Campus Alive

സർവ്വാധികാരി പോലീസ്!

(ഇറ്റാലിയൻ രാഷ്ട്രീയ തത്വചിന്തകനായ ജോർജിയോ അഗമ്പൻ 1991-ൽ എഴുതിയതാണ് ഈ കുറിപ്പ്, അദ്ദേഹത്തിന്റെ ‘Means without End, Notes on Politics’ എന്ന ലേഖന സമാഹാരത്തിൽ നിന്നും)


ഗൾഫ് യുദ്ധം നമ്മെ പഠിപ്പിച്ച നിസ്സംശയമായ പാഠങ്ങളിലൊന്ന് പരമാധികാരം എന്ന സങ്കല്പം ഒടുവിൽ പോലീസ് എന്ന സ്വരൂപത്തിനകത്തേക്ക് അവതരിപ്പിക്കപ്പെട്ടു എന്നുള്ളതാണ്. സവിശേഷമായി വിനാശകരമായ ‘യുദ്ധ നിയമത്തിന്റെ’ (ius belli) കേവലമൊരു ‘പോലീസ് ഓപ്പറേഷൻ’ എന്ന പേരിലുള്ള നടപ്പിലാക്കൽ, ദോഷം മാത്രം കണ്ടെത്തിക്കൊണ്ടുള്ള കേവല നിഗൂഢ വൽക്കരണമായി (ചില വിമർശകർ കരുതിയിരുന്നതു പോലെ) പരിഗണിക്കാൻ കഴിയില്ല. ഈ യുദ്ധത്തിന്‍റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത, അതിന്‍റെ ന്യായമായി മുന്നോട്ടു വെക്കുന്ന കാരണങ്ങളെയൊന്നും ഗുപ്തമായ ഒരു പദ്ധതിയെ മറച്ചുവെക്കാനുള്ള പ്രത്യയശാസ്ത്രപരമായ ഉപരിഘടനകളെന്ന പേരിൽ മാറ്റിവെക്കാൻ സാധിക്കില്ല എന്നതാണ്. മറിച്ച്, പ്രഖ്യാപിക്കപ്പെട്ട കാരണങ്ങളെ അക്ഷരാർത്ഥത്തിൽ തന്നെ കണക്കിലെടുക്കേണ്ടുന്ന രീതിയിൽ പ്രത്യയശാസ്ത്രം ഇതിനിടയിൽ യാഥാർത്ഥ്യത്തിലേക്ക് ആഴത്തിൽ വ്യാപിച്ചിരിക്കുന്നു – പ്രത്യേകിച്ച് നവ ലോകക്രമത്തെ സംബന്ധിച്ച ആശയങ്ങൾ. എന്നിരുന്നാലും, ദേശാതിവർത്തിയായ ഒരു ഘടനക്ക് വേണ്ടി പോലീസുകാരായി സേവനം ചെയ്യാൻ നിർബന്ധിക്കപ്പെട്ടു എന്നതുകൊണ്ട് രാഷ്ട്രത്തിന്റെ പരമാധികാരങ്ങൾക്ക് ആരോഗ്യകരമായ ഒരു പരിധി നിശ്ചയിക്കാൻ ഗൾഫ് യുദ്ധത്തിന് കഴിഞ്ഞു എന്ന് ഇതിനർത്ഥമില്ല (യാദൃശ്ചികരും അപോളജിസ്റ്റുകളുമായ നിയമജ്ഞർ ഒട്ടും വിശ്വാസമില്ലാതെ തന്നെ തെളിയിക്കാൻ ശ്രമിച്ചതും ഇതായിരുന്നു).

