Campus Alive

ഇസ്‌ലാമും ജെൻഡറിന്റെ ജ്ഞാനശാസ്ത്ര രാഷ്ട്രീയവും

ഇസ്‌ലാമിനെക്കുറിച്ച പഠനങ്ങൾക്കകത്ത് ഒരു വിശകലന വർഗമായി (category) ജെൻഡറിനെ കണക്കാക്കുന്നതിനോടുള്ള വിമർശന വിചാരങ്ങൾ, ബൗദ്ധികവും സാംസ്‌കാരികവുമായ വെല്ലുവിളികൾ നിറഞ്ഞ ഒരു വ്യവഹാരം തന്നെയാണ്. ജെൻഡറിന്റെ വിശകലനപരമായ (analytical) പ്രാധാന്യം മൗനമായി അംഗീകരിക്കപ്പെടുന്നുണ്ടെങ്കിൽ തന്നെ, ഈ രണ്ടു കാറ്റഗറികളും തമ്മിലുള്ള സങ്കലനം വാശിയേറിയ ഒരു അന്വേഷണ/പഠന മേഖലക്ക് വഴിയൊരുക്കുന്നുണ്ട്; മുസ്‌ലിംകളെയും മറ്റു സ്രോതാക്കളെയും അതിനോടുള്ള കൂറ്, ആചാരങ്ങൾ, സ്വാധീനം എന്നിവയുടെ അടിസ്ഥാനത്തിൽ ധ്രുവീകരിക്കുക കൂടി ചെയ്യുന്നുണ്ട് ഇവ. ഈ മേഖല (field) തന്നെയും “ജെൻഡേർഡ്” ആണ്, അതിലെ അധിക സ്കോളർമാരും സ്ത്രീകളാണ്. ഇതാണ് വിശാലാർഥത്തിൽ സ്ത്രീ/ജെൻഡർ പഠനങ്ങളുടെ (women and gender studies) സ്വഭാവം, ആധുനിക അക്കാഡമിയയിലെ വിവിധ ഡിസിപ്ലിനുകൾക്കകത്ത് അത് കയ്യാളുന്ന ഭാഗികമായ ജ്ഞാനശാസ്ത്ര (epistemic), സ്ഥാപനവത്കൃത (institutional) പദവിയിലും ഉൾക്കൊണ്ടിരിക്കുന്നത്1 ഇവയാണ്. ഇസ്‌ലാമിനെയും ജെൻഡറിനെയും കുറിച്ച പഠനങ്ങളുടെ കാര്യത്തിലും ഇത് ശരിയായിരിക്കുമ്പോൾ തന്നെ, മറ്റു ഘടകങ്ങളും ഇതിൽ പങ്കുവഹിക്കുന്നുണ്ട്: മുസ്‌ലിംകളോ മുസ്‌ലിം പശ്ചാത്തലത്തിൽ നിന്നുള്ളവരോ ആയ സ്ത്രീകളാണ് ഇസ്‌ലാം-ജെൻഡർ പഠനങ്ങൾ ധാരാളമായി നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് സ്ത്രീ-ജെൻഡർ പഠനങ്ങളോട് ചേർന്നിരിക്കുന്ന ഭാഗികത്വങ്ങളെ ഒരേസമയം പരിഹരിക്കുകയും പുനരുൽപാദിപ്പിക്കുകയും ചെയ്യുന്നുണ്ട്2.

