Campus Alive

മംഗൾ, മീരാബായ്; കർഷക സമരത്തിലെ സഹോദരിമാർ

ബാഗുകളും ഊന്നുവടിയും പിൻസീറ്റിലെ ഒരു മൂലയിൽ തിരുകി കിട്ടിയ കോണുകളിലെല്ലാം അവർ ഇടം ഉറപ്പിച്ചിരുന്നു. ചിലർ പരസ്പരം മടിയിൽ ഇരിക്കുന്നു. മാരുതി വാൻ പുറപ്പെടാൻ തയ്യാറായിരിക്കുന്നു. പക്ഷേ മംഗളിന്റെ അടുത്തുള്ള സീറ്റ് കാലിയാണ്. അവർ ആരെയും അവിടെ ഇരിക്കാൻ അനുവദിക്കുന്നില്ല, വേറൊരാൾക്കു വേണ്ടി ആ സീറ്റ് ‘കരുതി വെച്ചിരിക്കകയാണ്’. പിന്നെ മീരാബായി ലങ്കെ വാനിന് അരികിലേക്ക് നടന്ന് ആ ഒഴിഞ്ഞ സീറ്റിൽ കയറിയിരുന്നു തന്റെ സാരി നേരെയാക്കി. മംഗൾ അവരുടെ തോളിൽ കയ്യിട്ട് വാതിലടച്ച് ഡ്രൈവറോട് വണ്ടി എടുക്കാൻ ആവശ്യപ്പെട്ടു. “ചൽ രേ”

53 വയസ്സുകാരിയായ മംഗളും 65 വയസ്സുകാരിയായ മീരാബായിയും നാഷിക്കിലെ ദിൻഡോരി താലൂക്കിലെ ഷിന്ദ്യാഡ് ഗ്രാമത്തിൽ നിന്നുള്ളവരാണ്. പതിറ്റാണ്ടുകളായി ഒരേ ഗ്രാമത്തിൽ ഉള്ളവരല്ല അവർ, അവർ സുഹൃത്തുക്കളായിട്ട് കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടേ ഉള്ളൂ. ‘വീട്ടിലായിരിക്കുമ്പോൾ ഞങ്ങൾക്ക് പിടിപ്പത് പണിയുണ്ടാവും, പക്ഷേ സമരങ്ങളിലായിരിക്കുമ്പോൾ സംസാരിച്ചിരിക്കാൻ ഒരുപാട് സമയം കിട്ടും’ മംഗൾ പറയുന്നു.

മാർച്ച് 2018-ലെ നാഷിക്കിൽ നിന്നും മുംബൈയിലേക്കുള്ള കിസാൻ ലോംഗ് മാർച്ചിൽ ഇരുവരും ഒന്നിച്ചായിരുന്നു. 2018 നവംബറിൽ കിസാൻ മുക്തി മോർച്ചയ്ക്കായി അവർ ഒരുമിച്ച് വീണ്ടും ഡൽഹിയിലേക്ക് വണ്ടി കയറി. ഇപ്പോൾ അവർ നാഷിക്കിൽ നിന്നും ഡൽഹിയിലേക്കുള്ള വാഹന റാലിയിലാണ്. എന്തു കൊണ്ടാണ് ഈ സമരത്തിൽ പങ്കെടുക്കുന്നത് എന്നതിനുള്ള ഉത്തരമായി മംഗൾ പറഞ്ഞത് ‘നമ്മുടെ വയറിനു വേണ്ടി’ എന്നായിരുന്നു. 2020 സെപതംബറിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെ പതിനായിരക്കണക്കിന് കർഷകർ ദേശീയ തലസ്ഥാനത്തിന്റെ അതിർത്തിയിലുള്ള മൂന്ന് വ്യത്യസ്ത ഇടങ്ങളിൽ പ്രതിഷേധിക്കുന്നു. മഹാരാഷ്ട്രയിൽ നിന്നും രണ്ടായിരത്തിലധികം കർഷകർ തങ്ങളുടെ ഐക്യദാർഡ്യവും പിന്തുണയും പ്രകടിപ്പിക്കുന്നതിനായി നാഷിക്കിൽ ഒത്തുകൂടി 1400 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കുള്ള ജാഥയിൽ പങ്കെടുക്കുന്നു. ഈ ഉജ്ജ്വലമായ പ്രതിഷേധക്കാരുടെ കൂട്ടത്തിൽ മംഗളും മീരാബായിയും ഉൾപ്പെടുന്നു.

