Campus Alive

വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ അടയാളമാണ് പൗരത്വ വിരുദ്ധ പ്രക്ഷോഭം

(ഗ്രന്ഥകാരനും മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ സീനിയർ റിസർച്ച് ഫെലോയുമായ ഇർഫാൻ അഹ്മദുമായി പിപി ജസീം നടത്തിയ അഭിമുഖം)


പി പി ജസീം: പൗരത്വ പ്രക്ഷോഭം ഭരണഘടനാ മൂല്യങ്ങൾക്ക് വേണ്ടിയുള്ള സമരം  മാത്രമായിരുന്നോ? അല്ലെങ്കിൽ അതിലുപരിയായി മറ്റെന്തെങ്കിലും? താങ്കൾ എങ്ങനെയാണ് നോക്കികാണുന്നത്?

ഇർഫാൻ അഹ്മദ്: പൗരത്വ പ്രക്ഷോഭം ഭരണഘടനാ മൂല്യങ്ങൾക്ക്  വേണ്ടിയുള്ള  സമരമായിരുന്നുവെങ്കിലും അതിൽ മാത്രം ഒതുങ്ങുന്നതല്ല അത്. മതപരമായ വിവേചനം സൃഷ്ടിക്കുന്ന പുതിയ പൗരത്വ ഭേദഗതി നിയമം മുസ്‌ലിങ്ങളുടെ അടിസ്ഥാനപരമായ രാഷ്ട്രീയ അസ്തിത്വത്തെയാണ് ചോദ്യം ചെയ്യുന്നത്. പലരും പ്രസ്താവിച്ചത് പോലെ, ഉൾകൊള്ളലിന് (Inclusion) വേണ്ടിയുള്ള മുന്നേറ്റം കൂടി ആയിരുന്നു പൗരത്വ പ്രക്ഷോഭം; ഇന്ത്യ എന്ന ദേശ-രാഷ്ട്രത്തിന്റെ ഉദ്ദേശലക്ഷ്യം വിപുലീകരിക്കുന്ന ഒന്നായിരുന്നു അത്; വിശിഷ്യാ ഇന്ത്യൻ രാഷ്ട്രീയവും നിയമങ്ങളും ഹിന്ദുക്കളെ പ്രീണിപ്പിക്കുന്ന തരത്തിൽ മാറിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ. പ്രക്ഷോഭത്തിന്റെ മുൻനിരയിൽ മുസ്‌ലിം സ്ത്രീകളായിരുന്നു എന്നത് എടുത്തു പറയേണ്ട വസ്തുതയാണ്. പ്രക്ഷോഭകർക്കു നേരെ ഹിന്ദുത്വ ആക്ടിവിസ്റ്റുകൾ നിരന്തരം പ്രകോപനങ്ങളും വെടിയുതിർക്കലുകളും നടത്തിയിട്ടും സമാധാനപരമായിരുന്നു സമരം. സൃഷ്ടിപരതയും വ്യതിരിക്തതയുമുള്ള ഭാഷ നിർമിക്കാൻ പ്രാപ്തിയുള്ള യുവാക്കളുടെ ഒരു പുത്തൻ തലമുറ ഉയർന്നു വന്നു എന്നതും എടുത്തു പറയേണ്ട വസ്തുതയാണ്.

രാജ്യത്താകമാനം പടർന്നു പന്തലിച്ച പൗരത്വ പ്രക്ഷോഭം അല്ലെങ്കിൽ ഷഹീൻ ബാഗിന്റെ ഭാവാർത്ഥം ഇടതുപക്ഷം അടക്കമുള്ള രാഷ്ട്രീയ പാർട്ടികൾ പ്രതിനിധാനം ചെയ്യുന്ന കക്ഷിരാഷ്ട്രീയത്തിന് തന്നെ എതിരായുള്ള ഏറ്റവും വലിയ രാഷ്ട്രീയ മുന്നേറ്റമായിരുന്നു.

