ബാബറി മസ്ജിദിനെ വെറുമൊരു കെട്ടിടമോ ആരാധനാലയമോ ആയി മനസ്സിലാക്കുന്നത് അപൂർണമെന്ന പോലെ തന്നെ ഹിംസാത്മകവുമാണ്. മതേതര ഇന്ത്യയിൽ, കാര്യമായ പ്രതിഷേധങ്ങളൊന്നുമില്ലാതെ, വെറും നുണകളെ മാത്രം ആധാരമാക്കിക്കൊണ്ട്, മുസ്ലിം വിരോധത്തിന്റെ പാരമ്യതയിൽ നിന്ന് തകർക്കപ്പെട്ടതാണ് ബാബറി. അതോടൊപ്പം തകർന്നത് മതേതര ഇന്ത്യയെന്ന പൊള്ളയായ നിർമിതിയും. ഇന്ത്യയുടെ ശക്തമായ ഭരണഘടനയ്ക്കും മുകളിൽ രാജ്യത്തെമ്പാടും മുസ്ലിങ്ങളെ അപരവൽക്കരിച്ച് വേട്ടയാടുന്ന ബ്രാഹ്മണ്യമെന്ന പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപനമാണ് രാമപ്രതിഷ്‌ഠയിലൂടെ നടക്കുന്നത്. ഇതിന്റെ പ്രാധാന്യത്തെ മറക്കുക എന്നത് ഈ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ദളിത്, പിന്നോക്ക വിഭാഗങ്ങളെ സംബന്ധിച്ച് ആത്‍മഹത്യാപരമാണ്. കാരണം ബാബറി മസ്ജിദ് തകർത്തത് എല്ലാത്തിനെയും മറവിയിലാക്കി തങ്ങളുടെ മർദ്ദക അജണ്ടകളെ നടപ്പിലാക്കുന്ന ബ്രാഹ്മണ്യമാണ്. ഈ അധീശത്വ ബോധമാണ് നമ്മെ ബാധിച്ചിരിക്കുന്ന കാൻസർ. ബാബറി മസ്ജിദ് തകർത്ത മർദ്ദകർ ഇന്ത്യൻ ഭരണഘടനയുടെ നേരെ, ജനാധിപത്യത്തിനു നേരെ പരിഹസിച്ചു ചിരിക്കുകയാണ്.
ദളിത്, ബഹുജനങ്ങളെ നൂറ്റാണ്ടുകളായി അടിമത്തത്തിലാക്കിയിരിക്കുന്ന പ്രത്യയശാസ്ത്രമായ ബ്രാഹ്മണ്യം ഇന്നും പല രീതിയിൽ ഉപദ്രവിച്ചു കൊണ്ടേയിരിക്കുകയാണ്. നമ്മുടെ ബോധ്യങ്ങളെ, അഭിരുചികളെ, ലോകവീക്ഷണങ്ങളെ എല്ലാം ബ്രാഹ്മണ്യമാണ് നിയന്ത്രിക്കുന്നത് എന്നത് തിരിച്ചറിയാൻ പോലും പ്രാപ്തിയില്ലാത്തവരാകുന്നു വലിയൊരു വിഭാഗം ജനതയും. തങ്ങളുടെ ദുരിത പൂർണമായ അവസ്ഥകളിൽ അവർ ഹിന്ദുവെന്ന താത്കാലിക സംജ്ഞയിൽ, അതിന്റെ മരീചിക കണക്കെയുള്ള കാഴ്ചകളിൽ അഭിരമിച്ചു പോകുന്നു. അവരെ നയിച്ച, അവരിൽ നിന്ന് തന്നെ ഉയർന്ന വന്ന മഹാത്മാക്കൾ അവർക്ക് പകർന്നു കൊടുത്ത വെളിച്ചത്തെ പോലും പല വിധ അധികാര പ്രയോഗങ്ങളിലൂടെ ബ്രാഹ്മണ്യം കെടുത്തിക്കളയുന്നു. മറവിയെ ആയുധീകരിച്ച് എന്തിനും ഏതിനും അധീശത്വ നിർവചനങ്ങൾ കൊടുത്ത് കൊണ്ടാണ് ബ്രാഹ്മണ്യം മുന്നേറുന്നത്. അതിനാൽ തന്നെ ഓർമിക്കുക എന്നത് ബ്രാഹ്മണ്യത്തിനെതിരെയുള്ള പ്രതിരോധമാണ്.
