Campus Alive

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ചില ധാർമ്മിക ചോദ്യങ്ങളും

അടുത്ത ചില വർഷങ്ങൾ കൊണ്ട് എ.ഐ നിങ്ങളുടെ ഉറ്റ സുഹൃത്തായി മാറിയാൽ എങ്ങനെയിരിക്കുമെന്ന് സങ്കൽപ്പിച്ചു നോക്കൂ. മുൻ ആപ്പ്ൾ ജീവനക്കാരനും ഒരു സിലിക്കൺ വാലി വിദഗ്ധനുമായ ജിം കെല്ലർ നടത്തുന്ന പ്രവചനമാണിത്[1]. ചാറ്റ് ജീപിടിയുടെ ഉദയവും അതിനു ലഭിക്കുന്ന ജനപ്രീതിയും (ഇതുമായി ബന്ധപ്പെട്ട അനേകം വാർത്താ ലേഖനങ്ങളും ബ്ലോഗുകളും ചർച്ചകളും ചെറിയൊരു ഗൂഗ്ൾ സെർച്ചിലൂടെ തന്നെ കാണാൻ കഴിയും) മുൻനിർത്തി നോക്കുമ്പോൾ ഒരുപക്ഷേ ഇത്തരമൊരു പ്രവചനത്തെ ഒരാൾ ഗൗരവമായി തന്നെ പരിഗണിക്കേണ്ടതുണ്ട്. ഇന്റർനെറ്റിൽ ലഭ്യമായ ഭീമമായ ഡാറ്റാ ശേഖരത്തിൽ പരിശീലിപ്പിക്കപ്പെട്ട, ഡാറ്റകളിൽ നിന്ന് സ്വന്തമായി പഠിക്കാനും എഴുത്തുകളും സംഭാഷണങ്ങളും ഉൽപ്പാദിപ്പിക്കാനും ശേഷിയുള്ള ഒരു മെഷീൻ ലേണിംഗ് സിസ്റ്റമാണ് ചാറ്റ് ജീപിടി. മനുഷ്യനോടാണോ അതോ യന്ത്രത്തോടാണോ തങ്ങൾ സംസാരിക്കുന്നതെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം മനുഷ്യരുമായി സംവദിക്കുന്ന ബുദ്ധി വൈഭവമുള്ള ഒരു യന്ത്രം നിർമ്മിക്കണമെന്ന അലൻ ട്യൂറിംഗിന്റെ സ്വപ്നത്തോട് ചേർന്ന് നിൽക്കുന്നതാണിതെന്ന് പറഞ്ഞാൽ അത് ലളിതയുക്തിയാവില്ല[2].