നിലനിൽക്കുന്ന നിറംമങ്ങിയ രാഷ്ട്രീയത്തിന് പകരമായി ഉദയം ചെയ്യാൻ പോകുന്ന രാഷ്ട്രീയത്തിന്റെ തുടക്കമായിരുന്നു അത്. വരാനിരിക്കുന്ന രാഷ്ട്രീയത്തിന്റെ അടയാളമാണ് അതിനാൽ പൗരത്വ വിരുദ്ധ പ്രക്ഷോഭം.

ജസീം: പൗരത്വ പ്രക്ഷോഭവുമായി ബന്ധപ്പെടുത്തി കക്ഷി രാഷ്ട്രീയത്തെ വിശദീരിക്കാമോ?

ഇർഫാൻ അഹ്മദ്: നിലനിൽക്കുന്ന രാഷ്ട്രീയം എന്നത് ഒട്ടും പുതുമയില്ലാത്ത കുറേയധികം ദ്വന്ദങ്ങളാണ്; കോൺഗ്രസ്സും ബിജെപി-ആർഎസ്എസ്സും, മോദിയും-നെഹ്‌റുവും, യോഗി ആദിത്യനാഥും ശശി തരൂരും തുടങ്ങിയ ഇത്തരം ഒട്ടനവധി ദ്വന്ദങ്ങൾ കോൺഗ്രസ്-ബിജെപി എന്നതിനെ എതിർ ചേരികളായും ചിലപ്പോൾ ശത്രുക്കളായും ചിത്രീകരിക്കുമെങ്കിലും യാഥാർത്ഥ്യം അങ്ങനെയല്ല.

മുൻപ് ഞാൻ  പറഞ്ഞിട്ടുള്ളത് പോലെ, മോദിയുടെയും ബിജെപിയുടെയും വംശീയമായ  മുസ്‌ലിം വിരുദ്ധ ജനാധിപത്യം എന്നത് നെഹ്റൂവിയൻ എന്ന് പറയപ്പെടുന്ന മതേതരത്വത്തിൽ നിന്നുള്ള വ്യതിയാനമല്ല, മറിച്ച് അതൊരു തുടർച്ച മാത്രമാണ്. ഇന്ത്യ എന്ന ജനാധിപത്യ റിപ്പബ്ലിക്ക് രാഷ്ട്രത്തിന്റെ ജനനം മുതൽ തന്നെ തുടക്കം കുറിക്കപ്പെട്ട ഹൈന്ദവ രാഷ്ട്രീയത്തിന്റെ കൂടുതൽ ശക്തമായ ഒരു വകഭേദമാണതെന്ന് മാത്രം. മൂന്നുകാരണങ്ങൾ ഉണ്ട് അതിന്.

