Campus Alive

ഇസ്‌ലാമോഫോബിയ; മുസ്‌ലിം വിരുദ്ധ വംശീയതയുടെ രൂപീകരണം

(ഇസ്മായിൽ പട്ടേലിന്റെ ഈ മാസം പ്രസിദ്ധീകൃതമായ ‘ദ മുസ്‌ലിം പ്രോബ്ലം: ഫ്രം ദ ബ്രിട്ടീഷ് എംപയർ ടു ഇസ്‌ലാമോഫോബിയ’ എന്ന പുസ്തകത്തിന്റെ സംവാദ വിഷയങ്ങളാണ് ഈ ലേഖനം)


ബ്രിട്ടനിലുടനീളം വർദ്ധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയ്‌ക്കിടയിൽ, മുസ്‌ലിം ആയിരിക്കുക എന്നത് ബ്രിട്ടീഷുകാരനായിരിക്കുക എന്നതുമായി യോജിക്കുന്നില്ലേ എന്ന് ചോദിക്കേണ്ട അവസ്ഥ സംജാതമായിരിക്കുന്നു. ചരിത്രപരമായി, മുസ്‌ലിം-ബ്രിട്ടീഷ് ബന്ധം സ്ഥിരമായ ശത്രുതയെന്നതിനപ്പുറം സൗഹാർദ്ദവും ശത്രുതയുമൊക്കെ ഉള്ളടങ്ങിയതായിരുന്നു. കൂടാതെ, മുസ്‌ലിം കുടിയേറ്റം മൂലം ബ്രിട്ടന് ധാരാളം നേട്ടങ്ങൾ ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ ആണെങ്കിലും, മുസ്‌ലിമിന്റെ രൂപം ഇപ്പോഴും ബ്രിട്ടീഷ് സ്വത്വത്തിന് ഒരു തടസ്സമായി വ്യാപകമായി മനസ്സിലാക്കപ്പെടുകയും ഇസ്‌ലാമോഫോബിയ ഒരു സാധാരണ കാര്യമായി മാറുകയും ചെയ്തിരിക്കുന്നു.

ഇംഗ്ലണ്ട്, വെയിൽസ്, സ്കോട്ട്ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളെ ഒരുമിപ്പിക്കുന്ന ആംഗ്ലോസെൻട്രിക് രാഷ്ട്രീയ പദ്ധതിയായ യു.കെ, ഒരു അപരനിലൂടെ സ്വയം നിർവചിക്കുന്ന ബ്രിട്ടീഷ് സ്വത്വത്തെക്കുറിച്ചുള്ള (Britishness)[1] സങ്കല്പത്തിന്മേലാണ് നിലനിൽക്കുന്നത്. ഈ നാല് രാജ്യങ്ങളിലും വിവിധ ദേശീയ, മത, ഭാഷാ, രാഷ്ട്രീയ സ്വത്വങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ബ്രിട്ടീഷ് സ്വത്വം എന്ന ആശയം അത്തരം ആന്തരിക വ്യത്യാസങ്ങളെ ഇല്ലാതാക്കുന്നു. ഒരു അപരനുമായി ബന്ധപ്പെടുത്തിയാണ് ബ്രിട്ടീഷ് സ്വത്വം മനസ്സിലാക്കപ്പെടുന്നത് എന്നതുകൊണ്ടാണ് മറ്റ് സ്വത്വങ്ങളുടെ സമന്വയം അതിന് സാധ്യമാവുന്നത്. അതായത്, ബ്രിട്ടീഷ് സ്വത്വം എന്തല്ല എന്നു തെളിയിക്കുന്നതിന്റെ ഭാഗമായി ‘അപരൻ’ ബ്രിട്ടീഷ് ആന്തരിക വ്യത്യാസങ്ങളെ അപ്രസക്തമാക്കുന്നു.

കാലാന്തരത്തിൽ ഈ അപരൻ എന്നത് ഫ്രഞ്ചുകാരും കത്തോലിക്കരും (18-ാം നൂറ്റാണ്ട് മുതൽ) പിന്നെ കോളനിവൽകൃതരുമൊക്കെയായി വികസിച്ചു. കോളനിവൽകൃതർക്ക് നേരെയുള്ള അധീശത്വ ആഖ്യാനം കടുത്ത വംശീയതയാണ്. അവർ അശ്ലീലതയിൽ മുങ്ങിയവരും അജ്ഞരും താഴ്ന്നവരുമായി ചിത്രീകരിക്കപ്പെട്ടു. കോളനിവൽകൃതരായ ജനങ്ങളെ ബ്രിട്ടീഷ് സ്വത്വത്തിൽ നിന്ന് തികച്ചും വ്യത്യസ്തരായാണ് കാണുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോളനിവൽകൃതർക്ക് എതിരായാണ് ബ്രിട്ടീഷ് സ്വത്വം മനസ്സിലാക്കിപോന്നത്.

