Campus Alive

ഇസ്‌ലാമോഫോബിയയെ നിർവചിക്കുമ്പോൾ

(യു.കെയിലെ എ.പി.പി.ജിയ്ക്ക് (All-Party Parliamentary Group) സമർപ്പിക്കുവാൻ വേണ്ടി യു.കെയുടെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇസ്‌ലാമോഫോബിയയെ നിർവചിച്ചുകൊണ്ട് പ്രൊഫസർ സൽമാൻ സയ്യിദും അബ്ദുൽ കരീം വകീലും ചേർന്നെഴുതിയ കുറിപ്പാണിത്)


ആമുഖം

നിർവചനം ഒരു മാന്ത്രിക വിദ്യയൊന്നുമല്ല. ഇസ്‌ലാമോഫോബിയയെ നിർവ്വചിച്ചതു കൊണ്ട് മാത്രം ഇസ്‌ലാമോഫോബിയ അവസാനിക്കുകയുമില്ല. നിയമപരമായ ഒരു വിശാല നിർവചനത്തിനപ്പുറം ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്ന രീതികളിൽ മാറ്റമുണ്ടാക്കുവാനും സമൂഹത്തിൽ വ്യാപിക്കുവാനും ശേഷിയുള്ള ഒരു നിർവചനമാണ് ആവശ്യം. നിലനിൽക്കുന്ന പൊതു പെരുമാറ്റ ചട്ടങ്ങളെ ആസ്പദമാക്കി നിർമ്മിച്ച, ദേശീയമായ നമ്മുടെ സംഭാഷണങ്ങളിൽ മാറ്റം കൊണ്ടുവരാൻ കഴിയുന്ന സംക്ഷിപ്തമായ ഒരു നിർവചനമാണ് ഇതു കൊണ്ട് അർത്ഥമാക്കുന്നത്.

ഇസ്‌ലാമോഫോബിയയുടെ നിർവചനം

മുസ്‌ലിമത്വത്തിനെ (Muslimness) അല്ലെങ്കിൽ മുസ്‌ലിമത്വം എന്ന് വിഭാവന ചെയ്യപ്പെടുന്നതിനെ ഉന്നം വെച്ചു കൊണ്ടുള്ള വംശീയതയുടെ ഒരു രൂപമാണ് ഇസ്‌ലാമോഫോബിയ.

വംശീയത

ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള ഈ നിർവചനത്തിൽ വംശീയതയുമായി അതിനെ ബന്ധിപ്പിച്ചിരിക്കുന്നത് പ്രായോഗികവും സൈദ്ധാന്തികവുമായ കാരണങ്ങൾ മുൻനിർത്തിയാണ്. പ്രായോഗികമായി, വംശീയതയെ കൈകാര്യം ചെയ്യാനുള്ള മാർഗങ്ങളും സംവിധാനങ്ങളും വിശാലമായ പല സംഘടനകൾക്കും മുൻപേ തന്നെ ഉണ്ട്. അതുകൊണ്ട് ഇസ്‌ലാമോഫോബിയയെ വംശീയതയുടെ ഒരു രൂപമായി നിർവചിക്കുക വഴി ഉയർന്നു വരുന്ന ആശങ്കകളെയും പരാതികളെയും കൈകാര്യം ചെയ്യാൻ പുതിയ നടപടി ക്രമങ്ങൾ കണ്ടത്തേണ്ട ശ്രമങ്ങൾ ആവശ്യമില്ലാതെ വരുന്നു. സൈദ്ധാന്തികമായി, സംഘടിത സ്വത്വങ്ങളെ രൂപീകരിക്കുകയും ശ്രേണീകരിക്കുകയും ചെയ്യുന്ന വംശീയവൽക്കരണം എന്ന പ്രക്രിയയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു തരം നിയന്ത്രണ രൂപത്തെയാണ് വംശീയത എന്നു മനസ്സിലാക്കപ്പെടുന്നത്.

