Campus Alive

സുന്ദരമായി രാഷ്ട്രീയം പറയുന്ന സിനിമകൾ: ഫഹീം ഇർഷാദുമായി സംഭാഷണം

തന്റെ ആദ്യ ഫീച്ചർ ചിത്രമായ ആനി മാനിയിലൂടെ, ഫഹീം ഇർഷാദ് ഒരു മുസ്‌ലിം കുടുംബത്തിന്റെ ദൈനംദിന ജീവിതത്തെ കേന്ദ്രീകരിച്ചുകൊണ്ട് രാജ്യത്ത് മുസ്‌ലിംകൾ നേരിടുന്ന സ്വത്വ പ്രതിസന്ധിയെയും ഹിന്ദുത്വ അക്രമങ്ങളെയും കുറിച്ച ശക്തമായ ആഖ്യാനമാണ് മുന്നോട്ട് വെക്കുന്നത്.

2019 മുംബൈ മാമിയിൽ പ്രീമിയർ ചെയ്യപ്പെട്ട ഈ ചിത്രം പിന്നീട് 2019 ഐഎഫ്എഫ്കെയിൽ മികച്ച ഏഷ്യൻ ചിത്രത്തിനുള്ള അവാർഡും കൂടാതെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യയിൽ നിന്നുള്ള മികച്ച സംവിധായകനുള്ള അവാർഡും കരസ്ഥമാക്കി. ചലച്ചിത്ര മേളകളിൽ നിരൂപക പ്രശംസ നേടിയ ചിത്രം പിന്നീട് രാജ്യത്തുടനീളം – സർവകലാശാലകൾ, ഫാഷിസ്റ്റ്-വിരുദ്ധ സംഗമങ്ങൾ, പൊതുയോഗങ്ങൾ – പ്രദർശിപ്പിക്കപ്പെട്ടു. ആനി മാനി ഇപ്പോൾ ആഗോള സ്ട്രീമിങ് പ്ലാറ്റ്ഫോമായ മുബിയിൽ ലഭ്യമാണ്. വാച്ചൗട്ട് – അഖില ഭാരതീയ ആന്റി നാസി ഫിലിം ഫെസ്റ്റിവലിന് പങ്കെടുക്കാൻ കോഴിക്കോട് എത്തിയപ്പോൾ നടത്തിയ അഭിമുഖം

ആനി മാനി എന്ന സിനിമ എന്തിനെക്കുറിച്ചാണ് പറയുന്നത്? എങ്ങനെയാണ് കഥ വികസിക്കുന്നത് ?

ഉത്തർപ്രദേശിലെ ഭുട്ടോ എന്ന ബീഫ് കബാബ് വിൽപ്പനക്കാരന്റെ ജീവിതമാണ് ആനി മാനി പറയുന്നത്. കള്ളക്കേസിൽ എട്ട് വർഷം തടവിലാക്കപ്പെട്ട ശേഷം ജയിൽമോചിതനായ ഭുട്ടോ പുതിയ ഒരു ജീവിതം കരുപ്പിടിക്കാൻ ശ്രമിക്കുകയാണ്. ഈയടുത്തിടെ വിവാഹിതനായ അദ്ദേഹം, ജീവിത പ്രാരാബ്ദങ്ങൾക്കെല്ലാമിടയിലും ഭാര്യ തരന്നുമിനൊപ്പം ഒരു മെച്ചപ്പെട്ട ജീവിതത്തെക്കുറിച്ച് സ്വപ്നം കാണുന്നു. ഭാര്യയും സഹോദരിയും അമ്മയും അച്ഛനും ഉൾപ്പെട്ട തന്റെ കുടുംബത്തിന്റെ നാഥനാണ് ഭുട്ടോ.