പൊതു അഭിപ്രായത്തിന് വിരുദ്ധമായി പോലീസ് എന്നത് നിയമ നിർവഹണ ധർമ്മം ചെയ്യുന്ന കേവല നിർവ്വാഹക സംഘം അല്ല. അതിലുപരി, പരമാധികാര സ്വരൂപത്തിന്റെ മുഖ്യ സവിശേഷതയായ ഹിംസയും അവകാശവും തമ്മിലുള്ള സാമീപ്യവും നിയതമായ കൈമാറ്റവും ഏറ്റവും വ്യക്തവും നഗ്നവുമായി പ്രകടമാകുന്നത് മറ്റെവിടത്തേതിനേക്കാളും ഒരുപക്ഷേ പോലീസിലാണ്. പൗരാണിക റോമൻ ആചാര പ്രകാരം, സാമ്രാജ്യവും വധശിഷ നടപ്പാക്കാനുള്ള കോടാലി കയ്യിലേന്തിയ ആരാച്ചാരെയും (lictor) നൽകപ്പെട്ട റോമിലെ ചീഫ് ജസ്റ്റിസിന്റെ (Consul) കാര്യത്തിൽ  ഒരു കാരണവശാലും മറ്റൊരാൾക്ക് കൈകടത്താൻ കഴിയില്ല. ഈ അടുപ്പം കേവലം യാദൃശ്ചികമല്ല. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിലൂടെയും (State of exception)[1] നിയമത്തിന്റെ സാധുത തന്നെ റദ്ദ് ചെയ്യുന്നതിലൂടെയും ഹിംസയ്ക്കും അവകാശത്തിനും ഇടയിലുള്ള മങ്ങിയ ഇടത്തെ അടയാളപ്പെടുത്തുന്നവനാണ് യഥാർത്ഥത്തിൽ പരമാധികാരി എങ്കിൽ, സമാനമായ അടിയന്തരാവസ്ഥയിലൂടെയാണ് (state of exception) പോലീസും പ്രവർത്തിക്കുന്നത്. ഹിംസക്കും അവകാശത്തിനും ഇടയിലുള്ള അവ്യക്തമായ ഭാഗം സന്ദർഭാധിഷ്ടിതമായി പോലീസ് നിർണയിക്കുന്നതിന്റെ അടിസ്ഥാനമായ ‘പൊതു സമാധാനം’, ‘സുരക്ഷ’ തുടങ്ങിയ യുക്തികൾ പരമാധികാരത്തിന്റേതിന് അനുരൂപമാണ്. വാൾട്ടർ ബെഞ്ചമിൻ എഴുതുന്നു:

“പോലീസ് വയലൻസിന്റെ ലക്ഷ്യങ്ങൾ എല്ലായ്പ്പോഴും ഒരേപോലെയാണെന്നും അല്ലെങ്കിൽ പൊതു നിയമവുമായി ബന്ധപ്പെട്ടതാണെന്നുമുള്ള അവകാശവാദങ്ങൾ പൂർണമായും കള്ളമാണ്. അതിലപ്പുറം, രാഷ്ട്രം ഏത് വിധേനയും എത്തിപ്പിടിക്കണമെന്ന് ആഗ്രഹിക്കുന്ന അനുഭവാത്മക ലക്ഷ്യങ്ങളെ നിയമസംവിധാനം വഴി, ദൗർബല്യം മൂലമോ അല്ലെങ്കിൽ ഏതെങ്കിലും നിയമ സംവിധാനത്തിനകത്ത് അന്തർലീനമായ ബന്ധം മൂലമോ, ഉറപ്പുനൽകാൻ കഴിയാത്ത ബിന്ദുവിനെയാണ് പോലീസിന്റെ ‘നിയമം’ അടയാളപ്പെടുത്തുന്നത്.”

 

ഇക്കാരണത്താലാണ് ആയുധ പ്രദർശനം എല്ലാകാലത്തും പോലീസിന്റെ മുഖമുദ്രയായി മാറുന്നത്. അവകാശത്തെ ലംഘിക്കുന്നവർക്കുള്ള ഭീഷണിയല്ല ഇവിടെ ഏറ്റവും പ്രധാനം, മറിച്ച് ആരാച്ചാരും (lictor) ചീഫ് ജസ്റ്റിസും (Consul) തമ്മിലുള്ള ശാരീരികമായ അടുപ്പം സാക്ഷ്യപ്പെടുത്തുന്ന പരമാധികാര ഹിംസയുടെ പ്രദർശനമാണ്. ഏറ്റവും സമാധാനപരമായ പൊതുവിടങ്ങളിൽ, പ്രത്യേകിച്ച് ഔദ്യോഗിക ചടങ്ങുകളിൽ വെച്ചാണ് ഇത്തരം പ്രദർശനങ്ങൾ യഥാർത്ഥത്തിൽ അരങ്ങേറുക.

