Campus Alive

ഹിജാബ് നിരോധനം എന്താണ് പറയുന്നത്?

കർണാടകയിലെ നൂറോളം മുസ്‌ലിം പെൺകുട്ടികളെയും സ്ത്രീകളെയും ഭീതിപ്പെടുത്താനുള്ള മറ്റൊരു ശ്രമംകൂടി ഉയർന്നുവന്നിരിക്കുകയാണ്. സ്കൂളുകളിലേക്കും കോളേജുകളിലേക്കുമുള്ള അവരുടെ പ്രവേശനം നിഷേധിക്കുകയും ഭീഷണിപ്പെടുത്തുകയും ക്ലാസ്മുറികളിൽ പോലും മാറ്റിനിർത്തപ്പെടുകയും ചെയ്യുന്നു. ക്ലാസ് മുറികളിൽ മതവിധിപ്രകാരമുള്ള എല്ലാ വസ്ത്രധാരണത്തെയും തടഞ്ഞുകൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെ തുടർന്ന് കോടതി മുറിയിലും പ്രസ്തുത മുസ്‌ലിം സ്ത്രീകളുടെ അസ്തിത്വം വെല്ലുവിളിക്കപ്പെട്ടിരിക്കുന്നു. കേസ് തീരുന്നതുവരെ ഒന്നുകിൽ വീട്ടിലിരിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ വിശ്വാസത്തിന്റെയും വസ്ത്ര സംസ്കാരത്തിന്റെയും അനിവാര്യ ഭാഗമെന്ന് കരുതുന്നതിനെ ഉപേക്ഷിച്ചുകൊണ്ട് ക്ലാസിലരിക്കുകയോ ചെയ്യാം എന്ന നിർബന്ധിതാവസ്ഥയിലേക്ക് ഈ പെൺകുട്ടികളെ എത്തിക്കുന്നതിലൂടെ ഒരു വിഭാഗം പൗരന്മാരുടെ മൗലികാവകാശത്തെയാണ് കോടതി നിഷേധിച്ചിരിക്കുന്നത്.

ഇവിടെ പ്രശ്നം മതസ്വാതന്ത്രമാണോ? അതോ ഹിജാബോ? അല്ലെങ്കിൽ യൂണിഫോമോ യൂണിഫോമിറ്റിയോ ആണോ? വി.എച്ച്.പിയും ബജ്റംഗ് ദളും ഹിന്ദുത്വ ഭൂരിപക്ഷ വാദത്തിന്റെ വിത്തു പാകിക്കൊണ്ട് സമുദായങ്ങളെ തമ്മിലടിപ്പിച്ച കർണാടകയിലെ തീരദേശം ഭീമമായി ധ്രുവീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നതാണോ ഇവിടെ പ്രശ്നം? ഹിജാബ്, യൂണിഫോം സംവിധാനത്തെയും അതുവഴി യൂണിഫോമിറ്റിയെയും തകർക്കുന്നുവെന്നാണ് വലതുപക്ഷ അനുഭാവികൾ വാദിക്കുന്നത്. പൊതു സമാധാനത്തെയും നിയമവാഴ്ചയെയും സമഗ്രതയെയും തകർക്കുന്ന വസ്ത്രങ്ങൾ വിദ്യാർത്ഥികൾ ധരിക്കരുതെന്നാണ് കർണാടക സർക്കാരിന്റെ ഉത്തരവ് പറയുന്നത്. തിലക് അണിയുന്നതോ സിഖുകാരുടെ ടർബനോ അല്ലെങ്കിൽ ഹിജാബോ പൊതു സമാധാനത്തെ തകർക്കുന്നുണ്ടോ? കർണാടക കുണ്ഠപുരയിലെ ഒരു പെൺകുട്ടി ചോദിച്ച പോലെ; “എന്റെ ഹിജാബ് എന്തെങ്കിലും ശല്ല്യമുണ്ടാക്കുന്നുണ്ടോ?”.

