ശീത യുദ്ധാനന്തരം ‘ഫ്രീഡം ഫൈറ്റർ ‘ എന്ന സംവർഗം അപ്രത്യക്ഷ്യമായതിനെക്കുറിച്ച് സൽമാൻ സയ്യിദ് തൻ്റെ ‘ എ ഫണ്ടമെൻ്റൽ ഫിയർ: യൂറോസെൻട്രിസം ആൻഡ് ദ എമർജൻസ് ഓഫ് ഇസ്‌ലാമിസം’ എന്ന പുസ്തകത്തിൽ എഴുതുന്നുണ്ട്. ഭീകരതാ വിരുദ്ധ വ്യവഹാരത്തിലേക്ക് ഇസ്‌ലാമും മുസ്‌ലിം ചിഹ്നങ്ങളും പ്രതി ചേർക്കപ്പെടുന്നതിന് മുമ്പ് നിലനിന്നിരുന്ന ‘ചുവന്ന ഭീകരത’യും നമുക്ക് മുമ്പിലെ ചരിത്ര സാക്ഷ്യമാണ്. ഇവിടെ നിന്നും ഭഗത് സിംഗിനെ പരാമർശിച്ചുകൊണ്ട് സി.ദാവൂദ് എന്ന മാധ്യമ പ്രവർത്തകൻ നടത്തിയ പ്രസ്താവനയെ മുൻനിർത്തി സി.പി.എമ്മും അതിൻ്റെ ‘ബുദ്ധി’ജീവികളും നടത്തുന്ന പ്രചാരണങ്ങളെ വിശകലനം ചെയ്യാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

തീവ്രവാദി എന്ന് വിളിക്കപ്പെടുമ്പോൾ എങ്ങനെയാണ് താങ്കളെയത് ബാധിക്കുന്നത് എന്ന് ചോദിച്ച വ്യക്തിയോട് ‘തീവ്രവാദി’ എന്ന വിളിയെ പ്രശ്നവൽക്കരിച്ചും അത്തരം വിളികൾ ഉണ്ടാവുന്നതിൻ്റെ രാഷ്ട്രീയ പശ്ചാത്തലങ്ങളെ മനസ്സിലാക്കുന്നതിന് ഉദാഹരണമായി ഭഗത് സിംഗിൻ്റെ ചരിത്രത്തെ കൊണ്ടുവരികയും ചെയ്താണ് ദാവൂദ് സംസാരിക്കുന്നത് എന്ന് അത് കേൾക്കുന്ന ആൾക്കും മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ്.
എന്നാൽ ഡയലോഗ്പീഡിയക്ക് നൽകിയ വീഡിയോ വിൽ കെ. ടി കുഞ്ഞിക്കണ്ണന്‍ ദാവൂദിനെ പ്രതി പറയുന്നത് നോക്കൂ “ഭഗത് സിംഗിനെ ആഗോളഭീകരവാദത്തിന് ന്യായമായി അവതരിപ്പിക്കുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവ് സി. ദാവൂദ്, ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുന്ന മതരാഷ്ട്രീയത്തിന്‍റെ ആള്‍രൂപമാണ്. ഭഗത് സിംഗിന്‍റെ ജനാധിപത്യ മതേതര ജീവിതത്തെ റദ്ദ് ചെയ്ത് അദ്ദേഹത്തില്‍ നിന്ന് ‘ബോംബ്’ സ്ഫോടനം മാത്രം കണ്ടെടുക്കുന്ന ദാവൂദ് സ്വയം വെളിപ്പെടുകയാണ് ചെയ്യുന്നത് ”
ഭഗത് സിംഗിൽ നിന്ന് അടിസ്ഥാനപരമായി എന്താണ് നമുക്ക് കണ്ടെടുക്കാൻ കഴിയുന്നത്? ലാഹോർ ഗൂഢാലോചന കേസ് എന്നറിയപ്പെടുന്ന പിൽക്കാലത്ത് അദ്ദേഹത്തിൻ്റെ രക്തസാക്ഷിത്വത്തിലേക്ക് വരെ നയിച്ച കാര്യം മധുര വിതരണം നടത്തിയതായിരുന്നില്ല എന്ന് ആർക്കാണറിയാത്തത്? അദ്ദേഹം നടത്തിയ ഹിംസ നീതിയുക്തമായ ഹിംസയായിരുന്നു എന്ന് എന്ത് കൊണ്ടാണ് നമ്മൾ അംഗീകരിക്കുന്നത്?

