ഇന്ന് ലോകത്ത് അതിദ്രുതം വളരുന്ന മതമാണിസ്‌ലാം. മുസ്‌ലിം ജനസംഖ്യ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പാശ്ചാത്യ സമൂഹങ്ങള്‍ക്കിടയില്‍ ഇതൊരുപാട് ചോദ്യങ്ങളും ആശങ്കകളും ഉയര്‍ത്തുന്നുമുണ്ട്. മുസ്ലിംകള്‍ ഒരുദിവസം ഭൂരിപക്ഷ സമുദായമായി മാറിക്കഴിഞ്ഞാല്‍, അവര്‍ തങ്ങളുടെ അയല്‍ക്കാരോട് എങ്ങനെ പെരുമാറും? അവര്‍ നല്‍കുന്ന സംഭാവനകള്‍ എന്തൊക്കെയാകും? പാശ്ചാത്യ സമൂഹങ്ങള്‍ക്കായി അവര്‍ക്കെന്താണ് വാഗ്ദാനം ചെയ്യാന്‍ കഴിയുക? ഇത്തരം ചോദ്യങ്ങള്‍ തദ്ദേശീയ ജനവിഭാഗങ്ങളെ ശരിയായ രീതിയില്‍ ആശങ്കപ്പെടുത്തുന്നുണ്ട്. ഇസ്ലാം വ്യാപിക്കുകയും അതേക്കുറിച്ചുള്ള ഭയം രൂപപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്ലാമിനെക്കുറിച്ച് തീരെ അവബോധമില്ലാത്ത സുരക്ഷാവിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നിവരുടെ ഉത്തരങ്ങളാണ് പൊതുവിടങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നത് എന്നതാണ് മറ്റൊരു ദൗര്‍ഭാഗ്യകരമായ കാര്യം.
നാം അറിയുന്നപോലെ ഇസ്ലാമിക പാരമ്പര്യം, പ്രത്യേകിച്ച് അതിന്റെ രാഷ്ട്രീയ ചരിത്രവും കര്‍മ്മ ശാസ്ത്രവും ഈ ആശങ്കകളെ അഭിസംബോധന ചെയ്യുന്നുണ്ട്. ലളിതമായി പറഞ്ഞാല്‍, ഇസ്ലാമിക നിയമത്തില്‍ എല്ലാ മനുഷ്യര്‍ക്കും അവരുടെ മതമോ നിറമോ വര്‍ഗ്ഗമോ സംസ്‌കാരമോ പരിഗണിക്കാതെ ഇടമുണ്ട്. അത്ഭുതകരമായ ആ നിയമപ്രമാണവും അതിന്റെ മതപരവും ദാര്‍ശനികപരവുമായ നീതികരണവും മതപരമായ ബഹുസ്വരതയുമായി ബന്ധപ്പെട്ട് മുസ്ലിംകള്‍ക്കുള്ള അതിന്റെ പ്രത്യാഘാതങ്ങളും നിരീക്ഷിക്കപ്പെടേണ്ടതാണ്.
ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തിലെ ക്ലാസിക്കല്‍ ഗ്രന്ഥങ്ങളും ഇന്ത്യ മുതല്‍ ബാള്‍ക്കന്‍ വരെ വ്യാപിച്ചുകിടന്നിരുന്ന മുസ്ലിം ഭരണത്തിന്റെ ചരിത്രവും എല്ലാ മനുഷ്യര്‍ക്കുമുള്ള ഇസ്ലാമിലെ ഇടത്തെ ആശയപരമായും പ്രായോഗികമായും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇസ്ലാമിലെ ധാര്‍മികവും നിയമപരവും രാഷ്ട്രീയപരവുമായ സിദ്ധാന്തങ്ങളും നൂറ്റാണ്ടുകളോളം വിശാലമായ ഭൂപ്രദേശത്തു നടത്തിയ ഭരണ രീതികളും പറയുന്നൊരു വസ്തുത, പാരമ്പര്യാധിഷ്ഠിത മുസ്ലിംകള്‍ ഇന്നത്തെ സമൂഹങ്ങള്‍ക്ക് ഗുണം തന്നെയായാണ് ഭവിക്കുക എന്നാണ്. അതുകൊണ്ട് വര്‍ധിച്ചുവരുന്ന മുസ്ലിംകളുടെ എണ്ണം ലിബറല്‍ പാശ്ചാത്യസമൂഹങ്ങള്‍ക്ക് ഭീഷണിയല്ല, അവസരമാണ് എന്നര്‍ഥം.