മുസ്‌ലിമത്വം (Muslimness)

തങ്ങളുടെ മതപരതയുടെയും നരവംശ സ്വത്വത്തിന്റെയും സംസ്കാരത്തിന്റെയുമൊക്കെ വൈജാത്യങ്ങൾക്കപ്പുറം മുസ്‌ലിംകളും മുസ്‌ലിംകൾ എന്ന് ധരിക്കപ്പെടുന്ന അമുസ്‌ലിംകളും ഇസ്‌ലാമോഫോബിയയെ അനുഭവിക്കുന്നുണ്ട്. സ്പഷ്ടവും പ്രത്യക്ഷവുമായി വിവേചനപരവും പരോക്ഷമായി ഗുണാത്മകവും ആവാൻ അതിന് കഴിയും. എങ്കിലും മുസ്‌ലിമത്വത്തിന്റെ സ്വീകാര്യമായ രൂപങ്ങളെ പരിമിതപ്പെടുത്താൻ അത് എല്ലായ്പ്പോഴും ശ്രമിച്ചുകൊണ്ടിരിക്കും, അങ്ങനെ ഉപാധികളുടെയും സന്ദിഗ്ദതയുടെയും ഉടമ്പടിയോടെ മാത്രം മുസ്‌ലിം പൗരത്വത്തെ അവതരിപ്പിക്കുയും ചെയ്യും. നിന്ദിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഇത്തരം വകഭേദങ്ങളെയാണ് മുസ്‌ലിമത്വം എന്ന പദം ഉൾക്കൊള്ളുന്നത്.

ഇംഗ്ലീഷ്നെസ്സ് പോലെ സാധാരണയായി നാം കാണാറുള്ള പ്രയോഗങ്ങൾക്ക് സമാനമാണ് മുസ്‌ലിംനെസ്സ്/മുസ്‌ലിമത്വം എന്ന പ്രയോഗവും. ഒരു പ്രത്യേക സന്ദർഭത്തിൽ മുസ്‌ലിം ആയിരിക്കലിന്റെ വിശേഷണങ്ങളായി കണക്കാക്കപ്പെടുന്ന പരസ്പരം ചേർന്ന് കിടക്കുന്ന അനിശ്ചിതമായ ചില പ്രത്യേകതകളെയാണ് മുസ്‌ലിമത്വം എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ആളുകളുടെ പേര് മുതൽ അവർ ധരിക്കുന്ന വസ്ത്രം സംസാരിക്കുന്ന ഭാഷ അവർ കഴിക്കുന്ന/കഴിക്കാതിരിക്കുന്ന ഭക്ഷണം എന്നിവയൊക്കെ ഇതിൽ പെടാം. വസിക്കുന്ന പ്രദേശം, ജീവിത ശൈലികൾ, വാചികവും അല്ലാത്തതുമായ ഭാവ പ്രകടനങ്ങൾ (ഉദാ: അഭിവാദന രീതി) എന്നിവയെല്ലാം അതിന്റെ ഭാഗമാണ്. ഈ വിശേഷണങ്ങളൊന്നും സ്ഥിരമല്ല, മറിച്ച് സാഹചര്യത്തിന് അനുസൃതവും ചരിത്രപരവുമാണ് – ചിലത് ദീർഘകാലമായി ഉള്ളതാണെങ്കിൽ (ഉദാ: മതഭ്രാന്ത്) മറ്റുചിലത് സമീപകാലത്ത് ഉണ്ടായവയും (ഉദാ: തീവ്രവാദി) അവയിൽ തന്നെ ചിലത് പരസ്പര വിരുദ്ധമായവയും ആണ് (18-ാം നൂറ്റാണ്ടിൽ ‘പ്രകൃതി വിരുദ്ധ ഭോഗം’ എന്ന ആക്ഷേപം ആണെങ്കിൽ 20-21 നൂറ്റാണ്ടുകളിൽ അത് ‘ഹോമോഫോബിയ’ ആണ്). ഈ വാർപ്പുമാതൃകകളിലൊന്നും അവരെ കുറിച്ച യാഥാർത്ഥ്യമല്ല പ്രധാനം, മറിച്ച് അതിന്റെ വിപണന മൂല്യമാണ് (അതുകൊണ്ടാണ് ടർബൻ ധരിക്കുന്ന സിഖുകാർ മുസ്‌ലിംകളായി തെറ്റിദ്ധരിക്കപ്പെടുകയും അക്രമിക്കപ്പെടുകയും ചെയ്യുന്നത്).

