Campus Alive

വംശഹത്യ, ലിംഗനീതി: ഫലസ്തീനിയൻ സ്ത്രീകളുടെ ചെറുത്തുനിൽപ്പും പാശ്ചാത്യൻ സ്ത്രീപക്ഷവാദത്തിന്റെ പൊള്ളത്തരവും

ഗസ്സ നഗരത്തിനു നേരെയുള്ള ഇസ്രായേലീ ആക്രമണങ്ങൾ ഫലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുകയാണ്. ഇസ്രായേലെന്ന രാഷ്ട്രത്തിന്റെ വംശഹത്യാ അജണ്ടയുടെ ഭാഗമാണ് ഈ ആക്രമണങ്ങൾ. അറബ് മാധ്യമങ്ങൾ ദിനേന റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പാശ്ചാത്യൻ മാധ്യമങ്ങൾ അവഗണിക്കുകയോ അല്ലെങ്കിൽ നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്ന ഫലസ്തീനിയൻ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള ഈ ഹിംസകൾ യുദ്ധത്തിന്റെ ഭാഗമായി അപ്രതീക്ഷിതമായുണ്ടായതോ അല്ലെങ്കിൽ ഇസ്രായേൽ സൈന്യത്തിന് നിർഭാഗ്യവശാൽ സംഭവിച്ച പിഴവോ അല്ല. ഇസ്രായേലിന്റെ വംശഹത്യാ താൽപര്യം ഇസ്രായേൽ രാഷ്ട്രീയ നേതൃത്വം തന്നെ വളരെ വ്യക്തമായി പലവുരു പ്രഖ്യാപിച്ചിട്ടുള്ളതാണ്. ഫലസ്തീനിയൻ സ്ര്തീകളെ സവിശേഷമായി ഉന്നം വെക്കുന്നത് അതിന്റെ ഭാഗമാണ്. ഗസ്സയുടെ കാര്യമെടുത്താൽ, സ്ത്രീകളും കുട്ടികളും ധാരാളമായി അഭയാർത്ഥികളായുള്ള ഇടങ്ങൾ ഇസ്രായേൽ തിരഞ്ഞുപിടിച്ച് ബോംബു വർഷിക്കുന്നുണ്ട്. ഇവ കേവലം വീഴ്ച്ചകളല്ല, മറിച്ച് മനഃപൂർവ്വമുള്ള ചെയ്തികളാണ്.

ഒരു കൊളോണിയൽ കുടിയേറ്റ സമൂഹത്തിന്റെ സുസ്ഥിരത കോളനിവൽകൃത ജനതയുടെ ചെറുത്തുനിൽക്കാനും ഭാവി തലമുറയെ സൃഷ്ടിക്കാനുമുള്ള അവരുടെ ശേഷിയെ എത്രത്തോളം തകർക്കാൻ കഴിയും എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. സ്ത്രീകൾക്ക് മേൽ നിയന്ത്രണം സ്ഥാപിക്കുക എന്നത് ഈ പ്രക്രിയയിൽ നിർണായകമാണ്. ഇതാണവരുടെ ലക്ഷ്യമെന്ന കാര്യം ഇസ്രായേൽ നേതൃത്വം തന്നെ പരസ്യപ്പെടുത്തുകയും ചെയ്തിട്ടുള്ളതാണ്. ഫലസ്തീനിയൻ സ്ത്രീകളുടെ സന്താനങ്ങളെ “കുട്ടിപ്പാമ്പുകൾ” എന്നു വിളിച്ചുകൊണ്ടുള്ള അയേലത് ഷാക്കേദിന്റെ പ്രസ്താവന ഫസ്തീൻ സ്ത്രീകളെ ഉന്മൂലനം ചെയ്യാനുള്ള വ്യക്തമായ ആഹ്വാനമായിരുന്നു[1]: “പാമ്പുകളെ ഊട്ടിവളർത്തുന്ന ഭൗതിക ഭവനങ്ങൾ ഇല്ലാതായ പോലെ തന്നെ അവരും ഇല്ലാതാവണം. അല്ലാത്ത പക്ഷം കൂടുതൽ കുട്ടിപ്പാമ്പുകൾ അവിടെ നിന്ന് വളർന്നു വരും,” അവർ പറയുന്നു.[2] പിന്നീട് 2015-ൽ ഇതേ സ്ത്രീ നീതിന്യായ വകുപ്പ് മന്ത്രിയായി നിയമിതയായി. 2013-ൽ ഫലസ്തീനികൾ “മനുഷ്യരല്ലെന്ന്” പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഇസ്രായേൽ സഹപ്രതിരോധകാര്യ മന്ത്രി ദഹാൻ ഫലസ്തീനികളെ “ജന്തുക്കൾ” എന്നാണ് അഭിസംബോധന ചെയ്തത്[3]. പത്തു വർഷങ്ങൾക്ക് മുന്നെയാണീ പ്രസ്താവന. ഉന്നത രാഷ്ട്രീയ സ്ഥാനങ്ങളിലിരിക്കുന്ന ഔദ്യോഗിക വ്യക്തിത്വങ്ങളുടെ വാക്കുകളായിരുന്നു ഇവയൊക്കെയും.

ഗോൾഡ മെയ്ർ, അയേലെത് ഷകേദ്, ബെൻ ദഹാൻ

തങ്ങളുടെ ഉദ്ദേശത്തെ തുറന്നുകാട്ടുന്ന ഇത്തരം പ്രസ്താവനകളെ തീവ്രവലതുപക്ഷ വംശീയവാദികളുടെ കേവല വായിട്ടലയ്ക്കലുകളെന്ന നിലയിൽ തള്ളിക്കളയുന്നത് ഫസ്തീനികൾക്കെതിരായ അപമാനവീകരണം എത്രത്തോളം വംശീയവൽകൃതവും ലിംഗവിവേചനപരവും അതുപോലെ സയണിസ്റ്റ് ദേശ-രാഷ്ട്രത്തിന്റെ മതകീയ-വംശീയ യുക്തിയിലും ഘടനയിലും വേരൂന്നീയതുമാണെന്നും മനസ്സിലാക്കാനുള്ള അവസരം നഷ്ടപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. നക്ബ മുതൽ തന്നെ ഇത്തരത്തിലുള്ള അപമാനവീകരണത്തിന്റെ നിരവധി ഉദാഹരണങ്ങൾ കാണാൻ സാധിക്കും. “ഫലസ്തീനിയൻ ജനങ്ങളെന്ന ഒരു കൂട്ടരില്ല,” മറിച്ച് ഫലസ്തീനിയൻ അഭയാർത്ഥികളും ഒരു തരം “വേതാള ദേശീയതയുടെ” (Ghoulish Nationalism) വക്താക്കളായ ഫലസ്തീനിയൻ “തീവ്രവാദികളും” മാത്രമേയുള്ളൂ എന്ന ഗോൾഡ മെയ്റിന്റെ പ്രസ്താവന ഒരുദാഹരണം. “നിരപരാധികളെ കൊല്ലുന്ന ഉന്മത്ത ചിത്തർ” എന്നാണ് ഫലസ്തീൻ വിമോചന പ്രസ്ഥാനത്തെ (പി.എൽ.ഓ) മെയ്ർ വിശേഷിപ്പിച്ചത്[4]. സ്ത്രീപക്ഷവാദി, പാശ്ചാത്യ ലോകത്തെ പ്രഥമ വനിതാ പ്രധാനമന്ത്രി, ഇസ്രായേലിന്റെ ലിംഗ സമത്വം ആർജ്ജിക്കാനുള്ള പ്രതിബദ്ധതയെ മുഖ്യ ദൗത്യമായി സ്വീകരിച്ചവർ എന്നീ നിലകളിലെല്ലാം ഏറെ ആഘോഷിക്കപ്പെട്ട ഇസ്രായേലിന്റെ വനിതാ പ്രധാന മന്ത്രിയായിരുന്നു ഇവർ[5].

