Campus Alive

ഹലാൽ ലവ് സ്റ്റോറി: പ്രതിനിധാനവും നൈതികതയും

(മുസ്‌ലിം ഓർഫനേജ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (MOCAS) സോഷ്യോളജി ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഹലാൽ ലവ് സ്റ്റോറി സിനിമയെ സംബന്ധിച്ച പാനൽ ചർച്ചയിൽ പ്രശസ്ത ഗ്രന്ഥകാരനും വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ ആനന്ദ് വിവേക് തനേജ നടത്തിയ അവതരണത്തിന്റെ സംഗ്രഹ വിവർത്തനം)


 ഹലാല്‍ ലവ് സ്റ്റോറി എന്ന സിനിമയുമായി ബന്ധപ്പെട്ട ചില ആലോചനകള്‍, അല്ലെങ്കില്‍ ചില ചോദ്യങ്ങള്‍ മുന്നോട്ട് വെക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പ്രാഥമികമായി എങ്ങനെയാണ് ഈ അവതരണം രൂപപ്പെടുന്നത് എന്നതിന്റെ ഒരു പശ്ചാത്തലം ഞാൻ നല്‍കാം. വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാലയില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഇന്ത്യയിലെ മതങ്ങളും സിനിമയും’ എന്ന പേരിൽ ഒരു കോഴ്സ് ഞാൻ പഠിപ്പിക്കുന്നുണ്ട്. എന്റെ ആദ്യ പുസ്തകമായ ‘ജിന്നിയോളജി: ടൈം, ഇസ്‌ലാം, ആന്‍ഡ് ഇക്കോളജിക്കല്‍ തോട്ട് ഇന്‍ ദ മിഡീവല്‍ റൂയിന്‍സ് ഓഫ് ഡല്‍ഹി’ എന്ന പുസ്തകത്തില്‍ നിന്നുമാണ് ഈ കോഴ്സിനെ കുറിച്ചുള്ള ആദ്യ ആലോചനകള്‍ രൂപപ്പെടുന്നത്. ബോളിവുഡ് സിനിമകളില്‍ നിന്നുള്ള ഉദാഹരണങ്ങളെടുത്തുകൊണ്ട് ഡല്‍ഹിയില്‍ ഞാന്‍ നിരന്തരം കണ്ടുകൊണ്ടിരുന്ന മതകീയ/സാംസ്കാരിക പ്രവര്‍ത്തികളുടെ യുക്തിയെ മനസ്സിലാക്കാനുള്ള ശ്രമങ്ങളായിരുന്നു അത്. ഫിറോസ് ഷാ കോട്ലയിലെ ദര്‍ഗയില്‍ യാഥാര്‍ത്ഥ്യ ജീവിതത്തില്‍ ഞാന്‍ കണ്ടിരുന്ന പ്രവര്‍ത്തികളും അത് സിനിമയില്‍ എങ്ങനെയാണ് പ്രതിനിധീകരിക്കപ്പെട്ടത് എന്ന രീതിയിലായിരുന്നു ആ ആലോചനകള്‍. ജനകീയ സംസ്കാരത്തെ കുറിച്ചും മതങ്ങളെ കുറിച്ചുമുള്ള ആലോചനകള്‍ക്ക് സിനിമയെ എങ്ങനെ ഉപയോഗിക്കാം എന്നത് സംബന്ധിച്ച് മതിയായ ആലോചനകളില്ലാതെ കേവലമൊരു ഉള്‍പ്രേരണയിലായിരുന്നു അപ്പോള്‍ ഞാന്‍ അത് ചെയ്തിരുന്നത്.

പക്ഷേ, ഇപ്പോള്‍ ആലോചിക്കുമ്പോള്‍,  അത്തരമൊരു കോഴ്സിലൂടെ ഇന്ത്യയിലെ ജനകീയ സംസ്കാരത്തെ കുറിച്ചുള്ള വിമര്‍ശനാത്മകമായ ആലോചനകള്‍ക്ക് സിനിമയെ ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട അനവധി സാധ്യതകള്‍ തെളിയുന്നുണ്ട്. എന്തെന്നാല്‍, സിനിമ എന്നത് ആരെയെങ്കിലും അല്ലെങ്കില്‍ ലോകത്തെ തന്നെ കാണിക്കുന്ന തരത്തില്‍ കേവല പ്രതിനിധാനത്തെ കുറിച്ചുള്ളതല്ല. അതിലുപരിയായി ഒരു അനുഭൂതി ഘടനയിലേക്ക് (structure of feeling) കൊണ്ടെത്തിക്കുന്നുമുണ്ട് സിനിമ. ഏറ്റവും മികച്ച സിനിമകള്‍ നിങ്ങൾക്ക് ഒരു ജീവിതത്തെ കാണിച്ചു തരികയല്ല, മറിച്ച് ആ ലോകത്തെയും ജീവിതത്തെയും മനസ്സിലാക്കിക്കൊണ്ട് നിങ്ങളെ അതില്‍ സ്വയം മുഴുകാന്‍ അനുവദിക്കുകയാണ് ചെയ്യുന്നത്.

