ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമുള്ള ഫിലോസഫർമാരിൽ ഒരാളായ ലുദ്വിഗ് വിറ്റ്ഗൻസ്റ്റൈൻ (Ludwig Wittgenstein) രണ്ട് വ്യത്യസ്ത ജീവിതഘട്ടങ്ങളിലൂടെ കടന്നുപോയതായി കാണാൻ കഴിയും. അദ്ദേഹം ‘ട്രാക്റ്റാറ്റസ് ലോജിക്കോ-ഫിലോസഫിക്കസ്’ (Tractatus Logico-Philosophicus) എന്ന ഗ്രന്ഥത്തിന്റെ രചന നടത്തുന്ന സന്ദർഭമാണ് ആദ്യത്തെ ഘട്ടം. അതിൽ അദ്ദേഹം ലോജിക്കൽ പോസിറ്റിവിസത്തെ അതിന്റെ പരകോടിയിലെത്തിക്കുകയും യുക്തിയുടെ (logic) പ്രമാണങ്ങളിലേക്ക് എല്ലാ ആശയങ്ങളെയും (meaning) ചുരുക്കുകയും ചെയ്തു. വിറ്റ്ഗൻസ്റ്റൈന്റെ ഈ ജീവിതഘട്ടം സമ്പൂർണ്ണമായ കൃത്യതയുടെയും വ്യക്തതയുടെയും ഘട്ടമായി വിശേഷിപ്പിക്കാം. “Tractatus” ഒരു സംശയവും അദ്ദേഹത്തിൽ അവശേഷിപ്പിച്ചിരുന്നില്ല.
എന്നാൽ തന്റെ രണ്ടാം ജീവിതഘട്ടത്തിൽ, വിറ്റ്ഗെസ്റ്റൈൻ ലോജിക്കൽ പോസിറ്റിവിസത്തിന്റെ കർക്കശമായ സൂത്രവാക്യങ്ങളെ നിരാകരിക്കുകയും, സങ്കീർണ്ണതകളിലും അനിശ്ചിതത്വങ്ങളിലും ബോധോദയങ്ങളിലും (intuitions) അധിഷ്ഠിതമായ ലോകത്തെക്കുറിച്ചുള്ള ഒരു കാഴ്ച്ചപ്പാടിനെ മുന്നോട്ടുവെക്കുകയും ചെയ്തു. യാഥാർത്ഥ്യത്തിന്റെ അടിസ്ഥാനങ്ങളായി ഗണിത സൂത്രവാക്യങ്ങളെയും യുക്തിസഹമായ പ്രമാണങ്ങളെയും പരിഗണിക്കുന്നതിന് പകരം, “Family Resemblance”, “Language Game” എന്നീ ആശയങ്ങളെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.
മൗലികമായ ഈ മാറ്റം അക്കാലത്തെ പ്രശസ്ത ബ്രിട്ടീഷ് ഫിലോസഫറായിരുന്ന ബെർട്രാൻഡ് റസ്സലിനെ (Bertrand Russell) നിരാശനും രോഷാകുലനുമാക്കി. ഗൗരവതരമായ ഫിലോസഫിയെ ഉപേക്ഷിച്ചതിന് വിറ്റ്ഗെസ്റ്റൈനോട് അദ്ദേഹം സഹതപിച്ചു. എന്നാൽ വിറ്റ്ഗൻസ്റ്റൈന്റെ “കേംബ്രിഡ്ജ് ലെറ്റേഴ്‌സ്”ൽ പറഞ്ഞത് പോലെ, യഥാർത്ഥത്തിൽ റസ്സലിനോടാണ് അദ്ദേഹത്തിന് നിരാശ തോന്നിയത്. റസ്സലിന്റെ പഴകി തഴമ്പിച്ച യുക്തിവാദത്തോടും പോസിറ്റീവിസത്തോടുമുള്ള സഹതാപമായിരുന്നു അത്.
