(ഇബ്രാഹിം മൂസയുടെ ‘Considering Being and Knowing in an Age of Techno-Science’ എന്ന പഠനത്തിൻ്റെ മലയാള വിവർത്തനം, നാലാം ഭാഗം)
ചികിത്സിക്കാനാവാത്ത വിധത്തില്‍ തലച്ചോറിന് (brainstem) ക്ഷതമേറ്റതായി മെഡിക്കല്‍ നിര്‍ണയം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ മസ്തിഷ്‌കമരണം സ്ഥിരീകരിച്ച ഒരു വ്യക്തിയുടെ പദവി എന്തായിരിക്കും എന്നത് മുസ്‌ലിം ബയോഎത്തിക്‌സിനെ കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്. ഇസ്‌ലാമിന്റെ ചരിത്രപരവും നൈയാമികവും നൈതികവുമായ നിരവധി മാനദണ്ഡങ്ങള്‍ മുന്നില്‍ വെച്ചുകൊണ്ട് മുസ്‌ലിം പണ്ഡിതര്‍ അത്തരമൊരു വ്യക്തിയെ എല്ലാ അര്‍ഥത്തിലും മരണപ്പെട്ടതായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിച്ചിട്ടുണ്ട്. അനേകം മുസ്‌ലിം നിയമസംഹിതകള്‍ മസ്തിഷ്‌ക മരണമെന്ന ആശയത്തെ അംഗീകരിച്ചിട്ടുണ്ടെങ്കിലും അവരുടെ നിഗമനങ്ങള്‍ ആധ്യാത്മിക തലത്തിലും ശാസ്ത്രീയമായ രേഖകളിലും ഊന്നിയിട്ടുള്ളത് അപര്യാപ്തമായിട്ടാണ്. തദ്ഫലമായി അവരുടെ നിഗമനങ്ങളെ വൈദ്യശാസ്ത്ര നിലത്തു നിന്നും വളരെ വിമര്‍ശനാത്മകമായാണ് വീക്ഷിക്കുന്നത്. മസ്തിഷ്‌ക മരണം നിര്‍ണയിക്കുന്നതിനുള്ള മാനദണ്ഡം ലോകത്തെല്ലായിടത്തും ഒരേപോലെയല്ല എന്നു ചൂണ്ടിക്കാണിച്ചുകൊണ്ട് ചില ഡോക്ടര്‍മാരും അവരോട് ചോദ്യങ്ങളുന്നയിക്കാറുണ്ട്. ഏതൊരു വിധിയിലും നൈതിക മാനദണ്ഡങ്ങള്‍ പോലെ തന്നെ ക്ലിനിക്കല്‍ മാനദണ്ഡങ്ങളും ഒരു വേരിയബിള്‍ ആയുണ്ടാകുമെന്നതിനാല്‍ അതിന്റെ പ്രതികരണങ്ങളില്‍ വ്യത്യാസവും ബഹുസ്വരതയും പ്രതീക്ഷിക്കണമെന്ന് കാണേണ്ടതാണ്. വൈദ്യശാസ്ത്ര വിദഗ്ധരെ പിന്തുടര്‍ന്നുകൊണ്ട് ഒരു നല്ല ശതമാനം മുസ്‌ലിം പണ്ഡിതര്‍ മസ്തിഷ്‌ക മരണത്തിന് സാധുത നല്‍കിയെങ്കിലും അവരുടെ വിധി എല്ലാവര്‍ക്കും തൃപ്തിയായില്ല. എന്നാല്‍ വളരെ ചുരുക്കം ചിലര്‍ ഈ വിഷയത്തെ ആധ്യാത്മികതയുടെയും അതുവഴി വ്യക്തിത്വത്തിന്റെയും (personhood) അടിസ്ഥാനമാക്കി കൈകാര്യം ചെയ്തിട്ടുണ്ട്.