ഇതൊക്കെ അങ്ങനെയായിരിക്കെ തന്നേ, വിദ്യാഭ്യാസം, ഗവേഷണം, അസമത്വം എന്നീ മേഖലകിൽ സാങ്കേതിക വിദ്യയുണ്ടാക്കുന്ന സ്വാധീനങ്ങളെന്തെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലത്ത് മനുഷ്യനായിരിക്കുക എന്നതിന്റെ അർത്ഥമെന്താണ് എന്നുമുള്ളതാണ് ചാറ്റ് ജീപിടിയെ ചുറ്റിപ്പറ്റി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആഘോഷാരവങ്ങളിൽ അന്തർലീനമായി കിടക്കുന്ന പ്രധാന ചോദ്യം[3]. അസമത്വത്തിന്റെ കാര്യം ഉദാഹരണമായെടുക്കുക. സാമ്പത്തിക അസമത്വങ്ങളിൽ വലിയ ആഘാതങ്ങളേൽപ്പിക്കാൻ ശേഷിയുള്ള ഉൽപ്പാദനക്ഷമതയിലെ വിടവിനെ വിശാലമാക്കാൻ എ.ഐക്ക് സാധിക്കുമെന്ന് അനേകം പേർ വാദിക്കുന്നുണ്ട്. എറിക് ബ്രിഞ്ചോൾഫ്സൺ വാദിച്ചതു പോലെ, മനുഷ്യ സമാനമായ എ.ഐകൾ വ്യാപകമാവുന്നതോടെ മനുഷ്യന്റെ അദ്ധ്വാനത്തിന് മികച്ച ബദലായി യന്ത്രങ്ങൾ മാറുകയും തൊഴിലാളികൾക്ക് അവരുടെ രാഷ്ട്രീയവും സാമ്പത്തീകവുമായ ബാർഗെയ്നിംഗ് പവർ നഷ്ടപ്പെടുകയും സാങ്കേതികവിദ്യയുടെ നിയന്ത്രണം കൈവശമുള്ളവരിൽ അവർ ആശ്രിതരാവുകയും ചെയ്യേണ്ടി വരും[4]. സമാനമായി, എങ്ങനെയാണ് യു.എസ്സിലെ അസമത്വത്തെ കൂടുതൽ വഷളാക്കുന്നതിന് എ.ഐ കാരണമായത് എന്നതിനെ കുറിച്ച ശ്രദ്ധേയമായ തെളിവുകൾ അജെമൊഗ്ലുവും റെസ്ട്രെപ്പോയും മുന്നോട്ടുവെക്കുന്നുണ്ട്. അവരുടെ കണക്കുകൾ പ്രകാരം, 1980-നും 2016-നും ഇടയിൽ തൊഴിൽ വേതന അസമത്വത്തിലുണ്ടായിട്ടുള്ള വളർച്ചയുടെ 50 മുതൽ 70 ശതമാനത്തിന്റെയും കാരണം പലരൂപത്തിലുള്ള ഓട്ടോമാറ്റിക്ക് യന്ത്രങ്ങളുടെ കടന്നുവരവാണ്[5]. ബില്ല്യൺ കണക്കിന് ഡോളറുകൾ ഓട്ടോണമസ് കാറുകളുടെ നിർമ്മാണത്തിനായി ഒഴുകുകയും ഇത്തരം വാഹനങ്ങൾ അസംഖ്യം ഡ്രൈവർമാരുടെ ജോലി ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഫലമായി ഇത് തൊഴിൽ വിപണിയെ മോശമായി ബാധിക്കുമെന്ന് ആറോൺ കൊറിനെക്കിനെ പോലുള്ളവർ പ്രവചിക്കുന്നു[6].

പക്ഷേ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ സാങ്കേതിക വിദ്യയിലുണ്ടായിട്ടുള്ള സമീപകാല വികാസങ്ങൾക്ക് ഘടനാപരമായ കൂടുതൽ പ്രശ്നങ്ങളുണ്ടെന്ന് തോന്നുന്നു. ‘The Algorithmic Leader’ എന്ന തന്റെ പുസ്തകത്തിൽ, അൽഗൊരിതമിക് സംവിധാനങ്ങളെ രൂപകല്പന ചെയ്യാനും അവയെ പരിശീലിപ്പിക്കാനുമുള്ള ശേഷിയും നൈപുണ്യവുമുള്ള അൽഗൊരിതത്തിനു വേണ്ടി തൊഴിലെടുക്കുന്ന ഒരു പ്രിവിലേജ്ഡ് വർഗ്ഗവും (ഉദാ- കമ്പ്യൂട്ടർ സയന്റിസ്റ്റുകൾ) ലോകത്തെ നയിക്കുന്ന അൽഗൊരിതമിക് പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയുള്ള അതിസമ്പന്നരായ ചെറിയൊരു വിഭാഗം വർഗ്ഗവും തമ്മിൽ വർഗ്ഗപരമായ അന്തരം വർദ്ധിച്ചുകൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം നിരീക്ഷിക്കുന്ന ദാരുണമായ സാഹചര്യത്തെ കുറിച്ചുള്ള ഒരു അന്വേഷണം അദ്ദേഹം നടത്തുന്നുണ്ട്[7]. യൂബർ, ആമസോൺ തുടങ്ങി ഇതിനോടകം തന്നെ ലോകത്ത് കുറഞ്ഞ വേതനത്തിലുള്ള ഒരു തൊഴിൽ ശക്തിയുടെ ഉയർച്ചക്ക് കാരണമായ പ്ലാറ്റ്ഫോമുകളെയും ഉദാഹരണമായി അദ്ദഹം ചൂണ്ടിക്കാണിക്കുന്നുണ്ട്. മറ്റൊരർത്ഥത്തിൽ, ഈ സംരംഭങ്ങൾ അവരുടെ തൊഴിലാളികളെ എ.ഐ ഉപയോഗിച്ചുള്ള അൽഗൊരിതത്തിലൂടെ നിരന്തരം നിരീക്ഷണത്തിന് വിധേയമാക്കിയാണ് നിയന്ത്രിക്കുന്നത്.