പൗരാണിക നിയമ സംഹിതകൾ പ്രകാരം, പരമാധികാരിക്കും ആരാച്ചാർക്കും പൊതുവായുള്ള അസ്പഷ്ടമായ പവിത്ര ഭാവത്തിന്റെ രൂപത്തിലാണ് പരമാധികാരവും പോലീസ് ധർമ്മവും തമ്മിലുള്ള സംഭ്രമകരമായ ഈ അടുപ്പം പ്രകടിപ്പിക്കപ്പെടുന്നത്. 1418 ജൂലായ് 14-ന് നടന്ന ഒരു ആകസ്മിക സംഭവത്തിലേത് പോലെ ഈ അടുപ്പം ഒരിക്കലും സ്വയം സ്പഷ്ടമായിരുന്നില്ല; പുരാവൃത്ത ലേഖകർ പറഞ്ഞതു പ്രകാരം, ബർഗണ്ടിയിലെ ഡ്യൂക്ക് (Duke of Burgundy) തന്റെ സൈന്യത്തിന്റെ തലവനായി കൊണ്ട് പാരീസ് പട്ടണത്തിലേക്ക് പ്രവേശിക്കുന്നു, ആ ദിവസങ്ങളിൽ തനിക്ക് വേണ്ടി കഠിനമായി പണിയെടുക്കുകയായിരുന്ന കോക്വലാച്ച് (Coqueluche) എന്ന ആരാച്ചാരെ പാരീസിന്റെ തെരുവിൽ വെച്ച് അദ്ദേഹം കണ്ടുമുട്ടുന്നു. കഥ പ്രകാരം, ചോരയിൽ കുളിച്ചു നിൽക്കുന്ന ആരാച്ചാർ അധികാരിയുടെ അടുക്കലേക്ക് വന്ന് കൈകൊടുത്ത വേളയിൽ ഇങ്ങനെ അട്ടഹസിച്ചു; “എന്റെ സഹോദരാ!”.

അതുകൊണ്ട് തന്നെ പരമാധികാരം എന്ന ആശയത്തിന്റെ പോലീസിലേക്കുള്ള ആഗമനം ഒരിക്കലും ആശ്വാസമല്ല. ജൂതരുടെ നിഷ്കാസനത്തെ ആദ്യാവസാനം ഒരു പോലീസ് ഓപ്പറേഷനെന്ന നിലയിലായിരുന്നു വിഭാവന ചെയ്യപ്പെട്ടത് എന്ന നാസി ചരിത്രകാരന്മാരെ ഇപ്പോഴും അത്ഭുതപ്പെടുത്തുന്ന വസ്തുത അതാണ് തെളിയിക്കുന്നത്. ജൂത വംശഹത്യ ഒരു പരമാധികാര ബോഡിയുടെ തീരുമാനത്തിന്‍റെ ഭാഗമായിരുന്നു എന്ന് തെളിയിക്കുന്ന ഒരു രേഖ പോലും ഇതു വരെ കണ്ടെടുക്കപ്പെട്ടിട്ടില്ല എന്നത് പ്രസിദ്ധമാണ്. ഇവ്വിഷയകമായി നമുക്ക് ലഭ്യമായ ഒരേയൊരു രേഖ 1942 ജനുവരി 20-ന് ഗ്രോസർ വാൻസിയിൽ വെച്ചു നടന്ന പോലീസിലെ മധ്യ-കീഴ് ഓഫീസർമാർ ഒത്തുകൂടിയ ഒരു സമ്മേളനവുമായി ബന്ധപ്പെട്ടതാണ്. അവരിൽ അഡോൾഫ് ഈക്മാന്റെ പേര് മാത്രമാണ് തിരിച്ചറിയാൻ കഴിയുന്നതായുള്ളത്. ജൂത നിഷ്കാസനം ഇത്രയും ആസൂത്രിതവും മാരകവുമായത് ഒരു പോലീസ് ഓപറേഷൻ എന്ന നിലയിൽ അത് വിഭാവനം ചെയ്യപ്പെടുകയും നടപ്പിലാക്കുകയും ചെയ്തത് കൊണ്ട് മാത്രമാണ്. നേരെമറിച്ച്, പ്രസ്തുത വംശഹത്യ ഒരു ‘പോലീസ് ഓപ്പറേഷൻ’ ആയത് കൊണ്ടാണ് പരിഷ്കൃത മനുഷ്യരാശിയുടെ ദൃഷ്ടിയിൽ ഇന്ന് അത് കൂടുതൽ പ്രാകൃതവും നീചവുമായി കാണപ്പെടുന്നത്.