ഒന്നാമതായി, മതേതരത്വം എന്ന പദം ഭരണഘടനയിൽ കൂട്ടിച്ചേർക്കപ്പെട്ടത് നെഹ്‌റുവിന്റെ മരണശേഷം 1970 ന്റെ പകുതിയിൽ മാത്രമാണ്. നെഹ്‌റു ജീവിച്ചിരുന്നപ്പോൾ ഇന്ത്യയെ  ഭരണഘടനാപരമായി മതേതരമാക്കാൻ ഒരു നടപടിയും  സ്വീകരിച്ചിരുന്നില്ല. രണ്ടാമതായി, ഭരണഘടനാ നിർമ്മാണ സമിതിയിലെ ചർച്ചക്കിടയിൽ മതന്യൂനപക്ഷങ്ങൾ  നിയമസഭയിൽ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് പറയുകയും ‘ഭൂരിപക്ഷത്തിന്റെ നിഷ്ഠൂരവാഴ്ച’ക്കെതിരെ ശബ്ദമുയർത്തുകയും ചെയ്തപ്പോൾ നെഹ്‌റു അതിനെ എതിർക്കുകയാണുണ്ടായത്. പകരം, അദ്ദേഹം ‘(ഹൈന്ദവ)ഭൂരിപക്ഷത്തിന്റെ താല്പര്യത്തിന്’ ഒപ്പമാണ് നിലകൊണ്ടത്. അവസാനമായി, 1950-ലെ ദലിതുകൾ മതം മാറി ക്രിസ്ത്യാനികളോ മുസ്‌ലിങ്ങളോ ആയാൽ സംവരണ ആനുകൂല്യം ഇല്ലാതാകുമെന്ന പ്രസിഡന്റിന്റെ ഓർഡിനൻസാണ്. തൻവീർ ഫസലിനെ പോലെയുള്ള വിദഗ്‌ധർ ഇതിനെ അപഗ്രഥിച്ചു കൊണ്ട് എഴുതിയിട്ടുണ്ട്. ഈ ഉത്തരവ് നെഹ്‌റു മത സ്വാതന്ത്ര്യത്തിന്റെ കാവൽക്കാരനല്ല എന്നും ഇന്ത്യയെ മുഖ്യമായും ഹൈന്ദവമായാണ് അദ്ദേഹം വീക്ഷിച്ചത് എന്നുമാണ് തെളിയിക്കുന്നത്. സമാനമായി, നെഹ്‌റു അധികാരത്തിൽ ഇരിക്കുമ്പോഴാണ് ബാബരി വിഷയം ആദ്യമായി ഉയർന്നു പൊങ്ങുന്നത്. പക്ഷേ, അദ്ദേഹം അതിലും ഒന്നും ചെയ്തില്ല. ഇനിയും ഇതുപോലെ ഒരുപാട് പറയാൻ സാധിക്കും.

വിശാലമായ ഈയൊരു ചരിത്രത്തിന്റെ പിൻബലത്തിൽ വീക്ഷിക്കുമ്പോൾ ഷഹീൻ ബാഗ് രാഷ്ട്രീയം എന്നത് കേവലം ബിജെപി വിരുദ്ധമെന്നോ കോൺഗ്രസിനെയോ മറ്റു ‘മതേതര’ കക്ഷികളെയോ പുകഴ്ത്തുന്ന ഒന്നാണെന്നോ പറയാൻ കഴിയില്ല. ഈയൊരു വീക്ഷണ കോണിൽ നിന്ന് നോക്കുമ്പോൾ സത്യസന്ധമായ തിരഞ്ഞെടുക്കലിന് വകനൽകാത്ത കക്ഷിരാഷ്ട്രീയത്തിന് എതിരായ ‘രാഷ്ട്രീയ വിരുദ്ധ’ മുന്നേറ്റമായിരുന്നു അത് എന്ന് പറയാം.

ജസീം: പ്രക്ഷോഭം കക്ഷി രാഷ്ട്രീയത്തിന് എതിരായിരുന്നു എങ്കിൽ, മാതൃകാപരമായ മറ്റെന്തിനു വേണ്ടിയാണ് അത് നിലകൊണ്ടത്?

ഇർഫാൻ അഹ്മദ്: ഇന്ത്യ ഇതുവരെ കാണാത്ത വരാനിരിക്കുന്ന ഒരു പുതിയ രാഷ്ട്രീയത്തിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. കാവ്യസാഹിത്യം ഈ രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്നു. ഷഹീൻ ബാഗിലും മറ്റിടങ്ങളിലും കവിതകൾ വളരെ പ്രാധാന്യമുള്ള ഒന്നായിരുന്നു. ലിബറൽ, സഹിഷ്ണുതയുള്ള വ്യക്തി എന്നെല്ലാം വിശേഷണങ്ങളുള്ള വാജ്‌പേയിയെ പോലെയുള്ളവർക്കെതിരെ ആയിരുന്നു ഷഹീൻബാഗിലെ കവിതകൾ. വാജ്‌പേയി രചിക്കുകയും ആലപിക്കുകയും ചെയ്ത ഒരു കവിതയുണ്ട്; “हिन्दूतन-मन, हिन्दूजीवन, रग-रगहिन्दूमेरापरिचय!”

