Campus Alive

ഇന്ത്യയിലെ ഹിന്ദു റാഡിക്കലസേഷൻ

(മാധ്യമ പ്രവർത്തകൻ അഭീഷ് കെ. ബോസ് ഇർഫാൻ അഹ്മദുമായി നടത്തിയ അഭിമുഖം)


 

ഇന്ത്യയിലെ മുസ്‌ലിം യുവാക്കൾ റാഡിക്കലൈസ് ചെയ്യപ്പെടുകയാണെന്ന് താങ്കൾ കരുതുന്നുണ്ടോ? അങ്ങനെയെങ്കിൽ, ഈ പ്രക്രിയയുടെ തുടക്കവും അതിൽ ജമാഅത്തെ ഇസ്‌ലാമിയുടെ പങ്കും എന്താണ്?

“റാഡിക്കൽ” എന്ന വാക്ക് മോശമായി മനസ്സിലാക്കപ്പെടുകയും വലിയ രീതിയിൽ രാഷ്ട്രീയവത്കരിക്കപ്പെടുകയും ചെയ്യുന്നുണ്ട്. 9/11-ന് ശേഷം മുസ്‌ലിങ്ങളുമായി പടിഞ്ഞാറ് അതിനെ ബന്ധിപ്പിച്ചപ്പോൾ പ്രത്യേകിച്ചും. ഇന്ത്യൻ മാധ്യമങ്ങൾ അതിന്റെ പാശ്ചാത്യ പതിപ്പിനെയാണ് പകർത്തിയത്. ഇത്തരമൊരു പ്രയോഗത്തിൽ, റാഡിക്കലൈസേഷൻ എന്നത് ആക്ഷേപകരമായ ഒരു പദമാണ്, അഥവാ ഒരു രണാത്മക ആശയം (combat concept). ഒരു വിശ്വാസം എന്ന നിലക്ക് ഇസ്‌ലാം ഹിംസാത്മകവും പിന്തിരിപ്പനുമാണെന്നും, ആധുനികതയോടും ജനാധിപത്യത്തോടും ശത്രുതയിൽ വർത്തിക്കുന്നതുമാണെന്നുമാണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ, ഗാന്ധിയെപ്പോലുള്ള വ്യക്തികളുടെ കാര്യത്തിൽ പ്രയോഗിക്കുമ്പോൾ റാഡിക്കൽ എന്ന വാക്ക് പോസിറ്റീവായി മാറും. ഉദാഹരണത്തിന്, എഴുത്തുകാരി മീരാ കാംദാറിനെ സംബന്ധിച്ചിടത്തോളം “ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും റാഡിക്കലായ ചിന്തകരിൽ ഒരാളായിരുന്നു ഗാന്ധി”. ഈ അർഥത്തിൽ തന്നെയാണ് ജൂഡിത് ബട്ലർ, ജാക്വസ് ദെറീദ പോലുള്ള ചിന്തകരുടെ കാര്യത്തിലും “റാഡിക്കൽ” എന്ന പ്രയോഗം വന്നിട്ടുള്ളത്. ഇവരുടെ പുസ്തകങ്ങൾ “റാഡിക്കൽ തിങ്കേഴ്സ്” എന്ന പേരിലുള്ള ഒരു പരമ്പരയുടെ ഭാഗമായാണ് ബ്രിട്ടീഷ് പ്രസാധകരായ വെർസോ പ്രസിദ്ധീകരിച്ചിട്ടുള്ളത്.

‘ഇസ്‌ലാമിസം ആൻഡ് ഡെമോക്രസി ഇൻ ഇന്ത്യ: ദി ട്രാൻസ്‌ഫോർമേഷൻ ഓഫ് ജമാഅത്തെ ഇസ്‌ലാമി’ (പ്രൈസ്ടൺ യൂണിവേഴ്‌സിറ്റി പ്രസ്, 2009) എന്ന എന്റെ ആദ്യ പുസ്തകത്തിൽ ഞാൻ പറഞ്ഞുവെച്ചത് ഇതാണ്: “ഒരു നിശ്ചിത രാഷ്ട്രത്തിലെ ഒരു പ്രസ്ഥാനത്തിന്റെ പ്രവർത്തകർ, അവർ എത്രമാത്രം മിതവാദികളും തീവ്രവാദികളും ആകുന്നു എന്നത് അവരുടെ ആഗ്രഹത്തെ മാത്രം ആശ്രയിച്ചിരിക്കുന്ന കാര്യമല്ല, മറിച്ച് മാറ്റത്തിന് വേണ്ടിയുള്ള സ്റ്റേറ്റിന്റെ സന്നദ്ധതക്കും സ്റ്റേറ്റ് ഘടനയുടെ സീമകൾക്കും അതിൽ ഒരുപോലെ പങ്കുണ്ട്”. പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷവും എന്റെ വാദം തിരുത്തിപ്പറയാനുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല. വാസ്തവത്തിൽ, ഇന്ത്യ നേരിടുന്ന മാരകമായ വെല്ലുവിളി ഹിന്ദു റാഡിക്കലൈസേഷനാണ്. ഹരിദ്വാറിൽ (2021ൽ) നടന്ന ധരം സൻസദിൽ ഹിന്ദു സന്യാസിമാർ നടത്തിയ മുസ്‌ലിംകൾക്കെതിരെ വംശഹത്യ നടത്താനുള്ള തുറന്ന ആഹ്വാനം ഹിന്ദു റാഡിക്കലൈസേഷന്റെ ലക്ഷണല്ലേ? ഹിന്ദു തീവ്രവാദം തീർത്തും ഭീഷണിയാണ്, കാരണം അതിന് ഭരണകൂടത്തിന്റെയും വലിയ സ്വാധീനമുള്ള രാഷ്ട്രീയക്കാരുടെയും, എന്തിന് ജുഡീഷ്യറിയുടെ ഭാഗത്ത് നിന്നു പോലും പിന്തുണയുണ്ട്.