മതങ്ങളെ പൊതു ജീവിതത്തിൽ നിന്ന് റദ്ദ് ചെയ്യുന്ന യൂറോപ്യൻ മതേതരത്വത്തിൽ നിന്ന് വ്യത്യസ്തമായ ഇന്ത്യയിലെ പോസിറ്റീവ് സെക്കുലറിസത്തെ പരാമർശിച്ചുകൊണ്ട്, ഇന്ത്യയിൽ മതചിഹ്നങ്ങൾ എല്ലാകാലത്തും പൊതുജീവിതത്തിന്റെ ഭാഗമായിരുന്നുവെന്ന് കുണ്ഠപുരയിലെ ഒരു കോളേജിലെ വിദ്യാർത്ഥികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ കർണാടക ഹൈക്കോടതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഭരണഘടനയിലെ ആർട്ടിക്ക്ൾ 14, 21, 25 എന്നീ വകുപ്പുകളും ഭരണഘടന ഉറപ്പുനൽകുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശവും വെച്ച് നോക്കുമ്പോൾ മുസ്‌ലിം പെൺകുട്ടികൾക്ക് അവരുടെ തലമക്കനയുടെ പേരിൽ വിദ്യാഭ്യാസം നിഷേധിക്കുന്നത് വ്യക്തമായും ഭരണാഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ്. വിദ്യാഭ്യാസ ഇടങ്ങളിൽ മതചിഹ്നങ്ങൾ ധരിക്കാനുള്ള അവകാശത്തെ സംരക്ഷിച്ചുകൊണ്ടുള്ള ഒട്ടനവധി കോടതി വിധികൾ പുറത്തുവന്നിട്ടുണ്ട്. തന്നെയുമല്ല ഇസ്‌ലാമിലെ ഹിജാബിന്റെ അനിവാര്യത പലതവണ കോടതികളിൽ തെളിയിക്കപ്പെട്ടതുമാണ്.

അടുത്ത രണ്ടുമാസം പരീക്ഷ കാലഘട്ടം ആണെന്നിരിക്കെ ‘പൊതുസമാധാനം’ കാത്തുസൂക്ഷിക്കുവാനും ‘ധ്രുവീകരണത്തെ’ ചെറുക്കാനുമുള്ള മുഴുവൻ ഭാരവും മുസ്‌ലിം പെൺകുട്ടികളുടെ ചുമലിൽ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ പെൺകുട്ടികൾ സ്കൂളുകളിലേക്ക് പ്രവേശിക്കുമ്പോൾ അവരെ ശല്യം ചെയ്യുകയും ശാരീരികമായി ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യാൻ യുവാക്കളെ അനുവദിക്കുക വഴി പൊതു സമാധാന സംരക്ഷണത്തിൽ ഭരണകൂടമാണ് പരാജയപ്പെട്ടിരിക്കുന്നത്. Controversy, Row എന്നൊക്കെയുള്ള രീതിയിലാണ് ഈ തർക്കത്തെ ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ മുസ്‌ലിം സ്ത്രീകൾ വർഷങ്ങളായി ഹിജാബ് ധരിച്ചുകൊണ്ട് തന്നെ സ്കൂളുകളിലും കോളേജുകളിലും പോകുന്നുണ്ട്. അവരിതുവരെ തങ്ങളുടെ സഹപാഠികൾ ക്ലാസിൽ കാവി ഷാൾ ധരിക്കുന്നതിനെയോ ബി.ജെ.പി എം.എൽ.എമാർ പാർലമെന്റിൽ മതചിഹ്നങ്ങൾ ധരിക്കുന്നതിനെയോ എതിർത്തിട്ടില്ല. ആകെ അവർ നേടിയടുക്കാൻ ശ്രമിക്കുന്നത് ക്ലാസ് മുറിയിൽ പ്രവേശിക്കുക എന്നത് മാത്രമാണ്.