ആദ്യകാല ഇസ്‌ലാം-ജെൻഡർ പഠനങ്ങളിൽ സ്വീകരിക്കപ്പെട്ട പോസ്റ്റ്‌-കൊളോണിയൽ നോട്ടപ്പാടുകൾ മുസ്‌ലിം സ്ത്രീയെ കുറിച്ചുള്ള ഓറിയന്റലിസ്റ്റ് വാർപ്പുമാതൃകകളെ അപനിർമിക്കാനുള്ള ഈ പുതിയ പഠനമേഖലയുടെ പ്രത്യേകതയെ എടുത്തു കാണിച്ചിരുന്നു. ലൈല അഹ്‌മദിന്റെ വുമൻ ആൻഡ് ജെൻഡർ ഇൻ ഇസ്‌ലാം: ഹിസ്റ്റോറിക്കൽ റൂട്സ് ഓഫ് എ മോഡേൺ ഡിബേറ്റ് (1993), ഡെനിസ് കെണ്ടിയോയ്ട്ടിയുടെ ജെൻഡറിങ് മിഡിൽ ഈസ്റ്റ്‌ (1996), ലൈല അബൂ-ലുഗോദിന്റെ റീമേക്കിങ് വുമൺ (1998) മുതലായ പഠനങ്ങളെല്ലാം ജെൻഡറിലേക്ക് തിരിയുന്ന ഇസ്‌ലാമിന്റെ സമ്പ്രദായങ്ങളെക്കുറിച്ചുള്ള അവരുടെ വിമർശനാത്മക അന്വേഷണങ്ങളിൽ എഡ്വേഡ് സൈദിന്റെ ഓറിയന്റലിസത്തെ (1978) പൂർണമായും പരിഗണിച്ചിരുന്നതായി കാണാം. മൗലിക പ്രമാണങ്ങളെ ജെൻഡർ സമത്വത്തിന്റെ മേഖലയായി പുനഃകേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനങ്ങൾ, ആമിനാ വദൂദിന്റെ ഖുർആൻ ആൻഡ് വുമൺ (1992) പോലുള്ളവ ഉദാഹരണം, അവയിലെയും/യുടെയും പോസ്റ്റ്‌-കൊളോണിയൽ പ്രതിവായനകൾ സമർപ്പിച്ചിട്ടുണ്ട്. മറുവശത്ത്, ഇസ്‌ലാം-ജെൻഡർ പഠനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന മുസ്‌ലിം സ്ത്രീ സ്കോളർമാരുടെ എണ്ണം അധികരിച്ചു വരുന്ന പ്രവണത, 9/11 മുതൽ ഉയർന്നുവരുന്ന ഇസ്‌ലാമോഫോബിയയോടും ആഗോള മുസ്‌ലിം വംശവത്കരണങ്ങളോടും യാദൃശ്ചികമായി സന്ധിച്ചു. ഇത് അവരുടെ പഠനപരവും മതകീയവുമായ സമുദായങ്ങൾക്കകത്ത് അവരുടെ ഇരട്ട ശിക്ഷാർഹതക്ക് (double penalization) വഴിവെച്ചിട്ടുണ്ട്. പശ്ചാത്യൻ അക്കാഡമിയക്കകത്ത് അവരുടെ മുസ്‌ലിം സ്വത്വം അവരുടെ തന്നെ പാണ്ഡിത്യത്തിന് തുരങ്കം വെക്കുന്ന ഇൻസൈഡറിസ്റ്റ് (Insiderist) വക്കാലത്തായി3 കണക്കാക്കപ്പെടുന്നു- അല്ലെങ്കിൽ, അതിന് നേർ വിപരീതമെന്നോണം, ഇസ്‌ലാമിന്റെ പുരോഗമന വൃത്തമെന്ന നിലക്ക് കൊണ്ടാടപ്പെടുകയും ചെയ്യുന്നു. എന്നാൽ, ജൂലിയാനെ ഹാമർ പറയുന്നത് പോലെ, “അരികുകളിലേക്ക് ഒതുക്കപ്പെടുകയാണ്” യഥാർഥത്തിൽ സംഭവിക്കുന്നത്4.

പാരമ്പര്യം (tradition) എന്നു മനസ്സിലാക്കപ്പെടുന്നവയെ സംരക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധരായിരിക്കുന്ന മുസ്‌ലിം സ്ഥാപനങ്ങൾക്കും നെറ്റ്വർക്കുകൾക്കും അകത്ത്, വ്യക്തമായ ഫെമിനിസ്റ്റ് ആവശ്യങ്ങൾക്ക് വേണ്ടി ജെൻഡർ വിശകലനങ്ങൾ സ്വീകരിക്കുന്നതിനെ എപ്പോഴും സംശയത്തോടെയാണ് നോക്കപ്പെടാറുള്ളത്. ഇവയോടുള്ള പാരമ്പര്യവാദ ബൗദ്ധിക മറുപടികൾ പല തരത്തിലാണ് ഉണ്ടാവാറുള്ളത്, അവരുടെ പൊതുവായ മുസ്‌ലിമേതര വിമർശകരുടെ വിമർശനങ്ങളിൽ അടങ്ങിയിട്ടുള്ള ഇസ്‌ലാമോഫോബിക്-ഓറിയന്റലിസ്റ്റ് സ്വരങ്ങളോടുള്ള സഹതാപം മുതൽ, ഇത്തരം സ്കോളർമാരെ നേർക്കുനേരെ സാംസ്‌കാരിക സാമ്രാജ്യത്ത്വത്തിന്റെ ഏജന്റുകളായി മുദ്ര കുത്തുന്നതു വരെ നീളും ഇത്തരം മറുപടികൾ5. പുരുഷകേന്ദ്രീകൃത ബൗദ്ധിക ഇടങ്ങളിൽ ഉൾക്കൊള്ളൽ മാതൃകകളുടെ (inclusive model) അത്യാവശ്യമുണ്ടെന്ന് വ്യക്തമായും മുസ്‌ലിം പശ്ചാത്തത്തിൽ നിന്ന് (മുസ്‌ലിം ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ ഉൾപ്പെടെ) ഉയരുന്ന അംഗീകാരങ്ങളെ/ആവശ്യങ്ങളെ ഇതൊരിക്കലും നിരാകരിക്കുന്നില്ല. ഉൾകൊള്ളലിന്റെ നിർദ്ദേശക തത്വങ്ങളും മാതൃകകളും അപ്പോഴും തർക്കവിഷയകമാണ്, സ്ഥാപനങ്ങളുടെ പ്രതിബന്ധങ്ങൾ ഇത്തരം പഠനങ്ങളിൽ വ്യക്തമായി പ്രതിഫലിക്കുകയും ചെയ്യുന്നു6. ഇസ്‌ലാമിന്റെ ഏതാണ്ട് എല്ലാ മേഖലകളിലുമുള്ള ബൗദ്ധികവും അസ്‌ഥിത്വപരവുമായ താത്പര്യങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുന്ന, ജെൻഡറിനെ കുറിച്ചുള്ള പല വ്യാഖ്യാനങ്ങളാണ് ഇത്തരം തർക്കങ്ങളുടെ കേന്ദ്രം.

