Campus Alive

ഇസ്‌ലാം അതിർത്തികൾക്കപ്പുറം: 21-ാം നൂറ്റാണ്ടിലെ ഉമ്മത്തീ ഐക്യം

ആമുഖം

മുസ്‌ലിംകൾ അനൈക്യരാണ്… നമുക്ക് വ്യത്യസ്ത അഖീദകളുള്ളതു പോലെ ഒരിക്കലും നാം ഐക്യപ്പെടില്ല. ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത ഒരു പ്രശ്നമായി ഇതിനെ നാം അംഗീകരിക്കണം”

  • Most Muslims, anywhere, 2020[1]

 

ഈ പ്രബന്ധത്തിനു വേണ്ടി തയ്യാറെടുക്കുന്ന വേളയിലാണ് മുകളിലെ ഉദ്ധരണി എന്റെ ശ്രദ്ധയിൽ പെടുന്നത്. നമ്മെയൊക്കെ ഏറെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു വികാരത്തിന്റെ സാരാംശത്തെ അതുൾക്കൊള്ളുന്നുണ്ട്. നമ്മുടെ തന്നെ ആന്തരിക സംഭാഷണങ്ങളിൽ ആവർത്തിച്ചു കടന്നുവരാറുള്ള വിഷയങ്ങളിലൊന്നാണ് നമുക്കിടയിലെ പ്രകടമായ അനൈക്യം. “ഇന്ന വിഷയം ഉമ്മത്തിനു മേൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്, നാം എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു, പക്ഷേ നാം ഐക്യപ്പെട്ടു നിൽക്കാത്തതിനാൽ അതിന് സാധിക്കില്ല!” എന്നു പറഞ്ഞുകൊണ്ടാണ് ഇത്തരം ചർച്ചകൾ പലപ്പോഴും ആരംഭിക്കാറുള്ളത്. നമ്മളിൽ പലർക്കും, വശ്യമായ എന്നാൽ പരോക്ഷമായി പരാമർശിച്ചു മാത്രം പോകാറുള്ള ഒരു ആദർശമാണ് മുസ്‌ലിം ഐക്യം. അഥവാ, ഒരു ആഗോള വിശ്വാസി സമൂഹമെന്ന നിലയിൽ ഒന്നിച്ചുനിൽക്കാൻ അശക്തരായതിനാലോ അല്ലെങ്കിൽ അവരവരുടെ നാടുകളെ അലട്ടുന്ന മറ്റു പ്രശ്നങ്ങൾ കൊണ്ട് പൊറുതിമുട്ടിയതിനാലോ എത്തിപ്പിടിക്കാൻ അസാദ്ധ്യമായ ഒന്നായാണ് മുസ്‌ലിം ഐക്യത്തെ പലപ്പോഴും കാണാറുള്ളത് എന്നർത്ഥം. പക്ഷേ, ചരിത്രത്തിൽ തന്നെ രാഷ്ട്രീയമായും സാംസ്കാരികമായും ഏറ്റവും കൂടുതൽ ചിന്നിച്ചിതറിയ അവസ്ഥയാണ് (വിവിധ ദേശരാഷ്ട്രങ്ങളിലും വംശവിഭാഗങ്ങളിലും വിഭാഗീയ മനോഗതിയുമൊക്കെയായി) ഇന്ന് ഉമ്മത്തിന്റേതെങ്കിലും, വിശ്വാസികളുടെ മനസ്സിലും ഹൃദയത്തിലും സജീവമായി കുടികൊള്ളുന്ന ഉമ്മത്തീ ഐക്യത്തിനുവേണ്ടിയുള്ള അഭിലാഷത്തെ വിലകുറച്ചുകാണുന്നത് അബദ്ധമായിരിക്കും. സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ദൈവശാസ്ത്രപരവുമായ ഭിന്നതകളെ പരസ്പരം ബന്ധിപ്പിക്കുക എന്ന അതിബൃഹത്തായ ഈയൊരു ദൗത്യത്തെ വേണമെങ്കിൽ പ്രതീക്ഷാരഹിതവും അപ്രായോഗികവുമായ ഒന്നായോ അതല്ലെങ്കിൽ നമുക്കോരോരുത്തർക്കും സഹകരിക്കാൻ ശേഷിയുള്ള സംഘടിതവും വ്യക്തിപരവുമായ ഉത്തരവാദിത്തമായോ കാണാം.

മൂന്ന് വാദങ്ങളാണ് ഈ പ്രബന്ധത്തിൽ ഞാൻ മുന്നോട്ടുവെക്കുന്നത്. ഒന്നാമതായി, മുസ്‌ലിങ്ങൾക്കിടയിൽ ഇന്ന് കാണാൻ കഴിയുന്ന വിശ്വാസപരമായ വ്യത്യസ്ത തരം ഭിന്നതകളും സംഘർഷങ്ങളുമൊക്കെ നിലനിൽക്കേ തന്നെ, മുസ്‌ലിംകൾ ഒന്നിക്കണമെന്നുള്ള അഭിലാഷം നേരത്തെ തന്നെ വ്യാപകമായുണ്ടെന്ന് ഞാൻ വാദിക്കുന്നു. രണ്ടാമതായി, സാമൂഹിക പ്രവർത്തനം, കല, വിദ്യാഭ്യാസം, കച്ചവടം, കാരുണ്യപ്രവർത്തനങ്ങൾ, വിനോദ സഞ്ചാരം എന്നീ മേഖലകളിലെ ഇസ്‌ലാമിൽ നിന്ന് പ്രചോദനമുൾക്കൊണ്ട രൂപങ്ങളുടെ ആഗോള ശൃംഖലകൾ തമ്മിലുള്ള സാമൂഹികവും സാംസ്കാരികവും മതകീയവുമായ കൊടുക്കൽ വാങ്ങലുകൾ എന്നിങ്ങനെ കേവലം അഭിലഷണീയമായ ഒരു അവസ്ഥയെന്നതിലുപരി ഉമ്മത്തീ ഐക്യം യാഥാർത്ഥ്യമായി തന്നെ നിലനിന്നിരുന്നുവെന്നും ഞാൻ വാദിക്കുന്നു. ഇത്തരം ആഗോള ശൃംഖലകൾ “വ്യക്തികളെയും സ്ഥാപനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നതും അതേസമയം ആ ബന്ധത്തെ ഉറപ്പിച്ചുനിർത്തുന്നതും പരിവർത്തിപ്പിക്കുന്നതുമാണ്”[2]. ഈ ഭാഗത്ത്, അവസാന ഖിലാഫത്തിന്റെ പതനത്തിനു ശേഷം ഉയർന്നുവന്ന ഉമ്മത്തീ ബോധത്തെ സൂചിപ്പിക്കുന്ന ചില സന്ദർഭങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചുകൊണ്ടും ഇതിനോടുള്ള പണ്ഡിതരുടെയും മതകീയ പ്രസ്ഥാനങ്ങളുടെയും പ്രതികരണങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടും, മുസ്‌ലിം യുവതയുടെ മാറ്റംകൊണ്ടുവരാനുള്ള ശേഷിയെയും വിശകലനം ചെയ്തുകൊണ്ട് മുസ്‌ലിം രാഷ്ട്രീയൈക്യത്തിനു വേണ്ടിയുള്ള ആധുനികമായ വാഞ്ച്ഛയുടെയും ലഘു ചിത്രം ഞാൻ വരച്ചുകാട്ടുന്നു. മൂന്നാമതായി, ഈ ഐക്യം നേടിയെടുക്കാൻ നമ്മുടെ നിലവിലെ ധാരണകളെ കുറിച്ചുള്ള പുനരാലോചനയും വ്യത്യസ്തകളെ മറികടക്കാനുള്ള നവമാർഗ്ഗങ്ങൾ വികസിപ്പിക്കുകയും മനസ്സിന്റെ സാങ്കൽപ്പികാതിർത്തികളെ അതിജയിക്കുന്ന വിധത്തിലുള്ള ഒരു ബദൽ ഭാവി ഉമ്മത്തിനായി നിർമ്മിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് പറഞ്ഞു കൊണ്ട് അവസാനിപ്പിക്കുന്നു.