എന്നാല്‍ ഇസ്ലാമിനെക്കുറിച്ചുള്ള ഭയം വര്‍ധിപ്പിക്കുകയും മുസ്ലിംകള്‍ക്കും അവരുടെ അയല്‍ക്കാര്‍ക്കുമിടയില്‍ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്ന നിരന്തരമായ മുസ്ലിം വിരുദ്ധ പ്രചാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, മുന്‍ഗാമികളില്‍ നിന്നും പാരമ്പര്യങ്ങളില്‍ നിന്നും ഇസ്‌ലാമിന്റെ യഥാര്‍ഥബോധ്യത്തെ ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് മുസ്‌ലിംകള്‍ ചെയ്യേണ്ടത്. അഥവാ, മുസ്ലിംകള്‍ തങ്ങളുടെ സോഷ്യല്‍ മെമ്മറി തിരിച്ചുപിടിക്കുകയും ബൗദ്ധികവും രാഷ്ട്രീയവും ധാര്‍മികവുമായ ചരിത്രത്തോടുള്ള ബന്ധം പുനഃസ്ഥാപിക്കുകയും പൊതുസമൂഹത്തിനായി ഇസ്ലാമിന് എന്തുസംഭാവന ചെയ്യാന്‍ കഴിയുമെന്ന് വ്യക്തമാക്കാന്‍ സ്വന്തം പാരമ്പര്യം പുനഃപരിശോധിക്കുകയും ചെയ്യണമെന്നര്‍ഥം.
ആഗോളവല്‍ക്കരണത്തിന്റെ അഭൂതപൂര്‍വമായ വളര്‍ച്ച കാരണം ലോകമെമ്പാടുമുള്ള വിവിധ സാമൂഹിക പരിസ്ഥിതികള്‍ അതിവേഗം വളര്‍ന്നുവരുന്നു. എങ്കിലും ചില പ്രത്യയശാസ്ത്രങ്ങള്‍ വൈവിധ്യത്തെ തങ്ങളുടെ ഏകീകൃത സംസ്‌കാരത്തിന് ഭീഷണിയായി കാണുകയും അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്നത് ഇസ്ലാമിക ദര്‍ശനത്തിന് വിരുദ്ധമാണ്. ധര്‍മ്മവും നീതിയും സമാധാനവുമുള്ള ഒരു സമൂഹത്തിന് അതിന്റെ ശ്രദ്ധാപൂര്‍വ്വമായ നിയന്ത്രണത്തിനുതകുന്ന ഒരു ദൈവദത്തമായ വ്യവസ്ഥയായാണ് നാനാത്വത്തെ മുസ്ലിംകള്‍ മനസ്സിലാക്കുന്നത്. ഒരു എപ്പിഫെനോമെനന്‍(ഉപോല്‍പ്പന്നം) എന്നതിലുപരി, നാനാത്വം ദൈവത്തിന്റെ പരമവും അനന്തവുമായ ശക്തിയെ പ്രതിഫലിപ്പിക്കുന്നു. എല്ലാ സൃഷ്ടികളിലും ദൈവത്തിന്റെ സാന്നിധ്യമുണ്ട്. വിവിധ വ്യക്തികളടങ്ങുന്ന ഒരു സംഘമാണ് നമ്മള്‍, ഒരു കൂട്ടായ സമൂഹമല്ല. എന്നാല്‍ നമ്മെ ഒന്നിച്ച് നിര്‍ത്തുന്ന ഘടകമാണ് ‘നമ്മുടെ മാനവികത'(ആദമിയ്യ).
സാമൂഹികവൈവിധ്യം ദൈവഹിതമാണെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിലൂടെയോ ബഹിഷ്‌കരണത്തിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ നാനാത്വത്തെ ഇല്ലാതാക്കാന്‍ സൃഷ്ടികള്‍ക്ക് കഴിയില്ലെന്നും ഖുര്‍ആന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ ഇസ്ലാമിക സാമൂഹിക ചിന്ത ശ്രമിക്കുന്നത് വൈവിധ്യത്തെ ഉന്മൂലനം ചെയ്യാനല്ല, ഓരോ വ്യക്തിയും തന്റേതായ ഇടത്ത് ആവുന്നതു ചെയ്യുക എന്നതാണ്. മനുഷ്യര്‍ തന്നിഷ്ടത്തോടെ പുനരൂപകല്‍പ്പന ചെയ്യുന്ന മോഡേണ്‍ – പോസ്റ്റ് മോഡേണ്‍ പ്രത്യയശാസ്ത്രങ്ങള്‍ രക്തച്ചൊരിച്ചിലുകള്‍ക്ക് വഴിയൊരുക്കുകയും ദൈവഹിതത്തെ എതിര്‍ക്കുന്നു എന്ന കാരണത്താല്‍ അമ്പേ പരാജയപ്പെടുകയും ചെയ്തു.