വ്യക്തിത്വത്തിന്റെ (personhood) ഇസ്‌ലാമിക പരിപ്രേക്ഷ്യത്തില്‍ നിന്നും നോക്കിയാല്‍, അന്താരാഷ്ട്ര ക്ലിനിക്കല്‍ മാനദണ്ഡങ്ങള്‍ പ്രകാരം മസ്തിഷ്‌ക മരണം സംഭവിച്ചതായി പറയപ്പെടുന്ന ഒരു വ്യക്തിയെ ഞാന്‍ മൂര്‍ത്തമായ ജീവരൂപത്തിന്റെ ഘട്ടത്തിലെത്തിയ ആളായാണ് കാണുന്നത്. ആ മൂര്‍ത്തജീവിയായ വ്യക്തിക്ക് ഒരിക്കല്‍ വ്യക്തിത്വം (personhood) ഉണ്ടായിരുന്നു, പക്ഷെ ആ വ്യക്തിത്വത്തിന്റെ പ്രധാന മാനദണ്ഡമായ ബോധത്തെ (conciousness) അയാളുടെ ശരീരത്തിലേറ്റ ചികിത്സിക്കാനാവാത്ത ക്ഷതം അപ്പാടെ മായ്ച്ചുകളഞ്ഞിരിക്കുന്നു. ജീവിയുടെ പുനരുല്‍പാദനം നിലച്ച അവശിഷ്ട നസമ അല്ലെങ്കില്‍ വായു (pneuma) എന്ന ഷാ വലിയുള്ളാഹിയുടെ ആശയത്തില്‍ നിന്നും കടമെടുത്ത് അവശിഷ്ട വ്യക്തിത്വം എന്ന ഒന്നുണ്ട് എന്ന് ഒരാള്‍ക്ക് വാദം ഉന്നയിക്കാവുന്നതാണ്. അവശിഷ്ട ജീവിതം എന്ന ഒന്നിൻ്റെ സാന്നിധ്യം ഒരു ജീവിയിൽ ഉണ്ട് എന്നതിനെ ആധ്യാത്മികമായെങ്കിലും തെളിയിക്കാൻ നസമയുടെ സാന്നിധ്യം സഹായിക്കുന്നു. ആ ജീവിക്ക് ഒരുകാലത്ത് വ്യക്തിത്വമുള്‍ക്കൊണ്ടിരുന്നു എന്ന കാരണത്താലാണ്, മൃതദേഹത്തിന്റെ അല്ലെങ്കില്‍ മസ്തിഷ്‌ക മരണം സംഭവിച്ച ജീവിയുടെ മഹത്വം നമ്മള്‍ നിലനിര്‍ത്തുന്നത് എന്ന് വ്യക്തം, മരണപ്പെട്ടവരുടെ ഓര്‍മകളെ നാം ആദരിക്കുന്നത് പോലെ. മരണപ്പെട്ടയാള്‍ക്ക് വളരെ ആദരപൂര്‍വമായ മറമാടല്‍ നല്‍കുകയും മയ്യിത്തിനെ ബഹുമാനപൂര്‍വം കൈകാര്യം ചെയ്യുകയും നാം ചെയ്യാറുണ്ട്. പണ്ടെങ്ങോ മരിച്ചുപോയവരെ അവരുടെ വ്യക്തിത്വത്തെ അംഗീകരിച്ചുകൊണ്ട് ഇവിടെയുണ്ടായിരുന്ന ‘വ്യക്തി’ ആയിത്തന്നെയാണ് നാം അനുസ്മരിക്കാറുള്ളത്.
എന്നിരുന്നാലും, എന്റെ വീക്ഷണത്തില്‍ വൈദ്യശാസ്ത്രപ്രകാരം ബോധം വീണ്ടെടുക്കാനാവില്ല എന്ന് വിധിയെഴുതപ്പെട്ട ഒരു രോഗിയുടെ വ്യക്തിത്വം (personhood) ഇല്ലാതായിരിക്കുന്നു. ഒരു തിരിയില്‍ വെട്ടം കൊളുത്തുന്നതുമായി താരതമ്യപ്പെടുത്തിക്കൊണ്ട് ജീവന്‍ ആരംഭത്തെ ശരീരത്തിലേക്ക് ആത്മാവിന്റെ പ്രവേശനമായാണ് ഗസ്സാലി വിവരിച്ചത്. ബോധം നഷ്ടപ്പെടല്‍ ആത്മാവിന്റെ പുറപ്പെട്ടുപോകല്‍ തന്നെയാണെന്ന കാര്യത്തില്‍ ഗസ്സാലിയും ഷാ വലിയുള്ളാഹിയും മറ്റു മുസ്‌ലിം പണ്ഡിതരും ഏകാഭിപ്രായക്കാരാണ്.