ഇവിടെയാണ് അടിസ്ഥാന പരമായൊരു ചോദ്യമുദിക്കുന്നത്. ഹിംസ ചെയ്യാനുള്ള അധികാരം ആർക്കാണ് എന്നതാണത്.
തലാൽ അസദ് തന്റെ ‘ഓൺ സൂയിസൈഡ് ബോംബിംഗ്’ എന്ന പുസ്തകത്തിൽ ഉന്നയിക്കുന്ന ഒരു കാര്യമുണ്ട്:
“യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രമല്ല, യൂറോപ്പിലും ഇസ്രായേലിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും ചിലതരം സമകാലിക അക്രമങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ‘തീവ്രവാദം’ എന്ന പദം ഇന്ന് വളരെ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ടാണ്? യൂറോപ്പിലെ മുൻകാലത്തെ വയലന്റ് ഗ്രൂപ്പുകളെല്ലാം ദേശരാഷ്ട്രത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുന്നവരാണെന്നും അതിനാൽ അവർ അകത്തുള്ളവരാണെന്നുമുള്ള ഒരാശയമുണ്ട്. നിലവിലെ എതിരാളികൾ (മുസ്‌ലിം ഭീകരർ) പുറത്തുനിന്നുള്ളവരാണ്-അവർ ലിബറൽ ഡെമോക്രാറ്റിക് സ്റ്റേറ്റിന്റെ പൗരന്മാരോ അത് ഭരിക്കുന്ന പ്രദേശങ്ങളിലെ നിവാസികളോ ആണെങ്കിൽ പോലും. മറുവശത്ത്, ലിബറലുകൾക്ക് അത് എത്ര അപലപനീയമായ അക്രമമായിരുന്നാലും, മാർക്സിസ്റ്റുകളുടെയും ദേശീയവാദികളുടെയും വയലൻസ് പുരോഗമന-മതേതര ചരിത്രത്തിന്റെ അടിസ്ഥാനത്തിൽ മനസ്സിലാക്കാവുന്നതേയുള്ളൂ, എന്നാൽ ഇസ്‌ലാമിക ഗ്രൂപ്പുകളുടെ വയലൻസ് പലർക്കും മനസ്സിലാക്കാൻ കഴിയില്ല, കാരണം അത് ചരിത്രാഖ്യാനത്തിൽ ഉൾക്കൊള്ളാവുന്നതല്ല – ചരിത്രം അതിന്റെ ‘ശരിയായ’ അർത്ഥത്തിൽ. ജനാധിപത്യ രാഷ്ട്രീയത്തോട് ശത്രുത പുലർത്തുന്ന സമഗ്രാധിപത്യ മതപാരമ്പര്യം എന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്ന അക്രമം എന്ന നിലയിൽ, അത് യുക്തിരഹിതവും അന്തർദേശീയ ഭീഷണിയുമാണ്”.