സമീപകാല ചരിത്രങ്ങളിലുണ്ടായ ഉമ്മത്തീ ഉണർവ്വുകൾ

“നിശ്ചലമായ ഒന്നെന്നതിനെക്കാൾ അയഞ്ഞതും മുസ്‌ലിം സംഘടിത സ്വത്വത്തെ നിർവചിക്കുന്ന അതിർവരമ്പുകൾക്കകത്ത് നിന്നു കൊണ്ട് ഇസ്‌ലാമിനെ ആകമാനം സൂചിപ്പിക്കുന്നതുമായ”[3] ഒരു ധാർമ്മിക സമുദായമെന്ന നിലക്ക് ഉമ്മത്ത് എന്ന ആശയത്തിന് സ്ഥിരമായ സ്വീകാര്യത മുസ്‌ലിം ഭാവനാഭൂപടത്തിലുണ്ട്. മുസ്‌ലിംകളുടെ ആത്മീയമായ ഏകത ഖുർആന്റെയും പ്രവാചക ചര്യയുടെയും അടിസ്ഥാന പ്രമാണങ്ങളിലാണ് എല്ലായ്പ്പോഴും വേരൂന്നി നിന്നിട്ടുള്ളത്. മൊറോക്കോയും മലേഷ്യയും പോലുള്ള വിദൂരദേശങ്ങളിൽ പോലും സാമ്യതകളുണ്ടാക്കുന്ന വിധത്തിലുള്ള അന്യോന്യമായ സാമൂഹിക സാംസ്കാരിക അനുഷ്ഠാനങ്ങളിൽ കാണുന്ന പോലുള്ള ഉമ്മത്തീ ഐക്യത്തിന്റെ അടിത്തറയായി തൗഹീദെന്ന തത്വം വർത്തിക്കുന്നുണ്ട്. ലോകത്തെമ്പാടുമുള്ള മുസ്‌ലിങ്ങൾ ദേശാന്തര ഐക്യമെന്ന ആശയത്തെ തിരിച്ചറിഞ്ഞ് അതിനെ പരസ്പര ബന്ധത്തെയും സഹകരണത്തെയും കുറിക്കാൻ വേണ്ടി ഉമ്മത്ത് എന്ന ആശയവുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നു. ദേശാന്തരമായ ഇസ്‌ലാമിക സ്വത്വമെന്ന നിലയിൽ മുസ്‌ലിം ഐക്യം എന്ന ആശയം ആഗോള മുസ്‌ലിം പൊതുമണ്ഡലത്തിൽ ഉമ്മത്തീ കേന്ദ്രീകൃതമായ പ്രവർത്തനങ്ങളിലൂടെയാണ് സഫലീകരിക്കപ്പെടാറുള്ളത്[4]. രാഷ്ട്ര മീമാംസകനായ ഇജാസ് അക്റം എഴുതിയത് കാണുക:

“ഉമ്മത്തിന്റെ ഇസ്‌ലാമികമായ അഭിലാഷങ്ങൾ അപ്രത്യക്ഷമായിട്ടില്ല, ഒപ്പം ദേശാന്തരീയ മുസ്‌ലിം സംഘടനളുടെയും, പ്രത്യയശാസ്ത്രങ്ങളുടെയും ആശയവിനിമയ സംവിധാനങ്ങളുടെയും ദേശാതിർത്തികൾപ്പുറം വ്യാപിക്കുവാനുള്ള ശേഷി തെളിയിക്കുന്നതും പൊതുവിൽ മനസ്സിലാക്കുന്നതിനേക്കാളും തീവ്രമായ മുസ്‌ലിം സമുദായമെന്ന അനുഭവത്തിന്റെ നിലനിൽപ്പിനെയാണ്”.[5]

ഒവൈമിർ അഞ്ജും

ചരിത്രപരമായി, രാഷ്ട്രീയൈക്യം ഖിലാഫത്തെന്ന സ്ഥാപനത്തിലൂടെയാണ് ആവിഷ്കരിക്കപ്പെട്ടിരുന്നത്. മുസ്‌ലിം ബോധമണ്ഡലങ്ങളിൽ രാഷ്ട്രീയാധികാരത്തിന്റെ രൂപത്തിൽ തന്നെ അന്തർലീനമായി കിടന്നിരുന്ന ഖിലാഫത്ത് വികേന്ദ്രീകരിക്കപ്പെടുകയും പ്രാദേശികമായ ബഹുസ്വരത സ്വീകരിക്കപ്പെടുകയും ചെയ്തു. ഇന്ന് ഈയൊരു വികാരം കൂടുതൽ ശക്തിപ്പെടുന്നതായാണ് തോന്നുന്നത്. വിവിധ സർവ്വേകൾ സൂചിപ്പിക്കുന്ന പോലെ ആഗോള ലോക ക്രമത്തെക്കുറിച്ച് മുസ്‌ലിംകൾ വ്യത്യസ്ത അഭിപ്രായങ്ങൾ വെച്ചുപുലർത്തുന്നവരായിരിക്കെ തന്നെ പൊതുവെ രാഷ്ട്രീയ ജീവിതത്തിൽ ഇസ്‌ലാമിന് കാര്യമായ പങ്ക് വേണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ[6]. പ്രാദേശിക ആരാധനാ ഇടങ്ങളുടെയും ദേശീയ മത സംഘടനകളുടെയും ഭരണഘടനകളിലും അന്താരാഷ്ട്ര മുസ്‌ലിം സ്ഥാപനങ്ങളുടെ സ്ഥാപിത പ്രമാണങ്ങളിലും ഈ ഉമ്മത്തീ വികാരം പ്രകടമാകുന്നതായി കാണാം. ലോകത്ത് സ്വാധീന ശക്തിയുള്ള അന്തർദേശീയ ഇസ്‌ലാമിക പുനരുദ്ധാരണ സംഘടനകളിൽ മിക്കവയും ഉമ്മത്തീ കേന്ദ്രീകൃതമായ ആശയങ്ങൾ സ്പഷ്ടവും വ്യക്തവുമായി മുന്നോട്ടു വെക്കുന്നവയും വിശാലമായ മുസ്‌ലിം സഹകരണത്തിനു വേണ്ടിയുള്ള പ്രേരണകളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കുന്നവയുമാണ്. 2019-ൽ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി മഹാത്തിർ മുഹമ്മദ് തുർക്കി പ്രസിഡന്റ് ഉർദുഗാനുമായുള്ള രാഷ്ട്ര സന്ദർശനത്തിന്റെ വേളയിൽ പാകിസ്താൻ, മലേഷ്യ, തുർക്കി തുടങ്ങിയ രാഷ്ട്രങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിം നവോത്ഥാനത്തിന് വേണ്ടി ആഹ്വാനം ചെയ്തത് ഇതിന്റെ സമീപകാല ഉദാഹരണങ്ങളിലൊന്നാണ്[7]. അദ്ദേഹവും ഇംറാൻ ഖാനും നിലവിൽ രാഷ്ട്ര നേതൃത്വത്തിലില്ലെങ്കിലും നവോത്ഥാനത്തിനു വേണ്ടിയുള്ള അഭിലാഷം ഇപ്പോഴും തുടരുകയും മലേഷ്യയിൽ പുതിയ പ്രസിഡന്റായി ഉമ്മത്തീ ബോധമുള്ള അൻവർ ഇബ്രാഹിം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തതോടെ അത് വീണ്ടും പുനരുദ്ദീപിക്കുകയും ചെയ്യുകയാണുണ്ടയത്[8]. “നിലവിലെ ഇസ്‌ലാമോഫോബിക് ലോകക്രമത്തിന് ഒരു ബദൽ നിർമ്മിക്കാനുള്ള പരിശ്രമത്തിലേക്കായി ജനങ്ങളെയും ഭരണകൂടങ്ങളെയും ബന്ധിപ്പിക്കുന്ന, പ്രതീക്ഷയുടെ ചന്ദ്രപ്പിറയിലേക്കാണ്” ഈ സംഭവങ്ങളൊക്കെ വിരൽചൂണ്ടുന്നത്[9].

