(‘യഖീൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച്’ 2019 ൽ പ്രസിദ്ധീകരിച്ച Who Wants the Caliphate? എന്ന ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ, ആദ്യ ഭാഗം)
ഖിലാഫത്ത് എന്ന പരികൽപന ഒരേ സമയം ഒരു വിഭാഗത്തിന് ഗാഢമായ ഓർമകളും ആഗ്രഹങ്ങളുമാണ് സമ്മാനിക്കുന്നതെങ്കിൽ മറ്റൊരു വിഭാഗത്തിന് അതൊരു ഭീതിയുളവാക്കുന്ന യാഥാർഥ്യമാണ്. കഴിഞ്ഞ പതിനാലു നൂറ്റാണ്ടുകളായി, തുടർച്ചക്കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും മുസ്‌ലിം സമൂഹം ഖിലാഫത്തുമായി ബന്ധപ്പെട്ടാണ് നിലകൊണ്ടിട്ടുള്ളത്. ഒന്നാം ലോകയുദ്ധാനന്തരം സംഭവിച്ച ഓട്ടോമൻ ഖിലാഫത്തിന്റെ തകർച്ച മുസ്‌ലിം നാടുകളിൽ ഭീതിയും ദൈന്യതയും പരത്തിയെങ്കിലും സ്വയം പുനരുദ്ധരിക്കാനുള്ള അതിന്റെ ശേഷി അനേകം ചിന്താപ്രസ്ഥാനങ്ങൾക്കും പദ്ധതികൾക്കും വഴിമരുന്നിട്ടു. കോളനിയാനന്തര (post-colonial) രാഷ്ട്രനിർമാണങ്ങളുടെ വേലിയേറ്റത്തിനിടക്ക് ഈ ശ്രമങ്ങൾക്ക് നേരിയ മങ്ങലേറ്റിട്ടുണ്ടെന്നത് ശരിയാണ്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ അത്തരം രാഷ്ട്രനിർമാണങ്ങളുടെ പരാജയം കൂടുതലായി അനുഭവപ്പെടുകയും, നവഉദാര (neo-liberal) സാമ്പത്തിക നയങ്ങളുടെയും ആഗോള പാരിസ്ഥിതിക വ്യവസ്ഥയുടെയും തകർച്ചകൾ കൂടുതൽ ഇരകളെ സൃഷ്ടിച്ചികൊണ്ടിരിക്കുകയും ചെയ്യുന്നു. കൂടാതെ, ലോകം പൊതുവിൽ ആഗോളവൽക്കരണത്തെ നിരസിക്കുകയും പ്രാദേശികവാദത്തിലേക്ക് (nativism) ചാഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയിൽ, അടിച്ചമർത്തപ്പെടുന്നവരുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഒരേയൊരു സാംസ്കാരിക-ബദൽ ഖിലാഫത്ത് മാത്രമാണെന്ന ബോധം ആഗോള മുസ്‌ലിംകൾക്കിടയിൽ ശക്തിപ്പെട്ടിട്ടുണ്ട്. മുസ്‌ലിം നാടുകളിലെ അടിച്ചമർത്തപ്പെട്ട പ്രതിപക്ഷത്തിന്റെ ഉയിർത്തെഴുന്നേൽപ്പുകൾ, ഭീകരവാദത്തിന്റെ ഇറക്കുമതി മുസ്‌ലിം നാടുകളുടെ മേൽ ആരോപിക്കപ്പെടുന്നു, ശിക്ഷായുദ്ധങ്ങൾ (punitive war) ഉണ്ടാകുന്നു, പലയിടത്തും മുസ്‌ലിം ജനസമൂഹങ്ങൾ അന്യായേന ആക്രമിക്കപ്പെടുന്നു, യൂറോ-ആഫ്രിക്കൻ നാടുകളിൽ വെറുപ്പിന്റെ മതിലുകൾ ഉയർത്തപ്പെടുന്നു, പാൻ-ഇസ്‌ലാമിസ്റ്റ് പ്രസ്ഥാനങ്ങൾ കൂടുതൽ പരിവർത്തിത മുസ്‌ലിംകളെ നേടിയെടുക്കുന്നു മുതലായ സംഭവവികാസങ്ങൾ സമകാലിക ലോകത്ത് നിരന്തരമായി നടന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ ഖിലാഫത്തിന്റെ സംസ്ഥാപനമെന്ന ആശയത്തിന് ബൗദ്ധികലോകത്തിന്റെ ശ്രദ്ധ ലഭിച്ചുതുടങ്ങുന്നതേയുള്ളൂ.
അടുത്തകാലത്തായി, ‘ലക്ഷണമൊത്ത ഖിലാഫത്ത്’ എന്ന സങ്കല്പത്തിന് ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത, മറുവശത്ത് ഒരു മോശം ഖിലാഫത്തിന് (ISIS-നെയാണ് ഉദ്ദേശിക്കുന്നത്) വേണ്ടിയുള്ള ശ്രമങ്ങളുണ്ടായത് കൊണ്ട് കൂടിയാണ്. ISIS-ന്റെ പെട്ടെന്നുള്ള വളർച്ചയും തൊട്ടുടനെയുള്ള തകർച്ചയും അതിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങളും ഖിലാഫത്തിനെ ചർച്ചാമണ്ഡലങ്ങളിൽ സജീവമാക്കി. മേഖലയിലെ പോപുലിസ്റ്റ് നേതാക്കൾ പോലും അതിനെ അഭിസംബോധന ചെയ്തു. ഓട്ടോമാൻ ഖിലഫാത്തിനെ കുറിച്ചുള്ള ആഗോള മുസ്‌ലിം സമൂഹത്തിന്റെ വർധിച്ചുവരുന്ന ഗൃഹാതുര സ്മരണകളെ മുതലെടുക്കുന്നതിൽ മുന്നിലുള്ളത് തുർക്കിഷ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാനാണ്. ഓട്ടോമൻ ഖിലാഫത്തിന്റെ തുടർച്ചയാണ് ഇന്നത്തെ തുർക്കിഷ് റിപ്പബ്ലിക് എന്ന് അടുത്തിടെ അദ്ദേഹം പ്രസ്താവിക്കുകയുണ്ടായി. ഉർദുഗാന്റെ അനുയായികൾ സ്നേഹപൂർവ്വം അദ്ദേഹത്തിന് നൽകുന്ന ‘സുൽത്താൻ ഉർദുഗാൻ’ എന്ന അഭിസംബോധന, ഒരുപാട് നാളുകളായി ശക്തമായ നേതൃത്വമില്ലാതെ ഉഴറിക്കൊണ്ടിരുന്ന ആഗോള മുസ്‌ലിം സമുദായമനുഭവിക്കുന്ന ഒരു ശൂന്യതയെ ഇല്ലാതാക്കുന്നുണ്ട്. തുർക്കിഷ് പ്രസിഡന്റിന്റെ ഭരണകാലാവധി തുച്ഛമായിരിക്കാമെങ്കിലും, അദ്ദേഹം ഉയർത്തിവിട്ട അഭിലാഷങ്ങളുടെ പ്രഭാവം കാലാതിവർത്തിയായിരിക്കും.
