Campus Alive

പാണ്ഡിത്യം പ്രതിരോധമാവുമ്പോൾ: വാഇൽ ഹല്ലാഖുമായി അഭിമുഖം

(ഹാർവാഡ് യൂണിവേഴ്സിറ്റി പിഎച്ഡി വിദ്യാർത്ഥി ഉമർ അബ്ദുൽ ഗഫ്ഫാർ വാഇൽ ബി ഹല്ലാഖുമായി നടത്തിയ അഭിമുഖം, കടപ്പാട്: ഇസ്‌ലാമിക് ലോ ബ്ലോഗ്)


ഉമർ അബ്ദുൽ ഗഫ്ഫാർ: ഇസ്‌ലാമിക നിയമരംഗത്തെ താങ്കളുടെ ഇടപെടലുകൾ, ഗവേഷകർ ഈ മേഖലയെ സമീപിക്കുന്ന രീതിയിൽ കാര്യമായ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ, അവയിൽ ഏറ്റവും പ്രധാനപ്പെട്ട ഇടപെടൽ ഏതാണെന്നാണ് താങ്കൾക്ക് തോന്നുന്നത്? ഈ രംഗത്ത് ഇനിയും മാറ്റങ്ങൾ സംഭവിക്കേണ്ടതായുണ്ടെന്ന് കരുതുന്നുണ്ടോ?

വാഇൽ ഹല്ലാഖ്: നാല് പതിറ്റാണ്ടോളമായി ഒരാൾ എഴുതിക്കൊണ്ടിരിക്കുന്ന ലേഖനങ്ങൾക്കും പുസ്തകങ്ങൾക്കും സമാനമായ ഒരു ഉദ്ദേശലക്ഷ്യവും കാഴ്ചപ്പാടും ഒരിക്കലും ഉണ്ടാവില്ലെങ്കിലും, മൊത്തത്തിൽ എന്റെ പ്രോജക്റ്റ് ചെറുത്തുനിൽപ്പുകളിൽ ഒന്നാണെന്ന് ഞാൻ കരുതുന്നു.  നിരന്തരമായ ഒരു വിമർശനപദ്ധതി (Crtitique- Criticism എന്നതിൽ നിന്ന് വ്യത്യസ്തമായി) എന്ന് ഇതിനെ വിശേഷിപ്പിക്കാം. 1978 ൽ, ഞാൻ ഇംഗ്ലീഷ് ഭാഷയിൽ വായിക്കാൻ തുടങ്ങിയ വർഷം മുതൽ, ഇസ്‌ലാമിനെക്കുറിച്ചുള്ള യൂറോ-അമേരിക്കൻ വ്യവഹാരങ്ങളെ ഞാൻ തുറന്നുകാണിക്കാൻ തുടങ്ങിയപ്പോൾ ഇസ്‌ലാമിനെക്കുറിച്ചുള്ള പടിഞ്ഞാറൻ വീക്ഷണം എത്രമാത്രം നിരാശാജനകമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ വായിച്ച ആദ്യത്തെ പാശ്ചാത്യ പണ്ഡിതനായ ജോസഫ് ഷാഹ്തിന്റെ (joseph schacht) കൃതികളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെയാണ് ഈ തിരിച്ചറിവിലേക്ക് ഞാനെത്തിയത്. ശരീഅത്തിനെ കുറിച്ച് യൂറോ-അമേരിക്കൻ എഴുത്തുകൾ ഉയർത്തുന്ന പ്രശ്നങ്ങളെ സാമാന്യബുദ്ധി ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ തന്നെ അവയെല്ലാം നിരർത്ഥകമാണെന്ന് കാണാൻ കഴിയും. അടിസ്ഥാനപരമായി എന്റെ പാണ്ഡിത്യം എല്ലായ്‌പ്പോഴും ഇസ്‌ലാമിനെക്കുറിച്ചും വിശിഷ്യാ ശരീഅയെക്കുറിച്ചുമുള്ള പാശ്ചാത്യ പാണ്ഡിത്യത്തിന്റെ കാപട്യത്തെയും രാഷ്ട്രീയ ദൂഷ്യതയയെ തുറന്നുകാണിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് എന്റെ തന്നെ വിലയിരുത്തൽ.