അങ്ങനെയിരിക്കെ, സർക്കാർ ബീഫ് നിരോധനവും അറവുശാലകളുടെ അടച്ചുപൂട്ടലുകളും പ്രഖ്യാപിക്കുമ്പോൾ പ്രതിസന്ധിയിലാകുന്ന ഭുട്ടോ കബാബിനുള്ള മാംസം വാങ്ങാനായി പോലീസുകാർക്ക് കൈക്കൂലി കൊടുക്കാൻ വരെ നിർബന്ധിതനാവുന്നു. അതിനിടയിൽ അദ്ദേഹത്തിന്റെ കബാബ് കട ഗുണ്ടകൾ വന്നു തകർക്കുകയും ചെയ്യുന്നുണ്ട്. ഈ സംഭവവികാസങ്ങളെല്ലാം നടക്കുമ്പോഴും ഭൂട്ടോ തന്റെ കുടുംബത്തിന്റെ ഭാഗമാകാൻ ശ്രമിക്കുന്നതും അതിനു വേണ്ടി സമയം കണ്ടെത്തുന്നതും നാം കാണുന്നു.

ഉത്തർപ്രദേശിലെ കുട്ടികൾ കളിക്കുന്ന ഒരു കളിയാണ് ആനി മാനി. അതാണ് സിനിമയുടെ പേരായി ഇട്ടിരിക്കുന്നത്. ആനി മാനി – എന്ന പദ്യം ചൊല്ലുന്നതിനനുസരിച്ച് കുട്ടികൾ വട്ടം കറങ്ങുന്നു. ചിത്രത്തിൽ കാണിക്കുന്ന പോലെ ഭുട്ടോയുടെ ജീവിതത്തിൽ സംഭവിക്കുന്ന നട്ടംതിരിയലുകളെ സൂചിപ്പിക്കാൻ പറ്റിയ പേരുകൂടിയാണ് ആനി മാനി.

ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന സിനിമകൾ വളരെ അപൂർവമാണ്. എന്താണ് ഈ സിനിമ ചെയ്യാൻ നിങ്ങളെ പ്രേരിപ്പിച്ചത്?

ഇതൊരു പ്രണയകഥയാണ്, ഒരു ഫാമിലി ഡ്രാമയാണ്. എല്ലാറ്റിനുമുപരി സമകാലിക സംഭവവികാസങ്ങളോട് ചേര്‍ന്ന് നിൽക്കുന്ന രാഷ്ട്രീയാർത്ഥങ്ങളും ഉൾച്ചേർന്നിരിക്കുന്നു.

ആളുകളെ സ്വാധീനിക്കാൻ കഴിയുന്ന വിധത്തിൽ, പ്രേക്ഷകർക്കിടയിൽ സഹാനുഭൂതി ഉണർത്താൻ കഴിയുന്ന രീതിയിൽ കഥ പറയാനാണ് ഞാൻ ആഗ്രഹിച്ചത് – പ്രത്യേകിച്ചും മുസ്‌ലിം ജീവിതത്തെ കുറിച്ച് ഒന്നും അറിയാത്തവർക്കിടയിൽ. മുസ്‌ലിംകളെല്ലാം വില്ലന്മാരാണെന്ന ആഖ്യാനമാണ് നിലനിൽക്കുന്നതും വിശ്വസിക്കപ്പെടുന്നതും. ഗെറ്റോകളിൽ താമസിക്കുന്ന അരികുവത്കരിക്കപ്പെട്ട മുസ്‌ലിംകളെ കുറിച്ച് അവർക്കറിയില്ല. മുസ്‌ലിംകളെ അപരവത്കരിക്കാനുള്ള ശ്രമങ്ങൾ ഇല്ലാതാക്കണം. പത്രപ്രവർത്തനം പഠിച്ചതിന് ശേഷം, ഞാൻ സിനിമയിൽ പ്രവർത്തിച്ച് തുടങ്ങിയത്, പറയപ്പെടാത്ത കഥകൾ പറയാൻ കൂടിയാണ്. ന്യൂനപക്ഷങ്ങളായ നമ്മൾ പാർശ്വവൽക്കരിക്കപ്പെട്ടവരാണ്, അതുപോലെ തന്നെയാണ് നമ്മളുടെ ആഖ്യാനങ്ങളും. അവയെ മുഖ്യധാരാ സിനിമ പോയിട്ട് സമാന്തര സിനിമകളിൽ പോലും കാണാൻ സാധിക്കില്ല. നമ്മുടെയൊക്കെ വീടുകളിലും പ്രദേശങ്ങളിലും സംഭവിക്കുന്നതെന്തെന്ന് അവർക്കറിയില്ല. ഇതാണവസ്ഥ. അപ്പോൾ ഞാൻ ആ കഥകൾ പറഞ്ഞില്ലെങ്കിൽ, വേറെ ആരു ചെയ്യും? അതുകൊണ്ടാണ് ഞാനിത് ചെയ്യുന്നത്. എന്റെ അടുത്ത പ്രോജക്ടും എന്റെ പ്രദേശത്ത് നിന്നുള്ള ഒരു കഥ തന്നെയാണ്. എനിക്ക് അവരെ നന്നായി അറിയാം; അതുകൊണ്ട് എനിക്ക് അത് മികച്ച രീതിയിൽ പറയാനും കഴിയുമെന്ന് വിശ്വസിക്കുന്നു.