അൽഗൊരിതത്തെ അടിസ്ഥാനപ്പെടുത്തിയുള്ള തൊഴിൽ ശക്തിയുടെ ഫലമായി തൊഴിൽ ധ്രുവീകരണമുണ്ടാവുകയും അത് K ഷെയ്പ്പിലുള്ള ഗ്രാഫിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക. ഉയർന്ന നിലയിലുള്ളവരുടെ വിജയ സാധ്യത ഉയർന്നു കൊണ്ടേയിരിക്കുകയും ബാക്കിയുള്ളവരുടെ ജീവിതം പ്രതിസന്ധിയിലാകുകയും ചെയ്യുന്ന ഒരവസ്ഥയാണിത്. തൊഴിൽ സംബന്ധിയായ ചലനാത്മകതയെയും വളർച്ചയെയും തടസ്സപ്പെടുത്തുന്ന ഒരു പരിധി K- ഷെയ്പ്പ് ഗ്രാഫെന്ന അവസ്ഥയിലുണ്ട്. ഇതിന് കാരണം, ആമസോൺ, യൂബർ പോലുള്ള എ.ഐ മുഖാന്തിരം പ്രവർത്തിക്കുന്ന സംഘാടനങ്ങളിലെ കുറഞ്ഞ വേതനത്തിൽ തൊഴിലെടുക്കുന്ന തൊഴിലാളികൾ നിയന്ത്രിക്കപ്പെടുന്നത് എ.ഐയിലൂടെയാണെന്നതിനാൽ അവർക്ക് മുകളിലുള്ള സഹ തൊഴിലാളികളുമായി വളരെ അപൂർവ്വമായേ അവർ സംവദിക്കുകയുള്ളൂ എന്നതാണ്[8]. സമ്പത്തിനെയും അധികാരത്തെയും ചിലരുടെ കൈകളിലേക്ക് ചുരുക്കാനും അതു വഴി സാമ്പത്തീക അസമത്വം വർദ്ധിപ്പിക്കാനും എ.ഐ സഹായിക്കുന്നുണ്ടെന്ന് കരുതുന്നതിൽ തെറ്റില്ല. ആഗോള തലത്തിൽ പോലും ഇത് ശരിയാണ്. ഓട്ടോമാറ്റിക് യന്ത്ര സംവിധാനങ്ങൾ ഒരു സ്ഥാപിത സൗകര്യമെന്ന നിലയിൽ നിലവിലുള്ള വികസിത സാമ്പത്തിക വ്യവസ്ഥകളിലേക്ക് കൂടുതൽ സാമ്പത്തിക നിക്ഷേപങ്ങളെ മാറ്റുന്നതു വഴി സമ്പന്ന രാഷ്ട്രങ്ങളും ദരിദ്ര രാഷ്ട്രങ്ങളും തമ്മിലുള്ള വിടവ് വലുതാക്കാൻ എ.ഐ നിയന്ത്രിത സാങ്കേതികവിദ്യകൾ കാരണമാവുമെന്ന് ഐ.എം.എഫ് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇത്, അത്ര വികസിതമല്ലാത്ത സാമ്പത്തിക വ്യവസ്ഥകളെ സംബന്ധിച്ച് പരമ്പരാഗതമായി പ്രയോജന പ്രദമായ, വികസ്വര സാമ്പത്തിക വ്യവസ്ഥകളിലെ വളർന്നു കൊണ്ടിരിക്കുന്ന തൊഴിൽ ശക്തിയെ പിന്തുണക്കുന്നതിനു പകരം അതിനെ ഇല്ലാതാക്കുന്നതിലൂടെ ഇത്തരം സാമ്പത്തിക വ്യവസ്ഥകളിലെ തൊഴിലിനെയും ഇത് മോശമായി ബാധിക്കും[9]. ചുരുക്കത്തിൽ, എ.ഐ മൂലധനത്തെ ശക്തിപ്പെടുത്തുമെങ്കിലും തൊഴിലിനെ അത് തകർക്കും. അതോടൊപ്പം അതിനിപുണരായ തൊഴിലാളികൾക്ക് ഇത് ഗുണകരമാവുകയും അതേസമയം ശരാശരി തൊഴിലാളികളെ സംബന്ധിച്ച് ജീവിതം കൂടുതൽ ദുസ്സഹമാക്കുകയുമാണ് ഇത് ചെയ്യുന്നത്[10].