കാഴ്ചയിൽ മിക്ക മുസ്‌ലിംകളും ദേശാന്തരീയരാണ് (transnationalist). വിശാലമായ പ്രവാസി സമുദായങ്ങളുടെയോ സമീപകാല കുടിയേറ്റ ജനതയുടെയോ ഭാഗമോ വിദ്യാർത്ഥികളോ അഭയാർത്ഥികളോ വ്യാപാരികളോ ഒക്കെ ആവാം അവരെങ്കിലും കൃത്യമായ ഇടവേളകളിലുള്ള സന്ദർശനങ്ങളിലൂടെയും നാട്ടിലേക്ക് പണമയക്കുന്നതിലൂടെയും ‘നാട്ടിലെ’ സാമൂഹ്യ-രാഷ്ട്രീയ സംഭവവികാസങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്നതിലൂടെയും അതിർത്തികൾക്കു കുറുകെ ജന്മനാടുമായി തങ്ങളുടെ ബന്ധം കാത്തുസൂക്ഷിക്കാൻ ശ്രമിക്കുന്നവരാണ് അവർ. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അടുപ്പം, (Faith based belongingness) “മുസ്‌ലിംകൾ ദുർബലരോ അല്ലെങ്കിൽ ഇരകളാക്കപ്പെടുന്നതോ ആയ സ്ഥലങ്ങളുമായോ യുദ്ധാവസ്ഥയിൽ കഴിയുന്ന ഉമ്മത്തിനെ സൂചിപ്പിക്കാൻ ‘ജെറുസലേം’ ‘സ്രെബ്രനിക’ ‘റോഹിങ്ക്യ’ എന്നുതുടങ്ങിയ പദങ്ങൾ ഉപയോഗിക്കേണ്ടി വരുന്ന ഇടങ്ങളുമായോ ആണ് കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നത്”[10]. ദേശങ്ങൾക്കപ്പുറത്തുള്ള മതകീയ സ്വത്വത്തെ നിലനിർത്താൻ വേണ്ടി പലപ്പോഴും ഉദ്ധരിക്കാറുള്ള പുണ്യ പ്രമാണങ്ങളിലൊന്നാണ് “ഉമ്മത്ത് ഒരു ശരീരം കണക്കെയാണ്” എന്ന പ്രസിദ്ധമയ പ്രവാചക വചനം. അധിനിവേശ ഫലസ്ത്വീനും കാശ്മീരും അനുഭവിക്കുന്ന മർദ്ദനങ്ങൾക്കെതിരെ നൽകുന്ന പിന്തുണയിലും ബംഗ്ലാദേശിലും പാകിസ്താനിലും അടുത്തിടെയുണ്ടായ പ്രളയത്തിന്റെ ഘട്ടത്തിൽ മനുഷ്യസ്നേഹത്തിന്റെ പേരിൽ നൽകിയ സഹായങ്ങളിലുമൊക്കെ ഉമ്മത്തീ സഹതാപത്തിന്റെ താഴേതട്ടിൽ നിന്നുള്ള പ്രകടനങ്ങളാണ് കാണുന്നത്.

സഹ മുസ്‌ലിങ്ങളുമായുള്ള ഐക്യദാർഢ്യ പ്രകടനങ്ങൾ ദൈനംദിന ഇടപാടുകളിലും സംഭാഷണങ്ങളിലും പ്രാർത്ഥനകളിലുമൊക്കെ ഉണ്ടാവാറുണ്ട്. ഈ ഐക്യദാർഢ്യ പ്രകടനങ്ങൾക്ക് രണ്ടുതരം ഫലങ്ങളുണ്ടെന്ന് പറയാം (Push and pull effect)[11]. ഒന്നാമത്തേത് (pull effect), മ്യാന്മർ പോലുള്ള സ്ഥലങ്ങളിലെ മറ്റു വിശ്വാസികൾ അകപ്പെട്ടിരിക്കുന്ന അപകടാവസ്ഥയെ സാധാരണക്കാരായ മുസ്‌ലിംകൾ തിരിച്ചറിയുന്നു എന്നുള്ളതാണ്. ഇറാൻ, സൗദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങൾ തങ്ങളുടെ വിദേശ നയങ്ങൾ പിന്തുടരുമ്പോൾ തന്നെ വ്യത്യസ്ത സ്ഥാപനങ്ങളിലൂടെയും സമ്മേളനങ്ങളിലൂടെയും പ്രസിദ്ധീകരണങ്ങളിലൂടെയും ഫണ്ടിങ്ങിലൂടെയും മുസ്‌ലിം ഐക്യത്തിനുവേണ്ടി വാചാടോപപരമായെങ്കിലും ആഹ്വാനം ചെയ്യുന്നതാണ് രണ്ടാമത്തെ ഫലം (Push effect) എന്നു പറയുവാൻ കഴിയും. പ്രായോഗിക രാഷ്ട്രീയത്തിൽ രാജ്യതന്ത്രത്തിന്റെ ഭാഗമായി മതകീയ വാചാടോപത്തെ പലപ്പോഴും ഉപയോഗിക്കാറുണ്ടെങ്കിലും ഈ ഭരണകൂടങ്ങൾ ഉമ്മത്ത് എന്ന ആശയത്തെ ഉപയോഗിക്കുന്നത് മുസ്‌ലിം ഐക്യമെന്ന തത്വത്തിന്റെ സജീവ ശക്തിയെയാണ് അടിവരിടുന്നത്.

ഫലസ്ത്വീൻ പുണ്യഭൂമിക്ക് മുസ്‌ലിം ഹൃദയങ്ങളിൽ പ്രത്യേകസ്ഥാനവും അവിടത്തെ മർദ്ദിത ജനത തലമുറകളായി ഉമ്മത്തീ ബോധത്തിന്റെ സവിശേഷ ശ്രദ്ധാ കേന്ദ്രവുമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള അനേകം മുസ്‌ലിംകൾ ഫലസ്ത്വീനികൾക്ക് സഹായവുമായി മുന്നോട്ടുവന്നിട്ടുണ്ട്. 1967-ലെ അറബ്-ഇസ്രാഈൽ യുദ്ധത്തിൽ ജോർദാനിയൻ വ്യോമസേനക്കൊപ്പം പറന്ന് മൂന്ന് ഇസ്രായീലീ യുദ്ധവിമാനങ്ങൾ തകർത്ത ബംഗാളീ ഫൈറ്റർ പൈലറ്റ് സൈഫുൽ അസമിന്റെ ധീര ശ്രമങ്ങൾ ഇതിനൊരു ഉദാഹരണമാണ്[12]. മുസ്‌ലിം ലോകത്തിന്റെ വ്യാപകമായ ക്രോധത്തിന് കാരണമായ 1969-ലെ ഇസ്രായീൽ മസ്ജിദുൽ അഖ്സക്ക് നേരെ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഉമ്മത്തീ ബോധത്തിന് ഉണർവുണ്ടായ മറ്റൊരു സന്ദർഭമുണ്ടായത്. ഈ സംഭവത്തെ തുടർന്ന് ഫൈസൽ രാജാവിനോടൊപ്പം ജെറുസലേം മുഫ്തിയായിരുന്ന അമീൻ അൽ-ഹുസൈനി വിഷയം ചർച്ചചെയ്യാൻ ഒരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർക്കുകയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോൺഫറൻസിന്റെ (OIC) സ്ഥാപനത്തിലേക്ക് നയിച്ച നടപടികൾക്ക് രൂപംകൊടുക്കുകയും ചെയ്തു. 1982-ലെ ഇസ്രായേലിന്റെ ലബനാനിലെ സൈനികാക്രമണത്തിന് ശേഷം ഫലസ്ത്വീൻ വിമോചനത്തിന് വേണ്ടി 8000 ത്തിനടുത്ത് ബംഗ്ലാദേശികൾ സ്വയം സന്നദ്ധരായി പോരാടി എന്നത് അധികം അറിയപ്പെടാതെ പോയ മറ്റൊരു വസ്തുതയാണ്[13]. അടുത്തിടെ പ്രശസ്തരായ സെലിബ്രിറ്റികളുടെയും രാഷ്ട്രീയക്കാരുടെയും പിന്തുണയിൽ ഫലസ്തീൻ പ്രശ്നം വീണ്ടും ഉയർന്നിരുന്നു. 2021-ൽ ഇസ്രായേലീ ഭരണകൂടത്തിന്റെ ആക്രമണത്തിന് ഇരകളായ ഫലസ്തീനികളെ പിന്തുണച്ചുകൊണ്ട് മില്ല്യൺ കണക്കിന് ട്വിറ്റർ ഉപയോക്താക്കൾ നടത്തിയ ക്യാമ്പയിനിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാനും ഭാഗമാവുകയും അതേതുടർന്ന് #WeStandWithPalestine എന്ന ഹാഷ്ടാഗ് ആഗോള തലത്തിൽ ട്രെന്റിംഗിൽ വരികയും ചെയ്തിരുന്നു. ഫലസ്ത്വീനികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഈ പിന്തുണയും സഹാനുഭൂതി വികാരത്തിനു പുറത്തുള്ള മറ്റ് സമാനമായ പ്രവർത്തനങ്ങളും കാണിക്കുന്നത്, ഒരുപക്ഷേ തങ്ങളുടെ ദൈനംദിന അനുഭവ പരിസരത്തിനു പുറത്തു നിൽക്കുന്ന മറ്റു മുസ്‌ലിംകളോട് മുസ്‌ലിങ്ങൾക്കിടയിലുള്ള ഉത്തരവാദിത്ത ബോധത്തെയും അതുവഴി ഉമ്മത്തീ ആക്ടിവിസങ്ങളുടെ പ്രായോഗിക രൂപങ്ങളെയുമാണ്.