ദൈവശാസ്ത്രപരമായ വ്യാഖ്യാനങ്ങൾ, ശാസ്ത്രം, ജനപ്രിയ സംസ്കാരം എന്നിവയിലൂടെയാണ് ബ്രിട്ടനിൽ മുസ്‌ലിം പ്രതിനിധാനം നിർമ്മിക്കപ്പെട്ടിട്ടുള്ളത്. മതവിദ്യാഭ്യാസം ഇനിയും നേടേണ്ടുന്ന, ബാർബേറിയന്മാരായ മുസ്‌ലിങ്ങളെ നാഗരികമായി പരിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട രക്ഷകരായി ക്രൈസ്തവ ബ്രിട്ടൻ, സാമ്രാജ്യത്വത്തോടൊപ്പം സ്വയം അവരോധിച്ചു. ക്രിസ്ത്യൻ പള്ളികളാകട്ടെ നാഗരികവൽക്കരണ ദൗത്യത്തിന് പാത്രമാവേണ്ടുന്ന അവിശ്വാസിയായ അപരനായി മുസ്‌ലിങ്ങളെ പ്രതിനിധീകരിക്കുന്നതിനെ പിന്തുണക്കുകയും ചെയ്തു.

ഇതേസമയം, യൂറോപ്യൻ സായൻസിക സിദ്ധാന്തങ്ങൾ വെള്ളക്കാരല്ലാത്തവരെ താഴ്ന്നവരായി കണ്ടു. ഇത്തരം സായൻസിക സിദ്ധാന്തങ്ങൾ ബ്രിട്ടീഷുകാരും മുസ്‌ലിങ്ങളും തമ്മിൽ നാഗരികമായ അന്തരം നിലനിൽക്കുന്നുണ്ടെന്ന് ഉദ്ഘോഷിച്ചു. മുസ്‌ലിങ്ങളെ ഭരിക്കാനുള്ള അവകാശത്തെക്കുറിച്ചുള്ള ബ്രിട്ടന്റെ കൊളോണിയലിസ്റ്റ് ആഖ്യാനങ്ങളെ ഈ സിദ്ധാന്തങ്ങൾ യുക്തിവൽക്കരിച്ചു.

മുസ്‌ലിങ്ങളെ പരാജയപ്പെടുത്തുന്നു

കൊളോണിയലിസത്തിന് വേണ്ടിയുള്ള വംശീയ ന്യായീകരണങ്ങൾ മുസ്‌ലിംകളെ കുറിച്ചുള്ള സാംസ്കാരിക പ്രതിനിധാനങ്ങളിലൂടെയാണ് കൂടുതൽ തെളിവുകളുണ്ടാക്കിയത്. പതിനെട്ടാം നൂറ്റാണ്ടിൽ ആധുനിക ഇന്ത്യയിലെ മൈസൂർ പിടിച്ചടക്കാൻ അവിടത്തെ രാജാവായ ടിപ്പു സുൽത്താനെതിരെ ബ്രിട്ടീഷുകാർ യുദ്ധം ചെയ്തു. അന്ന് ടിപ്പുവിനെ ഒരു മതഭ്രാന്തനായ മുസ്‌ലിം തീവ്രവാദിയായി ചിത്രീകരിക്കുന്ന മിത്തുകൾ ബ്രിട്ടീഷ് വാർത്താ ലേഖനങ്ങളും, പുസ്തകങ്ങളും, നാടകങ്ങളും, കലാസൃഷ്ടികളും വ്യാപകമായി പ്രചരിപ്പിച്ചു.

ടിപ്പുവിലൂടെ ഒരു ഭീതിത സ്വരൂപമായി മുസ്‌ലിം ചിത്രീകരിക്കപ്പെട്ടു. കൊളോണിയലിസത്തെ ചെറുക്കുന്ന മുസ്‌ലിംകൾ പുരോഗതിയുടെയും വെളുപ്പിന്റെയും പാശ്ചാത്യ മേൽക്കോയ്മയുടെയും പ്രതീകമായി സ്വയം അവരോധിച്ച ബ്രിട്ടീഷ് സ്വത്വത്തിന് ഭീഷണിയായിത്തീർന്നു.