അപ്പോഴും, എ.ഐയുമായി ബന്ധപ്പെട്ടിരിക്കുന്ന ഭീഷണികൾ സാമ്പത്തീക അസമത്വവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മാത്രം പരിമിതമല്ല. അത് “അതിഭൗതികാസമത്വം” (Metaphysical Inequality) എന്ന് ഞാൻ വിളിക്കാൻ ആഗ്രഹിക്കുന്ന കൂടുതൽ കുടിലമായ ഒരു പ്രതിസന്ധിയിലേക്ക് കൂടി നയിക്കുന്നു. സാമ്പത്തിക അസമത്വത്തിൽ നിന്ന് വ്യത്യസ്തമായി, അതിഭൗതികാസമത്വം മനുഷ്യന്റെ ഭവപരതയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. അതിൽ, മനുഷ്യനെ കാർന്നുതിന്നുന്ന എ.ഐയുടെ സ്വാധീനം മൂലം ഒരാളുടെ സാധാരണ ആത്മവും യഥാർത്ഥ ആത്മവും തമ്മിൽ വിസ്തൃതമായി കൊണ്ടിരിക്കുന്ന ഒരു വിടവ് ഇന്ന് നിലവിലുണ്ട്.

ഇസ്ലാമിക ചിന്തയിൽ സാധാരണ ആത്മം (നഫ്സ്) എന്നു പറയുന്നത് മനുഷ്യ ധിഷണയും, പെരുമാറ്റ രീതിയും, പ്രവണതകളും, പ്രേരണകളും, സഹജവാസനയും ഉൾപ്രേരണയും ഒക്കെ കൂടിച്ചേർന്നതാണ്[11]. പ്രലോഭനങ്ങളോടും യുക്തിരഹിതമായ ചിന്തകളോടുമുള്ള മനുഷ്യന്റെ ദൗർബല്യത്തെക്കൂടിയാണ് ഇത് കാണിക്കുന്നത്. അതേസമയം, യഥാർത്ഥ ആത്മം എന്നതിനെ ഒരാളുടെ പ്രാക്തവും ശുദ്ധവുമായ പ്രകൃതം എന്നർത്ഥം വരുന്ന “ഫിത്റ” എന്ന ഖുർആനിക പദവുമായി ബന്ധപ്പെട്ടാണ് പലപ്പോഴും മനസ്സിലാക്കപ്പെടാറുള്ളത്. കൂടുതൽ കൃത്യമായി പറഞ്ഞാൽ, ദൈവത്തിന്റെ ഏകത്വത്തെ അഥവാ തൗഹീദിനെ അംഗീകരിക്കുന്ന ഒരാളുടെ നൈസർഗ്ഗികവും ദൈവദത്തവുമായ പ്രകൃതത്തെയാണ് ഫിത്റ എന്ന പദം സൂചിപ്പിക്കുന്നത്. ഇസ്ലാമികധ്യാപനങ്ങൾ പ്രകാരം, മനുഷ്യന് ഈ ലോകത്തെ ദൈനംദിന കാര്യങ്ങളിലെ ഇടപെടലിലൂടെ ഫിത്റയുടെ ദൃഷ്ടി നഷ്ടപ്പെടുമെങ്കിലും സകലരും ഫിത്റയിലാണ് ജനിച്ചു വീഴുന്നത്.