വിറ്റ്ഗൻസ്റ്റൈൻ സമർത്ഥമായ വ്യക്തിത്വത്തിനുടമയായിരുന്നു. അദ്ദേഹം പറഞ്ഞതും ചെയ്തതുമെല്ലാം ഏറെ തീക്ഷ്ണത പ്രതിഫലിപ്പിക്കുന്നവയാണെന്ന് കാണാൻ സാധിക്കും. അദ്ദേഹത്തിന്റെ വാചകങ്ങൾ ആപ്തവാക്യങ്ങളും, അദ്ദേഹത്തിന്റെ ശബ്ദം വീരോചിതവുമായിരുന്നു. അദ്ദേഹത്തിന്റെ ശിഷ്യന്മാരും അനുയായികളും അദ്ദേഹത്തെ ഒരു പ്രവാചക രൂപമായി ആരാധിച്ചു. എന്നാൽ വിമർശകർ അദ്ദേഹത്തെ തത്ത്വചിന്താപരമായ അച്ചടക്കമില്ലാത്ത മുറിവൈദ്യനായി ചിത്രീകരിച്ചുക്കൊണ്ടു അവഹേളിച്ചു. ഇവയെ മാറ്റിനിർത്തിയാൽ, ആധുനിക പാശ്ചാത്യ ഫിലോസഫിയിൽ സംഭവിച്ചിട്ടുള്ള ബൃഹത്തായ വ്യതിയാനത്തെ സംബന്ധിച്ച് വിറ്റ്ഗൻസ്റ്റൈന്റെ രണ്ട് ജീവിതഘട്ടങ്ങൾ തമ്മിലുള്ള രൂക്ഷമായ വൈരുദ്ധ്യങ്ങൾക്ക് കൂടുതൽ പറയാനാകും.
വിറ്റ്ഗൻസ്റ്റൈൻ ആദ്യം വിശ്വസിച്ചിരുന്നത്, ലോകം അറ്റോമിക് യൂണിറ്റുകൾ കൊണ്ടാണ് നിർമ്മിക്കപ്പെട്ടതെന്നായിരുന്നു. ഈ ‘ശാസ്ത്രീയ വസ്തുത’യാണ് ഭാഷയെക്കുറിച്ചും ലോജിക്കിനെക്കുറിച്ചും നാം അറിയേണ്ട എല്ലാറ്റിന്റെയും അടിസ്ഥാനം. ഭൗതികലോകം പരമാണുപരവും (atomistic), ഗണിതപരവും (mathematical), കൃത്യവും, മൂർച്ചയുള്ളതുമാണെങ്കിൽ, അതിനെ വ്യാഖ്യാനിക്കുന്ന ഫിലോസഫിയും അങ്ങനെയായിരിക്കണം. ഫിലോസഫി ലോകത്തെ പ്രതിഫലിപ്പിക്കേണ്ട ഒന്നാണല്ലോ. അതിനാൽ, അത് ലോജിക്കല്ലാതെ മറ്റൊന്നുമാകരുത്. മറ്റെല്ലാ വിഷയങ്ങളും ഫിലോസഫിയുടെയും ലോജിക്കിന്റെയും പരിഗണനകൾക്ക് പുറത്താണ്.
ഇവിടെയാണ് വിറ്റ്ഗൻസ്റ്റൈന്റെ പ്രസിദ്ധമായ വാചകം പരിശോധിക്കേണ്ടത്; “ഒരാൾക്ക് ഒന്നിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ലെങ്കിൽ, അതേപ്പറ്റി അയാൾ നിശബ്ദനായിരിക്കണം”. അതായത് ലോജിക്കൽ പോസിറ്റിവിസത്തിന് സ്നേഹം, വിശ്വാസം പോലുള്ള പ്രതിഭാസങ്ങൾക്ക് അർത്ഥം നൽകാൻ കഴിയുന്നില്ലെങ്കിൽ, തത്ത്വചിന്ത അതിനെക്കുറിച്ച് ഒന്നും പറയരുത്. ഈ ലളിത ബോധത്തിൽ, നമ്മുടെ ഭാഷയുടെ പരിമിതികളെ നമ്മുടെ ലോകത്തിന്‍റെ പരിമിതികളായി അദ്ദേഹം വിശേഷിപ്പിക്കുന്നത് കാണാം.
