Campus Alive

യോഗ: ഹിന്ദുത്വ സാംസ്കാരിക അധീശത്വത്തിന്റെ സൂക്ഷ്മ രാഷ്ട്രീയം

മാനസിക സമ്മർദ്ദങ്ങൾക്കും ശാരീരിക ദൈന്യതകൾക്കും ഉത്തമ പരിഹാരമായി ഉപയോഗിക്കപ്പെടുന്ന ഒരു സാംസ്കാരിക പരിശീലന മാർഗമായിട്ടാണ് പലപ്പോഴും യോഗയെ മനസ്സിലാക്കപ്പെടാറുള്ളത്. സിനിമകളിലൂടെയും പരസ്യങ്ങളിലൂടെയും സമൂഹ മനശാസ്ത്രത്തിൽ സ്വാഭാവിക വൽക്കരിക്കപ്പെട്ടിട്ടുണ്ടെങ്കിലും യോഗയെ വിമർശനാത്മകമായി കാണാൻ കഴിയാത്ത രൂപത്തിൽ റൊമാന്റിസൈസ് ചെയ്യുന്ന വരേണ്യ വ്യവഹാരങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് യോഗയെ വിമർശനാത്മകമായി സമീപിക്കുക്കാൻ ഈ കുറിപ്പ് ശ്രമിക്കുന്നത്.

യോഗയെ ഇന്ത്യനൈസ് ചെയ്യുക അതിലൂടെ ബ്രാഹ്മണവൽക്കരിക്കുക എന്ന ശ്രമത്തിന്റെ ഭാഗമായിട്ടാണ് യു. എന്നിൽ അടക്കം ഔദ്യോഗിക യോഗ ദിനം വേണം എന്ന ചർച്ചകൾക്ക് 2014 ന് ശേഷം ശക്തി കൈവരുന്നത് . ലോകത്തുടനീളം വലിയ അർത്ഥത്തിൽ പരിശീലിക്കപ്പെടുന്നത് കൊണ്ട് തന്നെ അമേരിക്കയിൽ അടക്കം യോഗ പഠിപ്പിക്കുന്നവരിലെ വെളുത്ത വർഗ്ഗക്കാരുടെ എണ്ണം കുറക്കണം എന്ന് പറഞ്ഞുകൊണ്ടുള്ള കോലാഹലങ്ങൾ വരെ സംഘപരിവാർ അനുകൂല വൃത്തങ്ങളിൽ നിന്നും ഉണ്ടായിരുന്നു. യോഗ ഒരു ഇന്ത്യൻ സാംസ്കാരിക മൂലധനം ആണെന്നും അത് ഹൈന്ദവതയുടെ പ്രധാന അടയാളം ആണെന്നുമുള്ള സംഘപരിവാർ വാദങ്ങൾ അതിലൂടെ സാധ്യമാവുന്ന ബ്രാഹ്മണ സംസ്കാരികതയുടെ അധികാര സ്വരൂപത്തെ പുനർനിർമിക്കുന്നുണ്ട്. അതേസമയം യോഗ എന്ന സാംസ്കാരിക രൂപത്തിന് ഇംഗ്ലണ്ടും അമേരിക്കയും സ്വിഡനും അതിന്റെ പ്രവൃത്തി രൂപത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് മീര നന്ദയും ആന്ട്രെ ജയിനും തങ്ങളുടെ പഠനത്തിൽ പറയുന്നുണ്ട്. അതേസമയം ഹൈന്ദവ പാരമ്പര്യങ്ങൾക്കപ്പുറം ഉള്ള സൗത്തേഷ്യയുടെ വൈവിധ്യമാർന്ന സാംസ്കാരികതയിൽ നിന്ന് ഉത്ഭവിച്ച യോഗയുടെ ഹെട്രോജീനസായ ചരിത്രത്തെ ഏകാത്മക ഹൈന്ദവ ബ്രാഹ്മണ്യത്തിലേക്ക് തിരിച്ചുവിടുന്നത് സാംസ്കാരിക അധീശത്തത്തിന്റെ പ്രകടമായ കടന്ന് കയറ്റമാണ്.