എന്റെ നിരീക്ഷണത്തില്‍, ഒരു സിനിമാക്കാരന് പൊതുജനത്തെ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. കാണികളില്ലാതെ സിനിമ നിലനില്‍ക്കുന്നില്ല. അത്തരത്തില്‍, കാണികളെയും പൊതുജനങ്ങളെയും തൃപ്തിപ്പെടുത്തുക മാത്രമല്ല, അവരുടെ ആഴത്തിലുള്ള സ്വയംബോധ്യങ്ങളിലേക്ക്, അവരുടെ വൈകാരിക-സാംസ്കാരിക യുക്തികളിലേക്ക് കൂടെ പ്രവേശിച്ചു കൊണ്ട് അവയെ മാറ്റിമറിക്കാന്‍ സിനിമക്ക് സാധിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ, ജനങ്ങള്‍ ജീവിക്കുന്ന ലോകത്തിനെ കുറിച്ച് ആഴമേറിയ അവബോധം സിനിമാക്കാരന് ഉണ്ടാവേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, അവരെ അതേ ലോകത്ത് പുനര്‍ജീവിക്കാനും അതുപോലെ പുനര്‍പ്രവേശിപ്പിക്കാനും സിനിമക്ക് സാധിക്കുകയുള്ളൂ. അതുപോലെ നാം അവര്‍ക്ക് മുന്നിലൊരുക്കിയിരിക്കുന്ന ലോകത്തിലേക്ക് സ്വയം അര്‍പ്പിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നതുകൂടെയാവണം സിനിമ.

‘അമര്‍ അക്ബര്‍ ആന്തണി’ എന്ന ബോളിവുഡ് ചിത്രത്തെ കുറിച്ച് മൂന്ന് മതപഠന വിഭാഗം പണ്ഡിതർ ചേര്‍ന്ന് ഒരു പഠനം നടത്തിയുരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അത് പുസ്തകമായി പുറത്ത് വന്നത്. പൊതുവേ മസാല പടങ്ങളുടെ നിര്‍മാതാവ് എന്ന അര്‍ത്ഥത്തില്‍ തള്ളിക്കളയുന്ന മന്‍മോഹന്‍ ദേശായിയെ കുറിച്ച് വ്യത്യസ്തമായ ചില ചിന്തകള്‍ ആ പുസ്തകം പങ്കുവെക്കുന്നുണ്ട്. അദ്ദേഹം അത്തരത്തില്‍ തള്ളിക്കളയപ്പെടേണ്ട ഒരാളായിരുന്നില്ല എന്നും, താന്‍ എന്താണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് കൃത്യമായ ബോധ്യമുള്ള ഒരു എത്‍നോഗ്രാഫറായിരുന്നു അദ്ദേഹമെന്നും പുസ്തകം പറയുന്നു. ഈ സിനിമയിലെ ഓരോ കഥാപാത്രങ്ങളും നഗരത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സൂക്ഷ്മമായ നിരീക്ഷണങ്ങളുടെ ഫലമായി രൂപപ്പെട്ടവയായിരുന്നു. ദൈനംദിന ജീവിതത്തെ കുറിച്ച് അദ്ദേഹം സംവദിക്കുന്ന വ്യതിരിക്തമായ ഒരു മാര്‍ഗമുണ്ട് എന്നും അതിലൂടെ, ജനങ്ങള്‍ക്ക് ഈ സിനിമ കൃത്യമായി മനസ്സിലാവുകയും ആസ്വദിക്കുകയും ചെയ്തു എന്നത്  കൊണ്ട് തന്നെയാണ് ഈ സിനിമ വലിയൊരു വിജയമായി മാറിയത് എന്നും പുസ്തകം നിരീക്ഷിക്കുന്നു.

ബജ്റംഗി ഭായ്ജാന്‍ എന്ന സിനിമയുടെ സംവിധായകനും നിർമ്മാതാവുമായ കബീര്‍ ഖാനെ ഞാന്‍ ഈയിടെ ഇന്റര്‍വ്യൂ ചെയ്തിരുന്നു. കേവല സാമ്പത്തിക വിജയം കരസ്ഥമാക്കിയ സിനിമ എന്നതിലുപരി വളരെ മികച്ചൊരു സിനിമയാണ് അതെന്ന് തോനുന്നു. പ്രസ്തുത സിനിമയില്‍ മതങ്ങളും മതജീവിതങ്ങളും ചിത്രീകരികപ്പെട്ടിരിക്കുന്ന രീതിയെ കുറിച്ച് ഞാന്‍ കബീര്‍ ഖാനോട് ചോദിച്ചപ്പോള്‍ ഇതെല്ലാം ഡോക്യുമെന്ററി ചിത്രങ്ങള്‍ സംവിധാനം ചെയ്തുള്ള തന്റെ പരിചയത്തില്‍ നിന്നാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അതുകൊണ്ട് തന്നെ, നിരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയാണ് തന്റെ സിനിമകള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ബോളിവുഡിലെ ഏറ്റവും വിജയകരവും പ്രശസ്തവുമായ ഒരു സിനിമയുടെ സംവിധായകൻ ഞാൻ പഠിച്ച ജാമിഅ മില്ലിയ്യയില്‍ നിന്നും ഡോക്യുമെന്ററി നിര്‍മാണത്തില്‍ വ്യക്തമായ പരിശീലനം ലഭിച്ച ആളാണെന്ന കാര്യം എന്നെ സംബന്ധിച്ചേടത്തോളം ഏറെ താല്‍പര്യജനകമായിരുന്നു.