ഇസ്ലാമില്‍ നാനാത്വം സാഹോദര്യത്തിന്റെ (ഹുഖൂഖുല്‍ ഉഖുവ്വ) നിയമങ്ങളിലധിഷ്ഠിതമാണ്, പ്രസ്തുത നിയമത്തിന് മൂന്ന് തലങ്ങളുണ്ട്: സാര്‍വത്രിക തലമായ ആദമിയ്യയിലെ സാഹോദര്യവും അടുത്തത് ഇബ്‌റാഹീമിയ്യയിലെ സാഹോദര്യവും മൂന്നാമത്തേത് മുഹമ്മദിയ്യയിലെ സാഹോദര്യവുമാണ്. ഇസ്‌ലാമിക നിയമവും ധാര്‍മികതയും ഇവയോരോന്നിനെയും നിര്‍വചിക്കുന്നുണ്ട്.
സ്വര്‍ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങിവന്ന ആദിമമനുഷ്യനും ദൈവദൂതനും മാനവരാശിയുടെ പിതാവുമായ ആദം(അ)ല്‍ നിന്നാണ് ആദമിയ്യ സാഹോദര്യം. ഇതുപ്രകാരം, എക്കാലത്തേക്കും സകല മനുഷ്യരും ആദമിയ്യയില്‍ സഹോദരങ്ങളാണ്. മറ്റൊരു നിലക്ക് മണ്ണ് എന്ന വസ്തുവിലൂടെയുള്ള സഹോദരന്മാരാണെന്നും (അല്‍ ഉഖുവ്വ ഫിത്തീന്‍) പറയാം. കാരണം എല്ലാ മനുഷ്യരും മണ്ണില്‍ നിന്നാണല്ലോ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
യഹൂദമതം, ക്രിസ്തുമതം, ഇസ്‌ലാം എന്നിവയുടെ പ്രവാചക പിതാവാണ് ഇബ്‌റാഹിം നബിയെന്നും മുസ്ലിംകള്‍ യഹൂദന്മാരുമായും ക്രിസ്ത്യാനികളുമായും വിശ്വാസം, നിയമം, ധാര്‍മികത എന്നിവയില്‍ പൊതുവായ ഒരു ആത്മീയ വംശാവലി പങ്കിടുന്നുണ്ടെന്നുമുള്ള കാര്യം ഇബ്‌റാഹീമിയ്യയിലെ സാഹോദര്യത്തെ ദൃഢപ്പെടുത്തുന്നു.
മുഹമ്മദിയ്യ സാഹോദര്യമെന്നാല്‍, മുഹമ്മദ് നബി ലോകത്തെങ്ങുമുള്ള മുസ്‌ലിം ഉമ്മത്തിന്റെ ആത്മീയ പിതാവാണെന്നതു തന്നെ. എല്ലാ വിശ്വാസികളും സഹോദരീസഹോദരന്മാരാണെന്നും കുലീനതയുടെയും ശ്രേഷ്ഠതയുടെയും മാനദണ്ഡം ദൈവബോധം, ഭക്തി, സമഗ്രത, പുണ്യം(തഖ്‌വ) എന്നിവയാണെന്നും ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. ഇതിലുപരി, പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഉമ്മത്ത് രണ്ട് വിഭാഗങ്ങളാണ്: ഇതിനകം അദ്ദേഹത്തിന്റെ ആഹ്വാനം സ്വീകരിച്ചവരും ആഹ്വാനം ലഭിച്ചു കൊണ്ടിരിക്കുന്നവരുമാണവര്‍. മുസ്‌ലിംകള്‍ ആദ്യ സംഘത്തില്‍പ്പെടുന്നു, ബാക്കി മനുഷ്യരാശി രണ്ടാമത്തേതില്‍ ഉൾപ്പെടുന്നു.
അവസാനമായി, പ്രപഞ്ചസംബന്ധിയായ ഒരു തലം കൂടെയുണ്ട്: ജീവികള്‍ക്കിടയിലെ സാഹോദര്യം. മനുഷ്യര്‍ ഉള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങളും പ്രകൃതിയെന്നോ പ്രപഞ്ചമെന്നോ വിളിക്കാവുന്ന ഒരു കുടുംബമായി രൂപപ്പെടുകയും ഭൗതികവും അധ്യാത്മികവുമായ ഇരുലോകങ്ങളില്‍ നിലനില്‍ക്കുകയും ചെയ്യുന്നു. പാരിസ്ഥിതിക നൈതികതക്ക് അതിപ്രധാനമായ, പ്രകൃതിലോകവുമായുള്ള നമ്മുടെ ബന്ധത്തെ നയിക്കുന്നത് ഈ ഏകീകൃത വീക്ഷണമാണ്.
