Campus Alive

ഇസ്‌ലാമും പിന്തുടർച്ച രീതികളിലെ സമകാലിക സംവാദങ്ങളും

ഇസ്‌ലാമിക നിയമങ്ങൾ ഒരാളുടെ സ്വകാര്യ സ്വത്തിനു മേലുള്ള അവകാശത്തെ അങ്ങേയറ്റം മാനിക്കുന്നു. ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന് തന്നെ അതിനാൽ വ്യക്തികളുടെ സ്വകാര്യ സ്വത്തിന്റെ പരിരക്ഷണമാണ്‌ എന്ന് കാണാം . ഭരണകൂടത്തിന് പോലും അതിന് മുകളിൽ കൈകടത്താനുള്ള അവകാശം ശരീഅത്ത് പരിമിതപെടുത്തുന്നു. ഒരാൾ തന്റെ സ്വകാര്യ സ്വത്തിന്റെ സംരക്ഷണ വഴിയിൽ കൊല്ലപ്പെടുമ്പോൾ അവൻ ദൈവ മാർഗത്തിൽ ആണെന്ന് പ്രവാചക (സ) യുടെ അധ്യാപനം കാണാം. അതേസമയം, ഒരാളുടെ സ്വകാര്യ സ്വത്തിനെ അയാൾ ജീവിച്ചിരിക്കുമ്പോഴും മരണപെട്ടാലും എപ്രകാരം വിനിയോഗിക്കണമെന്നതിൽ ശരീഅത്ത് കൃത്യമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നു. ഈ നിർദ്ദേശങ്ങൾ സമ്പത്തിന്റെ പരമാധികാരം അല്ലാഹുവിനാണ്, മനുഷ്യർ അതിന്റെ താത്കാലിക കൈകാര്യ കർത്താക്കളാണെന്നുമുള്ള ഖുർആനിക അധ്യാപനത്തെ മുൻ നിർത്തിയുള്ളതാണ് .
ഒരാളുടെ ഉടമസ്ഥതയിൽ ഉള്ള സ്വകാര്യ മുതലുകൾ ഒരു തലമുറയിൽ നിന്ന് അടുത്ത തലമുറയിലേക്ക് കൈമാറുന്നതിനും കുടുംബത്തിലെ അംഗങ്ങളിൽ നിന്ന് അതേ കുടുംബത്തിലെ അംഗങ്ങൾക്ക് എത്തിച്ചേരുന്നതുമായ പ്രക്രിയയെയാണ് വിശാലാർത്ഥത്തിൽ പിന്തുടർച്ചാ രീതികൾ എന്ന് വിളിക്കപ്പെടുന്നത്. ഒട്ടുമിക്ക സമൂഹങ്ങളിലും ഇതിനു മൂന്നു തരത്തിലുള്ള രീതികൾ നില നിൽക്കുന്നു. അതിൽ ഒന്നാമത്തേതിനെ Inter vivos എന്ന് നിയമ ഭാഷയിൽ വിശേഷിപ്പിക്കുന്നു. ഒരാൾ ജീവിച്ചിരിക്കെ അയാളുടെ സ്വത്തിനെ അന്യാധീനപ്പെടുത്തുന്ന പ്രക്രിയയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. രണ്ടാമത്തേത് Testamentary രീതികളാണ്. ഇത് ഒരാൾ തന്റെ ജീവിത കാലത്ത് മരണശേഷം അയാളുടെ സമ്പത്തിൽ ആരൊക്കെ അവകാശികൾ ആവണമെന്നും എങ്ങനെ വീതം വെക്കണമെന്നും നിർണയിക്കുന്ന രീതിയെയാണ്. മൂന്നാമത്തെ രീതിയെ Intestate എന്ന് വിളിക്കപ്പെടുന്നു. ഒരാൾ ജീവിത കാലത്ത് ചെലവഴിക്കാതെയും ജീവിത കാലത്ത് മരണശേഷമുള്ള അവകാശികളെ നിർണയിക്കാതെയും മരണാനന്തരം ബാക്കി വെക്കുന്ന സമ്പത്ത് വിതരണം ചെയ്യുന്ന രീതിയെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഇവ മൂന്നും ഇസ്‌ലാമിക നിയമത്തിൽ എപ്രകാരമാണെന്നും അവയിൽ സ്ത്രീകൾ എങ്ങനെ പ്രതിനിധീകരിക്കപ്പെടുന്നു എന്നും പരിശോധിക്കാൻ ശ്രമിക്കുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