ഇസ്‌ലാമിക ചിന്തയിലും പ്രയോഗങ്ങളിലും ഈ കാറ്റഗറിക്കുള്ള അർഥതലങ്ങളെ കുറിച്ച് സമ്പന്നമായ ചർച്ചകൾ (വിശിഷ്യ ജെൻഡർ വ്യത്യാസങ്ങൾ, സമത്വം മുതലായ ചോദ്യങ്ങളുമായി ബന്ധപ്പെട്ട്) നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ, ജെൻഡറിന്റെ സൈദ്ധാന്തികവത്കരണത്തെയും വംശാവലിയെയും കുറിച്ച വിമർശനാത്മക പഠനങ്ങൾ ഏറെയില്ല. എല്ലാറ്റിലുമുപരി, വംശം, മതം പോലെയുള്ള മറ്റു ആധുനിക കാറ്റഗറികളെ പോലെ തന്നെ, പശ്ചാത്യൻ യൂറോ-കേന്ദ്രീകൃത ആധുനികതയുടെ ജ്ഞാനശാസ്ത്ര മാതൃകകളിൽ ഉൾചേർന്നു കിടക്കുന്ന ഒരു ചരിത്രം ജെൻഡറിനുമുണ്ട്. പശ്ചാത്യേതര ബൗദ്ധിക പാരമ്പര്യങ്ങളെ ചരിത്രപരമായ വസ്തുവത്കരണം കൊണ്ടും, അവരുടെ പ്രമാണങ്ങളെയും പ്രധാന വിഷയങ്ങളെയും ആശയപരമായ പുനനിർമിതികൾക്ക് വിധേയമാക്കിക്കൊണ്ടും നീണ്ട കാലത്തോളം മെരുക്കി നിർത്താൻ ശ്രമിച്ച പാരമ്പര്യമാണ് അതിനുള്ളത്. ഇസ്‌ലാമിക പ്രമാണങ്ങളെ ജെൻഡർ ലെൻസിൽ കൊണ്ടുവരിക മാത്രമല്ല, അതോടൊപ്പം ജെൻഡറിലേക്കും അതിന്റെ ചരിത്രത്തിലേക്കും ചോദ്യങ്ങൾ എറിയുക കൂടി ചെയ്യുന്ന ഒരു വിമർശന പദ്ധതിക്ക് ഇസ്‌ലാം-ജെൻഡർ വ്യവഹാരത്തിലെ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള പുതിയ ചോദ്യങ്ങൾ നിർമിക്കുന്നതിന് നമ്മെ പ്രാപ്തമാക്കും.

അനവധി ഡിസിപ്ലിനുകളിൽ നിന്നും വ്യത്യസ്തമായ വീക്ഷണ കോണുകളിൽ നിന്നും നിരന്തരം വളർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാം-ജെൻഡർ പഠനങ്ങളെ കുറിച്ചുള്ള ബൃഹത്തോ പ്രതിനിധ്യപരമോ ആയ ഒരു ലേഖനമായി കരുതിയല്ല ഇതെഴുതുന്നത്. മറിച്ച്, ഫെമിനിസ്റ്റ് ജെൻഡർ തിയറിയെയും ഇസ്‌ലാം-ജെൻഡർ പഠനങ്ങൾക്കകത്ത് അതിനോട് എൻഗേജ് ചെയ്യുന്നതിന്റെ പരിധികളെയും കുറിച്ചുള്ള ചില നിരീക്ഷണങ്ങളാണ് ചുവടെയുള്ള പഠനത്തിൽ ചേർത്തിട്ടുള്ളത്.