സാര്‍വത്രിക സാഹോദര്യ നിയമം
ചരിത്രത്തിലുടനീളം മുസ്ലിംകള്‍ മറ്റു മത സമുദായങ്ങളില്‍ നിന്നും അവരുടെ ഭരണത്തിന് കീഴിലുള്ള ന്യൂനപക്ഷങ്ങളില്‍ നിന്നും വിഭിന്നരായപ്പോള്‍ നാനാത്വത്തില്‍ ഐക്യത്തോടെ ജീവിതം നയിക്കാന്‍ അവര്‍ ആദമിയ്യ മാതൃകയെ ആശ്രയിച്ചു. പിന്നീട് ബഹിഷ്‌കരണ പ്രത്യയശാസ്ത്രങ്ങള്‍ക്ക് കീഴില്‍പ്പെട്ട് ആ സങ്കല്‍പ്പത്തിന്റെ അടിസ്ഥാനം നഷ്ടപ്പെട്ടു. ആയതിനാല്‍, ഇനി ലോകത്ത് സമാധാനവും നീതിയും പുലരാനായി മുസ്‌ലിംകള്‍ ചെയ്യേണ്ടത് ആദമിയ്യ അടിസ്ഥാനപ്പെടുത്തിയ ഒരു തുറന്ന നാഗരികതയുടെ ഇസ്‌ലാമിക പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നതാണ്.
ആ പൈതൃകം പുനരാവിഷ്‌കരിക്കണമെങ്കില്‍ അറബി ഭാഷയിലെ ആദമികളുടെ അവകാശങ്ങള്‍ക്കായുള്ള ക്ലാസിക്കല്‍ ഇസ്‌ലാമിക പദങ്ങള്‍ ആദ്യം പരിചയപ്പെടണം. ഈ അവകാശങ്ങളില്‍ ആദമികളുടെ ദിവ്യത(ismat al-adamiyyin), ആദമികളുടെ പവിത്രത (hurmat al-adamiyyin), ആദമികളുടെ മാന്യത (karamat al-adamiyyin) എന്നിവ ഉള്‍പ്പെടുന്നു.
ഈ അവകാശങ്ങളെ ആവശ്യമുള്ളവ(daruriyyat) അല്ലെങ്കില്‍, ശരീഅത്തില്‍ ആവശ്യമുള്ളവ (al-darurah al-shar iyyah) എന്നു വിളിക്കുകയോ നിയമത്തിന്റെ സ്വതസിദ്ധപ്രമാണരീതിയിലുള്ള തത്ത്വങ്ങളായോ(axiomatic principles of law) നിയമത്തിന്റെ സാര്‍വത്രിക തത്ത്വങ്ങളായോ al-kulliyyat al-shariyyah ആയോ വ്യാഖ്യാനിക്കാവുന്നതാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, എല്ലാ മനുഷ്യര്‍ക്കും ലഭിക്കുന്ന അവകാശങ്ങളെ അവരുടെ മാനവികതയുടെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കാന്‍ ക്ലാസിക്കല്‍ ഇസ്‌ലാമിക സാഹിത്യം വിവിധ പദങ്ങള്‍ ഉപയോഗിക്കുന്നു. ഈ അവകാശങ്ങളുടെ വിഭാഗത്തില്‍ ഊന്നിപ്പറയുന്ന ആറ് അവകാശങ്ങള്‍ ഉള്‍പ്പെടുന്നു:
1. ജീവന്റെ പൂര്‍ണാവകാശം (ismat al-nafs or ismat al-dam)
2. മതത്തിന്റെ പൂര്‍ണാവകാശം (ismat al-din)
3. സ്വത്തിന്റെ പൂര്‍ണാവകാശം (ismat al-mal)
4. ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പൂര്‍ണാവകാശം (ismat al-aql)
5. കുടുംബത്തിന്റെ പൂര്‍ണാവകാശം (ismat al-nasl)
6. അഭിമാനത്തിന്റെ പൂര്‍ണാവകാശം (ismat al-ird)
മുസ്ലിംകള്‍ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണോ, അതോ മുസ്‌ലിം രാഷ്ട്രീയത്തിലെ പൗരന്മാരുടെ അവകാശങ്ങള്‍ മാത്രമോ എന്ന ചോദ്യം ഇതുയര്‍ത്തുന്നു. ഇസ്ലാമിക നിയമം ഇവിടെ പ്രധാനമായും രണ്ട് സമീപനങ്ങളാണ് മുന്നോട്ടുവെക്കുന്നത്. ഹനഫി, മാലികി, ഹമ്പലി പണ്ഡിതന്മാരും ചില ഷിയ പണ്ഡിതന്മാരും ഉള്‍പ്പെടെ ഭൂരിപക്ഷം മുസ്ലിം കര്‍മശാസ്ത്രപണ്ഡിതരും ലോകത്തിലെ എല്ലാ മനുഷ്യരുടെയും അവകാശങ്ങള്‍ (al-ismah bi al-Adamiyyah) സംരക്ഷിക്കാന്‍ മുസ്ലിംകള്‍ ബാധ്യസ്ഥരാണെന്ന് ഏകോപിക്കുന്നു.
