Campus Alive

റോജ മുതൽ അമരൻ വരെ

DW ഗ്രിഫിത്തിൻ്റെ “ ബെർത്ത് ഓഫ് എ നേഷൻ” (1915) എന്ന സിനിമയെ നിരൂപണം ചെയ്ത് “ദ ന്യൂയോർക്കറിന്” വേണ്ടി റിച്ചാർഡ് ബ്രോഡി എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നത്, ഈ സിനിമയെക്കുറിച്ചുള്ള ഏറ്റവും മോഷപ്പെട്ട കാര്യം അത് എത്ര ഭംഗിയോടെയാണ് നിർമ്മിക്കപ്പെട്ടത് എന്നതാണ്. സിനിമ മുന്നോട്ടുവെക്കുന്ന അപകടകരമായ തീവ്രവംശീയതയും വെറുപ്പും കാണാതെ പോകുന്ന രീതിയിൽ അതിമനോഹരമായി അതിലെ രംഗങ്ങൾ ചിത്രീകരിക്കപ്പെട്ടിരുന്നു. സമാനമായ രീതിയിൽ, നാസി ആശയ പ്രചരണങ്ങൾക്കായി ജർമ്മൻ സംവിധായകനായ ലെനി റെഫൻഷലിൻ്റെ ചില ചലച്ചിത്രങ്ങളെ സംബന്ധിച്ചും റിച്ചാർഡ് ബ്രോഡി അദ്ദേഹത്തിൻ്റെ ലേഖനത്തിൽ ചേർത്തു പറയുന്നത് കാണാം.

ഗംഭീര ഫ്രെയിമുകൾ, സംവിധാനം, പശ്ചാത്തല സംഗീതം, ചിത്രസംയോജനം തുടങ്ങി സാങ്കേതിക മികവ് വർദ്ധിപ്പിക്കുന്നതിലൂടെ പ്രേക്ഷകരെ മുഖ്യ പ്രമേയത്തിൽ നിന്ന് ശ്രദ്ധ മാറ്റി അവതരിപ്പിക്കുന്ന പ്രൊപഗണ്ട സിനിമകൾ ധാരാളമുണ്ട്. ഇന്ത്യൻ സിനിമയിൽ ഈ ടൂൾ ഉപയോഗിച്ച, ഏറെ ആഘോഷിക്കപ്പെട്ട ചലച്ചിത്ര സംവിധായകനാണ് മണിരത്നം. സന്തോഷ് ശിവൻ, രാജീവ് മേനോൻ, പി.സി ശ്രീറാം, ഇളയരാജ, എ.ആർ റഹ്മാൻ തുടങ്ങിയ പ്രഗൽഭ ടെക്നീഷ്യന്മാരെ ഉപയോഗിച്ച് ഏറെ ആസ്വാദ്യകരമായി ചലച്ചിത്രങ്ങളെ പ്രേക്ഷകർക്ക് മുമ്പിൽ തുറന്നിടുമ്പോൾ, അതിലൂടെ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തെ മണ്ണിരത്നം ഉൾച്ചേർക്കുന്നത് പലരും കാണാതെ പോവുന്നുണ്ട്. മറ്റുള്ള സംവിധായകരെ താരതമ്യം ചെയ്യുമ്പോൾ മണിരത്നത്തിൻ്റെ കഥ പറച്ചിൽ കുറച്ചുകൂടി ലളിതമാണ്. എന്നാൽ നേർക്കുനേരുളള ഫാസിസ്റ്റ്, ജാതീയ പ്രൊപഗണ്ട സിനിമകളെക്കാളേറെ അപകടകരമാണ് നിശിതമായ രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന മണിരത്നത്തിൻ്റെ ശൈലി. അതിലൂടെ സംഘ്പരിവാർ അനുകൂല രാഷ്ട്രീയത്തിൻ്റെയും ഹിന്ദുത്വയുടെയും പ്രചാരം അയാൾ സാധ്യമാക്കിയെടുക്കുന്നു.