ഇക്കഴിഞ്ഞ ഖത്തർ ലോക കപ്പിന്റെ വേളയിൽ ചില മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള ഫുട്ബോൾ ടീമുകൾ ഗോളിനു ശേഷം ഗ്രൗണ്ടിൽ സുജൂദ് ചെയ്യുകയും ഫ്രീ ഫലസ്തീൻ പതാക ഉയർത്തുകയും ചെയ്തപ്പോഴും ഉമ്മത്തീ ബോധം സ്പഷ്ടമായി കാണാൻ കഴിഞ്ഞിരുന്നു. മൊറോക്കൻ ടീം സെമി ഫൈനലിലേക്ക് ജയിച്ചുകയറിയത് ഇന്തോനേഷ്യയിൽ കൂട്ടപ്രാർത്ഥനകൾക്കും ലോകമെമ്പാടുമുള്ള മില്ല്യൺ കണക്കിന് മുസ്‌ലിങ്ങൾ തെരുവുകളിൽ ആഘോഷിക്കുന്നതിനും വരെ കാരണമായിരുന്നു[14]. സ്പെയിനിനെതിരെയുള്ള മൊറോക്കോയുടെ വിജയത്തെ കുറിച്ച് ഒരു മാധ്യമ പ്രവർത്തകൻ പറഞ്ഞത് കാണുക;

“മൊറോക്കോ ഒരു മുസ്‌ലിം രാജ്യമാണ്, സ്പെയിനിനെതിരെയുള്ള ലാസ്റ്റ്-15 പെനാൽറ്റി ഷൂട്ടൗട്ടിന് തൊട്ടുമുന്നെ കളിക്കാർ ഖുർആനിലെ ആദ്യ അദ്ധ്യായമായ ഫാത്തിഹ പാരായണം ചെയ്തു. പിന്നീട്, ക്വാർട്ടർ ഫൈനലിലേക്ക് കടക്കുകയും അത് വിജയിക്കുകയും ചെയ്ത ശേഷം ടീം ആരാധകർക്കരികിലേക്ക് ഓടുകയും പ്രർത്ഥിക്കുകയും ചെയ്തു – ഇതിലൂടെ മൊറോക്കോക്കാരായതിന്റെ മാത്രമല്ല ഇസ്‌ലാമിനെ കുറിച്ചുള്ള അഭിമാനവും കൂടി പ്രപഞ്ചത്തോട് പ്രഖ്യാപിക്കുകയും മുസ്‌ലിം ലോകത്താകമാനം ഹർഷാനന്ദത്തിന് തിരികൊളുത്തുകയുമായിരുന്നു അവർ.”[15]

മാനവികമായ പരോപകാരങ്ങളുടെ മേഖലയിലാണ് മറ്റ് ഉദാഹരണങ്ങൾ കാണാൻ സാധിക്കുക. ന്യൂനപക്ഷ സാഹചര്യങ്ങളിലും ഭൂരിപക്ഷ മേഖലകളിലുമുള്ള മുസ്‌ലിം ഇന്റർനാഷണൽ എൻ.ജി.ഓകൾ തങ്ങളുടെ പ്രവർത്തനങ്ങളുടെ കേന്ദ്രഭാഗത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് ഇസ്‌ലാമിക ആദർശൈക്യത്തെയാണെന്ന് കാണാം. ഖത്തറിലെ ഇന്റർനാഷണൽ ഇസ്‌ലാമിക് ചാരിറ്റബിൾ ഓർഗനൈസേഷൻ, സൗദി അറേബ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ ഇസ്‌ലാമിക് റിലീഫ്, ബ്രിട്ടനിലെ ഉമ്മഹ് വെൽഫെയർ ട്രസ്റ്റ്, വൺ ഉമ്മഹ് ചാരിറ്റി തുടങ്ങിയവ അനേകം ഉദാഹരണങ്ങളിൽ ചിലതാണ്[16]. ഉമ്മത്തിനെ സേവിക്കണമെന്ന ഈ ശക്തമായ ദൗത്യബോധം ചാരിറ്റികൾ നൽകുന്നതിനു പുറമെ മർദ്ദിതരും നിർദ്ധനരുമായവരിലേക്ക് നേരിട്ട് ഇറങ്ങിചെല്ലാൻ വരെ ആളുകളെ പ്രചോദിപ്പിച്ചിട്ടുണ്ട്. 1980-കളിലെ അഫ്ഘാൻ യുദ്ധം, 1990-കളിലെ ബോസ്നിയൻ യുദ്ധം എന്നീ സംഘർഷ സ്ഥലങ്ങളിലേക്ക് ധാരാളം മുസ്‌ലിംകൾ യാത്ര ചെയ്തതും അടുത്തിടെ സിറിയൻ സിവിൽ വാറിന്റെ ഘട്ടത്തിൽ നൂറുകണക്കിന് മുസ്‌ലിംകൾ വൈദ്യസഹായങ്ങളുമായി പോയതുമൊക്കെ ഇതിനുദാഹരണമാണ്. ഉമ്മത്തീ വികാരത്തിന്റെ ഈ തലം എൽ സാൽവദോർ, ഐസ് ലാൻഡ് തുടങ്ങിയ അപ്രതീക്ഷിതമായ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മേല്പറഞ്ഞ പ്രശ്നങ്ങളനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമെത്തിക്കുന്ന മുസ്‌ലിങ്ങളിലൂം കാണുവാൻ കഴിയും. ഒരു മുസ്‌ലിമിന് മറ്റു മുസ്‌ലിങ്ങളോടുള്ള കടമകൾ എന്ന ഇസ്‌ലാമിലെ സവിശേഷ സങ്കല്പം ലോകത്തെമ്പാടുമുള്ള ജുമുഅ ഖുതുബകളിലെ മുഖ്യവിഷയമാണ്. ഇതിന്റെ ഭാഗമായി ഇമാം ഉമ്മത്തിന്റെ വിജയത്തിനും ഐക്യത്തിനും വേണ്ടി പ്രാർത്ഥിക്കും. ഈ സന്ദേശം മുസ്‌ലിം രാജ്യങ്ങളിലും പാശ്ചാത്യൻ സമൂഹങ്ങളിലും ഒരുപോലെ നമുക്ക് കാണാൻ സാധിക്കും[17].

ആർക്കാണ് ഒരു ഖിലാഫത്ത് ആവശ്യം

മുസ്‌ലിം രാഷ്ട്രീയൈക്യത്തിനു വേണ്ടിയുള്ള തേട്ടം ഖിലാഫത്ത് എന്ന സ്ഥാപനത്തിലായിരുന്നു ചരിത്രപരമായി കുടികൊണ്ടിരുന്നത്. നിർഭാഗ്യവശാൽ, ‘ഖിലാഫത്ത്’ എന്ന പദത്തിന് ഐ.എസ്.ഐ.എസ് പോലുള്ളവ കാരണത്താൽ മോശം അർത്ഥം കല്പിക്കപ്പെട്ടതും തീവ്രവാദവും ഭീകരവാദവുമായി അതിന് പതിച്ചു നൽകിയിരിക്കുന്ന തെറ്റായ ബന്ധവും കാരണം പൊതുമദ്ധ്യത്തിൽ ചർച്ചചെയ്യാൻ കൊള്ളാത്ത ഒന്നായി അത് മാറിയിരിക്കുന്നു. വാസ്തവത്തിൽ, ചരിത്രകാരൻ ഹ്യൂ കെന്നഡി അദ്ദേഹത്തിന്റെ The Caliphate: The History of an Idea എന്ന പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന പോലെ ദൈവേച്ഛ അനുസരിക്കുന്ന നീതിയിലധിഷ്ഠിതമായ നേതൃത്വവും മുസ്‌ലിം സമൂഹത്തിന്റെ അപ്രകാരമുള്ള ക്രമീകരണവുമാണ് സത്താപരമായി ഖിലാഫത്തിന്റെ ഉദ്ദേശം[18]. ഖിലാഫത്ത് ഉണ്ടാവുക എന്നത് ഒരു മതകീയ ബാധ്യതയാണെന്നതും പണ്ഡിതന്മാരുടെ അഭിപ്രായൈക്യമുള്ള കാര്യമാണെന്നതും എടുത്തുപറയേണ്ട സംഗതിയാണ്[19]. മുസ്‌ലിം ലോകത്തെ മിക്ക രാഷ്ട്രങ്ങളും ഇന്നനുഭവിക്കുന്ന പ്രതിസന്ധികൾ പരിഗണിച്ച് നോക്കുമ്പോൾ, ഒരു ഏകീകൃതവും സ്വതന്ത്രവുമായ മുസ്‌ലിം നാഗരികതക്ക് ഐശ്വര്യവും സുരക്ഷയും അധികാരവും കൊണ്ടുവരാനും നിലവിലതിന് വിലങ്ങുതടിയാവുന്ന പ്രശ്നങ്ങൾ പരിഹരിക്കാനുമുള്ള ശേഷിയുണ്ട്[20].