ഇതിനു വിപരീതമായി, മുസ്ലിം രാഷ്ട്രീയത്തിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ മാത്രമേ മുസ്ലിംകള്‍ ബാധ്യസ്ഥരാവുന്നുള്ളൂ എന്ന ശാഫി പണ്ഡിതന്മാരുടെ ഏകോപനമാണ് രണ്ടാമത്തെ സമീപനം (al-ismah bi al-iman aw bi al-aman). ശാഫിഈ പണ്ഡിതന്മാരെ സംബന്ധിച്ചിടത്തോളം പരസ്പര വിശ്വാസത്തില്‍ നിന്നോ സംരക്ഷണത്തിനായുള്ള മുസ്‌ലിം അധികാരവുമായുള്ള ഉടമ്പടിയില്‍ നിന്നോ ആണ് സമ്പൂര്‍ണാവകാശം ഉടലെടുക്കുന്നത്.
ഇസ്ലാമിക നിയമത്തിന്റെ സാര്‍വത്രിക പ്രയോഗക്ഷമതയെക്കുറിച്ചുള്ള ചോദ്യത്തിലാണ് പ്രധാനമായും കര്‍മശാസ്ത്ര ഭിന്നത പ്രകടമാകുന്നത്. ബഹുഭൂരിപക്ഷം മുസ്‌ലിം കര്‍മശാസ്ത്രപണ്ഡിതരും ഇസ്‌ലാമിക നിയമത്തെ കാണുന്നത് സാര്‍വലൗകികമായും മതത്തിന്റെയോ പൗരത്വത്തിന്റെയോ വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരുടെയും അവകാശങ്ങളും കടമകളും ഉറപ്പുവരുത്തുന്നതായുമാണ്. ഇവിടെയും, ശാഫിഈ മദ്ഹബ് വ്യത്യസ്താഭിപ്രായം പുലര്‍ത്തുകയും ഇസ്‌ലാമിക നിയമം മുസ്‌ലിം രാഷ്ട്രീയത്തിലെ പൗരന്മാര്‍ക്കു മാത്രമാണെന്ന് വാദിക്കുകയും ചെയ്യുന്നു, അതില്‍ വേദക്കാര്‍ (അഹ്ലു കിതാബ്) എന്നറിയപ്പെടുന്ന അബ്രഹാമിക് മതങ്ങളുടെ അനുയായികളും ഉള്‍പ്പെടുന്നു.
ഹനഫികള്‍, മാലികികള്‍, ഹമ്പലികള്‍ എന്നിവര്‍ പ്രതിനിധീകരിക്കുന്ന ആദ്യത്തെ ചിന്താധാര ആദമിയ്യയുമായും ശാഫിഇകള്‍ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ചിന്താധാര ഇബ്രാഹിമിയ്യ സംജ്ഞയോടും താദാത്മ്യം പുലര്‍ത്തുന്നതാണ്. ആദ്യ സംജ്ഞ ആദമിന്റെ എല്ലാ സന്തതികള്‍ക്കും അവരുടെ മതമോ പൗരത്വമോ പരിഗണിക്കാതെ സാര്‍വത്രികമായി അവകാശങ്ങള്‍ നല്‍കുമ്പോള്‍ രണ്ടാമത്തെ ചിന്താധാര മുസ്‌ലിം രാഷ്ട്രത്തിലെ പൗരന്മാരായ അബ്രഹാമിക് മതങ്ങളുടെ അനുയായികള്‍ക്ക് മാത്രമേ അവകാശങ്ങള്‍ അനുവദിക്കൂ. ഇസ്ലാമിക നിയമത്തിലെ അവകാശങ്ങളെക്കുറിച്ചുള്ള ഈ രണ്ട് നിലപാടുകളും ആധുനിക കര്‍മശാസ്ത്രത്തിലെ, സാര്‍വത്രിക മനുഷ്യാവകാശങ്ങളുടെ വക്താക്കളും ഒരു രാജ്യത്തിനുള്ളിലെ ഭരണഘടനാപരമായ പൗരാവകാശങ്ങളുടെ വക്താക്കളും തമ്മിലുള്ള ഭിന്നതയുമായി താരതമ്യപ്പെടുത്താവുന്നതാണ്.