യോഗയുടെ ഏകാത്മക ചരിത്ര നിർമിതി സാധ്യമാക്കിയ ബ്രാഹ്മണ യോഗ സമ്പ്രദായം ജാതീയതയുടെ അധികാര ശ്രേണിയെ പുനരുല്പാദിപ്പിക്കുന്നതാണ്. സ്വാതന്ത്ര്യത്തിന്റെ മുമ്പുണ്ടായിരുന്ന കൊളോണിയൽ ഇന്ത്യയിലോ അതിനു മുമ്പുള്ള ചരിത്രങ്ങളിലോ സവർണ്ണ വിഭാഗങ്ങൾക്ക് മാത്രം പ്രാപ്യമായിരുന്ന ഒന്നായിരുന്നു യോഗ. യോഗയുടെ പ്രധാന ഗ്രന്ഥങ്ങളെല്ലാം സംസ്കൃതത്തിൽ ആയിരുന്നതുകൊണ്ട് സംസ്കൃതം തന്നെ പഠിക്കാൻ അനുവാദമില്ലാതിരുന്ന ദളിതുകൾക്കൊന്നും അവയിലേക്ക് യാതൊരു ലഭ്യതയും ഉണ്ടായിരുന്നില്ല എന്ന് അഞ്ജലി റാവു പറയുന്നുണ്ട്. രാമായണം അടക്കമുള്ള ഹൈന്ദവ പുരാണങ്ങളിൽ എങ്ങനെയാണ് ദലിത് യോഗ ശ്രമങ്ങളെ ഇല്ലാതാക്കിയത് എന്ന് കൃത്യമായി വ്യവരിഹിക്കുന്നുണ്ട്. ശുദ്ധതയുടെയും മലിനീകരണത്തിന്റെയും ഈ ആശയത്തിൽ ശരീരത്തെ ലൈംഗികമായി നിയന്ത്രിക്കാൻ ശ്രമിക്കുന്ന നിരവധി യോഗ പാരമ്പര്യങ്ങൾ ഉണ്ട്. രാമായണത്തിൽ ഒരു പുരോഹിത കുടുംബത്തിലെ രോഗിയായ കുട്ടിക്ക് ആരോഗ്യം വീണ്ടെടുക്കാൻ വേണ്ടി, യോഗ ചെയ്യാൻ ധൈര്യപ്പെട്ട ഒരു ദളിതനെ കൊലപ്പെടുത്തിയതായി പറയുന്നുണ്ട്.

യോഗയുടെ പ്രക്രിയകളിൽ വളരെ പ്രധാനപ്പെട്ടവയാണ് ധർമ്മവും കർമ്മവും. ഹൈന്ദവ തത്വശാസ്ത്ര പ്രകാരം ധർമ്മം എന്നത് ജീവിതത്തിൽ പാലിക്കേണ്ട ധാർമികതയും മൂല്യങ്ങളുമാണെങ്കിൽ കർമം പ്രവർത്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇതനുസരിച്ച് ഒരുവന്റെ നിലവിലുള്ള ജീവിതാവസ്ഥകൾ മുൻ കഴിഞ്ഞ ജീവിതത്തിന്റെ പ്രതിഫലനമാണ്. ദളിത് പിന്നോക്ക ജീവിതങ്ങളെ ചൂഷണം ചെയ്യാനും അവരെ തങ്ങളുടെ ജീവിതാവസ്ഥകളുടെ മേലെ ന്യായം ചമയാനുമുള്ള ബ്രാഹ്മണ്യ ബോധത്തിന്റെ ഫലമാണ് ധർമ്മ കർമ്മ സിദ്ധാന്തങ്ങൾ. അവയെ യോഗ പാരമ്പര്യങ്ങളിലേക്ക് പറിച്ചു നടുമ്പോൾ അതിലൂടെ നിർമ്മിക്കുന്നത് ജാതിയുടെ അധികാരഘടന തന്നെയാണ്.

