പലരും മനസ്സിലാക്കാതെ പോവുന്നത്. ആധുനികതയുടെ ബൗദ്ധിക ഘടന മനുഷ്യനും പ്രകൃതിയും തമ്മിൽ പുതിയൊരു ബന്ധം സൃഷ്ടിച്ചെടുത്തു എന്നാണ് ഞാൻ പറയുന്നത്. നാമുൾപ്പെടെയുള്ള പ്രകൃതിയുടെ മേലുള്ള ആധിപത്യ മനോഭാവം ഇതിന് ഒരു ഉദാഹരണമാണ്. കൊളോണിയലിസം ആരംഭിച്ചത് കോളനികളിലായിരുന്നില്ല, യൂറോപ്പിൽ നിന്നു തന്നെയായിരുന്നു. കാരണം വിജ്ഞാനത്തെ വളരെയധികം ആസൂത്രിതമായി ഉപയോഗപ്പെടുത്തി നാമുൾപ്പെടുന്ന പ്രകൃതിയെ കീഴടക്കാനുള്ള ആദ്യ അന്വേഷണങ്ങൾക്ക് തുടക്കം കുറിച്ചത് ആദ്യകാല ആധുനിക യൂറോപ്പായിരുന്നു.

അശുഭകരമായ ഇത്തരം ലക്ഷ്യങ്ങളെ നേടിയെടുത്ത വലിയൊരു ആശയത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണ് ഓറിയന്റലിസം. തത്വശാസ്ത്രം, ശാസ്ത്രം, നിയമം തുടങ്ങിയ വിജ്ഞാനീയങ്ങളുടെ സകല ശാഖകളും ഈ പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ആധുനികത ഇന്ന് സർവ്വവ്യാപിയാണ് എന്നതുകൊണ്ട് അതിന്റെ വേരുകൾ യൂറോപ്പിലാണെന്ന വസ്തുത ഒളിച്ചുവെക്കപ്പെട്ടുകൂടാ. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ ഈ പുസ്തകം നൽകുന്നുണ്ട്.

ഇത്തരത്തിലുള്ള വിമർശങ്ങളെ കുറിച്ച് അല്പം കൂടി സംസാരിക്കാമോ? ആധുനികതയുടെ ജ്ഞാനശാസ്ത്രപരമായ ഈ ഘടനയെ അഭിമുഖീകരിക്കുക സാധ്യമാണോ?

അതെ എന്നതാണ് എന്റെ ഹ്രസ്വമായ ഉത്തരം. ആധുനികകത്ത് നിന്നുകൊണ്ട് ഒരാൾക്ക് ആധുനികതയെ വിമർശിക്കാനാവില്ല എന്ന് പറയുന്നത് അബദ്ധജടിലമാണ്. ചരിത്രപരമായോ ജ്ഞാനശാസ്ത്രപരമായോ ഈ വാദത്തെ സമർഥിക്കാനാവില്ല. കാരണം ചരിത്രപരമായി നോക്കുമ്പോൾ ഓരോ തെളിവുകളും, സമ്പ്രദായങ്ങളും സംസ്കാരങ്ങളും നാഗരികതകളും നിരന്തരമായ മാറ്റത്തിന് വിധേയമാവുകയും നശിക്കുകയും പുതിയത് ആവിർഭവിക്കുകയും ചെയ്യുന്നു എന്ന വസ്തുതയിലേക്കാണ് വിരൽചൂണ്ടുന്നത്.