നമ്മുടെ ജീവിതം എ.ഐ സാങ്കേതിക വിദ്യകളെ ചുറ്റിപ്പറ്റി ക്രമീകരിക്കപ്പെട്ട ഈ കാലത്ത്, ആളുകൾ അവരെയും അവരുടെ അഭിലാഷങ്ങളെയും യന്ത്രങ്ങളുടെ നേട്ടങ്ങൾക്കനുസൃതമായി നിർവ്വചിക്കുകയും ചെയ്യുന്നു. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കാൾ സ്വന്തം ധിഷണയെ ഇകഴ്ത്താനും തരം താഴ്ത്താനും അവർ മടിക്കുകയും ചെയ്യുന്നില്ല. കമ്പ്യൂട്ടർ നിർമ്മിച്ചത് മനുഷ്യരാണെങ്കിൽ പോലും “നിന്റെ ബുദ്ധി കമ്പ്യൂട്ടർ പോലെ പ്രവർത്തിക്കുന്നല്ലോ” എന്നു തുടങ്ങിയ അഭിനന്ദന വാക്കുകൾ പലപ്പോഴും നാം കേൾക്കാറുണ്ട്. ഈ തരത്തിൽ, മനുഷ്യ ആത്മത്തിന്റെ സമ്പൂർണതയെന്നു പറയുന്നത് യുക്തി, ഉള്ളറിവ്, ഗ്രഹണശക്തി, ജ്ഞാനം, ധാർമ്മിക ബോധം, ലാവണ്യബോധം ഇതിനൊക്കെ ഒപ്പം ഗണിതശേഷി എന്നിവ ഉൾക്കൊള്ളുന്നതാണെങ്കിലും, മനുഷ്യ ധിഷണയെ ഗണിത (Computational) സംബന്ധിയായ അതിന്റെ പ്രവർത്തനങ്ങളിലേക്ക് മാത്രമായി ചുരുക്കപ്പെട്ടിരിക്കുന്നു. പക്ഷേ എ.ഐ പ്രബലത കൈവരിച്ച ഒരു ലോകത്ത് ധിഷണ എന്നതു കൊണ്ട് സൂചിപ്പിക്കുന്നത് കണക്കു കൂട്ടലിന്റെ വിശകലന ധർമ്മങ്ങളായി മാത്രം മാറിയിരിക്കുന്നു. അക്കാരണത്താൽ, എ.ഐയുമായി ബന്ധപ്പെട്ട ആളുകളെ സംബന്ധിച്ച് ‘നാച്വറൽ ഇന്റലിജൻസും’ ‘ആർട്ടിഫിഷ്യൽ ഇന്റലിജൻസും’ തമ്മിൽ ഒരു വ്യത്യാസവുമില്ല. അഥവാ, മനുഷ്യ ജീവിയെ കമ്പ്യൂട്ടറുകളും അൽഗൊരിതവുമാക്കി അവർ ന്യൂനീകരിച്ചിരിക്കുന്നു എന്ന് സാരം.

ജ്ഞാനത്തിനോ ആത്മീയമായ നൈപുണ്യത്തിനോ ഉള്ള ഇടമില്ലാ എന്നതിനാൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫിത്റയിൽ നിന്നും നമ്മെ അന്യമാക്കുക വഴി അതിഭൗതികാസമത്വത്തിന് അത് കാരണമാകുമെന്ന് മനസ്സിലാക്കുക പ്രയാസകരമല്ല. ഖുർആനിക വചനം ഖണ്ഡിതമായി പറയുന്ന (ഖു. 30:30)[12], ആത്യന്തികമായി ദൈവത്തിന്റെ തന്നെ ഫിത്റയിൽ അധിഷ്ടിതമായിരിക്കുന്ന നമ്മുടെ ഫിത്റയുടെ അല്ലെങ്കിൽ യഥാർത്ഥ മനുഷ്യത്വത്തിന്റെ തനിപ്പകർപ്പായി മാറാൻ എ.ഐക്ക് ഒരിക്കലും സാധിക്കില്ല എന്നത് കൊണ്ട് തന്നെ ആ തരത്തിലുള്ള എ.ഐയുടെ പരിമിതികളെ തിരിച്ചറിയുകയെന്നതും പ്രധാനമാണ്. ട്യൂറിംഗിന്റെ “ചിന്തിക്കുന്ന യന്ത്രം” എന്ന സ്വപ്നത്തെ സാക്ഷാൽക്കരിക്കുന്നതിൽ ചിലരെങ്കിൽ തീരുമാനിച്ചുറച്ചവരാകയാൽ ഈ സംഗതി എടുത്തു പറയേണ്ടത് വളരെ പ്രധാനമാണ്. ഇസ്ലാമിക വീക്ഷണ പ്രകാരം ഫിത്റയുടെ പകർപ്പുണ്ടാക്കാനുള്ള അത്തരം ശ്രമങ്ങൾ ദൈവീക പ്രകൃതത്തിന്റെ പകർപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിന് തുല്യമാണ്, അതാവട്ടെ തീർത്തും അസാധ്യവുമാണ്.