മരണത്തിന്റെ കാരണമായി കാണപ്പെടുന്ന തലച്ചോറിൻ്റെ പ്രവര്‍ത്തനവും ബോധം നിലക്കലും അര്‍ഥമാക്കുന്നത് ഒരു മനുഷ്യനാവുകയെന്നാല്‍ മനസ് ഉണ്ടാവുക എന്നതാണെന്ന് ജെഫ് മക്മഹന്‍ വാദിക്കുന്നുണ്ട്. മനസിന്റെ അഭാവം ഒരാള്‍ക്ക് നിര്‍ണയിക്കാന്‍ സാധിച്ചാല്‍ അവിടെ പിന്നെ ഒരു മൂര്‍ത്തമായ മനസില്ല. ശരീരം എന്നുവിളിക്കുന്ന ഒരു ജീവരൂപം (organism) മാത്രമാണുള്ളത്. അപ്പോള്‍ ടെക്‌നോ സയന്‍സിന്റെ സഹായത്തോടെ ഒരു ജീവരൂപത്തിന് ശ്വസനത്തിന്റെ അടയാളങ്ങള്‍ കാണിക്കാനും അതുവഴി കാര്‍ഡിയോ-പള്‍മനറി ‘ജീവന്‍’ ഉണ്ടെന്ന് ദ്യോതിപ്പിക്കാനും കഴിയും. നമുക്കറിയാവുന്നത് പോലെ മറ്റു സസ്യപരമായ വളര്‍ച്ചകള്‍ മൃതദേഹത്തിലും സംഭവിക്കാറുണ്ട്, മുടിയും നഖവുമടക്കം വളരുന്നത് ഉദാഹരണം. അതിനാല്‍ ജൈവിക ജീവന്റെ രൂപങ്ങള്‍ വ്യക്തിത്വത്തിന്റെ അടയാളമായിക്കാണാനാവില്ല. മസ്തിഷ്‌ക മരണം സംഭവിച്ചയാളില്‍ ജീവന്റെ മറ്റു പല ചെറിയ ചലനങ്ങളും കാണാം, തലച്ചോറിന്റെ പോലും ചെറിയ പ്രവര്‍ത്തനമുണ്ടായേക്കും. പക്ഷെ തറപ്പിച്ചു പറയാന്‍ കഴിയുന്ന കാര്യമെന്തെന്നാല്‍ മനുഷ്യനിലനില്‍പ്പിന് ആധാരമായ ‘ബോധം’ എന്നത് തിരിച്ചെടുക്കാനാവാത്ത വിധം ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു.
ജീവന്റെ അന്ത്യത്തിനും അതുപോലെ ആത്മാവിന്റെ ശരീരത്തില്‍ നിന്നുള്ള വിടുതലിനും അളവുകോലായിക്കൊണ്ട് മരണത്തിന്റെ കാര്‍ഡിയോ പള്‍മനറി നിര്‍വചനം മേധാവിത്വം പുലര്‍ത്തുന്നതാണ് സാധാരണനിലയില്‍ സന്ദേഹത്തിനിടയാക്കുന്നത്. അക്കാരണം കൊണ്ടാണ് ബാഹ്യഉപകരണങ്ങളുടെ സഹായത്തോടെ ശ്വസനപ്രക്രിയ നടത്തുന്ന ശരീരം മസ്തിഷ്‌ക മരണം സംഭവിച്ചുകഴിഞ്ഞതാണെന്ന് വിശ്വസിക്കാന്‍ സാധാരണക്കാരായ കുടുംബക്കാര്‍ വളരെ ബുദ്ധിമുട്ടുന്നത്. പക്ഷെ നിങ്ങളിപ്പോള്‍ കാണുന്ന ഈ ശരീരം കുറച്ചുസമയത്തേക്ക് മാത്രം ഓക്‌സിജനുല്‍പാദനം നടത്തുന്ന ഒരു വസ്തുവാണെന്ന് കുടുംബക്കാര്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പത്തില്‍ നീക്കാന്‍ കഴിയും. ടെക്‌നോ സയന്‍സിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഒരു ശരീരം മാത്രമായി ആ വ്യക്തിയെ കാണാന്‍ കഴിയുകയും നമ്മുടെ അറിവിനെ തിരുത്തിക്കുറിക്കുകയും ചെയ്താല്‍ അതൊരു നല്ല മുന്നേറ്റമാകും.