20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോസിറ്റിവിസത്തിൽ തൽപരരായ ആളുകൾക്ക് ഇത് ഗംഭീരമായി അനുഭവപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് നിരവധി അസാധാരണ സാഹചര്യങ്ങൾ മൂലം, കേവല ആറ്റങ്ങൾക്കും യുക്തി പ്രമാണങ്ങൾക്കും (logical proposition) അപ്പുറമാണ് യാഥാർത്ഥ്യം എന്ന് വിറ്റ്ഗൻസ്റ്റൈൻ തിരിച്ചറിഞ്ഞു. തർക്കശാസ്ത്രപരമായ വാക്യങ്ങളിലേക്കും (logical sentences) ശാസ്ത്രീയ സൂത്രവാക്യങ്ങളിലേക്കും (scientific formulations) പിഴിഞ്ഞെടുക്കാൻ കഴിയാത്തതും, അതേസമയം അനുഭവബോധ്യമാവുന്ന ധാരാളം കാര്യങ്ങൾ ഇതുപോലെ കണ്ടെത്താൻ സാധിക്കും. ഉദാഹരണത്തിന്, നിങ്ങൾ എങ്ങനെയാണ് ഒരു മ്യൂസിക്കൽ നോട്ട് എഴുതുക? ഒരു സുഹൃത്തിനോട് തോന്നുന്ന ഇഷ്ടത്തെ നിങ്ങൾ എങ്ങനെ വിശദീകരിക്കും? സ്നേഹം, ക്ഷമ, നീതി, ധൈര്യം എന്നിവയുടെ തർക്കശാസ്ത്രപരമായ/ശാസ്ത്രീയമായ വിശദീകരണം നിങ്ങൾ എങ്ങനെയാണ് നൽകുക? പറഞ്ഞു വരുന്നത്, സങ്കുചിതമായ യുക്തിയിലൂടെ നമുക്ക് എന്തെങ്കിലും വിശദീകരിക്കാൻ കഴിയാത്തതിന്റെ പേരിൽ, നമുക്ക് അതിനെ അർത്ഥശൂന്യമായി തള്ളിക്കളയാനാവില്ല എന്നാണ്.
കർക്കശമായ യുക്ത പ്രമാണങ്ങൾക്ക് പകരം, അവ്യക്തതകൾ, family resemblances, language games, വിവരണാതീതമായ നിഗൂഢതകൾ എന്നിവയുമായി പിന്നീട് വിറ്റ്ഗൻസ്റ്റൈൻ കൂടുതൽ വ്യാപൃതനാവാൻ തുടങ്ങി. അദ്ദേഹത്തിന്റെ ഗവേഷണം ഭാഷയിലും യുക്തിയിലും തന്നെ കേന്ദ്രീകരിച്ചു. “എനിക്ക് യഥാർത്ഥ സംതൃപ്തി നൽകുന്ന ഒരേയൊരു പ്രവർത്തനം” എന്നാണ് അദ്ദേഹം ഫിലോസഫിയെ നിർവചിച്ചിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ആറ്റോമിസത്തിന്റെയും (atomism) റിഡക്ഷനിസത്തിന്റെയും (reductionism) ചങ്ങലകളിൽ നിന്ന് ഫിലോസഫിക്കൽ ചിന്തയെ മോചിപ്പിച്ചു. അതുകൊണ്ട് തന്നെ ഒരു അനുഭവഹീനനായ തത്ത്വചിന്തകനേക്കാൾ (armchair philosopher) ഒരു കൈപ്പണിക്കാരനും വിദഗ്ധനായ ശില്പിയുമൊക്കെയായി അദ്ദേഹം മാറി.