ഇസ്രായേൽ രാഷ്ട്രത്തിന്റെ നിലനിൽപിനെ സാധൂകരിക്കാൻ (ആ രാഷ്ട്രത്തിനകത്തെ അവരുടെ നിലനിൽപിനെയും) ഫലസ്തീനിയൻ സ്ത്രീകളുടെ സാന്നിധ്യത്തെ അസ്തിത്വപരവും രാഷ്ട്രീയപരവുമായി അദൃശ്യവൽക്കരിക്കുന്ന ഇസ്രായേലിലെ വനിതാ രാഷ്ട്രീയ പ്രവർത്തകരുടെ ചരിത്രം ഇനിയും രേഖപ്പെടുത്തപ്പെടേണ്ടതുണ്ട്. ഡോൾഡ മെയ്റയുടെ “ഫലസ്തീനിൽ ജനങ്ങളല്ല ഉള്ളത്” എന്ന പ്രസ്താവനക്ക് സമാനമായ ഒരു പ്രസ്താവന സ്ത്രീകളെയും കുട്ടികളെയും കൂട്ടക്കൊല ചെയ്യുന്ന ഒരു മനുഷ്യത്വ പ്രതിസന്ധി ഫസ്തീനിൽ നിലനിൽക്കുന്നില്ലെന്ന് വാദിക്കാൻ വേണ്ടി യു.കെയിലെ ഇസ്രായേൽ അംബാസഡറായ സിപ്പി ഹൊട്ടോവെലി അടുത്തിടെ നടത്തുകയുണ്ടായി. പോരാത്തതിന്, അദ്ദേഹം ഗസ്സയിലെ UNRWA സ്കൂളുകളെ “തീവ്രവാദ സ്കൂളുകളെന്ന്” വിശേഷിപ്പിക്കുകയും ഗസ്സക്കാരോട് “വീണ്ടും വിദ്യാഭ്യാസം” നേടാൻ ആഹ്വാനം ചെയ്യുകയുമുണ്ടായി. ഫസ്തീനികളുമായി സമാധാനം സ്ഥാപിക്കാനുള്ള സകല ശ്രമങ്ങളെയും ദ്വിരാഷ്ട്ര പരിഹാരത്തെയും തള്ളിക്കളയുന്നതിന്റെ ഭാഗമായായിരുന്നു പ്രസ്തുത പ്രസ്താവന[6]. ഫലസ്തീനിയൻ ഗ്രാമമായ ഖാൻ അൽ-അഹ്മറും അൽ-അഖ്സ മസ്ജിദ് പരിസരവും തകർത്തതിനെ ഹോത്തോവെലി പിന്തുണച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു[7]. ഫലസ്തീനിയൻ സ്ത്രീകളുടെ ഉന്മൂലനത്തിന് ആഹ്വാനം ചെയ്യുകയും രാഷ്ട്രീയ മേഖലയിൽ നിന്ന് ഫലസ്തീനിയൻ സ്ത്രീകളെയും കുട്ടികളെയും അദൃശ്യവൽക്കരിക്കുകയും ചെയ്ത ഇസ്രായേൽ സ്ത്രീകളെ കുറിച്ച് നിലവിലുള്ള ലിംഗ സമത്വത്തിന്റെ പ്രതീകങ്ങളെന്ന നിലയിലുള്ള പ്രതിനിധാനം ലിംഗരാഷ്ട്രീയം കുടിയേറ്റ കൊളോണിയലിസവുമായി എത്രത്തോളം കൂടിക്കലർന്നിരിക്കുന്നു എന്നു വ്യക്തമാക്കുന്നു. ഇസ്രായേൽ എന്ന ദേശരാഷ്ട്രത്തിന്റെ ലിംഗ രാഷ്ട്രീയത്തിൽ ഇസ്രായേലീ സ്ത്രീകൾക്കുള്ള മാഹാത്മ്യവും സയണിസ്റ്റ് പദ്ധതിയ്ക്ക് വിഘാതം നിൽക്കുന്ന ഫലസ്തീനിയൻ സ്ത്രീകൾക്കെതിരെ ഇസ്രായേൽ ക്രൂരതകളഴിച്ചു വിടുമ്പോൾ പോലും അവരെ വംശീയവും രാഷ്ട്രീയവുമായി അദൃശ്യവൽക്കരിക്കുന്നതും ചേർന്നു പോകുന്ന സംഗതികളാണ്.

സിപ്പി ഹൊട്ടോവെലി

ഇതേ യുക്തിയെ പിന്തുടർന്ന് ഒക്ടോബർ ഏഴാം തിയ്യതിയിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേൽ പ്രതിരോധ മന്ത്രി “ഗസ്സയെ പൂർണമായി ആക്രമിക്കാൻ” ഉത്തരവിട്ടു കൊണ്ട് “തങ്ങൾ മനുഷ്യ മൃഗങ്ങളോടാണ് പൊരുതന്നതെന്നും തദനുസാരമായി തന്നെ പ്രവർത്തിക്കുമെന്നും” ലോകത്തോട് പ്രഖ്യാപിച്ചു. ‘പോരാട്ടം’ എന്നതു കൊണ്ടുള്ള ഉദ്ദേശത്തെ കുറിച്ച് ഒരു സംശയവും ബാക്കിയാക്കാത്ത വിധം അദ്ദേഹം വ്യക്തമാക്കി; “വൈദ്യുതിയോ, ഭക്ഷണമോ, ഇന്ധനമോ അവർക്കുണ്ടാവില്ല, എല്ലാം അടഞ്ഞു കിടക്കും.”[8] “ഹമാസിനെ ഇല്ലാതാക്കാൻ” എന്ന ലക്ഷ്യത്തിന്റെ പേരിൽ ഇസ്രായേൽ നടത്തുന്ന ഈ കൂട്ടക്കുരുതിയെ ന്യായീകരിക്കാൻ പ്രധാനമന്ത്രി ഫലസ്തീനികളെ ‘അന്ധകാരത്തിന്റെ സന്തതികൾ’ എന്ന് വിശേഷിപ്പിക്കുകയുണ്ടായി. ഇസ്രായേലിന്റെ ഏറ്റവും ശക്തരായ രാഷ്ട്രീയ സഖ്യകക്ഷിയായ ജോ ബൈഡൻ എല്ലാ പിന്തുണകളും നൽകുന്നുണ്ടെങ്കിലും ഹമാസിനെ ഇല്ലാതാക്കുകയെന്ന ഇസ്രായേലിന്റെ ലക്ഷ്യം ബൈഡൻ ഭരണകൂടത്തിന് തന്നെ വിജയം സാധ്യമല്ലെന്ന് ബോധ്യപ്പെട്ട കാര്യമാണ്.

എന്നാൽ ഗസ്സയിൽ ഇസ്രായേൽ നേടിക്കൊണ്ടിരിക്കുന്ന ലക്ഷ്യമെന്നത് ഫലസ്തീനിയൻ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കുരുതി, അവരുടെ വീടുകൾ, പള്ളികൾ, സ്കൂളുകൾ, ബേക്കറികൾ, കടകൾ, ചർച്ചുകൾ — അഥവാ അവരുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സർവ്വ അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുക എന്നതാണ്. ഗസ്സയിൽ നിന്നും വരുന്ന കണക്കുകൾ ഇത് വ്യക്തമാക്കുന്നതാണ്. ഒക്ടോബർ ഏഴിന് ശേഷം 20000-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു കഴിഞ്ഞു. മണിക്കൂറുകൾ കൂടുമ്പോൾ ഈ സംഖ്യ ഉയർന്നു കൊണ്ടിരിക്കുകയാണ്. ആക്രമണമവസാനിക്കുമ്പോൾ ബാക്കിയാവുന്ന ശരിക്കുള്ള മരണ നിരക്ക് എത്രയോ അധികമായിരിക്കുമെന്ന കാര്യം നിസ്സംശയം. കൊല്ലപ്പെട്ടവരിൽ എഴുപത് ശതമാനവും സ്ത്രീകളും കുട്ടികളുമാണ്[9]. അമ്പതിനായിരത്തിന് അടുത്ത് പ്രസവമടുത്ത ഗർഭിണികളായ സ്ത്രീകൾ ഈ ദുരന്ത മുഖത്ത് ഉണ്ടെന്ന് ഐക്യരാഷ്ട്ര സഭയുടെ കണക്കുകൾ സൂചിപ്പിക്കുന്നു. അൽ ജസീറയുടെ റിപ്പോർട്ട് പ്രകാരം, 180-നടുത്ത് സ്ത്രീകൾ ശുദ്ധ ജലമോ വേദന സംഹാരികളോ വൈദ്യുതിയോ മറ്റു വൈദ്യ സഹായങ്ങളോ ഇല്ലാതെ ദിനേന പ്രസവിക്കുന്നുണ്ടെന്ന് കണക്കുകൾ പറയുന്നു. മലിന ജലമുപയോഗിച്ചാണ് അമ്മമാർ കുഞ്ഞുങ്ങളെ ഊട്ടുന്നത്. കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനായി പട്ടിണി കിടക്കുകയാണ് അമ്മമാർ.