ബാബരി മസ്ജിദ് തകർത്തത് ഇന്ത്യയിലെ മുസ്‌ലിംകളുടെ അരക്ഷിതാവസ്ഥക്കും ഇസ്‌ലാമിക തീവ്രവാദത്തിനും ഉത്തേജകമായെന്ന് പറയപ്പെടുന്നു. താങ്കൾക്കെന്തു തോന്നുന്നു?

തീർച്ചയായും, 1992-ൽ ബാബരി മസ്ജിദ് ആസൂത്രിതമായി തകർക്കപ്പെട്ടത് മുസ്‌ലിങ്ങളുടെ അരക്ഷിതാവസ്ഥ വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ മുസ്‌ലിംകൾ മുമ്പ് സുരക്ഷിതരായിരുന്നു എന്നല്ല ഇതിനർത്ഥം. മുസ്‌ലിംവിരുദ്ധ വംശഹത്യകളുടെ ഒരു പരമ്പര 1992-ന് വളരെ മുമ്പുതന്നെ മുറാദാബാദിലും (1980), നെല്ലിയിലും (1983), ഹാഷിംപുരയിലും (1987), ഭഗൽപൂരിലും (1989) സംഭവിച്ചിട്ടുണ്ട്. ഞാൻ അവയെ ബോധപൂർവം വിളിക്കുന്നത് “വംശഹത്യകൾ” എന്നാണ്; കലാപങ്ങൾ എന്നല്ല. ഭഗൽപൂർ വംശഹത്യ രണ്ടു മാസത്തോളം തുടർന്നു. മാസങ്ങളോളം എന്തെങ്കിലും തുടരുന്നതിന് സൂക്ഷ്മമായ ഏകോപനവും പ്രത്യേകിച്ച്, ഭരണകൂടത്തിന്റെ അംഗീകാരമോ നിഷ്ക്രിയത്വമോ ആവശ്യവുമാണ്.

മുസ്‌ലിങ്ങൾക്ക് എന്ത് കഴിക്കാം; മുസ്‌ലിം സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം, പൊതു ഇടങ്ങളിൽ അവർക്ക് എങ്ങനെ നടക്കാം, പെരുമാറാം; മുസ്‌ലിംകൾ താടി വെക്കണോ തൊപ്പി ധരിക്കണോ വേണ്ടയോ എന്നു തുടങ്ങി ഇന്ന് മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന അരക്ഷിതാവസ്ഥക്ക് നിരവധി വശങ്ങളുണ്ട്. ജവഹർലാൽ നെഹ്‌റുവിന്റെ മതേതര കാലഘട്ടം എന്ന് വിളിക്കപ്പെടുന്ന 1992-ന് മുൻപുള്ള കാലത്തും ഇവയെല്ലാം നിലനിന്നിരുന്നു. അതിന്റെ വ്യാപ്തിയും ക്രൂരതയും ഇന്നു നാം കാണുന്നത് പോലെയായിരുന്നില്ല എന്നു മാത്രം.

മുസ്‌ലിം അരക്ഷിതാവസ്ഥ ദൈനംദിന സ്വഭാവത്തിൽ മനസ്സിലാക്കാൻ കഴിയും. ഭരണകൂട നയങ്ങളും അതിന്റെ പ്രയോഗവും കൂടി നാം പരിശോധിക്കണം. മതേതരനും അജ്ഞേയവാദിയും യുക്തിവാദിയും ശാസ്ത്രീയവാദിയുമായ ഒരു വ്യക്തിയെന്ന നിലയിൽ നെഹ്‌റുവിനെക്കുറിച്ച് നമുക്ക് നിരവധി മിഥ്യാധാരണകളുണ്ട്. എന്നാൽ ഇന്ത്യയെ ഭരണഘടനാപരമായി മതേതരമാക്കാൻ നെഹ്‌റു ശ്രമിച്ചില്ല. നെഹ്‌റുവിന്റെ മരണത്തിന് ശേഷം വളരെക്കാലം കഴിഞ്ഞാണ് “സെക്കുലർ” എന്ന വാക്ക് ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. പ്രധാനമായി, നെഹ്‌റു മതേതരനായിരുന്നുവെങ്കിൽ 1949-ൽ ബാബരി മസ്ജിദിനുള്ളിൽ അനധികൃതമായി ഹിന്ദു വിഗ്രഹങ്ങൾ സ്ഥാപിച്ചവർക്കെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടായിരുന്നു? എന്തുകൊണ്ടാണ് 1950-ൽ നെഹ്‌റു സോമനാഥ ക്ഷേത്രം പണിയുന്നതിനെ പരോക്ഷമായി പിന്തുണച്ചത്? ദലിതർ ക്രിസ്തുമതമോ ഇസ്‌ലാമോ സ്വീകരിക്കുകയാണെങ്കിൽ അവർക്ക് സംവരണ ആനുകൂല്യങ്ങൾ അനുവദിക്കില്ല എന്ന 1950-ലെ രാഷ്ട്രപതിയുടെ ഓർഡിനൻസിനെ പിന്തുണച്ച നെഹ്‌റുവിന്റെ നിലപാടിലും അദ്ദേഹത്തിന്റെ ഹിന്ദു-ഭൂരിപക്ഷ പ്രീണനം കാണാമായിരുന്നു.