പേർഷ്യൻ ബൈസാന്റിയൻ സാമ്രാജ്യങ്ങളെ തുടർന്ന് ഇസ്‌ലാം കടന്നുവന്നത് പോലെ  ഫറോവിയൻ ഈജിപ്തിനേയും Phoenicia യെയും നിഷ്പ്രഭമാക്കി ഗ്രീക്ക് സംസ്കാരം ഉയർന്നുവന്നത് പോലെ യൂറോപ്യൻ ക്രൈസ്‌തവലോകത്തെ തുടർന്നാണ് ആധുനികത കടന്നുവന്നത്. ഈ നാഗരികതകളിലോരോന്നും അതുല്യമായ ജ്ഞാനശാസ്ത്രവും സംസ്കാരങ്ങളുമുള്ളതും  ലോകത്തെക്കുറിച്ച വ്യത്യസ്ത വീക്ഷണങ്ങൾ വെച്ചുപുലർത്തുന്നവയു ആയിരുന്നു. അതുകൊണ്ടുതന്നെ ആധുനികത ചരിത്രത്തിന്റെ അവസാനമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ജ്ഞാനശാസ്ത്രപരമായി പരിശോധിക്കുമ്പോഴും അങ്ങനെ തന്നെയാണ്. നമ്മുടെ വിദ്യാഭ്യാസ മാതൃക നമുക്ക് തന്നെ വലിയ തോതിൽ വിനയായിട്ടുണ്ട്. ഏറ്റവും ചുരുങ്ങിയത് നാം നിലകൊള്ളുന്ന ഭൂമിയെ, നമ്മുടെ വീടിനെ തന്നെ അത് നശിപ്പിച്ചിരിക്കുന്നു. ഇതൊക്കെ  സ്വന്തത്തെ കുറിച്ചുള്ള ബോധ്യമില്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത്.

ഇത്തരമൊരു സാഹചര്യത്തിൽ നിന്ന് എങ്ങനെ പുറത്തുകടക്കാൻ കഴിയും എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ബാഹ്യ വിമർശമെന്ന് ഞാൻ വിശേഷിപ്പിക്കുന്ന ഒന്നിനെ കൂടുതൽ വിപുലപ്പെടുത്തുക എന്നതാണ് ഏക പ്രതീക്ഷ എന്ന വാദമാണ് ‘റീസ്റ്റേറ്റിങ് ഓറിയന്റലിസ’ത്തിലും ‘റിഫോമിങ് മോഡേണിറ്റി’യിലും ഞാൻ മുന്നോട്ടുവെക്കുന്നത്. ആധുനികതക്ക് പുറത്തുനിന്നു കൊണ്ടേ വിമർശനം സാധ്യമാവൂ എന്നതല്ല ഇതുകൊണ്ട് ഉദ്ദേശം. ആധുനിക്കകത്ത് നിന്നുകൊണ്ട് സംസാരിക്കുകയെന്നത് അനിവാര്യമായ ഒന്നാണ്. ‘ഇമ്പോസിബ്ൾ സ്റ്റേറ്റ്’ എന്ന എന്റെ പുസ്തകത്തിൽ എല്ലാ നാഗരികതകളിലും സംസ്കാരങ്ങളിലും നിലകൊള്ളുന്ന കേന്ദ്രവും പാർശ്വങ്ങളുമായ മണ്ഡലങ്ങൾ (Central and Peripheral) എന്ന സങ്കൽപ്പത്തെ ഞാൻ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഉദാഹരണത്തിന് ആധുനികതയിൽ ഭരണകൂടവും മുതലാളിത്തവും ബ്യൂറോക്രസിയും ഒരു പ്രത്യേകതരം യുക്തിയും മറ്റെല്ലാ മണ്ഡലങ്ങളെയും അടക്കി ഭരിക്കുന്ന കേന്ദ്രീയ മണ്ഡലങ്ങളായി മാറി. ഈ കേന്ദ്രീയ മണ്ഡലങ്ങൾ നമ്മുടെ കർതൃത്വത്തെയും നമ്മെയും രൂപപ്പെടുത്തിയെടുത്തു. പാർശ്വമണ്ഡലങ്ങളെ നിരന്തരം പുനഃപ്രാപ്യമാക്കുന്നതിലൂടെ ഇത്തരം കേന്ദ്രീയ മണ്ഡലങ്ങളെ അസ്വസ്ഥപ്പെടുത്താൻ സാധിക്കുമെന്നാണ് എന്റെ വാദം. നാം ആരാണെന്നതിനെ കുറിച്ചുള്ള പുനരാലോചനക്ക് തുടക്കം കുറിക്കാൻ കഴിയുന്ന അത്തരമൊരു പാർശ്വമണ്ഡലമാണ് നൈതികത. ഈ പദ്ധതിയുടെ രീതിശാസ്ത്രങ്ങളും വിശദാംശങ്ങളും ചുരുങ്ങിയ വാക്കിലും സമയത്തിലും അവതരിപ്പിക്കുക അസാധ്യമാണ്. മുമ്പേ സൂചിപ്പിച്ച മൂന്നു കൃതികളും ഈ പദ്ധതിയുടെ തുടക്കങ്ങളാണ്.