 

ഇതിനൊക്കെ പുറമെ, പരമാധികാരിയുടെ പോലീസായുള്ള അവരോധത്തിന് മറ്റൊരു അനന്തരഫലം കൂടിയുണ്ട്; എതിരാളിയെ കുറ്റവാളിയാക്കി മുദ്രകുത്തുക എന്നത് ഒരു അനിവാര്യതയായി മാറുന്നു. യൂറോപ്യൻ പൊതു നിയമ പ്രകാരം ‘ഒരു പരമാധികാര രാഷ്ട്രം മറ്റൊരു രാഷ്ട്രത്തിനു മുകളിൽ അധികാര പ്രയോഗം നടത്തരുത്’ എന്ന തത്വം (par in parent non habet iurisdictionem) എങ്ങനെയാണ് ശത്രു രാഷ്ട്രങ്ങളിലെ പരമാധികാരികൾ കുറ്റവാളികളായി വിധിക്കപ്പെടാനുള്ള സാധ്യതയെ ഇല്ലായ്മ ചെയ്തെന്ന് കാൾ ഷ്മിത്ത് വരച്ചു കാണിക്കുന്നുണ്ട്. ഈ തത്വത്തിന്റെയോ, തുല്യ പദവിയിലുള്ള രാഷ്ട്രങ്ങൾ തമ്മിലുള്ള യുദ്ധം കൃത്യമായ നിയന്ത്രണങ്ങളോടെയായിരിക്കും നടക്കുക എന്ന ഉടമ്പടിയുടെയോ ലംഘനത്തെ കുറിക്കുന്ന രീതിയിൽ യുദ്ധ പ്രഖ്യാപനങ്ങളെ ഉപയോഗിക്കപ്പെട്ടിരുന്നില്ല. എന്നാൽ ഒന്നാം ലോക യുദ്ധത്തിന്‍റെ അവസാനം മുതലിങ്ങോട്ട്, പ്രാഥമികമായി ശത്രുവിനെ സിവിൽ ഹ്യുമാനിറ്റിയിൽ നിന്നും പുറന്തള്ളുകയും ശേഷം കുറ്റവാളിയായി മുദ്രകുത്തുകയും ചെയ്യുന്ന പ്രക്രിയക്കാണ് നമ്മുടെ തന്നെ കണ്ണുകൾ സാക്ഷ്യം വഹിച്ചത്. ഈ പ്രക്രിയക്ക് ശേഷം മാത്രമേ ശത്രുവിനെ ഒരു ‘പോലീസ് ഓപറേഷൻ’ വഴി നിഷ്കാസനം ചെയ്യുക ന്യായവും സാധ്യവുമാവുകയുള്ളൂ. അത്തരമൊരു ഓപറേഷന് ഒരു നിയമ ചട്ടക്കൂടും അനുസരിക്കേണ്ട ബാധ്യതയില്ല, അതുകൊണ്ട് തന്നെ പൗര സമൂഹവും സൈനികരും, ജനങ്ങളും അവരുടെ കുറ്റവാളിയായ പരമാധികാരിയും തമ്മിലുള്ള വിഭജനം സാധ്യമാകാതെ വരികയും ചെയ്യുന്നു. യുദ്ധോത്സുകതയുടെ പൗരാണിക അവസ്ഥയിലേക്ക് ഇതു കൊണ്ടെത്തിക്കുന്നു.