കബീർ ഖാൻ

ഇത് സിനിമയെ കേവല പ്രതിനിധാനത്തില്‍ നിന്നുപരിയായി ആഴമേറിയ പരസ്പരബന്ധത്തിന്റെ ചോദ്യമായി മാറ്റുന്നുണ്ട്. ഭാവനാസൃഷ്ടി ആവുമ്പോൾ തന്നെ, ഒരു ഇടത്തെ കുറിച്ചും അത് നിലനില്‍ക്കുന്ന ലോകത്തെ കുറിച്ചുമുള്ള ഗഹനമായ സത്യങ്ങളെ മനസ്സിലാക്കാന്‍ സിനിമകള്‍ നമ്മെ സഹായിക്കുന്നു. ഇതുകൊണ്ട് തന്നെയാണ്, ഇന്ത്യയെ കുറിച്ച് സാമാന്യ വിവരങ്ങള്‍ക്കപ്പുറം ധാരണയില്ലാത്ത അമേരിക്കയിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ‘ഇന്ത്യയിലെ മതങ്ങളും സിനിമയും’ എന്നതിനെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു കോഴ്സ് പഠിപ്പിക്കാന്‍ ഞാന്‍ തെരഞ്ഞെടുക്കുന്നതും. ചില സിനിമകളുടെ കാര്യമെടുത്താല്‍- ഉദാഹരണത്തിന് ഓം ശാന്തി ഓം എന്ന ചിത്രം; പുനര്‍ജന്മം എന്ന ആശയത്തെ കുറിച്ച് ആളുകള്‍ക്ക് പരിചയപ്പെടാനുള്ള ഒരു മികച്ച ഉദാഹരണമെന്ന നിലയിൽ അതിനെ ഞാന്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സമാനമായ മറ്റൊരു ഉദാഹരണമാണ് കഹാനി എന്ന ചിത്രം. ഹിന്ദു ഐതിഹ്യത്തിലെ ദുര്‍ഗ എന്ന സങ്കല്‍പ്പവും മാതൃ സങ്കല്‍പ്പവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ കുറിച്ച് മനസ്സിലാക്കാനുള്ള ഒരു പ്രാഥമിക ഉദാഹരണമാണ് പ്രസ്തുത ചിത്രം. ഇതുപോലെ തന്നെ, ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ അനീതികളെയും അസമത്വങ്ങളെയും കുറിച്ച് മനസ്സിലാക്കാനുള്ള മികച്ച ഒരു പാഠമാണ് ‘സൈറാത്ത്’ എന്ന മറാത്തി ചിത്രം.