1992-ന് ശേഷമുള്ള മുസ്‌ലിം അരക്ഷിതാവസ്ഥ ഇസ്‌ലാമിക തീവ്രവാദത്തെ പ്രചോദിപ്പിച്ചോ എന്ന ചോദ്യത്തിലേക്കു വരുമ്പോൾ, ഇന്ത്യൻ രാഷ്ട്രീയം പൊതുവെ പാർട്ടികൾക്കപ്പുറം തീവ്ര ഹിന്ദുത്വത്തിന്റേതായ വഴിയിലായിരിക്കുകയും, ഇസ്‌ലാമോഫോബിയ അതിന്റെ അച്ചുതണ്ടായി മാറുകയും ചെയ്‌തു എന്ന വസ്തുത കണക്കിലെടുക്കാതെ ആ വിഷയത്തെ നമുക്കു മനസ്സിലാക്കാൻ കഴിയില്ല. ഇക്കാര്യം ഞാൻ നേരത്തെ തന്നെ പറഞ്ഞിട്ടുമുണ്ട്. ജാതിയുടെ ചോദ്യങ്ങളെയും മണ്ഡൽ കമ്മീഷനെ, പ്രത്യേകിച്ച് വി.പി.സിംഗിന്റെയും ലാലുപ്രസാദ് യാദവിന്റെയും മായാവതിയുടെയും ഉയർച്ചയെ ഞാൻ  അവഗണിക്കുകയല്ല. നിലവിൽ, ജാതിയുടേതായ വ്യത്യസ്ത സാമൂഹിക അടിത്തറയുള്ള പല നേതാക്കളും പലരീതിയിൽ ദേശീയമായ ഈ ഇസ്‌ലാമോഫോബിയയിൽ ചേർന്നിട്ടുമുണ്ട്.

കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമിക്ക് അച്ചടി മാധ്യമങ്ങൾ ഉൾപ്പെടെ വിപുലമായ മാധ്യമ ശൃംഖലയുണ്ട്. അതിന്റെ ഇടപെടലുകൾ പലപ്പോഴും പുരോഗമന സ്വഭാവമുള്ളതായി കാണപ്പെടുന്നു. പക്ഷേ അവർ യഥാർഥത്തിൽ അപ്രകാരം തന്നെയാണോ?

ജമാഅത്തെ ഇസ്‌ലാമിയുടെ ഇടപെടലുകൾ ‘യഥാർഥ’ പുരോഗമനപരതയല്ല എന്നതിന് തെളിവൊന്നുമില്ല. ഒരു സ്ഥാപനത്തെ അതിന്റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് നാം വിലയിരുത്തേണ്ടത്, അല്ലാതെ അതിന്റെ ഉദ്ദേശ ശുദ്ധിയെക്കുറിച്ചുള്ള ചിലരുടെ സംശയത്തെ മുൻനിർത്തിയല്ല. കേരളത്തിലെ ജമാഅത്തും അതിന്റെ അനുബന്ധ സംഘടനകളും നിരവധി പുരോഗമനപരമായ കാര്യങ്ങൾക്കായി നിലകൊള്ളുകയും, കൊക്കക്കോളക്കെതിരെയും മറ്റുമായി ആദിവാസികളെ ബാധിക്കുന്ന ‘വികസന’ പദ്ധതികൾക്കെതിരെയും പാരിസ്ഥിതിക തകർച്ചക്കെതിരെയും ക്യാമ്പയിനുകൾ നടത്തുകയും ചെയ്യുന്നവരാണ്. ജമാഅത്തിന്റെ ഇടപെടലുകൾ പുരോഗമനപരമാവണം എന്ന താൽപര്യത്തിൽ കാര്യമുണ്ടാവണമെങ്കിൽ, ജമാഅത്ത് ഒരു ഘടകം മാത്രമായ വിശാലമായ നമ്മുടെ രാഷ്ട്രീയ മണ്ഡലം ഒരേസമയം പുരോഗമനപരവും ഇസ്‌ലാമോഫോബിയാ രഹിതവുമാകണം. അല്ലാത്തപക്ഷം ആ താൽപര്യം നൈതികമല്ല.

അടൽ ബിഹാരി വാജ്‌പേയിയുടെ കാലം വരെ ആർ.എസ്‌.എസ് ഒരിക്കലും ഇന്ത്യയുടെ ത്രിവർണ പതാകയോട് പ്രതിബദ്ധത പുലർത്തിയിരുന്നില്ല എന്ന കാര്യത്തിൽ ആർക്കും ഒരു സംശയവും തോന്നുന്നില്ല എന്ന വസ്തുത കൗതുകകരമല്ലേ? അവർ ഒരിക്കലും അതുയർത്തിയിരുന്നില്ല. പകരം അവർ അവരുടെ ഝണ്ഡ കാവി പതാകയിലാണ് ഉറച്ചു വിശ്വസിച്ചിരുന്നത്.

ഇന്ത്യൻ മുസ്‌ലിംകളും തെരഞ്ഞെടുപ്പ് രാഷ്ട്രീയവും എന്ന വിഷയത്തെ കുറിച്ച് എന്താണ് പറയാനുള്ളത്?

വിഭജനത്തിന് ശേഷം പുതിയ മുസ്‌ലിം രാഷ്ട്രീയ പാർട്ടി ഉണ്ടായില്ല. വാസ്‌തവത്തിൽ, അബുൽ കലാം ആസാദിനെപ്പോലെ രണ്ട് തവണ കോൺഗ്രസ് അധ്യക്ഷനായി സേവനമനുഷ്ഠിച്ച ഒരു കോൺഗ്രസ് പ്രവർത്തകൻ, തന്റെ സ്വതന്ത്രമായ താത്പര്യത്തിൽ നിന്നുകൊണ്ടല്ല മുസ്‌ലിംകളെ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഉപദേശിച്ചത്. ഉത്തർപ്രദേശിൽ 1960-കളുടെ അവസാനത്തിൽ മാത്രമാണ് ആദ്യത്തെ മുസ്‌ലിം പാർട്ടി പ്രത്യക്ഷപ്പെട്ടത്. മുസ്‌ലിം പ്രശ്‌നങ്ങൾ ഗൗരവമായി എടുക്കാൻ വിസമ്മതിച്ച സംയുക്ത വിധായക് ദളിന്റെ ചെയ്തിയിൽ മനംനൊന്ത് ജലീൽ ഫരീദി എന്ന മെഡിക്കൽ ഡോക്ടറാണ് മുസ്‌ലിം മജ്‌ലിസ് രൂപീകരിച്ചത്. [1977-ലെ ഉത്തർപ്രദേശ്] നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റുകൾ നേടിയതാണ് അതിന്റെ ഏറ്റവും മികച്ച വിജയം. തീർച്ചയായും, ഉത്തർപ്രദേശിൽ മുസ്‌ലിം ലീഗ് നിലനിന്നിരുന്നു, എന്നാൽ കേരളത്തിൽ നിന്ന് വ്യത്യസ്തമായി, അതിന് കാര്യമായ സ്വാധീനം ചെലുത്താൻ കഴിഞ്ഞിട്ടില്ല.

