Campus Alive

അറിവും വേടനും സാധ്യമാക്കുന്ന പോരാട്ടത്തിന്റെ സംഗീതം

പാട്ടാന്‍ പൂട്ടന്‍ കാത്താ ഭൂമി‘ (എന്റെ പൂര്‍വ്വികര്‍ കാവല്‍ നില്‍ക്കുന്ന ഭൂമി),

 ‘ആട്ടം പോട്ട് കാട്ടും സാമി‘ (നൃത്തം ചവിട്ടുന്ന സ്വാമി),

റാത്തിനന്താ സുത്തി വന്താ… സേവ കൂവുച്ച്‘ (ഭൂമി കറങ്ങി വരുന്നു, അതിനൊപ്പം കോഴികളും കാക്കകളും)

അതു പോട്ട് വച്ചാ എച്ചംതാനേ.. കാടാ മാറിച്ച്‘ (അത് കാഷ്ഠിച്ച കാഷ്ഠങ്ങളാല്‍ കാടുകളുണ്ടായി)

നമ്മ നാടാ മാറിച്ച്, ഇന്ത വീടാ മാറിച്ച്‘ (അത് നമ്മുടെ നാടായി, വീടായി).

അധസ്ഥിതന്റെ ആവലാതികള്‍ പറയുന്ന ഭാഷയാണ് ഹിപ്‌ഹോപ് സംഗീതത്തിന്റേത്, സമൂഹത്തില്‍ കീഴ്ത്തട്ടിലുള്ളവന്റെ ആവിഷ്‌കാരമാണ് ഹിപ്‌ഹോപ്പിന്റെ ചരിത്രം. റാപ് സംഗീതത്തിന്റെ ചടുലമായ ശൈലിയും വേഗവും ലാളിത്യമുള്ള ഭാഷയുമെല്ലാം പരമ്പരാഗത വരേണ്യ സംഗീത ഭാവനകളെ അസ്വസ്ഥപ്പെടുത്തുന്നതാണ്. കലാകാരന്റെ പ്രതിഭ, മൗലികത, ആധികാരികത തുടങ്ങിയ സങ്കല്‍പ്പനങ്ങളെ കവച്ചുവെച്ച് കൊണ്ട് ലോകമെമ്പാടുമുള്ള അവര്‍ണ-കീഴാള ശബ്ദങ്ങളിലൂടെ റാപ് സംഗീതം അലയടിച്ചു. ശാസ്ത്രീയ സംഗീതമെന്നു വിളിക്കുന്ന സംഗീതത്തിന്റെ മൗലികതയെയും ശുദ്ധിയെയും കളങ്കപ്പെടുത്തുന്നതെന്ന രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഹിപ്‌ഹോപ് സംഗീതം നേരിട്ടു. വാര്‍പ്പുമാതൃകകളെ ചോദ്യം ചെയ്യുന്ന ഉള്ളടക്കമുള്ള ചരിത്രം പേറുന്ന റാപ് സംഗീതത്തിന് വാര്‍പ്പുമാതൃകകളെ കൂട്ടുപിടിക്കാതെ നിലനില്‍ക്കാന്‍ കഴിയലാണ് അനിവാര്യമെന്നു മനസിലാക്കിയ ഒട്ടനവധി കലാകാരന്‍മാര്‍ ആ മേഖലയില്‍ തങ്ങളുടെതായ മുദ്ര പതിപ്പിച്ചു. മലയാളത്തിലെ സ്ട്രീറ്റ് അക്കാദമിക്‌സ് മുതല്‍ ഹിന്ദിയിലെ ഡിവൈന്‍ വരെ ഇന്ത്യന്‍ ഹിപ്‌ഹോപിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കു വഹിച്ചവരാണ്. ദലിത് പോപ് ഗാനരംഗത്ത് ഒട്ടേറെ മുന്നോട്ടു പോയ ബാന്റുകളും കലാകാരന്‍മാരും ഇന്ത്യയിലുണ്ട്. മഹാരാഷ്ട്രയിലെ അവകാശ പ്രക്ഷോഭത്തിന്റെ ജീവരക്തമായിരുന്ന ഭീം ഗീത് പോലുള്ള ആല്‍ബങ്ങളും അംബേദ്കറൈറ്റ് ബുദ്ധിസ്റ്റ് ഗോസ്പല്‍ പോലുള്ള ബാന്റുകളും തേന്‍മൊഴി സൗന്ദരരാജനെപ്പോലുള്ള അംബേദ്കറൈറ്റ് റോക്ക് ഗായകരും അവയില്‍ ചിലതു മാത്രം.