സെൻസിറ്റീവായ ഒരു പ്രശ്നത്തെയാണ് സിനിമ അഭിസംബോധന ചെയ്യുന്നത്. എങ്കിലും നിങ്ങൾ അവതരിപ്പിച്ച രീതി ആസ്വാദ്യകരമായിരുന്നു. ഈയൊരു സൗന്ദര്യശാസ്ത്ര സമീപനം ബോധപൂർവമായിരുന്നോ?

എനിക്ക് കവിത ഇഷ്ടമാണ്, എല്ലാവർക്കും സൗന്ദര്യം ഇഷ്ടമാണ്. പക്ഷേ നമുക്കിടയിൽ സ്നേഹക്കുറവുണ്ട്. അതുകൊണ്ട് ആ അർത്ഥത്തിൽ, ഈ സിനിമ നിർമ്മിക്കാൻ ഞാൻ തീരുമാനിക്കുകയായിരുന്നു. അതിനെ കാവ്യാത്മകമാക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നാൽ ഈ സമീപനം ഒരു വിപണന തന്ത്രമായിരുന്നില്ല. എന്തൊക്കെ പറഞ്ഞാലും ഇത്തരത്തിലുള്ള മുസ്‌ലിം കഥകൾക്ക് മാർക്കറ്റില്ല എന്നതാണ് സത്യം.

മാധ്യമങ്ങളിലൂടെ നമ്മൾ ദിവസവും കാണുന്നത് അക്രമ ദൃശ്യങ്ങളാണ്. അതിൽ തന്നെ നമ്മളെല്ലാം അസ്വസ്ഥരാണ്. നമ്മുടെ ജീവിതത്തെ ബാധിക്കാൻ അതിനെ അനുവദിക്കരുത്. എല്ലാവരെയും പോലെ ഞങ്ങൾക്കും ഒരു ജീവിതമുണ്ട്; ആവശ്യങ്ങൾ നടത്തിയെടുക്കാൻ ഞങ്ങളും പാടുപെടുന്നു. എല്ലാവരെയും പോലെ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഞങ്ങൾ സന്തോഷം പങ്കിടുന്നു. അല്ലാതെ സദാസമയവും ഇരുന്ന് ബിരിയാണി കഴിക്കലോ ത്വലാഖ് ചൊല്ലലോ അല്ല ഞങ്ങളുടെ പരിപാടി. നിങ്ങൾ പറയുന്ന പോലെ ഇതൊന്നും അല്ല ‘ഞങ്ങളുടെ പ്രശ്നം’. മറിച്ച് ഞങ്ങളുടെ ജീവിതത്തെ നിങ്ങൾ ഇങ്ങനെയൊക്കെ നോക്കിക്കാണുന്നു എന്നിടത്താണ് പ്രശ്നം കിടക്കുന്നത്. കഥാപാത്രങ്ങളെ മാത്രമല്ല പ്രശ്‌നങ്ങളും സ്റ്റീരിയോടൈപ്പ് ചെയ്യപ്പെടുന്നു. മാത്രമല്ല, അവർ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിലേക്ക് വിരൽചൂണ്ടുകയോ അത് പരിഹരിക്കാൻ മുന്നോട്ടുവരികയോ ചെയ്യില്ല. പകരം ഞങ്ങളെ അപകീർത്തിപ്പെടുത്താനും ഭീകരവൽക്കരിക്കാനും മാത്രമാണ് അവർ ആഗ്രഹിക്കുന്നത്. നിർഭാഗ്യവശാൽ, ഒരുപാട് ആളുകൾ അതിനെയെല്ലാം അംഗീകരിക്കുകയും ചെയ്യുന്നു.