ഗസ്സ ക്ഷാമത്തിന്റെ വക്കിലാണെന്നും അഞ്ച് വയസ്സിന് താഴെയുള്ള എല്ലാ കുട്ടികൾക്കും “പോഷാകാഹാരക്കുറവു മൂലമുള്ള അപകടങ്ങളും മരണവും ഉണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന്” UNICEF താക്കീത് ചെയ്യുന്നു[10]. എന്നാൽ, നിലവിൽ ഫലസ്തീനികൾ “മരണത്തിന്റെ ഇടനാഴി” എന്ന് വിശേഷിപ്പിക്കുന്ന ബുറേജിയിലും നുസെയ്റത്തിലും കൂടെ കുടിയൊഴിപ്പിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്[11]. ഇസ്രായേൽ safe റൂട്ടുകളെന്ന് വിശേഷിപ്പിച്ച വഴിയിലൂടെ സഞ്ചരിക്കാൻ പരിക്കേറ്റ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന ഗസ്സക്കാരോട് ഇസ്രായേൽ സൈന്യം ഉത്തരവിടുകയും ശേഷം അതേ സൈന്യമവരെ യാത്രക്കിടയിൽ വെച്ച് അറസ്റ്റു ചെയ്യുകയോ വെടിവെച്ചു കൊല്ലുകയോ ആണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഗ്രൗണ്ടിൽ നടന്നു കൊണ്ടിരിക്കുന്ന ഈ വസ്തുതകൾ ഇസ്രായേൽ രാഷ്ട്രത്തിനോ, അതിന്റെ സൈന്യത്തിനോ, ജനങ്ങൾക്കോ അവരെ ആയുധങ്ങൾ നൽകി പിന്തുണച്ച് ഈ കൂട്ടക്കുരുതിക്ക് ആക്കം കൂട്ടുന്ന യൂറോ അമേരിക്കൻ രാഷ്ട്രങ്ങൾക്കോ അറിയാത്തതല്ല. ഒപ്പം ഇസ്രായേലിന്റെ ഇടതടവില്ലാത്ത ബോംബിംങ്ങിൽ കൊല്ലപ്പെട്ടവർക്കും പരിക്കേറ്റവരും അംഗവിച്ഛേദം സംഭവിച്ചവരുമായ ആയിരക്കണക്കിനാളുകൾക്കും ഈ വിവരം അജ്ഞാതമല്ല. ഇസ്രായേൽ രാഷ്ട്രത്തിന്റെ ഭീകരതകൾക്കിടയിൽ വെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി പാടുപെടുന്ന തന്റെയും കുട്ടിയുടെയും ജീവിതത്തിലെ ഒരു ദിവസത്തെ കുറിച്ച് വിവർത്തകയും വ്യാഖ്യാതാവും സർവ്വോപരി ഒരു മാതാവുമായ അസ്ഹാർ അമൈറ ഓർത്തെടുക്കുന്നുണ്ട്. “സങ്കല്പിക്കാവുന്ന എല്ലാ ഭാഗത്തു നിന്നും ഞങ്ങൾക്ക് നേരെ വന്നു കൊണ്ടിരിക്കുന്ന ആയുധാക്രമണവും ബോംബിങ്ങും ഒക്കെ വെച്ചു നോക്കുമ്പോൾ ജീവനും കൊണ്ട് ഇവിടം വിടാൻ കഴിയുമെന്ന് തോന്നുന്നില്ല,” അമൈറ പറയുന്നു. ഈ ലോകം മനസ്സിലാക്കുകയും ഓർക്കുകയും ചെയ്യണമെന്ന് അവർ കരുതിയ സങ്കടകരവും വ്യക്തവും ക്ലിപ്തവുമായ സന്ദേശം (ഒരു തരം കുറ്റാരോപണവും) ഇത്രമാത്രമാണ്; “മൂന്ന് കാര്യങ്ങളാണ് എന്നെ ഒടുക്കം വരെ പിടിച്ചു നിർത്തിയത്. അല്ലാഹുവിലുള്ള എന്റെ വിശ്വാസം, എന്റെ ഇളയ മകളോടുള്ള സ്നേഹം, എന്റെ ഞരമ്പുകളിലോടുന്ന ഫലസ്തീൻ രക്തം.”[12] ഗസ്സൻ സ്ത്രീകൾക്ക് അവരുടെ മക്കളെയും കുടുംബക്കാരെയും എല്ലാ ജീവനോപാധികളെയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. എന്നിട്ടും ഈ പരിതാപകരമായ അവസ്ഥകളിൽ നിന്ന് തങ്ങളുടെ മക്കളെയും കുടുംബക്കാരെയും അവരുടെ ജീവിതത്തെയും സ്വത്തുക്കളെയും കൊണ്ട് മരണത്തെ മുഖാമുഖം കണ്ടുകൊണ്ട് എങ്ങനെയെങ്കിലും കരകയറാൻ വേണ്ടി ഈ ലോകം നോക്കിനിൽക്കേ പൊരുതുന്നവരാണ് അവർ. ഗസ്സയിൽ നിന്നു ദിനേനെ പുറത്തു വരുന്ന വാർത്തകളും അഭിമുഖങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകളും വ്യക്തമാക്കുന്നതു പോലെ അവരുടെ പോരാട്ട വീര്യം ഇന്നും അചഞ്ചലമായി തുടരുകയാണ്.

PC: BASHAR TALEB/APA IMAGES

ഇസ്രായേൽ തടവറയിൽ നിന്ന് അടുത്തിടെ മോചനം ലഭിച്ച ഒരു സ്ത്രീ പറയുന്നത് കാണുക; “ഈ പോരാട്ടത്തെ ദൈവം അനുഗ്രഹിക്കട്ടെ. അവരില്ലായിരുന്നുവെങ്കിൽ ഞങ്ങൾക്ക് ഒരിക്കലും മോചനം ലഭിക്കുമായിരുന്നില്ല. അവരാണ് ഞങ്ങളുടെ സ്വാതന്ത്ര്യത്തിന് കാരണം. ഞങ്ങളുടെ അന്തസ്സിന്‍റെ കാരണക്കാർ അവരാണ്. അവർ കാരണം ഞങ്ങൾ ഞങ്ങളുടെ തല ഉയർത്തി പിടിച്ചു നടക്കും. അവരെക്കൂടാതെ ഒരൊറ്റ ബന്ധികളും മോചിപ്പിക്കപ്പെടുമായിരുന്നില്ല,” അവർ തുടരുന്നു;