ഭാഷയും യാഥാർത്ഥ്യവും തമ്മിലുള്ള ശരിയായ ബന്ധം വിശദീകരിക്കാനുള്ള തന്റെ പരിശ്രമത്തിൽ, വിറ്റ്ഗൻസ്റ്റൈൻ ഫിലോസഫിയുടെ പരിധികളെ പരീക്ഷണ വിധേയമാക്കുന്നുണ്ട്. തന്‍റെ “ട്രാക്റ്റാറ്റസ്” എന്ന പുസ്തകത്തെ തള്ളിപ്പറഞ്ഞതിന് ശേഷവും, ഭാഷയിലൂടെ എന്തൊക്കെ പറയാനും പറയാതിരിക്കാനും കഴിയും, എന്ന അന്വേഷണത്തിൽ അദ്ദേഹം താൽപ്പര്യം കാണിച്ചു. ‘പറയാൻ’ കഴിയുന്നതിൽ നിന്ന് ‘കാണിക്കാൻ’ കഴിയുന്നതിലേക്ക് വ്യക്തമായ മാറ്റം സംഭവിച്ചിട്ടുണ്ട്. ‘കാണിക്കുന്നത്’ യുക്തി പ്രമാണങ്ങൾക്കും (logical propositions) അപ്പുറം നിൽക്കുന്ന ഒന്നാണ്; നിർമിക്കുക, പ്രവർത്തിക്കുക, ഹാവഭാവങ്ങൾ, ആശ്ചര്യം, ചിന്ത, ബോധോദയം, തുടങ്ങി വിവരണാതീതമായ എല്ലാം അതിൽ ഉൾപ്പെടും. ഇത് പ്രകൃതി ശാസ്ത്രത്തിന്റെ പരിമിതികളിൽ നിന്നും, തത്വചിന്താപരമായ ന്യൂനീകരണത്തിന്റെ ആധിപത്യത്തിൽ നിന്നും ഫിലോസഫിയെ മോചിപ്പിക്കുന്നതായി കാണാം. അതേ സമയം തത്ത്വചിന്തയ്ക്ക് ചെയ്യാനാകുന്നതും ചെയ്യാനാകാത്തതുമായ പരിധികളെയും നിർണയിക്കുന്നുണ്ട്.
ഇസ്‌ലാമിക ധൈഷണിക പാരമ്പര്യത്തിലെ അതികായന്മാരിൽ ഒരാളായ ഇമാം ഗസ്സാലി (ഹി. 1111) പെരിപ്പതറ്റിക് ഫിലോസഫിയെ (Peripatetic philosophy) കുറിച്ച് 12-ാം നൂറ്റാണ്ടിൽ നടത്തിയ വിമർശനം മറ്റൊരു തലത്തിൽ ഇതുമായി സാമ്യമുള്ളതാണ്. അരിസ്റ്റോട്ടിലിനെ പിന്തുടർന്ന മുസ്‌ലിംകളെ, പ്രത്യേകിച്ച് അൽ-ഫാറാബിയെയും ഇബ്‌നു സീനയെയും, പോലുള്ളവരെ അവരുടെ ജ്ഞാനശാസ്ത്രപരമായ അമിതാത്മവിശ്വാസത്തിന്റെയും (hubris) പൊരുത്തക്കേടിന്റെയും പേരിൽ ഗസാലി കുറ്റപ്പെടുത്തി. ഫിലോസഫിയുടെ അതിരുകൾ ലംഘിച്ചതിന് അദ്ദേഹം അവരെ എതിർക്കുകയും ചെയ്തു.