സിനിമ ആളുകളെ ചിന്തിപ്പിക്കുകയും പ്രത്യേക രീതിയിൽ പെരുമാറാൻ ശീലിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തിലെ വലിയൊരു വിഭാഗം അതിന് പ്രേക്ഷകരായി ഉണ്ട്. അവരെ നാം വെറുപ്പിലേക്കും അക്രമത്തിലേക്കും കണ്ടീഷൻ ചെയ്ത് കളയരുത്.

വലതുപക്ഷ ഗ്രൂപ്പുകൾ ജയ് ശ്രീരാം വിളിക്കുന്നതിന് സമാനമായാണ് ലിബറൽ മാധ്യമങ്ങൾ തക്ബീറിനെ ചിത്രീകരിക്കുന്നത്. എന്നാൽ സിനിമയിൽ, അല്ലാഹു അക്ബർ എന്നത് ശാന്തതയും ആഹ്ലാദവും സംവേദനം ചെയ്യുന്ന രീതിയിലാണ് കാണിക്കുന്നത്.

തബ്‌കീർ ചൊല്ലുന്നത് ഞങ്ങളുടെ ഒരു ദൈനംദിന പ്രവൃത്തിയാണ്. ഞങ്ങൾ ദിവസത്തിൽ അഞ്ച് നേരവും അല്ലാഹു അക്ബർ ഉരുവിട്ടുകൊണ്ട് പ്രാർത്ഥിക്കുന്നു. ദൈവം വലിയവനാണെന്ന് പറയുന്നതിൽ ദോഷകരമായി ഒന്നുമില്ല. അതിൽ ഒരു തീവ്രതയുമില്ല. അത് മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുകയല്ലല്ലോ. ഉള്ളിൽ നിന്ന് വരുന്നതാണത്. അതുകൊണ്ടു തന്നെ അതിലൊരു ഭംഗിയുണ്ട്. അത് ചിത്രീകരിക്കാനേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.

പ്രപഞ്ചവുമായും സ്രഷ്ടാവുമായും നാം സമാധാനത്തിലാണെന്ന് പ്രഖ്യാപിക്കുകയാണ് തക്ബീർ ചെയ്യുന്നത്. അതിലൊട്ടും മോശം വിചാരിക്കേണ്ട കാര്യമില്ലല്ലോ. തക്ബീർ ചൊല്ലുന്നത് വർഗീയമാണെന്നൊക്കെ ചിലർ പറയും. അവരോട് ഇതിന്റെ അർത്ഥം പറഞ്ഞുകൊടുക്കുക. അവർ മനസിലാക്കട്ടെ. ഇന്ത്യ പല മതങ്ങളുടെ രാജ്യമാണ്; അതിനെ ബഹുമാനിക്കാൻ അവർ ശീലിക്കട്ടെ. ഇതൊക്കെയാണ് ഞാൻ സിനിമയിലൂടെ അറിയിക്കാൻ ആഗ്രഹിച്ചത്.

നിങ്ങൾ അസംഗഢിൽ നിന്ന് ജാമിഅ മില്ലിയയിലെത്തിയ ഒരു വിദ്യാർഥിയായിരുന്നല്ലോ. ഈ രണ്ടു സ്ഥലങ്ങളും അവിടങ്ങളിൽ നടന്ന ബട്‌ല ഹൗസ് പോലുള്ള സംഭവങ്ങളും ഒരു സിനിമാ സംവിധായകൻ എന്ന നിലയ്ക്കുള്ള നിങ്ങളുടെ വികാസത്തെ എങ്ങനെയൊക്കെയാണ് സ്വാധീനിച്ചത്?