ഒരാളുടെ ജീവിത കാലത്തുള്ള സാമ്പത്തിക കൈമാറ്റം അയാളുടെ സ്വകാര്യ സ്വത്തിലുള്ള സ്വാതന്ത്രത്തിൽ പെട്ടതാണ് . അയാൾക്ക് അത് അയാളുടെ ഇഷ്ടം പ്രകാരം ഇസ്‌ലാം അനുവദിച്ച വഴികളിൽ സമ്പാദിക്കാവുന്നതും വിനിയോഗിക്കാവുന്നതുമാണ്. എന്നാൽ ഒരാളുടെ അധിക സമ്പത്തിൽ സമൂഹത്തിലെ ദുർബലർക്ക് അവകാശമുണ്ട്. അതിനാൽ ഉള്ളവർ നിശ്ചിത പങ്ക് അവർക്ക് നൽകൽ ബാധ്യതയാണ്. ഈ നിർബന്ധ ബാധ്യതയെ ‘സകാത്ത്’ എന്ന് വിളിക്കുന്നു.
സകാത്തിന് പുറമെ ഒരാൾ ദൈവ സാമീപ്യം ആഗ്രഹിച്ചു കൊണ്ട് ചെയ്യുന്ന ദാനത്തെ ‘സ്വദഖ’ എന്ന് വിളിക്കുന്നു. ഇത്തരം നിർബന്ധിതവും ഐച്ഛികവുമായ ദാനങ്ങളിൽ ആൺ പെൺ വിത്യാസം ഇസ്‌ലാം കാണിക്കുന്നില്ല . ലിംഗ വ്യത്യാസങ്ങൾക്ക് അതീതമായി ആവശ്യവും ദരിദ്ര്യവും ഇതിന് പരിഗണിക്കണമെന്ന് ഇസ്‌ലാമിക നിയമങ്ങൾ അനുശാസിക്കുന്നു. ദാനങ്ങളിൽ സ്വന്തം കുടുംബത്തിലെ ദരിദ്രർക്കും ആവശ്യക്കാർക്കും കൊടുക്കുന്ന ദാനം ഏറ്റവും ഉൽകൃഷ്ടമായതെന്നാണ് പ്രവാചക പാഠം. സ്വകുടുംബത്തിനുള്ള ദാനം കുടുംബബന്ധം നിലനിൽക്കാൻ സഹായിക്കുന്നു എന്ന അധിക ധർമം കൂടി നിർവഹിക്കുന്നു എന്നതിനാലാണിത്.

ഇസ്‌ലാമിലെ ദാനത്തിന്റെ സ്ഥാപനവൽകൃത രൂപത്തിനെ ‘വഖ്ഫ്’ എന്ന് വിളിക്കുന്നു. ഒരാളുടെ ദാനത്തെ നിലനിർത്താൻ വേണ്ടി ദാനം ചെയ്ത മുതലിന്റെ തടിയെ (corpus) നിലനിർത്തി അതിന്റെ ഫലങ്ങളെ (usufructs) മാത്രം അനുഭവിക്കാൻ വിടുന്ന സംവിധാനമാണിത്. ഉദാഹരത്തിന് ഒരാൾ ഒരു കിണറിനെ വഖ്ഫ് ചെയ്യുമ്പോൾ കിണറിനെ അന്യാധീനപ്പെടുത്താതെ നിലനിർത്തി കൊണ്ട് വെള്ളം ആളുകൾക്ക് കുടിക്കാൻ വേണ്ടി വിട്ടു കൊടുക്കുന്നു. വഖഫ് നിയമ പ്രകാരം സ്ത്രീകൾക്ക് അതിന്റെ ഫലം അനുഭവിക്കുന്നവർ ആകുന്നതോ മുതവല്ലി(വഖഫ് മുതലിന്റെ മേൽനോട്ടം വഹിക്കുന്ന പദവി ) ആകുന്നതോ ദാനം ചെയുന്നവൾ ആകുന്നതിനോ തടസ്സമില്ല.

ഇസ്‌ലാമിലെ ഇതിനു പുറമെയുള്ള കൈമാറ്റ രീതിയെയാണ് ‘ഹിബ’ എന്ന് വിളിക്കുന്നത്. ദാനങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ഒരാൾ ദൈവ സാമീപ്യം ഒന്നും ആഗ്രഹിക്കാതെ നടത്തുന്ന സമ്മാനങ്ങളെയാണ് ഇത് കൊണ്ട് അർത്ഥമാക്കുന്നത്. ഇത്തരം സമ്മാനങ്ങൾ ഇസ്‌ലാമിക നിയമത്തിൽ പ്രധാന സ്ഥാനമലങ്കരിക്കുന്നു. സമ്മാനം നിർബന്ധമാകുന്ന ഒരേ ഒരു വേള വിവാഹ സമയമാണ്. ഈ അവസരത്തിൽ ഭർത്താവ് വധുവിന് നിർബന്ധമായും നൽകുന്ന സമ്മാനത്തെ ‘മഹർ’ എന്ന് വിളിക്കുന്നു. ഇതിന്റെ മൂല്യം നിശ്ചയിക്കാനുള്ള അവകാശം സ്ത്രീകൾക്കാണ് ഖുർആൻ നൽകിയിട്ടുള്ളത് . ഇത് പുരുഷൻ വിവാഹ മോചനം നടത്തുന്ന വേളകളിൽ തിരിച്ചെടുക്കാൻ ഇസ്‌ലാമിക നിയമം അനുവദിക്കുന്നില്ല.
ഇതെല്ലാതെയും ഒരാൾക്ക് അയാളുടെ സമ്പത്തിൽ നിന്ന് അയാളുടെ ഇഷ്ട പ്രകാരം സമ്മാനങ്ങൾ നൽകാവുന്നതാണ്. മക്കൾക്ക് സമ്മാനം നൽകാൻ ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ട്. പ്രവാചക അധ്യപനങ്ങളിൽ പെൺ കുട്ടികളെ ആൺ മക്കളെക്കാൾ സമ്മാനങ്ങളിൽ മുൻഗണന നൽകാൻ പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ ജീവിത കാലത്ത് ഒരു പെൺകുട്ടിക്കോ സ്ത്രീക്കോ അവരുടെ കുടുംബ അംഗങ്ങളിൽ നിന്ന് ആണിനേക്കാൾ കൂടുതലായോ തുല്യമായോ ഉള്ള സമ്പത്ത് വന്നു ചേരുന്നതിന് ഇസ്ലാമിക നിയമങ്ങളിൽ യാതൊരു തടസ്സവും ഇല്ലെന്നു മാത്രമല്ല, കൂടുതൽ വന്നു ചേരുന്നത് പ്രവാചക അധ്യാപനങ്ങളോട് ഏറ്റവും ചേർന്ന് നിൽക്കുകയും ചെയ്യുന്നു.