എൻജോയ് എൻജാമി

“സാമീ” എന്നു വാത്സല്യപൂര്‍വ്വം തന്നെ വിളിക്കുന്ന തന്റെ മുത്തശ്ശിയുടെ കഥയാണ് ‘എന്‍ജോയ് എന്‍ജാമി’യിലൂടെ അറിവ് പറയുന്നത്. കൊളോണിയല്‍ ഭരണകൂടം ആയിരക്കണക്കിന് ആളുകളെ തമിഴ്‌നാട്ടില്‍ നിന്നും സിലോണിലെ തേയിലത്തോട്ടങ്ങളിലേക്ക് അടിമത്തൊഴിലാളികളായി കൊണ്ടുപോയി. മൂന്നും നാലും തലമുറകളായി സിലോണില്‍ കൊളുന്തു നുള്ളുന്ന തൊഴിലില്‍ ഏര്‍പ്പെട്ട ഈ ജനവിഭാഗത്തെ, വര്‍ഷങ്ങള്‍ക്കു ശേഷം അവിടുത്തെ ജനസംഖ്യാ പെരുപ്പത്തിന്റെ പേരില്‍ തിരികെ സ്വദേശമായ തെക്കേയിന്ത്യയിലേക്കു തന്നെ പറഞ്ഞു വിടുകയും, തേയില പ്ലാന്റേഷനുകളില്‍ മാത്രം തൊഴിലെടുത്ത് പരിചയമുള്ള അവര്‍ തമിഴ്‌നാട്ടിലും കേരളത്തിലും മറ്റുമുള്ള വിവിധ പ്ലാന്റേഷനുകളിൽ തങ്ങളുടെ കുലത്തൊഴിലുമായി കഴിഞ്ഞു കൂടി. തേയിലത്തോട്ടങ്ങളില്‍ ജോലി കിട്ടാത്തവര്‍ പലതരം കൂലിത്തൊഴിലുകള്‍ ചെയ്താണ് കുടുംബം പോറ്റിയത്. അക്കൂട്ടത്തില്‍ പെട്ട ഒരു സ്ത്രീയായിരുന്നു അറിവിന്റെ മുത്തശ്ശി വള്ളിയമ്മ. വള്ളിയമ്മയുടെയും അവരുടെ തൊഴിലാളി വർഗത്തിന്റെയും കഥയാണ് എൻജോയ് എൻജാമി. ശ്രീലങ്കയുടെ പോലെ തന്നെ മലേഷ്യയുടെ ആധുനികവല്‍ക്കരണത്തിന്റെ ചരിത്രത്തിലും തമിഴന്റെ രക്തവും വിയര്‍പ്പും അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. മലേഷ്യയിലേക്ക് അടിമ വേലക്കായി എത്തിപ്പെട്ട തമിഴ് ജനതയുടെ കഥ പറഞ്ഞ ചിത്രമായിരുന്നു പാ രഞ്ജിത്തിന്റെ കബാലി.