തീർച്ചയായും. പ്രതേകിച്ചും ബട്ല ഹൗസ് ഏറ്റുമുട്ടലിന് ശേഷം എല്ലാ മാധ്യമങ്ങളും ഞങ്ങളെ പിന്തുടർന്ന് അപകീർത്തിപ്പെടുത്തുകയായിരുന്നു. ദേശീയമോ പ്രാദേശികമോ എന്ന വ്യത്യാസമില്ലാതെ മുഴുവൻ മാധ്യമങ്ങൾക്കും ഇതേ സമീപനമായിരുന്നു. വ്യാജ ഏറ്റുമുട്ടലിന് ശേഷം ഞങ്ങളെ ഒരുപാട് വേദനിപ്പിച്ചത് ഈ മാധ്യമവേട്ടയായിരുന്നു. വസ്തുതകൾ ലവലേശം പരിഗണിക്കാതെ മെനഞ്ഞെടുക്കുന്ന കഥകൾ. രവീഷ് കുമാർ പോലും അതുതന്നെ ചെയ്തു. എന്നെ സംബന്ധിച്ച് ഇതെല്ലാം ഏറെ ആശങ്കാജനകമായിരുന്നു. സത്യസന്ധവും വസ്തുതാപരവുമായി പ്രവർത്തിക്കേണ്ട മാധ്യമങ്ങളാണ് ഇതൊക്കെ ചെയ്തുകൂട്ടിയത്. അവർ ഒരു സമുദായത്തെ മുഴുവൻ അധിക്ഷേപിച്ചു; സംശയത്തിന്റെ നിഴലിൽ നിർത്തി. അത് ഞങ്ങളെ ഗൗരവമായി ബാധിച്ചു. അന്തരീക്ഷം വീണ്ടും പഴയ പോലെയാവാൻ ഏറെ സമയമെടുത്തു. എന്നിട്ടും നീതി ലഭിച്ചില്ല. സംഭവത്തിൽ ഒരു സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല.

ഈ സംഭവം എന്നെ വലിയ രീതിയിൽ മാറ്റിത്തീർത്തു. നമ്മളെ കുറിച്ച് നമ്മൾ തന്നെ സംസാരിക്കണമെന്ന ബോധ്യം ഇന്നെനിക്കുണ്ട്. അത്തരം ആഖ്യാനങ്ങളെ മുന്നിൽക്കൊണ്ടുവരാൻ നമ്മൾ തന്നെ പണിയെടുക്കണം. അരികുകളിൽ നിന്ന് മുഖ്യധാരയിലേക്ക് നാമതിനെ കൊണ്ടുവരണം. ഇന്നത്തെ എന്നിൽ ഈ അനുഭവങ്ങളൊക്കെ അലിഞ്ഞുചേർന്നിട്ടുണ്ട്.

പാർശ്വവൽക്കരിക്കപ്പെട്ട ശബ്ദങ്ങൾക്ക് മുഖ്യധാര ഇടം നൽകുന്നുണ്ടോ?

കാര്യങ്ങളെ ശരിയാംവണ്ണം കൈകാര്യം ചെയ്യുന്നതിൽ മുഖ്യധാര പരാജയപ്പെട്ടിരിക്കുന്നു. അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത്, വലിയ വില കൊടുക്കേണ്ടി വരുന്നത് ഇവിടത്തെ പാർശ്വവൽകൃതരാണ്. ഇനി നമ്മൾ മുന്നിട്ടിറങ്ങണം. എല്ലാവരും ഇപ്പോൾ അവർക്കവകാശപ്പെട്ട തങ്ങളുടെ സാന്നിധ്യം തിരിച്ചുപിടിക്കുന്നുണ്ട് എന്നത് സന്തോഷകരമായ സംഗതിയാണ്.

സംവിധായകൻ ഫഹീം ഇർഷാദ് ആനി മാനി ചിത്രീകരണത്തിനിടെ

നിങ്ങൾ ഒരിക്കലും ഞങ്ങളുടെ കഥകൾ പറഞ്ഞിട്ടില്ല. അതുകൊണ്ടാണ് എനിക്ക് പലപ്പോഴും അത് മാത്രമായി പറയേണ്ടി വരുന്നത്. ദളിതർ, ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ – എന്നു തുടങ്ങി മറ്റു സമുദായങ്ങളിൽ നിന്നുള്ള കഥകളും കഥാപാത്രങ്ങളും എന്റെ കയ്യിലുണ്ട്. എന്റെ സിനിമകളിൽ അവരെ ഉൾപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നു. ഞാനിപ്പോൾ തന്നെ മൂന്ന് തിരക്കഥകൾ എഴുതിയിട്ടുണ്ട്.