ഒരു ഭൗതികശരീരത്തിന് അല്ലെങ്കില്‍ ജീവരൂപത്തിന് ആത്മാവിന്റെ സഞ്ചയം (spirit-soul complex) ഉണ്ടാകുമ്പോളാണ് അതിനു പൂര്‍ണത കൈവരികയുള്ളൂ എന്നാണ് എന്റെ വീക്ഷണം. ശരീരം തകരാറിലാവുകയും ഒരിക്കലും വീണ്ടെടുക്കാനാവാത്ത വിധം തലച്ചോറിന്റെ പ്രവര്‍ത്തനം നിലക്കുകയും ശാരീരികാവസ്ഥ കൂടുതല്‍ വഷളായിക്കൊണ്ടേയിരിക്കുകയും ചെയ്യുന്നയാളുടെയുള്ളില്‍ ആത്മാവ് ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അനുമാനിക്കുന്നതില്‍ അര്‍ഥമില്ല. ഇക്കാര്യത്തില്‍ നമ്മുടെ മാര്‍ഗദര്‍ശിയായി മാനസികാശ്രയത്വത്തെ മാറ്റി പ്രതിഷ്ഠിക്കേണ്ടതുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ശ്വസനം നിലയ്ക്കുന്നതിനെ മരണമായി നിര്‍ണയിക്കുന്നതിന് പകരം തലച്ചോറിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്ന അടയാളങ്ങളെയാണ് പരിഗണിക്കേണ്ടത്. ഒരു മസ്തിഷ്‌ക മരണം സംഭവിച്ച ശരീരത്തില്‍ ടെക്‌നോ സയന്‍സ് ജീവന്റെ അടയാളങ്ങള്‍ നിലനിര്‍ത്തിയില്ലായെങ്കില്‍ അതിനെ മൃതദേഹമായിത്തന്നെ കാണാന്‍ കഴിയുമായിരുന്നു.
അങ്ങേയറ്റം തകരാറിലായ ഒരു ശരീരത്തിന് ഐഛികമായ അവസ്ഥകളില്ല (intentional state). അതിന് ഒരു ഫസ്റ്റ് പെര്‍സണ്‍ കാഴ്ച്ചപ്പാടും സാധ്യമല്ല. മസ്തിഷ്‌ക മരണത്തിന്റെ ഇത്തരം സങ്കീര്‍ണ അടയാളങ്ങള്‍ കാരണമാണ് ടെക്‌നോ സയന്‍സിന്റെ ഇടപെടലിനാല്‍ ശരീരം-മനസ് ദ്വന്ദത്തെക്കുറിച്ച നമ്മുടെ ധാരണകളെ പുനപരിശോധിക്കേണ്ടി വരുന്നത്. ആത്മാവിന്റെ (spirit-soul) സാന്നിധ്യത്തിന് തെളിവായി തലച്ചോറും മനസും അതിപ്രധാനമായ പങ്കുവഹിക്കുന്നവയാണെന്ന് അതിനാല്‍ സമ്മതിക്കേണ്ടിയിരിക്കുന്നു. പൂര്‍വാധുനിക പാരമ്പര്യവാദികള്‍ പറയുന്നത് പോലെ മനസ് തലച്ചോറിനെ പരമാവധി ആശ്രയിച്ചാണ് നിലകൊള്ളുന്നത് എന്നതും അംഗീകരിക്കേണ്ടതാണ്.