ഇതിനോടൊപ്പം തന്നെ ചേർത്തു വായിക്കേണ്ട ഒന്നാണ് ദേശ സ്നേഹത്തിൻ്റെ മറപറ്റി തീവ്രദേശീയത ഉത്തേജിപ്പിക്കുന്ന ഇന്ത്യൻ സിനിമകൾ. സൈനികർക്ക് വീര പരിവേഷം നൽകുന്ന, അവരുടെ സന്നദ്ധതയും അർപ്പണബോധവും കേന്ദ്ര പ്രമേയമാക്കി ബയോപ്പിക്ക് ഇനത്തിൽ വരുന്ന സിനിമകൾ ഇതിനുദാഹരണമാണ്. ശിവകാർത്തികേയൻ പ്രധാന കഥാപാത്രമായി അഭിനയിച്ച തമിഴ് ചലച്ചിത്രം അമരനാണ് ഇതിൽ അവസാനത്തേത്.

മേജർ മുകുന്ദിൻ്റെ ജീവചരിത്രം പറയുന്ന അമരനിൽ അയാളുടെ കുടുംബത്തിലൂടെയാണ് കഥ വികസിക്കുന്നത്. വൈകാരികമായ പ്രതിസന്ധികളെ മറികടന്ന് സൈന്യത്തിൽ ചേരാനുള്ള മുകുന്ദിൻ്റെ സന്നദ്ധതയെ സിനിമ പ്രത്യേകം എടുത്തു കാണിക്കുന്നു. പ്രേക്ഷകരെ സിനിമയുമായി വൈകാരികമായി ബന്ധിപ്പിക്കുന്ന ഘടകവും ഇതു തന്നെ. കശ്മീർ പശ്ചാത്തലമായി വരുന്ന സിനിമയിൽ അവിടുത്തെ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികളും നീതി നിഷേധവും മറ്റു സമ്മർദങ്ങളുമെല്ലാം സംവിധായകന് എളുപ്പം മറികടക്കാൻ സാധിക്കുന്നത് ഈ കുടുംബ വൈകാരികതയിൽ കേന്ദ്രീകരിക്കുന്നതിലൂടെയാണ്. അതിനനുസരിച്ചുള്ള അഭിനേതാക്കളുടെ പ്രകടനങ്ങൾ സിനിമയെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

തമിഴ് സിനിമകളിൽ കശ്മീർ വന്നുതുടങ്ങുന്നത് മണിരത്നത്തിൻ്റെ റോജ മുതൽക്കാണ്. സംവിധായകനും സിനിമ നിരൂപകനുമായ രാജേഷ് രാജാമണി Huffpost-നു വേണ്ടി എഴുതിയ ലേഖനത്തിൽ മണിരത്നം സിനിമകളിലെ രാഷ്ട്രീയത്തെ പഠന വിധേയമാക്കുന്നുണ്ട്. റോജ മുതൽ കാട്രുവെളിയിടൈ എന്ന സിനിമ വരെ മണിരത്നം കൈകാര്യം ചെയ്യുന്ന വ്യത്യസ്ത പ്രമേയങ്ങളെ കുറിച്ച് അദ്ദേഹം വിശകലനം ചെയ്യുന്നു. തീവ്ര ദേശീയത, Good Muslim-Bad Muslim സംവർഗ്ഗം, ഇന്ത്യൻ മുസ്ലിമിൻറെ മതേതരവൽക്കരണം തുടങ്ങിയവ അതിൽ ഉൾക്കൊള്ളുന്നു. ഇവയിൽ കശ്മീർ പശ്ചാത്തലമായി വരുന്ന സിനിമകളെ കേന്ദ്രീകരിച്ചാൽ, അതുവരെ കശ്മീരോ അതിൻറെ രാഷ്ട്രീയമോ പൊതുവ്യവഹാരത്തിൽ നിലനിൽക്കാതിരുന്ന പ്രേക്ഷകർക്ക് മുന്നിൽ 1992 ൽ പുറത്തിറങ്ങിയ റോജ സിനിമയിലൂടെ മണ്ണിരത്നം കശ്മീരിനെ അവതരിപ്പിക്കുന്നതിനെ കുറിച്ച് രാജാമണി പറയുന്നത്: “കശ്മീരിനെയും കശ്മീർ പ്രശ്നത്തെയും കുറിച്ച് നിഷ്പക്ഷാഭിപ്രായക്കാരായ ആളുകളിൽ ഉന്മാദ ദേശീയ വികാരങ്ങൾ ജനിപ്പിക്കുന്നതിന് പല വേദികളിലായി ചിത്രം ഉദ്ദേശ്യപൂർവം പ്രദർശിപ്പിക്കപ്പെട്ടു. കശ്മീരിനെ കുറിച്ച് ആവർത്തിച്ച് സിദ്ധാന്തിക്കുന്ന ചിത്രം പക്ഷേ, കശ്മീരികളുടെ സ്വയം നിർണയാവകാശത്തെ അദൃശ്യവത്കരിക്കുന്നു. ഇന്ത്യൻ പതാക തീപിടിക്കാതെ സംരക്ഷിക്കുന്ന നായകന്റെ ഒരു രംഗവും, ദേശക്കൂറിന്റെ പേരിൽ കാശ്മീരികൾക്കെതിരിൽ തിരിയാൻ തമിഴരെ പ്രകോപിപ്പിക്കുന്ന മറ്റൊരു രംഗവും ചിത്രത്തിലുണ്ട്”. ഇങ്ങനെയൊക്കെയാണെങ്കിലും മറുവശത്ത് ഇന്നും പ്രേക്ഷർക്കിടയിൽ റോജ ഹൃദയഹാരിയായി നിലനിൽക്കുന്നത്,” കാതൽ റോജാവെ” “പുതു വെളൈള മഴയ്” തുടങ്ങിയ പാട്ടുകൾക്കൊണ്ടും അതിലെ നായിക നായകൻമാരുടെ പ്രകടനങ്ങൾക്കൊണ്ടുമാണ്.