ഇന്ത്യയുടെ ചരിത്രം തന്നെ ബ്രാഹ്മണ്യവും ബുദ്ധിസവും തമ്മിലുള്ള സംഘർഷങ്ങളുടെ ചരിത്രമാണെന്ന്
ഡോ. ബി.ആർ. അംബേദ്കർ നിരീക്ഷിച്ചിട്ടുണ്ട്. ബ്രാഹ്മണ്യത്തിന്റെ അതിനീചത്വങ്ങൾക്കെതിരെ, മാനുഷികവിരുദ്ധമായ മൂല്യങ്ങൾക്കെതിരെ നിലകൊണ്ട ഒന്നായിരുന്നു ബുദ്ധിസം. ഇന്ന് പൊതുജനങ്ങൾക്ക് ബുദ്ധമതം ഇവിടെ ഉണ്ടായിരുന്നോ എന്നു പോലും വിശ്വസിക്കാൻ, ഇവിടെയുള്ള മഹത്തരമായ പലതും ബുദ്ധ മതത്തിന്റെ സംഭാവനകൾ ആണെന്ന് വിശ്വസിക്കാനോ ബുദ്ധിമുട്ട് കാണും. ഇതൊക്കെ തന്നെ നാമാവശേഷമാക്കിയത് ബ്രാഹ്മണ്യമാണ്. അത്യന്തം നീചമായ വഴികളിലൂടെ ബൗദ്ധരേ ഇല്ലാതാക്കിയും അവരുടേതായ സംഭാവനകൾ തങ്ങളുടെ പേരിലാക്കിയും ബ്രാഹ്മണ്യം അധീശത്വം ഉറപ്പ് വരുത്തി.
വൈവിധ്യങ്ങളുടെ ഇന്ത്യയിൽ ഇതേ പോലെ അനേകം തനത് സാംസ്കാരികതകളെ ബ്രാഹ്മണ്യം തങ്ങൾക്ക് കീഴിൽ കൊണ്ട് വന്നു; പലതിനെയും ഇല്ലായ്മ ചെയ്തു. എത്രയോ സാംസ്കാരികതകളും ദൈവശാസ്ത്ര പദ്ധതികളും കൈമുതലായുള്ള ദളിത്, ബഹുജനങ്ങളുടെ സ്വത്വങ്ങളെ പൈശാചികവത്കരിച്ച് ഹിന്ദു എന്ന സവർണരുടെ ഇടുങ്ങിയ സ്വത്വത്തിലേക്ക് ചുരുക്കി. അവരുടെ ദൈവങ്ങളെ രാമൻന്റെയും കൃഷ്ണന്റെയും അവതാരങ്ങൾ ആക്കി മാറ്റി ആത്മീയമായ അടിമത്തം ഉറപ്പാക്കി. ഹിന്ദു എന്ന ലേബലിൽ വർണബാഹ്യരായ മനുഷ്യരെ ഏകീകരിക്കാനുള്ള മാർഗമായി ഹിന്ദു എന്നതിന് പുറത്ത് മുസ്ലിം എന്ന അപരനെയും സൃഷ്ടിച്ചു. വിദ്യാഭ്യാസമായിക്കോട്ടെ, രാഷ്ട്രീയമായിക്കോട്ടെ, മറ്റേത് പൊതു തലങ്ങളുമായിക്കോട്ടെ, അവിടെയെല്ലാം ഈ ബ്രാഹ്മണ്യ അധിനിവേശത്തിന്റെ ചരിത്രത്തെ അദൃശ്യവത്കരിച്ചിരിക്കുകയാണ്. അതിനാൽ തന്നെ ഇന്ത്യയിലെ വലിയ വിഭാഗം വരുന്ന ജനത തങ്ങളുടെ അടിമത്തത്തെ പറ്റി അറിയുന്നു പോലുമില്ല. അവർ അവരുടെ ദുരിതപൂർണമായ അവസ്ഥകൾക്ക് അധീശത്വ ബോധം ചൂണ്ടിക്കാണിച്ചു തരുന്ന പലതിനെയും പഴിക്കുന്നു. അവരുടെ കുഴപ്പമായിട്ടോ അല്ലെങ്കിൽ അവരെ പോലെ ദുരിതമനുഭവിക്കുന്നവരുടെ കുഴപ്പമായിട്ടോ അത് മനസിലാക്കപ്പെടുന്നു.