1924-ലെ ഉസ്മാനിയ ഖിലാഫത്തിന്റെ പതനത്തിന് മുൻപും ശേഷവുമായി കഴിഞ്ഞ നൂറ്റാണ്ടിൽ നടന്ന ഒട്ടേറെ ശ്രമങ്ങളിൽ ഉമ്മത്തീ ഐക്യത്തിന് വേണ്ടിയുള്ള ആദ്യകാല ആധുനിക ആഹ്വാനങ്ങൾ കണ്ടെടുക്കാൻ കഴിയും. 19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും മുസ്‌ലിം നാടുകളിലുടനീളം പാൻ ഇസ്‌ലാമിക് വികാരം പ്രകടമായിരുന്നു. ചില പണ്ഡിതർ, ശത്രുക്കളാൽ ആക്രമിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഖിലാഫത്തിന്റെ അവസാന നാളുകളിൽ പാശ്ചാത്യൻ ശക്തികളെ കെട്ടുകെട്ടിക്കാൻ വേണ്ടി മുസ്‌ലിംകളെ അണിനിരത്തുന്നതിന്റെ ഭാഗമായാണ് പാൻ ഇസ്‌ലാമിക് സ്വത്വം ഉദയം കൊണ്ടതെന്നും, അതേസമയം രാഷ്ട്രീയൈക്യം പ്രായോഗികവൽക്കരിക്കാൻ എപ്പോഴും കഴിഞ്ഞിട്ടില്ലെങ്കിലും ഇസ്‌ലാമിൽ അന്തർലീനമായ ഒന്നാണ് അതെന്ന് മറ്റു ചില പണ്ഡിതരും ചൂണ്ടിക്കാട്ടുന്നു[21]. അങ്ങനെയെങ്കിലും, അവസാനത്തെ ഫലപ്രദമായ ഖലീഫയെന്ന് പറയാവുന്ന അബ്ദുൽഹമീദ് രണ്ടാമന്റെ മുസ്‌ലിം ഐക്യത്തിന് വേണ്ടിയുള്ള ആഹ്വാനം, അദ്ദേഹം “ഉമ്മത്തിനും ഉമ്മത്തിന്റെ ആശങ്കകൾക്കും കൊടുത്ത പ്രാധാന്യവും ഇതുമൂലം, അർത്ഥവത്തായ രീതിയിൽ ഒരിക്കൽ പോലും യാഥാർത്ഥ്യവൽക്കരിക്കാൻ കഴിഞ്ഞിട്ടില്ലെങ്കിലും ഭൂമിശാസ്ത്രപരമായി അകന്നു കഴിയുന്ന മുസ്‌ലിംകൾ തമ്മിൽ ‘പൊതുവായ ഒരു ആത്മീയൈക്യം’ ശക്തിപ്പെട്ടതും”[22] പരിഗണിച്ചു നോക്കുമ്പോൾ നിഷ്കളങ്കമായിരുന്നുവെന്ന് കാണാം.

എതിർപ്പുകൾ ശക്തമായ 19-ാം നൂറ്റാണ്ടിന്റെ ആഗോള സാഹചര്യം പരിഗണിക്കുമ്പോൾ മുസ്‌ലിംകളുടെ രാഷ്ട്രീയവും സായുധവുമായ ഐക്യം യൂറോപ്യൻ സാമ്രാജ്യത്തെ ചെറുക്കാൻ മികച്ച അവസരം നൽകുമെന്നത് കൊണ്ടു തന്നെ ഇസ്‌ലാമിക ഐക്യം എന്ന ആശയം ശ്രദ്ധാർഹമായ ഒരു വാദമായിരുന്നു[23]. ഖിലാഫത്തിന്റെയും അത് പ്രതിനിധീകരിച്ചിരുന്ന ചിഹ്നാത്മകമായ ഐക്യത്തിന്റെയും പതനം ലോകത്താകമാനമുള്ള മുസ്‌ലിം നേതാക്കളിൽ നിന്നും ഗ്രൂപ്പുകളിൽ നിന്നുമുള്ള ശക്തമായ പ്രതികരണങ്ങൾക്ക് വഴിയൊരുക്കി. ഉസ്മാനിയ ഖലീഫയെ സർവ്വ മുസ്‌ലിംകളുടെയും സംരക്ഷകനായാണ് ഇന്ത്യയിലെ മുസ്‌ലിംകൾ കണ്ടത്. വിശാലമായ കൊളോണിയൽ വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായി ഖിലാഫത്തിനെ സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ മുസ്‌ലിംകളെ അണിനിരത്തിയ പാൻ ഇസ്‌ലാമിക് ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഏറെ സജീവമായി തന്നെ അവർ പങ്കെടുത്തിരുന്നു. ഖിലാഫത്തിന്റെ ദൗത്യങ്ങൾ നിർവഹിക്കാൻ എല്ലാ മുസ്‌ലിം ദേശരാഷ്ട്രങ്ങളുടെയും പ്രതിനിധികളടങ്ങിയ അന്താരാഷ്ട്രീയമായി തിരഞ്ഞെടുക്കപ്പെട്ട ഒരു കൗൺസിൽ രൂപീകരിക്കുക എന്ന ആശയം ഖിലാഫത്ത് പ്രസ്ഥാനം മുന്നോട്ടുവെച്ചു[24]. ഖലീഫയുടെ ഓഫീസ് പുനഃസ്ഥാപിക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് നിരവധി അന്താരാഷ്ട്ര സമ്മേളനങ്ങൾ ഈ ഘട്ടത്തിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി (അവ പ്രസ്തുത സ്ഥാനത്തിന് വേണ്ടിയുള്ള വിവിധ വ്യക്തികളുടെ അവകാശ വാദമാണെങ്കിൽ പോലും) [25]. 1920-കളുടെ അവസാനത്തിൽ ഈജിപ്തിൽ ഇഖ്വാനുൽ മുസ്‌ലിമൂൻ സ്ഥാപകനായ ഇമാം ഹസനുൽ ബന്ന (മരണം. 1949) ഉമ്മത്തീ സ്വത്വത്തിന് വേണ്ടി ഏറെ വൈകാരികമായി തന്നെ നിലകൊള്ളുകയും മുസ്‌ലിം രാഷ്ട്രങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി ഒരു കൂട്ടായ്മ രൂപീകരിക്കുകയും വേണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഉമ്മത്ത് മുസ്‌ലിം ലീഗ് ഓഫ് നാഷൻസ് വേണമെന്നുള്ള കവി മുഹമ്മദ് ഇഖ്ബാലിന്റെ ദർശനം മുന്നോട്ടു വെച്ച ആശയമാണ് ഇതിന്റെ അടിസ്ഥാനം[26]. 1940-കളുടെ തുടക്കത്തിൽ സ്ഥാപിതമായ ജമാഅത്തെ ഇസ്‌ലാമിയുടെ സ്ഥാപക നേതാവ് മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദിയും (മരണം. 1979) പാകിസ്താനിലുടനീളമുള്ള ഉമ്മത്തിനെ ഏകീകരിക്കാൻ ഒരു സ്വതന്ത്രരാഷ്ട്ര കൂട്ടായ്മ (commonwealth) രൂപീകരിക്കുക എന്ന സമാനമായ ആശയം മുന്നോട്ടുവെച്ചു. മിഡിലീസ്റ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും വളർന്നുകൊണ്ടിരിക്കുന്ന ഉമ്മത്തീ വികാരത്തിൽ ഇഖ്വാനും ജമാഅത്തും കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്, അതിന്റെ സ്വാധീനം ഇന്നും തുടരുകയും ചെയ്യുന്നുണ്ട്.