ഹനഫി, മാലികി, ഹമ്പലി ധാരകളില്‍ നിന്നുള്ള കര്‍മശാസ്ത്രജ്ഞര്‍ ആദമിയ്യയും മനുഷ്യാവകാശവും തമ്മിലുള്ള ബന്ധത്തെ എങ്ങനെ നോക്കിക്കാണുന്നുവെന്ന് തങ്ങളുടെ ഗ്രന്ഥങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, പതിനൊന്നാം നൂറ്റാണ്ടിലെ ഹനഫി പണ്ഡിതന്‍ അസ്സര്‍കശി (വഫാത്ത് ക്രി. 1090) സാര്‍വത്രിക മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള തന്റെ മദ്ഹബിന്റെ വീക്ഷണം ഇങ്ങനെ വിശദീകരിക്കുന്നു: ”മനുഷ്യരെ സൃഷ്ടിച്ചപ്പോള്‍ ദൈവം അവര്‍ക്ക് ബുദ്ധിയും ഉത്തരവാദിത്തത്തോടുകൂടിയുള്ള നിയമപരമായ വ്യക്തിത്വവും അനുഗ്രഹപൂര്‍വം നല്‍കി. ഈ യോഗ്യതയോടെ മനുഷ്യരെ സജ്ജീകരിച്ചതിന്ന് പിന്നിലെ ലക്ഷ്യം സൃഷ്ടാവിനോടുള്ള ബാധ്യതകള്‍ നിറവേറ്റാന്‍ അവര്‍ ബാധ്യസ്ഥരാണെന്നുള്ളതാണ്. തുടര്‍ന്ന് ദൈവിക വിശ്വാസത്തിന്റെ ഭാഗമായ കടമകള്‍ നിര്‍വഹിച്ച് സുഗമമായ ജീവിതം നയിക്കാന്‍ വേണ്ടി പൂര്‍ണാവകാശം, സ്വാതന്ത്ര്യം, സ്വത്ത് എന്നിവയ്ക്കുള്ള അവകാശവും അവൻ അവര്‍ക്കു നല്‍കി. ദൈവിക വിശ്വാസവും സ്വാതന്ത്ര്യവും സ്വത്തും വഹിക്കാനുള്ള ഈ അവകാശങ്ങള്‍ മനുഷ്യന്‍ ജനിക്കുമ്പോള്‍ തന്നെ അവനോടൊപ്പം നിലനില്‍ക്കുന്നു. ഭ്രാന്തന്‍/കുട്ടി, വിവേകമുള്ളവര്‍/മുതിര്‍ന്നവര്‍ എന്നിവര്‍ ഈ അവകാശങ്ങളുടെ കാര്യത്തില്‍ ഒരുപോലെയാണ്. ഇങ്ങനെയാണ് ഉത്തരവാദിത്തപൂര്‍ണനായ ഒരു മനുഷ്യനെ അവന്‍ സൃഷ്ടിക്കുന്നത്.’
ആദം സന്തതികളുടെ പൂര്‍ണാവകാശത്തെ പ്രകൃതിദത്തവും മൗലികവുമായത് (al-ismah li al-adami asl) എന്നാണ് സര്‍ഖശി വിവരിക്കുന്നത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, സാധുവായ ഒരു കാരണം കൊണ്ടല്ലാതെയുള്ള അലംഘനീയത ഡിഫാക്ടോ കേസാണ്.
പ്രസിദ്ധ ഹനഫി പണ്ഡിതനായ ഇബ്‌നു ആബിദീന്‍ (വഫാത്ത് ക്രി. 1836) പറയുന്നത് ഒരു മനുഷ്യന്‍ അമുസ്‌ലിമാണെങ്കിലും അവന് നിയമപരമായ പവിത്രതയുണ്ടെ(കറാമത്ത്)ന്നാണ്. മറ്റൊരു ഹനഫി പണ്ഡിതന്‍ അല്‍ മയ്ദാനി (വഫാത്ത് ക്രി. 1881)യുടെ വീക്ഷണപ്രകാരം ഒരു സ്വതന്ത്ര വ്യക്തി തന്റെ അസ്തിത്വത്തില്‍ തന്നെ അവകാശമുള്ളവനാണ്. ഇബ്നു മാസായുടെ അഭിപ്രായം ഒരു മനുഷ്യന്‍ ജീവിച്ചിരുന്നാലും മരിച്ചാലും ആദരവര്‍ഹിക്കുന്നു (Al-Adami muhtaram hayyan wa mayy-itan) എന്നാണ്.
സാര്‍വത്രിക മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള മാലികീ വീക്ഷണം അബൂ അബ്ദുല്ലാഹ് മുഹമ്മദ് അഹ്‌മദ് അലീശ് പറയുന്നു:’മനുഷ്യന് അവരുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരു ദേശത്തെക്കാള്‍ അഭികാമ്യം ദൈവത്തിന്റെ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഒരു ദേശമാണ്’. അലാഉദ്ദീന്‍ അല്‍ മര്‍ദാവി (വഫാത്ത് ക്രി. 1480) സാര്‍വത്രിക മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ഹമ്പലി വീക്ഷണം വിശദീകരിക്കുന്നു: ‘ദൈവിക അവകാശങ്ങളുടെ ലംഘനം മാനസാന്തരത്തോടെ നീങ്ങിപ്പോവും, എന്നാല്‍ അനീതിയുടെ അടയാളങ്ങള്‍ നീക്കം ചെയ്യുമ്പോഴേ മനുഷ്യാവകാശ ലംഘനം ഇല്ലാതാവുകയുള്ളൂ’.