ഒരുപാട് മാറ്റങ്ങൾ ഈ രംഗത്ത് വരേണ്ടതായിട്ടുണ്ട്. യുവതലമുറയിലെ പണ്ഡിതന്മാർ ആധുനികതയുടെ പ്രതിസന്ധിയെക്കുറിച്ചും നാം അഭിമുഖീകരിക്കുന്ന വിഷമസ്ഥിതിയെക്കുറിച്ചും കൂടുതൽ ബോധവാന്മാരാണ്. അതോടൊപ്പം മുൻതലമുറകളേക്കാൾ സങ്കീർണ്ണമായ സൈദ്ധാന്തികരും വിശകലന വിദഗ്ധരുമാണ് അവർ. എങ്കിലും, നിഷ്കളങ്കതയുടെയും ബൗദ്ധികമായ നിരപരാധിത്വതിന്റെയും അസ്വസ്ഥാജനകമായ ചില ശേഷിപ്പുകൾ അവരിലുണ്ട്. ഏറ്റവും ഖേദകരമായ സംഗതി, മുസ്‌ലിം പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഇവരിൽ പലരും ആധുനികവൽകൃത ശൈലിയിലാണെങ്കിലും അടിസ്ഥാനപരമായി ഓറിയന്റലിസ്റ്റ് രീതിയിൽ എഴുതുന്നവരോ, അല്ലെങ്കിൽ അതിൽ ലിബറൽ വീക്ഷണങ്ങളെ പ്രയോഗിക്കുന്നവരോ ആണെന്നുള്ളതാണ്, ആ വീക്ഷണങ്ങളുടെ ഫലങ്ങളെ അവരിനിയും മനസ്സിലാക്കിയിട്ടില്ല. എന്നാൽ, വലുപ്പത്തിലും പ്രവണതയിലും വളർന്നു കൊണ്ടിരിക്കുന്ന ഇതിലും വലിയൊരു വിഭാഗം വേറെയുമുണ്ട്; അവർ ചരിത്രത്തെ അകാലികമായ രീതിയിൽ ദേശീയവൽക്കരിക്കാൻ ശ്രമിക്കുന്നു. മറ്റ് വിഭാഗങ്ങളെ മാറ്റിവെച്ചാൽ മേൽപ്പറഞ്ഞ രണ്ട് വിഭാഗങ്ങൾക്ക് തന്നെ വിമർശനവും സ്വയം വിമർശനവും അത്യാവശ്യമാണ്. അതായത്, നാമെത്രത്തോളം പിന്നിലാണെന്ന് കാണിക്കുന്നതിനായി സാഹിത്യ വിമർശനത്തിൽ നിന്നോ നരവംശശാസ്ത്രത്തിൽ നിന്നോ ഉള്ള ചില ‘പുറമെയുള്ളവർ’ വരുന്നതിനുമുമ്പ് ഫീൽഡിനുള്ളിൽ നിന്ന് തന്നെയുള്ള വിമർശനം ആവശ്യമാണ്. സ്വന്തം ബൗദ്ധിക ചരിത്രത്തെയും, അക്രമാസക്തമായ ആധിപത്യ രൂപങ്ങളുമായുള്ള അതിന്റെ സങ്കീർണ്ണതയെയും, അതിന്റെ പ്രത്യയശാസ്ത്രപരമായ മുൻവിധികളെയും ഈ ഫീൽഡിന് ഇതുവരെയും തിട്ടപ്പെടുത്താനായിട്ടില്ല.

വാഇൽ ഹല്ലാഖ്

ഉമർ: നിയതമായ സൂക്ഷ്മ ചരിത്രത്തിൽ നിന്ന് മാറി ഉചിതമായ സൈദ്ധാന്തിക ചട്ടക്കൂടുകളിൽ അധിഷ്ഠിതമാവണം ഗവേഷണങ്ങൾ എന്ന് താങ്കൾ വാദിക്കുന്നു: “താത്വികവും സൈദ്ധാന്തികവുമായ പരിഗണനകളിൽ നിന്നുണ്ടാവുന്ന വിശാലമായ ചോദ്യങ്ങളുടെ അടിസ്ഥാനത്തിലാണ് [ഗവേഷണ] പദ്ധതികളുടെ നിയമസാധുത നിലനിൽക്കുന്നത്” (Restating orientalism: A Critique of Modern knowledge). വർത്തമാനകാല ആശങ്കകളും, കാഴ്ചപ്പാടുകളും, ചോദ്യങ്ങളും ഒരു ഗവേഷകനെ അടിസ്ഥാനപരമായി സ്വാധീനിക്കുന്ന സാഹചര്യത്തിൽ ഒരു പദ്ധതിയുടെ സൈദ്ധാന്തിക പരിഗണനകളെ എങ്ങനെയാണ് വിലയിരുത്തുക? ഉദാഹരണത്തിന്, പതിനാലാം നൂറ്റാണ്ടിൽ കെയ്‌റോയിലെ നിയമങ്ങളിലുള്ള സുൽത്താൻമാരുടെ ഇടപെടലുകളെക്കുറിച്ച് നിങ്ങൾ പറയുന്നു. എന്നാൽ ആധുനിക വിഷയികൾ എന്ന നിലയിൽ, നിയമത്തിനു മേലുള്ള എക്സിക്യൂട്ടീവ് ഇടപെടൽ സംബന്ധിച്ച ആശങ്കകളോടും ഭയത്തോടുമൊപ്പം ജീവിക്കുന്ന നമുക്ക് അവയെയെല്ലാം മാറ്റിവെച്ചു കൊണ്ട് നമ്മുടെ പാരമ്പര്യവുമായി ഇടപെടുക സാധ്യമാണോ? അതെത്രത്തോളം സഹായകരമാവും? ഏതെല്ലാം ഘടകങ്ങളെയാണ് നമ്മുടെ ഗവേഷണ ചോദ്യങ്ങൾ പരിഗണിക്കേണ്ടത്?