2008-ൽ മെഡിക്കൽ ഡോക്ടർ കൂടിയായ മുഹമ്മദ് അയ്യൂബ് പീസ് പാർട്ടി ഓഫ് ഇന്ത്യ രൂപീകരിച്ചു. 2012-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നാലു സീറ്റുകൾ നേടി. 2017-ൽ ഒന്നും കിട്ടിയില്ല. ഓൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ (എ.ഐ.എം.ഐ.എം) ചരിത്രപരമായി ഹൈദരാബാദിൽ മാത്രം ഒതുങ്ങി. ഇപ്പോളിത് ബീഹാർ, മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. അതിന്റെ തെരഞ്ഞെടുപ്പ് സ്വാധീനം ഇതുവരെ വളരെ പരിമിതമാണ്. അതിനാൽ, ഇപ്പോൾ നിലനിൽക്കുന്ന ഏത് മുസ്‌ലിം പാർട്ടികളായാലും, അവർ മിക്കവാറും കാഴ്ചക്കാരാണ്. അവർക്ക് ഇലക്ഷൻ രാഷ്ട്രീയത്തെ സ്വാധീനിക്കാനോ മാറ്റിപണിയാനോ സാധിക്കുന്നില്ല.

എല്ലാ മുസ്‌ലിം പാർട്ടികളും പൊതുവായതും വ്യക്തതയുള്ളതുമായ ഒരു അജണ്ടയിലാണ് നിലകൊള്ളുന്നത് എന്ന് അനുമാനിക്കുന്നത് കൃത്യമായിരിക്കില്ല. എങ്കിലും പൊതുവായി കാണപ്പെടുന്നത്, ജീവിതത്തിന്റെ എല്ലാ പ്രധാന മേഖലകളിലും പ്രാതിനിധ്യം കുറഞ്ഞ മുസ്‌ലിംകളുടെ വിദ്യാഭ്യാസപരവും സാമൂഹികവും രാഷ്ട്രീയവുമായ ശാക്തീകരണത്തെക്കുറിച്ചുള്ള ആശങ്കയാണ്. സ്വാതന്ത്രാനന്തര ചരിത്രത്തിന്റെ ഭൂരിഭാഗവും കോൺഗ്രസ് പാർട്ടി മുസ്‌ലിംകളുമായി ബന്ധപ്പെട്ട പ്രത്യേക പ്രശ്‌നങ്ങളിൽ അധരവ്യായാമം നടത്തി. എന്നാൽ, ഒരു ശ്രദ്ധേയമായ അപവാദം ഉണ്ടായി. 2006-ലെ സച്ചാർ കമ്മിറ്റി റിപ്പോർട്ടിന് ശേഷം കോൺഗ്രസ് സർക്കാർ പ്രശ്നങ്ങൾ പരിഹരിക്കാൻ ചില നടപടികൾ സ്വീകരിച്ചു. എന്നാൽ, ഇവ ഫലപ്രദമാണെന്ന് തെളിഞ്ഞില്ല.

2014-ലെ പരാജയത്തിന് ശേഷം, പാർട്ടിയുടെ ഒരു ആന്തരിക അവലോകനത്തിൽ വെച്ച് അതിന്റെ ‘ന്യൂനപക്ഷ- പ്രീണന’ നയമാണ് പരാജയത്തിനു കാരണമെന്ന് നിഗമനമുണ്ടായി. അതിനുശേഷം അത് “സച്ചാർ” അല്ലെങ്കിൽ “മതേതര” എന്ന വാക്ക് പരാമർശിച്ചിട്ടില്ല. പകരം ബി.ജെ.പിയെക്കാൾ ഹിന്ദു-പക്ഷപാതിയാണ് തങ്ങൾ എന്നു തെളിയിക്കുന്ന തിരക്കിലാണ് കോൺഗ്രസ്.

ജമാഅത്തെ ഇസ്‌ലാമിയുടെ മീഡിയവൺ ടിവി ചാനലിന്റെ പ്രവർത്തനം ദേശീയ സുരക്ഷയെ തുരങ്കംവെക്കുന്നു എന്ന കാരണം മുൻനിർത്തി കേന്ദ്രസർക്കാർ അടച്ചുപൂട്ടി. വിലക്ക് നീക്കാൻ കേരള ഹൈക്കോടതി വിസമ്മതിച്ചു. സർക്കാരിൽ നിന്നും ജുഡീഷ്യറിയിൽ നിന്നുമുള്ള ഈ നീക്കത്തെ എങ്ങനെ നോക്കികാണുന്നു?

മീഡിയവൺ ടിവിയുടെ നിരോധനം ഏകപക്ഷീയവും ജനാധിപത്യ വിരുദ്ധവുമായിരുന്നു. മീഡിയവണ്ണിനെ സർക്കാർ ലക്ഷ്യമിട്ടതിന്റെ കാരണം ലളിതമാണ്. ഏറെക്കുറെ സ്വതന്ത്രമായാണ് അതു പ്രവർത്തിക്കുന്നത്. കൂടാതെ പ്രബലരായ അധികാരികളുടെ റാൻ-മൂളികളായി നിൽക്കാൻ വിസമ്മതിക്കുകയും ചെയ്തു. ബിജെപി ആയാലും കോൺഗ്രസായാലും നിതീഷ് കുമാറിനെപ്പോലുള്ള “സോഷ്യലിസ്റ്റുകൾ” ആയാലും, ഏതു ഭരണത്തിലും മാധ്യമങ്ങൾ പ്രവർത്തിക്കേണ്ടത് ഇങ്ങനെയാണ്.