ഇവിടെ ‘ശരിയായ’ ചരിത്രത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ‘സാധുവായ’ ആ വയലൻസ് ഏതാണ്? ആധുനിക ദേശരാഷ്ട്രത്തിന്റെ പൗരർ എന്ന നിലയിൽ ദേശരാഷ്ട്രത്തിന് ‘സാധുവായ’ ആ വയലൻസ് നടത്താം എന്ന് നിർബന്ധിതമായോ അല്ലാതെയോ സമ്മതിക്കുന്നവരാണ് നമ്മൾ. യുദ്ധം, വംശഹത്യ, പ്രത്യാക്രമണം, കലാപം, പ്രതിരോധം എന്നിങ്ങനെ ആരാണ് വ്യത്യസ്ത തരം വയലൻസുകൾക്ക് നാമകരണം ചെയ്യുന്നത് എന്ന് മഹ്‌മൂദ് മംദാനി തന്റെ ‘Saviors and survivors’ എന്ന പുസ്തകത്തിൽ അന്വേഷിക്കുന്നുണ്ട്. ‘പൊളിറ്റിക്സ് ഓഫ് നെയിമിംങ്’ എന്നാണ് അദ്ദേഹം ഈ വ്യവഹാരത്തെ വിളിക്കുന്നത്. അമേരിക്ക തങ്ങളുടെ അഫ്‍ഗാൻ അധിനിവേശത്തെ ‘മാനവിക ഇടപെടൽ’ (Humanitarian intervention) എന്ന് വിളിച്ചതിനെ അദ്ദേഹം ഇവിടെ പ്രശ്‍നവൽക്കരിക്കുന്നുണ്ട്.
ഫലസ്തീനിൽ പോലും ഹമാസടക്കമുള്ള മുസ്‌ലിം ഗ്രൂപ്പുകളുടെ തീർത്തും ന്യായമായ പ്രതിരോധ പ്രവർത്തനങ്ങളെ പോലും അംഗീകരിക്കാൻ കഴിയാത്ത ഒരു പൊതുബോധം രൂപപ്പെടുന്നത് ആഗോള തലത്തിൽ തന്നെ വിപുലമായിട്ടുള്ള 9/11 ന് ശേഷം ശക്തിപ്പെട്ട ഈ ‘നാമകരണത്തിൻ്റെ രാഷ്ട്രീയം ‘ നിലനിൽക്കുന്നത് കൊണ്ടാണ്.
അതിൻ്റെ തുടർച്ചയെന്നോണം അമേരിക്കയുടെ നേതൃത്വത്തിൽ ശക്തിപ്പെട്ട ഭീകരതാ വിരുദ്ധ വ്യവഹാരത്തിൻ്റെ ഭാഷയെ കേരളത്തിൽ അതേ രൂപത്തിൽ ആവർത്തിക്കുകയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐ യുമെല്ലാം ചെയ്യുന്നത്. അത്തരത്തിൽ മുസ്‌ലിം രാഷ്ട്രീയ ചോദ്യങ്ങളെ തീവ്രവാദ വിളികൾ കൊണ്ടും ഭീകരവാദ ആരോപണങ്ങൾ കൊണ്ടും ജ്ഞാനഹത്യ നടത്താനാണ് അവർ ശ്രമിക്കുന്നത്. കാഫിർ സ്ക്രീൻ ഷോട്ടും, പോലീസിൻ്റെ സംഘിവൽക്കരണവും തുടങ്ങിയ വ്യത്യസ്തമായ വിവാദങ്ങളിൽ നിൽക്കക്കള്ളിയില്ലാതെ വരുമ്പോഴും മറ്റുമൊക്കെ മറയാക്കാൻ പിന്നിൽ ജമാഅത്തെ ഇസ്‌ലാമി, പിന്നിൽ ജമാഅത്തെ ഇസ്‌ലാമി എന്നിങ്ങനെ തുടങ്ങി ഇപ്പോൾ മെക് 7 ന് പിന്നിലും ജമാഅത്തെ ഇസ്‌ലാമി എന്ന് പറഞ്ഞ് എൻ.ഐ.എ അന്വേഷണത്തിലേക്ക് വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. വിരോധഭാസമെന്തെന്നാൽ ഈ മെക് 7 ന് ആശംസകൾ അർപ്പിച്ച് കൊണ്ട് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് വന്നിട്ടുണ്ട് എന്നാണ്. പദ്ധതി രൂപരേഖ തന്നെ അദ്ദേഹത്തിൻ്റെ ആശംസ കാർഡിൽ കാണാൻ കഴിയും. വെറുപ്പ് ഉൽപ്പാദിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് ഇസ്‌ലാമോഫോബിയ വളർത്തുന്നവർ മുസ്‌ലിം സമുദായത്തെ ഒറ്റിക്കൊടുക്കുകയും അവർക്കെതിരെയുള്ള വംശഹത്യക്ക് ലെജിറ്റിമസി നൽകുകയുമാണ് ചെയ്യുന്നത്.