യൂണിവേഴ്സൽ എൻ/ജെൻഡറിങ്

ആശയപരമായി സ്വയം-പ്രകടമായ ഒന്നായി നമ്മൾ ജെൻഡറിനെ പരിഗണിക്കുന്നുണ്ടെങ്കിലും, അപ്രകാരമുള്ള മറ്റെല്ലാ ആധുനിക ആശയങ്ങളെയും പോലെ, ജെൻഡറിനും ഒരു ചരിത്രമുണ്ട്. സെക്സുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളിലും നമ്മൾ ജെൻഡറിനെ കാണുന്നുണ്ട് എന്നതു തന്നെ ഒരു വിശകലനോപാധി (analytical apparatus) എന്ന നിലക്കുള്ള അതിന്റെ വിജയത്തിനു തെളിവാണ്- മാത്രവുമല്ല, 1960കളിൽ സൈക്കോളജിയുടെ ഫീൽഡുകളിൽ നിന്ന് പുതുതായി ഉൽപാദിപ്പിക്കപ്പെട്ട ആശയങ്ങളെ ഏറ്റെടുത്തു കൊണ്ട്, സെക്കൻഡ് വേവ് ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ഉച്ചസ്ഥായിയിൽ സമയോചിതമായി അത് പ്രത്യക്ഷപ്പെട്ടതും കൂട്ടിവായിക്കാവുന്നതാണ്7. 1950കൾ വരെ, തികച്ചും ഭാഷാപരമായ ഒരു പ്രതിഭാസമായി മാത്രമാണ് ജെൻഡർ എന്ന ഇംഗ്ലീഷ് പദം അടയാളപ്പെടുത്തപ്പെട്ടിരുന്നത്. പിന്നീട്, 1964-1968 കാലഘട്ടങ്ങളിൽ ഹെർമാഫ്രോഡറ്റിസത്തെ (Hermaphroditism) കുറിച്ച് റോബർട്ട്‌ സ്റ്റോളർ നടത്തിയ ക്ലിനിക്കൽ സൈക്കോളജി ഗവേഷണങ്ങളിലൂടെയാണ് മനുഷ്യ പെരുമാറ്റ രീതികളെ (human behaviour) സംബന്ധിച്ച ഒരു ആശയമായി ജെൻഡർ വികസിക്കുന്നത്, പുരുഷനോ സ്ത്രീയോ അല്ലാത്ത വ്യക്തികൾ പൗരുഷത്തിന്റേതോ (masculine) സ്ത്രൈണതയുടെയോ (feminine) ആയ സ്വഭാവങ്ങൾ ആർജിക്കുന്നതിനെ വിശദീകരിക്കാനായി നടത്തപ്പെട്ട പഠനമായിരുന്നു അത്. ജെൻഡറിനെ ബയോളജിയിൽ നിന്നും വേർപ്പെടുത്തി സെക്സ്, ജെൻഡർ, സെക്ഷ്വാലിറ്റി എന്നിവയെ വ്യാവഹാരികമായ പ്രതിഭാസങ്ങളെന്ന നിലക്ക് പരിചിന്തനം ചെയ്യാൻ വക നൽകിക്കൊണ്ട്, പരിസരങ്ങളുടെ/സാഹചര്യങ്ങളുടെ പങ്കിനെ കൂടി (role of environment) വിശദീകരിക്കാൻ സൈദ്ധാന്തികമായി പരിവർത്തനോന്മുഖമായ സെക്സ്-ജെൻഡർ വ്യത്യാസത്തെ സ്റ്റോളർ പരിചയപ്പെടുത്തി. 1970കളിൽ, സെക്സുകൾക്കിടയിലുള്ള അസമത്വങ്ങൾ സാമൂഹികമായി ഉൽപാദിപ്പിക്കപ്പെടുന്നതും നിലനിർത്തപ്പെടുന്നതുമാകെയാൽ (അതിനാൽ തന്നെ പരിവർത്തനപരവും), അവ പ്രകൃതിപരം എന്നതിലുപരി ‘സാംസ്‌കാരിക’മാണെന്ന (cultural) നിലക്ക് പുനരാലോചിക്കാനുള്ള സാധ്യത സ്റ്റോളറിന്റെ പഠനങ്ങൾ ഫെമിനിസ്റ്റുകൾക്ക് തുറന്നു കൊടുത്തു8. ജെൻഡർ പഠനങ്ങളിൽ അധികവും ജെൻഡർ എന്നത് ‘സ്ത്രീ’ എന്നതിനോട് എന്തുകൊണ്ട് തുലനം ചെയ്യപ്പെടുന്നു എന്നതിനെയും ഇത് തെളിയിക്കുന്നുണ്ട്.