ഒരു സുവർണ യുഗത്തെ സ്വപ്നം കണ്ടുകൊണ്ട് (വിമർശകർ അങ്ങനെയല്ല എന്നു വാദിക്കുന്ന) ഖിലാഫത്തിനെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യം മുന്നിൽവെക്കുന്നവർ മതഭ്രാന്തന്മാരും, കാൽപനികവാദികളും തീവ്ര-പാരമ്പര്യവാദികളുമായി അടുത്ത കാലത്തുവരെ ചിത്രീകരിക്കപ്പെട്ടിരുന്നു. അതേസമയം, ദേശ-രാഷ്ട്ര രാഷ്ട്രീയ മാതൃകകളോട് അനുഭാവപ്പെട്ടോ അതിന് നിർബന്ധിക്കപ്പെട്ടോ നിലനിന്ന മുഖ്യധാരാ ഇസ്‌ലാമിസ്റ്റുകൾ, യൂറോപ്പിന്റെ ക്രിസ്ത്യൻ ജനാധിപത്യ രാഷ്ട്രീയ മാതൃക മുതൽ യൂറോപ്യൻ യൂണിയൻ മാതൃകയിൽ മുസ്‌ലിം രാഷ്ട്രങ്ങളുടെ (കുറഞ്ഞത് അറബ് രാഷ്ട്രങ്ങളുടെയെങ്കിലും) കോൺഫെഡറേഷനുകൾ വരെയുള്ള മാതൃകകളാണ് അഭികാമ്യമെന്ന് കരുതിയിരുന്നു. പക്ഷേ അത്തരം പ്രായോഗികവാദികൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിലും അതിക്രമങ്ങളെ തടയുന്നതിലും വ്യാപകമായി പരാജയപ്പെടുകയാണുണ്ടായത്. 2011-ലെ അറബ് വസന്താനന്തര സംഭവ വികാസങ്ങൾ മുസ്‌ലിം യുവാക്കൾ ഈ ചർച്ചകളിൽ കാര്യമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്നു എന്നാണ് കാണിക്കുന്നത്. തങ്ങൾക്ക് നേരിടേണ്ടി വരുന്ന ആക്രമണങ്ങളെ ചെറുക്കാൻ കഴിയാതെ നിസ്സഹായരായി പോകുന്ന മുസ്‌ലിം ജനസമൂഹങ്ങളും, മുസ്‌ലിം അധികാര വർഗത്തിന്റെ തന്നെ ചതികളും, ‘ഉമ്മത്ത്’ അഥവാ ആഗോള മുസ്‌ലിം സമൂഹമെന്ന ആശയത്തിന്റെ സാധ്യതകളെയാണ് കെടുത്തിക്കളയുന്നത്. ഖിലാഫത്താകട്ടെ മുഴുവൻ മുസ്‌ലിംകൾക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും സംരക്ഷണമേർപ്പെടുത്തുന്ന വ്യവസ്ഥയുമാണ്.
ISIS-ന്റെ ഹിംസയെയും അവരുടെ വികലമായ മതകാഴ്ച്ചപ്പാടുകളെയും വിമർശിക്കുന്നതിനോടൊപ്പം ഖിലാഫത്തിനെ കുറിച്ച ബോധം എങ്ങനെയാണ് മുസ്‌ലിംകൾക്കിടയിൽ ശക്തിപ്പെടുന്നത് എന്ന അന്വേഷണം മുന്നോട്ടുവെക്കുന്ന ഒരു ലേഖനം ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ലേഖികയുടെ അഭിപ്രായത്തിൽ, പടിഞ്ഞാറൻ ലോകത്ത് പലരും അംഗീകരിക്കുന്നതിനേക്കാൾ ആകർഷകമായ ആശയമാണ് ഖിലാഫത്ത്. നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മിഡിൽ ഈസ്റ്റ് സ്വേച്ഛാധിപതികളുടെ സ്വാർത്ഥ നയങ്ങളും ഉയർന്നുവരുന്ന വിഭാഗീയ അക്രമങ്ങളും, ഒരു സംഘടിത മുസ്‌ലിം ഐഡന്റിറ്റി രൂപീകരിക്കുക എന്ന ആശയത്തിലേക്ക് മുസ്‌ലിം സമൂഹത്തെ അടുപ്പിച്ചിട്ടുണ്ട്.