മങ്ങിയ വെള്ള സാരി തുമ്പ് തലയിലൂടെ ഇട്ട് നിൽക്കുന്ന മംഗളിൽ ‘ഇതൊക്കെ എത്ര കണ്ടതാണ്’ എന്ന ഭാവം നിറഞ്ഞു നിൽക്കുന്നു. ഡിസംബർ 21 ന് ജാഥ ആരംഭിക്കുന്ന നാഷിക്കിലെ മൈതാനത്തേക്ക് ഇരുവരും പ്രവേശിച്ച നിമിഷം അടുത്ത ഏതാനും ദിവസങ്ങളിൽ അവർ റോഡിൽ ക്യാമ്പ് ചെയ്യുന്ന ടെമ്പോയെ തിരയുന്നു.

“ഇത് തികച്ചും കർഷക വിരുദ്ധരായ ഒരു സർക്കാർ ആണ്. ഡൽഹി അതിർത്തികളിൽ സമരം നടത്തുന്ന കർഷകരെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങളുടെ പിന്തുണ അവർക്ക് വാഗ്ദാനം ചെയ്യുന്നു” മംഗൾ പറയുന്നു

മംഗളിന്റെ കുടുംബം അവരുടെ രണ്ടു ഏക്കർ കൃഷിഭൂമിയിൽ നെല്ല്, ഗോതമ്പ്, ഉള്ളി എന്നിവ കൃഷി ചെയ്താണ് ജീവിക്കുന്നത്. എന്നാൽ കാർഷിക തൊഴിലുകളിൽ നിന്നും ലഭിക്കുന്ന 250 രൂപയാണ് അവരുടെ പ്രാഥമിക വരുമാനമാർഗ്ഗം. ഒരാഴ്ച വരെ നീണ്ടു നിൽക്കാവുന്ന പ്രതിഷേധത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചാൽ പ്രതിമാസ വരുമാനത്തിന്റെ നാലിലൊന്ന് അവർക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. “ഈ പ്രതിഷേധങ്ങൾ മുഴുവൻ കർഷകസമുദായത്തിനും വേണ്ടിയാണ്” അവർ പറയുന്നു.

മംഗൾ (മുന്നിൽ), മീരാബായ് (പിന്നിൽ) photo courtesy: PeoplesArchivesofRuralIndia

മൈതാനത്തു വെച്ച് ഞങ്ങൾ കണ്ടുമുട്ടി ഏകദേശം 10 മിനിറ്റ് ആയപ്പോഴേക്കും ഒരു അറ്റത്ത് നിന്ന് മറുവശത്തേക്ക് വാഹനങ്ങൾ നിരന്നു. മീരാബായി മംഗളിനെ തേടി വന്നു. അവർ അവളെ നോക്കി കൈവീശി, നിർത്താനുള്ള സൂചന നൽകി. കിസാൻ സഭ നേതാക്കൾ പ്രസംഗിക്കുന്ന വേദിയിലേക്ക് മംഗൾ തന്റെ കൂടെ പോകണമെന്നാണ് മീരാബായി ആവശ്യപ്പെടുന്നത്. പകരം മംഗൾ മീരാബായിയോട് ഞങ്ങളുടെ സംഭാഷണത്തിൽ പങ്കുചേരാൻ ആവശ്യപ്പെടുന്നു. മീരാബായിക്ക് അത്യാവശ്യം നാണമുണ്ട്, എന്നാൽ രണ്ടു വനിതാ കർഷകർക്കും കൃത്യമായി അറിയാം, അവരും മറ്റ് കർഷകരും എന്തിനാണ് പ്രതിഷേധിക്കുന്നത് എന്നും, കാർഷിക നിയമങ്ങളുടെ വീഴ്ചകൾ എന്തെന്നും.