“ഞങ്ങൾ മോചിപ്പിക്കപ്പെടുമ്പോൾ ദിയാബ് എന്നു പേരുള്ള ഒരു ക്യാപ്റ്റൻ എന്റെ അടുത്തേക്ക് വന്നു. ഒരു കാരണവുമില്ലാതെയാണ് ഞങ്ങളെ നിങ്ങൾ തടവിലിട്ടതെന്നും ഒടുവിൽ ഞങ്ങൾ വിജയിച്ചിരിക്കുന്നുവെന്നും ഞാനയാളോട് പറഞ്ഞു. ‘നിങ്ങളുടെ മോചനത്തെ ആഘോഷിക്കുന്നത് നിയമവിരുദ്ധമാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. മുഴുവൻ ഫലസ്തീനികളും എന്റെ മോചനത്തെ ആഘോഷിക്കുമെന്ന് ഞാൻ പറഞ്ഞു. ഫലസ്തീനിയൻ ജനത ഒരു വിപ്ലവത്തിന്റെ നടുവിലാണ്. എന്നെ വീണ്ടും അറസ്റ്റ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷേ ഒരാൾക്കുമെന്റെ ഇച്ഛാശക്തിയെ തകർക്കാനാവില്ല.”[13]

നക്ബയും ഇസ്രയേലിന്‍റെ മുൻ ആക്രമണങ്ങളും അതിജീവിച്ച പഴയ തലമുറയിലെ ഫലസ്തീനിയൻ സ്ത്രീകളിൽ നിന്ന് പുതിയ തലമുറയിലെ പെൺകുട്ടികൾ പഠിച്ചു കൊണ്ടിരിക്കുകയാണ്. ബ്രീട്ടീഷ് ഉത്തരവിനെ എതിർത്തു കൊണ്ടുള്ള 1910-ലെ ഫലസ്തീനിയൻ വുമൻസ് കോൺഗ്രസിന്റെ രൂപീകരണം, 1936-ൽ ഫലസ്തീനിയൻ പുരുഷന്മാരെ തടവിലിട്ടിരുന്ന ജയിലിലേക്ക് നടത്തിയ ഇരച്ചുകയറൽ, 1987-ൽ ആരംഭിച്ച ഒന്നാം ഇൻതിഫാദയിൽ ഫലസ്തീനിയൻ പുരുഷന്മാരെ കൊല്ലുകയും അറസ്റ്റു ചെയ്യുകയും നാടുകടത്തുകയും ചെയ്തതിന് ശേഷം ഇൻതിഫാദക്ക് നേതൃത്വം നൽകിയത്, ഫലസ്തീനികളുടെ തിരിച്ചു വരാനുള്ള അവകാശത്തിന് വേണ്ടി നടത്തിയ ബഹിഷ്കരണാഹ്വാനങ്ങളും പോരാട്ടങ്ങളും എന്നു തുടങ്ങി ഫലസ്തീനിയൻ ചെറുത്തു നിൽപ്പിന്റെ നട്ടെല്ലും മുൻനിര പോരാളികളുമായി സ്ത്രീകളുണ്ടായിരുന്നു[14]. ഉന്മൂലന ശ്രമങ്ങളെ അവരൊന്നിച്ചാണ് അതിജീവിച്ചത്. തുടർച്ചയായ തടവുകൾക്കും നിരീക്ഷണങ്ങൾക്കും അവർ വിധേയരായി[15]. തങ്ങളുടെ ഭവനങ്ങൾക്ക് നേരെയുള്ള നശീകരണ ശ്രമങ്ങളെ അവർ അതിജീവിച്ചു. ജനസംഖ്യ നിയന്ത്രണം ലക്ഷ്യമിട്ട് ഇസ്രായേൽ ഗസ്സാ മുനമ്പിൽ നടപ്പിലാക്കി കൊണ്ടിരുന്ന ശിക്ഷാ നടപടികളെ അവർ അതിജയിച്ചു. ഈ സ്ത്രീകളും കുട്ടികളും അഭയം തേടുന്ന ചുരുങ്ങി ചുരുങ്ങി വരുന്ന യു.എൻ സെന്റർ പോലുള്ള ഇടങ്ങൾ (അന്താരാഷ്ട്ര നിയമ പ്രകാരം മറ്റേതൊരു പൗര ഇടങ്ങളെയും പോലെ അക്രമിക്കാൻ പാടില്ലാത്ത ഇടങ്ങളാണ് ഇവയും) മനഃപൂർവ്വവും വ്യവസ്ഥാപിതവുമായി നശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. “ആയിരക്കണക്കിന് കുട്ടികളുടെ ശവപ്പറമ്പായി” ഗസ്സ മാറിക്കൊണ്ടിരിക്കുന്നു എന്ന് ഐക്യരാഷ്ട്ര സഭ താക്കീതു നൽകുന്നു[16]. ഇസ്രായേൽ ഇപ്പോഴും ബോംബ് വർഷം തുടർന്നു കൊണ്ടിരിക്കുകയാണ്. ഇസ്രായേൽ ഗസ്സയിലെ ബേക്കറികളും മത്സ്യബന്ധന ബോട്ടുകളും തീയിട്ടു നശിപ്പിക്കുമ്പോൾ, ഗസ്സയുടെ പരമ്പരാഗത അടുപ്പുകളുപയോഗിച്ച് കച്ചവടം നടത്തുകയാണ് അവിടത്തെ സ്ത്രീകൾ[17]

ഇത്രയും പറഞ്ഞത് ഫലസ്തീൻ പുരുഷന്മാർക്കു നേരെ നടക്കുന്ന അക്രമത്തെ തള്ളിക്കളയാനല്ല. അവരും കൊല്ലപ്പെടുകയും അംഗ വിച്ഛേദനം ചെയ്യപ്പെടുകയും ഭീകരവൽക്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഗസ്സയിലെ ഒരു യു.എൻ സ്കൂളിൽ അഭയാർത്ഥികളായി കഴിഞ്ഞിരുന്ന ഡസൻ കണക്കിന് പുരുഷന്മാരെ അടിവസ്ത്രത്തിൽ നിർത്തി പരസ്യമായി അപമാനിക്കുകയും ശേഷം ഇസ്രായേൽ പട്ടാളക്കാർ ബന്ധികളാക്കുകയും ചെയ്തത് ഈയടുത്താണ്[18]. ഫലസ്തീന്റെ അസ്തിത്വത്തെ ഇല്ലാതാക്കാനുള്ള ഇസ്രായേൽ ശ്രമത്തിനെതിരെയുള്ള ചെറുത്തു നിൽപ്പിൽ ഫലസ്തീൻ കുടുംബങ്ങളെയും സമുദായത്തെയും ഒന്നിച്ചു നിർത്തുകയും ഏതൊരു കൊളോണിയൽ വിരുദ്ധ പോരാട്ടത്തിലെയും പോലെ സമര വീര്യത്തെ കത്തിച്ചു നിർത്തി അതിനെ പുതു തലമുറയിലേക്ക് പകർന്നു നൽകുകയും ചെയ്യുന്നത് ഫലസ്തീനിയൻ പുതുതലമുറയിലെ അമ്മമാരായ ഈ സ്ത്രീകളാണെന്ന വസ്തുതയെയാണ് ഇവിടെ ഞാൻ എടുത്തു കാണിക്കാനാഗ്രഹിക്കുന്നത്.