കേരള ഹൈക്കോടതി നിരോധനം അംഗീകരിച്ചത് തീർച്ചയായും നിരാശാജനകമാണ്. രാഷ്ട്രീയത്തിലും സമൂലമായ ഒരു പരിവർത്തനം സംഭവിക്കാത്തിടത്തോളം നമുക്ക് ശോഭനവും മാനുഷികവുമായ ഒരു നാളെ ഉണ്ടാകില്ലെന്ന് ഞാൻ നേരത്തെ പറഞ്ഞത് അതുകൊണ്ടാണ്.

ഇന്ത്യൻ മുസ്‌ലിംകൾ നിർദ്ദിഷ്ട ഏകീകൃത സിവിൽ കോഡിനെ (UCC) പിന്തുണക്കണമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഈ ചോദ്യം ഉന്നയിക്കേണ്ടത് മുസ്‌ലിംകളോട് മാത്രമല്ല, ഹിന്ദുക്കളും അനേകം ആദിവാസി സമൂഹങ്ങളും ഉൾപ്പെടെയുള്ള എല്ലാ സമുദായങ്ങളോടും കൂടിയാണ്. വൈവിധ്യമാർന്ന ഒരു രാജ്യത്ത് യുസിസി രൂപീകരിക്കുന്നത് എളുപ്പമല്ല. സാംസ്കാരിക വൈവിധ്യത്തെ മാനിച്ചുകൊണ്ട് ലിംഗസമത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെങ്കിൽ ആ ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതിന് കടുംപിടുത്തമില്ലാത്ത ഒരു ചർച്ചാ മണ്ഡലം ആദ്യം രൂപപ്പെടുത്തണം. ഇവിടെ പോലും, ഏകീകൃതമായ മാനദണ്ഡമോ തത്വമോ എന്താണെന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഇപ്പോഴും വ്യക്തതയില്ല. എന്നാൽ ‘ഏക’മാണ് യൂണിഫോമിറ്റിയെ ഉൾക്കൊള്ളുന്നത് എന്നതാണ് വാദമെങ്കിൽ ഈ നീക്കം അപകടകരമാണ്. ഈ യുക്തിയുടെ അടിസ്ഥാനത്തിൽ ഭാഷകൾ, ആചാരങ്ങൾ, പാചകരീതികൾ, മതങ്ങൾ മുതലായവയിൽ നമുക്ക് ഏകമാനം ഉണ്ടായിരിക്കണം എന്നു വരും. യൂണിഫോമിറ്റിയെ കുറിച്ചുള്ള ഈ ആശയം ദേശീയതയുടെ യുക്തിയിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതനുസരിച്ച് ഏകതാനത അതിന്റെ മുൻവ്യവസ്ഥയും ശുദ്ധി അതിന്റെ ലക്ഷ്യവുമാവുന്നു.

യു.സി.സിയുടെ വക്താക്കൾ ഒരിക്കലും ഒരു ഏകീകൃത ആരോഗ്യ പരിപാലന സംവിധാനത്തെക്കുറിച്ച് സംസാരിക്കാറില്ല എന്നതാണ് എന്നെ അത്ഭുതപ്പെടുത്തുന്നത്. എന്തുകൊണ്ടാണ് നമുക്ക് അതിസമ്പന്നർക്കായി പഞ്ചനക്ഷത്ര ആശുപത്രികളുടെ ശൃംഖലകളുള്ളത്? എന്നാൽ ഇന്ത്യയിലെ മിക്ക ഗ്രാമപ്രദേശങ്ങളിലും ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല താനും.

മാറുന്ന ദേശീയ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യൻ മുസ്‌ലിം സമൂഹം അതിന്റെ പദ്ധതികൾ അവലോകനം ചെയ്യണമെന്ന് നിങ്ങൾ കരുതുന്നുണ്ടോ? പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാത്തതിന് ഒരുപക്ഷേ വലിയ വില നൽകേണ്ടി വരില്ലേ?

വിവേകമുള്ള ഒരു വ്യക്തിയോ സമൂഹമോ മാറ്റത്തെയോ പൊരുത്തപ്പെടുത്തലിനെയോ എതിർക്കുന്നില്ല. നിർണായകമായ ചോദ്യം ഇതാണ്: നീതി, ന്യായം, സമത്വം, ബഹുസ്വരത എന്നിവയെ അടിസ്ഥാനമാക്കി മുസ്‌ലിംകൾ ക്രമീകരിക്കാൻ ഉദ്ദേശിക്കുന്ന ദേശീയ സാഹചര്യമാണോ ഏതൊരു യഥാർത്ഥ ജനാധിപത്യത്തിന്റെയും കാതൽ? “ഇന്ത്യയിലെ മാറുന്ന സാഹചര്യം” അവരുടെ പ്രതീക്ഷകളെയും പാരമ്പര്യങ്ങളെയും പ്രതിനിധീകരിക്കുന്നുണ്ടോ? അങ്ങനെ ചെയ്തില്ലെങ്കിൽ, അവരുടെ പാരമ്പര്യങ്ങളെയും അഭിലാഷങ്ങളെയും ക്ഷേമത്തെയും പ്രതിനിധീകരിക്കാത്ത ഒരു രാഷ്ട്രീയം ഒന്നാമതായി ജനാധിപത്യമല്ല എന്നതുകൊണ്ടു തന്നെ അഡ്ജസ്റ്റ്‌മെന്റ് ഉപദേശം തികഞ്ഞ അന്യായമാണ്. അധികാര പങ്കാളിത്തത്തിൽ നിന്നു പുറത്തക്കുകയോ നിർബന്ധ ബുദ്ധി അടിച്ചേൽപ്പിക്കുകയോ ചെയ്യുന്നതല്ല, മറിച്ച് അധികാരത്തിൽ സമ്മതവും പങ്കാളിത്തവും നൽകുന്നതാണ് ജനാധിപത്യ ലോകക്രമത്തിന്റെ കാതൽ.