സമാനമായി, ഈ വര്‍ഷം ഇന്ത്യയിലെ ഒരു മതമെന്ന അര്‍ത്ഥത്തില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്താന്‍ ഒരു മലയാളി സുഹൃത്തിന്റെ നിർദ്ദേശമനുസരിച്ച് ഞാന്‍ ക്ലാസില്‍ ‘ഹലാല്‍ ലവ് സ്റ്റോറി’ എന്ന ചിത്രം പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇന്ത്യയിലെ മുസ്‌ലിം ജീവിതം പരിചയപ്പെടുത്തുന്ന ഒരു ബോളിവുഡ് ചിത്രം കണ്ടെത്താന്‍ വേണ്ടി പരിശ്രമിക്കുമ്പോളായിരുന്നു ഈ ചിത്രം ശ്രദ്ധയിൽപ്പെടുന്നത്. ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതം കാണിക്കുന്ന മിക്ക സിനിമകളിലും ഒന്നുകില്‍ തീവ്രവാദമോ അല്ലെങ്കില്‍ കലാപങ്ങളോ അതിന്റെ അതിജീവനമോ ആയിരിക്കും മുഖ്യപ്രമേയം. ഇത്തരത്തില്‍ മര്‍ദ്ദനപരമായ ഇതിവൃത്തങ്ങളാണ് മുഖ്യമായും ഇത്തരം ചിത്രങ്ങളുടെ നിര്‍മാണത്തില്‍ ഉണ്ടാവാറുള്ളത്. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായി, ഇന്ത്യയിലെ ഇസ്‌ലാമിന്റെ വളരെ വ്യത്യസ്തമായ ഒരു ചരിത്രസന്ദര്‍ഭത്തില്‍ രൂപപ്പെടുന്ന സിനിമ എന്ന അര്‍ത്ഥത്തിലാണ് ഹലാല്‍ ലവ് സ്റ്റോറി എന്നെ ഏറെ ആകര്‍ഷിച്ചത്. മാത്രവുമല്ല, ഇത് മര്‍ദ്ദനം അല്ലെങ്കില്‍ പീഢനം തുടങ്ങിയ സാമാന്യ ആഖ്യാനങ്ങളെയല്ല പിന്തുടരുന്നതും. കേരളത്തില്‍ നിന്നുള്ളവര്‍ക്ക് ഏറെ പരിചിതവും എന്നാല്‍ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും അത്ര പരിചിതമല്ലാത്തതുമായ ഒരു സവിശേഷമായ മുസ്‌ലിം ദൈനംദിന ജീവിത രൂപമാണ് ഈ സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. രണ്ടായിരങ്ങളുടെ തുടക്കത്തില്‍ ലോകത്തുടനീളം നടന്ന ഇറാഖിലെ അമേരിക്കന്‍ അധിനിവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഓര്‍മകളെ ഉണര്‍ത്തുന്നുണ്ട് ചിത്രം. ഇത് പശ്ചാത്തലമാക്കിക്കൊണ്ടാണ് ചിത്രം അതിന്റെ പ്രധാന പ്രമേയങ്ങളിലേക്ക് കടക്കുന്നത്.

അമേരിക്കയില്‍ ജീവിക്കുന്ന ഒരാളെന്ന നിലയില്‍, ഈ പ്രതിഷേധങ്ങളുടെ ചരിത്രം ലോകത്തിന്റെ പല ഭാഗങ്ങളിലും, പ്രത്യേകിച്ച് അമേരിക്കയിലും വിസ്മൃതിയിലായി പോയിട്ടുണ്ട് എന്ന് കാണാന്‍ കഴിയും. 18 വയസ്സുകാരായ എന്റെ വിദ്യാര്‍ത്ഥികളില്‍ പലരും 9/11 ന് ശേഷം മാത്രം ജനിച്ചവരാണ്. അത്തരം പ്രതിഷേധ സമരങ്ങളുടെ പശ്ചാത്തലങ്ങള്‍ അന്ന് ഡല്‍ഹിയില്‍ ജാമിഅ മില്ലിയ്യയില്‍ വിദ്യാര്‍ത്ഥിയായിരുന്ന എന്നെ സംബന്ധിച്ചേടത്തോളം ഏറെ പരിചിതമായിരുന്നു. സാമ്രാജ്യത്വത്തോടുള്ള മുസ്‌ലിം വിമര്‍ശനത്തെ ചിത്രീകരിച്ചുകൊണ്ടാണ് ചിത്രം തുടങ്ങുന്നത് തന്നെ എന്നത് ഏറെ താല്‍പര്യജനകമായ കാര്യമാണ്. ഈ വിമര്‍ശനങ്ങളില്‍ പലതും മതത്തിന്റെ വിശകലനോപാധികള്‍ സ്വീകരിക്കുന്നതിന് പകരം അടിച്ചമര്‍ത്തലിനെ കുറിച്ചും അധികാരത്തെ കുറിച്ചുമുള്ള ഭൗതികവാദത്തിന്റെയോ, മാര്‍ക്സിസത്തിന്റയോ വിശകലനമാതൃകകളെ സ്വീകരിച്ചുകൊണ്ടായിരുന്നു എന്നതും ഏറെ ആകര്‍ഷണീയമായ കാര്യമാണ്. ഇത്തരമൊരു അനുഭവ പശ്ചാത്തലത്തില്‍  നിന്നുകൊണ്ടായിരുന്നു ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍ തീരുമാനിക്കുന്നത്.