ഫലസ്തീനിയൻ ചെറുത്തു നിൽപ്പ് പോരാട്ടത്തിൽ പങ്കെടുക്കുകയും പോരാളികളായി മാറുകയും ചെയ്യുന്ന യുവാക്കളും കൗമാരക്കാരും തങ്ങളുടെ ഉമ്മമാരും പെങ്ങന്മാരും എങ്ങനെയാണ് പോരാട്ടത്തിനുള്ള പ്രചോദനങ്ങളായത് എന്നതിനെ കുറിച്ചു പറയുന്നുണ്ട്. കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചു വരുന്ന ഇവർ തങ്ങൾക്ക് നഷ്ടപ്പെട്ട ഉമ്മമാരെയും സഹോദരികളെയും കുറിച്ച് സങ്കടപ്പെടുകയും അതേ സമയം അവരെ ഹീറോകളും ശഹീദുകളുമായി വിശേപ്പിക്കാറുമാണ് ഉള്ളത്. ഈ ചെറുത്തു നിൽപ്പ് സംസ്കാരത്തെ വളർത്തിയെടുക്കുന്നതിൽ സ്ത്രീകൾ കേന്ദ്ര പങ്ക് വഹിക്കുന്നുണ്ട്. അവരുടെ സമുദായത്തിലും മുന്നേറ്റങ്ങളിലും നിർണായകമായ സ്വാധീനമാണ് അവർക്കുള്ളത്. ഫ്രാൻസ് ഫനോണിന്റെ A Dying Colonialism എന്ന കൃതിയിൽ, അൾജീരിയൻ കൊളണിയൽ വിരുദ്ധ പോരാട്ടത്തിൽ പങ്കെടുക്കാനുള്ള അൾജീരിയൻ സ്ത്രീകളുടെ തീരുമാനം ഫ്രഞ്ച് അധിനിവേശത്തിന്റെ ലിംഗവിവേചനത്തിൽ അധിഷ്ടിതമായ ആക്രമണങ്ങളെ എങ്ങനെയാണ് പുറത്തു കൊണ്ടു വന്നെതന്നും അത് ലിംഗ ബന്ധങ്ങളുടെയും സാമൂഹികമായ ലിംഗ ധർമ്മങ്ങളുടെയും പുനഃസംഘാടനത്തിനുള്ള സാധ്യത തുറന്നിടുക വഴി അൾജീരിയൻ കുടുംബ വ്യവസ്ഥ എങ്ങനെയാണ് പരിവർത്തന വിധേയമായതെന്നും അദ്ദേഹം വിശദീകരിക്കുന്നുണ്ട്: “പോരാട്ടത്തിന്റെ ഹൃദയമാണ് അൾജീരിയൻ സ്ത്രീകൾ. അറസ്റ്റുകൾ, പീഢനങ്ങൾ, ലൈംഗികാതിക്രമങ്ങൾ,.. അധിനിവേശകന്റെ അക്രമങ്ങളെയും മനുഷ്യത്വ രാഹിത്യത്തിനെയും സാക്ഷ്യപ്പെടുത്തുന്നു അവൾ. നഴ്സ്, പോരാളി എന്നീ നിലകളിലെല്ലാം ഈ പോരാട്ടത്തിന്റെ ആഴത്തിനും പരപ്പിനും അവൾ സാക്ഷിയാകുന്നു.”[19] പോരാട്ടത്തിൽ പങ്കെടുക്കാനുള്ള സ്ത്രീകളുടെ തീരുമാനത്തെ അവരുടെ കുടുംബവും പിന്തുണക്കുന്നതോടെ അതൊരു സംഘടിത തീരുമാനമായി മാറുന്നു. അൾജീരിയൻ കുടുംബങ്ങളുടെ ആ ജൈവികമായ പരിണാമം ഫ്രഞ്ച് അധിനിവേശത്തിന്റെ അന്ത്യം എന്ന ഏക ലക്ഷ്യത്തിന് പിന്നിൽ അവരെ അണി നിരത്തുന്നു.

ഫലസ്തീനിയൻ പോരാട്ടത്തിലും സ്ത്രീകൾ മൗലികമായ പങ്കാണ് വഹിക്കുന്നത്. ഗസ്സയിലെ പോരാട്ടത്തിലും മിഡിലീസ്റ്റിലും അമേരിക്കയിലും കാനഡയിലും യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും നടക്കുന്ന ഫലസ്തീനിയൻ അനുകൂല പ്രക്ഷോഭങ്ങളിലും ഇത് പ്രകടമാണ്. അമേരിക്കൻ നേതൃത്വത്തിലുള്ള സാമ്രാജ്യത്വ ലോക ക്രമത്തിനും അതിന്റെ ഭാഗമായി മിഡിലീസ്റ്റിലെ ഇസ്രായേലിലുള്ള അമേരിക്കൻ കാവൽപ്പുരയ്ക്കും എതിരെയുള്ള പോരാട്ടത്തിന്റെ മുൻനിരയിലാണ് ഇന്ന് ഗസ്സ. ഈ പോരാട്ടത്തിന്റെ മുൻനിരയിൽ തന്നെ ഫലസ്തീനിയൻ സ്ത്രീകളുണ്ട്.

ഇസ്രായേലിനും അമേരിക്കയ്ക്കും നഷ്ടപ്പെടാനുള്ള സാദ്ധ്യത കൂടുതലാണ്. അമേരിക്കൻ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ അഫ്ഗാനിസ്ഥാനിലെയും ഇറാഖിലെയും പരാജയങ്ങൾക്ക് ശേഷം ഇസ്രായേലിന്റെ രാഷട്രീയവും നയതന്ത്രപരവും സൈനികവുമായ പരാജയവും പ്രസ്തുത പ്രദേശത്തെ അസ്ഥിരമാക്കി നിർത്താനുള്ള ഇസ്രായേലിന്റെ ശേഷിയില്ലായ്മയുമാണ് പുറത്തു വന്നിരിക്കുന്നത്. അതേപോലെ അമേരിക്കൻ വിദേശകാര്യനയ താൽപര്യങ്ങളും ഇതുമൂലം ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു. അമേരിക്കൻ സാമ്രാജ്യം അല്ലെങ്കിലേ തന്നെ തകർന്നു കൊണ്ടിരിക്കുകയായിരുന്നു. മദ്ധ്യേഷ്യയിൽ ഫലസ്തീനിയൻ പ്രശ്നത്തിന് ജനകീയത വർദ്ധിക്കുകയും കൂടാതെ അറബ് രാഷ്ട്രങ്ങളുമായുള്ള ഇസ്രായേലിന്റെ ബന്ധത്തെ നോർമലൈസ് ചെയ്യാനുള്ള ശ്രമങ്ങളെ നോർത്താഫ്രിക്ക തകിടം മറിക്കുകയും ചെയ്തതോടെ അമേരിക്കയുടെ മദ്ധ്യേഷ്യയിലെ വിദേശ നയം ദുർബ്ബലമായിക്കൊണ്ടിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ പരമാവധി ശ്രമിക്കുകയും ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന ആഗോളാഭിപ്രായം രൂപപ്പെടുകയും ചെയ്തിട്ടു പോലും ഗസ്സയിൽ വെടിനിർത്തൽ കൊണ്ടു വരാൻ ഐക്യരാഷ്ട്ര സഭയ്ക്ക് കഴിയുന്നില്ലെന്ന കാര്യം പ്രകടമാവുകയും ചെയ്തിരിക്കുന്നു. ആഗോള ഭീകരവാദ വിരുദ്ധ യുദ്ധം അമേരിക്കൻ സാമ്രാജ്യത്തെ ദുർബ്ബലമാക്കിയെന്നു മാത്രമല്ല, രണ്ടാം ലോക യുദ്ധത്തിന് ശേഷം നിലവിൽ വന്ന അന്താരാഷ്ട്ര സ്ഥാപന സംവിധാനങ്ങളും അമേരിക്കൻ-ഇസ്രായേൽ-യൂറോപ്യൻ സഖ്യത്തിന് മുൻപിൽ തീർത്തും അശക്തരാണെന്ന് തെളിയിച്ചിട്ടുണ്ട്.

ഈയൊരു പശ്ചാത്തലത്തിൽ, അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ നേതൃത്വത്തിലുള്ള ‘ഭീകരവാദ വിരുദ്ധ യുദ്ധ’ത്തോടുള്ള പാശ്ചാത്യൻ സ്ത്രീപക്ഷവാദ പ്രതികരണങ്ങളും ഗസ്സയിലെ അക്രമണങ്ങളോടുള്ള പാശ്ചാത്യൻ സ്ത്രീപക്ഷവാദ പ്രതികരണങ്ങളും (ഏറെക്കുറെ നിശബ്ദത) തമ്മിലുള്ള അന്തരം കൗതുകകരമാണ്. ഫലസ്തീനിയൻ സ്ത്രീകളോട് (പുരുഷന്മാരോടും) ഇസ്രായേൽ രാഷ്ട്രവും അത് ഊട്ടിവളർത്തിയ കുടിയേറ്റ കൊളോണിയൽ സമുദായങ്ങളും കാണിക്കുന്ന ഹിംസകളേക്കാൾ കോളനിവൽകൃത സ്ത്രീവിഭാഗങ്ങളോട് കോളനിവൽകൃതരായ പുരുഷന്മാർ, അഥവാ ഫലസ്തീനിയൻ സ്ത്രീകളോട് ഫലസ്തീനിയൻ പുരുഷന്മാർ കാണിക്കുന്ന ഹിംസകളോടായിരുന്നു പാശ്ചാത്യൻ സ്ത്രീപക്ഷവാദികൾക്ക് എല്ലാ കാലത്തും താൽപര്യം[20]. ഇത് പുതിയൊരു പ്രതിഭാസമല്ല. സ്വന്തം സമുദായത്തിലെ പുരുഷന്മാർക്ക് നേരെ മാത്രം ശത്രുത പുലർത്തുന്ന ഈ ‘ഫെമിനിസ്റ്റ് സോളിഡാരിറ്റി’ രാഷ്ട്രീയം ലോകത്തെല്ലായിടത്തുമുള്ള കോളനിവൽകൃതരും അടിമവൽകൃതരുമായ സ്ത്രീകൾക്ക് പരിചിതമാണ്.