മുസ്‌ലിം സമുദായത്തിന്റെ മൊത്തത്തിലുള്ള പിന്നാക്കാവസ്ഥക്ക് കാരണമെന്താണ്?

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് കാരണമായ ഘടകങ്ങളിലേക്ക് വരുന്നതിനു മുമ്പ്, ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കാവസ്ഥയെക്കുറിച്ചുള്ള വിശദീകരണങ്ങൾ പരിഗണിക്കുക, അവരുടെ പിന്നാക്കാവസ്ഥക്കു കാരണം അവരുടെ മതമോ സംസ്കാരമോ ആണെന്ന ആരോപണം തന്നെയില്ല. പകരം, അതിനെ അളക്കാനുള്ള മാനദണ്ഡങ്ങളായി കണക്കാക്കിയിരിക്കുന്നത് സാമ്പത്തികം, സാമൂഹിക-രാഷ്ട്രീയപരം, ഭരണനിർവഹണം മുതലായവയാണ്. നേരെമറിച്ച്, മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്കു കാരണമായി പറയപ്പെടുന്നത് അവരുടെ മതം അല്ലെങ്കിൽ “അന്തർമുഖത്വം” (നരവംശശാസ്ത്രജ്ഞനായ തോമസ് ബ്ലോം ഹാൻസെൻ ഉപയോഗിച്ച പദമാണത്) എന്നതൊക്കെയാണ്. മഹ്മൂദ് മംദാനി “സംസ്കാര സംവാദം” എന്ന് വിളിക്കുന്നതിന് സമാനമാണ് ഇത്.

തോമസ് ബ്ലോം ഹാൻസൻ

ഉദാഹരണത്തിന്, “ആധുനീകരണത്തിലേക്ക് എത്തുന്നതിലുള്ള ദൈവശാസ്ത്ര പ്രതിബന്ധങ്ങൾ” മുസ്‌ലിംകൾ മറികടക്കേണ്ട ഒരു പ്രധാന പ്രശ്‌നമാണെന്ന് ‘ഇസ്‌ലാമും ഇന്ത്യയിലെ മുസ്‌ലിംകളും’ (2008) എന്ന പുസ്തകത്തിൽ എസ്.എസ് ഗിൽ പറഞ്ഞുവെക്കുന്നുണ്ട്. അതുപോലെ, ഇന്ത്യൻ മുസ്‌ലിംസ് ഇൻ എ വേൾപൂൾ (2008) എന്ന പുസ്തകത്തിൽ രാമശ്രേ ഉപാധ്യായ അഭിപ്രായപ്പെടുന്നത്, ഇന്ത്യൻ മുസ്‌ലിംകൾ “മധ്യകാല ഉറക്കത്തിൽ” മുഴുകിയിരിക്കുകയാണെന്നാണ്. ഉപാധ്യയുടെ പുസ്തകത്തിന്റെ ആമുഖത്തിൽ ജമ്മു കശ്മീരിലെ മുൻ ഗവർണറായിരുന്ന ജഗ്‌മോഹൻ ഇതേ പ്രസ്താവന ആവർത്തിക്കുന്നു. സാമൂഹ്യശാസ്ത്രജ്ഞനായ എൻ. ജയറാമിനും ഏറെക്കുറെ സമാനമായ നിലപാടാണുള്ളത്. ഇത്തരം വാദങ്ങളാണ് പ്രബലമായി നിലകൊള്ളുന്നത്. എന്നാൽ ഇവയൊന്നും യഥാർത്ഥമല്ല; കൊളോണിയലിസത്തിൽ നിന്ന് പ്രചോദനമുൾകൊണ്ട ഓറിയന്റലിസ്റ്റ് ജ്ഞാനനിർമിതിയിൽ നിന്നാണ് ഇവ ഉരുവംകൊള്ളുന്നത്.

അതിനാൽ, ആദിവാസികളുടെയും ദലിതരുടെയും പിന്നാക്കാവസ്ഥയ്ക്ക് ഒരു വിശദീകരണവും, മുസ്‌ലിംകളുടെ കാര്യത്തിൽ മറ്റൊന്നുമാകുന്നത് എന്തുകൊണ്ടാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്. ഈ വിശദീകരണങ്ങൾ തന്നെ രാഷ്ട്രീയമല്ലേ? വസ്തുതകളിൽ നിന്നും ഏറെ അകലയല്ലേ ഇവയുള്ളത്.

മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥക്ക് ആദിവാസികളുടെയും ദലിതരുടെയും കാര്യത്തിലെന്നപോലെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളുണ്ട് എന്നതാണ് എന്റെ നിലപാട്. എന്നാൽ ബാഹ്യമായവ ആന്തരികമായവയെക്കാൾ കൂടുതലാണ്. ഉദാഹരണത്തിന്, ആവർത്തിച്ചുള്ള വംശഹത്യകൾ, ഉപജീവന സ്രോതസ്സുകൾ, സ്വത്തുക്കൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബിസിനസ്സുകൾ എന്നിവക്ക് വൻ നാശം സംഭവിക്കുന്നത് മുതലായ ഘടകങ്ങൾ മുസ്‌ലിംകളെ പിന്നോട്ട് തള്ളിവിടുന്നു. പിന്നീടവർ തിരികെയെത്താൻ തലമുറകളോളം സമയമെടുക്കും.