കൂടാതെ 1998-ല്‍ പുറത്തിറങ്ങിയ ഷാരൂഖാൻ കേന്ദ്ര കഥാപാത്രമായ ദിൽസേ, 2017-ലെ കാട്രുവെളിയിടൈ എന്നീ ചിത്രങ്ങളിലൂടെയും കശ്മീരിനെ മണിരത്നം ഉപയോഗിക്കുന്നതിനെക്കുറിച്ച് രാജാമണി പരാമർശിക്കുന്നുണ്ട്. ഒന്ന്, ദിൽസെയിൽ റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാന നഗരിയെ ആക്രമിക്കാൻ ഒരുങ്ങുന്ന ചാവേർ സംഘത്തിലെ അംഗമായ നായികയെ പരിചയപ്പെടുത്താൻ അസമിൽ കേന്ദ്രീകരിക്കുന്ന കഥാ പരിസരത്തെ പൊടുന്നനെ കശ്മീരിലേക്ക് മാറ്റുന്നതാണ്. രണ്ട്, കാർത്തി നായകനായ തമിഴ് ചിത്രം കാട്രുവെളിയിടൈയിൽ പാക്കിസ്ഥാൻ ജയിലിൽ നിന്ന് രക്ഷപ്പെടുന്ന ഫൈറ്റർ ജെറ്റ് പൈലറ്റായ നായകൻ രക്ഷപ്പെടുന്നതിനിടയിൽ പാക്കിസ്ഥാൻ പതാക ട്രക്കിടിച്ചു കയറ്റി തകർക്കുന്നതാണ്. അതിദേശീയ വികാരം പ്രേക്ഷകരിലേക്ക് ഉത്തേജിപ്പിക്കുന്ന ഇത്തരം രംഗങ്ങൾ നിറഞ്ഞുനിൽക്കുന്ന ഈ സിനിമയുടെ കഥയും വികസിക്കുന്നത് കശ്മീർ കേന്ദ്രമാക്കിയാണ്.