“ഞങ്ങളുടെ വിളവെടുപ്പ് കൂടുതലും ഞങ്ങളുടെ കുടുംബത്തിന്റെ ഉപഭോഗത്തിന് വേണ്ടിയാണ്” മംഗൾ പറയുന്നു. “ഉള്ളിയും അരിയും വിൽക്കുമ്പോൾ വാണിയിലെ മാർക്കറ്റിൽ വിൽക്കുന്നു”. നാഷിക്ക് ജില്ലയിലെ വാണി പട്ടണത്തിൽ, അവരുടെ ഗ്രാമത്തിൽ നിന്ന് 15 കിലോമീറ്റർ അകലെ, സ്വകാര്യ വ്യാപാരികൾ ലേലം വഴി കാർഷിക ഉൽപ്പനങ്ങൾ വിൽക്കുന്ന ഒരു മാർക്കറ്റ് ഉണ്ട്. കർഷകർക്ക് ചിലപ്പോൾ താങ്ങുവില (MSP , മിനിമം സപ്പോർട്ട് പ്രൈസ്) ലഭിക്കും, ചിലപ്പോൾ കിട്ടില്ല. “താങ്ങുവിലയുടെ പ്രാധാന്യവും ഉറപ്പുള്ള വിപണിയും ഞങ്ങൾക്കറിയാം”, മംഗൾ പറയുന്നു. “ഇതുവരെ താങ്ങുവില ലഭിച്ചുകൊണ്ടിരുന്നവർക്ക് പുതിയ കർഷക നിയമങ്ങൾ വരുമ്പോൾ അത് നഷ്ടമാകും. നമ്മുടെ മൗലികാവകാശങ്ങൾക്കു വേണ്ടി നിരന്തരം പ്രതിഷേധിക്കേണ്ടി വരുന്നത് ദുഃഖകരമായ സംഗതിയാണ്”.

2018 മാർച്ചിൽ, കിസാൻ ലോംഗ് മാർച്ച് സമയത്ത്, കർഷകരും (അവരിൽ പലരും ആദിവാസി സമൂഹത്തിൽ പെട്ടവരായിരുന്നു) ഏഴ് ദിവസം കൊണ്ട് നാസിക്കിൽ നിന്ന് മുംബൈയിലേക്ക് 180 കിലോമീറ്റർ നടന്നപ്പോൾ അവരുടെ പ്രധാന ആവശ്യം അവരുടെ പേരുകളിലുള്ള ഭൂമി സംരക്ഷണം ആയിരുന്നു. “നാസിക്-മുംബൈ മോർച്ചക്ക് ശേഷം കാര്യങ്ങൾ അൽപം വേഗത്തിലായി” മീരാബായി പറയുന്നു. അവർ 1.5 ഏക്കർ സ്ഥലത്ത് പ്രധാനമായും നെല്ല് കൃഷി ചെയ്യുന്നു.

“പക്ഷേ, അത് എന്നെ അത് തളർത്തി കളഞ്ഞു. വാരാവസാനം എന്റെ മുതുക് വല്ലാതെ വേദനിച്ചു തുടങ്ങിയതായി ഞാനോർക്കുന്നു. എന്നിട്ടും ഞങ്ങളത് നേടി. എന്റെ പ്രായം പരിഗണിച്ച് മംഗളിനേക്കാൾ അല്പം ബുദ്ധിമുട്ടായിരുന്നു അത്”.

2018-ലെ ആ വാരത്തിൽ ഉടനീളം മംഗളും മീരാബായിയും ഒന്നിച്ചു കഴിഞ്ഞു. “അവൾ ക്ഷീണിച്ചാൽ ഞാൻ അവളെ കാത്തിരിക്കും, നടക്കാൻ എനിക്ക് കഴിയുന്നില്ലെങ്കിൽ അവളെന്നെയും കാത്തിരുന്നു” മംഗൾ പറയുന്നു. “അങ്ങനെയാണ് നമ്മൾ കഠിനമായ കാലങ്ങളിലൂടെ കടന്നുപോകുന്നത്. അവസാനം അതിന് ഫലമുണ്ടായി. സർക്കാരിന്റെ കണ്ണുതുറപ്പിക്കാൻ ഒരാഴ്ചയോളം ഞങ്ങൾക്ക് നഗ്നപാദരായി നടക്കേണ്ടി വന്നു. ഇപ്പോഴിതാ വീണ്ടും മോദി സർക്കാരിന്റെ ‘കണ്ണു തുറപ്പിക്കാൻ’ ഡൽഹിയിലേക്ക് യാത്രചെയ്യുകയാണ്. “സർക്കാർ ബില്ലുകൾ പിൻവലിക്കുന്നതു വരെ ഡൽഹിയിൽ തുടരാൻ ഞങ്ങൾ തയ്യാറാണ്” മംഗൾ പറയുന്നു. “ഞങ്ങൾ ധാരാളം ചൂടു വസ്ത്രങ്ങൾ കരുതിയിട്ടുണ്ട്. ഡൽഹിയിൽ ഇത് ഞാൻ ആദ്യമായല്ല.”