സോഷ്യോളജിയിൽ ജെൻഡർ അപ്ലൈ ചെയ്തുകൊണ്ടുള്ള ആദ്യത്തെ പ്രധാന പഠനമായ സെക്സ് ജെൻഡർ ആൻഡ് സൊസൈറ്റി (1972) ൽ ജെൻഡേർഡ് സ്വത്വങ്ങളുടെ നിർണയത്തിൽ സാമൂഹികമായ ചട്ടങ്ങൾ (social norms)ക്കുള്ള പങ്ക് പരമപ്രധാനമാണെന്ന് ആൻ ഓക്ലെ ഇങ്ങനെ വിശദീകരിക്കുന്നു: “സെക്സ് എന്നത് ആണും പെണ്ണും തമ്മിലുള്ള ജൈവശാസ്ത്രപരമായ വ്യത്യാസങ്ങളെ സൂചിപ്പിക്കുന്ന പദമാണ്… എന്നാൽ, ജെൻഡർ എന്നത് സാംസ്‌കാരികമായ സംഗതിയാണ്: ‘പൗരുഷം’, ‘സ്ത്രൈണത’ എന്നിങ്ങനെയുള്ള സാമൂഹികമായ തരംതിരിവിനെയാണ് അതു സൂചിപ്പിക്കുന്നത്.”9 ഓക്ലെയുടെയും മറ്റു ഫെമിനിസ്റ്റുകളുടെയും പഠനങ്ങളുടെ ഫോകസ് വ്യക്തിപരമായി സിദ്ധമാകുന്ന സെക്ഷ്വൽ മനോഭാവങ്ങൾ എന്നതിൽ നിന്ന്, സാംസ്‌കാരികമായി നിർമിക്കപ്പെടുന്ന സെക്ഷ്വൽ വ്യത്യാസങ്ങൾ എന്നതിലേക്ക് മാറി. ആശയപരമായ ഈ വ്യതിയാനത്തെ സാധൂകരിക്കാൻ സ്ത്രീ-പുരുഷ വ്യത്യാസങ്ങളെ സംബന്ധിച്ച നിരവധി ക്രോസ്-കൾച്ചറൽ പഠനങ്ങളിൽ നിന്ന് ഓക്ലെ തെളിവുകൾ നിരത്തുന്നു. മനുഷ്യ ജീവിതത്തിലെ സ്ഥായീ ഘടകം എന്ന നിലക്കാണ് ജെൻഡറിനെ കുറിച്ചുള്ള സാംസ്‌കാരിക പ്രകാശനങ്ങളിലെ വ്യത്യാനങ്ങളെ ഇവയിൽ അവതരിപ്പിച്ചിരിക്കുന്നത്. അവരുടെ ക്രോസ്-കൾച്ചറൽ തെളിവുകൾ സമാനത (similarity)യെ സൂചിപ്പിക്കുമ്പോൾ പോലും, നിരീക്ഷിക്കപ്പെട്ട ബയോളജിക്കൽ വ്യത്യാസങ്ങൾ ആഗോളമായ ജെൻഡർ വ്യത്യാസങ്ങൾക്ക് കാരണമാകുന്നു എന്ന അനിവാര്യവത്കരിക്കപ്പെട്ട ധാരണയാണ് അവരുടെ യുക്തിയുടെ അവലംബമായിട്ടുള്ളത്: “ഈ ബ്രസീലിയൻ ഗോത്രത്തിലെ ആണും പെണ്ണും തുറന്നതും, ആഭാസകരവും, തീവ്രവുമായ കടന്നാക്രമണങ്ങൾ നടത്തുന്നു’,… ഈ ഗോത്രത്തിലെ പൗരുഷവും സ്ത്രൈണതയും ‘പ്രയോഗികവും’ ‘അക്രമാസക്തവുമാണ്’.”10