അതുകൊണ്ട്, മനുഷ്യ പ്രകൃതിയെ കുറിച്ചുള്ള ഖുർആനിക വീക്ഷണം ശരിയാണെങ്കിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് മനുഷ്യന്റെ സത്തയുടെ പരിമിതമായൊരു ഭാഗത്തെ, അഥവാ, ഗണിക്കാനുള്ള ധിഷണാ ശേഷിയെ അനുകരിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനോട് താൽപര്യമുള്ളവർ മനുഷ്യ സമാനമായ എ.ഐയുടെ നിർമ്മാണത്തെ കുറിച്ച് സംസാരിക്കവേ ജീവശാസ്ത്രപരമായ യന്ത്രങ്ങളല്ലാതെ മറ്റൊന്നുമല്ല മനുഷ്യ ജീവി എന്ന ധാരണയിൽ നിന്നു കൊണ്ടാണ് സംസാരിച്ചു തുടങ്ങുക. മനുഷ്യരെ ആത്മീയമായ തേട്ടങ്ങളില്ലാത്ത ജന്മവാസനകളും കാമനകളും മാത്രമുള്ള കേവല മൃഗങ്ങളാക്കി തരംതാഴ്ത്തുന്ന ഇത്തരം വീക്ഷണങ്ങളുടെ നൈതിക പ്രത്യാഘാതങ്ങളെ വിലകുറച്ചു കാണാൻ കഴിയില്ല.

ഇതിനെക്കാളൊക്കെ ഞെട്ടിപ്പിക്കുന്ന സംഗതിയെന്തെന്നാൽ, എ.ഐയുടെ നിർമ്മാണത്തിന് ഉത്തരവാദികളായ എ.ഐ ഗവേഷകർ തങ്ങളുടെ കണ്ടുപിടിത്തത്തിന്റെ നൈതിക പ്രത്യാഘാതത്തിന്റെ കാര്യത്തിൽ നിസ്സംഗരാണ് എന്നതാണ്. “മനുഷ്യനെപ്പോലെയുള്ള ഒരു യന്ത്രം നിർമ്മിക്കുക എന്നതാണ് ഞങ്ങളുടെ ജോലി” എന്നാണ് എ.ഐയുമായി ബന്ധപ്പെട്ട നൈതിക പ്രതിസന്ധികളെ കുറിച്ച് എടുത്തു പറയുമ്പോൾ അവരിൽ നിന്ന് പലപ്പോഴും ഉണ്ടാവാറുള്ള മറുപടി[13]. ഗ്രീക്ക് മിത്തോളജിയിൽ പറയപ്പെടുന്ന പന്തോറ പെട്ടി (തിന്മയുടെ പെട്ടി) തുറക്കാൻ നമ്മുടെ ശാസ്ത്രവും ഗണിതശാസ്ത്രവും മികച്ച രീതിയിൽ ഉപയോഗിക്കുകയും ശേഷം അതിൽ നിന്ന് പുറത്തു വന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വം ഏറ്റെടുക്കാൻ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നത് പോലെയാണിത്. പകരം, കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള ലോകത്തിലെ വലിയ പ്രശ്നങ്ങൾ പരിഹരിക്കാൻ ടെക്നോളജിക്ക് കഴിയും എന്നു തുടങ്ങിയ വിശ്വാസങ്ങളെ കുറിച്ച് എ.ഐ വിദഗ്ധർ ക്ലാസെടുക്കുന്നതാണ് കാണാൻ കഴിയുക. മനുഷ്യ ധിഷണക്ക് തിട്ടപ്പെടുത്താൻ കഴിയാത്ത കാര്യങ്ങൾ എ.ഐ സാങ്കേതിവിദ്യകൊണ്ട് സാധിക്കും. ദാരിദ്ര്യവും രോഗവും അവസാനിപ്പിക്കാൻ അതിന് കഴിയും. അനിയന്ത്രിതമായ സ്വാതന്ത്രം, പുരോഗതി എന്നുതുടങ്ങി പലതിലേക്കും നയിക്കാൻ അതിന് സാധിക്കും.