ഇസ്ലാമിക നിയമത്തിലെ Testamentary രീതിയെ ‘വസിയ്യത്ത്’ എന്ന് വിളിക്കുന്നു. ലോകത്ത് മറ്റു സമൂഹങ്ങളിൽ എവിടെയും ഇസ്‌ലാമിലെ ‘വസിയ്യത്ത്’ നിയമത്തിനു സമാനമായ Testamentary രീതി കാണാൻ സാധിക്കില്ല. ഒരു മുസ്‌ലിമിന് പൂർണമായും അയാളുടെ സ്വകാര്യ സ്വത്ത് ‘വസിയ്യത്ത് ‘ പ്രകാരം മരണാനന്തരം എങ്ങനെ വിഭജിക്കണമെന്നും ആരാണ് അവകാശികൾ ആവണമെന്നതും നിർണയിക്കാൻ അവകാശമില്ല. സമ്പത്തിന്റെ മൂന്നിലൊരു ഭാഗം മാത്രമേ നിർണയിക്കാൻ അയാൾക്ക് അനുവദിക്കപ്പെട്ടിട്ടുള്ളൂ. സുന്നികളുടെ ‘വസിയ്യത്ത്’ നിയമ പ്രകാരം അതിൽ തന്നെ Intestate നിയമ പ്രകാരമുള്ള അവകാശികളെ ഗുണഭോക്താവായി ഉൾപെടുത്താൻ സാധ്യമല്ല. അനുവദിക്കപ്പെട്ട ഓഹരി ഒരാൾക്ക് അയാളുടെ Intestate അവകാശികൾ അല്ലാത്തവർക്ക് കൊടുക്കുകയോ ദാനം ചെയ്യുകയോ ചെയ്യാവുന്നതാണ്. മൂന്നിലൊന്നിന് മുകളിലുള്ള ‘വസിയ്യത്ത്’ എത്ര പവിത്രമായ ആവിശ്യങ്ങൾക്കാണെങ്കിൽ പോലും അതിനാൽ നടപ്പിലാക്കപ്പെടേണ്ടതില്ല. ഉദാഹരണത്തിന് ഒരാൾ പള്ളിക്ക് വേണ്ടി മൂന്നിലൊന്നിന് മുകളിൽ ഉള്ള ഓഹരി ‘വസിയ്യത്ത്’ ചെയ്താൽ അത് അദ്ദേഹത്തിന്റെ അവകാശികളുടെ പൂർണ്ണ സമ്മതം കൂടാതെ പള്ളിക്ക് ലഭിക്കില്ലെന്ന് സാരം. ഇങ്ങനെയുള്ള ഈ മൂന്നിലൊന്ന് ഓഹരി അനന്തരം ലഭിക്കാതെ പോകുന്ന അടുത്ത ബന്ധുക്കൾക്കും ഉറ്റവർക്കും അനുകൂലമായി ഉപയോഗിക്കണമെന്നാണ് ഇസ്‌ലാമിക നിയമങ്ങൾ അനുശാസിക്കുന്നത്.