എന്നിരുന്നാലും, ‘പോലീസ് നിയമ’ത്തിന്റെ ഇരുണ്ട ഭാഗങ്ങളിലേക്കുള്ള പരമാധികാരത്തിന്റെ പടിപടിയായുള്ള വഴുതിമാറലിന് ഗുണാത്മകമായ ഒരു വശം കൂടിയുണ്ട്. അതിവിടെ സൂചിപ്പിക്കണമെന്ന് തോന്നുന്നു. ശത്രുവിനെ കുറ്റവാളിയാക്കി മാറ്റാൻ തിടുക്കം കാട്ടുന്ന രാഷ്ട്ര തലവന്മാർ ഇപ്പോഴും തിരിച്ചറിയാതിരിക്കുന്ന ഒരു കാര്യം ഇതേ മുദ്രകുത്തൽ ഏത് നിമിഷവും തങ്ങൾക്ക് നേരെയും തിരിഞ്ഞേക്കാം എന്ന വസ്തുതയാണ്. ഈ അർത്ഥത്തിൽ നോക്കുമ്പോൾ, ഫലത്തിലെങ്കിലും കുറ്റവാളിയല്ലാത്ത ഒരു രാഷ്ട്ര തലവൻ പോലും ഭൂമിയിലില്ല. തങ്ങളുടെ സഹകാരികൾ തന്നെ ഒരു ദിവസം തങ്ങളെയും ക്രിമിനലുകളായി കണ്ടു തുടങ്ങുമെന്ന് ഇന്ന് പരമാധികാരത്തിന്റെ വേഷമണിഞ്ഞിരിക്കുന്നവർക്ക് അറിയാം. തീർച്ചയായും അവരോട് സഹതാപം തോന്നുന്നവർ നാമായിരിക്കില്ല. യഥാർത്ഥത്തിൽ പോലീസുകാരും ആരാച്ചാർമാരുമായി സ്വയം അവതരിപ്പിക്കപ്പെടാൻ സന്നദ്ധരായ പരമാധികാരികൾ ഒടുവിൽ കുറ്റവാളികളുമായുള്ള അവരുടെ സാമീപ്യത്തെ തുറന്നു കാണിക്കുകയാണ് ചെയ്യുന്നത്.

കുറിപ്പ്

[1] ഒരു രാഷ്ട്രത്തിലെ നിയമവാഴ്ചയെ നിർത്തിവെക്കാനുള്ള ഒരു പരമാധികാരിയുടെ ശേഷിയെയാണ് State of Exception എന്ന സങ്കൽപം സൂചിപ്പിക്കുന്നത്. ആധുനിക രാഷ്ട്ര സംവിധാനത്തിന്റെ പരമാധികാരത്തെ നിർണയിക്കുന്ന ഏറ്റവും വലിയ സവിശേഷതയായാണ് ഇങ്ങനെയൊരു സങ്കൽപത്തെ അഗമ്പൻ മുന്നോട്ടുവെക്കുന്നത്. അടിയന്തരാവസ്ഥ എന്ന പദം ഈ ആശയത്തെ പൂർണമായി ഉൾക്കൊള്ളാൻ അപര്യാപ്തമാണ്. See, Agamben (2003).


വിവർത്തനം: മൻഷാദ് മനാസ്

ജോർജിയോ അഗമ്പൻ

ജോർജിയോ അഗമ്പൻ അറിയപ്പെടുന്ന ഇറ്റാലിയൻ ഫിലോസഫറും രാഷ്ട്രീയ സൈദ്ധാന്തികനുമാണ്.