ആത്മാവ് (spirit-soul)-ഹൃദയം-മനസ് സഞ്ചയത്തോട് വളരെയധികം ആശ്രയിച്ചാണ് വ്യക്തിത്വം (personhood) നിലനില്‍ക്കുന്നതെന്ന പൂര്‍വാധുനിക ഇസ്‌ലാമിക ചിന്തകരുടെ കണ്ടെത്തല്‍ ഓർമയിലുണ്ടാവേണ്ടതാണ്. ഫഖ്‌റുദ്ദീന്‍ റാസിയുടെ ചില വാക്കുകള്‍ പെറുക്കിയെടുത്താല്‍: ‘മനുഷ്യാത്മാവിന് ഒരു പ്രത്യേക സമ്പത്ത് നൽകപ്പെട്ടിരിക്കുന്നു. കാര്യങ്ങളെ യഥാവിധി മനസിലാക്കിയെടുക്കാനുള്ള ധാരണാശക്തിയാണ് ആ സമ്പത്ത് (cognitive property). പ്രപഞ്ചനാഥന്റെ വെളിച്ചം പ്രതിഫലിപ്പിക്കുന്ന ദിവ്യജ്ഞാനം പ്രകടിപ്പിക്കുന്ന വെളിച്ചത്തെ വഹിക്കുന്നതാണ് ആ ധാരണാശക്തി (cognition). ഭൗതിക അഭൗതിക ലോകത്തെ രഹസ്യങ്ങളിലേക്കുള്ള വാതിലാണ് ആ ധാരണാശേഷി.’ നമ്മുടെ ഗ്രാഹ്യശേഷികളും ആത്മാവും (spirit-soul) തമ്മിലുള്ള ബന്ധത്തെക്കുറിച്ചും അവ വ്യക്തിത്വത്തിന് (personhood) എത്ര പ്രധാനമാണ് എന്നും ചിന്തിക്കാനുള്ള വാതിലാണ് റാസി തുറന്നിടുന്നത്. നമ്മുടെ ശരീരഘടനയുടെ നാഡീപരമായ അളവുകളെക്കുറിച്ച് ഇന്നത്തെ ശാസ്ത്രം നമ്മെ ബോധവാന്‍മാരാക്കുന്നു. കാതറിന്‍ മലാബൂ എഴുതുന്നു:
ചിന്ത, ജ്ഞാനം, അഭിലാഷങ്ങള്‍, ആഘാതങ്ങള്‍ എന്നിവയെല്ലാം നാഡീകേന്ദ്രീകൃതമാണെന്നും (neuronal) ജൈവശാസ്ത്ര അടിത്തറയില്‍ നിന്നുകൊണ്ട് മനസിന്റെ ജീവന് ആധാരമായി വരുന്ന മാനസിക ദൃശ്യങ്ങള്‍ (mental images) തലച്ചോറിലുണ്ടാകുന്നതാണെന്നുമാണ് പുതിയ പഠന നിരീക്ഷണങ്ങളിലൂടെ കോഗ്നിറ്റിവ് സയന്റിസ്റ്റുകള്‍ എത്തിച്ചേരുന്ന നിഗമനം. എല്ലാ ‘ന്യൂനീകരണങ്ങളിലേക്കും’ (മനസിനെ ഒരു സഹജവസ്തുവാക്കുന്ന) നയിക്കുന്ന ഈ പ്രധാന നിരീക്ഷണം ഒരു കാലത്ത് വളരെ ശക്തമായിരുന്നെങ്കിലും ന്യൂറോസയന്റിഫിക് വ്യവഹാരങ്ങളില്‍ വെച്ച് പൊതുവില്‍ ദുര്‍ബലമാണ്.