മുസ്‌ലിം വിഘടനത്തെയും മതമൗലികവാദ പ്രേരണയെയും നിലനിർത്തുന്ന സ്ഥാപനമാണ് മദ്രസ വിദ്യാഭ്യാസം എന്ന് അനുമാനിക്കുന്നതിൽ എന്തെങ്കിലും അടിസ്ഥാനമുണ്ടോ? മദ്രസ വിദ്യാഭ്യാസത്തിന്റെ നവീകരണത്തെ നിങ്ങൾ അനുകൂലിക്കുന്നുണ്ടോ?

നിങ്ങളുടെ ആദ്യ ചോദ്യത്തിന്, എന്റെ മറുപടി ‘അല്ല’ എന്നു തന്നെയാണ്.

പരിഷ്‌ക്കരണങ്ങൾ ആവശ്യമായ നിരവധി പ്രശ്‌നങ്ങൾ മദ്‌റസാ സംവിധാനത്തിലുണ്ട്. ഉദാഹരണത്തിന്, അതിന്റെ അടിസ്ഥാന സൗകര്യങ്ങൾ കാലഹരണപ്പെട്ടതും അധ്യാപകരുടെ ശമ്പളം വളരെ കുറവുമാണ്. എത്ര മദ്രസ ബിരുദധാരികൾക്ക് സ്വകാര്യ മേഖലയിലോ സർക്കാർ മേഖലയിലോ തൊഴിൽ ലഭിക്കുന്നു എന്നതാണു കൂടുതൽ അടിയന്തരമായ വിഷയം. മദ്രസകൾ മതമൗലികവാദമോ തീവ്രവാദമോ പഠിപ്പിക്കുന്നു എന്ന ധാരണ പാശ്ചാത്യ ഓറിയന്റലിസത്തിൽ നിന്ന് പകർത്തിയതാണ്. മുസ്‌ലിംകൾക്കെതിരെ വംശഹത്യക്ക് ആഹ്വാനം ചെയ്ത ഹരിദ്വാറിലെ ഹിന്ദു സന്യാസിമാർ ഏത് മദ്രസയിലാണ് പഠിച്ചതെന്ന് വെറുതെയെങ്കിലും ചോദിക്കാമായിരുന്നല്ലോ.

മദ്രസകളുടെ “ആധുനികവൽക്കരണം” സ്വാഗതാർഹമാണ്. എന്നാൽ ആരാണ് പരിഷ്കാരങ്ങൾ ആവശ്യപ്പെടുന്നത്, എന്ത് ലക്ഷ്യങ്ങൾക്കുവേണ്ടിയാണ് നമ്മൾ ചോദിക്കേണ്ടത്? എന്റെ വീക്ഷണത്തിൽ സർക്കാർ, സ്വകാര്യ സർവ്വകലാശാല സംവിധാനങ്ങളും നവീകരിക്കേണ്ടതുണ്ട്. എന്നാലും എന്തുകൊണ്ട് ആരും അതിനെ കുറിച്ച് മിണ്ടുന്നില്ല? അതുപോലെ, ഗുരുകുലങ്ങളും വേദപാഠശാലകളും മറ്റും നവീകരിക്കണമെന്ന് ആവശ്യപ്പെടാത്തത് എന്തുകൊണ്ട്? 2014-ലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ മദ്രസകൾ ആധുനികവത്കരിക്കണമെന്ന ആവശ്യമുണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്.

വർത്തമാന കാലത്തെയും ഭാവിയിലെയും വെല്ലുവിളികളെയും അവസരങ്ങളെയും നേരിടാൻ മുസ്‌ലിം സമുദായത്തിന് സ്വയം സജ്ജരാവാൻ കഴിയുന്ന അഞ്ച് മാർഗ നിർദ്ദേശങ്ങൾ നിർദ്ദേശിക്കാൻ താങ്കൾക്കു കഴിയുമോ? എന്തെല്ലാമായിരിക്കുമവ?

നാലു നിർദ്ദേശങ്ങൾ ഞാൻ സമർപ്പിക്കാം.

ഒന്നാമതായി, കൊളോണിയൽ ഇന്ത്യയിൽ “മുസ്‌ലിം ചോദ്യം” എന്ന് വിളിക്കപ്പെട്ടിരുന്ന ഒന്നിനോട് ബന്ധപ്പെട്ടതാണ് നമ്മൾ സംസാരിക്കുന്ന വിഷയം. എന്നാൽ, യൂറോപ്പിൽ ‘ജൂത ചോദ്യം’ (കാൾ മാർക്സ് അതിനെ കുറിച്ച് എഴുതിയിട്ടുണ്ട്) എന്നത് പ്രാഥമികമായും ‘ക്രിസ്ത്യൻ ചോദ്യം’ ആയിരുന്നതു പോലെ, ഇന്ത്യൻ സ്വാതന്ത്ര സമരകാലത്തെ ‘സ്ത്രീ ചോദ്യം’ യഥാർഥത്തിൽ ‘പുരുഷ ചോദ്യം’ ആയിരുന്നത് പോലെ, ‘മുസ്‌ലിം ചോദ്യം’ യഥാർഥത്തിൽ ‘ഹിന്ദു ചോദ്യമാണ്’ എന്നാണ് സൂക്ഷ്മാർഥത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാവുന്നത്. അസ്പൃശ്യരുടെയും പെൺകുട്ടികളുടെയും വിദ്യാഭ്യാസത്തെ എതിർത്ത ബാലഗംഗാധര തിലക് പെൺകുട്ടികളെ പഠിപ്പിക്കുന്നത് അവരെ ‘സ്ത്രീകളല്ലാതാക്കി’ക്കളയും (de-womenise) എന്നാണ് അഭിപ്രായപ്പെട്ടത്. അതുകൊണ്ടുതന്നെ, ‘മുസ്‌ലിം ചോദ്യ’ത്തിനു കാരണമാകുന്ന ‘ഹിന്ദു ചോദ്യത്തെ’ നിരാകാരിക്കുക എന്നതാണ് മുസ്‌ലിംകൾ അനുഭവിക്കുന്ന പ്രതിസന്ധികളെ നേരിടുന്നതിന്റെ ഏറ്റവും പ്രധാനമായ ചുവടുവെപ്പ്. ആ ചോദ്യത്തെ നിരാകരിക്കാതെ മുസ്‌ലിംകളുടെ മുന്നോട്ടുള്ള വഴിയിൽ ഒരു പുരോഗമനവും ഉണ്ടാക്കാനാവില്ല.