ഇസ്‌ലാമോഫോബിയയുടെ സംവാദ മണ്ഡലം

ഇസ്‌ലാമോഫോബിയ എന്ന ആശയത്തിനോട് എതിർപ്പുകളുയർന്നു വരുന്നതിൽ അത്ഭുതപ്പെടാനില്ല. വംശീയത എന്ന പദം പൊതു സംഭാഷണങ്ങളിൽ അവതരിപ്പിക്കപ്പെട്ടപ്പോഴും സമാനമായ രീതീയിൽ, അതൊരു പുതിയ വാക്കാണെന്നും അഭിപ്രായ സ്വാതന്ത്രത്തിനും ഹാസ്യപ്രകടനങ്ങൾക്കും അന്ത്യം വരുത്തുമെന്നും ഒരു ബ്ലാക്ക് കോഫി ഓർഡർ ചെയ്യാൻ പോലും നമുക്ക് കഴിയാതെ വരുമെന്നുമൊക്കെയുള്ള ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

ഇസ്‌ലാമോഫോബിയയെ നിർവചിച്ചതു കൊണ്ട് മാത്രം ആയില്ല. സാധാരണയായി ഉയർന്നു വരുന്ന എതിർപ്പുകളെയും നാം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമോഫോബിയ എന്ന ആശയത്തിനും അതിന് മുകളിൽ നൽകിയ നിർവചനത്തിനും എതിരെ സാധാരണയായി ഉയർന്നു വരാറുള്ള ഒമ്പതോളം എതിർപ്പുകളെയാണ് തുടർന്ന് പരിശോധിക്കാൻ ശ്രമിക്കുന്നത്.

1. ഇസ്‌ലാമോഫോബിയ പുതുതായി നിർമ്മിക്കപ്പെട്ട ഒരു വാക്ക് മാത്രമാണ്.

ആന്റിസെമിറ്റിസം, റേസിസം, സെക്സിസം എന്ന് തുടങ്ങിയ എല്ലാ വാക്കുകളും നിർമ്മിക്കപ്പെട്ടവ തന്നെയാണ്. 20-ാം നൂറ്റണ്ടിന്റെ ആദ്യ ഘട്ടത്തിലാണ് ഫ്രഞ്ചിലും ഇംഗ്ലീഷിലും ഇസ്‌ലാമോഫോബിയ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചു തുടങ്ങുന്നത് (മുസൽമാനോഫോബിയ, തുർക്കോഫോബിയ തുടങ്ങിയ പദങ്ങൾ അതിനും മുൻപേ 19-ാം നൂറ്റാണ്ടിന്റെ പകുതിയിലൊക്കെ നിലനിൽക്കുന്നുണ്ട്). വാസ്തവത്തിൽ റേസിസം എന്ന പദം ഇസ്‌ലാമോഫോബിയക്കും ശേഷം 1930 കളിലാണ് രൂപപ്പെട്ടത്.

ഒരു വാക്ക് എന്ത് ചെയ്യുന്നു എന്നുള്ളതാണ് പ്രധാനം. മുസ്‌ലിമത്വത്തിന്റെ (യഥാർത്ഥമായതോ അല്ലെങ്കിൽ അങ്ങനെ മനസ്സിലാക്കപ്പെടുന്നതോ ആയ) പ്രകടനങ്ങൾക്കെതിരെയുള്ള, തിരിച്ചറിയപ്പെടാതിരിക്കുകയും അതു വഴി വെല്ലുവിളിക്കപ്പെടാതെയും പോവുന്ന, അനീതികളെയും ക്രൂരതകളെയും തിരിച്ചറിയാൻ ഇസ്‌ലാമോഫോബിയ എന്ന പദം സഹായിക്കുന്നു.

2. ഫോബിയ എന്ന വാക്ക് മനഃശാസ്ത്രപരമായ ഒരു അവസ്ഥയെ ആണ് കുറിക്കുന്നത്, അതിനാൽ ഇസ്‌ലാമോഫോബിയ എന്ന വാക്ക് തെറ്റാണ്.

വാക്കുകളുടെ അർത്ഥം അവയുടെ ഉൽപത്തിശാസ്ത്രത്തിൽ നിന്ന് മാത്രമല്ല വരുന്നത്, മറിച്ച് അതിന്റെ ഉപയോഗത്തിൽ നിന്നു കൂടിയാണ്. ഉദാഹരണത്തിന്, സെനോഫോബിയ, ഹോമോഫോബിയ തുടങ്ങിയ പദങ്ങളുടെ മനഃശാസ്ത്രപരമായ വിവരണങ്ങളെ പരിഗണിക്കാതെ തന്നെയാണ് അവ ഉപയോഗിക്കാറുള്ളത്.