പക്ഷേ സത്യം പറയുകയാണെങ്കിൽ, യാഥാർത്ഥ്യത്തെ കുറിച്ചുള്ള നമ്മുടെ സംവേദനത്തെ വക്രീകരിക്കുകയാണ് എ.ഐ ചെയ്യുന്നത്. പ്രകൃതിയുടെ ഹൃദയത്തിൽ നിന്ന് കൂടുതൽ അകറ്റി പ്രതീതിലോകം നിർമ്മിച്ചെടുക്കാനുള്ള സ്വപ്നലോകത്തേക്ക് നമ്മെ അടുപ്പിക്കുന്നതിലൂടെ കാലവസ്ഥാ പ്രതിസന്ധി പോലുള്ള പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയാണ് എ.ഐ ചെയ്യുന്നത്. മനുഷ്യ ജീവിയെയും പ്രകൃതിയെയും കുറിച്ചുള്ള യാന്ത്രികമായ ഒരു വീക്ഷണത്തെയാണ് അത് നിലനിർത്തിക്കൊണ്ടു പോകുന്നത്. കൂടാതെ, എ.ഐ നിർവ്വഹണ സംബന്ധിയായ ഉപയോഗത്തിലേക്ക് അല്ലെങ്കിൽ ഹെയ്ഡഗർ enframing (Gestell) എന്ന് വിളിച്ചതിലേക്ക് മനുഷ്യനെയും പ്രകൃതിയെയും പരിമിതപ്പെടുത്തും.

അതിനാൽ, ശാസ്ത്രജ്ഞരും തത്വചിന്തകരും സാമ്പത്തിക ശാസ്ത്രജ്ഞരും സാമൂഹ്യശാസ്ത്രജ്ഞരും അടങ്ങിയ, IPCC-യുടെ (The Intergovernmental Panel on Climate Change) നിർദ്ദേശങ്ങൾ അനുസരിച്ചുള്ള ആഗോള നിരീക്ഷണ സമിതികളാണ് അടിയന്തിരമായി നമുക്കാവശ്യം. ഇത് ചെറിയൊരു കാര്യമല്ല. പ്രമുഖ കമ്പ്യൂട്ടർ സയന്റിസ്റ്റായ യോഷ്വ ബെഞ്ചിയോ ഇതിനകം തന്നെ AI യുമായി ബന്ധപ്പെട്ട ഭീഷണികളെ ആണവായുധങ്ങളുമായി താരതമ്യം ചെയ്തിട്ടുണ്ട്, അതേസമയം ഇന്ന് പല യുവാക്കളും ഒരു നിഹിലിസ്റ്റിക് വീക്ഷണത്തിന്റെ പിടിയിലാണെന്ന് തോന്നുന്നു, AI ഉടൻ തന്നെ മനുഷ്യജീവിതത്തെ കാലഹരണപ്പെടുത്തുമെന്ന് ഭയപ്പെടുന്നു[14]. സാങ്കേതികവിദ്യയുടെ ഉപയോഗത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ നമുക്കാവശ്യമാണ്. എല്ലാത്തിലുമുപരി, മനുഷ്യനായിരിക്കുക എന്നതിന്റെ യഥാർത്ഥ അർത്ഥമെന്ത് എന്നതിനെ കുറിച്ചും ദൈവത്തിന്റെ ഫിത്റയിൽ സൃഷ്ടിക്കപ്പെട്ട ആത്മീയ-അതിഭൗതിക ജീവികളെന്ന നിലയിൽ നമുക്കെന്താണ് നേടാൻ കഴിയുക എന്നതിനെ കുറിച്ചും മനുഷ്യരെ ബോധവാന്മാരാക്കാൻ ഉതകുന്ന മാനവികതയിലധിഷ്ടിതമായ വിദ്യാഭ്യാസം നൽകുകയും നാം ചെയ്യേണ്ടതുണ്ട്.

 

വിവർത്തനം: മൻഷാദ് മനാസ്


അവലംബം

[1] “AI: The Beast or Jerusalem?” | Jonathan Pageau & Jim Keller | EP 308, available at https://www.youtube.com/watch?v=0ll5c50MrPs&t=1217s (accessed on 2/18/2023).

[2] See Alan Turing’s classic paper, “Computing Machinery and Intelligence,” Mind 49 (1950): 433–460. For some relevant debates, see Muhammad Faruque, “AI versus Human Consciousness: A Future with Machines as Our Masters?” Renovatio, Spring (2023), available at https://renovatio.zaytuna.edu/article/ai-versus-human-consciousness (accessed on 2/18/2023).