തമിഴ്‌നാട്ടില്‍ ‘കട്ട മോലം’, ‘സത്തി’ തുടങ്ങിയ വാദ്യോപകരണങ്ങളുപയോഗിച്ചു കൊണ്ട് ശവസംസ്‌കാര സമയത്ത് വാദ്യമേള നടത്തുന്ന സംസ്‌കാരം നിലനിൽക്കുന്നുണ്ട്. ‘ഒപ്പരി’, ‘ഗാന’ എന്നെല്ലാം അറിയപ്പെടുന്ന ഈ ‘ശവപ്പാട്ട്’ തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലും നോര്‍ത്ത് ചെന്നൈയിലെ ദലിത് കോളനികളിലും ഉള്ള കീഴ്ജാതികളാണ് പാടുന്നത്. ഇന്ത്യന്‍ ഹിപ്‌ഹോപ് എന്നാല്‍ ‘ഒപ്പരി’യുടെ താളമാണെന്ന് അറിവ് വിശ്വസിക്കുന്നു. കര്‍ണാടിക് സംഗീതത്തിലെ മൃദംഗം, തബല തുടങ്ങിയ വാദ്യോപകരണങ്ങള്‍ സ്പര്‍ശിക്കാന്‍ പോലും അനുവാദമില്ലാതിരുന്ന ഈ ദലിത് ജാതികളെ ശവമടക്ക് പാട്ടിന്റെ താളത്തിലേക്ക് മാത്രമായി ഒതുക്കി നിർത്തിയിരുന്ന ജാതി വിവേചനം നിലനിന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ കര്‍ണാടിക് സംഗീതത്തില്‍ വന്ന മാറ്റങ്ങളെ അവലോകനം ചെയ്യുന്ന അമാന്ത വെയ്ഡ്മാന്റെ ‘കാന്‍ എ സബാള്‍ട്ടേണ്‍ സിങ്?’ എന്ന ലേഖനത്തില്‍ വാദ്യോപകരണങ്ങളില്‍ വന്ന മാറ്റങ്ങള്‍ ആ സംഗീതശാഖയുടെ തന്നെ സവര്‍ണ അപ്രമാദിത്വത്തെ തകര്‍ത്തതായി നിരീക്ഷിക്കുന്നു. സംസ്‌കൃതത്തിന്റെ മേധാവിത്വം ശക്തമായിരുന്ന കര്‍ണാടിക് സംഗീതത്തില്‍ 1943 ല്‍ ‘തമിഴ് ഇസൈ സംഘം’ തമിഴില്‍ പാടിത്തുടങ്ങിയതോടെ കര്‍ണാടിക് സംഗീതത്തെ മലിനപ്പെടുത്തിയെന്നു പറഞ്ഞു കൊണ്ട് ബ്രാഹ്മണര്‍ക്ക് മേധാവിത്വമുള്ള മ്യൂസിക് അക്കാദമി അവര്‍ക്ക് അയിത്തം കല്‍പ്പിച്ചതു മുതല്‍ കീഴാള സംഗീതാസ്വാദനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തുന്ന ടി എം കൃഷ്ണ വരെയുള്ള കലാകാരന്‍മാരില്‍ എത്തി നില്‍ക്കുന്നതാണ് തമിഴ് സംഗീതത്തിലെ പോരാട്ട വഴി.

അറിവരശൻ

അറിവെന്ന അറിവരശന്‍ കോളേജ് പഠന കാലത്ത് കാമ്പസുകളില്‍ താന്‍ ചിട്ടപ്പെടുത്തിയ വരികള്‍ പാടി, അവിടുന്ന് ലഭിക്കുന്ന ചെറിയ പാരിതോഷികത്തുക കൊണ്ട് ആ വരികള്‍ സ്റ്റുഡിയോയില്‍ റെക്കോര്‍ഡ് ചെയ്താണ് തന്റെ സംഗീത ജീവിതം ആരംഭിക്കുന്നത്. യൂട്യൂബ് ജനപ്രിയമാകുന്നതിനു മുമ്പ് തന്റെ ഈ റെക്കോര്‍ഡിങ്ങുകള്‍ സുഹൃത്തുക്കള്‍ക്ക് ഇ-മെയില്‍ വഴി പങ്കുവെച്ചിരുന്ന കാലത്തെ അദ്ദേഹം സ്മരിക്കുന്നു. പാ രഞ്ജിത്തിന്റെ ‘ആട്ടക്കത്തി’ എന്ന സിനിമയിലെ സന്തോഷ് നാരായണന്‍ സംഗീതം നല്‍കിയ ഒരു നാടന്‍ പാട്ടിന്റെ ചുവട് പിടിച്ചാണ് അറിവ് പാ രഞ്ജിത്തിന്റെയും ‘കാസ്റ്റ്‌ലെസ് കളക്ടീവി’ന്റെയും തട്ടകത്തിലേക്കെത്തുന്നത്. വരികളാലും സംഗീതത്താലും ദൃശ്യങ്ങളാലും മികച്ച അനുഭവമാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് ഗാനം നല്‍കുന്നത്. ഈ ഗാനം മണ്ണിന്റെയും ജീവന്റെയും പൂര്‍വികരുടെയും ആഘോഷമാണെന്ന് ദീ (ഗായിക) പറയുന്നു. വരികളിലെ ആത്മവിശ്വാസവും സംഗീതത്തിന്റെ ആകര്‍ഷണീയതയും കൈമുതലാക്കിയാണ് അറിവിന്റെ പാട്ടുകള്‍ പ്രചാരം നേടിയിട്ടുള്ളത്.