3. ഇസ്‌ലാമോഫോബിയ എന്ന പദത്തേക്കാൾ ‘മുസ്‌ലിം-വിരുദ്ധ വിദ്വേഷം’ എന്ന പദമല്ലേ കൂടുതൽ കൃത്യവും തർക്കരഹിതവും?

മുസ്‌ലിംകളനുഭവിക്കുന്ന ഘടനാപരവും വംശീയവുമായ അസമത്വങ്ങളുടെ വിശാലമായ മണ്ഡലത്തെ ‘മുസ്‌ലിം-വിരുദ്ധ വിദ്വേഷം’ എന്ന പദം ഉൾക്കൊള്ളുന്നില്ല. ഉദാഹരണത്തിന്, ഒരു മുസ്‌ലിം തന്റെ ‘മുഹമ്മദ്’ എന്ന പേര് കാരണം തൊഴിൽ സ്ഥലത്ത് വിവേചനം നേരിടുന്നു. ഇത് കേവലം ഒരു വിദ്വേഷ പ്രകടനത്തിന്‍റെ ഉദാഹരണമല്ല, അതിലപ്പുറം വ്യക്തമായും ഒരു തരം വംശീയതയും ഇസ്‌ലാമോഫോബിക്കുമാണത്.

4. ഇസ്‌ലാമോ മുസ്‌ലിംകളോ ഒരു വംശം (Race) അല്ലാത്ത നിലക്ക് എങ്ങെയാണ് ഞാനൊരു വംശീയവാദിയാണെന്ന് പറയാനാവുക?

മുസ്‌ലിംകൾ ഒരു ‘വംശം’ അല്ല, പക്ഷേ അവർ വംശീയവൽക്കരണത്തിന് (Racialization) വിധേയമാവുകയാണ്. ഹിജാബ് ധരിക്കണമെന്ന് തീരുമാനിച്ച ഒരു സ്ത്രീ വംശീയതയുമായി ബന്ധപ്പെട്ട പരിണിതികൾക്ക് വിധേയമാവുന്നു; വൃത്തികെട്ട നോട്ടം മുതൽ വാചികമായ അധിക്ഷേപവും ശാരീരികമായ അക്രമം വരെ അതിന്റെ ഭാഗമായി ഉണ്ടാവും. ‘വംശം’ എന്നത് പൂർണമായും ജീവശാസ്ത്രപരമല്ല എന്നത് തന്നെയാണ് ഇതിന് കാരണം. സാസ്കാരികവും സാമൂഹികവുമായ ഘടകങ്ങളാൽ കുഴഞ്ഞുമറിഞ്ഞ് കിടക്കുന്ന ഒന്നാണത്. മനുഷ്യരെ ഹിംസ്രവും സാമൂഹിക നിർമ്മിതവുമായ ഒരു ശ്രേണീക്രമത്തിൽ ഗണങ്ങളാക്കി തിരിക്കാൻ വേണ്ടി സംസ്കാരത്തെയും ചരിത്രത്തെയും ഭൂപ്രദേശത്തെയും മനുഷ്യ ശരീരങ്ങളിൽ സ്ഥാനപ്പെടുത്തുന്നു. ശാസ്ത്രീയമായി ‘വംശം’ എന്ന ഒന്നില്ല എന്നത് കൊണ്ടാണ് മുസ്‌ലിംകൾ ഒരു ‘വംശം’ അല്ലാതാവുന്നത്. പകരം ഒരു ‘വംശം’ എന്ന പോലെ അവരെ കാണുകയാണ് ചെയ്യുന്നത്. ബഹുസ്വരമായ വംശ പശ്ചാത്തലം ഉള്ളവരാണ് മുസ്‌ലിംകളെങ്കിലും അവരുടെ പേരിനെയും സാംസ്കാരിക സ്വത്വത്തെയും അല്ലെങ്കിൽ അവരുടേതെന്ന് കരുതപ്പെടുന്ന പെരുമാറ്റരീതികളെയും മുൻനിർത്തി വംശീയവൽക്കരിക്കപ്പെടുകയും വിവേചിക്കുകയും ചെയ്യുന്നു.