ഗവേഷണ മേഖലയിലുള്ളവർക്കും സാമൂഹ്യശാസ്ത്ര, പൊതുനയ വിദ്യാർത്ഥികൾക്കുമായി താങ്കളുടെ പുസ്തകം പുതുതായി എന്താണ് മുന്നോട്ടു വെക്കുന്നത്?

മൂന്ന് പതിറ്റാണ്ടുകളായുള്ള നിയമം, തത്വചിന്ത, നൈതികത, ജ്ഞാനശാസ്ത്രം തുടങ്ങിയവയെക്കുറിച്ചുള്ള എന്റെ പ്രവർത്തനങ്ങളുടെ മൂർത്തീഭാവമായിരുന്ന കഴിഞ്ഞ പത്തുവർഷത്തെ എന്റെ രചനകൾക്ക് മൂന്ന് മാനങ്ങൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക ഇടങ്ങളിലും നാം എന്താണ് ചെയ്യുകയും എഴുതുകയും പറയുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചുള്ള സ്വയം ബോധ്യം നമക്കുണ്ടാവണം എന്ന ആഹ്വാനമാണ് അതിൽ ആദ്യത്തേത്. കാരണം ജീവിതത്തിൽ നാം എന്ത് ചെയ്യണം ചെയ്യരുത് എന്നുവരെ നിർണ്ണയിക്കുന്ന അറിവുകളുടെ നിർമ്മാണം നടക്കുന്നത് ഇത്തരം അക്കാദമികയിടങ്ങളിലാണ്. സാമൂഹിക പ്രതിബദ്ധതയുള്ള വ്യക്തി അല്ലെങ്കിൽ ഉത്തരവാദിത്വബോധമുള്ള പൗരൻ തുടങ്ങിയ ലളിത സങ്കല്പങ്ങൾക്കപ്പുറം ഉത്തരവാദിത്വത്തെ കുറിച്ചും ചുമതല ബോധത്തെ കുറിച്ചും അഗാധമായ അവബോധം വളർത്തിയെടുക്കുകയെന്നത് ഈ സ്വയം ബോധ്യം ഉണ്ടാക്കിയെടുക്കുന്നതിൽ അനിവാര്യമാണ്. കടകളിൽ നിന്നും ശീതളപാനീയങ്ങൾ വാങ്ങുന്ന നിരുപുദ്രവകരമെന്ന് തോന്നുന്ന പ്രവർത്തി മുതൽ നാം ചിന്തിക്കുന്ന ഓരോ കാര്യങ്ങളെ കുറിച്ചും, ബിസിനസ്സുകൾ പബ്ലിക് പോളിസികൾ തുടങ്ങി സകല കർമ്മങ്ങളെ കുറിച്ചും ശരിയായ അവബോധം ഉണ്ടാകണം എന്നാണ് ഞാൻ പറയുന്നത്.