ഉത്തരേന്ത്യയിലെ മുസ്‌ലിംകളുമായി പല രീതിയില്‍ ഇടപഴകിയിട്ടുള്ള ഒരാളെന്ന നിലക്ക് ഞാനുമായി വളരെ സത്യസന്ധമായ രീതിയില്‍ സംവദിച്ച സിനിമയിലെ മൂന്നോ നാലോ സന്ദര്‍ഭങ്ങളെ കുറിച്ച് സംസാരിക്കാമെന്ന് കരുതുന്നു. 2018നും 2020നും ഇടയില്‍ ഞാന്‍ പ്രധാനമായും ഡല്‍ഹിയിലും ലഖ്നൗവിലുമായിരുന്നു ജോലിയും മറ്റു കാര്യങ്ങളുമായി സമയം ചെലവഴിച്ചിരുന്നത്. ഹിന്ദു ദേശീയതയുടെ സമയത്തെ മുസ്‌ലിം നൈതിക ജീവിതത്തെ കുറിച്ചുള്ള ഒരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനത്തിലായിരുന്നു ഞാന്‍. പ്രസ്തുത പ്രൊജക്റ്റുമായി ബന്ധപ്പെട്ട ഗവേഷണത്തിന്റെ ഭാഗമായി ഉത്തരേന്ത്യന്‍ മുസ്‌ലിം ജീവിതങ്ങളുമായി പരിചിതമായതിന്റെ പശ്ചാത്തലത്തില്‍, ചിത്രത്തിലെ ചില ഭാഗങ്ങള്‍ എന്നില്‍ ഏറെ താല്‍പര്യം ജനിപ്പിക്കുന്നതായിരുന്നു. റഹീം സാഹിബ് എന്ന കഥാപാത്രത്തെ കേരളത്തിന്റെ ഭൂപ്രകൃതിയില്‍ സ്ഥാനപ്പെടുത്തിയ രീതിയാണ് അതില്‍ ആദ്യത്തേത്. തന്റെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് വീടുവീടാന്തരം കയറിയിറങ്ങുന്ന റഹീം സാഹിബിനെ ചിത്രീകരിക്കുന്ന സിനിമയുടെ ആദ്യത്തിലെ പാട്ടാണ് എന്റെ മനസ്സിലേക്ക് വരുന്നത്. ഈ ഭൂപ്രകൃതിയിലൂടെയും ഇടങ്ങളിലൂടെയുമുള്ള അദ്ദേഹത്തിന്റെ സവിശേഷമായ സഞ്ചാരം എന്നെ സംബന്ധിച്ച് ഏറെ വ്യതിരിക്തമായ ഒരു ആവിഷ്കാരമായിരുന്നു. പ്രത്യേകിച്ച്, സുബ്ഹാനല്ലാഹ് അല്‍ഹംദുലില്ലാഹ് എന്ന് തുടങ്ങുന്ന ആ പാട്ടിന്റെ പശ്ചാത്തലവും ഏറെ ശ്രദ്ധേയമായിരുന്നു. പ്രാദേശികമായി സ്വയം സ്ഥാനപ്പെടുത്തുന്ന ഭക്തനായ ഒരു മുസ്‌ലിം വിഷയി എന്നത് ഉത്തരേന്ത്യയിലെ വത്വനിയ്യത് എന്ന സങ്കല്‍പ്പത്തെ ഓർമ്മിപ്പിക്കുന്നതാണ്.

ബെനഡിക്ട് ആന്‍ഡേഴ്സണ്‍ വിഭാവനം ചെയ്യുന്ന പോലെ പ്രിന്റ് മാധ്യമങ്ങളിലൂടെയും മറ്റും ഒരു സാങ്കല്‍പ്പിക സമുദായവുമായി (Imagined community) സ്വയം ചേർന്നുനിൽക്കുന്ന തരം ദേശീയതയില്‍ നിന്നും വ്യത്യസ്തമായ, സ്വകീയതയെ (belonging) കുറിച്ചുള്ള മറ്റ് സങ്കല്‍പ്പങ്ങളും നിലനിൽക്കുന്നുണ്ട്. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള മേല്‍പരാമര്‍ശിച്ച വത്വന്‍ എന്ന സങ്കല്‍പം അതിലൊന്നാണ്. വത്വനുമായി ബന്ധപ്പെട്ട് കൊണ്ട് നിലനില്‍ക്കുക എന്നത്, അമൂര്‍ത്തമായ എന്തിലോ ഉള്ള താല്‍പര്യമല്ല, മറിച്ച് മൂര്‍ത്തവും സൂക്ഷ്മവുമായ (concrete and particular) അതുപോലെ പ്രാദേശികവുമായ താല്‍പര്യമാണ്. മറ്റ് വംശ, ജാതി, മത വിഭാഗങ്ങളില്‍ പെടുന്ന സമൂലമായ വ്യത്യാസങ്ങളുള്ള (radical difference) ജനങ്ങളുമായിട്ടുള്ള ജീവിതവും ഇതില്‍ ഉള്‍പ്പെടുന്നു. പക്ഷെ, ഇപ്പറഞ്ഞ എല്ലാവരെയും ബന്ധപ്പെടുത്തുന്നത് ദേശരാഷ്ട്രം എന്ന സംവിധാനമല്ല, മറിച്ച് കൂടുതൽ ദ‍ൃഢമായതും, പ്രാദേശികവുമായ കാര്യങ്ങളാണ്. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ജോണ്‍ ഏലിയയുടെ കവിതകളിലെ അമ്റോഹ എന്ന വതന്റെ നഷ്ടവുമായി ബന്ധപ്പെട്ടുള്ള വിലാപങ്ങള്‍ ഉദാഹരണം. അതുപോലെ തന്നെ ഇത് ഇന്ത്യ എന്ന സങ്കല്‍പത്തിലും പുരാതനമായ, ചരിത്രകാരനായ മനാന്‍ അഹ്മദിനെ പോലുള്ളവര്‍ ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിക്കുന്ന സങ്കല്‍പ്പവുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. അതായത്, അമൂര്‍ത്തമായ ഉടയബന്ധങ്ങളില്‍ നിന്നും വ്യത്യസ്തമായിക്കൊണ്ട് പ്രാദേശികവും ദൃഢവുമായതിനോട്, ആ പ്രദേശത്തിന്റെ എല്ലാ വ്യതിരിക്തതകള്‍ക്കും ഉപരിയായിട്ടുള്ള എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ടുള്ള സങ്കല്‍പ്പമാണിത്. ഈ ആലോചനയില്‍ നിങ്ങള്‍ അമൂര്‍ത്തമായ ദേശരാഷ്ട്രം എന്ന സങ്കല്‍പ്പത്തിനേക്കാൾ മൂര്‍ത്തവും ദൃശ്യവുമായ പ്രദേശത്തോട് കൂടുതല്‍ ബന്ധപ്പെട്ട് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ, ആ പ്രാദേശിക വാസവ്യവസ്ഥയുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആ ഗാനത്തിന്റെ പശ്ചാത്തലത്തില്‍ റഹീം സാഹിബിനെയും അദ്ദേഹത്തിന്റെ ചലനങ്ങളെയും സ്ഥാനപ്പെടുത്തിയിരിക്കുന്ന രീതി വതന്‍ എന്ന സങ്കല്‍പവുമായി ബന്ധപ്പെട്ട ആലോചനകളെ ഉണർത്തുന്നുണ്ട്. ദക്ഷിണേന്ത്യയിലും ഇതിന് സമാനമായ സങ്കല്‍പ്പങ്ങളുണ്ട്.