എനിക്ക് മുസ്ലീം കഥകൾ ഇടയ്ക്കിടെ പറയേണ്ടിവരുന്നത് ഇവിടെ മുസ്‌ലിംകളെ ഒന്നുകിൽ ഒട്ടും കാണിക്കാതിരിക്കുകയോ അല്ലെങ്കിൽ തെറ്റായി ചിത്രീകരിക്കുകയോ ചെയ്യുന്നു എന്നതുകൊണ്ടാണ്. കൂടുതൽ സാന്നിധ്യം അവര്‍ അർഹിക്കുന്നു. അതുകൊണ്ടു തന്നെ അവരെ കുറിച്ച് മുഴുനീള സിനിമകൾ ഉണ്ടാകണം. എന്നാൽ മാത്രമേ മറ്റുള്ളവരുമായി സംവദിക്കാൻ സാധിക്കുകയുള്ളൂ. നമുക്കറിയാം മുസ്ലീം സമുദായം വളരെക്കാലമായി ഗെറ്റോവത്കരിക്കപ്പെട്ടിരിക്കുന്ന ഒരു വിഭാഗമാണ്. മറ്റുള്ളവർ അവരെ അറിയുന്നില്ല, അവരുടെ ദൈനംദിനം എന്താണെന്ന് കാണുന്നില്ല. ടിവിയിലും പത്രങ്ങളിലും തീവ്രവാദികൾ എന്ന പേരിൽ മാത്രമാണ് അവർ കാണപ്പെടുന്നത്. അതുകൊണ്ട് എനിക്കിത് അവരോട് പറയണം; ഞാനത് ചെയ്യും.

ഒരു സമൂഹം വംശഹത്യയിലേക്ക് കൂപ്പുകുത്തുന്നതിന്  മുന്നോടിയായി കടന്നുപോകുന്ന അവസ്ഥയാണ് വർഗ്ഗീകരിക്കലും അപരവത്കരിക്കലും..

അതെ, ഭയാനകമാണത്. കേരളത്തിൽ വ്യത്യസ്ത സമുദായങ്ങൾക്ക് പ്രത്യേകം പ്രത്യേകം കോളനികൾ ഉണ്ടാകണമെന്നില്ല. എന്റെ സംസ്ഥാനവും മറ്റു വടക്കൻ പ്രദേശങ്ങളുമായി  താരതമ്യപ്പെടുത്തുമ്പോൾ ഇവിടെ വെറുപ്പ് കുറവാണ്. രാഷ്ട്രീയ വ്യത്യാസങ്ങൾ ഉണ്ടാകാം, പക്ഷേ വെറുപ്പ് ഒരിക്കലും അതുപോലെയാകില്ല. അത് നമ്മുടെ ജീവിതത്തെ തന്നെ കരിച്ചുകളയും. മനുഷ്യർ തമ്മിൽ, ആവുംവിധമെല്ലാം പരസ്പരം മനസ്സിലാക്കുകയും സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്യേണ്ടത് വളരെ അനിവാര്യമാണ്.

ജാമിഅ മില്ലിയ, അലീഗഡ്, ജെഎൻയു തുടങ്ങിയ വിവിധ സർവകലാശാലകളിൽ നിന്ന് വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്ന പൗരത്വ സമരങ്ങൾ നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ. ജാമിഅയിലെ പൂർവവിദ്യാർത്ഥി എന്ന നിലയിൽ, ഈ പുതിയ വിദ്യാർത്ഥി രാഷ്ട്രീയത്തെ നിങ്ങൾ എങ്ങനെ നോക്കിക്കാണുന്നു?