അതേ സമയം ഇവിടെ നിർബന്ധമായും പരാമർശിക്കേണ്ടുന്ന ഒരു കാര്യം സമസ്ത എ.പി വിഭാഗത്തിൻ്റെ നേതാക്കളുടെയും പണ്ഡിതന്മാരുടെയും മെക് 7 നുമായി ബന്ധപ്പെട്ട സമീപനമാണ്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്ററോ, മാതൃഭൂമിയിലെ ശഹീദോ മാത്രമല്ല, എപി സമസ്തയിലെ പേരോട് അബ്ദു റഹ്മാൻ സഖാഫിയും മുഹമ്മദലി കിനാലൂരും മെക് 7 ൽ ഗൂഢാലോചന കാണുന്നവരാണ് എന്നതാണ്. മുമ്പ് പൂനൂര് വെച്ച് നടന്ന മെക് 7 പരിപാടിയിൽ സംസാരിച്ച് കൊണ്ട് എപി നേതാവ് അബ്ദുൽ ഹക്കീം അസ്ഹരി; അതിൽ തൻ്റെ അടുത്ത സുഹൃത്തും മർകസ് നോളേജ് സിറ്റിയിലെ ഒരു സ്കൂളിൻ്റെ ഡയറക്ടറുമായ അറക്കൽ മുഹമ്മദാണ് തന്നെ ഈ പരിപാടിക്ക് ക്ഷണിച്ചത് എന്നെല്ലാം വിശദീകരിക്കുന്നുണ്ട്. അഥവാ എപി പശ്ചാത്തലത്തിലുള്ളവരും ഇതിലുണ്ട് എന്ന് സാരം. മാത്രമല്ല വ്യത്യസ്ത സംഘടനകളിലും സമുദായങ്ങളിലും പെട്ടവരെല്ലാം മെക് 7 നോട് സഹകരിക്കുന്നവരായിട്ടുണ്ട് എന്നതാണ് യാഥാർത്ഥ്യം എന്നിരിക്കെ മുസ്‌ലിം പേരുള്ളവർ തുടങ്ങുന്നു, പലയിടങ്ങളിലും അവർ സംഘടിപ്പിക്കുന്നു എന്നത് കൊണ്ട് മാത്രം അതിനെ സംശയത്തിൻ്റെ മുൾമുനയിൽ നിർത്താനുള്ള സാധ്യതയെ ഓൾറെഡി ഇസ്ലാമോഫോബിക്കായ ഒരു പൊതുമണ്ഡലത്തിൽ തുറന്നിട്ടു നൽകി എന്നതാണ് എപി വിഭാഗം നേതാക്കളുടെ ഇതിലെ സംഭാവന. വിഭാഗീയതയും നൈമിഷികമായ നിക്ഷിപ്ത രാഷ്ട്രീയ താൽപര്യങ്ങളും തങ്ങളെ തന്നെ റദ്ദ് ചെയ്യുന്നതാണെന്ന തിരിച്ചറിവ് ഒരു വിഭാഗത്തിന് നഷ്ടപ്പെട്ട് കഴിഞ്ഞാൽ പിന്നെ എന്ത് ചെയ്യാൻ കഴിയും? സമുദായത്തിനകത്ത് നിന്ന് തന്നെ ഇത്തരം അപസർപ്പക കഥകൾക്ക് തിരക്കഥ എഴുതുന്നവർ സംഘ്പരിവാറിൻ്റെ മെഗാഫോണാവുകയാണ് ചെയ്യുന്നത്.
NB : അഞ്ച് ദിവസങ്ങൾക്ക് മുമ്പ് എഴുതിയതായതിനാലും ഉപരിസൂചിത മാധ്യമങ്ങൾക്ക് അയച്ച് കൊടുത്തത് അതേപടി പ്രസിദ്ധീകരിക്കുന്നതിനാലും അതിനിടയിൽ ഉണ്ടായ സംഭവങ്ങളും വിവരങ്ങളും ഈ കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടില്ല.