ഏറെ ഭക്തിയുള്ളവരായി ചിത്രീകരിച്ചിട്ടുള്ള തൗഫീഖ് സാഹിബും റഹീം സാഹിബുമായി സംവിധായകൻ സിറാജ് എന്ന കഥാപാത്രത്തിന്റെ ബന്ധമാണ് എന്നെ ആകര്‍ഷിച്ച രണ്ടാമത്തെ ഘടകം. ഇത്തരത്തില്‍, ഭയഭക്തിയുള്ളയാളും എന്നാല്‍ അത്രത്തോളം ഭക്തിയില്ലാത്ത, മദ്യപിക്കുന്ന വ്യക്തിയും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ ഉര്‍ദു കവിതകളില്‍ ചിത്രീകരിക്കുന്ന ഒരു രീതിയുണ്ട്. സമാനമായി, മുസ്‌ലിം ജീവിതങ്ങളെ കുറിച്ചുള്ള അക്കാദമിക ലോകങ്ങളിലും സംവാദങ്ങളിലും ഒരിക്കലും ചേരാത്ത രണ്ട് വിരുദ്ധ ധ്രുവങ്ങളായാണ് ഈ രണ്ട് സ്വഭാവത്തിലുള്ളവരെയും കണ്ടുപോരുന്നത്. എന്നാല്‍ ചിത്രത്തില്‍ ഈ രണ്ടു ധ്രുവങ്ങളും ഒന്നുചേര്‍ന്നുകൊണ്ട് ഒരു സിനിമ നിര്‍മിക്കുന്നതാണ് നാം കാണുന്നത്. ഫൈസ് അഹ്മദ് ഫൈസിന്റെ ഒരു കവിതയെയാണ് ഇത് ഓർമ്മിപ്പിക്കുന്നത്. ‘ചിന്തകരും ഭക്തരുമായിട്ടുള്ളവരുമായി ഞാന്‍ ആകസ്മികമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു, എന്നാല്‍ അവിശ്വാസികളായ, അത്ര ഭക്തരല്ലാത്തവരുമായിട്ടായിരുന്നു എന്റെ ദൃഢമായ ബന്ധങ്ങളെല്ലാം, ഇവ രണ്ടും തമ്മില്‍ നിങ്ങള്‍ കരുതുന്ന പോലെ വലിയ വ്യത്യാസങ്ങളൊന്നുമില്ല’, എന്നതായിരുന്നു ആ കവിതാശകലത്തിന്റെ ആശയ സംഗ്രഹം. ഈയൊരു സാഹചര്യം നമുക്ക് ഈ ചിത്രത്തിന്റെ ഇതിവൃത്തത്തിലും കാണാനാവുന്നുണ്ട്. ഉത്തരേന്ത്യയിലെ എന്റെ അനുഭവത്തിലും നേരിട്ടറിഞ്ഞിട്ടുള്ള യാഥാര്‍ത്ഥ്യമാണിത്. അതായത്, വ്യത്യസ്തങ്ങളായ മുസ്‌ലിം കര്‍ത‍ൃത്വങ്ങളെ ഉള്‍ക്കൊള്ളുന്നവര്‍ തമ്മില്‍ സമാനമായ പല കാര്യങ്ങളുമുണ്ടെന്നും പലപ്പോഴും പുറത്ത് നിന്നുള്ളവര്‍ക്ക് വിചിത്രമെന്ന് തോന്നാവുന്ന പല കാര്യങ്ങളിലും ഇവര്‍ ചേര്‍ന്ന് പോവാറുണ്ടെന്നും കാണാന്‍ കഴിയും. ഈയൊരു സംഗതിയേയും ചിത്രം വളരെ മികച്ച രീതിയില്‍ പിന്തുടരുന്നുണ്ട്. ഒരു ഉത്തരേന്ത്യന്‍ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് ഞാൻ ചിത്രത്തെ മനസ്സിലാക്കുന്നതെന്നും കേരളത്തിന്റെ സാഹചര്യത്തില്‍ ഇത് ചിലപ്പോള്‍ വൈരുദ്ധ്യമായി തോന്നിയേക്കാമെന്നും വരാം, തെറ്റാവാനും സാധ്യതയുണ്ട്.