അനാഥരായ പേരക്കുട്ടികൾ നേർമക്കളുടെ സാന്നിധ്യത്തിൽ ഇസ്‌ലാമിൽ Intestate അവകാശികൾ ആവുന്നില്ല. അക്കാരണത്താൽ ‘വസിയ്യത്ത്’ നിര്ബന്ധമായേക്കാവുന്ന കൂട്ടരാണ് അനാഥരായ പേരക്കുട്ടികൾ എന്ന് വാദിക്കുന്ന പണ്ഡിതന്മാരുണ്ട്. അനാഥകളോടുള്ള അനുഭാവ പൂർണമായ ഖുർആനിന്റെ കാഴ്ചപ്പാടാണ് ഈയൊരു വാദത്തിന് ഇവർ അടിസ്ഥാനമാക്കുന്നത്. ഇസ്‌ലാമിക നിയമങ്ങളിൽ വ്യത്യസ്ത രാജ്യങ്ങൾ ഈയൊരു അഭിപ്രായത്തെ മുൻ നിർത്തി അനാഥരായ പേരക്കുട്ടികൾക്ക് ഓഹരി നിർണയിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം പരിഷ്കരണം ഇസ്‌ലാമിക Intestate നിയമങ്ങളുടെ അന്തസത്തക്ക് കടക വിരുദ്ധമാണെന്ന് പരിഷ്കരണത്തെ എതിർക്കുന്നവർ വാദിക്കുന്നു.
‘വസിയ്യത്ത് ‘ സ്ത്രീകൾക്ക് അനുകൂലമാണോ എന്നുള്ളത് പ്രധാനമായ ചോദ്യമാണ്. ആൺ കേന്ദ്രികൃത വീടുകളും കുടുംബങ്ങളും ഉള്ള സാമൂഹ്യ ക്രമത്തിൽ പൂർണമായ Testamentary അവകാശം ആണിന് അനുകൂലമായി വന്നു ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആധുനിക കാലത്ത് പൂർണ്ണമായി Testamentary അവകാശം വന്നു ചേർന്ന ക്രിസ്ത്യൻ ഹിന്ദു സമുദായങ്ങൾ അത് എപ്രകാരമാണ് ആൺമേൽക്കോയ്മ നിലനിർത്താൻ ഉപയോഗിച്ചത് എന്ന് നിരവധി പഠനങ്ങൾ കാണിക്കുന്നുണ്ട്. പ്രവാചകൻ ഈ ഒരു സാമൂഹ്യ യാഥാർഥ്യത്തെ ഉൾക്കൊണ്ട് കൊണ്ടാണ് ‘വസിയ്യത്ത്’ നിയന്ത്രണ വിധേയമാക്കിയതെന്ന് ഹദീസുകൾ പരിശോധിക്കുമ്പോൾ കാണാൻ സാധിക്കും. ഇസ്‌ലാമിന്റെ ആദ്യ കാലത്ത് ‘വസിയ്യത്ത് ‘ വളരെയധികം പ്രോത്സാഹിപ്പിക്കപ്പെട്ടിരുന്നു. അവസാന കാലത്താണ് ഇത് നിയന്ത്രണ വിധേയമാക്കുന്നത്. പ്രവാചകൻ (സ) യുടെ അനുചരനായ ഒരാളെ മരണ ശയ്യയിൽ സന്ദർശിച്ച വേളയിൽ അദ്ദേഹം സമ്പത്തിന്റെ ഭൂരിഭാഗമോ പകുതിയോ ‘വസിയ്യത്ത് ‘ ചെയ്യാൻ പ്രവാചകൻ (സ) യോട് അനുവാദം ചോദിക്കുകയായിരുന്നു. ഒരു പെൺകുട്ടി മാത്രം അനന്തരാവകാശിയായി ബാക്കിയാവുന്ന അദ്ദേഹത്തിനെ ഈ ഉദ്യമത്തിൽ നിന്ന് പ്രവാചകൻ (സ) തടയുകയും മൂന്നിലൊന്ന് എന്ന നിയന്ത്രണം കല്പിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തോടായി പ്രവാചകൻ (സ) പറഞ്ഞു “ നിങ്ങളുടെ അവകാശികളെ സമ്പന്നരായി അവശേഷിക്കുകയാണ് ദരിദ്രരായും ആളുകളുടെ മുന്നിൽ സഹായം ചോദിക്കുന്നവരായും അവരെ അവശേഷിപ്പിക്കുന്നതിനേക്കാൾ നിങ്ങൾക്ക് ഉത്തമം”. അതിനാൽ സ്ത്രീകൾ അടങ്ങിയ അനന്തര അവകാശികൾക്ക് സമ്പത്ത് എത്തിച്ചേരുക എന്ന ഉദ്ദേശം പ്രവാചകൻ (സ) യുടെ ‘വസിയ്യത്ത്’ നിയന്ത്രണത്തിൽ കൃത്യമായി സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്ന് മനസ്സിലാക്കാൻ കഴിയും.