ലണ്ടനിലെ ലെയ്സ്റ്റർ സ്ക്വയറിലെ ടിപ്പു സുൽത്താന്റെ അവസാനഘട്ടം ചിത്രീകരിക്കുന്ന

മൂന്ന് പതിറ്റാണ്ടുകൾക്കും നാല് യുദ്ധങ്ങൾക്കുമൊടുവിൽ ബ്രിട്ടൻ 1799-ൽ ടിപ്പുവിനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു. വലിയ ആഘോഷങ്ങളാണ് അന്ന് ബ്രിട്ടൻ നടത്തിയത്. ഇതിൽ ലണ്ടനിലെ ലെയ്സ്റ്റർ സ്ക്വയറിലെ ടിപ്പു സുൽത്താന്റെ അവസാനഘട്ടം ചിത്രീകരിക്കുന്ന ഒരു പനോരമിക് (കൂറ്റൻ) ചിത്രീകരണം കൂടി ഉൾപ്പെടുന്നു. ഇരുനൂറ് അടിയിലധികം നീളമുള്ള ആ ക്യാൻവാസ് ബ്രിട്ടീഷുകാരെ പ്രകീർത്തിക്കുന്നതായിരുന്നു. അതിനുശേഷം, ചിത്രകാരന്മാരും നാടകക്കാരും രചയിതാക്കളും ബ്രിട്ടൻ മുസ്‌ലിമിനെ പരാജയപ്പെടുത്തുന്നത് പ്രമേയമാക്കി ധാരാളം രചനകൾ നടത്തി.

ടിപ്പുവിന്റെയും മുസ്‌ലിമിന്റെയും ഇത്തരം പ്രതിനിധാനങ്ങൾ മുസ്‌ലിംകളുടെ ദുർവാഴ്ച്ചക്കെതിരായ മഹത്തരമായ കർമ്മമെന്ന നിലയിലുള്ള സാമ്രാജ്യത്വത്തിന്റെ ആഖ്യാനത്തെ ശക്തിപ്പെടുത്തി. ബ്രിട്ടീഷുകാരെ മൈസൂരും മറ്റ് പ്രദേശങ്ങളും കീഴടക്കിയവർ എന്നതിനപ്പുറം രക്ഷകരായും വിമോചകരായും അവതരിപ്പിക്കാൻ ഇത് ഇടയാക്കി. മുസ്‌ലിംകളുടെ പ്രതിനിധാനങ്ങളിൽ ഒരു ഏകീകൃത സ്വഭാവമുണ്ടായിരുന്നു എന്നല്ല ഇതിനർത്ഥം. മറിച്ച് സാമ്രാജ്യത്വ ലോകവീക്ഷണം മുസ്‌ലിംകളെ അപരനായി നിർവചിച്ചതെങ്ങനെയാണെന്നാണ് ഇത് കാണിക്കുന്നത്. കൂടാതെ മുസ്‌ലിംകളെ കുറിച്ചുള്ള അത്തരം പ്രതിനിധാനം ബ്രിട്ടീഷ് സ്വത്വത്തിന് ഒരു അപരനെ നിർമിച്ചു നൽകുകയും ചെയ്തു.

സാമ്രാജ്യത്വത്തകർച്ച

ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ബ്രിട്ടീഷ് സാമ്രാജ്യത്വ ആധിപത്യം ക്ഷയിച്ചു തുടങ്ങി. സൈനിക സംരക്ഷണം ഉറപ്പാക്കാൻ ബ്രിട്ടന് നാറ്റോയിൽ ചേരേണ്ടി വന്നു, സാംസ്കാരികമായി അമേരിക്കൻവൽക്കരണം ബ്രിട്ടീഷ് സ്വത്വത്തെ മറികടന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ തകർച്ച വലിയൊരു സൈനിക, രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മുന്നേറ്റത്തിന്റെ ഘട്ടം കൂടിയായിരുന്നു.