വ്യത്യാസപ്പെടുത്തൽ (differentiation) ഇല്ലാത്തിടത്തു നിന്നു പോലും അതിനെ വായിച്ചെടുക്കാൻ പശ്ചാത്യേതര സംസ്കാരങ്ങളിലേക്ക് നിരന്തരം സന്നിവേശിപ്പിച്ചു കൊണ്ടിരിക്കുന്ന ‘വ്യത്യാസപ്പെടുത്തലിന്റെ സാർവലൗകികവത്കരണ യുക്തിയാണ്’ (universalizing logic) ഓക്ലേയുടെ യുക്തിയെ പ്രതിനിധീകരിക്കുന്നത്. പതിറ്റാണ്ടുകൾക്ക് ശേഷം, വെസ്റ്റ് ആഫ്രിക്കയിലെ യോറുബ ഗോത്രത്തിലെ (Yorùbà tribe) ജെൻഡറിനെ കുറിച്ച്-അല്ലെങ്കിൽ, കൂടുതൽ കൃത്യമായി പറഞ്ഞാൽ, അതിന്റെ ഇല്ലായ്മയെ കുറിച്ച് നടത്തിയ നിർണായകമായ പഠനത്തിൽ, നൈജീരിയൻ സ്കോളറായ ഒയെറോൺകെ ഒയെവുമി എങ്ങനെയാണ് ജെൻഡർ വ്യത്യാസങ്ങളെ കുറിച്ചുള്ള ഒരു സർവലൗകിക സിദ്ധാന്തത്തെ സേവിക്കാൻ തദ്ദേശീയമായ (indigenous) അറിവുകളെ സെക്കൻഡ് വേവ് ഫെമിനിസ്റ്റ് പഠനങ്ങൾ സ്വാംശീകരിച്ചത് (assimilate) എന്ന് വരച്ചു കാട്ടുന്നുണ്ട്11. യോറുബ ഗോത്രത്തിലെ ജെൻഡർ വ്യത്യാസത്തെ അന്വേഷിച്ച സ്കോളർമാർക്ക് കണ്ടെത്താനായത് പക്ഷേ, യോറുബയുടെ നോൺ-ജെൻഡർ സ്വഭാവമുള്ള ഭാഷയെയും, ജെൻഡർ-അടിസ്ഥാനത്തേക്കാൾ വയസ്സ് അടിസ്ഥാനപ്പെടുത്തിയുള്ള (age-based) സാമൂഹിക രൂപീകരണങ്ങളേയുമാണ് എന്ന് അവർ പറയുന്നു. ജെൻഡറിന്റെ സർവവ്യാപിയായ സാന്നിധ്യത്തെ പക്ഷേ എല്ലാ സംസ്കാരങ്ങളിലും രൂപീകരണ തത്വം (organizing principle) എന്ന നിലക്കുള്ള അതിന്റെ ഉണ്മയായി കൂട്ടിക്കലർത്തുന്നതിനെതിരെ ഓക്ലെ തന്നെ താക്കീത് ചെയ്യുന്നുണ്ട്. “സെക്സുകൾക്കിടയിൽ പൊതുവായുള്ള ഗുണങ്ങളെക്കാൾ (qualities) അവ തമ്മിലുള്ള വ്യത്യാസങ്ങളാണ് കൂടുതൽ പ്രധാനം എന്ന ധാരണയാൽ രൂപീകരിക്കപ്പെട്ടിരിക്കുന്ന പശ്ചാത്യൻ സമൂഹത്തിനു പ്രത്യേകമായി ഉള്ള ഒരു അവസ്ഥ (condition)യാണ്”12 അതെന്ന് അവർ പറയുന്നുണ്ട്.

 

എന്നാൽ, 1970കൾ മുതലുള്ള ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും ബൗദ്ധിക വ്യവഹാരങ്ങളുടെയും സ്വാധീനം ജെൻഡർ വ്യത്യാസത്തെ സർവലൗകികമാക്കുക മാത്രമല്ല, ജെൻഡർ തിയറിയുടെ വിശകലനോപാധിയിൽ നിന്ന് അതിനെ പ്രധാന രൂപീകരണ തത്വമായി (central organizing principle) മാറ്റുകയും ചെയ്തു. 1980 മുതൽ ഇന്നു വരെ ഫെമിനിസ്റ്റുകളും മറ്റുള്ളവരും ജെൻഡർ വ്യത്യാസത്തെ (gender difference) സൈദ്ധാന്തികമായി മുന്തിക്കുക വഴി ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും ഏറ്റവും പ്രധാനവും പ്രാഥമികവുമായ കാറ്റഗറിയായി ജെൻഡറിനെ മാറ്റി എന്ന് ഡാർലിൻ എം. ജസ്ക്ക ഉറപ്പിച്ചു പറയുന്നുണ്ട്13. ഒരുപക്ഷേ ഇതു മൂലമായിരിക്കണം തന്റെ പുസ്തകത്തിന്റെ 1985ൽ പുറത്തിറക്കിയ പതിപ്പിന്റെ ആമുഖത്തിൽ ‘ജെൻഡർ വ്യത്യാസത്തിന്റെ’ പശ്ചാത്യൻ സവിശേഷതയെ കുറിച്ച് ഓക്ലേ വിശദീകരിച്ചത്. വീടിനെ തൊഴിലിൽ നിന്നു വേർപ്പെടുത്തുകയും, യൂറോപ്യൻ പുരുഷ മേൽക്കോയ്മയെ അടിസ്ഥാനപ്പെടുത്തിയുള്ള പാട്രിയാർക്കിയിലേക്ക് സാമൂഹിക ബന്ധങ്ങളെ പുനഃക്രമീകരിക്കുകയും ചെയ്ത ആധുനിക തൊഴിൽ വിഭജനത്തിൽ (division of labour) അതിനുള്ള കേന്ദ്ര സ്ഥാനത്തെ ഓക്ലേ കണ്ടെടുക്കുന്നുണ്ട്. ജെൻഡർ വ്യത്യാസപ്പെടുത്തലിന്റെ (differentiation) പുതിയ രൂപങ്ങൾ ഉൽപ്പാദിപ്പിക്കുകയും അനിവാര്യമാക്കുകയും ചെയ്ത ആധുനിക അണു കുടുംബത്തിന്റെ (nuclear family) വികാസമാണ് ഈ പാട്രിയാർക്കിയുടെ കേന്ദ്ര സ്ഥാനത്തുള്ളത്14. ക്യാപിറ്റലിസത്തിന്റെ ഉയർച്ചയിൽ സ്ത്രീകൾക്ക് നിയമപരവും സാമ്പത്തികവുമായ അനവധി അവകാശങ്ങൾ നിരാകരിക്കപ്പെട്ട മേൽപ്പറഞ്ഞ വികാസങ്ങൾക്ക് എതിരെയാണ് ‘സ്ത്രീ ചോദ്യങ്ങൾ’ (women question) ഉയർന്നുവരുന്നത്.