ഹല്ലാഖ്: തീർച്ചയായും വർത്തമാന ഘട്ടം പ്രസക്തമാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ നമുക്ക് കഴിയില്ല. നിഷ്പക്ഷവും “വസ്തുനിഷ്ഠവുമായ” ചരിത്രരചനയെ കുറിച്ചുള്ള ഏതൊരു അവകാശവാദവും ഒരു മിഥ്യയാണ്. നിഷ്കളങ്കരെയും ബൗദ്ധികമായ നിരപരാധികളെയും അത് തൃപ്തിപ്പെടുത്തും, പ്രത്യേകിച്ച് സൈദ്ധാന്തിക ശേഷിയും ദാർശനിക ആഴവും നഷ്ടപ്പെടുന്നവരെ. പക്ഷേ, അത്തരം നിഷ്കളങ്കത എല്ലായ്പ്പോഴും ബുദ്ധിമാനോ കഴിവുള്ളവനോ കുറവാണെന്നല്ല ഞാൻ പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിന്നും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ നിന്നും മിടുക്കരും സര്‍വ്വവിജ്ഞാനകോശതുല്യരുമായ അനേകം പണ്ഡിതന്മാർ ഉണ്ടായിവന്നതിന് നാം സാക്ഷികളാണ്. ആ നിര പട്രീഷ്യ ക്രോൺ തുടങ്ങിയ പരിചിതമായ മറ്റനേകം പേരുകളിലേക്ക് നീളുന്നതാണ്. ഈ ആളുകൾ അവിശ്വസനീയമാം വിധം മിടുക്കരായിരുന്നുവെങ്കിലും അവർക്ക് വിവേകവും വീക്ഷണവും ഇല്ലായിരുന്നു. ഗുണങ്ങളെയും ധിഷണയെയും വേർതിരിച്ച് തന്നെ മനസ്സിലാക്കേണ്ടതുണ്ട്. നമുക്ക് വേണ്ടത് സൈദ്ധാന്തികവും ദാർശനികവുമായ ജ്ഞാനമാണ്, ഒരു സൂക്ഷ്മ വിഷയത്തെക്കുറിച്ച് എഴുതുന്നതിൽ വ്യാപൃതരാവുമ്പോഴും വലിയ ചോദ്യങ്ങൾ ചോദിക്കാനുള്ള കഴിവാണ് നമുക്ക് വേണ്ടത്. ഇതിലെല്ലാമുപരി, വർത്തമാനകാലത്തിന്റ ചരിത്രത്തിന് പുറത്ത് മറ്റൊരു ചരിത്രമില്ലെന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. നമ്മുടെ ജ്ഞാനശാസ്ത്രപരമായ വർത്തമാനത്തിൽ നിന്ന് ഒരു രക്ഷപ്പെടൽ അവകാശപ്പെടുന്നത് അക്ഷരാർത്ഥത്തിൽ, ഒരേസമയം രണ്ട് വ്യത്യസ്ത ഇടങ്ങളിൽ ഒരു ഭൗതിക ശരീരത്തിന് നിലനിൽക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്നതിന് തുല്യമാണ്.