‘ഗാന’ ഗായകരില്‍ പലരുമാണ് കാസ്റ്റ്‌ലെസ് കളക്ടീവിന്റെ മൂലധനം. അംബേദ്കറൈറ്റ് ആശയങ്ങളും ജാതി വിരുദ്ധ സന്ദേശങ്ങളും റാപ് സംഗീതത്തിലൂടെ ആവിഷ്‌കരിച്ച അറിവിന്റെ പാട്ടുകള്‍ വലിയ പ്രചാരം നേടി. തന്റെ ‘സണ്ട സൈവോം’ എന്ന പാട്ടിലൂടെ പൗരത്വ നിയമത്തിനെതിരായ പോരാട്ടത്തില്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ച അറിവ് ‘തെരുക്കുറല്‍’ എന്ന ബാന്‍ഡുമായി സംഗീത വഴിയില്‍ മുന്നേറുകയാണ്. അറിവിനെക്കൂടാതെ ഇസൈവാണിയും, മുത്തുവുമെല്ലാം അടങ്ങുന്ന പത്തോളം കഴിവുറ്റ കലാകാരുടെ സംഘമാണ് പാ രഞ്ജിത്തിന്റെ മേൽനോട്ടത്തിലുള്ള കാസ്റ്റ് ലെസ് കളക്ടീവ്.

മറ്റു പല റിബല്‍ പാട്ടുകാരെയും പോലെ കാടടച്ചു വെടി വെച്ചു കൊണ്ട് പൊതുവായി ഒരു വിമര്‍ശനമോ പ്രതിഷേധമോ പ്രകടിപ്പിക്കുന്നതിനു പകരം വളരെ കൃത്യവും വ്യക്തവുമായി അറിവ് തന്റെ ആശയങ്ങള്‍ കേള്‍പ്പിക്കുന്നുണ്ട്; ‘ഊരുക്കു മുന്നാല പേസുറടാ നീതിയാ, യാറുക്കും തെരിയാത കേക്കുറടാ സാതിയാ’ (എല്ലാര്‍ക്കും മുന്നില്‍ വെച്ച് നീതി പ്രസംഗിക്കുന്നവനേ, സ്വകാര്യത്തില്‍ നീയെന്റെ ജാതി ചോദിക്കുന്നോടാ), അറിവ് ‘ക്വാട്ട’ എന്ന പാട്ടിന്റെ വരികള്‍ക്കിടയില്‍ ചോദിക്കുന്നു. കലര്‍പ്പില്ലാത്ത തമിഴ് ഭാഷയും വാക്കുകളുമാണ് അറിവിന്റെ വരികളുടെ ശക്തി. ജാതി വിവേചനത്തിനെതിരെ അംബേദ്കറൈറ്റ് ആശയങ്ങളുമായി സ്ഥൈര്യത്തോടെ നിലയുറപ്പിച്ചു കൊണ്ട് തന്റെ ഭാഷാ വൈദഗ്ധ്യത്തെ അദ്ദേഹം അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാക്കി മാറ്റുന്നു.

നാന്‍ സ്‌നോലിന്‍ പേസുതേ, ഉന്‍ കാതില്‍ വിഴുതാ? ഏന്‍ തങ്കം ആസിഫാ, ഉന്‍ കൂടെത്താന്‍ ഇരുക്കാ?’ തൂത്തുക്കുടി വെടിവെപ്പില്‍ കൊല്ലപ്പെട്ട സ്‌നോലിന്‍ എന്ന പതിനാറുകാരിയെയും ഹിന്ദുത്വ ഭീകരര്‍ ക്രൂരമായി ബലാല്‍സംഘം ചെയ്തു കൊലപ്പെടുത്തിയ ആസിഫയെയും ചേര്‍ത്തു വെച്ചു കൊണ്ട് അറിവു പാടുന്നു. ഉന്‍ പാട്ടനെല്ലാം വച്ചാണ്ട യെന്‍ പാട്ടനുക്ക് വേട്ട്, അതുനാല ദാണ്ട തരാ ഇപ്പോ ക്വാട്ട ഉള്ള സീറ്റ്‘ (നിന്റെ പൂര്‍വികര്‍ എന്റേതെല്ലാം സ്വന്തമാക്കിയതു കൊണ്ടാണ് ഇപ്പോള്‍ ക്വാട്ട ഉള്ള സീറ്റ് എനിക്കു തരുന്നത്), ജാതി സംവരണത്തിന്റെ യുക്തിയെ ഭംഗിയായി ആവിഷ്‌കരിച്ച വരികളാണിവ. ‘ബീഫ് സോങ്’ ഉം അറിവിന്റെ മറ്റൊരു മികച്ച സൃഷ്ടിയായിരുന്നു.