മുസ്‌ലിം എന്ന ഐഡന്‍റിറ്റിയെ കുറിച്ചുള്ള ലിബറല്‍-ഹിന്ദുത്വ ഇടങ്ങളിൽ നിര്‍മിക്കപ്പെട്ടിട്ടുള്ള ഇമേജറികള്‍ (രൂപകങ്ങൾ/മാതൃകകൾ) ഏതു കാലത്തും ആ സമൂഹത്തിനു നേരെ ഉപയോഗിക്കപ്പെടാം എന്നു പറഞ്ഞുവെക്കാൻ ഒരു ഇൻഡ്യന്‍ സിനിമയും ധൈര്യപ്പെടാത്ത വിധം ഹിന്ദുത്വ രാഷ്ട്രീയം നിറഞ്ഞാടുന്ന ഒരു കാലഘട്ടത്തില്‍ തന്നെയാണ് അമരൻ സിനിമയും റിലീസ് ആവുന്നത്. മണിരത്ന സിനിമികളിലെ ആവിഷ്കാര ശൈലി അമരനിലും പ്രകടമാണ്. പ്രണയം, വിവാഹം, ഭാര്യ-ഭർതൃ ബന്ധത്തിലെ വൈകാരികത, കുടുംബം തുടങ്ങിയ ഘടകങ്ങൾ മുന്നിൽ വെച്ച് കൊണ്ടാണ് അമരനും കാണികൾക്കിടയിൽ എറെ പ്രിയങ്കരമാവുന്നത്. എന്നാൽ “ദിസ് ഈസ് ദ ഫേസ് ഓഫ് ഇന്ത്യൻ ആർമി” എന്ന് പറയാനായി നായകൻ ആക്രോഷിക്കുന്ന ഇടത്തു നിന്ന് തന്നെ അതിദേശീയതയുടെ പ്രതിഫലനം അതിന് കൈവരുന്നതായി മനസ്സിലാക്കാം.കൂടാതെ സഹസൈനികരെ ഉത്തേജിപ്പിക്കുന്നതിനായി ‘ജയ് ബജ്റംഗ് ബലി’ എന്ന തീവ്ര ഹിന്ദു മുദ്രാവാക്യത്തെ ദേശീയ മുദ്രാവാക്യമായി ചിത്രീകരിക്കുന്നത്, ജി. അലോഷ്യസ് തൻ്റെ ‘Nationalism without a nation in India’ എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്നത് പോലെ; ബ്രാഹ്മണ്യത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ദേശീയതയുടെ വ്യവഹാരങ്ങൾക്ക് ശക്തി പകരുന്നതായാണ്. ഇന്നും വരേണ്യ ഭാവനകളിൽ ഒതുങ്ങിക്കൂടുന്ന ഇന്ത്യൻ ദേശീയ ബോധത്തെ പ്രചോദിപ്പിക്കുന്നതാണ് ‘ജയ് ബജറംഗ് ബലി’ പോലുള്ള മുദ്രാവാക്യങ്ങൾ. അതിൻറെ പ്രയോഗവും പ്രയോക്താക്കളും ദേശ-ദേശസ്നേഹത്തിന്റെ ആളുകളും, വിമർശകർ/എതിർക്കുന്നവർ അപരന്മാരും ദേശവിരുദ്ധരും ആയിത്തീരുന്നു. കശ്മീരിനെയും കശ്മീരികളെയും ആസാദി മുദ്രാവാക്യങ്ങളെയും അപരസ്ഥാനത്തു നിർത്താൻ തന്നെയാണ് അമരൻ സിനിമയും ശ്രമിക്കുന്നത്.

ആസാദി മുദ്രാവാക്യമാണ് അമരൻ സിനിമയിലെ മറ്റൊരുദാഹരണം. 2016 ജൂലൈയിൽ ജനകീയ വിമത കമാൻഡർ ബുർഹാൻ വാനിയുടെ കൊലപാതകത്തെ തുടർന്നുണ്ടായ നാലുമാസം നീണ്ടുനിന്ന സിവിലിയൻ പ്രക്ഷോഭത്തിൽ ആസാദി മുദ്രാവാക്യങ്ങളും ഗാനങ്ങളും നിറഞ്ഞു നിന്നിരുന്നു. ഈ സംഭവത്തെ സിനിമയിൽ അവതരിപ്പിക്കുന്നത് തികച്ചും തെറ്റിദ്ധാരണാജനകമായാണ്. കൂടാതെ മറ്റു പലയിടങ്ങളിലുമുള്ള ഈ മുദ്രാവാക്യത്തിൻ്റെ ഉപയോഗവും പ്ലേസിങും കശ്മീരിനെ വീണ്ടും പൈശാചികവൽക്കരിക്കുന്ന സ്വഭാവത്തിൽ ചിത്രീകരിക്കുന്നത് കാണാം. ബുർഹാൻ വാനിയെന്ന വിമത കമാൻഡർക്ക് പ്രതിനായക പരിവേഷം നൽകുമ്പോഴും “ഒരു ദേശത്തിൻ്റെ സ്വാതന്ത്ര പോരാളി മറ്റൊരു ദേശത്തിൻ്റെ തീവ്രവാദി” എന്ന് അയാളുടെ അച്ഛൻ കഥാപാത്രത്തിലൂടെ സിനിമ പറഞ്ഞുവെക്കുന്നുണ്ട്. ഇവിടെ കശ്മീരികൾക്ക് എന്താണ് ആസാദി, ഈ മുദ്രാവാക്യങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത് എന്ന് മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