പശ്ചാത്യൻ ഫെമിനിസ്റ്റുകൾ എങ്ങനെയാണ് ജെൻഡറിനെ വ്യാഖ്യാനിക്കുകയും സാർവത്രികമാക്കുകയും ചെയ്തത് എന്നതിനോടുള്ള, പിന്നീടു വന്ന ഫെമിനിസ്റ്റ് വിമർശനങ്ങൾക്ക് ഒരാമുഖമാണ് മേൽപ്പറഞ്ഞ വസ്തുതകൾ. മനുഷ്യ വ്യത്യാസങ്ങളുടെ പ്രധാന സൂചകങ്ങളായി വംശം (race), വർഗം (ethnicity), ലിംഗം (sex) എന്നിവയെ അനിവാര്യമായും ആസ്‌പദമാക്കിയ “ഭൗതിക തത്വമീമാംസ (material metaphysics)യാണ്” ആധുനിക യൂറോപ്യൻ സമൂഹങ്ങൾ സ്വീകരിച്ചതെന്ന് ലിൻഡ നിക്കോൾസൻ 1990കളിൽ അഭിപ്രായപ്പെടുന്നുണ്ട്. “ശരീരത്തിന്റെ ഭൗതികമോ അല്ലെങ്കിൽ പദാർഥപരമോ ആയ പ്രത്യേകതകൾ അത് ഉൾക്കൊണ്ടിരിക്കുന്ന സ്വത്വത്തിന്റെ (self) സ്വഭാവത്തെ നിർണയിക്കുന്നതിൽ ആധാരമായി മാറുന്നതാണ്” ഇതിന്റെ ഫലമെന്ന് നിക്കോൾസൺ വ്യക്തമായി വിശദീകരിക്കുന്നുണ്ട്15.

ആധുനികത പടച്ചു വിടുന്ന മർദ്ദക വ്യവസ്ഥകൾക്കെതിരെ, സാമ്പ്രദായിക പുരുഷ/സ്ത്രീ ബൈനറിയെ അട്ടിമറിക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജെൻഡർ തിയറി ഒരു വ്യാഖ്യാനപരമായ സമീപനം (constructionist approach) രൂപപ്പെടുത്തിയെടുത്തു. ക്രമേണ, സെക്സ്/ജെൻഡർ വ്യത്യാസത്തിന്റെ ബയോളജിക്കലായ സങ്കൽപ്പങ്ങൾ ഉപേക്ഷിക്കപ്പെടുകയും, ശരീരത്തിന്റെ സെക്സിങ് പ്രക്രിയയെ നിർണയിക്കുന്നതും ജെൻഡർ ചട്ടങ്ങളാൽ (norms) രൂപവത്കരിക്കപ്പെടുന്നതുമായ ഒരു സാംസ്‌കാരിക കാറ്റഗറിയായി (cultural category) സെക്സ് സ്വയം മാറിത്തീരുകയും ചെയ്തു16. എങ്കിലും, എല്ലായിടത്തും സെക്ഷുവൽ വ്യത്യാസങ്ങളാണ് ജെൻഡർ വ്യത്യാസങ്ങളെ ഉൽപ്പാദിപ്പിക്കുന്നത് എന്ന ധാരണയിൽ കൺസ്ട്രക്ഷനിസ്റ്റ് ഫെമിനിസ്റ്റുകൾ തുടർന്നു പോന്നു എന്ന് നിക്കോൾസൺ അഭിപ്രായപ്പെടുന്നുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, “വിവിധ സംസ്കാരങ്ങൾക്കിടയിൽ മനുഷ്യരെ തരംതിരിക്കുന്നതിലും, അപ്രകാരം തരംതിരിക്കപ്പെട്ട മറ്റുള്ളവരുടെ പ്രതികരണങ്ങളിലും, ശരീരങ്ങൾക്ക് വ്യത്യസ്തമായി നൽകപ്പെട്ടിരിക്കുന്നവ (distinctive givens) ചില പൊതുവായ സമാനതകൾ ഉൽപ്പാദിപ്പിക്കുന്നുണ്ട്.”17 അവർ “ബയോളജിക്കൽ ഫങ്ഷണലിസം” എന്നു വിളിക്കുന്ന ഈ യുക്തി, ജെൻഡർ അസമത്വങ്ങളും സ്ത്രീകളുടെ അരികുവത്കൃത അവസ്ഥകളും സർവത്രികമായി നൽകപ്പെട്ടിരിക്കുന്നതാണെന്ന (universal given) രാഷ്ട്രീയ അവകാശവാദം ഉയർത്താൻ ജെൻഡർ തിയറിയെയും അതിന്റെ വ്യത്യസ്തമായ ആവിഷ്കാരങ്ങളെയും സഹായിക്കുന്നുണ്ട്.