ഒരു പരമ്പരാഗത മുസ്‌ലിം പണ്ഡിതനും ദാർശനികമനുമെന്ന നിലയിൽ ഗസ്സാലി ഒരേ സമയം മതപരവും തത്വചിന്താപരവുമായ ശാസ്ത്രങ്ങളിൽ പരിശീലനം നേടിയിട്ടുണ്ട്. അരിസ്റ്റോട്ടിലിയൻ ഫിലോസഫിയിൽ അദ്ദേഹത്തിന് വളരെയധികം വൈദഗ്ദ്ധ്യം ഉണ്ടായിരുന്നു, മാത്രമല്ല അതിന്റെ പ്രധാന ആശയങ്ങൾ സംഗ്രഹിച്ച് ‘മഖാസിദ് അൽ-ഫലാസിഫ’ (തത്വചിന്തയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ) എന്ന പേരിൽ ഒരു ഗ്രന്ഥം അദ്ദേഹം രചിക്കുകയും ചെയ്തു. ഗസാലിയെ സംബന്ധിച്ച് ഈ സംഗ്രഹം വിജയകരമായ ഒരു ശ്രമമായിരുന്നു. കാരണം, പുസ്തകം തുടർന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്തപ്പോൾ, ധാരാളം ലാറ്റിനുകാർ അദ്ദേഹത്തെ ഇബ്‌നു സീനയുടെ അനുയായി എന്ന നിലയിൽ സ്വീകരിച്ചു.
ഫിലോസഫിയെ എന്തിനെയും ഉൾക്കൊള്ളുന്ന അതിഭൗതികമായ (metaphysical) ലോകവീക്ഷണമാക്കി പരിവർത്തിപ്പിക്കുകയും, മതപരമായ വിശ്വാസത്തിന് ബദലായി അവതരിപ്പിക്കുവാൻ ധൈര്യപ്പെടുകയും ചെയ്തതിന്റെ പേരിൽ മുസ്ലിം പെരിപ്പതെറ്റിക്ക് തത്വചിന്തകരെ ഗസാലി വിമർശിക്കുന്നുണ്ട്. തർക്കശാസ്ത്രത്തിലും (logic) ഗണിതത്തിലും ഉള്ള അവരുടെ പ്രവർത്തനങ്ങൾ പ്രശംസനീയവും, അവരുടെ ജ്ഞാനശാസ്ത്രം ഭാഗികമായി ശരിയുമായിരുന്നു. എന്നാൽ, അതിഭൗതികശാസ്ത്രത്തിൽ അവർ ഭീമാകാരമായ പിഴവുകൾ വരുത്തുകയും തത്ത്വചിന്തയുടെ അതിരുകൾക്കപ്പുറത്തേക്ക് കടക്കുകയും ചെയ്തു. തന്റെ കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, തത്ത്വചിന്തകർക്കെതിരെ ദയാരഹിതമായ വിധി പുറപ്പെടുവിപ്പിക്കുകയാണ് ഗസാലി ചെയ്തത്. പ്രപഞ്ചം അനശ്വരമാണെന്നും, ദൈവത്തിന് വിശദാംശങ്ങളൊന്നും അറിയില്ലെന്നും, പുനരുത്ഥാനവും പരലോകവും ആത്മീയം മാത്രമായിരിക്കുമെന്നുമുള്ള മൂന്ന് വീക്ഷണങ്ങൾ പുലർത്തിയതിന്റെ പേരിൽ അവർ ഇസ്‌ലാമിന്റെ വിശ്വാസത്തിന് പുറത്താണെന്നായിരുന്നു ഗസ്സാലി വിധിച്ചത്.