അധീശത്വമുറപ്പിക്കാൻ ബ്രാഹ്മണ്യത്തിന് തങ്ങളിൽ നിന്ന് വിഭിന്നമായി നിൽക്കുന്ന എന്തിനെയും തങ്ങളിൽ ലയിപ്പിക്കേണ്ടത് അത്യാവശ്യമാണ്. മുസ്ലിങ്ങളുടെ സാംസ്കാരികമായിട്ടുള്ള ഓരോന്നിനെയും ഇല്ലാതെയാക്കി, അവരുടേതായ എല്ലാത്തിലും തങ്ങളുടെ അവകാശവാദമുന്നയിച്ച് ഓരോന്നായി ബ്രാഹ്മണ്യം പിടിച്ചടക്കാനുള്ള ശ്രമമാണ്. ഇപ്പോൾ തന്നെ പൊതുജനങ്ങൾ ബാബറി മസ്ജിദ് മറന്നു കഴിഞ്ഞ മട്ടാണ്. ചർച്ച ഇപ്പോൾ രാമക്ഷേത്രത്തെക്കുറിച്ചു മാത്രം. സുപ്രീം കോടതി മുതൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ എല്ലാ തൂണുകളും അത് സാധ്യമാക്കുന്നു. വ്യാജമായി നിർമിക്കപ്പെട്ട രാമജന്മഭൂമി അവകാശ വാദങ്ങളും, തെളിവുകളും യാതൊരു സംശയവും കൂടാതെ സ്വീകരിച്ച പൊതുബോധം ഇന്ത്യൻ മതേതരത്വം എന്നത് വെറും ഹിന്ദു ദേശീയത ആണെന്ന് തെളിയിക്കുന്നു. സംഘർഷമൊഴിവാക്കാൻ വേണ്ടിയാണ് ബാബറി മസ്ജിദിന് എതിരായ വിധി പുറപ്പെടുവിച്ചത് എന്നു യാതൊരു പ്രശ്നവുമില്ലാതെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പറയുമ്പോൾ മതേതരത്വത്തെ കുറിച്ച് ആർക്കും യാതൊരു ആശങ്കയില്ലാത്തതും അതു കൊണ്ട് തന്നെ. ഇത്തരത്തിൽ പൂർണമായും ഇരുളടഞ്ഞ ഒരു ഭാവിയിലേക്ക് ആണ് നമ്മൾ പോകുന്നത്.
പലരും ഇതിനെ ഒരു ‘മുസ്ലിംവിഷയമായി’ മാത്രം കണ്ട് താത്കാലികമായി കിട്ടുന്ന ‘ഹിന്ദു’പ്രാധാന്യത്തിൽ ബ്രാഹ്മണ്യത്തെ മറക്കുന്നു. ഒരു ക്ലാസിൽ സ്ഥിരമായി ഉപദ്രവിക്കപ്പെടുന്ന കുട്ടി, തത്കാലത്തേക്കെങ്കിലും വേറൊരു ഇരയോട് അത്തരത്തിൽ ചെയ്യുന്നത് കാണുമ്പോൾ സ്വയം മറന്നു ചിരിക്കുന്നത് പോലെയാണ് ഇത്. വർണബാഹ്യരായ ദളിത്, ബഹുജൻ മനുഷ്യരെ രാമൻ എന്ന ബ്രാഹ്മണ്യ ബിംബത്തിലൂടെ ഹിന്ദു എന്ന വ്യാജ ഐക്യബോധ്യത്തിൽ കൊണ്ടു വന്ന് ഹിന്ദുവിന് കിട്ടുന്നതെല്ലാം തങ്ങൾക്ക് ആണെന്ന ധാരണയിൽ എത്തിക്കുന്നു. വർണബാഹ്യരേ ഹൈന്ദവവത്കരിക്കുന്നതിലൂടെ, അതിന് കീഴിൽ അണി നിരത്തുന്നതിലൂടെ, ജാതിയെന്ന ഇന്ത്യൻ യാഥാർത്ഥ്യത്തെ അദൃശ്യവൽക്കരിക്കുന്നതിലൂടെ, ഹിന്ദുവിന്റെ അവകാശങ്ങളെക്കുറിച്ചു മാത്രം ഓർത്താൽ മതി എന്നു ധരിപ്പിക്കുന്നു. അവരെ
ക്ഷേത്രങ്ങളിൽ കയറ്റാതിരുന്നവർ ഇന്ന് അവിടെയെല്ലാം കയറ്റുന്നുവെന്നു നടിച്ച്, അതേ സമയം അധികാര സ്ഥാനങ്ങളിൽ നിന്ന് അകറ്റി നിർത്തിക്കൊണ്ടാണ് തങ്ങളുടെ ആധിപത്യമുറപ്പിക്കുന്നത്.