ഇത്തരം അന്വേഷണങ്ങള്‍ നമുക്ക് ഓര്‍മ, ഗ്രഹിക്കല്‍, മാനസികം, പെരുമാറ്റ പ്രശ്‌നങ്ങള്‍ എന്നിവയെ കൂടുതല്‍ കൃത്യമായും വസ്തുനിഷ്ഠമായും മനസിലാക്കാന്‍ സഹായിക്കുന്നയത്ര നൂതനമായ ന്യൂറോസയന്റിഫിക് വ്യവഹാരങ്ങള്‍ ഉള്ള ഈ കാലത്ത് സയന്‍സ് അതിന്റെ ഏറ്റവും ശക്തമായ അവസ്ഥയിലാണുള്ളതെന്ന് മലാബൂ പറയുന്നു. മറ്റൊരു തരത്തിൽ ശാസ്ത്രം ഏറ്റവും ദുര്‍ബലമായ അവസ്ഥയിലാണെന്നും പറയേണ്ടി വരും. ന്യൂറോനലിനും മെൻ്റലിനും ഇടയിലുള്ള “തുടർച്ചയുടെ ഉറപ്പ്” ഒരിക്കലും കർശനമായി ഒരു ശാസ്‌ത്രീയ പ്രമേയമാകാൻ കഴിയാത്തതിനാലാണത് “ദുർബലമായ”ത്. ന്യൂറോനും മെന്റലും/സ്പിരിച്വലുമായ ലോകങ്ങള്‍ക്കിടയില്‍ എന്തുസംഭവിക്കുന്നുവെന്നതിനെക്കുറിച്ച തീര്‍ച്ചയില്ലായ്മയുടെ അവസ്ഥയിലാണ് ദൈവശാസ്ത്രപരവും തത്വചിന്താപരവുമായ വാദങ്ങള്‍ക്ക്, ചുരുക്കത്തില്‍ ആധ്യാത്മികതയ്ക്ക് വലിയ ഒരു പങ്കുവഹിക്കാനുള്ളത് (കെന്നി, റോബിന്‍സണ്‍, മലാബൂ എന്നിവര്‍ ചൂണ്ടിക്കാണിച്ച പോലെ). വെന്റിലേറ്ററിന്റെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ ജീവന്‍ നിലനിര്‍ത്തുന്ന ഒരു മസ്തിഷ്‌ക മരണം സംഭവിച്ച വ്യക്തിയെ ‘ജീവനുള്ളയാള്‍’ എന്ന് വിളിക്കാന്‍ കഴിയുമോ എന്ന ഇന്നത്തെ മുസ്‌ലിം ഡോക്ടര്‍മാരുടെയും പണ്ഡിതരുടെയും ചോദ്യത്തിന് ഷാ വലിയുള്ളായുടെ മേല്‍പറഞ്ഞ ആധ്യാത്മിക ചിന്തകളില്‍ ഉത്തരമുണ്ട്. മനുഷ്യശരീര ശാസ്ത്രവും ഇസ്‌ലാമിക നിയമവും ഇസ്‌ലാമിക നൈതികതയും യാന്ത്രികമായി മനസ്സിലാക്കുന്നത് കാരണമായി സംഭവിക്കുന്ന ശാസ്ത്രീയാന്വേഷണങ്ങളുടെ വില കുറച്ചു കാണൽ പണ്ടത്തെയും ഇന്നത്തെയും മുസ്‌ലിം ആധ്യാത്മികതയോട് ഒത്തു പോവുന്നതല്ല.
ബോധം എന്ന ആശയത്തിന്റെ ഹേതുവായി നമ്മള്‍ കാണുന്ന ‘ആന്തരിക അന്തരീക്ഷത്തിന്റെ അവസ്ഥ, ആന്തരികാവയവങ്ങൾ, വെസ്റ്റിബുലാര്‍ സിസ്റ്റം, മസ്‌കുലോസ്‌കലെറ്റല്‍ ഫ്രെയിം’ എന്നിവയുള്‍ക്കൊള്ളുന്ന അഭേദ്യമായ ‘പ്രോട്ടോ-സെല്‍ഫി’നെ അംഗീകരിക്കുന്നതില്‍ ന്യൂറോസയന്റിസ്റ്റുകള്‍, തത്വചിന്തകര്‍, ദൈവശാസ്ത്രജ്ഞര്‍, ധര്‍മജ്ഞാനികള്‍ എന്നിവര്‍ക്കിടയിലെ സഹകരണം സാധ്യമാകുന്നുണ്ട്. നമ്മള്‍ വ്യക്തിത്വം (personality) എന്നും നാഡീവ്യവസ്ഥ (nervous system)-or synaptic sense- എന്നും വിളിക്കുന്നവ തമ്മിലുള്ള നിഗൂഢമായ ബന്ധമായാണ് ന്യൂറോബയോളജിസ്റ്റുകള്‍ മസ്തിഷ്‌കത്തെ കാണുന്നത്. ന്യൂറോസയന്‍സിന്റെ അനിഷേധ്യമായ കണ്ടെത്തലുകളെ മുസ്‌ലിം ബയോഎത്തിക്‌സിന് അവഗണിക്കുക സാധ്യമല്ല. ശരീരം-മനസ്സ് ദ്വന്ദമായായും പദാര്‍ഥ ദ്വന്ദമായാലും ഇസ്‌ലാമിനും മറ്റിതര ദര്‍ശനങ്ങള്‍ക്കും പുനര്‍വായിക്കാതെ കടന്നുപോകാന്‍ കഴിയില്ല.