ബാല ഗംഗാധര തിലക്

രണ്ടാമതായി, മുസ്‌ലിംകൾക്കുള്ള, അല്ലെങ്കിൽ അവരുടെ മുന്നിൽ അവശേഷിക്കുന്ന ‘തെരഞ്ഞെടുപ്പുകൾ’ വളരെ കുറവാണ് എന്നതാണ്. മുസ്‌ലിംകൾ ഭാഗമായിരിക്കുന്ന ഒരു രാഷ്ട്രം, അത് മുസ്‌ലിംകൾക്ക് അവരുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പുകൾ സ്വീകരിക്കാനുള്ള അവകാശം ആത്മാർഥമായി വകവെച്ചു നൽകുമ്പോൾ മാത്രമാണ് അത്തരം തെരഞ്ഞെടുപ്പുകൾക്ക് ഫലം സിദ്ധിക്കുക. അതുകൊണ്ടുതന്നെ, രണ്ടാമത്തെ പടി, മുസ്‌ലിംകൾക്ക് അവരുടെ തെരഞ്ഞെടുപ്പുകൾ നടത്താനുള്ള സ്വാതന്ത്ര്യം നൽകാൻ ഭരണകൂടത്തെ നിർബന്ധിക്കുക എന്നതാണ്. ഇന്ത്യയിലെ വ്യത്യസ്ത ഭാഗങ്ങളിലായി വസിക്കുന്ന അവരുടെ വൈവിധ്യങ്ങൾ അത്തരം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കേണ്ടതുണ്ട്. അവരുടെ മത പാരമ്പര്യങ്ങളോട് പൊരുത്തപ്പെടുന്നതും, നിങ്ങൾ ആദ്യമായി ഇന്ത്യന്യാണോ അതോ മുസ്‌ലിമാണോ എന്ന ബോറൻ ചോദ്യങ്ങളിൽ നിന്ന് മുക്തവുമായിരിക്കണം അവ.

മൂന്നാമതായി, വിദ്വേഷ ദേശീയതയുടെ രാഷ്ട്രീയ വ്യവസ്ഥയെ ശുദ്ധീകരിക്കേണ്ടതിന്റെ വലിയ ആവശ്യകതയുണ്ട്. അവയിൽ ഭൂരിഭാഗവും മുസ്‌ലിംകളെ അപരവത്കരിക്കുന്നതിലാണ് ശ്രദ്ധയൂന്നിയിട്ടുള്ളത്.

നാലാമതായി, മുസ്‌ലിംകൾ നിലവിലുള്ളതും ഭാവിയിൽ വരാനിരിക്കുന്നതുമായ തലമുറകൾക്ക് വിദ്യാഭ്യാസം നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. വിദ്യാഭ്യാസം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ബിരുദം നേടുക എന്നല്ല, രാഷ്ട്രീയ വിദ്യാഭ്യാസം എന്നതു കൂടിയാണ്. ഭരണഘടനയെക്കുറിച്ചും പൗരാവകാശങ്ങളെക്കുറിച്ചും അവബോധം ഉണ്ടാക്കുകയും സമാന കാരണങ്ങളിൽ പ്രതിജ്ഞാബദ്ധരായ വ്യക്തികളുമായും ഗ്രൂപ്പുകളുമായും സഖ്യമുണ്ടാക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത് ഫലപ്രദമാകുന്നതിന് നിയമനിർമാണ സമിതികളിലും സമ്പദ്‌വ്യവസ്ഥയിലും മതിയായ പങ്കാളിത്തവും അത്യാവശ്യമാണ്. നീതി, സമത്വം, സ്വാതന്ത്ര്യം, സൗന്ദര്യം എന്നീ മൂല്യങ്ങളിൽ ഊന്നിയ സഹായ സഹകരണങ്ങൾ അമുസ്‌ലിംകളിൽ നിന്ന് മുസ്‌ലിംകൾക്ക് ലഭിക്കേണ്ടതുണ്ട്. ഇത്തരം സജ്ജീകരണങ്ങളായാൽ മറ്റു പാർശ്വവൽകൃത ഗ്രൂപ്പുകളെ വിശ്വാസ-വംശ-ജാതി ഭേദമില്ലാതെ അവരുടെ വിദ്യാഭ്യാസ വിഷയത്തിൽ മുസ്‌ലിംകൾ സഹായിക്കണം.

ഐക്യദാർഢ്യങ്ങളും സൗഹൃദവും ഇല്ലെങ്കിൽ, ജനാധിപത്യത്തിന്റെ വാഗ്ദാനങ്ങൾ നേർവിപരീതമായി ഭവിച്ചേക്കാം. നമ്മുടെ ജീവിതത്തിലുള്ള മനോഹരമായ സംഗതികളെ ഒപ്പമുള്ള ചില പേടിപ്പെടുത്തുന്നവ നശിപ്പിച്ചു കളയില്ല എന്നാണ് എന്റെ പ്രതീക്ഷ.


കടപ്പാട്: ഫ്രണ്ട്ലൈൻ

വിവർത്തനം: ലദീദ ഫർസാന

ഇര്‍ഫാന്‍ അഹ്മദ്‌