അബ്രഹാമിക് മതഗ്രന്ഥത്തിന്റെ ആളുകള്‍ക്ക് (അഹ്‌ലുകിതാബിന്) ഇസ്‌ലാം മതകീയ സ്വാതന്ത്ര്യവും അടിസ്ഥാന മനുഷ്യാവകാശങ്ങളും തുല്യമായി നല്‍കുന്നുവെന്നത് പ്രസിദ്ധമാണ്. എന്നാല്‍ സൊറോസ്ട്രിയക്കാര്‍, ബുദ്ധമതക്കാര്‍, ഹിന്ദുക്കള്‍, വിജാതീയര്‍(pagans) തുടങ്ങിയ അബ്രഹാമിക് മതങ്ങള്‍ക്കു പുറത്തുള്ള ആളുകളോട് ഇസ്ലാം എങ്ങനെ പെരുമാറുന്നു എന്നതില്‍ അല്‍പജ്ഞരാണ് പലരും. അബ്രഹാമിക് പദവി പരിഗണിക്കാതെ എല്ലാ ആളുകള്‍ക്കും അനുവദിച്ചിട്ടുള്ള സാര്‍വത്രിക മനുഷ്യാവകാശങ്ങളെ കേന്ദ്രീകരിച്ചാണ് ഹനഫി, മാലികി, ഹമ്പലി വീക്ഷണങ്ങളെന്ന് താരിഖ് ശഅ്‌റാവി തന്റെ ഡോക്ടറല്‍ പ്രബന്ധത്തില്‍ സ്ഥാപിക്കുന്നു. ഇന്ത്യയിലെ മുഗള്‍ ഭരണത്തിന് കീഴിലുള്ള ഹിന്ദുക്കളുടെയും ബുദ്ധമതക്കാരുടെയും മുസ്‌ലിം ഭരണത്തിന് കീഴില്‍ ജീവിച്ചിരുന്ന ഇറാനിലെ സൊറോസ്ട്രിയക്കാരുടെയും മൗറിത്താനിയയിലെ വിജാതീയരുടെയും അനുഭവങ്ങളെക്കുറിച്ച് ശഅ്‌റാവി പഠനം നടത്തുകയും ഈ ന്യൂനപക്ഷ സമുദായങ്ങള്‍ നൂറ്റാണ്ടുകളായി ആദമീയ മാതൃകക്ക് കീഴില്‍ അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ ആസ്വദിച്ചിരുന്നുവെന്നത് തെളിയിക്കുകയും ചെയ്യുന്നു.
ഇസ്‌ലാമിനെ നിഷേധിക്കുന്നവരെ ഇസ്‌ലാമിക നിയമം സംരക്ഷിക്കുന്നുണ്ടോ?
അല്ലാഹുവിന്റെ അന്തിമ മതം (ഇസ്‌ലാം), അവന്റെ അന്തിമ ദൂതന്‍ (മുഹമ്മദ്), അവന്റെ ഗ്രന്ഥം (ഖുര്‍ആന്‍) എന്നിവയെപ്പോലും നിഷേധിക്കുന്നവരടങ്ങുന്ന മനുഷ്യസമൂഹത്തിനുള്ള മനുഷ്യാവകാശങ്ങളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങളുയരാറുണ്ട്. ദൈവത്തെയും മുഹമ്മദ് നബിയെയും നിഷേധിച്ചവര്‍ക്ക് എന്തുകൊണ്ട് സ്വാതന്ത്ര്യവും മനുഷ്യാവകാശവും നല്‍കി? ഇസ്‌ലാമിനെ തള്ളിപ്പറഞ്ഞവരെ എന്തിനാണ് ഇസ്‌ലാമിക നിയമം സംരക്ഷിക്കുന്നത്?