പുനഃസ്ഥാപിക്കപ്പെട്ട ഖിലാഫത്തിനു വേണ്ടിയുള്ള അഭിനിവേശം യുദ്ധ കാലഘട്ടത്തിൽ കുറഞ്ഞുവരികയും കോളനിയാന്തര ‘സ്വാതന്ത്ര്യ’ ഘട്ടത്തിൽ പുതുതായി നിർമ്മിക്കപ്പെട്ട മുസ്‌ലിം രാഷ്ട്രങ്ങളിൽ ദേശീയ വികാരം ശക്തിപ്പെട്ടതോടെ നിഷ്ക്രിയമാവുകയും ചെയ്തു. 1950-കളുടെ തുടക്കത്തിൽ ശൈഖ് തഖിയ്യുദ്ദീൻ നബ്ഹാനിയുടെ നേതൃത്വത്തിൽ ഫലസ്ത്വീനിൽ രൂപംകൊണ്ട ഹിസ്ബു തഹ്രീർ മൂവ്മെന്റിന്റെ മുഖ്യ രാഷ്ട്രീയ പദ്ധതി ഇതിനെ വീണ്ടെടുക്കുകയെന്നതായിരുന്നു[27]. അമുസ്‌ലിംകളുടെയും അമുസ്‌ലിം അയൽ രാജ്യങ്ങളുടെയും അവകാശങ്ങളെ സൂക്ഷ്മമായി കൈകാര്യം ചെയ്യും വിധമുള്ള ആധുനിക ഖിലാഫത്തിനെ കുറിച്ച വ്യവസ്ഥാപിതമായ സൈദ്ധാന്തികവൽക്കരണം നടത്തിയ ഈജിപ്ഷ്യൻ നിയമജ്ഞനായ ഡോ. അബ്ദുൽ റസാഖ് അൽ സൻഹൂരിയാണ് ഇതിന്റെ ആധുനിക വക്താക്കളിൽ മറ്റൊരു പ്രധാനി[28]. ഇഖ്വാനും ജമാഅത്തും അവരുടെ വിദൂര ലക്ഷ്യമെന്ന നിലയിൽ മുന്നോട്ടു വെച്ചത് ഖിലാഫത്തായിരുന്നുവെങ്കിലും അവരുടെ പ്രവർത്തന മണ്ഡലമായ ദേശരാഷ്ട്രങ്ങളുടെ സാഹചര്യങ്ങളിലെ പ്രായോഗികമായ കാരണങ്ങൾ പരിഗണിച്ച് അവരതിനെ മാറ്റിവെച്ചതായി കാണാം. ചിശ്തി, നഖ്ഷബന്ദിയ്യ, തിജാനിയ്യ സൂഫി ത്വരീഖത്തുകൾ തബ്ലീഗി ജമാഅത്ത് പ്രസ്ഥാനം തുടങ്ങിയ ലോകത്തിലെ മറ്റ് ഇസ്‌ലാമിക മത പ്രസ്ഥാനങ്ങളും ഉമ്മത്തീ ഐക്യത്തിന്റെ പ്രാധാന്യം മുന്നോട്ടു വെക്കുകയും ലോകത്തെ ദശലക്ഷക്കണക്കിന് മുസ്‌ലിങ്ങളിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്.

ഉമ്മത്തിന്റെ രാഷ്ട്രീയമായ ഐക്യമെന്ന ആശയത്തെക്കുറിച്ച് മിക്ക മുസ്‌ലിങ്ങളും അംഗീകരിക്കുമ്പോഴും ഇന്നത്തെ സാഹചര്യത്തിൽ അതെങ്ങനെ നേടിയെടുക്കാമെന്ന കാര്യത്തിൽ വേണ്ടത്ര വ്യക്തതയില്ല. പ്രബലമായ ഒരു അന്താരാഷ്ട്ര ലോകക്രമം നിലനിൽക്കുന്ന 21-ാം നൂറ്റാണ്ടിൽ ഖിലാഫത്ത് വ്യവസ്ഥയുടെ സ്ഥാപനവും അതേക്കുറിച്ച പുനർവിചാരവും ഒട്ടും എളുപ്പമല്ലെന്ന് വ്യക്തമാണ്, തന്നെയുമല്ല അങ്ങനെയൊരു ആശയത്തിന്റെ രൂപീകരണത്തെ കുറിച്ചും അതിന്റെ പുനരുദ്ധാരണത്തെ സംബന്ധിച്ചുമുള്ള അനേകം ചോദ്യങ്ങൾ അത് ഉയർത്തുന്നുമുണ്ട്. യൂറോപ്യൻ യൂണിയന്റേതിന് സമാനമായി രാഷ്ട്രീയവും സാമ്പത്തികവുമായി സ്ഥിരത പ്രദാനം ചെയ്യാനുതകുന്ന രീതിയിൽ ഒരേ ചരിത്രപാരമ്പര്യങ്ങളുള്ള ഇസ്‌ലാമിന്റെ പ്രധാന പ്രദേശങ്ങളിലെ ഭരണകൂടങ്ങളുടെ ഒരു കൂട്ടായ്മ എന്ന നിലയിലുള്ള ഖിലാഫത്താണ് യുക്തിപരമായി സാധ്യമായ ഒരു മാർഗ്ഗം. രാഷ്ട്രീയ തത്വചിന്തകനായ അബ്ദുൽ വഹാബ് അൽ-എഫന്തി മുന്നോട്ടു വെച്ച മാതൃകയോട് താരതമ്യം ചെയ്യാൻ കഴിയുന്ന ഒരു മാതൃകയാണിത്. അദ്ദേഹത്തിന്റെ Who Needs an Islamic State എന്ന പുസ്തകത്തിൽ ഖിലാഫത്തിന് സ്വീകരിക്കാൻ കഴിയുന്ന രൂപത്തെക്കുറിച്ച് ഇപ്രകാരമാണ് എഴുതിയിരിക്കുന്നത്; “ഭൂമിശാസ്ത്രപരമായ കണിശതയില്ലാത്ത ഒരു രാഷ്ട്ര സംവിധാനം… പരസ്പര വൈരികളും ഭൂപ്രദേശ കേന്ദ്രീകൃതവുമായ ദേശരാഷ്ട്രങ്ങളെക്കാൾ പരസ്പരം സമാധാനത്തിൽ കഴിയുന്ന സമുദായങ്ങളിൽ അധിഷ്ടിതമായ ഒന്ന്”[29].

അബ്ദുൽ വഹാബ് അൽ-എഫന്തി

അപ്പോഴും ബാക്കിയാവുന്ന ഒരു ചോദ്യമുണ്ട്; 21-ാം നൂറ്റാണ്ടിലും മുസ്‌ലിംകൾക്ക് പുനഃസങ്കല്പനം ചെയ്യപ്പെട്ട ഒരു ഖിലാഫത്തിന്റെ ആവശ്യമുണ്ടോ? സാമൂഹ്യ ശാസ്ത്രജ്ഞനായ മുജ്തബ അലി ഇഹ്സാനി അദ്ദേഹത്തിന്റെ അടുത്തിടെ പ്രസിദ്ധീകരിച്ച Muslim Public Opinion Toward the International Order: Support for International and Regional Actors എന്ന പുസ്തകത്തിൽ അന്താരാഷ്ട്ര ഭരണക്രമത്തെ കുറിച്ചുള്ള മുസ്‌ലിം പൊതുവഭിപ്രായത്തെ കുറിച്ച് നിലവിലുള്ള പഠനങ്ങൾ ഒരു ഖിലാഫത്ത് സംവിധാനത്തിനാവശ്യമായ പിന്തുണകളുടെ അവസ്ഥയെ കുറിച്ച് അന്വേഷിക്കുന്നതിൽ പരാജയമാണെന്ന് നിരീക്ഷിക്കുന്നുണ്ട്. സർവ്വേ ഡാറ്റകളിൽ അദ്ദേഹം നടത്തിയ പരിശോധന കാണിക്കുന്നത് മുസ്‌ലിം സമൂഹത്തിൽ നിന്ന് ആഗോള ഖിലാഫത്തിന് ലഭിക്കുന്ന വലിയൊരളവ് പിന്തുണയും അന്താരാഷ്ട്ര ഭരണസംവിധാനത്തിന്റെ ബദൽ എന്ന നിലക്കാണെന്നാണ്[30]. മുൻപ് മാർക് ടെസ്ലർ 1980-’90 കളിൽ നടത്തി Carnegie Middle East Governance and Islam Dataset എന്ന് സംഗ്രഹിച്ച ഗവേഷണത്തെ സ്ഥിരീകരിക്കുന്നതാണ് അദ്ദേഹത്തിന്റെ വാദം. “നിലവിലെ ലോകക്രമത്തിന്റെ സാധുതയേക്കാൾ മികച്ചു നിൽക്കുന്നില്ലെങ്കിലും അതിനോട് കിടപിടിക്കുന്ന ഒരു രാഷ്ട്രീയ മാതൃകയെന്ന നിലയിൽ മുസ്‌ലിം ലോകത്ത് ഏറെ ജനകീയമാണ് ഖിലാഫത്ത്” എന്നാണ് പുതിയ ഡാറ്റകൾ സൂചിപ്പിക്കുന്നതെന്നും ഇസാനി വാദിക്കുന്നു[31].