ഖുർആനിൽ ഏറ്റവും വിപുലമായി കൈകാര്യം ചെയ്യപ്പെട്ടിട്ടുള്ളതും, അനേകം സൂക്തങ്ങളുടെ പ്രതിപാദ്യ വിഷയവുമാണ് Intestate അവകാശം എന്നത്. ഇതിനെ ‘ഫറാഇദ്’ എന്നും ‘ മീറാസ് ‘ എന്നും ഇസ്‌ലാമിക നിയമത്തിൽ വിളിക്കുന്നു. പ്രവാചകന്റെ ആദ്യകാലത്ത് മരണാന്തരം ഒരാൾ ബാക്കിയാക്കുന്ന സമ്പത്ത് വീതം വെച്ചിരുന്നത് ഗോത്ര രീതികൾ അവലംബമാക്കിയായിരുന്നു. യുദ്ധത്തിന് പോകാനും ഒട്ടകത്തെ മേക്കാനും പ്രാപ്തിയുള്ള മുതിർന്ന ആണുങ്ങൾ ആയിരുന്നു പരേതരുടെ മരണാനന്തരമുള്ള സമ്പത്ത് നേടിയെടുത്തിരുന്നത്. മൂന്നു പെൺകുട്ടികളുടെ ഉമ്മയായ ഉമ്മുകുജ്ജ വിധവയായപ്പോൾ പ്രവാചകൻ (സ) യുടെ അടുത്ത് വന്ന് ഈ ഗോത്ര സമ്പ്രദായത്തിന് എതിരെ പരാതി ഉന്നയിക്കുകയായിരുന്നു. അവരുടെ ഭർത്താവ് ബാക്കി വെച്ച സ്വത്ത് കുടുംബത്തിലെ മുതിർന്ന ആണുങ്ങൾ കൈക്കലാക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രവാചകൻ (സ) യെ അവർ പരാതിയുമായി സമീപിച്ചത് . ഇതിനെ തുടർന്നാണ് സൂറത്ത് നിസാഇലെ (സ്ത്രീകൾ) “ഉറ്റവരും രക്ഷിതാക്കളും അവശേഷിപ്പിച്ചു പോയതിൽ അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും പുരുഷന്മാർക്ക് ഓഹരിയുണ്ട്. ഉറ്റവരും രക്ഷിതാക്കളും വിട്ട് പോയതിൽ അതെത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും സ്ത്രീകൾക്ക് ഓഹരിയുണ്ട്” എന്ന സൂക്തം അവതരിച്ചത്. അതിന് ശേഷം ഖുർആൻ ഏറ്റവും ഉറ്റവർ ആരാണെന്നും അവരുടെ ഓഹരികൾ ഏതാണെന്നും വിശദീകരിച്ചു നൽകി. ഇത് പ്രകാരം പെൺകുട്ടികൾ മാത്രം ആവുമ്പോൾ അവർക്ക് മൂന്നിൽ രണ്ട് പങ്ക് അവകാശമുണ്ട്. ഒരു പെൺകുട്ടി മാത്രമാകുമ്പോൾ പകുതിയാണ് നിർബന്ധിത ഓഹരി. ആൺകുട്ടികൾ ഉണ്ടാവുന്ന സാഹചര്യത്തിൽ പെൺകുട്ടികൾക്ക് അവരുടെ നേർപകുതിയും നിശ്ചയിച്ചു. വിധവയ്ക്ക് മക്കൾ ഉണ്ടാവുമ്പോൾ എട്ടിലൊന്നും ഇല്ലാത്ത സാഹചര്യത്തിൽ നാലിലൊന്നുമാണ് ഓഹരി. എന്നാൽ ഭാര്യയുടെ സ്വത്തിൽ ഭർത്താവിന് ഇതേ സാഹചര്യത്തിൽ യഥാക്രമം നാലിലൊന്നും പകുതിയുമാണ് പങ്ക്. പിതാവിനും മാതാവിനും മക്കൾ ഉള്ള അവസരത്തിൽ ആറിലൊന്ന് എന്ന തുല്യ ഓഹരിയാണ് നിശ്‌ചയിക്കപെട്ടത്. രക്ഷിതാക്കൾ, ഭാര്യാ/ ഭർത്താവ്, മക്കൾ എന്നിവരെയാണ് ഖുർആൻ ഏറ്റവും ഉറ്റവരായി എണ്ണിയത്. അതിനാൽ ഖുർആനിന്റെ അനന്തര അവകാശം അണുകുടുംബത്തെ അടിസ്ഥാനമാക്കിയതാണെന്ന് പറയാൻ സാധിക്കും. ഉപ്പയും ആൺ മക്കളും ഇല്ലാത്ത സാഹചര്യത്തിൽ മാത്രമേ അതിനാൽ സഹോദരന്മാർക്ക് മരണാന്തര സ്വത്തിൽ ഓഹരി വരാനുള്ള സാഹചര്യം ഉണ്ടാവുകയുള്ളൂ. ഇമാമി ഷിയാ നിയമം ഒഴിച്ചു നിർത്തിയാൽ മറ്റൊരു മുസ്‌ലിം മദ്ഹബുകളും സഹോദരന്മാരുടെ ആൺകുട്ടികളും പിതാവും ഇല്ലാത്ത അവസരത്തിലെ ബാക്കിയാവുന്ന ഓഹരികളിലെ പങ്കിനെ നിഷേധിക്കുന്നില്ല.
ഖുർആനിക നിർബന്ധിത ഓഹരികളെ അടിസ്ഥാനമാക്കിയാണ് ഇസ്ലാമിക നിയമത്തിലെ വിപുലമായ intestate നിയമങ്ങൾ വിവിധ മദ്ഹബുകൾ ക്രോഡീകരിച്ചത്. ഖുർആൻ ഇതിൽ കൃത്യത നൽകിയതിനാൽ തന്നെ മദ്ഹബുകൾക്കിടയിൽ വലിയ അഭിപ്രായ വ്യത്യാസങ്ങൾ ഇക്കാര്യത്തിൽ നിലനിൽക്കുന്നില്ല. പരേതരുമായുള്ള ജീവിച്ചിരിക്കുന്നവരുടെ അടുപ്പമാണ് ‘ഫറാഇദ് ‘ നിയമത്തിലെ അവകാശികളുടെ മുൻഗണനയെ നിർണ്ണയിക്കാൻ ഇസ്‌ലാമിക നിയമങ്ങൾ മാനദണ്ഡമാക്കുന്നത്. ഒരേ വർഗ്ഗത്തിലെ പുരുഷന് ചില സന്ദർഭങ്ങളിൽ സ്ത്രീകളേക്കാൾ വലിയ ഓഹരികൾ ഇത് പ്രകാരം ലഭിക്കും. ഇത് പുരുഷന്റെ സാമ്പത്തിക ഉത്തരവാദിത്തവുമായി ബന്ധപെട്ടു കിടക്കുന്നു എന്നാണ് ഇസ്‌ലാമിക പണ്ഡിതരുടെ വാദം. ഭാര്യയുടെയും കുട്ടികളുടെയും മുകളിലുള്ള പുരുഷന്റെ പൂർണമായ സാമ്പത്തിക ഉത്തരവാദിത്തവും സ്ത്രീകൾക്ക് ലഭിക്കേണ്ട മഹ്റും ‘ഫറാഇദ് ‘നിയമങ്ങൾ വിവരിച്ച സൂറത്തു നിസാഇൽ തന്നെയാണ് ഖുർആൻ നിഷ്‌കർഷിക്കുന്നത്.