ഖിലാഫത്തിനെ പുനരുദ്ധരിക്കുക എന്ന ആശയത്തോടുള്ള എതിർപ്പുകളും ശക്തമാണ്. അത് ഏറെ ദുർഘടമായ പ്രവൃത്തി ആണെന്നാണ് ഇക്കൂട്ടർ വാദിക്കുന്നത്. മൂന്നു തരം വാദഗതികളാണ് ഇക്കൂട്ടർ ഉയർത്തുന്നത്. ഒന്നാമതായി, അത് അനഭിലഷണീയമാണെന്നും, രണ്ടാമതായി, അത് അസാധ്യമാണെന്നും, മൂന്നാമതായി, മതപരമായി തന്നെ ഖിലാഫത്ത് അനാവശ്യവുമാണെന്നും ആണ് ആ വാദങ്ങൾ. ഖിലാഫത്ത് അനഭിലഷണീയമാകുന്നത്, അതൊരു ചരിത്രപരമായ സമഗ്രാധിപത്യ വ്യവസ്ഥ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ടാണ്. അതേറെ പുരാതനമായതും ജനാധിപത്യം, പൗരത്വം, മനുഷ്യാവകാശം, മതസ്വാതന്ത്ര്യം, എന്നിവയെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങുന്നതിന് മുമ്പ് സംഭവിച്ച് കഴിഞ്ഞുപോയതുമാണ്, കൂടാതെ ISIS പോലുള്ള തീവ്രവാദ ഗ്രൂപ്പുകളുടെ പ്രവർത്തന ഫലമായി കുപ്രസിദ്ധി ആർജിച്ചതുമാണ്, തുടങ്ങിയ വാദഗതികളും ഉണ്ട്. രണ്ടാമതായി, ഖിലാഫത്തിന്റെ സംസ്ഥാപനം അസാധ്യമാണെന്ന വാദം രൂപപ്പെടുന്നത്, ആധുനിക ദേശരാഷ്ട്രങ്ങൾ (എത്ര തന്നെ ന്യൂനതകളുള്ള വ്യവസ്ഥയാണ് എങ്കിലും) നിലനിൽക്കുന്ന യാഥാർഥ്യങ്ങളാണ് എന്നതിനാലാണ്. ഖിലാഫത്ത് പോലുള്ള ഒരു സമഗ്രാധിപത്യ വ്യവസ്ഥക്ക് നിലനിൽക്കാൻ കഴിയുന്ന അവസ്ഥയല്ലിത്. മൂന്നാമതായി, ഖിലാഫത്ത് ഒരു മതകീയ സ്ഥാപനമല്ല എന്ന് അവർ വാദിക്കുന്നു. അതൊരു ചരിത്രപരമായ യാഥാർഥ്യം മാത്രമായിരുന്നു എന്നും മുഴുവൻ മുസ്‌ലിംകളെയും ഐക്യപ്പെടുത്തുന്ന അതിന്റെ മാതൃകാ രൂപത്തിൽ അധികകാലം നിലനിൽക്കാൻ ഖിലാഫത്തിന് കഴിഞ്ഞിട്ടില്ലെന്നും അവർ വാദിക്കുന്നു. ഇത്തരം വാദഗതികളെ പരിശോധിക്കാനാണ് ഈ ലേഖനം ശ്രമിക്കുന്നത്.
ഖിലാഫത്തിനെ ചുറ്റിപ്പറ്റിയുള്ള തർക്കവിതർക്കങ്ങൾ അതിന്റെ പ്രാധാന്യത്തെ പറ്റിയുള്ള വിവരമില്ലായ്മ മൂലമാണ് സംഭവിക്കുന്നത്. ഖിലാഫത്തിന്റെ വിമർശകരെ സംബന്ധിച്ചെടുത്തോളം മധ്യകാലീനവും, സമ്പൂർണവും ദൈവാധിപത്യപരവുമായ ഒറ്റയാൾ ഭരണക്രമമാണ് അത്. പരിഷ്കരണവാദികളായ അതിന്റെ അനുധാവകർക്ക് യൂറോപ്പ്യൻ യൂണിയൻ മാതൃകയിലുള്ള ഒരു കോൺഫെഡറേഷനാണ് ഖിലാഫത്ത്. ചിലർ അതിനെ സമകാലിക രാഷ്ട്രീയ വ്യവസ്ഥക്ക്, പൂർവാധുനിക കാലത്തുനിന്നുള്ള ബദലായി മനസ്സിലാക്കുന്നു. മറ്റു ചിലർക്ക് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളുടെ ഉത്തരാധുനിക മാതൃകയിലുള്ള ഒരു യൂണിയൻ ആണ്. ഈ സമീപനങ്ങളെല്ലാം ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യങ്ങളുടെ സമൃദ്ധിയും ഉള്ളടക്കങ്ങളും നഷ്ടപ്പെടുത്തുന്നവയാണ്. അതുകൊണ്ട് തന്നെ ഇവയോട് ഇടപെടുകയും അപനിർമിക്കുകയും ചെയ്യേണ്ട ആവശ്യകതയും നിലനിൽക്കുന്നുണ്ട്.
ഒരു ഏകീകൃത സാമ്പത്തിക-പ്രതിരോധ (economic-defense) സംവിധാനങ്ങളുള്ള മുസ്‌ലിം ഭരണപ്രദേശങ്ങളുടെ വികേന്ദ്രീകൃത യൂണിയന്റെ മാതൃകയിലുള്ളതും, നീതിബോധത്തിലും മനുഷ്യാവകാശത്തിലും അധിഷ്ഠിതവുമായ ഒരു ഭരണക്രമമായി ഖിലാഫത്തിനെ വിഭാവനം ചെയ്യുകയാണെങ്കിൽ, ഖിലാഫത്താണ് നിരന്തരമായ പതനങ്ങളിൽ നിന്ന് മുസ്‌ലിം സമൂഹത്തെയും രാജ്യങ്ങളെയും രക്ഷപ്പെടുത്താനുള്ള ഏക മാർഗമായി ഞാൻ മനസ്സിലാക്കുന്നത്.