ലോകത്ത് മറ്റുള്ള ഇടങ്ങളിലും മർദ്ദകർ ചെയ്തിട്ടുള്ളതും ചെയ്യുന്നതും ഇത് തന്നെയാണ്. ഗസയിൽ നടക്കുന്നത് സാമ്രാജ്യത്വത്തിന്റെ അടിച്ചമർത്തലാണ്. യൂറോപ്പിൽ നിന്നും വന്നവർ തങ്ങളുടെ പുസ്തകത്തിലെ ‘വാഗ്ദത്ത ഭൂമി’ തങ്ങൾക്ക് വേണമെന്നു പറഞ്ഞാണ് ആ നാട്ടിലെ തനത് മനുഷ്യരെ, തദ്ദേശീയരെ മുഴുവൻ കൊന്നൊടുക്കുന്നത്. ഭീകരമായ സാമ്രാജ്യത്വ പദ്ധതിയെ പ്രതിരോധിക്കുന്ന പലസ്റ്റീനിലെ മനുഷ്യരെ നിറകണ്ണുകളോടെ, നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ ഇവിടെയുള്ള മർദ്ദിതർക്ക് കഴിയുന്നുള്ളൂ. ഇത്തരത്തിൽ മതത്തെയും, വിശ്വാസത്തെയും സംസ്കാരത്തെയും മറ്റ് എന്തിനെയും ദുരൂപയോഗിച്ചു കൊണ്ട് മർദ്ദകർ തങ്ങളുടെ ലക്ഷ്യം നടപ്പിലാക്കും.
ഇന്ത്യയുടെ മർദ്ദകരിൽ നിന്ന്, ബ്രാഹ്മണ്യത്തിൽ നിന്ന്, ഇന്ത്യയുടെ മോചനം ഇന്നത്തെ രീതിയിൽ കാണുന്ന പോലെയെങ്കിലും സാധ്യമാക്കിയ ഓരോ മഹദ് വ്യക്തിത്വങ്ങളും ബ്രാഹ്മണ്യത്തിനെതിരാണ് പോരാടിയത്. അവരെ ആഘോഷിക്കുന്ന തിരക്കിൽ അവർ പറഞ്ഞതും ചെയ്തതും നമ്മൾ മറക്കുന്നു. പൊതുമണ്ഡലത്തിൽ അവർ ചെയ്തതിനെ മർദ്ദകർ മൂടി വെക്കുകയും ചെയ്യുന്നു. മർദ്ദകഭാഷ്യത്തെ അംഗീകരിക്കുന്നവയെ, അവയെ സാധൂകരിക്കുന്നവയെ മാത്രം മുഖ്യധാരയിൽ പുറത്തു വരാൻ അനുവദിക്കുന്നു. ഹിന്ദുവായി ജനിച്ചു പോയെങ്കിലും ഹിന്ദുവായി മരിക്കില്ല എന്നു പ്രഖ്യാപിച്ചു കൊണ്ട് ബുദ്ധമതത്തെ സ്വീകരിച്ച ഡോ. ബി. ആർ. അംബേദ്കറിനെ പോലും ഹിന്ദുമത പരിഷ്കർത്താവായി ബ്രാഹ്മണ്യം പൊതുമധ്യത്തിൽ വെയ്ക്കുന്നു.
നമ്മുടെ സമൂഹ മനസിനെ അധീശത്വ ബോധമായും, നമ്മുടെ രാജ്യത്തെ ഒലിഗാർക്കി ആയും ഭരിക്കുന്ന ബ്രാഹ്മണ്യത്തെ മറക്കാൻ ഉള്ള പ്രിവിലേജ് ഇവിടുത്തെ ഭൂരിപക്ഷം ജനതയ്ക്ക് ഇല്ല. ബാബറി മസ്ജിദിനെ നമ്മൾ മറന്നാൽ അത് നമ്മളെ തന്നെ മറക്കുന്നതിന് സമമാണ്. നൂറ്റാണ്ടുകളായി അവിടെ നിലനിന്നിരുന്ന പള്ളി തകർന്നതല്ല, നുണകൾ പറഞ്ഞു തകർത്തതാണ്. അത് ഓർമിച്ചു കൊണ്ടേയിരിക്കേണ്ടത് അത്യാവശ്യമാണ്. ചരിത്രത്തിൽ നിന്നും പഠിക്കാനുള്ളതും ഇതാണ്.