ഇത് നമുക്ക് പ്രതീക്ഷ നൽകുന്ന ഒരു നല്ല കാര്യമാണ്. കാരണം ജാമിഅ മില്ലിയ ഇസ്‌ലാമിയയിൽ ഒരു വിദ്യാർത്ഥി യൂണിയൻ പോലുമില്ലായിരുന്നു. സർവകലാശാല അധികൃതർ വിദ്യാർത്ഥി സംഘടനകളെ ഭയക്കുന്നു. പക്ഷേ, ഒടുവിൽ വിദ്യാർത്ഥികൾ തന്നെ സമരം ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി പുറത്തിറങ്ങി. എപ്പോൾ വേണമെങ്കിലും തങ്ങൾ കൊല്ലപ്പെടുകയോ അടിച്ചമർത്തപ്പെടുകയോ ചെയ്യാമെന്ന് അവർക്ക് തന്നെ തോന്നിത്തുടങ്ങി. ഒരു മുഴുവൻ സമുദായത്തെ മുഴുവൻ നിഷ്കാസനം ചെയ്യാനുള്ള നടപടികളെ നിയമവിധേയമാക്കാനാണ് സർക്കാർ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അങ്ങനെയാവുമ്പോൾ മനുവാദികൾക്ക് അവരുടെ പണി എളുപ്പമാവുകയും ചെയ്യും.

ധൈര്യമായിരിക്കണമെന്നും അടിച്ചമർത്തലുകൾക്കെതിരെ നിരന്തരം നിലപാടെടുക്കണമെന്നുമാണ് എനിക്ക് പറയാനുള്ളത്. നമ്മൾ എന്തിനാണ് അവരെ ഭയക്കുന്നത്? നമ്മൾ അടിച്ചമർത്തപ്പെട്ടവർക്കൊപ്പമാണ്, സത്യം നമ്മുടെ പക്ഷത്താണ്. ജാമിഅയിലെ ഒരു പെൺകുട്ടി വെറും ചൂണ്ടുവിരൽ കൊണ്ട് അവരെ ചെറുത്തുനിന്നു. അവർക്കാണ് പേടി; കാരണം തെറ്റ് അവരുടെ ഭാഗത്തു മാത്രമാണ്.

മുസ്‌ലിംകൾക്കെതിരിലുള്ള പശു സംരക്ഷകരുടെ അക്രമത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത്. അതിനെ  ആൾക്കൂട്ട കൊലപാതകം എന്ന് വിശേഷിപ്പിക്കുന്നത് ശരിയാണോ?

ആൾക്കൂട്ടക്കൊല, വർഗീയ കലാപം, സംഘട്ടനം തുടങ്ങിയ പേരുകളാണ് മാധ്യമങ്ങൾ പൊതുവിൽ ഇത്തരം സംഭവങ്ങൾക്ക് നൽകാറുള്ളത്. എന്നാൽ അതെല്ലാം ഇത്തരം ആക്രമങ്ങളെ നിസ്സാരവത്കരിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആൾക്കൂട്ടത്തിന് മുഖമില്ലാത്തതിനാൽ നിങ്ങൾക്ക് അവരെ പിടികൂടാനോ നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ കഴിയില്ല. ആരും ശിക്ഷിക്കപ്പെടുകയുമില്ല.

വംശഹത്യകളുടെ കാര്യത്തിലും ഇതുതന്നെയല്ലേ സംഭവിക്കുന്നത്. അവ പഠിക്കാൻ കമ്മീഷനുകൾ രൂപീകരിക്കും. എന്നാൽ പിന്നീട് കാര്യമായി ഒന്നും സംഭവിക്കില്ല- അതുകൊണ്ടാണ് അത്തരം സംഭവങ്ങൾ വീണ്ടും വീണ്ടും തുടർന്നു കൊണ്ടിരിക്കുന്നത്. ഉദാഹരണത്തിന് ബോംബെ കലാപത്തെ കുറിച്ച ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വന്നിട്ടും ഇവിടെ ഒന്നും സംഭവിച്ചില്ല. ഭഗൽപൂർ, മലിയാന, മൊറാദാബാദ് – എല്ലായിടത്തും അങ്ങനെതന്നെ. എന്തുകൊണ്ട്? കാരണം ആൾക്കൂട്ടത്തിന് മുഖമില്ല. ഈ അക്രമങ്ങളെല്ലാം അനുസ്യൂതം തുടരുന്നതും, ഭരണകൂടവും പോലീസുമെല്ലാം പിന്നീട് നിശബ്ദരായി നിന്ന് സൗകര്യം ഒരുക്കിക്കൊടുക്കുന്ന കാഴ്ചയുമാണ് നാം കാണുന്നത്. കോടതികൾ കുറ്റവാളികളെ വേഗത്തിൽ ജാമ്യത്തിൽ വിടുകയും ചെയ്യുന്നു.

