Campus Alive

നാം ജാതികൾ അല്ല സ്വതന്ത്ര സമുദായങ്ങളാണ്

(ശ്രീനാരായണ മാനവധർമ്മം കൂട്ടായ്മയുടെ ഔദ്യോഗിക പ്രമേയത്തിന്റെ കരട് രൂപം)

ഇന്ത്യയിൽ പിന്നോക്ക വിഭാഗങ്ങൾ പട്ടിക വിഭാഗങ്ങൾ എന്നൊക്കെ വിശേഷിപ്പിക്കപ്പെടുന്ന ജനത ഒരു നൂറ്റാണ്ടിനു മുമ്പ്
അധ:സ്ഥിതർ,( Depressed Classes) :തൊട്ടുകൂടാത്തവർ,(untouchables) ;ജാതിക്ക് പുറത്തുള്ളവർ(Out castes) എന്നിങ്ങനെയാണ് അറിയപ്പെട്ടിരുന്നത്. അതായത് ബ്രാഹ്മണ്യം നിർദ്ദേശിക്കുന്ന ജാതിവലയത്തിൽ ഉൾപ്പെടാത്തവർ.
ജാതി എന്ന സംസ്കൃത വാക്കിൻറെ അർത്ഥം ജന്മ രീതി എന്നാണ്. അതായത് ഒരേ ജന്മ രീതിയില്‍ സൃഷ്ടിക്കപ്പെടുന്ന എല്ലാത്തിനെയും ഒരു ജാതി എന്ന് പറയുന്നു.
ഋഗ്വേദത്തിലെ പുരുഷസൂക്തം പറയുന്നത് വിരാട് പുരുഷന്റെ വ്യത്യസ്ത ശരീര ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ത ജന്മ രീതികളിലൂടെയാണ് ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്യർ, ശൂദ്രർ എന്നീ നാല് കൂട്ടങ്ങൾ സൃഷ്ടിക്കപ്പെടുന്നത്. അങ്ങിനെ ഋഗ്വേദം ബ്രാഹ്മണർ, ക്ഷത്രിയര്‍, വൈശ്യർ ,ശൂദ്രർ എന്നിങ്ങനെ നാല് ജാതികളെയും ഒപ്പം ജാതി വ്യവസ്ഥയെയും സൃഷ്ടിക്കുന്നു.
എന്നാൽ ശ്രീനാരായണഗുരു പ്രഖ്യാപിക്കുന്നത് ലോകത്തുള്ള എല്ലാ മനുഷ്യരും ഒരേ ജന്മ രീതിയിലൂടെ മാത്രമാണ് സൃഷ്ടിക്കപ്പെടുന്നത് എന്ന സത്യമാണ്. അതിലൂടെ ഋഗ്വേദം സൃഷ്ടിച്ച അസത്യവും അധാർമികവും യുക്തിരഹിതവുമായ ജാതിവ്യവസ്ഥയെ ശ്രീനാരായണഗുരു തകർക്കുന്നു.
മനുഷ്യർ സാമൂഹ്യ ജീവികളാണ്. അതുകൊണ്ടുതന്നെ ലോകമെമ്പാടും മനുഷ്യർ സ്വാഭാവികമായും സാമൂഹ്യ കൂട്ടായ്മകൾ രൂപീകരിക്കുന്നു. ഈ കൂട്ടായ്മകൾ നിരന്തരം പരിവർത്തിക്കുന്നു. ഇവയെ നമ്മൾ സമുദായങ്ങൾ എന്ന് വിളിക്കുന്നു.
ഋഗ്വേദീയ ജാതി വർണ്ണ വ്യവസ്ഥ തദ്ദേശീയ സ്വാതന്ത്രസമുദായങ്ങളുടെ നാമകരണം ‘ജാതി”യായി മാറ്റി. തൽഫലമായി സ്വതന്ത്ര സമുദായങ്ങൾ ബ്രാഹ്മണീക ജാതിവ്യവസ്ഥയിൽ മനുഷ്യ സ്ഥാനം ഇല്ലാത്ത ചൂഷണപ്പെടേണ്ട മൃത വസ്തുക്കളായി മാറ്റപ്പെട്ടു. ജാതി /വർണ്ണ വ്യവസ്ഥ ബഹുഭൂരിപക്ഷം മനുഷ്യരിൽ പരസ്പരം സഹകരിക്കാനോ ഇടകലരാനോ സാധിക്കാത്ത വിധം വിഭജനവും അപരത്വവും സൃഷ്ടിക്കപ്പെടുന്നു.
സമുദായങ്ങളെ ജാതികളായി കരുതുന്നതിലൂടെ നാം സ്വയം ബ്രാഹ്മണ്യത്തിന്റെ അധമവ്യവസ്ഥയ്ക്ക് കീഴ്പ്പെടുകയും കീഴാളുകളായി മാറ്റപ്പെടുകയും ചെയ്യുന്നു.
നമ്മൾ ജാതികൾ അല്ല സ്വതന്ത്ര സമുദായങ്ങളാണ് എന്നുള്ള സത്യം സ്പഷ്ടമായി തിരിച്ചറിഞ്ഞാൽ നമ്മൾ ശ്രേണീകൃത അസമത്വത്തിൽ നിന്നും അപരത്വത്തിൽ നിന്നും വിമോചിക്കപ്പെടും.
അതുകൊണ്ട് ജാതി എന്നുള്ള പ്രയോഗം നമ്മൾ പൂർണ്ണമായി ഒഴിവാക്കുന്നു. നമ്മൾ ജാതികളല്ല; സ്വതന്ത്ര സമുദായങ്ങൾ ആണ് എന്ന് പ്രഖ്യാപിക്കുന്നു.
അതുകൊണ്ട് മേലിൽ ഞങ്ങളെ ജാതികൾ എന്ന വിശേഷണത്തിൽ നിന്നും ഒഴിവാക്കി സമുദായങ്ങൾ എന്ന്
രേഖപ്പെടുത്തി വിശേഷിപ്പിക്കണമെന്ന് കേന്ദ്രസംസ്ഥാന സർക്കാരുകളോടും ബന്ധപ്പെട്ട ഇതര അധികാരികളോടും ഈ യോഗം ആവശ്യപ്പെടുന്നു. അതുകൊണ്ട് ഇനിമേൽ സർക്കാർ വിവിധ ആവശ്യങ്ങൾക്ക് ക്ഷണിക്കുന്ന അപേക്ഷകളിലും ഇതര സാക്ഷ്യപത്രങ്ങളിലും ജാതി എന്നതിന് പകരം സമുദായം എന്ന് രേഖപ്പെടുത്തുന്നതിന് ആവശ്യമായ ഉത്തരവ് ബന്ധപ്പെട്ടവർക്ക് നൽകണമെന്നും അഭ്യർത്ഥിക്കുന്നു.

( പ്രമേയം അവതരിപ്പിച്ചത്
വി ആർ ജോഷി )