നമുക്കുള്ളിലെ വ്യക്തിത്വത്തിന്റെ (personhood) ഒരു ഭാഗം തന്നെയാണ് ശരീരം എന്നുള്ളതിനാല്‍ മനസ്സും (soul) ശരീരവും തമ്മില്‍ കട്ടിയേറിയ വിഭജനമില്ലാത്ത ‘മൃദുദ്വന്ദം'(soft dualism) എന്ന ആശയത്തോട് ചേര്‍ന്നു നില്‍ക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈയടുത്തകാലത്തെ ഒരു പഠനം സൂചിപ്പിച്ചതു പോലെ കര്‍ക്കശ ദ്വന്ദത്തിന് ‘മനസിന് അതിന്റെ നാഡീരൂപരേഖയുമായി ബന്ധപ്പെടാന്‍ കഴിയില്ല’ എന്നാണല്ലോ. ദൗര്‍ഭാഗ്യവശാല്‍ മസ്തിഷ്‌കം ശരീരത്തിന്റെ ഭാഗമല്ല എന്ന കാര്‍ട്ടീഷ്യന്‍ ഡ്യുവലിസത്തിന്റെ വക്രീകരിച്ച അംഗീകാരം തെറ്റായ സ്വാധീനമാണുണ്ടാക്കിയിട്ടുള്ളത്. വാസ്തവത്തില്‍ ശരീരത്തിന്റെ അവിഭാജ്യഘടകമാണ് ശരീരം, വ്യക്തിത്വത്തിന് അത്യന്താപേക്ഷിതമായ മനസ്സ് എന്നതിന് രൂപംനല്‍കുന്നതും അതാണ്. മനുഷ്യര്‍ എല്ലായ്‌പോഴും ഭൗതികവും അഭൗതികവുമായ അവസ്ഥകളുമായി സമ്പര്‍ക്കത്തിലാണെന്ന ആശയവുമായി ചേര്‍ന്നതാണ് മൃദുദ്വന്ദ വാദം (soft dualism). “ജൈവിക ശരീരത്തിന്റെ പ്രവർത്തനത്താൽ, പ്രത്യേകിച്ചും മസ്തിഷ്കം, നാഡീവ്യവസ്ഥ എന്നിവയാല്‍ സൃഷ്ടിക്കപ്പെടുന്ന ഒരു വ്യക്തിയാണ് മനസ്സ് (mind, soul). അപ്പോഴും അത് ഭൗതികശരീരത്തിൽ നിന്നും വ്യത്യാസപ്പെട്ട് നിലകൊള്ളുകയുംചെയ്യുന്നു” എന്നാണ് എമര്‍ജന്റ് ഡ്യുവലിസത്തെ വിശദീകരിച്ചു കൊണ്ട് വില്യം ഹസ്‌കര്‍ പറയുന്നത്. ശാരീരികത്തില്‍ നിന്നാണ് മാനസികം ഉണ്ടാകുന്നതെന്നാണ് കെല്ലി ജെയിംസ് ക്ലാര്‍ക്ക് പറയുന്നത്: “ഒരു പാകമായ സങ്കീര്‍ണാവസ്ഥ കൈവരിച്ച ശരീരത്തില്‍ നിന്നും മസ്തിഷ്‌കത്തില്‍ നിന്നുമാണ് ബോധ, മാനസിക മണ്ഡലങ്ങള്‍ ഉണ്ടാകുന്നത്”.
