Campus Alive

ഏകാധിപതികളുടെ ‘ശൈഖുമാർ’

ലിബിയയിലെ യു.എന്‍ പിന്തുണയുള്ള ഗവണ്‍മെന്റിന്റെ അനുകൂലികള്‍ സിര്‍ത്തെ എന്ന തന്ത്രപ്രധാനമായ നഗരം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെങ്കില്‍ ലിബിയയില്‍ താന്‍ പട്ടാള അധിനിവേശം നടത്തുമെന്ന് ഈ കഴിഞ്ഞ ജൂണ്‍ ഇരുപതിനാണ് ഈജിപ്ഷ്യൻ പ്രസിഡണ്ടായ അബ്ദുല്‍ ഫത്താഹ് അല്‍ സീസി പ്രഖ്യാപിച്ചത്. ഈ ഭീഷണി സീസി ഇത് വരെ നടപ്പിലാക്കിയിട്ടില്ലെങ്കിലും, അഥവാ ഇനി നടപ്പിലാക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ഈജിപ്തിലെ ഉന്നത ശക്തികളുടെ കൂടെ പിന്തുണയുണ്ടാവുമെന്ന കാര്യം തീര്‍ച്ചയാണ്. സീസിയുടെ പ്രഖ്യാപനം കഴിഞ്ഞ് രണ്ട് ദിവസമായപ്പോഴേക്കും ഈജിപ്തിലെ ഉന്നതമായ മത അധികാര സ്ഥാപനങ്ങൾ സീസിയുടെ പ്രഖ്യാപനത്തിന് അനുകൂലമായ രീതിയിലുള്ള പ്രസ്താവനകള്‍ പുറത്തിറക്കുകയുണ്ടായി. സുന്നി മുസ്‌ലിം ലോകത്ത് ഏറെ ആദരിക്കപ്പെട്ടുപോരുന്ന മത – വി‍ജ്ഞാന സ്ഥാപനമായ അല്‍ – അസ്ഹര്‍ സീസിയുടെ ലിബിയയുമായി ബന്ധപ്പെട്ട രാഷ്ട്രീയ നിലപാടിനെ പിന്താങ്ങിക്കൊണ്ട് പ്രസ്താവന പുറത്തിറക്കുകയുണ്ടായി. ഈജിപ്തിലെ പരമോന്നത ഇസ്‌ലാമിക സമിതിയായ ദാറുൽ ഇഫ്ത ഒരു പടി കൂടെ കടന്ന്, ഈജിപ്തുകാരോട് സീസിയുടെ ഭീഷണികളെ പിന്തുണക്കാന്‍ ആവശ്യപ്പെടുക മാത്രമല്ല അതിനെതിരെയുള്ള ഏതൊരു എതിര്‍പ്പും ഹറാമാണെന്ന് തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തു. ഈജിപ്തുകാര്‍ക്ക് അവരുടെ രാഷ്ട്രീയ നേതൃത്വത്തെ അനുസരിക്കാനും പിന്തുണക്കാനും മതപരമായ ബാദ്ധ്യതയുണ്ടെന്നും അങ്ങനെ ചെയ്യാത്തവര്‍ക്ക് ഈ രാജ്യത്തിന്റെ പേരില്‍ അഭിമാനം കൊള്ളാന്‍ അര്‍ഹതയില്ലെന്നും മൂന്നുലക്ഷത്തില്‍ പരം ആളുകള്‍ പിന്തുടരുന്ന തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ട കുറിപ്പിൽ ദാറുൽ ഇഫ്ത പറയുന്നുണ്ട്.