ഇത്തരത്തിൽ വിശാലമായ സ്വകാര്യ സ്വത്തുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥ ഖുർആനിനെ മുൻ നിർത്തി പ്രവാചക കാലം മുതൽ നിലവിൽ വന്നതിനാൽ ഇസ്‌ലാമിക ചരിത്രത്തിലുടനീളം സ്ത്രീകൾ സാമ്പത്തിക കൈകാര്യ കർത്താക്കളായതായി കാണാൻ സാധിക്കും. സ്ത്രീകൾക്ക് അനന്തരം ചെയ്യപ്പെടുന്ന സ്വകാര്യ സ്വത്തിൽ പൂർണ്ണമായ ഉടമസ്ഥത അവകാശം നൽകിയ ആദ്യ മതനിയമവും ഇസ്‌ലാമിക നിയമമാണ്. പത്തൊൻപതാം നൂറ്റാണ്ടു വരെ യൂറോപ്യൻ സമൂഹങ്ങളിലടക്കം ഈയൊരു അവകാശം സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. നിയമ ചരിത്ര പണ്ഡിത ‘ജൂലിയ സ്റ്റീഫൻസ്’ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ സമുന്ന കോടതിയായ പ്രിവികൗൺസിലിൽ മുസ്‌ലിം സ്ത്രീകൾ അവരുടെ സ്വകാര്യ സ്വത്ത് ഭർത്താവ് അടക്കമുള്ള കുടുംബ അംഗങ്ങളിൽ നിന്ന് പിടിച്ചെടുക്കാൻ നടത്തുന്ന നിയമ പോരാട്ടങ്ങളെ പ്രത്യേകം പരാമർശിക്കുന്നുണ്ട്. ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ കൈവകാശം നൽകുന്ന Caveat നിയമങ്ങൾ ബ്രിട്ടനിൽ നില നിൽക്കുന്ന സമയത്താണ് ഇതെന്നാണ് അവരെ സംബന്ധിച്ചിടത്തോളം കൗതുകമുണർത്തുന്നത്.

ലോകത്ത് തന്നെ ഏറ്റവും വിപുലമായി ക്രോഡീകരിക്കപ്പെട്ട intestate നിയമം എന്ന നിലയിൽ ഇസ്‌ലാമിക സിവിൽ നിയമങ്ങളിൽ ഏറ്റവും സ്വീകാര്യത നേടിയ നിയമവും ‘ഫറാഇദ് ‘ നിയമങ്ങൾ ആണെന്ന് കാണാൻ സാധിക്കും. ഇസ്‌ലാമിക ശരീഅത്തിന്റെ മറ്റു മത സമൂഹങ്ങൾക്ക് ഉൾക്കൊള്ളാനുള്ള ശേഷിയെ ‘ഫറാഇദ് ‘ നിയമങ്ങളുടെ സ്വീകാര്യത കാണിക്കുന്നു എന്നു നന്ദിനി ചാറ്റർജിയെ പോലുള്ളവർ വാദിക്കുന്നതായി കാണാം.

മുഗൾ കാലഘട്ടത്തിൽ മുസ് ലിമേതര സമൂഹങ്ങൾ ഇസ്‌ലാമിക Intestate നെ സ്വമേധയാ സ്വീകരിച്ചതിന്റെ തെളിവുകൾ അവരുടെ പഠനങ്ങളിൽ കാണാൻ സാധിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊളോണിയൽ കാലഘട്ടത്തിന് മുമ്പ് വ്യത്യസ്ത സമുദായങ്ങൾ അതിനാൽ ‘ഫറാഇദ് ‘നെ അവരുടെ സിവിൽ നിയമമായി ആശ്രയിച്ചിരുന്നു. ഈജിപ്ത് പോലുള്ള രാജ്യങ്ങളിൽ ഇന്നും ഈ രീതി കോപ്റ്റിക്ക് ക്രിസ്ത്യൻസടക്കമുള്ള മത സമൂഹങ്ങൾ പിന്തുടരുന്നു.

കേരളത്തിൽ ഇപ്പോൾ ചർച്ചചെയ്ത്കൊണ്ടിരിക്കുന്ന ഇസ്‌ലാമിക അനന്തരാവകാശവുമായി ബന്ധപ്പെട്ട ചർച്ച ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തെയും ഇന്ത്യൻ പിന്തുടർച്ച അവകാശ നിയമത്തെയും മുൻ നിർത്തിയുള്ളതാണെന്ന് കാണാൻ സാധിക്കും. ആൺമക്കളും പെൺമക്കളും തമ്മിലുമുള്ള ‘തുല്യത’ എന്ന ആധുനിക മൂല്യം ഈ ആധുനിക നിയമങ്ങൾ ഉൾകൊള്ളുന്നു എന്നതാണ് ഈ പിന്തുർച്ച നിയമങ്ങളെ മുൻനിർത്താനുള്ള പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നത്. സമാനമായ ഒരു തുല്യത വാദം ഇസ്‌ലാമിക നിയമങ്ങൾ മുന്നോട്ട് വെക്കുന്നില്ല എന്നത് വസ്തുതയാണ്.