മൂന്നാമതായി, സംവേദന വേദിയില്‍ വെച്ച് തൗഫീഖ് സാഹിബ് സിനിമയുടെ പ്രമേയം അവതരിപ്പിക്കുന്നതും ആരായിരിക്കണം ചിത്രത്തിന്റെ സംവിധായകന്‍ എന്ന് ചര്‍ച്ച ചെയ്യുന്നതുമാണ് ഏറെ രസകരമായ മറ്റൊരു സന്ദര്‍ഭം. ഭൂരിപക്ഷ സമുദായത്തിന് സ്വീകാര്യനാവുന്ന ആരെങ്കിലുമായിരിക്കണം, അതായത് ഒരു ഹിന്ദു പേരുള്ള, ചുരുങ്ങിയത് ഒരു മുസ്‌ലിം പേരില്ലാത്ത ആരെങ്കിലുമായിരിക്കണം തുടങ്ങിയ സംഭാഷണങ്ങളിലൂടെ ചര്‍ച്ച നീളുന്നുണ്ട്. ഉടനെ, അയാള്‍ (സംവിധാകന്‍) മദ്യപിക്കാറുണ്ടെന്നും നമസ്കരിക്കാറില്ലെന്നും അതുകൊണ്ട് തന്നെ അദ്ദേഹം പൊതുവാണെന്നും തൗഫീഖ് സാഹിബ് പറയുന്നു. നിങ്ങളൊരു സ്വീകാര്യനായ മുസ്‌ലിം ആവണമെങ്കില്‍ നിങ്ങള്‍ വിശ്വാസിയായിക്കൂടാ എന്ന കാര്യവും പൊതുസമൂഹത്തില്‍ സ്വീകരിക്കപ്പെടണമെങ്കില്‍ പല രീതിയിലുള്ള മായ്ച്ചുകളയലുകള്‍ക്ക് നിങ്ങള്‍ സ്വയം വിധേയനാകണമെന്ന കാര്യവും പലപ്പോഴും ഉത്തരേന്ത്യയില്‍ പലയിടത്തും പൊതുവായി കേള്‍ക്കുന്ന കാര്യമാണ്.

ആനന്ദ് വിവേക് തനേജ

ഏറെ ആകര്‍ഷിച്ച നാലാമത്തെ കാര്യം സിറാജ് തന്റെ ഭാര്യയെയും കുട്ടിയെയും കാണാന്‍ പോകുന്ന സന്ദര്‍ഭമാണ്. എന്നാല്‍ കുട്ടിയെ കാണാന്‍ കഴിയാതെ തിരിച്ച് കാറില്‍ വരുമ്പോള്‍ തൗഫീഖ് സിറാജിനെ വിളിക്കുകയും തൗഫീഖ് സുഖവിവരം അന്വേഷിക്കുകയും ചെയ്യുന്ന രംഗമാണത്. തുടര്‍ന്ന് ചിത്രീകരണവുമായി ബന്ധപ്പെട്ട് സിറാജ് ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുമ്പോള്‍ അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആശ്ചര്യത്തോടെ അതേപറ്റി ചോദിക്കുന്നുണ്ട്. ‘കുറേ കാലത്തിന് ശേഷം ആദ്യമായിട്ടാണൊരാള്‍ സുഖമല്ലേ എന്ന് എന്നോട് ചോദിക്കുന്നത്’ എന്നാണ് അതിന് സിറാജ് നല്‍കുന്ന മറുപടി. പാവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന (ഉത്തരേന്ത്യയില്‍ ഹുസ്നേ സുലൂഖ് എന്ന് സമാനമായ രീതിയില്‍ പ്രയോഗിക്കാറുണ്ട്) ഒരു വ്യക്തി, മറ്റൊരു വ്യക്തിയുമായുള്ള തന്റെ പെരുമാറ്റത്തില്‍ ദയാപരനാവുകയും അതുവഴി അപരന്‍ സ്വാധീനിക്കപ്പെടുകയും ചെയ്യുന്നതില്‍ ഒരു സൗന്ദര്യമുണ്ട്. ഇത്തരത്തില്‍ നിരവധി ലളിതമായ, എന്നാല്‍ ആഴമേറിയ സൈദ്ധാന്തിക സങ്കല്‍പ്പങ്ങളെകൊണ്ട് കാണികളുമായി സംവദിക്കുന്ന, സന്ദര്‍ഭങ്ങളാല്‍ സമ്പന്നമാണ് ഈ ചിത്രം.