യോഗയെ മതേതരമാക്കിയുള്ള വ്യവഹാരങ്ങളിലെ വരേണ്യ താല്പര്യങ്ങളോട് കലഹിക്കാൻ ഇത്തരം അടിച്ചേൽപ്പിക്കലുകൾക്ക് നേരിട്ട് വിധേയരാകുന്ന വിദ്യാർത്ഥി സമൂഹം സന്നദ്ധമാകേണ്ടതുണ്ട്.ഈ അർത്ഥത്തിൽ ബ്രാഹ്മണ വൽക്കരിക്കപ്പെട്ട യോഗയെ ദിനാചരണങ്ങളുടെ പേരിൽ മതേതരമാക്കപ്പെട്ട സ്റ്റേറ്റ് സ്ഥാപനങ്ങളിലൂടെ അടിച്ചേൽപ്പിക്കുമ്പോൾ അത് സാധ്യമാക്കുന്ന സാംസ്കാരിക അസ്തിത്വം എന്താണ് എന്ന് വിശകലനം ചെയ്യപ്പെടേണ്ടതാണ്. ഞങ്ങൾ നൽകുന്ന അടയാളങ്ങൾ അതെന്തൊക്കെയായാലും മതേതരത്വത്തിന്റെ പേരിൽ നിങ്ങൾ സ്വീകരിക്കേണ്ടി വരുമെന്ന തികഞ്ഞ ധാർഷ്ട്യമാണ് ഇത് മുന്നോട്ട് വെക്കുന്നത്. മതേതരത്വത്തിന്റെ സെക്യുലർ ലോക ബോധത്തിൽ യാതൊരു വിമർശനവുമില്ലാതെ ഉൾക്കൊള്ളിക്കുന്ന ഇത്തരം ബ്രഹ്മണാധിപത്യങ്ങളെ വെല്ലുവിളിക്കാനുള്ള ഒരു പുതിയ ഭാഷാ നിർമിതിയുടെ അനിവാര്യതയാണ് ഈ സാഹചര്യം നമ്മോട് വിളിച്ചു പറയുന്നത്.

കോവിഡ് കാലത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗ ചെയ്യുന്ന വീഡിയോകൾ രാജ്യമൊട്ടാകെ ചർച്ചയായിരുന്നു. അതിനെത്തുടർന്ന് താൻ ഒഴിവുസമയങ്ങളിൽ യോഗ ചെയ്യാറുണ്ടെന്നും ലോക്ക്ഡൗൺ സമയം ആരോഗ്യകരമായി ഉപയോഗപ്പെടുത്താനും പറഞ്ഞു കൊണ്ടുള്ള വീഡിയോകളും ഇതുമായി ചേർത്തു മനസ്സിലാക്കേണ്ടതാണ് എന്ന് തോന്നുന്നു. അതിനെപ്പറ്റി അരുന്ധതി റോയിയും ഷീന സോത്തും പ്രതികരിച്ചത് ഈ വിഷയങ്ങളെ കൃത്യമായി മനസ്സിലാക്കാൻ നമ്മെ സഹായിക്കും. പ്രധാനമന്ത്രിയുടെ യോഗാഭ്യാസവും അതിനെ തുടർന്നുള്ള വീഡിയോകളും ലോക്ക് ഡൗൺ സമയത്ത് രൂപപ്പെട്ട അഭയാർത്ഥി പാലായനത്തിന്റെയും ജനങ്ങളെനുഭവിക്കുന്ന ജീവിത ദുരിതങ്ങളുടെയും അടിസ്ഥാനത്തിലുള്ള വലിയ രാഷ്ട്രീയ ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടാനും റാഫേൽ കേസടക്കമുള്ള ഗുരുതരാരോപണങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുമുള്ള സോഫ്റ്റ്‌ പവർ ഗിമ്മിക്കുകളായിരുന്നു എന്നാണ് അവർ പറയുന്നത്.