ഖിലാഫത്ത് അഥവാ ‘മാതൃകാ ഖിലാഫത്ത്’ എന്ന ആശയം സ്ഥാപിക്കൽ അസാധ്യമാണെന്ന വാദം നിലവിലുണ്ട്. ജനാധിപത്യം പോലും ഗ്രീക്ക് ദേശരാഷ്ട്രത്തിൽ ചെറിയ രൂപത്തിൽ ആണ് ആരംഭിക്കുന്നത്. തുടർന്നുള്ള രണ്ടു നൂറ്റാണ്ടിനിടക്ക് വളർച്ച പ്രാപിക്കുകയും, പിന്നീട് തകർന്നടിയുകയും മാതൃകാ ജനാധിപത്യമെന്ന ആശയം ഇരുപതു നൂറ്റാണ്ട് കാലത്തേക്ക് അപ്രത്യക്ഷമായി തുടരുകയും ചെയ്യുന്നു. ജനാധിപത്യത്തിന്റെ രണ്ടാംവരവിലും വികലമായ രൂപത്തിലാണ് അതു പ്രത്യക്ഷപ്പെട്ടത്. റിപ്പബ്ലിക്കൻ ജനാധിപത്യം എന്ന വിഭാവനയുമായി അമേരിക്കൻ വരേണ്യ വർഗം മുന്നിലേക്ക് വന്നുവെങ്കിലും അവയെല്ലാം എളുപ്പം സമ്മർദ്ദങ്ങൾക്ക് കീഴ്പ്പെടുകയായിരുന്നു. ചുരുക്കത്തിൽ ഒരാശയം അതിന്റെ മൗലികമായ അവസ്ഥയിൽ നിലനിൽക്കില്ല എന്നതുകൊണ്ട് അതിനെ പുനരുദ്ധരിക്കൽ അസാധ്യമാണെന്ന് പറയാവതല്ല.
ചുരുങ്ങിയപക്ഷം ഖിലാഫത്ത്, മുസ്‌ലിം ഐക്യത്തിന്റെ രാഷ്ട്രീയ രൂപത്തെ കുറിക്കുന്നതാണ്. അതിനെ പുനരുദ്ധരിക്കൽ മുസ്‌ലിംകളുടെ ബാധ്യതയുമാണ്. സാമൂഹിക ഉദ്ധാരണത്തെ കുറിക്കുന്ന ഓരോ ഖുർആനിക സൂക്തങ്ങളും, പ്രവാചക വചനങ്ങളും, സാരോപദേശങ്ങളും അതിലേക്കുള്ള സൂചനയാണ് നൽകുന്നത്. ചരിത്രത്തിലുടനീളം ലോകമുസ്‌ലിംകൾ, ഇസ്‌ലാമികാശയത്തിന്റെ രാഷ്ട്രീയ വിഭാവനയിൽ ഏകോപിതരായിട്ടുണ്ട്. അത് ഇസ്‌ലാമിക നിയമങ്ങളുടെ തേട്ടം മാത്രമല്ല, മറിച്ച് അതിന്റെ ഉത്ഭത്തിന്റെയും നിലനിൽപ്പിന്റെയും അനിവാര്യത കൂടിയായിരുന്നു. യഥാർത്ഥത്തിൽ മുഴുവൻ മുസ്‌ലിം പ്രദേശങ്ങളെയും ഉൾക്കൊണ്ടുകൊണ്ട് ഒരു ഖിലാഫത്ത് അപൂർവമായല്ലാതെ നിലനിന്നിട്ടില്ല. ആഗോള മുസ്‌ലിം ഐക്യം എന്ന അഭിലാഷം സാക്ഷാത്കരിക്കപ്പെട്ടിട്ടുമില്ല. ഇങ്ങനെ വരുമ്പോൾ ‘സമ്പൂർണ്ണ ഖിലാഫത്ത്’ എന്നത് ഒരു സമ്പൂർണ്ണ ജനാധിപത്യ സംവിധാനത്തിൽ നിന്നോ, ഒരു പരമാധികാര ദേശരാഷ്ട്രത്തിൽ നിന്നോ ഒട്ടും വിഭിന്നമല്ലെന്ന് വരുന്നു. ഒരാഗോള സമൂഹത്തിന്റെ വിഭാവനകൾ അതിന്റെ ശരിയായ രൂപത്തിൽ നിലനിന്നിട്ടില്ലെങ്കിലും, അവ ഏതു കാലഘട്ടങ്ങളിലുമുള്ള മനുഷ്യരുടെ ധാർമിക മുന്നേറ്റങ്ങളെ സദാ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നു. അങ്ങനെയെങ്കിൽ അത്തരം ആശയങ്ങളെ അസിംട്ടോറ്റിക് ആശയങ്ങൾ (Asymptotic ideals) എന്നാണ് വിളിക്കേണ്ടത്. ഒരു വക്രത്തെ സമീപിക്കുകയും, പക്ഷേ ഒരു ബിന്ദുവിൽ വെച്ചു പോലും പരസ്പരം കൂട്ടിമുട്ടുകയും ചെയ്യാത്ത ഒരു രേഖയെയാണ് അസിംട്ടോട്ട് (Asymptote-അസംപാതരേഖ) എന്ന പദം സൂചിപ്പിക്കുന്നത്.