ശ്രദ്ധേയമായ ഒരു സംഗതി സാമ്രാജ്യ തകർച്ച ബ്രിട്ടനുണ്ടാക്കിയ ഏറ്റവും വലിയ നഷ്‌ടം ബ്രിട്ടീഷ് സ്വത്വത്തെ നിർവചിക്കാൻ സഹായിച്ച കോളനിവൽകൃതർ നഷ്ടമായി എന്നതായിരുന്നു. സാമ്രാജ്യത്വാനന്തരം ബ്രിട്ടീഷ് സ്വത്വത്തിനുണ്ടായ ഈ ആഘാതം, ബ്രിട്ടീഷുകാരാവുക എന്നതിന്റെ അർത്ഥം അടിയന്തിരമായി പരിഷ്കരിക്കണമെന്ന ആവശ്യമുയരാൻ കാരണമായി. കോളനിയാനന്തര ബ്രിട്ടീഷ് പ്രതിസന്ധിയുടെ ഘട്ടത്തിൽ, അറബ് മുസ്‌ലിങ്ങൾ ഉൾപ്പെടെയുള്ള വെള്ളക്കാരല്ലാത്ത സർവ്വരെയും ‘കറുത്തവർ’ എന്ന് മുദ്രകുത്തപ്പെട്ടു. മുൻപ് കോളനിവൽകൃത അപരർ ബ്രിട്ടീഷ് സ്വത്വത്തിന് വേണ്ടി ചെയ്ത ധർമ്മം ‘കറുത്തവർ’ എന്ന് വേർതിരിക്കപ്പെട്ട വംശീയ ന്യൂനപക്ഷങ്ങൾ ചെയ്യാൻ തുടങ്ങി.

എന്നിരുന്നാലും, കറുത്തവർ എന്ന സ്വത്വം അടിച്ചേൽപ്പിക്കുന്നതിനെ വിവിധ വിഭാഗങ്ങൾ വെല്ലുവിളിച്ചതിനാൽ, ബ്രിട്ടീഷ് സ്വത്വത്തിന്റെ കോളനിയാനന്തര പുനഃരൂപീകരണം നിലനിർത്തുക കൂടുതൽ പ്രയാസകരമായി. കൂടാതെ, എല്ലാത്തരം വംശീയ വിവേചനങ്ങളും ഉന്മൂലനം ചെയ്യുന്നതിനുള്ള അന്താരാഷ്ട്ര കൺവെൻഷൻ (International Convention on the Elimination of All Forms of Racial Discrimination) പോലുള്ള നടപടികൾ കൂടി വന്നതോടെ പൗരന്മാരെ വംശീയമായി തരംതിരിക്കുന്നത് പ്രശ്നകരമായി മാറി.

മുസ്‌ലിങ്ങൾ ‘ഏഷ്യൻ’, ‘അറബ്’ അല്ലെങ്കിൽ ‘പാകിസ്ഥാനി’ എന്നീ ലേബലുകളിൽ തരംതിരിക്കപ്പെടുകയും വിവേചനം നേരിടുന്നത് തുടരുകയും ചെയ്തു.

വെളുപ്പിന്റെ പ്രിവിലേജ് നിലനിർത്തുന്നു

1989-ൽ സൽമാൻ റുഷ്ദിയുടെ വിവാദമായ ‘സാത്താനിക് വേഴ്‌സസ്’ എന്ന നോവൽ പ്രസിദ്ധീകരിച്ചതിന് ശേഷം  കാര്യങ്ങൾക്ക് മറ്റൊരു വഴിത്തിരിവായി. തങ്ങളുടെ നിയമാവകാശങ്ങളും വികാരങ്ങളും മാനിക്കപ്പെടണമെന്ന മുസ്‌ലിംകളുടെ ആവശ്യം ബ്രിട്ടീഷ് രാഷ്ട്രീയ മണ്ഡലത്തിനകത്ത് തന്നെയുള്ള അപരന്മാരായി മുസ്‌ലിംകൾ വംശീയവൽക്കരിക്കപ്പെട്ട ഒരു ഘട്ടമായിരുന്നു. അങ്ങനെ, ബ്രിട്ടീഷ് സ്വത്വത്തിന്റെ പ്രചാരണാർത്ഥം, വെള്ളക്കാരുടെ പ്രിവിലേജ് നിലനിർത്തുന്നതിനുള്ള തന്ത്രപരമായ മാർഗ്ഗങ്ങൾ മുസ്ലിംകളുമായി ബന്ധപ്പെട്ട് നിർമ്മിക്കപ്പെടാൻ തുടങ്ങി; വൈവിധ്യമാർന്ന സാംസ്കാരിക പശ്ചാത്തലങ്ങൾ ഉണ്ടായിരുന്നിട്ടും ഒരൊറ്റ ‘വംശം’ ആയി മുസ്‌ലിങ്ങൾ വർഗ്ഗീകരിക്കപ്പെട്ടു.