1990-കളുടെ തുടക്കത്തിലാണ് മംഗൾ ആദ്യമായി തലസ്ഥാനത്ത് പോവുന്നത്. “നാനാസാഹിബ് മലുസാരെയുടെ കൂടെയായിരുന്നു അത്” അവൾ പറയുന്നു. നാസികിലും മഹാരാഷ്ട്രയിലും കിസാൻ സഭയുടെ പ്രമുഖ നേതാവായിരുന്നു മാലുസാരെ. ഏകദേശം 30 വർഷങ്ങൾക്കിപ്പുറവും കർഷകരുടെ ആവശ്യങ്ങൾ മാറുന്നില്ല. മംഗൾ, മീരാബായി എന്നിവർ ഒരു പട്ടികവർഗ്ഗ ഗോത്രവർഗമായ കോലി മഹാദേവ സമുദായത്തിൽ പെട്ടവരാണ്. സാങ്കേതികമായി വനംവകുപ്പിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ പതിറ്റാണ്ടുകളായി കൃഷി ചെയ്തുകൊണ്ടിരിക്കുന്നു. “നിയമം ഉണ്ടായിട്ടും, ഞങ്ങൾക്ക് സ്വന്തമായി കൃഷിഭൂമി ഇല്ല” ഭൂമിയുടെ ഉടമസ്ഥാവകാശം അവർക്ക് നൽകുന്ന 2006 ലെ വനാവകാശ നിയമത്തെ ചൂണ്ടികൊണ്ട് അവർ പറഞ്ഞു.

മറ്റു പ്രതിഷേധക്കാരെപ്പോലെ, പാട്ട കൃഷിയെ ബാധിക്കുന്ന പുതിയ കർഷക നിയമത്തെക്കുറിച്ച് അവരും ആശങ്കപ്പെടുന്നു. വലിയ വലിയ കോർപ്പറേഷനുകളുമായി കരാറിലാവുന്നതോടെ കർഷകൻ സ്വന്തം കൃഷിയിടത്തിൽ ഒരു കരാർ തൊഴിലാളിയായി മാറിയേക്കും എന്ന് പലരും ഇതിനെ വിമർശിച്ചു. “പതിറ്റാണ്ടുകളായി ഭൂമിക്കുവേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്” മംഗൾ പറയുന്നു. “നിങ്ങളുടെ സ്വന്തം ഭൂമിക്കുമേൽ നിങ്ങൾക്ക് നിയന്ത്രണാധികാരം ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം ഞങ്ങൾ മനസ്സിലാക്കുന്നു. ഞങ്ങളുടെ ജീവിതം മുഴുവൻ ഞങ്ങൾ ഇതിനായി പോരാടുകയായിരുന്നു. നാം കാര്യമായ നേട്ടങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. പക്ഷേ, ഈ പോരാട്ടത്തിനിടക്ക് ഞങ്ങൾ ഞങ്ങളുടെ പൊതുവായ പ്രശ്നങ്ങളെ മുൻനിർത്തി സുഹൃത്തുക്കളെയുണ്ടാക്കി”.

അവരുടെ സൗഹൃദം അഗാധമായ ഒരു ആത്മബന്ധമായി മാറി. മീരാബായിക്കും മംഗളിനും ഇപ്പോൾ പരസ്പരം അവരുചെ ശീലങ്ങൾ അറിയാം. മീരാബായിക്ക് പ്രായമായതിനാൽ മംഗൾ അവരെ കൂടുതൽ നന്നായി നോക്കുമെന്നാണ് തോന്നുന്നത്. അവർക്ക് സീറ്റ് പിടിക്കുന്നത് മുതൽ, അവരുടെ കൂടെ വാഷ് റൂമിൽ പോവുന്നത് വരെ അവർ ഒരുമിച്ചാണ്. ജാഥയുടെ സംഘാടകർ വാഴക്കുലകൾ വിതരണം ചെയ്തപ്പോൾ മീരാബായിക്ക് മംഗൾ ഒന്ന് അധികം എടുത്തു.

അഭിമുഖത്തിന്റെ അവസാനം ഞാൻ മംഗളിന്റെ ഫോൺ നമ്പർ ചോദിച്ചു പിന്നെ ഞാൻ മീരാബായിയുടെ നേരെ തിരിഞ്ഞു. “നിനക്കത് ആവശ്യമില്ല” മംഗൾ പറഞ്ഞു. “എന്റെ നമ്പറിലും അവളെ കിട്ടും”.


വിവർത്തനം: ചിത്രാങ്കത

courtesy: PeoplesArchivesofRuralIndia

Admin Admin