‘എന്റെ മനസ്സും ശരീരവും ഹിന്ദുവാണ്. എന്റെ ജീവനും. എന്റെ ഓരോ  നാഡിയും ഹിന്ദുവാണ്. എന്റെ ഒരേയൊരു സ്വത്വവും ഹിന്ദു തന്നെ’ എന്ന് വേണമെങ്കിൽ ഈ കവിതയെ തർജ്ജമ ചെയ്യാം.

ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം കേവലം വാജ്‌പേയിയുടെ ഹൈന്ദവത മാത്രമല്ല -ആളുകൾക്ക് അവരുടെ മതം പിൻപറ്റുന്നതിനും പ്രദർശിപ്പിക്കുന്നതിനും സ്വാതന്ത്ര്യമുണ്ട്- പക്ഷേ ഇവിടെ വാജ്‌പേയി അദ്ദേഹത്തിന്റെ ഒരേയൊരു സ്വത്വം ഹിന്ദു ആണെന്ന് പറയുകയാണ്. അദ്ദേഹത്തിന്റെ സുദീർഘമായ കവിത ‘ജനാധിപത്യ വിദ്വേഷത്തിന്റെയും’ വംശീയ രാഷ്ട്രീയത്തിന്റെയും ശക്തമായ ഉദാഹരണമാണ്. അത് ഹൈന്ദവതയുടെ ‘അപാരമായ സഹിഷ്ണുതയെയും’ ഇസ്‌ലാമിന്റെ ‘മതഭ്രാന്തിനെയും’ വിവരിക്കുന്നു. വാജ്‌പേയിയുടെ കവിത  അതുകൊണ്ടു തന്നെ മതിലുകൾ അഥവാ അതിരുകൾ പണിയുന്ന ഒന്നായി വേണം മനസ്സിലാക്കാൻ. ഇത്തരത്തിലുള്ള ഇടുങ്ങിയ വിദ്വേഷം നിറഞ്ഞ മറ്റൊരു കവിയെയും എനിക്കറിയില്ല; ഫിറാഖ് ഗോരഖ്‌പുരി, ജഗന്നാഥ് ആസാദ്, കൃഷ്ണ ബിഹാരി തുടങ്ങിയ ഉറുദു കവികൾ പ്രസിദ്ധരായ ഹിന്ദു കവികൾ കൂടിയായിരുന്നു.

വാജ്‌പേയിയുടെ കവിതക്ക് വിരുദ്ധമായി, ഷഹീൻ ബാഗിലെ കവിതകൾ ഒത്തൊരുമയുടെയും ഐക്യദാർഢ്യത്തിന്റെയും ഏകീകരണത്തിന്റെയും സന്ദേശം ഉള്ളവയായിരുന്നു; ഒപ്പം ദേശീയതയുടെ വിദ്വേഷവും യുദ്ധക്കൊതിയും നിറഞ്ഞ ഇരുണ്ട വശം തുറന്നു കാട്ടുന്നവ കൂടിയായിരുന്നു. എല്ലാ ദേശങ്ങളിലും എല്ലാ കാലത്തും രക്തം ചിന്താൻ ഇടവരുത്തിയ ഭ്രാന്തമായ ദേശീയതയുടെ പേരിൽ കെട്ടിപ്പൊക്കിയ അതിരും മതിലും തകർക്കുന്നവ കൂടിയായിരുന്നു അത്.