അബ്ദുല്‍ ഫത്താഹ് അല്‍ സീസി

പ്രധാനമായും ഇസ്‌ലാമിക വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു സമിതിയില്‍ നിന്നും ഇത്തരമൊരു അഭിപ്രായപ്രകടനം വരുന്നത് ഏറെ അനൗചിത്യപരമായി തോന്നാം. എന്നാല്‍ സീസി അധികാരത്തില്‍ വന്ന് ആറ് വര്‍ഷമായപ്പോഴേക്കും, ഈജിപ്തിലെ പ്രധാനപ്പെട്ട മത സ്ഥാപനങ്ങളുടെയും നേതാക്കളുടെയുമെല്ലാം നിലപാടുകളും അഭിപ്രായങ്ങളും മതേതര ഇടപാടുകളുമായി വലിയ തോതില്‍ കൂടിക്കലര്‍ന്നുകഴിഞ്ഞിട്ടുണ്ട്. 2013 ജൂലൈ മാസത്തില്‍ പ്രസിഡണ്ട് മുഹമ്മദ് മുര്‍സിക്കെതിരെ നടന്ന പട്ടാള അട്ടിമറിയിലൂടെയാണ് സീസി ഈജിപ്തിന്റെ ഭരണം പിടിച്ചെടുക്കുന്നത്. ഈജിപ്തിന്റെ ചരിത്രത്തിലാദ്യമായി ജനാധിപത്യപരമായ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന മുര്‍സി, മുസ്‌ലിം ബ്രദര്‍ഹുഡിന്റെ രാഷ്ട്രീയശാഖയുടെ പ്രതിനിധിയായിരുന്നു. മതവും രാഷ്ട്രീയവും കൂട്ടിക്കുഴക്കരുതെന്ന് പറഞ്ഞുകൊണ്ട് അതിശക്തമായ ഇസ്‌ലാമിസ്റ്റ് – വിരുദ്ധ നിലപാടെടുത്തിരുന്ന സീസി അധികാരത്തില്‍ വന്നതോടെ തന്റെ രാഷ്ട്രീയ അജണ്ടകളെ വിപുലപ്പെടുത്താനും അതുപോലെ ഏകാധിപത്യ – മര്‍ദ്ദക സ്വഭാവങ്ങളെ ന്യായീകരിക്കാനും നേരത്തെ വിമര്‍ശിച്ചിരുന്ന ഇതേ മതങ്ങളുടെ കൂട്ട് പിടിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

ഈജിപ്തുകാരുടെ ദൈനംദിനജീവിതത്തിലെ പ്രധാന ഘടകമാണ് മതമെങ്കിലും ഇതിനെ നിയന്ത്രിക്കുന്നത് ഭരണകൂടമാണ്. ഈജിപ്തിലെ പ്രധാനപ്പെട്ട മൂന്ന് മതകാര്യ സ്ഥാപനങ്ങളെയും (അല്‍ അസ്ഹര്‍, ദാറുല്‍ ഇഫ്താ,  മതകാര്യ മിനിസ്ട്രി) നിയന്ത്രിക്കുന്നതും, ഭരിക്കുന്നതും, പ്രവര്‍ത്തിപ്പിക്കുന്നതും ഭരണകൂടമാണ്. പ്രസി‍ഡണ്ട് എന്ന നിലയ്ക്ക്, മുതിര്‍ന്ന ഇമാമുമാരെയും ശൈഖുമാരെയും നിയമിക്കാനും, മതകാര്യ സ്ഥാപനങ്ങളുടെ ബജറ്റ് നിര്‍ണ്ണയിക്കാനും അവരുടെ പ്രവര്‍ത്തനങ്ങള്‍ നോക്കിക്കാണാനുമെല്ലാമുള്ള അധികാരം സീസിക്കുണ്ട്. ദാറുല്‍ ഇഫ്താ 1895ലെ അതിന്റെ സ്ഥാപനം മുതല്‍ക്ക് തന്നെ, ചുരുക്കം ചിലരൊഴികെയുള്ള രാജ്യത്തെ മറ്റെല്ലാ രാഷ്ട്രീയ ഭരണകൂടങ്ങളെയും നേതാക്കളെയും പിന്തുണച്ചിട്ടുണ്ട്. എന്നാല്‍ സീസിയുടെ ഭരണകാലത്ത് മാത്രമാണ് പ്രസിഡണ്ടിന്റെ രാഷ്ട്രീയ അജണ്ടകളെ കണ്ണടച്ച് പിന്തുണക്കാന്‍ മാത്രമുള്ള ഒരു ഉപകരണമെന്ന നിലയിലേക്ക് ഈ സമിതി മാറുന്നത്.