2005 ലെ ഭേദഗതിയോട് കൂടിയാണ് ഹിന്ദു പിന്തുടർച്ച അവകാശ പ്രകാരം ‘മിതാക്ഷര’ അടക്കമുള്ള പിന്തുടർച്ച നിയമങ്ങളിൽ ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് സമാനമായ അവകാശം വന്നു ചേർന്നത്. അത് വരെ പൂർവ്വാർജ്ജിത സ്വത്തിൽ പെൺകുട്ടികൾക്ക് തുല്യ അവകാശം ലഭിച്ചിരുന്നില്ല. കേരളത്തിലെ സുറിയാനി ക്രിസ്താനികളും പെൺകുട്ടികൾക്ക് ചെറിയ പങ്ക് മാത്രമേ ‘മേരി റോയ് ‘ വിധിക്ക് മുമ്പ് വരെ നല്കിയിരുന്നുള്ളൂ. ഇത് തന്നെ സ്ത്രീധനത്തിന്റെ സാന്നിധ്യത്തിൽ തടയപ്പെട്ടിരുന്നു. പോരാത്തതിന് സമ്പത്തിന്റെ മൂല്യപരിധി അയ്യായിരം രൂപയിൽ കൂടരുതെന്നുമുള്ള നിബന്ധനയും ഉണ്ടായിരുന്നു. ‘മേരി റോയ്’ വിധിക്ക് ശേഷം ഇന്ത്യൻ പിന്തുടർച്ച അവകാശത്തിന്റെ പരിധിയിൽ സുറിയാനി ക്രിസ്ത്യൻ വിഭാഗങ്ങളും വന്നു ചേർന്നു. ഇത് പ്രകാരം ആൺകുട്ടികൾക്ക് പെൺകുട്ടികൾക്ക് സമാനമായ ഓഹരി ലഭിക്കുമെന്ന് വന്നു. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നവരും ഇന്ത്യൻ പിന്തുർച്ച അവകാശ നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നു.

 

ഇസ്‌ലാമിക നിയമങ്ങളിൽ നിന്ന് ഹിന്ദു പിന്തുടർച്ച അവകാശ നിയമത്തെയും ഇന്ത്യൻ പിന്തുർച്ച അവകാശ നിയമത്തെയും വ്യത്യസ്തമാക്കുന്ന ഏറ്റവും പ്രധാന ഘടകം അതിന്റെ ‘വസിയ്യത്ത് ‘ നിയമമാണ്. ഈ പിന്തുടർച്ച നിയമങ്ങൾ പൂർണ്ണമായ Testamentary സ്വാതന്ത്രം എന്ന സ്വകാര്യ സ്വത്തിലുള്ള അവകാശത്തെ പിന്തുണക്കുന്നുണ്ട്. അതിനാൽ അവകാശികൾ ആരാകണമെന്ന് ജീവിത കാലത്ത് വിൽപത്രത്തിലൂടെ നിർണയിക്കാനും മരണം വരെ അതിൽ വേണ്ട ഭേദഗതികളും മാറ്റങ്ങളും വരുത്താനും ഈ സമൂഹങ്ങൾക്ക് സാധ്യമാണ്.

പൂർണ്ണമായും Testamentary സ്വാതന്ത്ര്യമുള്ള ഏതൊരു സമൂഹത്തിലും Intestate വിഭജനം എന്നത് വളരെ വിരളമായി മാത്രം സംഭവിക്കുന്ന പ്രക്രിയയാണ് എന്ന് സാമൂഹ്യ ചരിത്രം പരിശോധിക്കുമ്പോൾ മനസ്സിലാക്കാൻ കഴിയും. അതിനാൽ മുസ്‌ലിമേതര സമുദായങ്ങളുടെ സ്വത്ത് വിതരണത്തെ മനസിലാക്കേണ്ടത് വിൽപത്രം എഴുതുന്ന അവരുടെ രീതികളെ മുൻനിർത്തിയാണ്. മേരി റോയിക്ക് ശേഷമുള്ള കാലങ്ങളിൽ വിൽപത്രം പൂർണ്ണമായി ആൺമക്കൾക്ക് അനുകൂലമായി മാറുന്നതായി ക്രിസ്ത്യൻ സമുദായങ്ങളെ കുറിച്ച് പഠനം നടത്തിയ ഗവേഷകർ നിരീക്ഷിക്കുന്നുണ്ട്. ഹിന്ദു സമുദായത്തിൽ സ്ത്രീ കേന്ദ്രികൃതമായ മരുമക്കത്തായ തറവാടുകൾ പുരുഷ കേന്ദ്രീകൃത കുടുംബ ഘടനയിലേക്ക് മാറുന്നതിന് വിൽപത്രം വഹിച്ച പങ്കും ധാരാളം ഗവേഷകർ ചൂണ്ടി കാണിക്കുന്നു. അതേസമയം 1928 ലെ ‘മാപ്പിള വിൽസ് ആക്ട് ‘ പ്രകാരം ഇസ്‌ലാമിലെ ‘വസിയ്യത്ത്’ നിയമങ്ങളെ അവലംബിച്ച കേരളത്തിലെ മരുമക്കത്തായ കുടുംബങ്ങൾക്ക് അതിജീവനം സാധ്യമായി എന്നതും ശ്രദ്ധേയമായ ഒരു ചരിത്ര വസ്തുതയാണ്. അതിനാൽ മുസ് ലിമേതര സമുദായങ്ങളുടെ വിൽ പത്രങ്ങളിലൂടെ മാത്രമേ അവരുടെ അനന്തര അവകാശങ്ങളിലൂടെ സ്ത്രീകൾക്ക് എത്ര മാത്രം സമ്പത്ത് വന്നു ചേരുന്നു എന്ന് കണ്ടെത്താൻ സാധ്യമാകുകയുള്ളൂ.