അതിനാൽ, നാം വസ്തുനിഷ്ഠത (Objectivity – ഹിംസ്രമായ കൊളോണിയൽ ജ്ഞാനശാസ്ത്രത്തിന്റെ പ്രത്യയശാസ്ത്രപരമായ ന്യായവും മറയും ഈ സങ്കൽപനം ആയിരുന്നു) നടിക്കുന്നുവെങ്കിൽ, വൈജ്ഞാനിക രംഗത്ത് ഇടപെടുന്നതിൽ നാമോരോരുത്തർക്കും ഉള്ള വൈയക്തികമായ പ്രേരണകളെയും കാരണങ്ങളെയും കൃത്യപ്പെടുത്തണം. അതിന്റെ ഭാഗമായി, നമ്മുടെ അക്കാദമിക ഇടപെടലുകളുടെ വംശാവലിയെ സംബന്ധിച്ച് ചില സുപ്രധാന ചോദ്യങ്ങൾ നാം നിരന്തരം ചോദിക്കുകയും ഓർമ്മിക്കുയും ചെയ്യേണ്ടതുണ്ട്; “എന്തിനാണ് ഞാൻ വൈജ്ഞാനിക രംഗത്ത് പ്രവർത്തിക്കുന്നത്? ഞാൻ ഈ രംഗത്ത്  നിലനിൽക്കുന്നതിന്റെ കാരണങ്ങൾ തൃപ്തികരമാണോ? ഈ വിഷയത്തെ എന്നെപ്പോലെ തന്നെയാണോ ഞാൻ ബഹുമാനിക്കുന്ന മറ്റുള്ളവരും കാണുന്നത്? എന്റെ ഇടപെടലുകൾ മനുഷ്യാവസ്ഥയെ എങ്ങനെ മെച്ചപ്പെടുത്തും? എന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾക്കതീതമായി ഞാൻ ജനങ്ങളുടെ ക്ഷേമത്തിനായി സംഭാവന ചെയ്യുന്നുണ്ടോ? എന്റെ ചിന്തയുടെയും ഞാൻ‌ ഭാഗമായ മേഖലയുടെയും സ്വീകാര്യവും മാതൃകാപരവുമായ വ്യവഹാരമായി എന്താണുള്ളതെന്ന് ഞാൻ‌ മനസ്സിലാക്കുന്നുണ്ടോ? ”

പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്പ് മുന്നോട്ടുവച്ച വംശീയവും ദേശീയവുമായ പാണ്ഡിത്യ രൂപങ്ങളിൽ നിന്നും മെച്ചപ്പെടാത്ത അവസ്ഥയിലാണ് സമീപകാല പാണ്ഡിത്യവുമുള്ളത്, അത് ഒരേ രുപത്തിൽ തന്നെ തുടരുകയും ചെയ്യുന്നു. യുവതലമുറയിലെ മുസ്‌ലിം പണ്ഡിതന്മാർ പോലും നിലവിൽ ഈ ആപത്കരമായ (pathological) പണ്ഡിത രംഗത്തെ ത്വരിതപ്പെടുത്താനാണ് ശ്രമിക്കുന്നത്. അവരവരുടെ ദേശീയമായ അഭിനിവേശത്തെ വൈജ്ഞാനിക രംഗത്ത് പ്രയോഗിക്കുന്നു. ഉദാഹരണത്തിന്, നിയമരംഗത്ത് മികച്ച നേട്ടം കൈവരിച്ച ഇടമെന്ന നിലയിൽ ഈജിപ്തിനെക്കുറിച്ചുള്ള ദേശീയമായ സങ്കൽപ്പത്തെ പ്രോത്സാഹിപ്പിക്കുന്നു, അല്ലെങ്കിൽ ബൗദ്ധികവും തത്ത്വചിന്താപരവുമായ മേന്മകളെ ദേശീയമായ ചില പ്രത്യേക ഉറവിടങ്ങളുമായി ചേർത്തുവെക്കുന്നു, പ്രത്യേകിച്ച് “പേർഷ്യൻ,” “അറബ്” മുതലായവ. എന്നാൽ ഈ ദോഷകരമായ പ്രവണത അത്തരം ഉപരിപ്ലവമായ കാര്യങ്ങളെ മാത്രമല്ല ബാധിക്കുന്നത്, മറിച്ച് ഒരാളുടെ ചരിത്രാഖ്യാനങ്ങളുടെ വായനയെ പോലും നിർണയിക്കുന്ന തരത്തിൽ ഇത് മാനസികമായി ആഴത്തിൽ അന്തർലീനമായി കിടക്കുന്നു.