കശ്മീർ താഴ്‌വരയിലെ ഒരു രാഷ്ട്രീയ മുദ്രാവാക്യമെന്ന നിലയിൽ ആസാദി എന്ന പദം ആദ്യകാലങ്ങളിൽ തന്നെ കശ്മീരി കവികളുടെ കവിതകളിൽ കണ്ടെത്താൻ സാധിക്കുന്നുണ്ട്. മെഹ്‌ജൂർ എന്നറിയപ്പെടുന്ന ഗുലാം അഹമ്മദ് ഷാ, 1947-ൽ സ്വാതന്ത്ര്യ സങ്കൽപ്പത്തെ ആക്ഷേപഹാസ്യമാക്കാൻ ‘ആസാദി’ എന്ന കവിത എഴുതി താഴ്‌വരയുടെ രാഷ്ട്രീയ അഭിലാഷത്തിൻ്റെ രൂപകമായി ഈ പദം എങ്ങനെ വേരൂന്നിയെന്നും പ്രതിഫലിപ്പിക്കുന്നുണ്ട്. എന്നാൽ ഇന്ന് കശ്മീരിൽ ഭരണകൂടം നടത്തുന്ന അക്രമങ്ങൾക്കെതിരായ പ്രതിഷേധങ്ങളിലുടനീളം പ്രതിധ്വനിക്കുന്ന ഒന്നാണ് ആസാദി മുദ്രാവാക്യം. ഇത് കശ്മീരി ജനതയുടെ കൂട്ടായ അഭിലാഷത്തെയും അധിനിവേശത്തിനും അടിച്ചമർത്തലിനുമെതിരായ അവരുടെ ദശാബ്ദങ്ങൾ നീണ്ട ചെറുത്തു നിൽപ്പിനെയും സംഗ്രഹിക്കുന്നു. പ്രതിസന്ധി നിറഞ്ഞുനിൽക്കുന്ന മേഖലയിൽ ഇന്ത്യൻ ഭരണത്തെ അപലപിക്കുന്നതിനുള്ള പ്രതീകാത്മകമായ ആവിഷ്‌കാരമായി ഇത് മാറിയിരിക്കുന്നു. കശ്മീരിൻ്റെ അർദ്ധ സ്വയംഭരണ പദവി റദ്ദാക്കിയതോടെ കശ്മീരിനെ കുടിയേറ്റ കൊളോണിയലിസത്തിൻ്റെ അവസാന ഘട്ടത്തിലേക്ക് തള്ളിവിടുന്ന സാഹചര്യത്തിലും മുദ്രാവാക്യത്തിൻ്റെ ഭാഷയും വരികളും മാറിക്കൊണ്ടിരിക്കുന്നുണ്ടെങ്കിലും വിമോചനം, സ്വാതന്ത്ര്യം എന്ന സന്ദേശം അതേപടി അതിൽ നിലനിൽക്കുന്നു.

ആസാദിക്ക് പല തട്ടിലുള്ള അർത്ഥങ്ങളുണ്ട്, ഹിമാലയൻ താഴ്‌വരയിലെ ജനങ്ങൾക്ക് സ്വാതന്ത്ര്യം എന്താണെന്നതിൻ്റെ വ്യത്യസ്തമായ വിവരണങ്ങൾക്കിടയിൽ കശ്മീരികളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ പരിശോധിക്കുന്നതിൽ അതിൻ്റെ വ്യാഖ്യാനങ്ങൾ പലപ്പോഴും ഒരു കേന്ദ്രബിന്ദുവായി മാറിയിട്ടുണ്ട്. കശ്മീരിലെ എട്ട് ദശലക്ഷം ജനങ്ങൾക്ക് ആസാദിയുടെ അർത്ഥം സാമാന്യവൽക്കരിക്കാൻ കഴിയില്ലെങ്കിലും അതിൻ്റെ രൂപരേഖ വരയ്ച്ചു വെക്കാൻ കഴിയുന്നുണ്ട്. ഈ വാക്കുകളുടെ അർത്ഥങ്ങൾ പ്രധാനമായും ഇന്ത്യൻ ഭരണത്തിൽ നിന്നുള്ള സമ്പൂർണ്ണ വിമോചനമായി തുടരുന്നു. പലർക്കും ഇത് പാകിസ്ഥാൻ്റെ ഭാഗമാകാനുള്ള അല്ലെങ്കിൽ സമ്പൂർണ്ണ പരമാധികാരം നേടാനും ദക്ഷിണേഷ്യയിൽ ഒരു സ്വതന്ത്ര രാഷ്ട്രം രൂപീകരിക്കാനുമുള്ള ആഗ്രഹം കൂടിയാണ്.