അറിവരശനൊപ്പം ചേര്‍ത്തു പറയാവുന്ന ഒരു പേരാണ് വേടനെന്ന ഹിരണ്‍ ദാസ് മുരളിയുടേത്. 2018 ലെ പ്രളയത്തില്‍ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്‍ക്കുമ്പോഴും തന്നെ വേദനിപ്പിച്ച ജാതി അവഹേളനത്തിന്റെ മുറിപ്പാടുകളാണ് വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസ് എന്ന തന്റെ ആദ്യത്തെ റാപ് വീഡിയോയിലേക്കെത്തിച്ചത്. വീഡിയോയ്ക്കു മുമ്പേ തന്റെ കത്തുന്ന വരികള്‍ ഊരാളി സംഘടിപ്പിച്ച പൗരത്വ സമര പരിപാടിയിലൂടെ വേടന്‍ പാടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

വേടൻ

ശബ്ദിക്കാനും സംസാരിക്കാനും കേള്‍ക്കാനുമെല്ലാം നിയന്ത്രണങ്ങളുണ്ടായിരുന്ന കീഴാളന്റെ ചരിത്രം എമ്പാടും പറയാനുള്ള ജാതി കേരളത്തിന്റെ ചരിത്രത്തിലും വർത്തമാനത്തിലും കീഴാള സംഗീതത്തിന്റെയും കലയുടെയും വളര്‍ച്ച ഏറെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രങ്ങളില്‍ കൊട്ടാന്‍ അനുവാദമില്ലാതിരുന്ന ശിങ്കാരി മേളത്തിന്റെ അയിത്തം മുതല്‍ ശുദ്ധ സംഗീത വാദങ്ങള്‍ ഉയര്‍ത്തിയ സവര്‍ണ സംഗീതജ്ഞരുടെ ഒരു നീണ്ട നിരയാണ് മലയാളത്തിലുള്ളത്. കലാഭവന്‍ മണിയും ജാസി ഗിഫ്റ്റുമെല്ലാം സാധ്യമാക്കിയ വിപ്ലവകരമായ മാറ്റത്തെ ഏറെ കോലാഹലങ്ങളോടെ ‘മലിനപ്പെട്ട’ പോപ്പുലര്‍ സംഗീതത്തിന് വേരോട്ടം നല്‍കി. ശാസ്ത്രീയം- അശാസ്ത്രീയം, ശ്രേഷ്ഠം-മ്ലേഛം എന്നിങ്ങനെ കല്‍പ്പിക്കുന്ന ദ്വന്ദ മാതൃകകളെ തകര്‍ക്കുന്നതായിരുന്നു മലയാളത്തിലും ഹിപ്‌ഹോപ്പിന്റെ വേരോട്ടം. സ്ട്രീറ്റ് അക്കാദമിക്‌സില്‍ 2009 ല്‍ തുടക്കമിട്ട് മാപ്പിള ലഹളയിലും ഫെജോയിലും തിരുമാലിയിലും എന്നു തുടങ്ങി നൂറുകണക്കിന് മലയാളം റാപ്പര്‍മാരുടെ നീണ്ട നിര വേടനിലേക്കെത്തി നില്‍ക്കുമ്പോള്‍ മലയാളം ഹിപ്‌ഹോപിന്റെ രാഷ്ട്രീയ-അരാഷ്ട്രീയതയെക്കുറിച്ച ചര്‍ച്ച വളരെ അനിവാര്യമാകുന്നു. രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെ ശക്തമായി ആവിഷ്‌കരിച്ച ഒട്ടേറെ ഹിറ്റുകളുണ്ടെങ്കിലും ഭൂരിഭാഗം റാപ്പര്‍മാരും അത്തരം മേഖലകളിലേക്കൊന്നും കടക്കാതെ വിനോദമെന്ന നിലയില്‍ മാത്രം സംഗീതത്തെ കണ്ടവരാണെന്ന് പറയാതെ വയ്യ. അവിടെയാണ് വേടനെന്ന ഹിരണ്‍ ദാസ് മുരളിയുടെ വരികളും പാട്ടും പ്രസക്തമാകുന്നത്. വോയ്‌സ് ഓഫ് ദ വോയ്‌സ് ലെസിന് ശേഷം ‘ഭൂമീ ഞാന്‍ വാഴുന്നിടം’ എന്ന വീഡിയോയും കൃത്യമായ രാഷ്ട്രീയം ഉറക്കെ പറയുന്നതായിരുന്നു. അറിവിനെക്കുറിച്ചു പറഞ്ഞതു പോലെ, വരികളുടെ ശക്തിയും പറയുന്ന വിഷയത്തിലെ കൃത്യതയുള്ള ആശയങ്ങളുമാണ് മലയാളത്തില്‍ വേടനെ വ്യത്യസ്തനാക്കുന്നത്. വോയ്‌സ് ഓഫ് ദി വോയ്‌സ് ലെസില്‍ കോളനിവാസികളായ കീഴാള ജനതയുടെ കഷ്ടതകള്‍ പറഞ്ഞ വേടന്‍ രണ്ടാമത്തെ റാപ്പില്‍ ആഗോള മനുഷ്യാവകാശ പ്രശ്‌നങ്ങളെ വളരെ ആത്മാര്‍ഥമായി സമീപിക്കുന്നു. കൂലിപ്പണിക്കാരനായ ഹിരണ്‍ ദാസ്, അറിവരശനെപ്പോലെ തന്നെ തന്റെ ജീവിത സാഹചര്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് വരികളെഴുതുന്നത്. താന്‍ കേട്ട ഒട്ടുമിക്ക റാപ്പുകളും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാതെ കൊമേഴ്‌ഷ്യലായ മേഖലയില്‍ ഒതുങ്ങുകയാണെന്ന് പറയുന്ന വേടന്‍ അറിവിന്റെയും കാസ്റ്റ്‌ലെസ് കളക്ടീവിന്റെയും വലിയ ആരാധകനാണ്. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും വരികളില്‍ വേടന്‍ പറയുന്നു. വാളെടുത്തവന്റെ കയ്യിലാണ് നാട് പാതി