ജോൺ വെൽവുഡ്

അന്തരിച്ച സൈക്കോതെറാപ്പിസ്റ്റായ ജോൺ വെൽവുഡ് സമാനമായ ഒരു പ്രതികരണം നടത്തുന്നുണ്ട്. പരിഹരിക്കപ്പെടാത്ത വൈകാരിക പ്രശ്നങ്ങൾ, മാനസിക മുറിവുകൾ, പൂർത്തിയാക്കാത്ത വികസന ജോലികൾ എന്നിവ ഒഴിവാക്കാൻ, ആത്മീയ ആശയങ്ങളും സമ്പ്രദായങ്ങളും ഉപയോഗിക്കുന്ന ആളുകളുടെ പ്രവണതയെ ‘ ആത്മീയ ബൈപ്പാസിംഗ്’ എന്നാണ് അദ്ദേഹം വിളിച്ചത്. ആഗോളതലത്തിൽ സമൂഹത്തിലെ ഏറ്റവും ശക്തരായ അംഗങ്ങൾ അക്രമാസക്തമായ വിവരണങ്ങൾ മറക്കാനും സാമൂഹിക പ്രശ്നങ്ങൾ സ്വകാര്യവൽക്കരിക്കാനും പലായന വാദം പ്രോത്സാഹിപ്പിക്കാനും നിലവിലെ അവസ്ഥയിൽ ആത്മസംതൃപ്തി ജനിപ്പിക്കാനും വളരെക്കാലമായി മൈൻഡ്ഫുൾനസ്സും യോഗയും ഉപയോഗിക്കുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. യോഗയെ തങ്ങളുടെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി ഒളിച്ചു കടത്തിയ സംഘപരിവാർ അജണ്ടയെ തുറന്നു കാട്ടുന്നുണ്ട് ഈ വ്യവഹാരങ്ങൾ.

യോഗയെ ഡീബ്രാഹ്മണീസ് (De- brahmanise) ചെയ്യണം എന്ന് പറഞ്ഞുകൊണ്ടുള്ള വ്യവഹാരങ്ങളും ശക്തമാണ്. ഇതിനെ അതിന്റെ വ്യാപ്തിയിൽ ഉൾക്കൊള്ളേണ്ടതും അനിവാര്യമാണെന്ന് തോന്നുന്നു. പക്ഷേ നിലവിൽ വ്യവഹരിക്കപ്പെടുന്നതും അടിച്ചേൽപ്പിക്കപ്പെടുന്നതും ബ്രാഹ്മണ യോഗ മാതൃകയാണെന്നതും അതിന്റെ മേലെയാണ് ഈ സോഫ്റ്റ് പവർ ഗിമ്മിക്കുകൾ കളിക്കുന്നത് എന്നതും മനസ്സിലാക്കപ്പെടേണ്ടതാണ്. ഇത് വാഇൽ ഹല്ലാഖ് പറഞ്ഞതുപോലുള്ള സാംസ്കാരികതയുടെ രാഷ്ട്രീയവൽക്കരണത്തെക്കുറിച്ച് ഓർമിപ്പിക്കുന്നുണ്ട്.

സാംസ്കാരിക അധിനിവേശം യോഗാ ദിനമായി, ഹോളി ആഘോഷമായി, ഹിന്ദി ദിനാചരണങ്ങളായി രാഷ്ട്രീയമായി പൗരന്മാരെ ന്യൂനപക്ഷങ്ങൾക്കെതിരെ ആയുധമണിയിപ്പിക്കുകയും ദലിതുകളെ ‘മതേതരമായി’ തന്നെ പുറം തള്ളുകയും ചെയ്യുന്ന ഘട്ടത്തിൽ കളർ എറിയുന്ന ഹോളി ആഘോഷങ്ങൾ കാണാൻ പോകുന്നത് മുതൽ യോഗാ ദിന പരിപാടിയിൽ നിന്ന് കിട്ടുന്ന മധുരപലഹാരങ്ങൾ കഴിക്കുന്നതടക്കം പ്രശ്നവൽക്കരിക്കപ്പെടുന്ന ഒരു പുതിയ അസ്തിത്വബോധത്തിന്റെ വികാസം രൂപപ്പെടേണ്ടതുണ്ട്.

സഈദ് റഹ്‌മാൻ