5. ഇസ്‌ലാം ഉൾപ്പെടെയുള്ള മതങ്ങളെ ഞാൻ വിമർശനാത്മകമായാണ് സമീപിക്കുന്നത്. എന്നത് കൊണ്ട് ഞാൻ ഒരു ഇസ്‌ലാമോഫോബ് ആവുമോ?

ഇസ്‌ലാമിനെയോ അല്ലെങ്കിൽ മറ്റ് മതങ്ങളെയോ വിമർശനാത്മകമായി സമീപിക്കുന്നത് ഒരാളെ ഇസ്‌ലാമോഫോബ് ആക്കുന്നില്ല. നിങ്ങളുടെ  വീക്ഷണങ്ങളെ പ്രകടിപ്പിക്കാൻ ഇസ്‌ലാമോഫോബിയയുടെ ഭാഷയെ ഉപയോഗിക്കുമ്പോൾ മാത്രമേ നിങ്ങൾ ഇസ്‌ലാമോഫോബ് ആവുന്നുള്ളൂ. സവിശേഷ പശ്ചാത്തലങ്ങളിൽ മുസ്‌ലിമത്വത്തോട് ഇസ്‌ലാമോഫോബിക്കായ ആവിഷ്കരണങ്ങൾ നൽകുന്ന സുസ്ഥാപിതവും അതേസമയം ചലനാത്മകവുമായ മീമുകളുടെയും, അവലംബങ്ങളുടെയും പദങ്ങളുടെയും പ്രയോഗങ്ങളുടെയും ഒരു സാകല്യം തന്നെ ഇവിടെയുണ്ട്.

6. എല്ലാ പശ്ചാത്തലങ്ങളിലും ഇസ്‌ലാമോഫോബിക് എന്ന് വിളിക്കാവുന്ന സംഗതി നിലനിൽക്കുന്നുണ്ടോ?

ഇല്ല, പശ്ചാത്തലം നിർണായകമാണ്. ഒരു പ്രസ്താവനയിലെ ‘മുസ്‌ലിം’ എന്ന പദത്തിന് പകരം മറ്റൊരു ന്യൂനപക്ഷത്തെ പുനഃസ്ഥാപിച്ചാൽ എങ്ങനെ ഉണ്ടാവുമെന്ന് നോക്കിയാൽ അത് മനസ്സിലാവും. എന്നിരുന്നാലും, പശ്ചാത്തലം സ്വകാര്യമായ ഉദ്ദേശങ്ങളെ സംബന്ധിച്ച് പരിഗണനീയമാവില്ല, മറിച്ച്, അത് പൊതുവും സാമൂഹികവും ആണ്; ആര് പറയുന്നു ചെയ്യുന്നു എന്ത് പറയുന്നു ചെയ്യുന്നു എന്നതിനെ മാത്രം ആശ്രയിച്ചല്ല അത് നിലനിൽക്കുന്നത്, അത്തരം പ്രവൃത്തികളുടെയും പറച്ചിലുകളുടെയും അനന്തരഫലങ്ങളെ കൂടി ആശ്രയിച്ചാണ്. ഒരു ഇസ്‌ലാമോഫോബിക് പ്രസ്താവന നടത്തിയ ആൾ ഒരു അധികാര സ്ഥാനത്ത് ഇരിക്കുന്നയാളോ ജനങ്ങളെ സ്വാധീനിക്കാൻ കെൽപ്പുള്ളയാളോ വിദ്വേഷ പ്രസ്താവനകൾ നടത്തിയ ചരിത്രമുള്ള ആളോ ആവുമ്പോഴാണ് ഇസ്‌ലാമോഫോബിയ കൂടുതൽ ഗുരുതരമാവുന്നത് (രാഷ്ട്രീയക്കാർ, ദേശീയ മാധ്യമങ്ങളിൽ എഴുതുന്നവർ, സാമൂഹ്യ മാധ്യമങ്ങളിൽ കാര്യമായി ഫോളോവേഴ്സ് ഉള്ളവർ എന്നിവരൊക്കെ ഇതിൽ പെടും). സമാനമായി, ഇസ്‌ലാമോഫോബിയയുമായി താരതമ്യം ചെയ്യാവുന്ന മറ്റ് വംശീയ രൂപങ്ങളെ സംബന്ധിച്ച് ദീർഘ കാലമായി നിലനിൽക്കുന്ന ചർച്ചകളിലൂടെ മനസ്സിലാകുന്ന പോലെ, അപരാധികൾ സ്വയം മുസ്‌ലിം ആണെന്ന് പറയുന്നുണ്ടോ, അല്ലെങ്കിൽ മുസ്‌ലിമത്വത്തിന്റെ പ്രകടനങ്ങളോട് എങ്ങനെയാണ് അയാൾ യോജിക്കുന്നത് എന്നതിനെയൊക്കെ ആശ്രയിച്ച് ഇസ്‌ലാമോഫോബിയയുടെ അപായ സാധ്യത വ്യത്യാസപ്പെട്ടിരിക്കും.