കൊളോണിയലിസത്തിനു ശേഷമുള്ള മുസ്‌ലിം സ്വരൂപത്തിന്റെ പുനഃരൂപീകരണമാണ് ഇസ്‌ലാമോഫോബിയ. സമകാലിക രാഷ്ട്രീയ ചുറ്റുപാടിൽ, ബ്രിട്ടീഷ് സ്വത്വത്തക്കുറിച്ചുള്ള പൊതു സങ്കൽപ്പത്തിൽ നിന്ന് മുസ്‌ലിങ്ങളെ ഒഴിവാക്കുന്നതിൽ വരെ എത്തിനിൽക്കുന്ന നിരവധി ധർമ്മങ്ങൾ ഇസ്‌ലാമോഫോബിയ നിർവഹിക്കുന്നുണ്ട്. അതിനാൽ ഇസ്‌ലാമോഫോബിയയെ ചോദ്യം ചെയ്യുക എന്നാൽ കോളനിയാനന്തര കാലഘട്ടത്തിൽ വംശീയമായും രാഷ്ട്രീയമായും നിർമ്മിക്കപ്പെട്ട അധികാരശ്രേണിയെ ചോദ്യം ചെയ്യുക എന്നത് കൂടിയാണ്.

വ്യത്യസ്തതകളുടെ അപരാഷ്ട്രീയവൽക്കരണവും വൈവിധ്യത്തിന്റെ സ്വീകാര്യതയും ഇസ്‌ലാമോഫോബിയ വിരുദ്ധ സമീപനത്തിന്റെ ഭാഗമാവേണ്ടതുണ്ട്. വംശീയ വിരുദ്ധ പ്രചാരകർക്ക് സമാനമായി, ഈ തന്ത്രം ഒരു വംശാനന്തര സമൂഹത്തിനുവേണ്ടിയല്ല, മറിച്ച് വംശീയതാനന്തര സമൂഹത്തിനുവേണ്ടിയാണ് വാദിക്കുന്നത്. അതിന്, മുസ്‌ലിമത്വത്തെ ‘മുസ്‌ലിം പ്രശ്‌നമായി’ നിർമ്മിച്ചെടുക്കുന്ന ഘടനാപരമായ നീതിരഹിത ഭരണസംവിധാനങ്ങളെയും നിരാകരിക്കേണ്ടതുണ്ട്.

കുറിപ്പ്

[1] Britishness എന്ന പദം ലേഖനത്തിലുടനീളം ‘ബ്രിട്ടീഷ് സ്വത്വം’ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്

‘ദ മുസ്‌ലിം പ്രോബ്ലം: ഫ്രം ദ ബ്രിട്ടീഷ് എംപയർ ടു ഇസ്‌ലാമോഫോബിയ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇസ്മായിൽ പട്ടേൽ. ലീഡ്‌സ് സർവകലാശാലയിലെ വിസിറ്റിംഗ് റിസർച്ച് ഫെലോയും യുകെ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആയ ‘ഫ്രണ്ട്‌സ് ഓഫ് അൽ-അഖ്‌സ’യുടെ ചെയർമാനുമാണ് അദ്ദേഹം.


വിവർത്തനം: അംജദ് കരുനാഗപ്പള്ളി

ഇസ്മായിൽ ആദം പട്ടേൽ

‘ദ മുസ്‌ലിം പ്രോബ്ലം: ഫ്രം ദ ബ്രിട്ടീഷ് എംപയർ ടു ഇസ്‌ലാമോഫോബിയ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇസ്മായിൽ പട്ടേൽ. ലീഡ്‌സ് സർവകലാശാലയിലെ വിസിറ്റിംഗ് റിസർച്ച് ഫെലോയും യുകെ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആയ ‘ഫ്രണ്ട്‌സ് ഓഫ് അൽ-അഖ്‌സ’യുടെ ചെയർമാനുമാണ് അദ്ദേഹം.

ഇസ്മായിൽ ആദം പട്ടേൽ

‘ദ മുസ്‌ലിം പ്രോബ്ലം: ഫ്രം ദ ബ്രിട്ടീഷ് എംപയർ ടു ഇസ്‌ലാമോഫോബിയ’ എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ് ഇസ്മായിൽ പട്ടേൽ. ലീഡ്‌സ് സർവകലാശാലയിലെ വിസിറ്റിംഗ് റിസർച്ച് ഫെലോയും യുകെ ആസ്ഥാനമായുള്ള എൻ‌ജി‌ഒ ആയ ‘ഫ്രണ്ട്‌സ് ഓഫ് അൽ-അഖ്‌സ’യുടെ ചെയർമാനുമാണ് അദ്ദേഹം.