പ്രപഞ്ചത്തിന്റെയും അതിലെ നിവാസികളുടെയും പറുദീസയുടെയും നരകാഗ്നിയുടെയും സൃഷ്ടിപ്പിന്റെ പിന്നിലെ കാരണങ്ങളാണ് അതിനുള്ള ഉത്തരങ്ങള്‍. ഭൂമിയിലെ മനുഷ്യരെയും അവരുടെ പ്രവര്‍ത്തനങ്ങളെയും പരീക്ഷിക്കാനും ഒടുവില്‍ ഓരോ വ്യക്തിക്കും പ്രതിഫലമോ ശിക്ഷയോ നല്‍കാനും വേണ്ടിയാണ് ദൈവത്തിന്റെ സൃഷ്ടികള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്, എന്നാല്‍ അവര്‍ പൂര്‍ണ സ്വാതന്ത്ര്യവും അവകാശവും ആസ്വദിക്കുകയാണെങ്കില്‍ മാത്രമേ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അവര്‍ ഉത്തരവാദികളാകൂ. സ്വയം തെരഞ്ഞെടുപ്പാവകാശമുള്ളവര്‍ തെറ്റായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ശരിയായ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുക്കുമ്പോൾ മാത്രമേ പ്രതിഫലം അര്‍ഹിക്കുന്നുള്ളൂ. അതുപോലെ, സ്വയം തെരഞ്ഞെടുപ്പാവകാശമുള്ളവര്‍ ശരിയായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാകുമ്പോള്‍ തെരഞ്ഞെടുത്ത തെറ്റായ പ്രവൃത്തികള്‍ മാത്രമേ ശിക്ഷയും അര്‍ഹിക്കുന്നുള്ളൂ. സമ്പൂര്‍ണ സ്വാതന്ത്ര്യമില്ലെങ്കില്‍ മനുഷ്യര്‍ക്കുള്ള പറുദീസയും നരകാഗ്നിയും അര്‍ഥരഹിതമാണ്. ആയതിനാല്‍, ഇസ്ലാമിക രാഷ്ട്രീയവും നിയമവും വ്യക്തികള്‍ക്ക് സ്വതന്ത്രമായ തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ അവസരം ലഭിക്കുന്ന സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു, അതുവഴി പരലോകത്ത് അവരുടെ തെരഞ്ഞെടുപ്പുകള്‍ക്ക് അവര്‍ അര്‍ഥപൂര്‍ണമായി ഉത്തരവാദികളാകും. മുകളില്‍ പറഞ്ഞിരിക്കുന്ന ആറ് മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നടപ്പിലാക്കാന്‍ ഇസ്‌ലാമിക നിയമം അധികാരമുപയോഗിക്കുന്നു. അത് ജനങ്ങളുടെ വിശ്വാസത്തെയും സര്‍വശക്തനായ ദൈവവുമായുള്ള അവരുടെ ബന്ധത്തെയും നിയന്ത്രിക്കുന്നില്ല. എന്നിരുന്നാലും വിശുദ്ധ ഖുര്‍ആനും ഹദീസുകളും അന്ധവിശ്വാസങ്ങളെയും മറ്റു വിശ്വാസങ്ങളിലെ അന്യായമായ നടപ്പുകളെയും വിമര്‍ശിക്കുകയും കൃത്യമായ ബദല്‍ വിശ്വാസമാര്‍ഗം മുന്നോട്ടുവെക്കുകയും താല്‍പര്യപൂര്‍വം ഇസ്‌ലാം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുകയും ചെയ്യുന്നു.
എല്ലാവരെയും ആദമിയ്യയിലൂടെ ഇബ്‌റാഹിമിയ്യയിലൂടെയോ സഹോദരതുല്യരായി കാണുന്നവരാണ് മുസ്‌ലിംകള്‍. ക്ലാസിക്കല്‍ ഇസ്ലാമിക – ധാര്‍മിക – നിയമ – രാഷ്ട്രീയ സാഹിത്യങ്ങള്‍ വിശദമായി പ്രതിപാദിക്കുന്ന ഈ വീക്ഷണം ഇന്ത്യ മുതല്‍ ബാല്‍ക്കണ്‍, ആഫ്രിക്കവരെ വ്യാപിച്ചുകിടക്കുന്ന വലിയ ഒരു മേഖലയില്‍ മുസ്ലിം നാഗരികതയെ കൊണ്ടെത്തിച്ചു. ഇബ്നു ഖല്‍ദൂന്‍ അഭിപ്രായപ്പെടുന്നതുപോലെ, ജലത്തിന് ജലവുമായി സാമ്യമുള്ളതിനേക്കാള്‍ ഭാവിക്ക് ഭൂതകാലത്തിനോട് സമാനതയുണ്ട്. മുസ്ലിംകള്‍ ഏറ്റവും മികച്ച രീതിയില്‍ ആദമിയ്യ, ഇബ്രാഹിമിയ്യ, മുഹമ്മദിയ്യ എന്നീ സാഹോദര്യാധിഷ്ഠിതമായ ഒരു തുറന്ന നാഗരികതയും വൈവിധ്യവും വളര്‍ത്തിയെടുത്തിരുന്നു. ക്ലാസിക്കല്‍ രാഷ്ട്രീയപാരമ്പര്യത്തില്‍ അടിയുറച്ചവരും ഇസ്ലാമിക കര്‍മശാസ്ത്രത്തില്‍ വേരൂന്നിയവരുമായ മുസ്ലിംകള്‍ക്ക് ഈ ഐക്യബോധം ഒരിക്കല്‍ കൂടി ലോകത്തിനു നല്‍കാനുള്ള ശ്രമങ്ങളുണ്ടാവേണ്ടതുണ്ട്. അങ്ങനെ പാശ്ചാത്യ സമൂഹങ്ങളിലെ ഇസ്ലാമിന്റെ വളര്‍ച്ചയെ ലോകത്തിലെ വൈവിധ്യത്തിന്റെ സുസ്ഥിരതക്കുള്ള അവസരമായി കാണണം.
വിവ. രീഹ സഹ്‌റാവിയ്യ പുറക്കാട്ടിരി