7. ചില മുസ്‌ലിംകൾ നിഖാബ് ഒരു ഇസ്‌ലാമിക അനുഷ്ഠാനം ആണെന്ന് വിശ്വസിക്കുന്നവരാണ്, മറ്റു ചിലരാവട്ടെ മുസ്‌ലിമത്വത്തിന്റെ പ്രകടനങ്ങളാണ് നിഖാബ് എന്ന് കരുതുന്നു. ഈയൊരു പ്രത്യേക പ്രകടനത്തെ വെല്ലുവിളിക്കുന്നവർ ഇസ്‌ലാമോഫോബ് ആകുമോ?

വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാവുക എന്നത് ഇസ്‌ലാമോഫോബ് ആവുന്നതിന് തുല്ല്യമല്ല. ഇസ്‌ലാമോഫോബിയയിലേക്ക് വഴുതി മാറാതെ തന്നെ ഒരാൾക്ക് വേണമെങ്കിൽ നിഖാബ് ഇസ്‌ലാമികം ആണ് എന്ന വാദത്തെ വെല്ലുവിളിക്കാവുന്നതാണ്. എന്നാൽ, നിഖാബുമായി ബന്ധപ്പെട്ട് ഇന്ന് നിലനിൽക്കുന്ന തർക്കങ്ങൾ മിക്കതും ഇസ്‌ലാമോഫോബിക് ആണ്, അവരെ വെല്ലുവിളിക്കാൻ കഴിയുന്നത് പ്രധാനമാണ്.

8. സ്ത്രീകളുടെ ചേലാകർമ്മം ചില മുസ്‌ലിം രാഷ്ട്രങ്ങളിൽ പ്രാക്ടീസ് ചെയ്യുന്നുണ്ട്, അത് മുസ്‌ലിമത്വത്തിന്റെ പ്രകടനമാണ് എന്ന് ചിലർ വാദിക്കുകയും ചെയ്യുന്നു. അങ്ങനെയെങ്കിൽ സ്ത്രീ ചേലാകർമ്മത്തെ ശിക്ഷാർഹമാക്കുന്ന നിയമങ്ങൾ ഇസ്‌ലാമോഫോബിക് ആണെന്ന് പറയാമോ?

ഇല്ല, സ്ത്രീ ചേലാകർമ്മം ഒരു ഇസ്‌ലാമിക അനുഷ്ഠാനമാണ് എന്ന് പൂർണമായി പറയാൻ കഴിയില്ല, അത് പ്രാദേശികവും കൂടിയാണ്. സ്ത്രീ ചേലാകർമ്മം പ്രാക്ടീസ് ചെയ്യുന്നതിന് മുസ്‌ലിംകളെ മാത്രം വ്യവസ്ഥാപിതമായി ശിക്ഷിക്കുകയും അതേ പ്രാക്ടീസ് കൊണ്ടുനടക്കുന്ന മറ്റു വിഭാഗങ്ങളെ അതിന് അനുവദിക്കുകയും ചെയ്യുന്ന ഒരു നിയമം ഉണ്ടെങ്കിൽ അത് ഇസ്‌ലാമോഫോബിക് ആണ്. സ്ത്രീ ചേലാകർമ്മത്തെ എല്ലാ സന്ദർഭത്തിലും ഭയോപകാരത്തിന് അപ്പുറം ശിക്ഷിക്കുകയാണ് എങ്കിൽ ആ നിയമത്തെ ഇസ്‌ലാമോഫോബിക് എന്ന് വിളിക്കാൻ കഴിയില്ല.