സുന്നി പണ്ഡിതന്മാരും നിയമജ്ഞരും ഈ വിധിയെ സർവ്വ തത്ത്വചിന്തകളെയും നിഷേധിക്കലാണെന്ന് കണക്കാക്കി. ഓറിയന്റലിസ്റ്റുകൾ ഇത് ഇസ്‌ലാമിലെ ഫിലോസഫിക്കൽ ചിന്തയുടെ അന്ത്യമാണെന്ന് പ്രഖ്യാപിച്ചു. തുടർന്ന് സുന്നി ദൈവശാസ്ത്രത്തിന്റെയും ഫിലോസഫിക്കൽ മിസ്റ്റിസിസത്തിന്റെയും മേഖലയിൽ ഗസാലിയും, ഇബ്‌നു അറബിയും ശക്തമായപ്പോൾ, പെരിപ്പതറ്റിക് ഫിലോസഫി ഏറെ പിന്നോട്ടു വലിഞ്ഞു. എന്നാൽ മുസ്‌ലിം ലോകത്ത് ഫിലോസഫിക്കൽ ചിന്തകൾക്ക് വിരാമമുണ്ടായില്ല. മറിച്ച് അത് വ്യത്യസ്ത രൂപങ്ങൾ ഉൾക്കൊണ്ടു.
ഗസാലി അരിസ്റ്റോട്ടിലിയൻ ഫിലോസഫിയെ വിമർശിച്ചത്, അത് നേരാവണ്ണം സജ്ജമല്ലാത്ത മേഖലകളിലേക്ക് സ്വയം പ്രതിഷ്ഠിക്കാൻ മുതിർന്നതിനാലാണ്. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ, അൽ-ഫാറാബിയും ഇബ്‌നു സീനയും പ്രതിനിധീകരിക്കുന്ന ഫിലോസഫി അതിന്റെ സ്വയം പ്രഖ്യാപിത അതിരുകൾക്ക് പുറത്ത് പോയവയാണ്. കാരണം, അവയെല്ലാം യുക്തിസഹമായ സൂത്രവാക്യങ്ങളും (logical formulas) പ്രത്യക്ഷമായ തെളിവുകളും (ബുർഹാൻ) മാത്രം ഉപയോഗിച്ച് വിശദീകരിക്കാൻ സാധിക്കാത്തതിനെ വിശദീകരിക്കാൻ ശ്രമിച്ചു എന്നതുകൊണ്ടാണ്. മാത്രമല്ല തത്ത്വചിന്തകർ ജ്ഞാനശാസ്ത്രപരമായ അമിതാത്മവിശ്വാസം കൊണ്ടും, അനുയോജ്യമല്ലാത്ത ടൂളുകൾ ഉപയോഗിച്ചും മെറ്റാഫിസിക്സിലേക്ക് നിർബന്ധപൂർവം വഴിതെളിച്ചു. ഇതിലൂടെ അവർക്ക് വിശദീകരിക്കാൻ കഴിയാത്തതിനെയെല്ലാം പാർശ്വവത്കരിക്കുകയോ നിരസിക്കുകയോ ചെയ്യേണ്ടി വന്നു. ഇങ്ങനെ യാഥാർത്ഥ്യത്തെ അവർക്ക് അറിയാൻ സാധിക്കുന്നതിലേക്ക് ചുരുക്കുന്നതിനുപകരം, അവർ തങ്ങളുടെ പരിമിതികൾ സമ്മതിക്കുകയും, വ്യാവഹാരികമായ യുക്തി (discursive reasoning) കൊണ്ട് മാത്രം വിശദീകരിക്കാൻ കഴിയുന്നതിനെയും, കഴിയാത്തതിനെയും അംഗീകരിക്കുകയും ചെയ്യണമായിരുന്നു എന്നാണ് ഗസാലി പറഞ്ഞത്.