ആസാദി മുദ്രാവാക്യം കശ്മീരിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. പാക്കിസ്ഥാനിലെ വനിതാ പ്രസ്ഥാനങ്ങൾ, ജവഹർലാൽ നെഹ്‌റു യൂണിവേഴ്സിറ്റി പോലുള്ള ഇന്ത്യൻ സർവ്വകലാശാലകളിലെ വിദ്യാർത്ഥി പ്രതിഷേധങ്ങൾ, ഇന്ത്യയിലെ വിവേചനപരവും ഇസ്ലാമോഫോബിക്കുമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ മാസങ്ങൾ നീണ്ട പ്രതിഷേധങ്ങളിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. ഫലസ്തീനെ പിന്തുണച്ചും ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ അമേരിക്കൻ സർവ്വകലാശാലകളുടെ പങ്കാളിത്തത്തിനെതിരായും കൊളംബിയ യൂണിവേഴ്സിറ്റിയിലെ ദക്ഷിണേഷ്യൻ വിദ്യാർത്ഥികൾ ഈ മുദ്രാവാക്യം ഉപയോഗിച്ചിരുന്നു. ഈ മുദ്രാവാക്യത്തെ ഇന്ത്യൻ ഭരണകൂടം സംശയത്തോടെയാണ് വീക്ഷിക്കുന്നത്, ഡൽഹി പോലുള്ള നഗരങ്ങളിൽ അതിൻ്റെ മുഴക്കം പലപ്പോഴും അക്രമത്തിന് വിധേയമാകാറുമുണ്ട്.

അമരനിലേക്ക് തിരിച്ചു വന്നാൽ തീവ്രദേശീയത പ്രചരിപ്പിക്കുന്നതിനായി ആസാദി മുദ്രാവാക്യങ്ങളും പ്രയോഗങ്ങളും കൃത്യമായി മനസ്സിലാക്കാതെയാണ് ഉപയോഗിക്കുന്നതെങ്കിൽ, ആർട്ടിക്കിൾ 370 നൽകുന്ന പ്രത്യേക പരിഗണനയാണ് കശ്മീരിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾക്ക് കാരണം എന്ന് തെറ്റിദ്ധരിപ്പിക്കുന്ന കശ്മീർ ഫയൽസ് പോലുള്ള മറ്റൊരു പ്രൊപഗണ്ട സിനിമ മാത്രമായി അതും മാറും. കാശ്മീരിനെതിരെ നടക്കുന്ന കടന്നു കയറ്റങ്ങളും ഇന്ത്യൻ സൈന്യം നടത്തുന്ന കൂട്ടകൊലകളും ലൈംഗികാതിക്രമങ്ങളും തിരഞ്ഞടുപ്പ് ക്രമക്കേടുകളും സംഘപരിവാർ സംഘടനകളും പ്രസ്ഥാനങ്ങളും അഴിച്ചുവിടുന്ന വംശീയ പ്രചരണങ്ങളുമൊക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്താതെ പോവുകയും ചെയ്യും.മാത്രമല്ല, വെളുത്തവർ നായകരും കറുത്തവർ പ്രതിനായകരുമായി അവതരിപ്പിക്കപ്പെട്ടതിൽ, ചരിത്രം ഇന്നോളം കണ്ടതിൽ വെച്ച് ഏറ്റവും വംശീയമായി കഥ പറഞ്ഞ ‘ദ ബെർത്ത് ഓഫ് എ നേഷൻ്റെ‘ അണിയറ പ്രവർത്തകർ പിന്നീട് ക്ഷമാപണം നടത്തുന്നുണ്ട്. അതുപോലെ അമരൻ വരെ എത്തി നിൽക്കുന്ന ഇനിയും തുടരുന്നതുമായ ഇന്ത്യൻ പ്രൊപഗണ്ട സിനിമകളുടെ ഇരകൾ ഇത്തരത്തിലൊരു ക്ഷമാപണം അർഹിക്കുന്നുമുണ്ട്.

അമീൻ നാസിഹ്