[3] എ.ഐ കൊണ്ട് ഒരാൾക്ക് അനേകം ഉപകാരങ്ങളുണ്ടെന്നതിനെ നിഷേധിക്കുകയല്ല ഞാൻ. ഉദാഹരണത്തിന്, കുട്ടികളുടെ എഴുതാനുള്ള പ്രാവീണ്യത്തെയും അവരുടെ റീസണിംഗും മെച്ചപ്പെടുത്താൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുക വഴി അക്കാദമിക പരിശീലനത്തെ കൂടുതൽ മികവുറ്റതാക്കാൻ അതിന് കഴിയും. സാഹിത്യങ്ങളുടെ സംഗ്രഹ രൂപങ്ങളെഴുതാനും, ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങളെ മെച്ചപ്പെടുത്താനും കമ്പ്യൂട്ടർ കോഡിംഗുകളെഴുതാനും ഇത് സഹായകരമാണ്. കൂടുതൽ വിവരങ്ങൾക്ക്, see van Dis et al., “ChatGPT: Five Priorities for Research,Nature 614 (2023): 224–226. കൂടാതെ എ.ഐ എന്ന വാക്ക് വളരെ പൊതുവായ അർത്ഥത്തിലാണ് ഈ പ്രബന്ധത്തിൽ ഞാൻ ഉപയോഗിച്ചിരിക്കുന്നത്.

[4] Erik Brynjolfsson, “The Turing Trap: The Promise & Peril of Human-Like Artificial Intelligence,” Daedalus 151.2 (2022): 272–287.

[5] Daron Acemoglu and Pascual Restrepo, “Tasks, Automation, and the Rise in U.S. Wage Inequality,” Econometrica, Econometric Society 90.5 (2022): 1973–2016. ഇത്തരം പഠനങ്ങളുടെ ഫലങ്ങളെ അല്പം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. കാരണം, വിപണി ശക്തി പോലെയുള്ള മറ്റ് ഘടകങ്ങളും അസമത്വത്തെ ബാധിച്ചേക്കാം.

[6] David Rotman, “How to Solve AI’s Inequality Problem,” MIT Technology Review, April 19, 2022, at https://www.technologyreview.com/2022/04/19/1049378/ai-inequality-problem/ (accessed on 2/18/2023).

[7] Mike Walsh, “Algorithms are Making Economic Inequality Worse,” Harvard Business Review, Oct. 22, 2020, at https://hbr.org/2020/10/algorithms-are-making-economic-inequality worse#:~:text=AI%2Dpowered%20organizations%20are%20being,millions%20of%20low%2Dpaid%20workers.&text=The%20risks%20of%20algorithmic%20discrimination,and%20scrutiny%2C%20and%20rightly%20so (accessed on 2/18/2023).

[8] Walsh, “Algorithms.”

[9] Alonso et al., “How Artificial Intelligence Could Widen the Gap Between Rich and Poor Nations,” IMF Blog, Dec. 2, 2022, at https://www.imf.org/en/Blogs/Articles/2020/12/02/blog-how-artificial-intelligence-could-widen-the-gap-between-rich-and-poor-nations (accessed on 2/18/2023).

[10] എ.ഐ അസമത്വത്തെ കുറിച്ച ഇത്തരം വാദങ്ങളെ എതിർക്കുന്ന മറ്റു വാദങ്ങൾക്ക്, See Littman et al. “Gathering Strength, Gathering Storms: The One Hundred Year Study on Artificial Intelligence,” Doc: http://ai100.stanford.edu/2021-report.

[11] ഇസ്ലാമിക ചിന്തയിലെ ആത്മത്തെ കുറിച്ചുള്ള സമഗ്രമായ പഠനത്തിനായി, see Muhammad Faruque, Sculpting the Self: Islam, Selfhood, and Human Flourishing (Ann Arbor, MI: University of Michigan Press, 2021).

[12] فِطۡرَتَ ٱللَّهِ ٱلَّتِي فَطَرَ ٱلنَّاسَ عَلَيۡهَا (അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയില്‍ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയത്രെ അത്‌)

[13] Rotman, “How to Solve.”

[14] “In the Age of AI” | FRONTLINE, available at https://www.youtube.com/watch?v=5dZ_lvDgevk&t=3688s (accessed on 2/18/2023).

മുഹമ്മദ് യു. ഫറൂഖ്