ഈജിപ്ത്, മൊറോക്കോ, ഇന്തോനേഷ്യ, പാകിസ്താൻ എന്നിവിടങ്ങളിൽ വസിക്കുന്ന മുസ്‌ലിങ്ങൾക്കിടയിൽ 2006-ൽ നടത്തിയ ഒരു സർവ്വേ കാണിക്കുന്നത് രാഷ്ട്രീയൈക്യത്തിന് വേണ്ടിയുള്ള ഈ ആഗ്രഹം ഈ മില്ല്യേനിയത്തിലും സജീവമായി നിലനിൽക്കുന്നുണ്ടെന്നാണ്. പ്രസ്തുത സർവ്വേ പഠനവിധേയമാക്കിയ മൂന്നിൽ രണ്ടു ഭാഗം പേരും പറഞ്ഞത് എല്ലാ ഇസ്‌ലാമിക രാജ്യങ്ങളെയും ഒരു പുതിയ ഖിലാഫത്തിന് കീഴിൽ ഏകീകരിക്കുകയെന്ന ല്യക്ഷ്യത്തെ തങ്ങൾ പിന്തുണയ്ക്കുന്നുവെന്നാണ്[32]. എന്നിരുന്നാലും, ഇന്തോനേഷ്യയിലെ 38 ശതമാനം മുതൽ പാകിസ്താനിലെ 88 ശതമാനം വരെയുള്ള, ചില രാജ്യങ്ങൾ തമ്മിലുള്ള പൊതു പിന്തുണയിലെ വ്യത്യാസം കാണിക്കുന്നത് ഭരണസംവിധാനത്തിന്റെ ബദൽ മാതൃകകളോടുള്ള പിന്തുണയെ രൂപീകരിക്കുന്നത് അതത് ദേശീയ സാഹചര്യങ്ങൾ കൂടിയാണെന്നാണ്[33]. The Program on International Policy Attitudes (PIPA) നടത്തിയ ഒരു വിശകലനം ഒരു ആഗോള ഖിലാഫത്തിനു വേണ്ടിയുള്ള പിന്തുണകൾ ശരീഅത്തിനോടുള്ള താൽപ്പര്യവുമായി പരസ്പര ബന്ധിതമാണെന്ന് സൂചിപ്പിക്കുന്നു[34]. ശരീഅത്തിന് കീഴിൽ ജീവിക്കാൻ ആഗ്രഹിക്കുന്ന മുസ്‌ലിങ്ങൾ ഒരു ആഗോള ഖിലാഫത്തിന്റെ സ്ഥാപനത്തെ പിന്തുണക്കാൻ കൂടുതൽ സാധ്യതയുള്ളവരാണ്. മിക്ക മുസ്‌ലിം രാജ്യങ്ങളിലും ഇല്ലാത്ത ഉത്തരവാദിത്വ ബോധമുള്ള ഭരണകൂടത്തിനും നിഷ്പക്ഷമായ സാമൂഹിക ക്ഷേമ നയങ്ങൾക്കും വേണ്ടിയുള്ള തേട്ടമായും ഒരുപക്ഷേ ഈ വികാരം പ്രതിഫലിച്ചേക്കാം. ജനാധിപത്യം ഏറെ ജനകീയമായിരിക്കുമ്പോൾ തന്നെ ആഗോള ഖിലാഫത്ത് എന്ന ആശയവും മിക്ക മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലും സമാനമായി ജനകീയമാണെന്നാണ് അറബ് ബാരോമീറ്റർ പോലുള്ള മറ്റു ഏജൻസികൾ നൽകുന്ന ഡാറ്റകളും കാണിക്കുന്നത്. ഇസാനി ഇപ്രകാരം ഉപസംഹരിക്കുന്നു;

“തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറുന്നതും തങ്ങൾക്ക് സ്വാധീന ശേഷിയുള്ളതുമായ ഒരു അന്തരാഷ്ട്ര ക്രമത്തെ മുസ്‌ലിങ്ങൾ ഇഷ്ടപ്പെടും. അന്താരാഷ്ട്ര സംഘടനകൾക്ക് ലഭിക്കുന്ന പിന്തുണ സാമ്പത്തികമായ നേട്ടങ്ങളെ മാത്രം മുൻനിർത്തിയാണെന്ന് ഇതിനർത്ഥമില്ല. അതിലുപരി, മുസ്‌ലിം ലോകം തേടിക്കൊണ്ടിരിക്കുന്ന അടിയന്തരാവശ്യങ്ങളായ നീതി, സ്ഥിരത, ക്ഷേമം, വികസനം തുടങ്ങിയവയും ഇതിന് കാരണമാണ്”[35].

ഖിലാഫത്ത്, ശരീഅത്ത്, ജനാധിപത്യം തുടങ്ങിയ പദങ്ങൾ കൊണ്ട് അവരെന്താണ് മനസ്സിലാക്കുന്നത് എന്ന ചോദ്യം വിശാലമായ പ്രസ്തുത സർവ്വേകൾ ഉയർത്തുന്നുണ്ടെന്നതും പ്രധാനമാണ്. ഒരു ഖിലാഫത്തിനു ലഭിക്കുന്ന പിന്തുണയുടെ വ്യാപ്തിയെത്രത്തോളമാണ്, ഈ രാഷ്ട്രങ്ങളിൽ അത്തരം പിന്തുണകൾ യഥാർത്ഥത്തിൽ എന്താണ് അർത്ഥമാക്കുന്നത്, അതേപോലെ രാഷ്ട്രീയമായും ആഗോളമായും ഏകീകരിക്കപ്പെട്ട ഉമ്മത്ത് എങ്ങനെയിരിക്കും തുടങ്ങിയ കൂടുതൽ പരിശോധനകൾക്ക് വേണ്ടിയുള്ള ഗവേഷണത്തിന്‍റെ ആവശ്യകതയിലേക്കാണ് ഈ കണ്ടെത്തലുകൾ വിരൽചൂണ്ടുന്നത്. ചില സൂചനകൾ ഓൺലൈൻ ചർച്ചകളിലും ഖിലാഫത്തിനെ കുറിച്ചുള്ള ചർച്ചചെയ്യുന്ന മറ്റിടങ്ങളിലും കാണാമെങ്കിലും വിശാലമായ പോളിങ്ങില്ലാതെ അവയൊന്നും കൃത്യമായി പ്രതിനിധാനം ചെയ്യുന്നതാവില്ല[36]. ചില മുസ്‌ലിങ്ങൾ ഖിലാഫത്ത് എന്ന ആശത്തെ ഐസിസ്, അൽ ഖാഇദ പോലുള്ളവർ കാരണം മലിനമാക്കപ്പെട്ട ഒന്നായി കാണുകയും തീവ്രവാദവുമായുള്ള ബന്ധം മുൻനിർത്തി അതിനെ എതിർക്കുകയും, അതേസമയം മറ്റുചിലർ അത് മതപരമായി നിർബന്ധമല്ലെന്നോ അല്ലെങ്കിൽ ആധുനിക ലോകത്ത് പ്രായോഗികമല്ലെന്നോ വാദിക്കുകയും ചെയ്യുന്നു.

ഒരു തനതായ ആധുനിക ഖിലാഫത്തിന്റെ വക്താക്കൾ അതിനെ ഒരു പ്രതീക്ഷയുടെ അടയാളമായാണ് കാണുന്നത്. ഒവൈമിർ അഞ്ജൂം ഇവ്വിഷയകമായ അദ്ദേഹത്തിന്റെ പ്രബന്ധത്തിൽ ഇപ്രകാരം എഴുതുന്നു: “മുസ്‌ലിം ലോകത്തെ നിലവിലുള്ള അവസ്ഥ നിലനിർത്തിക്കൊണ്ടു പോവുകയെന്നത് ഒരു ദിവാസ്വപ്നമാണ്. എന്നാലത് മാറ്റണമെന്ന സ്വപ്നം അങ്ങനെയല്ല. നിലവിലുള്ള ക്രമം അനിസ്ലാമികവും അനൈതികവും മുസ്‌ലിങ്ങളുടെയും മനുഷ്യ സമൂഹത്തിന്റെ ഒന്നടങ്കവും അന്തസ്സുറ്റ ഭാവിക്ക് ദ്രോഹകരവുമാണ്. ആ അവസ്ഥയെ നിലനിർത്തണമെന്നാഗ്രഹിക്കുന്നവർ വിരളവും ചുരുങ്ങിക്കൊണ്ടിരിക്കുന്ന ചെറിയൊരു വിഭാഗം വരേണ്യരും മാത്രമാണ്.”[37] ഏകാധിപത്യ മുസ്‌ലിം ഭരണകൂടങ്ങളുടെയും സുശക്തരായ അമുസ്‌ലിം രാഷ്ട്രങ്ങളുടെയും താൽപര്യങ്ങൾക്ക് ഭീഷണിയുയർത്തുന്ന, ഉത്തരവാദിത്ത ബോധമുള്ളതും നിഷ്പക്ഷമായതുമായ ഒരു ബദൽ ഭരണവ്യവസ്ഥ എന്ന നിലയിൽ ഖിലാഫത്തെന്ന ആശയത്തോട് ഈ രണ്ട് രൂപങ്ങളും ശത്രുതയിലായിരിക്കുമെന്ന് തികച്ചും പറയാം. മുസ്‌ലിം രാജ്യങ്ങളിലെ ഭരണ വരേണ്യർ സാമൂഹിക-രാഷ്ട്രീയ മാറ്റങ്ങളെ ഇസ്‌ലാമികമായി ക്രമീകരിക്കപ്പെട്ട പുതിയ മുസ്‌ലിം യുവതലമുറയെ കൊണ്ടുവരുന്ന ഒരു അനിവാര്യതയായാണ് മനസ്സിലാക്കുന്നത്.