വാഇല്‍ ഹല്ലാഖ്‌

ലോകത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചുമുള്ള ഈ ഉത്തരവാദിത്വ മനോഭാവം സ്വയം ഉണ്ടാവുകയോ സ്വയം വികസിക്കുകയോ ചെയ്യുന്നതല്ല. മറ്റെല്ലാ കാര്യങ്ങളിലുമെന്നപോലെ ഇവിടെയും കഠിനമായ പരിശ്രമം ആവശ്യമാണ്. പൊതുസമൂഹത്തെ എജുക്കേറ്റ് ചെയ്യുന്നതിൽ അക്കാദമിക ഇടങ്ങൾക്ക് പ്രധാന പങ്കുവഹിക്കാൻ കഴിയുമെന്നതാണ് രണ്ടാമത്തെ മാനം. നാം എന്ത് ചെയ്യുന്നു, എങ്ങനെ ചെയ്യുന്നു, അവ പ്രകൃതിക്കും സ്വന്തത്തിനും ഉണ്ടാക്കുന്ന നാശനഷ്ടങ്ങളുടെ തോത് കുറയ്ക്കാൻ എന്ത് നടപടികൾ സ്വീകരിക്കുന്നു തുടങ്ങിയവയെക്കുറിച്ച് പുനർവിചിന്തനം നടത്താൻ എന്റെയീ പുസ്തകം ആവശ്യപ്പെടുന്നുണ്ട്. മലിനീകരണ നിയന്ത്രണം, റീസൈക്ലിങ്, രാഷ്ട്രങ്ങളിൽ മനുഷ്യാവകാശത്തെ പ്രോത്സാഹിപ്പിക്കുക എന്നിവയെ സംബന്ധിച്ച് പലപ്പോഴും നാം സംസാരിക്കാറുണ്ട്. എന്നാ അവയൊക്കെ കേവലമായ ബാഹ്യപ്രകടനങ്ങളും ഉപരിവിപ്ലവവും വിവേകശൂന്യവുമായ താൽക്കാലിക പരിഹാരങ്ങളുമായാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരം പ്രശ്നങ്ങളുടെ പരിഹാരം നമ്മിൽ നിന്ന് തന്നെ ആരംഭിക്കാത്ത കാലത്തോളം യഥാർത്ഥ പരിഹാരത്തിലെത്താൻ ഒരിക്കലും  നമുക്ക് കഴിയില്ല എന്ന ആശയമാണ് ഈ കൃതി മുന്നോട്ടുവെക്കുന്നത്. ലോകത്തെ മാറ്റാൻ നാമാഗ്രഹിക്കുന്നുവെങ്കിൽ ആദ്യം സ്വന്തത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. നമ്മുടെ കർതൃത്വത്തെ, ചിന്താരീതികളെ, അല്ലെങ്കിൽ ‘റീഫോമിങ് മോഡേണിറ്റി’ വാദിക്കുന്നത് പോലെ മനുഷ്യനെ കുറിച്ചുള്ള ഒരു പുതിയ സങ്കല്പം നമുക്ക് ആവശ്യമാണ്.

അവസാനമായി, നേരത്തേ സൂചിപ്പിച്ച മാറ്റങ്ങളും നൈതിക ഉത്തരവാദിത്ത ബോധത്തിന്റെ നിർമ്മാണവുമൊക്കെ സാധ്യമാകണമെങ്കിൽ നാം പഠിപ്പിക്കുന്നതും എഴുതുന്നതുമായ സകലതിനെക്കുറിച്ചുമുള്ള ബാഹ്യവിമർശം (External Critique)) അക്കാദമികയിടങ്ങളിൽ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയേണ്ടതുണ്ട്. ഇതുവരെ നമ്മുടെ ചിന്തകളെയും പ്രവർത്തനങ്ങളെയും നിർണയിച്ച സർവ്വാംഗീകൃതമായ സങ്കൽപ്പങ്ങളെയും ആധേയങ്ങളെയും നിഷേധിക്കുക എന്നതാണ് ബാഹ്യ വിമർശനം കൊണ്ട് അർത്ഥമാക്കുന്നത്. അത്തരം യുക്തികളുടെ അടിസ്ഥാന ത്വത്വങ്ങളോടുള്ള നിരാകരണമാണത്. നാം ആരാണ് എന്താണ് എന്നതിനെ കുറിച്ചും ഈ വിമർശം അന്വേഷിക്കേണ്ടതുണ്ട്.


വിവർത്തനം: അബ്ദുൽ ബാസിത്ത്

വാഇല്‍.ബി.ഹല്ലാഖ്