വാജ്പേയി

നിങ്ങൾക്കറിയാവുന്ന പോലെ, ഷഹീൻ എന്നാൽ പരുന്ത് എന്നാണർത്ഥം. ആകാശത്തു നിന്നും ഭൂമിയിലേക്ക് നോക്കിയാൽ മനസിലാക്കാം, മാനവികതയെ കൊല്ലുന്ന രാഷ്ട്രീയ പ്രഭുക്കന്മാരുടെ ‘താല്പര്യങ്ങൾക്ക്’ വേണ്ടി നിർമിച്ച ദേശത്തിന്റെ അതിർത്തികൾ വകവെക്കാതെയാണ് പരുന്തുകൾ പറക്കുക. അത് മനുഷ്യരുടെ മേൽ മതത്തിന്റെ പേരിൽ വിവേചനം കാണിക്കുകയുമില്ല. ഷഹീൻ ബാഗിലെ സമരഭൂമിയിൽ എല്ലാ മതസ്ഥരും ഉണ്ടായിരുന്നു. ഹിന്ദുക്കൾ മന്ത്രങ്ങൾ ജപിച്ചിരുന്നപ്പോൾ ക്രിസ്ത്യാനികളും മുസ്‌ലിങ്ങളും അവരുടെ മത ഗ്രന്ഥങ്ങൾ വായിച്ചു കൊണ്ടിരുന്നു.

അതുകൊണ്ട്, പൗരത്വ പ്രക്ഷോഭത്തിന്റെ ബോധവും ബോധശക്തിയും ഇസ്‌ലാമികമായിരുന്നു. വംശീയ ദേശീയതക്കും കോർപ്പറേറ്റ് ജനാധിപത്യത്തിനും ഭാവനാരഹിതരും കേവല ദല്ലാളുകളുമായ നേതൃത്വങ്ങൾക്കുമെതിരെയുള്ള ശക്തമായ ശബ്ദമായിരുന്നു അത്.

ജസീം: പ്രക്ഷോഭത്തിലെ ശക്തമായ മുസ്‌ലിം സ്വത്വത്തിന്റെ പ്രകാശനത്തെ പലരും വർഗീയത ആയാണ് കണ്ടത്. ശശി തരൂർ ‘ലാ ഇലാഹ ഇല്ലല്ലാഹ്’ എന്ന മുദ്രാവാക്യത്തെ വർഗീയം എന്ന് വിമർശിച്ചിരുന്നു. എങ്ങനെയാണ് താങ്കൾ ഇതിനെ നോക്കികാണുന്നത്?

ഇർഫാൻ അഹ്മദ്: ഞാൻ ഇതുവരെ വിശദീകരിച്ചതിന്റെ വെളിച്ചത്തിൽ നോക്കുമ്പോൾ തരൂരിന്റെ വാദത്തിൽ ഒട്ടും അതിശയോക്തിയില്ല. അദ്ദേഹത്തിന്റെ ഭീരുത്വം നിറഞ്ഞ പ്രസ്താവന വിശാലമായ ഭൂരിപക്ഷ  വംശീയ രാഷ്ട്രീയത്തിന്റെയും അത് കൈകാര്യം ചെയ്യാനുള്ള നിപുണതയെയും ആണ് തുറന്നു കാട്ടുന്നത്.

2014 ലെ മോദി മന്ത്രിസഭയുടെ അധികാരാരോഹണച്ചടങ്ങിൽ ഹിന്ദു സന്ന്യാസിമാർ ജയ് ശ്രീറാം എന്ന മുദ്രാവാക്യം ഉയർത്തിയപ്പോൾ തരൂർ അതിനെ എതിർത്തോ എന്നാണ് ഞാൻ അദ്ദേഹത്തോട് ചോദിക്കുന്നത്. അദ്ദേഹം ചെയ്തോ എന്നെനിക്കറിയില്ല. ചെയ്തില്ല എങ്കിൽ എന്തടിസ്ഥാനത്തിൽ ആണ് ‘ലാ ഇലാഹ ഇല്ലല്ലാഹ’യെ അദ്ദേഹം എതിർക്കുന്നത്? മറ്റൊരു വ്യത്യാസം, ഭരണം കയ്യാളുന്നവരല്ല സമര സ്ഥലത്ത് ലാ ഇലാഹ ഇല്ലല്ലാഹ് ഉയർത്തിയത്, പക്ഷേ ഭരണഘടനാപരമായ ഭരണം കയ്യാളുന്നവർ ആണ് ഒരു സർക്കാർ ചടങ്ങിൽ ‘ജയ് ശ്രീ റാം’ ഉയർത്തിയത്. തരൂരിനെ പോലെയുള്ള ലിബറലുകളെ സംബന്ധിച്ചിടത്തോളം ജയ് ശ്രീ റാം സ്വാഭാവികവും ല ഇലാഹ ഇല്ലല്ലാഹ് അങ്ങനെയല്ല എന്നതുമാണ്. ഇസ്‌ലാമിക ചിഹ്നങ്ങളെ ഒരു രോഗലക്ഷണമായി കാണുന്ന തരൂരിനെ പോലെയുള്ള ആളുകളുടെ പ്രവണത ഇന്ത്യൻ ദേശീയതയിലും രാഷ്ട്രീയത്തിലും നിർലോഭം കാണാൻ കഴിയുന്ന അസുഖത്തിന്റെ ലക്ഷണമാണ്.