(തുടരും)


റെഫറൻസ്

 1. Maria do Mar Pereira, Power, Knowledge and Feminist Scholarship: An Ethnography of Academia (London: Routledge, 2017).
 2. Juliane Hammer, “To Work for Change: Normativity, Feminism, and Islam,” Journal of the American Academy of Religion 84, no. 1 (2016): 98–112.
 3. Aaron Hughes, Islam and the Tyranny of Authenticity: An Inquiry into Disciplinary Apologetics and Self-Deception (Sheffield: Equinox Publishing Ltd, 2015), 77.
 4. Hammer, “To Work for Change,” 656.
 5. 5 Alison Scott-Baumann, Mathew Guest, Shuruq Naguib, Sariya Cheruvallil Contractor, and Aisha Phoenix, Contested Identities and the Cultures of Higher Education in Britain (Oxford: Oxford University Press, 2020), 187.
 6. ദി ജേർണൽ ഓഫ് റിലീജിയന്റെ ഈ വിശേഷാൽ പതിപ്പിൽ കൊടുത്തിരിക്കുന്ന ബ്രിട്ടീഷ് മുസ്‌ലിം കമ്യൂണിറ്റികളിലെ നേതൃത്വം, അധികാരം, പ്രതിനിധ്യം എന്നിവയുമായുള്ള ജെൻഡറിന്റെ ബന്ധത്തെ കുറിച്ചുള്ള ലേഖനങ്ങൾ കാണുക.
 7. Jennifer Germon, Gender: A Genealogy of an Idea (London: Palgrave Macmillan, 2009).
 8. Ibid., 105.
 9. Ann Oakley, Sex, Gender and Society (Towards a New Society) (London:Maurice Temple Smith, 1985 [1972]), 2.
 10. Ibid., 67.
 11. Oyeronke Oyewumi, The Invention of Women: Making an African Sense of Western Gender Discourses (Minneapolis: University of Minnesota Press, 1997).
 12. Oakley, Sex, Gender and Society, 189.
 13. Darlene M. Juschka, “Feminism and Gender Theory,” in The Oxford Handbook of the Study of Religion, ed. Michael Stausberg and Steven Engler (Oxford: Oxford University Press, 2016), 1. ഉദാഹരണത്തിന്, Joan Wallach Scott, Gender and the Politics of History (New York: Columbia University Press, 1999), 10, കാണുക, ഒരു ചരിത്രകാരി എന്ന നിലക്ക് സെക്ഷ്വൽ വ്യത്യാസത്തോട് ചേർക്കപ്പെടുന്ന വൈരുദ്ധ്യാത്മകമായ അർത്ഥങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ട്, ജെൻഡറിനെ ചരിത്രവത്കരിക്കുന്നതിലാണ് താൻ തൽപ്പരയായിരിക്കുന്നതെന്ന് വ്യക്തമാക്കുന്നുണ്ട്.
 14. Oyeronke Oyewumi, “Conceptualizing Gender: The Eurocentric Foundations of Feminist Concepts and The Challenge of African Epistemologies,” Jenda: A Journal of Culture and African Women Studies 2, no. 1 (2002): 1-5, 2; https://www.codesria.org/IMG/pdf/OYEWUMI.pdf.
 15. Linda Nicholson, “Interpreting Gender,” Signs: Journal of Women in Culture and Society 20 (1994): 79–105, 84.
 16. Juschka, “Feminism and Gender Theory,” 2, 4.
 17. Nicholson, “Interpreting Gender,” 95.

കടപ്പാട്: അമേരിക്കൻ ജേർണൽ ഓഫ് ഇസ്‌ലാം ആൻഡ് സൊസൈറ്റി

(https://www.ajis.org/index.php/ajiss/article/view/2966)

വിവർത്തനം: അഫ്സൽ ഹുസൈൻ

ശുറൂഖ് നാഖിബ്