ഇത്തരം ആശയങ്ങൾ ഉട്ടോപ്യൻ ആശയങ്ങൾക്ക് സമമല്ല. മറിച്ച് അവ യാഥാർഥ്യവും യുക്തിസഹവും സാക്ഷാത്കരിക്കാൻ സാധിക്കുന്നതുമായിരിക്കും. എന്നാൽ അതിന്റെ സാക്ഷാത്കാരം, നിരന്തരമായി വികാസങ്ങൾ ആവശ്യമുള്ള പ്രക്രിയയുമാണ്. രാഷ്ട്രീയ സൈദ്ധാന്തികനായ ‘ഷെൽഡൻ വോളിൻ’ (sheldon volin) ജനാധിപത്യത്തെ വിശേഷിപ്പിക്കാൻ episodic, fugitive എന്നീ പദാവലികൾ ഉപയോഗിക്കുന്നത് ഇതിനാൽ തന്നെയാണ്. കാരണം ശരിയായ ജനാധിപത്യത്തിന്റെ സാക്ഷാൽക്കാരത്തിലേക്ക് അനന്തമായ ദൂരമുണ്ട്. മനുഷ്യജീവിതത്തിലെ അർത്ഥവത്തായ മുഴുവൻ ആശയങ്ങളും, ഇസ്‌ലാമിന്റെ മതപരമായ ആശയങ്ങളടക്കം ‘അസിംട്ടോട്ടിക്’ ആണെന്ന് പറയാം. എല്ലാത്തിനും മുകളിൽ ദൈവത്തെ പ്രതിഷ്ഠിക്കുന്നതും നീതിയുക്തമായ പ്രവാചകചര്യയും ഈ ആശയങ്ങളുടെ ഭാഗമാണ്. ഒരാളുടെ അസിംട്ടോട്ടിക്(അസംപാത) ആശയങ്ങളാണ് അയാളുടെ യഥാർത്ഥ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നത്. ജനാധിപത്യത്തിലും ക്യാപിറ്റലിസത്തിലും സോഷ്യലിസത്തിലും ലിബറലിസത്തിലും ആത്മാർത്ഥമായി വിശ്വസിക്കുന്ന ആളുകൾ ചെയ്യേണ്ടത് പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോഴും അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുക എന്നതാണല്ലോ. ഇതിനു സമാനമായി മുസ്‌ലിംകളുടെ രാഷ്ട്രീയ ഐക്യവും പ്രവാചക ഭരണത്തിന്റെ പിന്തുടർച്ചയും, ചില ന്യൂനതകളുണ്ടെങ്കിലും ചരിത്രത്തിലുടനീളം മുസ്‌ലിം സ്വത്വത്തിന്റെ ഭാഗമായി നിലകൊണ്ടിട്ടുണ്ട്. ഖിലാഫത്ത് അതിന്റെ ഏറ്റവും ശോഭനമായ നാളുകളിൽ പോലും ഒരു ഉട്ടോപ്യ ആയിരുന്നില്ല.
അതുകൊണ്ട് വെറും വാദഗതികളുടെ തേഞ്ഞൊട്ടിയ അടിത്തഴമ്പു കൊണ്ട് മുസ്‌ലിംകളുടെ സ്വാതന്ത്ര്യവും സുരക്ഷിതത്വവും ഉറപ്പു വരുത്തുന്ന ഒരു സ്ഥാപനമായി ഖിലാഫത്തിനെ കാല്പനികവൽക്കരിക്കുന്നത് നാം അവസാനിപ്പിച്ചേ തീരൂ. പതിമൂന്നു നൂറ്റാണ്ടോളം തുടർച്ചയായും വിഘടിതമാവാതെയും നിലനിൽക്കാൻ ഖിലാഫത്തിന് കഴിഞ്ഞിട്ടുണ്ട്. കൊലപാതകവും പലിശയും അസത്യപ്രചാരണങ്ങളുമെല്ലാം ഇസ്‌ലാമിൽ നിരോധിക്കപ്പെട്ടവയാണ് എന്നതിനർത്ഥം അവയൊന്നും ഇസ്‌ലാമിക രാഷ്ട്രത്തിൽ നിലനിന്നിരുന്നില്ല എന്നല്ലല്ലോ. ഈ സംശയവാദം ഖവാരിജുകൾക്ക് മറ്റു മുസ്‌ലിംകളോട് ഉണ്ടായിരുന്ന വൈര്യത്തെ ഓർമിപ്പിക്കുന്നതാണ്. അവർ സ്വമേധയാ ഖുർആൻ മാത്രമാണ് ഇസ്‌ലാമിലെ വിശ്വാസപ്രമാണമെന്ന് പ്രഖ്യാപിച്ചവരാണ്. അവർ ഖലീഫമാരുടെയും, അവരുടെ തന്നെ നേതാക്കളുടെയും ഭരണത്തിൽ അതൃപ്തരായി ഇറങ്ങിപ്പുറപ്പെട്ടവരാണ്. ചർച്ചയിലെ പോയിന്റ്, ഖലീഫമാർ പലപ്പോഴും നീതിമാന്മാരും ഏകോപിതരുമായിരുന്നില്ല എന്നത് ഖിലാഫത്ത് നിലനിന്നിരുന്നില്ല എന്നു പറയുന്നതിന് ന്യായമല്ല. മുസ്‌ലിംകൾ അവരുടെ മതവിധികൾ പാലിക്കുന്നതിൽ അപൂർണ്ണരാണ് എന്നത് ചരിത്രത്തിൽ മുസ്‌ലിംകൾ നിലനിന്നിരുന്നില്ല എന്ന് പറയാൻ ന്യായമാവാത്തത് പോലെയും യഥാർത്ഥ ജനാധിപത്യ വ്യവസ്ഥകൾ പാലിക്കപ്പെടാത്തത് ജനാധിപത്യം നിലനിന്നിരുന്നില്ല എന്നതിന് ന്യായമാവാത്തത് പോലെയുമാണത്.