ഇതെല്ലാം സൂക്ഷ്മ പരിശോധന ആവശ്യമായ ചില പ്രാഥമിക പശ്ചാത്തലങ്ങൾ മാത്രമാണ്. തുടർന്നുള്ള വലിയ പ്രശ്‌നങ്ങളെയും പരിഗണിക്കേണ്ടതുണ്ട്: “എന്റെ നിർദ്ദിഷ്ട ഗവേഷണ വിഷയത്തിൽ എന്ത് ഉദ്ദേശ്യത്തിലാണ് ഞാൻ ഇടപെടുന്നത്?”, “യാഥാർത്ഥ്യ ലോകത്തിലെ ഒരു പ്രശ്നത്തെ അത് എങ്ങനെ പരിഹരിക്കുന്നു?”, “പതിനാലാം നൂറ്റാണ്ടിലെ കെയ്‌റോയിൽ ചക്രവർത്തിമാർ നടത്തിയ നിയമ ഇടപെടലുകളെ കുറിച്ച് ഞാൻ പഠിക്കുകയാണെങ്കിൽ, വർത്തമാനകാല ചരിത്രമായി എന്റെ പഠന മേഖലയെ നിർവചിക്കുന്ന സൈദ്ധാന്തിക പരിധികൾ (theoretical parameters) എന്തൊക്കെയാണ്?” ഈ സൈദ്ധാന്തിക പരിധികളിൽ, “ഞാൻ ഏത് ആശയപരമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്?” എന്ന പ്രാഥമിക ചോദ്യം ചോദിക്കണം. “വർത്തമാനത്തെക്കുറിച്ചുള്ള എന്റെ വ്യവസ്ഥാപിതമായ അറിവിനെ (constitutional knowledge) ഈ ഭാഷ സംസാരിക്കാത്ത ഒരു ഭൂതകാലവുമായി ഞാൻ എങ്ങനെ ബന്ധപ്പെടുത്തും?”. ഭൂതകാലത്തെ സംബന്ധിച്ച്, വ്യവസ്ഥാപിതമായ ഘടനകളെയും പ്രയോഗങ്ങളെയും നിർണയിക്കുന്ന ഘടകം ധാർമ്മിക പരിഗണനകളാണെങ്കിൽ, ‘ഒരു നൈതിക വ്യവസ്ഥയെ കുറിച്ച് പൂർണമായി ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ?’ എന്ന മൗലികമായ ചോദ്യം ഞാൻ ചോദിക്കേണ്ടതുണ്ട്. അങ്ങനെ ഞാൻ മനസ്സിലാക്കുകയും ഗവേഷണ പദ്ധതിയുമായി മുമ്പോട്ട് പോവാൻ തീരുമാനിക്കുകയും ചെയ്യുകയാണെങ്കിൽ, അടുത്ത വിശാലവും സങ്കീർണ്ണവുമായ ചോദ്യങ്ങൾ, ‘എന്റെ കാലഘട്ടത്തെയും അതിന്റെ ധാർമ്മികവും ജ്ഞാനശാസ്ത്രപരവുമായ മറ്റ് പ്രതിസന്ധികളെയും ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ?’, ‘ജ്ഞാനോദയത്തിന്റെ നൈതിക പ്രതിസന്ധിയെ ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ?” ‘സ്വതന്ത്രവും യുക്ത്യാധിഷ്ഠിതവുമായ ഇച്ഛാശക്തി’ തുടങ്ങിയ ആശയങ്ങളുടെ വംശാവലിയും അതിന്റെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ ഫലങ്ങളും ഞാൻ മനസ്സിലാക്കിയിട്ടുണ്ടോ? എന്നിവയാണ്. ഇവ ഒരു ചരിത്രകാരനെന്ന നിലയിലുള്ള നമ്മുടെ ആത്മ രൂപീകരണത്തെ സ്വാധീനിക്കും.

തീർച്ചയായും, ഇത്തരത്തിലുള്ള അനേകം ചോദ്യങ്ങൾ ഇനിയുമുണ്ട്, പക്ഷേ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ‘ചരിത്രത്തെക്കുറിച്ചുള്ള എന്റെ പഠനം എന്നെക്കുറിച്ചും എന്റെ സമൂഹത്തെക്കുറിച്ചും എന്റെ കാലഘട്ടത്തെക്കുറിച്ചും എന്നെ എന്ത് പഠിപ്പിക്കുന്നു?’ എന്നതാണ്. ചരിത്രത്തെക്കുറിച്ചുള്ള എല്ലാ അറിവുകളും നമുക്ക് നല്ലതാണെന്ന് ഞാൻ അവകാശപ്പെടുന്നില്ല. വാസ്തവത്തിൽ, ഓറിയന്റലിസം തന്നെ അതിന്റെ സമയം മുഴുവൻ ഉപയോഗശൂന്യമോ വിനാശകരമോ ആയ അറിവുകൾ ഉൽപാദിപ്പിക്കാനുള്ള പരിശ്രമത്തിനായാണ് ചെലവഴിച്ചത്. ഞാൻ വാദിക്കുന്നത്, ചരിത്രത്തിലെ ചില കാര്യങ്ങൾ ചരിത്ര രഹിതവും (ahistorical) സ്ഥല-കാലങ്ങൾക്കപ്പുറം പ്രസക്തവുമാണ് എന്നാണ്. നൈതികത അത്തരത്തിലൊന്നാണ് എന്നതിൽ സംശയമില്ല. നൈതികമായ ഒരു മാനുഷിക ചട്ടക്കൂടില്ലാതെ നമ്മെ രക്ഷിക്കാൻ ഒരു ‘ശാസ്ത്രീയ’ യുക്തിക്കും സാധ്യമല്ല. ശാസ്ത്രീയ യുക്തിക്ക് ദയാപൂർണവും മാനുഷികവുമാവാൻ കഴിയുന്നതു പോലെ തന്നെ അതിക്രൂരവും വംശഹത്യാപരവുമാവാനും കഴിയും. അത്തരം അപകടങ്ങളിലേക്ക് പോകാതെ അതിനെ നിയന്ത്രിക്കാൻ നൈതികതക്ക് മാത്രമേ കഴിയുകയുള്ളൂ.