ദാറുൽ ഇഫ്താഹ്

കഴിഞ്ഞ ആറ് വര്‍ഷങ്ങളായി, സീസിയുടെ ആഭ്യന്തര – അന്താരാഷ്ട്ര നയങ്ങള്‍ക്ക് സാധുത നല്‍കുന്ന തരത്തിലോ പിന്തുണ നൽകുന്ന തരത്തിലോ ഉള്ള ഒട്ടനവധി പ്രസ്താവനകളും ഫത്‌വകളും ദാറുല്‍ ഇഫ്താ പുറത്തിറക്കുകയുണ്ടായി. മതപരമായ കാര്യങ്ങള്‍ക്ക് വിധി കല്‍പിക്കാനാണ് പൊതുവേ ഫത്‌വകള്‍ പുറത്തിറക്കാറുള്ളതെങ്കിലും, ഈ വര്‍ഷം ഇവര്‍ പുറത്തിറക്കിയ 224 പ്രസ്താവനകളില്‍ 81 എണ്ണത്തോളം പ്രസ്താവനകളും രാഷ്ട്രീയപ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. സീസീ ഭരണകൂടത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നത് തൊട്ട് സിനായിലെ വിപ്ലവകാരികള്‍ക്കെതിരെയുള്ള ഈജിപ്ത് പട്ടാളത്തിന്റെ ക്യാമ്പയിനെ അഭിനന്ദിക്കുന്നതും, തുര്‍ക്കിയെയും ഇസ്‌ലാമിസ്റ്റുകളെയും അക്രമിക്കുന്നതുമടക്കം മേല്‍പറഞ്ഞ പ്രസ്താവനകളില്‍ വരുന്നുണ്ട്.

സ്ഥാപനത്തിന്റെ ചരിത്രസ്വഭാവത്തില്‍ നിന്നും വ്യതിചലിച്ചുകൊണ്ട് ദാറുല്‍ ഇഫ്തായിലെ ശൈഖുമാരും ഇമാമുമാരുമെല്ലാം സീസിക്ക് അനുകൂലമായി പ്രസ്താവനകളും മറ്റുമായി പുറത്ത് വരികയുണ്ടായി. ഈജിപ്തിന്റെ ഇപ്പോഴത്തെ ഗ്രാന്‍ഡ് മുഫ്തിയായ ശൈഖ് ഷൗഖി അല്ലാം, അത് പോലെ മുന്‍ ഗ്രാന്‍ഡ് മുഫ്തി ശൈഖ് അലി ഗൊമാ തുടങ്ങിയവരെല്ലാം തന്നെ പ്രസിഡണ്ട് സീസിയുടെ നയങ്ങള്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചവരാണ്. പ്രത്യേകിച്ചും സീസിയുടെ മുഖ്യ രാഷ്ട്രീയ എതിരാളികളായ മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ അദ്ദേഹം നടത്തിയ ക്യാമ്പയിന് ഇവരുടെ പൂര്‍ണ്ണ പിന്തുണയുണ്ടായിരുന്നു. 2013 ജൂലൈ മാസത്തില്‍ നടന്ന പട്ടാള അട്ടിമറിയുടെ ഏഴാം വാര്‍ഷികത്തിന്റെ സന്ദര്‍ഭത്തില്‍ ഷൗഖി അല്ലാം മുസ്‌ലിം ബ്രദര്‍ഹുഡിനെ കടന്നാക്രമിക്കുകയും അവരെ അധികാരത്തില്‍ നിന്നും തുടച്ചുമാറ്റിയതിന് സീസിയെ അനുമോദിക്കുകയും ചെയ്യുകയുണ്ടായി. അന്ന് നടന്ന പട്ടാള അട്ടിമറിയെ പ്രവാചകതുല്യമായ അത്ഭുതം എന്ന് പോലും അദ്ദേഹം വിശേഷിപ്പിക്കുകയുണ്ടായി. അതേസമയം ഗൊമാ മതപരമായ കാരണങ്ങള്‍ നിരത്തിക്കൊണ്ടാണ് മുസ്‌ലിം ബ്രദര്‍ഹുഡിനെ വിമര്‍ശിക്കുന്നതും അവര്‍ നേരിട്ടിരുന്ന ആക്രമണങ്ങളെ ന്യായീകരിക്കുന്നതും. മുസ്‌ലിം ബ്രദര്‍ഹുഡിനോടുള്ള നിങ്ങളുടെ പ്രതികരണം ക്രൂരമായിരിക്കണം എന്നാണ് 2013 ആഗസ്റ്റ് മാസമാദ്യത്തില്‍ ലീക്കായ ഒരു വീഡിയോയില്‍, ഈജിപ്ഷ്യന്‍ പട്ടാളത്തെയും പോലീസ് ഓഫീസര്‍മാരെയും (ആ കൂട്ടത്തില്‍ അന്ന് പ്രതിരോധ മന്ത്രിയായിരുന്ന സീസിയുമുണ്ടായിരുന്നു) അഭിസംബോധന ചെയ്തുകൊണ്ട്  ഗൊമാ പറഞ്ഞിരുന്നത്. “അവരുടെ ഹൃദയങ്ങളെ ലക്ഷ്യം വെച്ച് നിങ്ങള്‍ വെടിവെക്കുക”, “അവരെ കൊല്ലുന്നവരും അവരാല്‍ കൊല്ലപ്പെട്ടവരും പുണ്യം ചെയ്തവരാണ്”, “ഈജിപ്തില്‍ നിന്നും ഈ ശല്ല്യങ്ങളെ എത്രയും പെട്ടെന്ന് തുടച്ച് നീക്കണം, അവര്‍ നമ്മെ നാണം കെടുത്തുകയാണ്. ഇങ്ങനെയാണ് ദൈവം അവരെ സൃഷ്ടിച്ചിട്ടുള്ളത്. അവര്‍ വഞ്ചകരും കപടന്മാരുമാണ്” ഇങ്ങനെ പോകുന്നു ഗൊമായുടെ വാക്കുകള്‍. ഇത് കഴി‍ഞ്ഞ് കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ആഗസ്റ്റ് 14ന് എണ്ണൂറോളം മുര്‍സി അനുകൂല സമരക്കാരെയാണ് പട്ടാപകല്‍ ഈജിപ്ഷ്യന്‍ പട്ടാളവും പോലീസും കൂടെ ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