ഈ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിൽ അന്തർലീനമായ വംശീയതയാണ് പതിറ്റാണ്ടുകളോളം പാശ്ചാത്യൻ ഫെമിനിസ്റ്റ് ഐക്യദാർഢ്യങ്ങളെ രൂപപ്പെടുത്തിയെടുത്തിട്ടുള്ളത്. തദ്ദേശീയരും, കറുത്തവർഗ്ഗക്കാരും, മറ്റ് വർണ സമുദായത്തിൽ പെട്ടവരുമായ സ്ത്രീകൾ ഈ വംശീയതയെ അഭിമുഖീകരിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഗസ്സൻ ഉപരോധത്തെയും അഫ്ഗാനിസ്ഥാൻ ആക്രമണത്തെയും അധിനിവേശത്തെയും (2001) താരതമ്യം ചെയ്യുമ്പോൾ ഫലസ്തീനിയൻ സ്ത്രീകൾക്കെതിരെയുള്ള വംശീയതയുടെ രൂപവും ഭാവവും സവിശേഷമാണെന്ന് കാണാനാവും. ഇരുപത് വർഷം നീണ്ടു നിന്ന അഫ്ഗാൻ യുദ്ധത്തിനിടക്കുള്ള അഫ്ഗാൻ സ്ത്രീകളെ കുറിച്ചുള്ള പാശ്ചാത്യൻ സ്ത്രീപക്ഷവാദികൾ രക്ഷപ്പെടുത്തേണ്ട നിസ്സഹായ എന്ന നിലക്കുള്ള നിർമ്മിതി അവരിലെ പുരുഷന്മാരാലും കുടുംബത്താലും മതത്താലും സംസ്കാരത്താലും അടിച്ചമർത്തപ്പെട്ട നിഷ്ക്രിയമായ ഒരു വസ്തുവായി അഫ്ഗാൻ സ്ത്രീയെ വംശീയവൽക്കരിക്കുന്നതായിരുന്നു. മുസ്‌ലിം പുരുഷനും ഇസ്‌ലാമിനും എതിരെയുള്ള ഈ പിശാചുവൽക്കരണമായിരുന്നു അഫ്ഗാൻ/മുസ്‌ലിം സ്ത്രീയെ ‘യോഗ്യമായ’ ഒരു ഇരയായി നിർമ്മിച്ചെടുക്കുന്നതിന്റെ അടിസ്ഥാനമായി വർത്തിച്ചത്. അന്ന് നമ്മിൽ പലരും വാദിച്ചപോലെ പാശ്ചാത്യൻ സ്ത്രീപക്ഷ വാദികൾ അവരുടെ ദേശരാഷ്ട്രത്തിന്റെ അഫ്ഗാൻ സ്ത്രീയെ ‘രക്ഷിക്കുക’ എന്ന ദൗത്യത്തിന്റെ ഭാഗമാവുക വഴി തങ്ങളുടെ രാഷ്ട്ര താൽപര്യത്തിനു വേണ്ടി ലിംഗവിവേചനപരമായ ഇസ്ലാമോഫോബിയയുടെ (gendering Islamophobia) കൂടി ഭാഗമായി അവർ മാറുകയായിരുന്നു[21]. ഇസ്‌ലാമിനെ സത്താപരമായി സ്ത്രീവിരുദ്ധവും മുസ്‌ലിം പുരുഷനെ സത്താപരമായി സ്ത്രീ വിദ്വേഷകരായും ചിത്രീകരിക്കുന്ന ഫെമിനിസ്റ്റ് പിശാചുവൽക്കരണവും അതേസമയം പാശ്ചാത്യൻ മതേതരത്വത്തെ സമത്വവാദത്തിലധിഷ്ടിതവും അതിനാൽ ഉന്നതവുമാണെന്ന മഹത്വവൽക്കരണവുമാണ് ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ ഘട്ടത്തിലുള്ള ഈ ‘സ്ത്രീപക്ഷവാദ ഐക്യദാർഢ്യ രാഷ്ട്രീയത്തിന്റെ’ അടിത്തറയെന്നു പറയുന്നത്. അതുകൊണ്ടു തന്നെ പാശ്ചാത്യൻ മതേതര സ്ത്രീപക്ഷവാദ ലിംഗഭേദ മൂല്യങ്ങളും ആശയങ്ങളും നിർബന്ധപൂർവ്വമോ അല്ലാതെയോ സ്വീകരിക്കുക എന്നത് അഫ്ഗാൻ/മുസ്‌ലിം സ്ത്രീകൾക്ക് വിമോചനത്തിനുള്ള ഒരേയൊരു ഉപാധിയായി മാറി.

സാമ്രാജ്യത്വ രാഷ്ട്രവുമായുള്ള ഈ അവിശുദ്ധ കൂട്ടുകെട്ട് ആഗോള യുദ്ധത്തിന്റെ രണ്ട് പതിറ്റാണ്ടിൽ പാശ്ചാത്യൻ സ്ത്രീപക്ഷ വാദികളുടെ പുരോഗതിക്ക് നൽകിയ അവസരങ്ങൾ ചെറിയ സംഗതിയായിരുന്നില്ല. പാശ്ചാത്യൻ സ്ത്രീപക്ഷവാദികൾ ‘അഫ്ഗാൻ സ്ത്രീകളുടെ ദുരവസ്ഥ’ എന്നു വിശേഷിപ്പിച്ച ഒന്നിനെ തങ്ങളുടെ രാഷ്ട്രത്തിനു വേണ്ടി സ്വന്തമായി ‘സ്ത്രീപക്ഷവാദ വിദേശ നയം’ രൂപീകരിക്കാൻ വേണ്ടി ഉപയോഗിച്ചത് ഇതിന്റെ നല്ലൊരു ഉദാഹരണമാണ്[22]. പിന്നെന്താണ് സ്ത്രീപക്ഷവാദ വിദേശനയം ഈ പ്രതിസന്ധി ഘട്ടത്തിൽ വാഗ്ദാനം ചെയ്യുന്നത്?