ഉമർ: ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള താങ്കളുടെ വിശകലനത്തിൽ ഘടനാവാദവും, ഉത്തരഘടനാവാദവും മുതൽ പരിസ്ഥിതിവാദ സിദ്ധാന്തങ്ങൾ വരെ ഉൾപ്പെടുന്നുണ്ട്. ‘അപരർ’ ഉൽപാദിപ്പിച്ച പാഠങ്ങളെ മനസ്സിലാക്കുന്നതിൽ ഓറിയന്റലിസത്തിന്റെ “സഹായക വിഷയങ്ങൾ” (auxiliary disciplines- e.g: Philology, codicology) എത്രത്തോളം പ്രധാനമാണെന്ന് താങ്കൾ‌ ഊന്നിപ്പറയുന്നു. ഹ്യുമാനിറ്റീസിലെയും സാമൂഹ്യശാസ്ത്രത്തിലെയും മറ്റ് മേഖലകളിൽ നിന്നുള്ള വിമർശനാത്മക സമീപനങ്ങൾ ഇസ്‌ലാമിക നിയമത്തെക്കുറിച്ച് എങ്ങനെയാണ് അടയാളപ്പെടുത്തിയിട്ടുള്ളത്?

ഹല്ലാഖ്: ഇസ്‌ലാമിക പഠനങ്ങൾ, ഹ്യുമാനിറ്റീസിലെ സാഹിത്യത്തിനും തത്ത്വചിന്തയ്ക്കും, സാമൂഹ്യശാസ്ത്രത്തിലെ മറ്റു പല “ഉയർന്ന” അക്കാദമിക വിഷയങ്ങൾക്കും പിന്നിലാണെന്ന് എഡ്വേർഡ് സെയ്ദ്  വിശേഷിപ്പിച്ചതായി നമുക്കിവിടെ ഓർക്കാം. അദ്ദേഹത്തിന്റെ വിശേഷണം കൃത്യമായിരുന്നുവെങ്കിലും ഈ പ്രതിഭാസത്തിന് ഒരു കാരണവും അദ്ദേഹം കാണിക്കുന്നില്ല. മറ്റ് അക്കാദമിക വിഷയങ്ങൾക്കൊപ്പം ഇസ്‌ലാമിക പഠനങ്ങൾ നിലകൊള്ളുകയും അതേപോലെ തുടരുകയും ചെയ്യുന്നതിന് തുല്യമായ അവസ്ഥയിലാണ് ഇസ്‌ലാമിക പഠനത്തിനകത്ത് ശരീഅ (നൈതികതയെയും നിയമ-ധാർമ്മിക പ്രതിഭാസങ്ങളെയും കുറിച്ചുള്ള കൃതികൾ ഉൾക്കൊള്ളുന്ന തരത്തിൽ വിശാലമായ അർത്ഥത്തിലാണ് ശരീഅയെ ഇവിടെ നിർവ്വചിച്ചിരിക്കുന്നത്) നിലനിൽക്കുന്നതെന്ന് ഒരാൾക്ക് വേണമെങ്കിൽ വാദിക്കാവുന്നതാണ്. ഇവിടെ, ലീഗൽ ഓറിയന്റലിസത്തെ കുറിച്ച് അശ്രദ്ധനായിക്കൊണ്ട് എഡ്വേഡ് സയ്ദ് രക്ഷപ്പെടുകയാണ് ചെയ്തത്. കാരണം, കൊളോണിയലിസം ഓറിയന്റലിസവുമായി ഇഴചേർന്ന് നിൽക്കുന്ന ഒന്നാണെങ്കിൽ, അധികാരത്തിനും മനുഷ്യർക്കും മേൽ അധീശത്വം സ്ഥാപിക്കുന്നതിന് കൊളോണിയലിസം ഉപയോഗിച്ച ഒരു സുപ്രധാന പദ്ധതി ‘നിയമം’ ആയിരുന്നു. അതുകൊണ്ടാണ് ‘ഇസ്‌ലാമിക നിയമം’ എന്ന് വിളിക്കപ്പെടുന്ന പഠനശാഖ അക്കാദമികമായും ബൗദ്ധികമായും ദുർബ്ബലമാണെന്ന് പറയുന്നത്. രാഷ്ട്രീയാധികാരത്തിന്റെയും കൊളോണിയലിസത്തിന്റെയും, ഒറ്റവാക്കിൽ പറഞ്ഞാൽ, ‘ഷ്മിത്തിയൻ പൊളിറ്റിക്സി’ന്റെ അനുബന്ധവും ദാസിയുമാണ് ‘നിയമം’. നിയമ പഠനം എത്രത്തോളം സൈദ്ധാന്തികമാവുന്നുവോ അത്രത്തോളം അത് വിമർശനാത്മകമാവുന്നു, അതായത് സ്വന്തത്തെയും അപരനെയും വിമർശന വിധേയമാക്കുന്ന ഒന്നായി അത് മാറുന്നു. നമ്മുടെ പഠന രംഗം സ്വാർത്ഥ ബോധത്തോടുകൂടി സ്വന്തത്തെ കുറിച്ച അബോധാവസ്ഥയിലാണ് ഇപ്പോഴും. അതുകൊണ്ട് തന്നെ ബാഹ്യമായ മറ്റൊരു ഡിസിപ്ലിന്റെ ആവശ്യകത ഉണ്ടാവുന്നു.