9. യു.കെയിലെ പല പള്ളികളിലും മുസ്‌ലിം സ്ത്രീകളെ നിസ്കരിക്കാൻ അനുവദിക്കുകയോ പള്ളിയിലെ മറ്റ് സേവനങ്ങൾ അവർക്ക് ലഭ്യമാക്കുകയോ ചെയ്യുന്നില്ല. പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് ഇടം നിഷേധിക്കുന്നത് മുസ്‌ലിമത്വത്തിന്റെ ഭാഗമാണ് എന്ന് വാദിക്കുന്ന ആളുകൾ ഉണ്ടായിരിക്കെ മുസ്‌ലിം സ്ത്രീകളുടെ ലിംഗ സമത്വത്തിന് വേണ്ടി പ്രവർത്തിക്കൽ ഇസ്‌ലാമോഫോബിക് ആണോ?

ഒരു സംഗതി ഇസ്‌ലാമോഫോബിക് ആവുന്നത് മുസ്‌ലിമത്വത്തെ തന്നെ ഉന്നം വെക്കുന്ന വംശീയമായ ഒരു രൂപം അതിന് ഉണ്ടാവുമ്പോൾ ആണ്, അല്ലാതെ കേവലം മുസ്‌ലിമത്വത്തിന്റെ ഒരു പ്രത്യേക പ്രകടനത്തെ അല്ല. സിനഗോഗ്, ക്ഷേത്രം, ചർച്ച് എന്നീ മത സ്ഥാപനങ്ങളിൽ നിന്നൊക്കെ പള്ളിയെ മാത്രം ഒറ്റതിരിച്ച് ലിംഗ അസമത്വത്തിന്റെ ഇടമായി കാണിക്കുമ്പോഴാണ് അത് ഇസ്‌ലാമോഫോബിയ ആവുന്നത്.

ഉപസംഹാരം

ഇസ്‌ലാമോഫോബിയയുടെ ഒരു നിർവചനം ആണ് ഇവിടെ നൽകിയത്, അല്ലാതെ ഒരു വിജ്ഞാനകോശമല്ല. സമൂഹത്തെ ബാധിക്കുന്ന എല്ലാ തരം അനീതികളെയും ഇസ്‌ലാമോഫോബിയയുടെ നിർവചനം ആലേഖനം ചെയ്യുന്നില്ല, എല്ലാ വിവേചനങ്ങളും സംഘർഷങ്ങളും ഇസ്‌ലാമോഫോബിക്കും അല്ല. എങ്കിലും, എല്ലാം ഇസ്‌ലാമോഫോബിക് അല്ലെന്നത് കൊണ്ട് ഒന്നും അതല്ലെന്നും അർത്ഥമില്ല. ജനങ്ങളിലേക്ക് വ്യാപകമായി പ്രചരിക്കുകയും എങ്ങനെയാണ് സമകാലിക സമൂഹത്തിൽ അത് പ്രവർത്തിക്കുന്നത് എന്നത് സംബന്ധിച്ച് സാധാരണക്കാരെ പോലും ബോധവൽക്കരിക്കുകയും ചെയ്യുന്ന ഇസ്‌ലാമോഫോബിയയെ കുറിച്ച ഒരു നിർവചനം ആണ് നമുക്ക് ആവശ്യം. സാമൂഹത്തിന്റെ സാമാന്യ ബോധത്തെ മാറ്റുന്നതിനുള്ള പ്രേരകമായി പ്രവർത്തിക്കുമെന്നാണ് ഈ നിർവചനത്തിന് പിന്നിലെ പ്രതീക്ഷ. അങ്ങനെയൊരു മാറ്റം സംഭവിച്ചാൽ, ഇസ്‌ലാമോഫോബിയയെ വംശീയതയുടെ ഒരു രൂപമായി അംഗീകരിക്കപ്പെടുകയും അതിനെ നാമകരണം ചെയ്യാനും എതിർക്കാനുമുള്ള ശ്രമങ്ങളെ തള്ളിക്കളയുകയും ചെയ്യുന്നതിന് പകരം പൗരാവകാശങ്ങളുടെ വികാസത്തിന് അനിവാര്യമായ സംഭാവനയായി ഇസ്‌ലാമോഫോബിയയെ മനസ്സിലാക്കി തുടങ്ങുകയും ചെയ്യും.


വിവർത്തനം: മൻഷാദ് മനാസ്

സൽമാൻ സയ്യിദ് / അബ്ദുൽ കരീം വകീൽ