മുസ്‌ലിംകളുടെ ഐക്യവും സ്വയം ഭരണാവകാശവും അവർക്ക് മതപരമായ ബാധ്യതയല്ല എന്ന മതേതര (secular) വിമർശനങ്ങളും നിലവിലുണ്ട്. പുതിയ കാലത്ത് ഇത്തരം വിമർശനങ്ങളാണ് അധികവും. ചരിത്രത്തിൽ ഖിലാഫത്തിനുണ്ടായിരുന്ന അപൂർണതകളെ മാത്രം മുന്നിൽ വെച്ചുകൊണ്ടുള്ള അതിന്റെ സംസ്ഥാപനം അസാധ്യമാണെന്ന വാദം ദുർബ്ബലമാണെന്നാണ് ഇത്രയും പറഞ്ഞ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. പ്രായോഗിക സാധ്യതകളെക്കുറിച്ച ചോദ്യങ്ങൾ ഇസ്‌ലാമിക കർമശാസ്ത്രത്തിലെ കടമകളെ വിലയിരുത്തുന്നതിലും മുൻഗണന നിശ്ചയിക്കുന്നതിലും പ്രധാനമാണ്. ഈ ചർച്ചകളെ നാം, നിസ്സംഗരാകാതെ സമൂഹത്തിനു മുന്നിൽ ശക്തമായി ഉന്നയിക്കേണ്ടതുണ്ട്.
അടുത്തതായി, ഖിലാഫത്തിന്റെ അഭിലഷണീയതയെ കുറിച്ചാണ് ചർച്ച. വിശ്വാസികളെ സംബന്ധിച്ചിടത്തോളം, കാര്യങ്ങളുടെ അഭിലഷണീയതയും അനഭിലഷണീയതയും നിർണയിക്കുന്നത് ദൈവീക കല്പനകളാണ്. കേവല നോട്ടത്തിൽ ദൃശ്യപ്പെടുന്നതല്ലെങ്കിലും ദൈവീക കല്പനകളെല്ലാം മനുഷ്യരുടെ ക്ഷേമത്തിലൂന്നികൊണ്ടുള്ളതാണ്. ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെ പരിസരങ്ങളിൽ നിന്നാണ് അവയെ മനസ്സിലാക്കേണ്ടത്. അതിൽ കല്പനകളും നിരോധങ്ങളും ശിപാർശകളുമുണ്ട്. പ്രായോഗിക മുൻഗണനകൾ, വ്യക്തിപരവും സാമൂഹികവുമായ നിർവഹണ ശേഷി, ജ്ഞാനശാസ്ത്രപരമായ അടിത്തറകൾ എന്നീ കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഇവ ക്രമീകരിക്കപ്പെട്ടിട്ടുള്ളത്. തുടർന്ന് ഞാൻ ശ്രമിക്കുന്നത്, നമ്മുടെ സാധ്യതകൾക്ക് പുറത്തുനിൽക്കെ തന്നെ ഖിലാഫത്ത് സംസ്ഥാപനത്തെ മതപരമായ ബാധ്യത (കല്പന) എന്ന നിലക്ക് വിവരിക്കാനാണ്.
ഹുജ്ജത്തുൽ ഇസ്‌ലാം ഇമാം ഗസ്സാലിയെപ്പോലെയുള്ള പണ്ഡിതന്മാർ ഖിലാഫത്തിനെ അതിന്റെ രാഷ്ട്രീയ നിർവാഹകത്വത്തിൽ (functionality) നിന്നും പ്രയോജകത്വത്തിൽ (utility) നിന്നും വേർപ്പെടുത്തി, മതപരമായ ബാധ്യത എന്ന നിലക്കാണ് മനസ്സിലാക്കുന്നത്. അതേസമയം ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ്യ, ഇമാമുൽ ഹറമൈൻ ഇമാം ജുവൈനി തുടങ്ങിയവരെപ്പോലെയുള്ള പണ്ഡിതന്മാർ ഖിലാഫത്തിന്റെ ബൗദ്ധികമായ/ആശയപരമായ തലത്തിനാണ് പ്രാമുഖ്യം നൽകുന്നത്. ഇവയിൽ രണ്ടാമത്തെ സമീപനമാണ് ശ്രദ്ധേയമായിട്ടുള്ളത്. കാരണം, ഖിലാഫത്ത് പോലുള്ള ആഗോള സ്ഥാപനത്തിന്റെ പുനഃസ്ഥാപനം ലക്ഷ്യമാക്കുന്നവർ, മുസ്‌ലിംകളെ ഞെരുക്കിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ/സാമൂഹിക/സാമ്പത്തിക/പാരിസ്ഥിതിക പ്രതിസന്ധികളോട് പൊരുതാനുള്ള അതിന്റെ പ്രത്യയശാസ്ത്ര ഉൾക്കരുത്തിനെ സവിശേഷമായി പരിഗണിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന ദേശരാഷ്ട്ര വ്യവസ്ഥകളെ മറികടന്നുകൊണ്ട് പാൻ ഇസ്‌ലാമിക് ഐക്യം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ തീർച്ചയായും ഇത്തരം പ്രതിസന്ധികളോട് നിരന്തരവും ദീർഘവുമായ സംവാദങ്ങൾ ആവശ്യപ്പെടുന്നുണ്ട്. കൂടാതെ മുസ്‌ലിംകളെ പുനരുദ്ധരിക്കുക എന്നതുമാത്രമല്ല ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യം, മറിച്ച് നിരാലംബരും അടിച്ചമർത്തപ്പെട്ടവരുമായ അമുസ്‌ലിംകൾ, മുസ്‌ലിം നാടുകളുടെ അയൽ പ്രദേശങ്ങൾ, ആഗോള ധൈഷണിക-ശാസ്ത്ര മേഖലകളിൽ നിമഗ്നരായവർ എന്നിവരുടെയും പുനരുദ്ധാരണം ഈ പ്രവർത്തനങ്ങളുടെ ലക്ഷ്യമാണ്.