ഫലസ്തീനിയൻ സ്ത്രീകളുടെ കാര്യത്തിൽ മറ്റൊരു തരത്തിലുള്ള വംശീയതയും ഇസ്ലാമോഫോബിയയും പ്രവർത്തിക്കുന്നതായി കാണാൻ കഴിയും. ഫലസ്തീൻ/മുസ്‌ലിം പുരുഷന്മാരെയും അതേപോലെ സ്ത്രീകളെയും മനുഷ്യരായി പോലും പരിഗണിക്കാതിരിക്കുകയും അതുവഴി അവരുടെ രാഷ്ട്രീയപരമായ അസ്തിത്വം തന്നെ നിഷേധിക്കുകയും ചെയ്യുന്ന ഇസ്ലാമോഫോബിക് രൂപകങ്ങളും ചിത്രീകരണങ്ങളും ഫലസ്തീൻ വിരുദ്ധ ഇസ്രായേലീ പ്രോപ്പഗണ്ടകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്. തന്നെയുമല്ല, നിയമസംവിധാനം, യൂണിവേഴ്സിറ്റികൾ, മീഡിയകൾ തുടങ്ങിയ പാശ്ചാത്യൻ സ്ഥാപനങ്ങളിലുടനീളം സ്ഥാപനവൽകൃതമായിരിക്കുന്ന അമേരിക്കൻ കാർമ്മികത്വത്തിലുള്ള ഭീകരവാദവിരുദ്ധ യുദ്ധം ഉൽപ്പാദിപ്പിച്ച ഇസ്ലാമോഫോബിക് വ്യവഹാരങ്ങൾ ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്ന വംശഹത്യക്കെതിരെയുള്ള വിമതശബ്ദങ്ങളെ ആക്രമിച്ചില്ലാതാക്കാൻ വേണ്ടി വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്രായേലീ പ്രോപ്പഗണ്ടകൾ ഭീകരവാദ വിരുദ്ധ യുദ്ധത്തിന്റെ ഇസ്ലാമോഫോബിക് വ്യവഹാരങ്ങളുമായി കൂടിച്ചേരുമ്പോഴാണ് ഇത്തരം സ്ഥാപനങ്ങളുടെ ഭരണപ്രയോഗങ്ങളുടെയും നയങ്ങളുടെയും സംസ്കാരങ്ങളുടെയും വ്യാപനം സാധ്യമാകുന്നത്. ഫലസ്തീനികൾക്കെതിരെയുള്ള കൂട്ടക്കൊല ദിനേന തത്സമയം മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും പ്രവാസികളായ അവരുടെ കുടുംബങ്ങൾ നേരിട്ട് അതിനെ സ്ഥിരീകരിക്കുകയും ചെയ്തിട്ടും ഇസ്രായേൽ-പടിഞ്ഞാറൻ സ്ഥാപനങ്ങളിൽ അത് ആകെ ഉണ്ടാക്കിയ പ്രതികരണം അത്തരം ആഖ്യാനങ്ങളെ സെൻസർ ചെയ്യുകയും മാറ്റി നിർത്തുകയും ചെയ്യുക എന്നതാണ്; ഇസ്രായേൽ-പാശ്ചാത്യൻ ഭാവനയിൽ ഇത്രത്തോളം അപമാനവീകരിക്കപ്പെട്ടവരാണ് ഫലസ്തീനിയൻ സ്ത്രീകൾ. പാശ്ചാത്യൻ സ്ത്രീപക്ഷവാദ രാഷ്ട്രീയത്തിനകത്തെയും സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും കാര്യവും ഒട്ടും വ്യത്യസ്തമല്ല.

കുടിയേറ്റ അധിനിവേശ പദ്ധതിയാണ് ഗസ്സയിൽ നടന്നു കൊണ്ടിരിക്കുന്നത്. മറ്റേതൊരു അധിനിവേശ പദ്ധതിയുടെയും കാര്യത്തിലെന്ന പോലെ അത് വംശീയതയുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. എന്നാൽ ഗസ്സ ഇസ്ലാമോഫോബിയയുമായി കൂടി ബന്ധപ്പെട്ട പ്രശ്നമാണ്. എന്നാൽ കൊളോണിയൽ വംശഹത്യ, വംശീയമായ അപമാനവീകരണം, ഇസ്ലാമോഫോബിക് പൈശാചികവൽക്കരണം തുടങ്ങിയ തലത്തിലെല്ലാം നീതിക്കും അധിനിവേശത്തിന്റെ അന്ത്യത്തിനും വേണ്ടിയുള്ള ഫലസ്തീനിയൻ സ്ത്രീകളുടെ പോരാട്ടത്തെ പാശ്ചാത്യൻ സ്ത്രീപക്ഷവാദ പ്രസ്ഥാനങ്ങൾ എതിർക്കുകയാണ് ചെയ്തിട്ടുള്ളത്. ഗസ്സയിലും ഫലസ്തീന്റെ മറ്റ് മേഖലകളിലും പ്രവാസലോകത്തുമുള്ള സ്ത്രീകളുടെ ദൃഢനിശ്ചയം ഒന്നു മാത്രമാണ് ഇന്നത്തെ ഫലസ്തീനിയൻ പോരാട്ടത്തെ ഊർജ്ജ്വസ്വലമാക്കി നിർത്തുന്നത്. ഇസ്രായേലിനെതിരെ മാത്രമല്ല ഫലസ്തീനികൾക്കെതിരെയുള്ള വംശഹത്യയെയും അസ്തിത്വ നിഷേധത്തെയും എതിർക്കുന്ന ഏതൊന്നിനെയും നിശബ്ദമാക്കാനും ശിക്ഷിക്കാനുമുള്ള ദൗത്യത്തിൽ പങ്കു ചേരുന്ന എല്ലാ പാശ്ചാത്യൻ സ്ഥാപനങ്ങൾക്കെതിരെയുമുള്ള സംഘടിത പോരാട്ടത്തിലെ നിർണ്ണായക ശക്തിയാണ് ഈ സ്ത്രീകൾ.

റിയാദ് മൻസൂർ

“ഗസ്സാ മുനമ്പിലെ സകല ജീവനോപാധികളെയും ലോകം ഒന്നടങ്കം നോക്കിനിൽക്കെ ഇസ്രായേൽ വിജയകരമായി തകർത്തിരിക്കുകയാണ്,” എന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി രൂപീകരിക്കപ്പെട്ട റോം സ്റ്റാച്യൂ അസംബ്ലിയിൽ വെച്ച് ഐക്യരാഷ്ട്ര സഭയിലെ ഫലസ്തീൻ വക്താവ് റിയാദ് മൻസൂർ ചൂണ്ടിക്കാണിക്കുകയുണ്ടായി[23]. പക്ഷേ അന്താരാഷ്ട്ര നിയമങ്ങൾ രൂപീകരിക്കപ്പെട്ടിരിക്കുന്നത് കോളനിവൽകൃത ജനവിഭാഗങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയല്ല[24]. അന്താരാഷ്ട്ര നിയമത്തിനെതിരെ ഇസ്രായേൽ രാഷ്ട്രം ഉയർത്തുന്ന വെല്ലുവിളികളെ തടഞ്ഞു നിർത്താനുള്ള എല്ലാ ശ്രമങ്ങളെയും യൂറോ-അമേരിക്കൻ ശക്തികൾ നിർവ്വീര്യമാക്കുന്നത് ലോകം നോക്കിനിൽക്കെ, വംശീയത, ലിംഗഭേദം, കൊളോണിയലിസം/സാമ്രാജ്യത്വം, അന്താരാഷ്ട്ര നിയമം എന്നിവ എത്രത്തോളം പരസ്പരബന്ധിതമാണെന്ന സത്യം മുമ്പെന്നത്തേതിനേക്കാളും ഇന്ന് സുവ്യക്തമായി ഒരാൾക്ക് കാണാൻ കഴിയും. ഏറ്റവും കൂടുതൽ അധികാരവും സൈനികശക്തിയുമുള്ള രാഷ്ട്രങ്ങൾ തീരുമാനിക്കുന്നതെന്തോ അതാണ് ഇന്ന് അന്താരാഷ്ട്ര നിയമം.