ശൈഖ് ഷൗഖി അല്ലാം, ശൈഖ് അലി ഗൊമാ

ഏകാധിപത്യ ഭരണകൂടങ്ങളെ അനുകൂലിക്കുന്ന മതകാര്യ സ്ഥാപനങ്ങളും പണ്ഡിതരും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ സുലഭമാണ്. മതഭേദമന്യേ ചരിത്രത്തിലുടനീളം, ഏകാധിപതികളായ ഭരണാധികാരികള്‍ മതത്തെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. കുരിശുയുദ്ധങ്ങള്‍ മുതല്‍ മുസ്‌ലിം സാമ്രാജ്യങ്ങളുടെ വികാസങ്ങള്‍ വരെ, മതസ്ഥാപനങ്ങള്‍ അധിനിവേശങ്ങളെയും, പിടിച്ചടക്കലുകളെയും, അധികാര കൈയ്യടക്കലുകളെയും ന്യായീകരിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമായ ജനാധിപത്യസംവിധാനമുള്ള രാജ്യങ്ങളില്‍ വരെ നേതാക്കള്‍ മതവികാരത്തെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാറുണ്ട്. (വംശീയതാ വിരുദ്ധ സമരക്കാര്‍ക്ക് നേരെ ഹിംസാത്മകമായി പ്രതികരിക്കേണ്ടുന്നതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളുടെ പിന്തുണ കരസ്ഥമാക്കാന്‍ വേണ്ടി വാഷിങ്ങ്ടണിലെ സെന്റ് ജോണ്‍സ് എപിസ്കോപ്പല്‍ ചര്‍ച്ചിന്റെ പുറത്ത്  ബൈബിള്‍ ഉയര്‍ത്തിപിടിച്ച് നിന്ന യു.എസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപിനെ നോക്കൂ)

എന്നാല്‍ ഈജിപ്തിന്റെ കാര്യമെടുത്താല്‍, രാജ്യത്ത് മുമ്പൊന്നുമില്ലാത്തവിധത്തിലാണ് സീസി തന്റെ ഏകാധിപത്യ നയങ്ങളെ ന്യായീകരിക്കാന്‍ മതകാര്യസ്ഥാപനങ്ങളെ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത്. ഇത് ഇത്തരം സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന ദോഷം കുറച്ചൊന്നുമല്ല. ഈ ചുരുങ്ങിയ സമയത്തിന് വേണ്ടി ശൈഖുമാര്‍ സീസിയുടെ താല്‍പര്യങ്ങളെ പിന്തുണക്കുകയാണെങ്കില്‍ പിന്നെ പതിറ്റാണ്ടുകളോളം കാലം അവരുടെ പ്രതിച്ഛായക്കും, സ്വാധീനത്തിനും വിശ്വാസ്യതക്കുമുണ്ടാകുന്ന കോട്ടം ചില്ലറയൊന്നുമായിരിക്കില്ല.

 


വിവർത്തനം: അഫീഫ് അഹ്മദ്

ഖലീൽ അൽ-അനാനി