എന്നിരുന്നാലും, തത്ത്വചിന്തകർക്ക് സംഭവിക്കുന്ന അബദ്ധങ്ങളും കുറവുകളും ഫിലോസഫി പൂർണ്ണമായും തെറ്റാണെന്ന് അർത്ഥമാക്കുന്നില്ല. അതുകൊണ്ട് തന്നെ എല്ലാ തത്വചിന്തകളെയും വലിച്ചെറിയുന്നതിനുപകരം, ഗസാലി ഫിലോസഫിക്കൽ മിസ്റ്റിസിസത്തിലേക്ക് തിരിയുകയുകയാണ് ഉണ്ടായത്. ഫിലോസഫിക്കൽ-മിസ്റ്റിക്കൽ മനനങ്ങൾ, ധ്യാനം, അന്തർജ്ഞാനപരമായ ചിന്ത (intuitive thinking) എന്നിവയിലൂടെ ‘കാണിക്കാൻ’ കഴിയുന്നതിനെക്കുറിച്ചുള്ള പുതിയ കാഴ്ചപ്പാടുകളും അദ്ദേഹം വികസിപ്പിച്ചു. ഗസാലിയുടെ പ്രസിദ്ധമായ ഒരു വിമർശനപഠനത്തിന് ‘ഫിലോസഫി’ (ഫൽസഫ) എന്ന തലക്കെട്ട് നൽകുന്നതിന് പകരം “തഹാഫത്തുൽ ‘ഫലാസിഫ’” (തത്ത്വചിന്തകരുടെ പൊരുത്തക്കേട്) എന്ന് നൽകിയത് പോലും ഈ കാര്യം വ്യക്തമാക്കുന്നു. എന്നുവെച്ചാൽ പെരിപ്പതെറ്റിക്കുകൾ അവരുടെ വാദങ്ങളിൽ പൊരുത്തമില്ലാത്തവരായിരുന്നു. കാരണമെന്തെന്നാൽ അവർ സ്വയം സ്ഥാപിച്ച ഫിലോസഫിക്കൽ മാനദണ്ഡങ്ങൾക്കനുസൃതമായി പോലും ജീവിച്ചിരുന്നില്ല. സ്വന്തമായി ഗൗരവമേറിയ ഫിലോസഫി ചെയ്യുന്നതിന് പകരം, അവരുടെ ഗ്രീക്ക് പ്രമാണിമാരെ നിരുപാധികം ‘അനുകരിക്കുന്ന’ (തഖ്‌ലിദ്) തത്ത്വചിന്തകരായ ഇവരെ യഥാർത്ഥത്തിൽ പരിഹസിക്കുകയാണ് ഗസാലി ചെയ്യുന്നത്.
ജ്ഞാനശാസ്ത്രത്തിന്റെ പ്രതിസന്ധി നേരിടുകയും, പുറംലോകത്തിന്റെ അസ്തിത്വത്തെപ്പോലും ചോദ്യം ചെയ്യപ്പെടുകയും ചെയ്ത സന്ദർഭത്തിൽ ഗസാലി ഇമാം തന്നെ ഫിലോസഫിക്കലായ നിശ്ചയദാർഢ്യത്തിന്റെയും അതിന്റെ അഭാവത്തിന്റെയും വേദനകൾ രുചിച്ചിരുന്നു. തന്റെ പ്രശസ്ത ആത്മകഥയായ ‘അറിവില്ലായ്മയിൽ നിന്ന് മോചനം’ (അൽ-മുൻഖിദ് മിൻ അൽ-ദലാൽ) എന്ന പുസ്തകത്തിൽ അദ്ദേഹം വിശദീകരിക്കുന്നതുപോലെ, വെളിപാടിന്റെ സഹായത്തോടെയും, തന്റെ യുക്തിയുടെ ശരിയായ ഉപയോഗത്തിലൂടെയുമാണ് അദ്ദേഹം ഈ പ്രതിസന്ധിയെ അതിജീവിച്ചത്.
ഫിലോസഫിക്ക് അതിന്‍റെ പരിധി നിശ്ചയിക്കാനാകുമോ?