ഹിന്ദു Intestate പിന്തുടർച്ച അവകാശ നിയമത്തിൽ ആൺമക്കൾക്കും പെൺ മക്കൾക്കും ഇടയിൽ തുല്യത മുന്നോട്ട് വെക്കുന്നുവെങ്കിലും ലിംഗ വിവേചനം മറ്റു രീതികളിൽ കൃത്യമായി നിലനിൽക്കുന്നു എന്നും കാണാൻ സാധിക്കുന്നതാണ്. മരണപ്പെട്ട ആളുടെ സമ്പത്തിനെ അത് ലിംഗാടിസ്ഥാനത്തിൽ വേർതിരിച്ചാണ് കാണുന്നത്. അതിനാൽ പുരുഷനുള്ള സമാന അവകാശികളല്ല സ്ത്രീകളുടെ സ്വത്തിൽ ഉണ്ടാവുന്നത്. ആണിന്റെ സ്വത്തിൽ മാതാവ് പ്രാഥമിക അവകാശി ആവുമ്പോൾ പെണ്ണിന്റെ സ്വത്തിൽ മാതാവിന് അവകാശം ലഭിക്കുന്നില്ല. പെണ്ണിന്റെ രക്ഷിതാക്കൾ ഭർത്താവിന്റെയും ഭർതൃ കുടുംബത്തിന്റെയും സാന്നിധ്യത്തിൽ അവരുടെ മരണാനന്തര സമ്പത്തിന്റെ അവകാശത്തിൽ നിന്ന് പുറം തള്ളപ്പെടുന്നു. ഭർത്താവിനെയും മക്കളെയും മാത്രം കേന്ദ്രീകരിച്ചാണ് ഹിന്ദു സ്ത്രീകളുടെ സ്വത്തിലെ ഓഹരികൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
അതിന് പുറമെ , ഹിന്ദു പൂർവ്വാർജ്ജിത സ്വത്തിൽ ആൺമക്കൾക്കും പെൺമക്കൾക്കും അവകാശം വന്നു ചേരുന്നത് ജനനം അടിസ്ഥാനമാക്കിയാണ്. ഒരാളുടെ ജനനം ഹിന്ദു പിന്തുടർച്ച നിയമ പ്രകാരം കുടുംബത്തിലെ മറ്റുള്ളവരുടെ പൂർവ്വാർജ്ജിത സ്വത്തിലെ നിശ്ചിത വിഹിതം കുറക്കുന്ന പ്രക്രിയയാണ്. ജനനം സാമ്പത്തിക വിതരണത്തോട് ബന്ധിപ്പിക്കുന്നത് ആൺമേൽകോയ്മ നിലനിൽക്കുന്ന സമൂഹത്തിൽ സ്ത്രീകൾക്ക് അനുകൂലായി എത്രത്തോളം വന്നു ചേരുമെന്നതും ആലോചനാ വിധേയമാക്കേണ്ടുന്ന കാര്യമാണ്.

കേരളത്തിൽ സ്ത്രീകൾ നിലനിൽക്കുന്ന ഏത് പിന്തുടർച്ച അവകാശ നിയമങ്ങൾക്ക് കീഴിലാണ് കൂടുതലായി സ്വകാര്യ സ്വത്ത് കൈവരിക്കുക എന്നത് inter vivos, testamentary, intestate എന്നീ മൂന്നു പിന്തുടർച്ച രീതികളും വ്യത്യസ്ത സമൂഹങ്ങൾക്കിടയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പഠന വിധേയമാക്കുന്നതിലൂടെ മാത്രമേ പൂർണ്ണമായി വിശദീകരിക്കാൻ കഴിയൂ എന്നതാണ് ഈ പഠനം മുന്നോട്ട് വെക്കുന്ന നിഗമനം. അതല്ലാത്ത തരത്തിൽ നിയമത്തിന്റെ ഒരു ഭാഗം മാത്രം മുൻ നിർത്തിയുള്ള കേവല അവകാശ വാദങ്ങൾ സാമൂഹ്യ യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ ശേഷിയുളളവയല്ല.

റഫറൻസ്

1) Ali, Syed Amir. 1885. The Law relating Gifts, trusts and Testamentory dispositions among the Mahommedans according to the Hanafi, Maliki shafei, and Shiah schools . Tacker Spink and Co.

2)Anderson, J. N. D. 1965. “Recent Reforms in the Islamic Law of Inheritance.” The International and Comparative Law Quarterly, .

3)Baillie, Neil B. E. 1865. A Digest of Moohummudan Law of the subjects to which is is usually applied by British Courts of Justice in India. Smith , Elder& Co.

4)Birla, Ritu. 2009. Stages of Capital: Law Culture and Market Governanace in Late Colonial India. Durham: Duke University Press.

5)Chatterjee, Nandini. 2014. “Reflections on Religious Difference and Permissive Inclusion In Mughal Law.” Journal Of Law and Religion, Vol.29,No.3 396-415.

6)G, Arunima. 2003. ‘There Comes Papa’ : Colonialism and the Transformation of Matriliny in Kerala, Malabar c.1850-1940. Hyderabad: Orient Longman Private Limited.

7)Newbegin, Eleanor. 2013. The Hindu Family and the Emergence of Modern India: Law Citizenship and Community. Cambridge: Cambridge University Press.

8)Powers, David. 1989. “On Bequests in Early Islam.” Journal of Near Eastern Studies Vol.48 185-200.

9)Powers, David S. 1991. “Islamic Inheritance System: A Socio Historical Approach.” In Islamic Family Law, by Jane Connors Chibili Mallat, 11-29. London: Graham and Trotman lmt.

10)—. 1986. Studies in Quran and Hadhith: The formation of Islamic law of Inheritance. California: University of California Press.

11)Stephens, Julia. 2018. Governing Islam: Law, Empire, and Secularism in Modern South Asia. Cambridge: Cambridge University Press.

12) SUSAN VELLAPALLY, MARKOS VELLAPALLY. 1995. “Repeal of the Travancore Christian Succession Act, 1916 and its Aftermath.” India International Centre Quarterly.

അബ്ദുല്ല കോട്ടപ്പള്ളി