 

“ഇസ്‌ലാമിക നിയമം” പഠിക്കുന്നതിന് മുന്നോടിയായി ഒരാൾ ഏഷ്യൻ മിസ്റ്റിക്കൽ തോട്ട് ആൻഡ് പ്രാക്സിസ്, യൂറോപ്യൻ എൻലൈറ്റെൻമെന്റ് ഫിലോസഫി തുടങ്ങിയ ഇസ്‌ലാമിക്-യൂറോപ്യൻ തത്ത്വചിന്തകളിൽ പ്രാഗത്ഭ്യം നേടേണ്ടതുണ്ട്. ശരീഅ പഠിക്കുന്നതിനുമുമ്പ്, ഭാഷാ തത്ത്വശാസ്ത്രപരമായ (Philological) തയ്യാറെടുപ്പിനൊപ്പം, നിയമവിദ്യാലയങ്ങളിൽ പഠിപ്പിക്കുന്ന രീതിയിൽ മാത്രമല്ല, അതിലുപരി ക്രിട്ടിക്കൽ തിയറിയും മറ്റ് കോളനിയാനന്തര, ഉത്തരഘടനാ ലാറ്റിനമേരിക്കൻ ചിന്തകരും തത്ത്വചിന്തകരും ഉൾപ്പെടെയുള്ളവർ സമീപിക്കുന്ന രീതിയിലും ആധുനിക നിയമത്തെ പഠിക്കുകയും മനസ്സിലാക്കുകയും വേണം. അതിനാൽ ശരീഅ പഠിക്കാൻ പ്രാഥമികമായി നമ്മളെത്തന്നെ പഠിക്കുകയും ആത്യന്തികമായി പ്രശ്‌നവൽക്കരിക്കുകയും വേണം.

 

ഉമർ: ഇസ്‌ലാമിക നിയമത്തെക്കുറിച്ചുള്ള ചരിത്രപരമായ പഠനത്തിന് നിങ്ങൾ തിരഞ്ഞെടുത്ത സമീപനം ഏതാണ്? എന്തുകൊണ്ടാണ് അത്തരമൊരു തെരഞ്ഞെടുപ്പ് നടത്തിയത്? എങ്ങനെയാണ് ആ സമീപനത്തെ രൂപപ്പെടുത്തുകയും വികസിപ്പിക്കുകയും ചെയ്തത്? ഇവയെ സംബന്ധിച്ച ഒരുൾക്കാഴ്ച നൽകാമോ…