എന്റെ വിദ്യാര്‍ത്ഥികള്‍ക്കെല്ലാവര്‍ക്കും (അതില്‍ ഭൂരിപക്ഷം പേരും 18 വയസ്സുകാരായ അമേരിക്കക്കാരായിരുന്നു) സിനിമ വളരെയധികം ഇഷ്ടപ്പെടുകയും, സിനിമയിലെയും സിനിമക്കുള്ളിലെ സിനിമയിലെയും കഥാനായികയായ സുഹ്റയുടെ കഥാപാത്രത്തെ പ്രത്യേകിച്ചും ഇഷ്ടപ്പെടുകയും ചെയ്തു. പ്രതിനിധാനം എന്ന ചോദ്യവുമായി വളരെ സമര്‍ത്ഥമായ രീതിയിലാണ് സിനിമ സംവദിക്കുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുന്നതും, അത് കേവലം ടി.വി ദൃശ്യമാണെന്ന് തിരിച്ചറിയുന്നത് മുതല്‍ സിനിമാ നിര്‍മാണത്തില്‍ എത്തുന്നത് വരെ ഇത് കാണാം.  ഈ കോഴ്സുമായി ബന്ധപ്പെട്ട് ഇസ്‌ലാമിനെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തിലോ അല്ലെങ്കില്‍ ഇന്ത്യയിലെ മുസ്‌ലിം ജീവിതങ്ങളെ പരിചയപ്പെടുത്തുക എന്ന അര്‍ത്ഥത്തിലോ ഞാന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള മിക്ക ചിത്രങ്ങളും 9/11 ന് ശേഷമുള്ള ഇസ്‌ലാമിന്റെ ‘നല്ല മുഖ’ ത്തെ ചിത്രീകരിക്കുക എന്ന വ്യാകുലതകളോടെ നിര്‍മിക്കപ്പെട്ടവയാണെന്ന് കാണാന്‍ കഴിയും. അത്തരത്തില്‍ നോക്കുകയാണെങ്കില്‍, പ്രതിനിധാനവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലും ആലോചനകളിലും വളരെ വിദഗ്ധമായാണ് സിനിമ ഇടപെടുന്നത് എന്ന് കാണാം. പ്രതിനിധാനങ്ങളുടെ ഈ പ്രകടനങ്ങള്‍ക്കിടയിലും, ഈ ജീവിതം ജീവിക്കുന്ന ആളുകള്‍ക്ക് മാത്രം തിരിച്ചറിയാൻ കഴിയുന്ന ചില സത്യങ്ങളെ ചിത്രീകരിക്കാന്‍ സിനിമക്ക് സാധിക്കുന്നുണ്ടോ എന്നതാണ് അവസാനമായി ഞാൻ മുന്നോട്ടു വെക്കുന്ന ചോദ്യം. സാധിക്കുന്നുണ്ട് എന്നാണ് എന്റെ ഉത്തരം.

 


(മുസ്‌ലിം ഓർഫനേജ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് (MOCAS) സോഷ്യോളജി ഡിപ്പാർട്മെന്റ് സംഘടിപ്പിച്ച ഹലാൽ ലവ് സ്റ്റോറി സിനിമയെ സംന്ധിച്ച പാനൽ ചർച്ചയിൽ പ്രശസ്ത ഗ്രന്ഥകാരനും വാണ്ടര്‍ബില്‍റ്റ് സര്‍വകലാശാല അസിസ്റ്റന്റ് പ്രൊഫസറുമായ ആനന്ദ് വിവേക് തനേജ നടത്തിയ അവതരണമാണിത്. പ്രസ്തുത ചർച്ച നടത്തുന്നതിന് നേതൃത്വം നൽകുകയും അത് പ്രസിദ്ധീകരിക്കാൻ കാമ്പസ് അലൈവിന് അനുമതി നൽകുകയും ചെയ്ത ഡൽഹി സ്കൂൾ ഓഫ് എകണോമിക്സ് എംഫിൽ റിസർച്ച് സ്കോളറും MOCAS സോഷ്യോളജി വിഭാഗം തലവനുമായ ശജീം എം ഫസലിനോടുള്ള കടപ്പാട് പ്രത്യേകം രേഖപ്പെടുത്തുന്നു. തയ്യാറാക്കിയത്: അഫീഫ് അഹ്മദ്)

ആനന്ദ് വിവേക് തനേജ