ഇസ്രായേലിന്റെ ക്രൂരവും ദുരന്തപൂർണവുമായ ഹിംസകളിൽ നിന്ന് പാഠമുൾക്കൊള്ളുകയും അതിനെതിരെ സംസാരിക്കുകയും ചെയ്യുന്ന ഒരു പുതിയ തലമുറ സ്ത്രീകൾ ഇന്ന് ലോകത്താകമാനമുണ്ട്. അവരെ രാഷ്ട്രീയമായി രൂപപ്പെടുത്തുന്ന രാഷ്ട്രീയാനുഭവങ്ങളിൽ പെട്ടതാണ് ഗസ്സയിലെ അക്രമ സംഭവങ്ങൾ. വംശീയവും ലിംഗഭേദപരവുമായ ഹിംസ എങ്ങനെയാണ് അന്താരാഷ്ട്ര ലോകക്രമത്തെ രൂപീകരിക്കുന്നതെന്നും, അന്താരാഷ്ട്ര നിയമത്തിന്റെയും രാഷ്ട്രീയത്തിന്റെയും പ്രവർത്തനത്തെ അതെങ്ങനെ സ്വാധീനിക്കുന്നു എന്നതിനെയും കുറിച്ചുള്ള നിർണായക പാഠങ്ങളാണവ. കൂടാതെ ഇസ്ലാമികവും അതേപോലെ സെക്കുലറുമായ പരിപ്രേക്ഷ്യങ്ങളിൽ നിന്നു കൊണ്ട് ഫലസ്തീനിയൻ/മുസ്‌ലിം സ്ത്രീകൾ പ്രതിരോധ പോരാട്ടത്തിന് നൽകിക്കൊണ്ടിരിക്കുന്ന പുതിയ അർത്ഥങ്ങളിൽ നിന്നും അവർ പാഠമുൾക്കൊണ്ടു കൊണ്ടിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനമെന്നോണം വെടിനിർത്തൽ പ്രഖ്യാപിക്കുക, അധിനിവേശം അവസാനിപ്പിക്കുക, നോ ജസ്റ്റിസ് നോ പീസ്, തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി കൊണ്ട് ഈ സ്ത്രീകൾ ഫലസ്തീനികൾക്കൊപ്പം നിൽക്കുന്നു. താഴേക്കിടയിൽ നിന്ന് സ്ത്രീ സോളിഡാരിറ്റി എന്നതിന്റെ അർത്ഥത്തെ അവർ പുനർനിർമ്മിച്ചു കൊണ്ടിരിക്കുകയാണ്. അവരുടെ ആ പ്രവർത്തനം തന്നെ രൂപം കൊണ്ടത് ഫലസ്തീനിയൻ/മുസ്‌ലിം സ്ത്രീ പോരാട്ടങ്ങളെ കേന്ദ്രത്തിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ്.

 

കുറിപ്പ്

[1] Gideon Resnick, “Knesset Member Walks Back on Facebook Post Calling Palestinian Kids ‘Little Snakes’,” The Daily Beast, April 14, 2017, https://www.thedailybeast.com/knesset-member-walks-backon-facebook-post-calling-palestinian-kids-little-snakes

[2]  “Israel’s Leaders: In Their Own Words,” Palestine Advocacy Project, https://www.palestineadvocacyproject.org/quotes/

[3]  “Israel’s Leaders: In Their Own Words.”

[4] Golda Meir, “Golda Meir on the Palestinians: Original NYT Op-Ed Text,” Aish, November 5, 2023, https://aish.com/golda-meir-on-the-palestinians/

[5] David Klion, “The Strange Feminism of Golda,” The New Republic, September 1, 2023, https://newrepublic.com/article/175229/strange-feminism-golda-helen-mirren-biopic-movie-review

[6] Jacob Magid, “Israeli envoy to UK: ‘Absolutely No’ Chance of a Palestinian State,” The Times of Israel, December 14, 2023, https://www.timesofisrael.com/liveblog_entry/israeli-envoy-absolutely-no-chance-ofa-palestinian-state/

[7] See Asa Winstanley, “Israel’s Next UK Ambassador is a Settler Extremist,” The Electronic Intifada, June 12, 2020, https://electronicintifada.net/blogs/asa-winstanley/israels-next-uk-ambassador-settler-extremist

[8] Emanuel Fabian, “Defense Minister Announces ‘Complete Siege’ of Gaza: No Power, Food or Fuel,” The Times of Israel, October 9, 2023, https://www.timesofisrael.com/liveblog_entry/defense-ministerannounces-complete-siege-of-gaza-no-power-food-or-fuel/

[9] Ali Sawafta and Maggie Fick, “How Many Palestinians have Died in Gaza? Death Toll Explained,” Reuters, December 9, 2023, https://www.reuters.com/world/middle-east/how-many-palestinians-have-diedgaza-war-how-will-counting-continue-2023-12-06/.

[10] UNICEF, Statement by UNICEF on the risk of famine in the Gaza Strip. UN, December 22, 2023, https://www.unicef.org/press-releases/statement-unicef-risk-famine-gaza-strip.

[11] Maram Humaid, “Israel Orders ‘Death Corridor’ Evacuation for Palestinians in Central Gaza,” Al Jazeera, December 23, 2023,  https://www.aljazeera.com/features/2023/12/23/palestinians-in-central-gaza-flee-along-death-corridorafter-israel-order/

[12] Azhaar Amayreh, “A Day in the Life of a Mother and Child in Gaza,” Mondoweiss, December 23, 2023.  https://mondoweiss.net/2023/12/a-day-in-the-life-of-a-mother-and-child-in-gaza/.

[13] Middle East Eye, “Palestinians in the West Bank Celebrate Prisoners Released from Israeli Prison,” YouTube,  https://www.youtube.com/watch?v=-8rofNFJjas

[14] Farrah Khoutteineh, “International Women’s Day: When Palestinian Women Brought Israel’s Occupation to the Brink of Collapse,” The New Arab, March 8, 2023,  https://www.newarab.com/opinion/iwd-remembering-palestinian-womens-resistance

[15] See, for example, Shalhoub-Kevorkian, N. (2010) Militarization and Violence against Women in Conflict Zones in the Middle East: A Palestinian Case Study. Cambridge University Press and Abdo, N. (2014) Captive Revolution: Palestinian Women’s Anti-colonial Struggle Within the Israeli Prison System. Pluto Press.

[16] Raja Abdulrahim, “The War Turns Gaza into a ‘Graveyard’ for Children,” The New York Times, November 18, 2023, https://www.nytimes.com/2023/11/18/world/middleeast/gaza-childrenisrael.html#:~:text=Gaza%2C%20the%20United%20Nations%20warns,ruins%20%E2%80%94%20is%20a%20Sisyphean%20task

[17] Abdelhakim Abu Riash and Maram Humaid, “As People Run Out of Fuel in Gaza, Clay Ovens are Back in Demand’, Al Jazeera, November 21, 2023 https://www.aljazeera.com/gallery/2023/11/21/traditional-clay-ovens-in-demand-as-fuel-shortagescontinue-in-gaza.

[18] Joseph Stepansky and Farah Najjar, “Israel-Hamas War Updates: Gaza Faces Heavy Israeli Bombardment,” Al Jazeera, December 7, 2023, https://www.aljazeera.com/news/liveblog/2023/12/7/israelhamas-war-live-palestinians-face-another-night-under-israeli-bombs.

[19] Frantz Fanon, Studies in A Dying Colonialism. (New York: Monthly Review Press, 1967): 66.

[20] See Gayatri Spivak. “Can the Subaltern Speak?” in Marxism and the Interpretation of Culture, eds. Nelson and Grossberg (Basingstoke: Macmillan Education, 1998), 271-313.

[21]  See, for example, Sunera Thobani, “War Frenzy,” Meridiens 2, no. 2 (2002); Lila Abu Lughod, Do Muslim Women Need Saving? (Cambridge: Harvard University Press, 2015). See also Sunera Thobani, Contesting Islam, Constructing Race and Sexuality (New York City: Bloomsbury Academic, 2020).

[22] UN Women, Feminist Foreign Policies: An Introduction. United Nations, 2022, https://www.unwomen.org/sites/default/files/2022-09/Brief-Feminist-foreign-policies-en_0.pdf

[23]  Farah Najjar and Joseph Stepansky, “Israel-Hamas War Updates: UN Chief Invokes Rare Article 99 over Gaza War,” Al Jazeera, December 6, 2023, https://www.aljazeera.com/news/liveblog/2023/12/6/israelhamas-war-live-gaza-death-toll-climbs-as-israel-pounds-enclave?update=2538711.

[24] See Antony Anghie, Imperialism, Sovereignty and the Making of International Law (Cambridge: Cambridge University Press, 2005).


വിവർത്തനം: മൻഷാദ് മനാസ്

സുനേര തൊബാനി