വാക്കെടുത്തവന്‍

ദേശദ്രോഹി തീവ്രവാദി

എഴുതിയ വരിയിലധിക പകുതിയും ഞാനേറ്റ ചതി‘.

ആഗോള മനുഷ്യാവകാശ പ്രശ്‌നങ്ങളോടുള്ള വസ്തുനിഷ്ഠമായ സമീപനങ്ങള്‍ക്ക് ഉദാഹരണം ‘ഭൂമി ഞാന്‍ വാഴുന്നിട’ത്തില്‍ കണ്ടെടുക്കാം.

‘സൊമാലിയന്‍ ബാല്യങ്ങള്‍ കുടിനീര് തേടി പല കാതം താണ്ടി

മ്യാന്‍മാറില്‍ ബുദ്ധന്‍ ആയുധമേന്തി ചുടുചോര മോന്തി

‘പാലസ്ഥീന്‍ പലനൂറായി പലായനം ഒരു പതിവായ് മാറീ

ചീനാ നിന്‍ ചെങ്കൊടി താഴെ ഖുർആന്‍ എരിഞ്ഞതിന്‍ മണം പരന്നു.

‘ആസിഫയിനരയുടക്കുവാന്‍ ഭഗവാന്‍ പോലും കാവലിരുന്നു

ഐലന്‍ നിന്‍ കുഞ്ഞിക്കാലുകള്‍ കണ്ണീര്‍ കടലിന്‍ ആഴമളന്നൂ

ഭൂമീ ഞാന്‍ വാഴുന്നിടം

അനുദിനം നരകമായ് മാറുന്നിടം.’

കീഴാള സംഗീത പാരമ്പര്യത്തിൽ അറിവും, വേടനും ഉൾപ്പെടെയുള്ള റാപ്പർമാരുടെ സംഭാവനകൾ തീർച്ചയായും ചേർത്തു വെക്കേണ്ടതാണ്. സംഗീതത്തിന്റെ ജനകീയതയെ തങ്ങളുടെ പോരാട്ടവും രാഷ്ട്രീയവും പ്രകടിപ്പിക്കാനുള്ള ആയുധമാക്കി പ്രയോജനപ്പെടുത്താൻ കഴിവുള്ള കലാകാരന്മാരുടെ വലിയ നിര തന്നെ ഇനിയും ഉയർന്നു വരേണ്ടിയിരിക്കുന്നു.

റമീസുദ്ദീൻ വി എം