ഈ ചോദ്യത്തെ ഗസാലി സമീപിക്കുകയും ചിന്തകൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. അവതരണ സാധ്യമായ യുക്തി കൊണ്ട് മാത്രം വ്യക്തമാക്കാൻ കഴിയാത്തതിനെ ഉൾക്കൊള്ളാൻ സാധിക്കുന്ന ഫിലോസഫിക്കൽ ചിന്തയുടെ വിശാലമായ വീക്ഷണത്തെയാണ് ഗസാലി വികസിപ്പിക്കാൻ ശ്രമിച്ചത്. അങ്ങനെ വ്യത്യസ്തമായ ജ്ഞാനശാസ്ത്ര ഉപകരണങ്ങൾ ഉപയോഗിച്ച് ഉൾക്കൊള്ളാനും ഗ്രഹിക്കാനും കഴിയുന്ന ഒരു വിശാല യാഥാർത്ഥ്യത്തിന്റെ ഭാഗമായി അദ്ദേഹം യുക്തിയെയും ഭാഷയെയും കണ്ടു.
ഇത് തന്നെയാണ് വിറ്റ്ഗൻസ്റ്റൈൻ തന്റെ പിൽക്കാല തത്വചിന്തയിൽ സ്വീകരിച്ച മാർഗമെന്ന് മനസ്സിലാക്കാൻ സാധിക്കും. ഗസാലിയും വിറ്റ്ഗൻസ്റ്റൈനും തികച്ചും വ്യത്യസ്ത ആശയപരമായ ചട്ടക്കൂടുകൾക്കുള്ളിലാണ് പ്രവർത്തിച്ചതെങ്കിലും, ഫിലോസഫിക്കൽ ചിന്തയുടെ കർത്തവ്യത്തെ വിശാലമാക്കാനുള്ള ഇരുവരുടെയും അന്വേഷണങ്ങൾ ഇന്നത്തെ ഫിലോസഫിയുടെ അർത്ഥത്തിന് തന്നെ സുപ്രധാനമായ അവസരങ്ങൾ നൽകിയിട്ടുണ്ട്.
അറിയുന്നതും (knowing) കാണുന്നതും (seeing) തമ്മിലുള്ള സ്തുത്യമായ ബന്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങൾ ഗസാലിയുടെയും വിറ്റ്ഗൻസ്റ്റൈന്റെയും പഠനങ്ങളിൽ കാണാൻ കഴിയും. ഇതിനെ കുറിച്ചു പറഞ്ഞുതരുന്ന ഇസ്‌ലാമിന്റെ ചരിത്രത്തിൽ നിന്നുമുള്ള ഒരു പ്രസിദ്ധമായ കഥയുണ്ട്; വളരെ പ്രമുഖരായ ഒരു ആത്മജ്ഞാനിയും, ഫിലോസഫറും (ചില സ്രോതസ്സുകൾ പ്രകാരം അവർ ഖ്വാജ അബ്ദുല്ല അൻസാരിയും, ഇബ്‌നു സീനയും ആയിരുന്നെന്ന് പറയപ്പെടുന്നു) തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ജനങ്ങൾ അവരോട് നിങ്ങൾ പരസ്പരം എങ്ങനെയാണ് നോക്കികാണുന്നത് എന്ന് ചോദിച്ചു. “ഞാൻ കാണുന്നതിനെ അവന് അറിയാം” എന്ന് ഫിലോസഫറെക്കുറിച്ച് ആത്മജ്ഞാനി പറഞ്ഞു; “എനിക്ക് അറിയാവുന്നതിനെ അവൻ കാണുന്നു” (he sees what I know) എന്ന് ഫിലോസഫറും പറഞ്ഞു.
അറിയുന്നതും കാണുന്നതും അവതരിപ്പിക്കുന്നതും (demonstrating) കാണിക്കുന്നതും പറയുന്നതും പറയാതിരിക്കുന്നതുമെല്ലാം എങ്ങനെ സംയോജിപ്പിക്കാം എന്നത് ഫിലോസഫിക്കൽ ചിന്തയുടെ പ്രധാന ദൗത്യമായി ഇന്നും തുടരുന്നു.
വിവർത്തനം: അർഫദ് അലി