 

(തുടരും)

വിവർത്തനം: മൻഷാദ് മനാസ്

കടപ്പാട് : https://ummatics.org/


അവലംബം

[1] Faisal Amjad, “A recipe to reunite the Ummah: What has Gordon Ramsay got to do with Muslim unity?” Medium, June 16, 2022, https://medium.com/kn-ow/how-gordon-ramsay-can-reunite-the-ummahb977836f7d32

[2] Miriam Cooke and Bruce B. Lawrence, Muslim Networks: From Hajj to Hip-Hip, (North Carolina: University of North Carolina Press, 2006).

[3] Cooke and Lawrence, Muslim Networks.

[4] കൂടുതൽ ചർച്ചക്ക്, see Peter Mandeville, “Muslim Transnational Identity and State Responses in Europe and the UK after 9/11: Political Community, Ideology and Authority,” Journal of Ethnic and Migration Studies 35, no. 3 (March 2009): 491-506.

[5]  Ejaz Akram, “Muslim Ummah and its Link with Transnational Muslim Politics,” Islamic Studies 46, no. (Autumn 2007): 381-415

[6] “Most Muslims Want Democracy, Personal Freedoms, and Islam in Political Life. Few Believe U.S. Backs Democracy,” Pew Research Centre, Global Attitudes Project, July 12, 2012, p.3.

[7] “Malaysia premier calls for ‘Islamic renaissance’ with these two countries,” The New Arab, July 28, 2019, https://www.newarab.com/news/malaysia-premier-calls-islamic-renaissance-two-countries

[8] Anwar Ibrahim, SCRIPT For a Better Malaysia an Empowering Vision and Policy Framework for Action (Shah Alam: Institut Darul Ehsan and Centre for Postnormal Policy and Futures Studies, 2022).

[9] Salman Sayyid, “The Crescent of Hope,” Daily Sabah, Sept 10, 2018, https://www.dailysabah.com/op-9 ed/2018/09/10/the-crescent-of-hope

[10] James Piscatori and Amin Saikal, Islam Beyond Borders: The Umma and World Politics, (Cambridge University Press, 2019), viii.

[11] Piscatori and Saikal, viii.

[12] Md. Kamaruzzam, “Profile – Bangladeshi fighter pilot who destroyed Israeli planes,” Anadolu Agency, June 15, 2020, https://www.aa.com.tr/en/asia-pacific/profile-bangladeshi-fighter-pilot-who-destroyed-israeli-planes/1877614

[13] Ehsan Abdullah, “Remembering the Past: Bangladeshi Fighters for Palestine of the 1980’s, May 23 2018, https://mygoldenbengal.wordpress.com/2018/05/23/remembering-the-past-bangladeshi-fighters-forpalestine-of-the-1980s-2/

[14] ഇതുപറയുമ്പോൾ ലോകകപ്പിന് മുന്നോടിയായി സ്വത്വവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന അസ്വാരസ്യങ്ങളെ ഓർക്കേണ്ടത് പ്രധാനമാണ്. ലോകകപ്പിലെ മൊറോക്കൻ ടീമുമായി ബന്ധപ്പെട്ട മൊറോക്കൻ, ആഫ്രിക്കൻ, അറബ് മുസ്ലിം കാഴ്ചപ്പാടിൽ നിന്നുകൊണ്ടുള്ള കൂടുതൽ സൂക്ഷ്മമായ വിശകലനത്തിന്, Hisham Aïdi, “The (African) Arab Cup,” Africa is a Country, December 13, 2022, https://africasacountry.com/2022/12/the-afro-arab-cup.

[15]  Daniel Harris, “World Cup 2022 briefing: Morocco’s pride in Islam should inspire us all,” The Guardian. December 14, 2022, https://www.theguardian.com/football/2022/dec/14/world-cup-2022briefing-moroccos-pride-in-islam-should-inspire-us-all

[16] ഇതുമായി ബന്ധപ്പെട്ട് ഉപയോഗപ്രദമായ ഒരു സർവ്വേയാണ് Marie Juul Petersen, For Humanity or for the Umma? Aid and Islam in Transnational Muslim NGOs (London: C. Hurst & Co., 2015).

[17]  Mazen Hashem, “The Ummah in the Khutba: A Religious Sermon or a Civil Discourse?” Journal of Muslim Minority Affairs 30, no. 1, (March 2010).

[18] Rashid Dar, “America is a Caliphate,” Popula, Sept 11, 2018, https://popula.com/2018/09/11/america-is-a-caliphate/

[19] ഇത് സംബന്ധിച്ച കൂടുതൽ വിശാലമായ ചർച്ചയ്ക്ക്, Ovamir Anjum, “Who wants a Caliphate?”, Yaqeen Institute, October 31, 19 2019, https://yaqeeninstitute.org/read/paper/who-wants-the-caliphate.

[20] മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ സംബന്ധിച്ചും അവയെ വിഭജിതവും ദുർബലവുമാക്കി നിർത്തുന്ന വിധം 20-ാം നൂറ്റാണ്ടിലെ ആധുനിക ദേശരാഷ്ട്രത്തിൽ അതെത്രത്തോളം ആശ്രയിച്ചിരിക്കുന്നു എന്നതും സംബന്ധിച്ച വിവരണത്തിന്, see Joseph Kaminski, “Irredeemable Failure: the Modern Nation-State as a Nullifier of Ummatic Unity,” Ummatics Institute, December 14, 2022, https://ummatics.org/2022/12/14/irredeemable-failure-the-modern-nation-state-as-a-nullifier-ofummatic-unity/.

[21] Jacob M, Landau. The Politics of Pan-Islamism: Ideology and Organization, (Oxford: Oxford 21 University Press, 1990), 2-4

[22] Özcan A. Pan-Islamism: Indian Muslims, the Ottomans & Britain (1877-1924) (London: Brill, 1997), 62.

[23] For more see, for example, Birol Baskan and Ömer Taspinar, The Nation or the Ummah: Islamism and Turkish Foreign Policy, (Albany, NY: State University of New York Press, 2021).

[24] Özcan, Pan-Islamism, 62.

[25] See Basheer Nafi, “The Abolition of The Caliphate in Context,” in Demystifying The Caliphate: Historical Memory and Modern Contexts, eds. Madawi al-Rasheed et al., 31-56

[26] Abdullah Ahsan, Ummah or Nation: Identity Crisis in Contemporary Muslim Society (Leicester, UK: Islamic Foundation, 1994), 88. In 2011, the Kuwaiti Muslim Brother Tariq Suwaydan endorsed the idea of an ‘Islamic Confederation’. See Noha Mellor, Voice of the Muslim Brotherhood: Da’wa, Discourse, and Political Communication, (London: Routledge, 2018)

[27] 1970-കളുടെ മദ്ധ്യത്തിൽ പാകിസ്ഥാനിൽ രൂപംകൊണ്ട തൻസീമേ ഇസ്‌ലാമി പോലുള്ള സമാനമായ മറ്റു പ്രസ്ഥാനങ്ങളും കാണാൻ കഴിയും. കൂടുതൽ ഉദാഹരണങ്ങൾക്ക്, see Reza Pankhurst’s The Inevitable Caliphate? A History of the Struggle for Global Islamic Union, 1924 to the Present (London: C. Hurst & Co., 2013).

[28] Anjum, Who Wants a Caliphate?, 47-48.

[29] For a summary of his argument, see Yoginder Sikand, “Review of Who Needs an Islamic State”, Counter Currents, 15 July, 2009, https://www.countercurrents.org/sikand150709.htm

[30] Mujtaba Ali Isani, Muslim Public Opinion Toward the International Order: Support for International and Regional Actors (Cham: Palgrave-MacMillan, 2019).

[31] Isani, Muslim Public Opinion, 25.

[32] “What’s the appeal of a caliphate?” BBC News, 26 October, 2014, https://www.bbc.co.uk/news/magazine-29761018.

[33] Isani, 28.

[34] Isani, 89

[35] Isani, 3.

[36] Julia Voelker McQuaid, The Struggle for Unity and Authority in Islam: Reviving the Caliphate? (A joint CNA/Wilton Park Conference) 2007, Center for Strategic Studies, Virginia, p.23-24

[37] Anjum, Who Wants a Caliphate?, 51

സാദിഖ് ഹാമിദ്