അതുകൊണ്ട്, എനിക്ക് തോന്നുന്നത് നാം ആഖ്യാനങ്ങളെ ശരിയായ രീതിയിൽ തന്നെ നിർണയിക്കണമെന്നാണ്. കുറ്റവാളികളെ വെളിച്ചത്ത് കൊണ്ടുവരിക. അതിനായുള്ള മാധ്യമങ്ങൾ നാം നിർമിക്കണം. മറ്റുള്ളവർക്ക് സത്യം കേൾപ്പിച്ച് കൊടുക്കാൻ മാത്രം ശക്തമായിരിക്കണം അവ.

കോഴിക്കോട് നടന്ന വാച്ചൗട്ട് – അഖില ഭാരതീയ ആന്റി നാസി ഫിലിം ഫെസ്റ്റിവൽ വേദിയിൽ

ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ, സിനിമ എന്ന മീഡിയത്തിന് എങ്ങനെ മാറ്റങ്ങൾ വരുത്താൻ കഴിയുമെന്നാണ് നിങ്ങൾ കരുതുന്നത്?

സിനിമകൾ ഏറെ ഫലപ്രദമാണ്. വാപ്പ ഇടക്കിടക്ക് ഇക്കാര്യം പറയാറുണ്ടായിരുന്നു. ഞാൻ എന്റെ മാസ്റ്റേഴ്സിന് മാസ് കമ്മ്യൂണിക്കേഷൻ പഠിക്കാനാണ് പോവുന്നതെങ്കിൽ, കൂടെ സിനിമയും പഠിക്കണം എന്ന് നിർദ്ദേശിച്ചത് വാപ്പയാണ്. യുവാവായിരുന്ന കാലത്ത് സമൂഹത്തിലെ വിധവകളുടെ ദയനീയാവസ്ഥ ചിത്രീകരിക്കുന്ന ഒരു സിനിമ കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങിയ ശേഷം, വികാരഭരിതനായ വാപ്പ, താൻ ഒരു വിധവയെ തന്നെ വിവാഹം കഴിക്കുമെന്ന് തീരുമാനമെടുത്ത അനുഭവമുണ്ട്.

വേറൊരു അനുഭവം പറയാം. ഛത്തീസ്ഗഢിൽ ഞാൻ കണ്ടുമുട്ടിയ ഒരാൾ ഇവിടെയുള്ള എല്ലാ മുസ്‌ലിംകളെയും കൊല്ലണമെന്ന് വാദിക്കുന്നയാളായിരുന്നു. ഹിറ്റ്‌ലർ ചെയ്തത് ശരിയാണ്, മുസ്‌ലിംകളോടും അങ്ങനെയാണ് പെരുമാറേണ്ടത് എന്നൊക്കെ വിശ്വസിച്ചിരുന്ന ഒരാൾ. ഞങ്ങൾ അയാൾക്ക് സ്പിൽബർഗിന്റെ ഷിൻഡ്ലേർസ് ലിസ്റ്റ് എന്ന സിനിമ കാണിച്ചുകൊടുത്തു. അതിന്റെ ഹിന്ദിയിലേക്ക് ഡബ്ബ് ചെയ്ത വേർഷൻ ഉണ്ടായിരുന്നു. ആ സിനിമ കണ്ടതോടെ ആൾ ആകെ മാറിപ്പോയി. അതിന് ശേഷം അവൻ വെറുപ്പിനെതിരെ സംസാരിക്കാൻ തുടങ്ങി. സിനിമക്ക് അത്രയും ശക്തിയുണ്ടെന്ന് കാട്ടിത്തരികയായിരുന്നു ഈ സംഭവം. അത് നിങ്ങളെ കവിത പോലെ ലോലമാക്കുന്നു. ഏത് നിരക്ഷരനും അത് മനസിലാക്കാം, അതുമായി സംവദിക്കാം.


വിവർത്തനം: സുരയ്യ അബു

ബാസിൽ ഇസ്‌ലാം