ചുരുക്കത്തിൽ, മതപരമായ ബാധ്യത എന്ന നിലക്ക് ഖിലാഫത്തിനെ അവതരിപ്പിക്കാൻ ഇസ്‌ലാമിക കർമശാസ്ത്ര പാരമ്പര്യങ്ങളും മറ്റു പ്രമാണങ്ങളും ഉദ്ധരിക്കേണ്ടത് അനിവാര്യമാണ്. എന്നാൽ അതിന്റെ അഭിലഷണീയതയും പ്രയോഗികതയും മനസ്സിലാക്കുന്നതിന് ചരിത്രവും സമകാലിക യാഥാർഥ്യങ്ങളും (ഇതിനെക്കുറിച്ച പഠനങ്ങൾക്ക് ഫിഖ്ഹുൽ വാഖിഅ് എന്നു പറയുന്നു) പരിഗണിക്കേണ്ടതുണ്ട്. മറ്റു വിഷയങ്ങളിലെന്ന പോലെ ഈ വിഷയത്തിലും, കർമശാസ്ത്രവും സമകാലിക യാഥാർഥ്യങ്ങളും തമ്മിൽ ഗുണപരമായ സങ്കലനം സാധ്യമാക്കേണ്ടതുണ്ട്. ഇങ്ങനെ മനസ്സിലാക്കുകയാണെങ്കിൽ മുസ്‌ലിംകൾക്ക് മാത്രമല്ല നന്മ ആഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഖിലാഫത്ത് അഭിലഷണീയമായി അനുഭവപ്പെടും.
അടുത്ത കാലത്തായി ഇത്തരം ചർച്ചകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളിലായി സംഭവിച്ച ആഗോളവൽക്കരണം, മുസ്‌ലിംകളുടെ ആഗോള വീക്ഷണവും മറ്റു ഭൂപ്രദേശങ്ങളിലുള്ള മുസ്‌ലിം അനുഭവങ്ങളെകുറിച്ച പരിചയവും വർദ്ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല അവരുടെ ജീവിതസാഹചര്യങ്ങളിലുള്ള സമാനതകളെ കുറിച്ച് കൂടി അവർക്ക് ബോധം നൽകിയിട്ടുണ്ട്. അതേസമയം എല്ലാ സമൂഹങ്ങളിലും, ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം വർദ്ധിച്ചിട്ടുണ്ട്. 2011-ലെ അറബ് വിപ്ലവം അര ഡസനോളം വരുന്ന അറബ് രാജ്യങ്ങളിലെ പൊതുവിടങ്ങളിലുള്ള പ്രശ്നങ്ങളെ വരച്ചുകാണിക്കുന്നുണ്ട്. യഥാർത്ഥത്തിൽ, അറബ് വിപ്ലവത്തിന്റെ അലയൊലികൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പൗരപ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ തുനിഞ്ഞിറങ്ങുന്ന എണ്ണക്കുത്തകകളും സൈനിക ഭരണകൂടങ്ങളുമായ അറബ് രാജ്യങ്ങൾ ഒരർത്ഥത്തിൽ ഒരു ‘പരമാധികാര വ്യവസ്ഥയുടെ’ ആശയ പാപ്പരത്വം തുറന്നുകാട്ടുന്നുണ്ട്. മാത്രമല്ല, പ്രക്ഷോഭങ്ങൾ അടിച്ചമർത്തുന്നതിന്റെ ഭാഗമായി നടന്ന കൂട്ടക്കൊലകൾക്കും ജയിൽ നിറക്കലുകൾക്കും ഒത്താശ ചെയ്ത ഭരണനിർവഹണ/ഉദ്യോഗസ്ഥവൃന്ദത്തിന്റെ പൊയ്മുഖം വെളിപ്പെടുകയും ചെയ്യുകയുണ്ടായി. ഇവ്വിധം രാഷ്ട്രീയ അസ്ഥിരതകൾക്കും ഭരണ നിർവഹണ കേന്ദ്രങ്ങളുടെ പാപ്പരത്വത്തിനിടയിലും ഞെരിഞ്ഞമരുന്ന മുസ്‌ലിങ്ങൾക്ക്, മാന്യമായ ജീവിതം തരപ്പെടുത്താൻ സാധിക്കാതെ പോകുന്നു. കൂടാതെ മതത്തെ കുറിച്ച അപകർഷതാ ബോധവും ആഭ്യന്തര യുദ്ധങ്ങളും തീവ്രവാദ വേട്ടയുടെ മറവിൽ മുസ്‌ലിം സമൂഹത്തിനുനേരെ നടത്തുന്ന ഒളിയുദ്ധങ്ങളും അവരുടെ പ്രതിരോധ ശേഷിയെ തളർത്തുന്ന യാഥാർഥ്യങ്ങളാണ്.