മനുഷ്യന്റെ ഐഹികമായ അദ്വൈതാവസ്ഥ (corporeal monits position) കൈക്കൊള്ളാനാണ് മുസ്‌ലിംകളോട് ഉമര്‍ സുല്‍ത്താന്‍ ഹഖ് വാദിക്കുന്നത്. ഭൗതിക ശരീരം എന്ന ഒറ്റ ഭവശാസ്ത്രപരമായ വ്യതിരിക്ത പദാര്‍ഥമേ ഉള്ളൂ എന്നതാണ് ഐഹികമായ അദ്വൈതാവസ്ഥയെന്നാല്‍ അര്‍ഥം. മനസ്സ് (soul) ഭൗതികമാണോ അഭൗതികമാണോ എന്ന കാര്യത്തില്‍ ഹഖ് സംശയാലുവാണ്. ആദ്യം പറഞ്ഞതാണെങ്കില്‍ മോഡേണ്‍ ഇന്റലക്ച്വല്‍ ലൈഫിന് ഉതകുന്നതെന് അദ്ദേഹം കരുതുന്ന ഐഹികമായ അദ്വൈതാവസ്ഥവുമായി പൊരുത്തപ്പെടണം. പക്ഷെ ശരീരം-മനസ്സ് ദ്വന്ദവാദത്തിന്റെ പ്രബുദ്ധതയോടും നവീനതയോടും അതുപോലെ മുസ്‌ലിം ആധ്യാത്മികത മുന്നോട്ടുവെക്കുന്ന ആത്മാവ്, മനസ് (soul), ഹൃദയം തുടങ്ങിയ ശരീരേതരമായ തലങ്ങളും ശരീരവും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധത്തെ കാണിച്ചുതരുന്ന പലവിധ പാരമ്പരാഗത വീക്ഷണങ്ങളോടും അദ്ദേഹത്തിന്റെ നിര്‍ദേശം ശ്രദ്ധകല്‍പിക്കുന്നില്ല. ഒരു വിവേകപൂര്‍ണമായ നിലപാടാണെങ്കിലും പരമ്പര്യ വീക്ഷണത്തിലെ വ്യക്തി-മനസ്, ശരീരം-ആത്മാവ് (മനസ്സ്) ബന്ധത്തിന്റെ ആശയപരമായ മനസിലാക്കലില്‍ നിന്നും നമ്മെ അത് പിന്നോട്ടടിപ്പിക്കുന്നു. ഇതുപോലെ ഒരു ന്യൂനീകരണ വാദത്തിനു വേണ്ടി ഒരു ഗഹനമായ നിലപാടിനെ വെടിയാന്‍ ന്യായമില്ല. വ്യക്തിത്വത്തെ (personhood) സംബന്ധിച്ച ന്യൂനീകരണ സിദ്ധാന്തങ്ങള്‍ക്കെതിരെ പരിചയെന്ന നിലയ്ക്ക് ഉപയോഗിക്കാന്‍ കഴിയും എന്നത് ശരീരം-മനസ് ദ്വന്ദവാദത്തിന്റെ ഒരു വലിയ ഗുണമായിക്കാണാവുന്നതാണ്.
നൂതനമായ വ്യവഹാരങ്ങളിലെ being and knowing പൂര്‍വാധുനിക മുസ്‌ലിം ആധ്യാത്മിക ചിന്തകളിലെ വലിയ വിഭാഗവുമായി ചേര്‍ന്നിരിക്കുന്നതാണ്. സമകാലിക തത്വചിന്തയുമായുള്ള സംഭാഷണത്തില്‍ ആ ഇസ്‌ലാമിക ആധ്യാത്മികതയുടെ ജ്ഞാനത്തെക്കുറിച്ച് ശ്രദ്ധയുണ്ടാകുന്നത് വഴി ഇക്കാര്യങ്ങള്‍ ശരിയായി മനസിലാക്കാം: ആത്മാവ്-മനസ്സ് (spirit-soul) സംയോജനത്തിലെ ‘വേറിട്ട വ്യക്തിസത്ത’ (haqiqa fardaniyya) യായി മനുഷ്യനെ മനസിലാക്കല്‍, മനുഷ്യവ്യക്തിത്വത്തിന്റെ (human personhood) കേന്ദ്രസ്ഥാനമായി മനസ്സിനെ മനസിലാക്കല്‍, ആധുനിക മുസ്‌ലിം ആധ്യാത്മികതയില്‍ ഉണ്‍മയെന്ന ചോദ്യത്തെ മനസിലാക്കല്‍. ഈ സംവാദം കൂടുതല്‍ വികാസവും തെളിച്ചവും ഉണ്ടായേക്കാവുന്ന തരത്തില്‍ ഇനിയും മുന്നോട്ടുപോകുന്നതാണെന്ന കാര്യത്തില്‍ ഞാന്‍ ബോധവാനാണ്.
(അവസാനിച്ചു)
ഒന്നാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
രണ്ടാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
മൂന്നാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വിവർത്തനം: റമീസുദ്ദീൻ വി എം