ഹല്ലാഖ്: ഇസ്‌ലാമിനെയും മുസ്‌ലിംകളായ അറബികൾ, ആഫ്രിക്കക്കാർ, പേർഷ്യക്കാർ, തുർക്കികൾ എന്നിവരെയും കുറിച്ചുള്ള ചരിത്രപരമായ തെറ്റായ ആഖ്യാനങ്ങളോടും അവതരണങ്ങളോടുമുള്ള ഒരു വിമർശനമെന്ന നിലയിൽ എന്റെ പ്രോജക്റ്റ് ഒരു ‘സൈദിയൻ മോഡലിലാണ്’ ആരംഭിച്ചതെന്ന് പറയാം. പക്ഷേ, 1990 കളുടെ അവസാനത്തിൽ, ഇത്തരമൊരു സമീപനം തൃപ്തികരമല്ലെന്നും സൈദിയൻ വിമർശനത്തിൽ ഭയാനകമായ എന്തോ ഒരു അഭാവം ഉണ്ടെന്നും ഞാൻ മനസ്സിലാക്കി. ഈ അസംതൃപ്തി -നൈരാശ്യം!- നിയമ സംബന്ധമായ അക്കാദമിക വിഷയങ്ങളെ കൂടുതൽ ആഴത്തിൽ പഠന വിധേയമാക്കുന്നതിലേക്ക് എന്നെ എത്തിക്കുകയായിരുന്നു. എന്റെ ഇത്തരം പുതിയ താൽപര്യങ്ങൾ പ്രപഞ്ചശാസ്ത്രത്തിലും (കോസ്മോളജി) അതു പോലെ മെറ്റാഫിസിക്സിലും ഓണ്ടോളജിയിലും ഉള്ളതുപോലെയുള്ള പ്രപഞ്ച വിജ്ഞാനീയത്തിന്റെ ആധുനികമായ മനസ്സിലാക്കലിലുമാണ് കേന്ദ്രീകരിക്കപ്പെട്ടിരുന്നത്. പ്രപഞ്ചത്തെ കുറിച്ചും അതുവഴി സ്വന്തത്തെ കുറിച്ചുമുള്ള നമ്മുടെ വീക്ഷണം എന്റെ പ്രധാന പരിഗണനാ വിഷയമായി മാറി. ലോകത്തെ കുറിച്ചുള്ള പൂർവ്വാധുനിക കാലത്തെ സങ്കൽപങ്ങളും ആധുനിക സങ്കൽപ്പങ്ങളും പോലെയുള്ള ലൗകിക ജീവിതത്തെ കുറിച്ച തീർത്തും വ്യത്യസ്തമായ വീക്ഷണങ്ങളുള്ള വിവിധങ്ങളായ ജ്ഞാനശാസ്ത്രങ്ങളെ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചു.

“ആധുനികം” എന്ന് ഞാൻ ഉപയോഗിക്കുമ്പോൾ, കേവലമായ ഒരു സമയ സങ്കൽപ്പത്തിനപ്പുറം ഒരു ജ്ഞാനശാസ്ത്രത്തിന്റെ സവിശേഷതയെയാണ് കൃത്യമായി ഞാനുദ്ദേശിക്കുന്നത്. കാലക്രമേണ, ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് ഞാൻ കൂടുതൽ സ്വയംബോധ്യമുള്ളവനായിത്തീർന്നു, ഫിലോസഫിയുടെ ലക്ഷ്യത്തെയും അടിസ്ഥാനത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു. അത്തരം തയ്യാറെടുപ്പുകളും സ്വന്തത്തോടുള്ള ചരിത്രാതീതമായ ചോദ്യങ്ങളും ഇല്ലാതെ ഒന്നിനെകുറിച്ചുമുള്ള ഒരു പഠനവും അർത്ഥപൂർണമായി ആരംഭിക്കാൻ കഴിയുകയില്ല. നാം ആരാണ്? നമ്മൾ എന്തായിത്തീർന്നു? എങ്ങനെ? എന്തുകൊണ്ട്? തുടങ്ങിയ സത്താപരമായി ഫൂക്കോൾഡിയനായ ഇത്തരം ചോദ്യങ്ങൾ നമ്മുടെ അന്വേഷണങ്ങൾക്കൊപ്പം നിരന്തരം ചോദിച്ചുകൊണ്ടേയിരിക്കണം. ശരീഅയെയും മറ്റ് നിയമങ്ങളെയും കുറിച്ചുള്ള പഠനവും സാമൂഹ്യശാസ്ത്രത്തിന്റെയും ഹ്യുമാനിറ്റീസിന്റെയും പരിധിയിൽ വരുന്ന മറ്റെല്ലാ പഠനങ്ങളും ഇതിൽ ആരംഭിക്കുകയും അവസാനിക്കുകയും വേണം. ബൗദ്ധികവും പ്രത്യാശാപൂർണവും ആത്മീയവും നൈതികവുമായ ഒരു സമ്പൂർണ ലോകത്തിന്റെ നിർമ്മിതിക്കാവണം അത്.


വിവർത്തനം: അമീൻ നാസിഹ്

ഉമർ അബ്ദുൽ ഗഫ്ഫാർ

Omar Khaled Abdel-Ghaffar is a PhD student in the History and Middle East Studies program at Harvard.