ചില വ്യാഖ്യാതാക്കളും ബിജെപിയിലെ നിയമനിർമ്മാതാക്കളും ഈ പെൺകുട്ടികൾ ചില സംഘടനകളുടെ കേവല ‘കരുക്കൾ’ മാത്രമാണെന്ന് വാദിച്ചു തുടങ്ങിയിട്ടുണ്ട്. പഴകിദ്രവിച്ച വാദങ്ങളാണിതൊക്കെ. പലപ്പോഴും മുസ്‌ലിം സ്ത്രീയെ സവിശേഷമായി സ്വയം തീരുമാനമെടുക്കാൻ ശേഷിയില്ലാത്തവരായാണ് കാണാറുള്ളത്. അത് ശഹീൻ ബാഗ് സമരത്തിലെ സ്ത്രീകളെ ആയാലും കേരളത്തിലെ ഹാദിയ ആയാലും; ഒരു തെളിവുകളുടെയും പിൻബലമില്ലാതെ 500 രൂപ കൂലി കൊടുത്താണ് ശഹീൻ ബാഗിലെ സ്ത്രീകൾ അവിടെ സമരത്തിനിരിക്കുന്നത് എന്ന ആരോപണം ആ സ്ത്രീകൾക്കെതിരെ ഉണ്ടായിരുന്നു; സ്വേഛപ്രകാരം ഇസ്‌ലാം സ്വീകരിച്ചതിന് വീട്ടു തടങ്കലിൽ കഴിയേണ്ടി വന്ന ഹോമിയോ ഡോക്ടറായ ഹാദിയ മറ്റൊരു ഉദാഹരണം. ‘യാഥാസ്ഥിതികനും മർദ്ദകനുമായ മുസ്‌ലിം പുരുഷ’ന്റെ കൈകളിൽ നിന്ന് മുസ്‌ലിം സ്ത്രീയെ രക്ഷിച്ചെടുക്കാനുള്ള വ്യഗ്രത ഹിന്ദുത്വ വ്യവഹാരങ്ങളിൽ പ്രബലമാണ്. പക്ഷേ ഉന്നത വിദ്യാഭ്യാസ ഇടങ്ങളിൽ പ്രവേശനം നേടിയവരും സ്വയം ശബ്ദിക്കുന്നവരുമായ മുസ്‌ലിം സ്ത്രീകൾ ഇവരെ സംബന്ധിച്ച് ഒരു ഇരട്ട ഭീഷണിയാണ്; കാരണം അവരെ ‘രക്ഷിച്ചെടുക്കാനും’ കഴിയില്ല നിശബ്ദമാക്കാനും പ്രയാസമാണ്. അതുകൊണ്ടുതന്നെ പ്രശ്നം ഹിജാബോ പൊതുസമാധാനമോ അല്ല. ഒരുപക്ഷേ, വിദ്യാഭ്യാസ ഇടങ്ങളിലേക്കും തൊഴിലിടങ്ങളിലേക്കുമുള്ള തങ്ങളുടെ പ്രവേശനത്തിന് വേണ്ടി പോരാടുന്ന മുസ്‌ലിംകളോടും മറ്റ് ന്യൂനപക്ഷങ്ങളോടും പൊതുമണ്ഡലത്തിലുയരുന്ന ഉത്കണ്ഠയുടെ ഭാഗമായിരിക്കും അത്.

1960-ൽ റൂബി ബ്രിഡ്ജസ് എന്ന കറുത്തവർഗ്ഗക്കാരിയായ ആറു വയസ്സുകാരി പെൺകുട്ടി അമേരിക്കയിലെ വെള്ളക്കാർ മാത്രം പഠിക്കുന്ന ന്യൂ ഓർലിയൻസിലെ സ്കൂളിലേക്ക് പ്രവേശനം നേടിയ തന്റെ സമുദായത്തിൽ നിന്നുള്ള ആദ്യത്തെ പെൺകുട്ടിയായി മാറി. ഇത് സാധ്യമാവാൻ തന്നെ സംരക്ഷിക്കുന്ന ഒരുപറ്റം ഫീൽഡ് മാർഷൽസിനെ അവർക്ക് ആവശ്യമായി വന്നിട്ടുണ്ട്. മുസ്‌ലിം സ്ത്രീകൾ സ്കൂളുകളിലും കോളേജുകളിലും പ്രവേശിക്കുമ്പോൾ ആക്രമിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ശല്യം ചെയ്യപ്പെടുകയും വേണമെന്ന് നാമാഗ്രഹിക്കുന്നുണ്ടോ? ഇതൊക്കെ ഭരണഘടനാപരമായി സംരക്ഷണമുള്ള തങ്ങളുടെ വിശ്വാസം പിന്തുടരുന്നത് കൊണ്ടാണെന്നതാണ് ഏറെ രസകരം.

ശൈമ എസ്