ഇർഫാൻ അഹ്മദ്

സിദ്ധാർഥ് എന്ന ഒരു ട്വിറ്റർ അക്കൗണ്ടിൽ ഒരിക്കൽ കാണാൻ ഇടയായി; ‘നല്ല ഭാഷാ പ്രാവീണ്യമുള്ള ഒരു ശരാശരി ഇസ്‌ലാമോഫോബിക് ആയ ഹിന്ദു ലിബറൽ ആണ് തരൂർ’ എന്ന്. ആത്യന്തികമായി അത് ശരിയാണ്.

ജസീം: ഒരു പ്രത്യേക സമുദായം വേട്ടയാടപ്പെടുമ്പോൾ ലിബറലുകൾ എന്താണ് ചെയ്യേണ്ടത്? അവരെ ശാക്തീകരിക്കുന്നതിനു സഹായിക്കുകയാണോ നല്ലതും ചീത്തയും എന്ന അർത്ഥത്തിൽ ദ്വന്ദവത്കരിച്ചു പൈശാചികവത്കരിക്കുന്നതിൽ വ്യാപൃതരാവുകയാണോ ചെയ്യേണ്ടത്?

ഇർഫാൻ അഹ്മദ്: പൈശാചികവത്കരിക്കൽ ഒരിക്കലും ചെയ്യാൻ പാടില്ല. പക്ഷേ, എല്ലാ ലിബറലുകളും ചെയ്യില്ലെങ്കിലും ഭൂരിഭാഗം പേരും അതാണ് ചെയ്യാറ്; എന്തെന്നാൽ അവരും വംശീയ ദേശീയതയിൽ അധിഷ്ഠിതമായ കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗധേയമാണ്. തരൂരും വാജ്‌പേയിയും ലിബറലുകൾ ആണെങ്കിൽ -അദ്വാനി ലിബറൽ ആണെന്ന് പറയുന്ന ആളുകൾ വരെയുണ്ട്- നാം ലിബറലിസത്തെ കുറിച്ചല്ല, മറ്റെന്തോ ഒന്നിനെ കുറിച്ചാണ് സംസാരിക്കുന്നതെന്ന് പറയേണ്ടി വരും.

വരാനിരിക്കുന്ന ഒരു നവ രാഷ്ട്രീയത്തിന്റെ തുടക്കം എന്ന അർത്ഥത്തിൽ പൗരത്വ വിരുദ്ധ പ്രക്ഷോഭം ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു ചരിത്രമുഹൂർത്തമാണ്. അവിടെ നിന്നും ഉത്ഭവിച്ച മുന്നേറ്റം എപ്പോഴാണ് സമാഗതമാവുക എന്ന് മാത്രമാണ് ഇനി നാം നോക്കി കാണേണ്ടത്. അങ്ങനെയൊന്നു സംഭവിച്ചാൽ നിലവിലെ  അധികാര രാഷ്ട്രീയം അതിനെ വളരാൻ അനുവദിക്കുമോ?


വിവർത്തനം: ബിലാൽ ഇബ്നു ഷാഹുൽ

പി പി ജസീം