1980കളിൽ ആഗോള ശക്തികൾ കൈക്കൊണ്ട നവ-ലിബറൽ (neo-liberal) നയങ്ങളുടെ ഭാഗമായാണ് ആധുനിക ദേശരാഷ്ട്രങ്ങൾ പ്രത്യക്ഷപ്പെടുന്നത്. എന്നാൽ 1990കളിൽ തന്നെ പ്രത്യക്ഷപ്പെട്ട ‘ദേശരാഷ്ട്രങ്ങളുടെ അന്ത്യം’ ‘സംസ്കാരങ്ങളുടെ സംഘട്ടനം[1]‘ തുടങ്ങിയ ശീർഷകങ്ങൾ ദേശരാഷ്ട്രത്തെ കുറിച്ച ഉത്കണ്ഠകൾ പ്രകടമാക്കുന്നുണ്ട്. Jihad vs. McWorld: How Globalism and Tribalism are reshaping the World’ [2], Endgames: Questions in Late Modern Political thought’[3] തുടങ്ങിയ പ്രബന്ധങ്ങളിലെല്ലാം ഇത് സംബന്ധിയായ പരാമർശങ്ങൾ കാണാം. ദേശരാഷ്ട്രങ്ങളുടെ അസ്തമയവും പ്രാദേശിക പ്രഭുക്കന്മാരോട് ചേർന്നുകൊണ്ട് ആഗോള മൂലധന ശക്തികൾ അധികാരമുറപ്പിക്കുന്നതിനെക്കുറിച്ചുമാണ് ഈ പ്രബന്ധങ്ങൾ ചർച്ച ചെയ്യുന്നത്. അമൂർത്തമായ ഒരന്താരാഷ്ട്ര വ്യവസ്ഥയെന്ന മുഖംമൂടിക്ക് പിന്നിൽ പ്രത്യേക താൽപ്പര്യങ്ങൾ ഒളിപ്പിച്ചുകൊണ്ടാണ് ദേശരാഷ്ട്രങ്ങൾ ഏതുകാലത്തും നിലകൊണ്ടിട്ടുള്ളത്. ഇക്കാര്യം ഇന്റർനാഷണൽ റിലേഷൻസ് പണ്ഡിതന്മാരിൽ ആഗ്രഗണ്യനായ സ്റ്റീഫൻ ഡി ക്രാൻസ്നർ എന്ന അമേരിക്കൻ പണ്ഡിതൻ sovereignty: organized hypocrisy[4] എന്ന അദ്ദേഹത്തിന്റെ പുസ്തകത്തിൽ പ്രസ്താവിക്കുന്നുണ്ട്. ദുർബല രാഷ്ട്രങ്ങളിൽ ഉണ്ടെന്ന് പറയപ്പെടുന്ന ‘പരമാധികാരം’ (sovereignty) വൻശക്തികളുടെ ചൂഷണത്തിന് പാത്രമായിക്കൊണ്ടാണ് സദാ നിലനിൽക്കുന്നത്. ആ രാഷ്ട്രങ്ങളിലെ പാവഭരണകർത്താക്കളെ താങ്ങി നിർത്താൻ ഈ മിഥ്യാധാരണ ഉപകരിക്കുമെന്ന് മാത്രം. ആധുനിക കാലത്തെ പല പ്രതിസന്ധികൾക്കും (മനുഷ്യനിർമിത പരിസ്ഥിതി പ്രശ്നങ്ങൾ മുതൽ വർധിച്ചുവരുന്ന അഭയാർത്ഥി പ്രശ്നം വരെ) പരിഹാരം കണ്ടെത്തുന്നതിലുള്ള ദേശരാഷ്ട്രങ്ങളുടെ കഴിവുകേടിനെ പ്രസ്താവിച്ചുകൊണ്ടാണ് മുൻസൂചിപ്പിച്ച പ്രബന്ധങ്ങൾ തുടരുന്നത്. പ്രാദേശികമോ അന്തരാഷ്ട്രമോ ആയ സാമ്പത്തിക സഹകരണ മുന്നേറ്റങ്ങൾ മാത്രമാണ് ഈ പ്രതിസന്ധികൾക്ക് പരിഹാരമെന്നും ഇവ നിർദ്ദേശിക്കുന്നു.
മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സവിശേഷമാണ് കാര്യങ്ങൾ. ചരിത്രപരമായി വ്യവസായ വിപ്ലവത്തിൽ നിന്നും വളരെക്കുറച്ച് പ്രയോജനം ലഭിച്ചവയാണ് മുസ്‌ലിം രാഷ്ട്രങ്ങൾ. എന്നാൽ വ്യവസായവൽക്കരണത്തിന്റെ അനിവാര്യ ഫലമായി ഉണ്ടായ പാരിസ്ഥിതിക പ്രതിസന്ധിയുടെ പ്രധാന ഇരകളാകുന്നതും ഇക്കൂട്ടർ തന്നെയാണെന്നതാണ് വിരോധാഭാസം. UN റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതുപോലെ, ധനിക രാജ്യങ്ങൾ സ്വയം രക്ഷപ്പെടുകയും അവർ ചെയ്തു വെച്ചതിന്റെ പരിണിതഫലങ്ങൾ ദരിദ്ര രാജ്യങ്ങൾ അനുഭവിക്കേണ്ടി വരുന്ന ‘പാരിസ്ഥിതിക അസമത്വത്തിലേക്കാണ്’ (climate Aparthied) കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത്. സൈനികഭരണവും രാജഭരണവും നിലനിൽക്കുന്ന ഭൂരിഭാഗം അറബ് രാജ്യങ്ങളെയും ഈ അവസ്ഥ ഗ്രഹിക്കുമെന്നത് തീർച്ചയാണ്. ചുരുക്കത്തിൽ മുസ്‌ലിങ്ങളെ സംബന്ധിച്ചിടത്തോളം ദേശരാഷ്ട്ര വ്യവസ്ഥ ഹീനമായ പ്രത്യാഘാതങ്ങളുണ്ടാക്കിയ ഒന്നാണ്. ഇനിയും ഉണ്ടാക്കാൻ പോകുന്നതുമാണ്. രാജ്യങ്ങളെ ഭിന്നിപ്പിച്ച് ഭരിക്കാനും അവിടുത്തെ വിഭവങ്ങളെ ചൂഷണം ചെയ്യാനുമുള്ള കൊളോണിയൽ തന്ത്രങ്ങളുടെ കണക്കുകൂട്ടലുകൾ മാത്രമല്ല ഇതിന് ആക്കം കൂട്ടുന്നത്. ദേശരാഷ്ട്ര വ്യവസ്ഥ ഇസ്‌ലാമിക ഭരണവ്യവസ്ഥയോട് ചേർന്നുപോകുന്നതല്ല എന്നതുകൂടി ഇതിന്റെ കാരണമാണ്. അതിനെക്കുറിച്ച് തുടർന്ന് വിവരിക്കാം.
(തുടരും)
Notes
[1] Samuel P Huntington, The Clash of Civilization and the Remaking of World Order (Touchstone, 1993/1996)
[2] Benjamin R. Barber, Jihad Vs. McWorld (Ballantine Books, 1996)
[3] John Gray, John, Endgames: Questions in Late Modern Political Thought (Polity Press, 1997).
[4] Stephen D. Krasner, Sovereignty: Organized Hypocrisy (Princeton University Press, 1999)
വിവർത്തനം: അഫ്സൽ ഹുസൈൻ