Campus Alive

മാലിക്: മുൻവിധിക്കും യാഥാർത്ഥ്യത്തിനും ഇടയിൽ

2009 മെയ് 17 ന് ഇടത് പക്ഷ സർക്കാരിന്റെ കാലത്താണ് കേരളത്തിലെ ഏറ്റവും വലിയ വെടിവെപ്പ് സംഭവിച്ചത്. ആ വെടിവെപ്പിനെയും ബീമാപള്ളി മുസ്‌ലിം ചരിത്രത്തെയും ജീവിതത്തെയും മുൻനിർത്തിയാണ് മാലിക് എന്ന സിനിമ മഹേഷ് നാരായണൻ നിർമ്മിച്ചിരിക്കുന്നത്.

ബീമാപള്ളി റമദാ പള്ളിയായി നാമകരണം ചെയ്തു കൊണ്ടാണ് സാങ്കൽപികമെന്ന് പറയപ്പെടുന്ന സിനിമ തുടങ്ങുന്നത്. ബീമാപള്ളി തിരുവനന്തപുരത്താണെന്ന് എല്ലാവർക്കുമറിയാം. സംവിധായകൻ സിനിമയിൽ കൈകാര്യം ചെയ്യുന്നത് ബീമാപള്ളിയല്ലെന്ന് ഒരു അഭിമുഖത്തിൽ പറയാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ സിനിമയിലെ സീനുകൾ തന്നെ അത് തെറ്റാണെന്ന് തെളിയിക്കുന്നതാണ്; സുലൈമാൻ (ഫഹദ് ഫാസിൽ) വേസ്റ്റുകൾ കൊണ്ടുവന്നിടുന്നത് സെക്രട്ടറിയേറ്റിന്റെയും അഗ്രഹാരം പോലുള്ള സ്ഥലത്തിന്റെയും മുൻപിലാണ്. കൂടാതെ, കടലിനോട് ചേർന്നു നിൽക്കുന്ന, ചികിത്സയും ഉറൂസും നടക്കുന്ന പള്ളിയുള്ള റമദാപള്ളിയുടെ എല്ലാ സവിശേഷതയും ബീമാപള്ളിയുടെ സ്വഭാവഗുണങ്ങളെ അതേപടി കൊണ്ടുവരുകയാണ് ചെയ്തത്. ഇവിടെ സിനിമ കേരളത്തിൽ എവിടെയുമാവാമെന്ന് പറയുന്നതിലൂടെ ചരിത്രപരമായ നിഷേധവും സാമൂഹികമായ ഒരു കളവും സംവിധായകൻ കലയെന്ന പേരിൽ നമ്മിലേക്ക് തട്ടിവിടുന്നു.

മെയ് 16 ന് ബീമാപള്ളിയിൽ കൊമ്പ് ഷിബു എന്ന വ്യക്തി ബീമാപള്ളിക്കാരോട് പണപ്പിരിവ് നടത്തുന്നു. ആളുകളെ മാനസികമായി ഭയപ്പെടുത്തുകയെന്നതാണ് ഇയാളുടെ ശൈലി. താൻ ഒരു എയ്ഡ്സ് രോഗിയാണെന്നും തന്റെ രക്തം ഉപയോഗിച്ച് നിങ്ങൾക്കും പകർത്തും എന്ന് ഭീഷണിപ്പെടുത്തിയാണ് ബീമാപള്ളിക്കാരിൽ നിന്ന് ഷിബു പണപ്പിരിവ് നടത്തുന്നത്. മാലിക് സിനിമയിലേക്ക് വന്നാൽ പോലീസ് ഡേവിഡിനെ പറഞ്ഞയക്കുന്നത് ഉറൂസ് നടത്തിക്കില്ലാ എന്ന് പറഞ്ഞ് ബീമാപള്ളിക്കാരെ പ്രകോപിപ്പിക്കാൻ വേണ്ടിയാണ്. കൊമ്പ് ഷിബു ചെയ്തതിന് സമാനമായ പ്രവൃത്തി തന്നെയാണ് സിനിമയിൽ കാണിക്കുന്നതും. അതിനാൽ തന്നെ വെടിവെക്കാൻ ആവശ്യമായ ഒരു മുൻകരുതലുകളും എടുക്കാതെ നേരിട്ട് പോലീസ് വെടിവെച്ച രീതിയും യഥാർത്ഥത്തിൽ നടന്ന കാര്യങ്ങളാണ്. ഡിവിഷൻ മജിസ്ട്രേറ്റിന്റെയും സബ്കളക്റ്ററുടെയും ഉത്തരവില്ലാതെയാണ് വെടിവെപ്പ് നടക്കുന്നത്. മെയ് 17-ാം തിയ്യതി ഉച്ചക്ക് 2:45 ന് വെടിവെപ്പ് സംഭവിക്കുന്ന ബീമാപള്ളിയിൽ മെയ് 16 ലെ സംഭവത്തിൽ തന്നെ കൊമ്പ് ഷിബുവിനെയും കൂട്ടാളികളെയും ബീമാപള്ളിക്കാർ അടിച്ചോടിക്കുന്നുണ്ട്. ശേഷം പോലീസുകാർ പ്രദേശത്ത് തമ്പടിക്കുകയും എസ്ഐ കൊമ്പ് ഷിബുവിനെ അറസ്റ്റ് ചെയ്യാമെന്ന് വാക്ക് നൽകുകയും ചെയ്തു. ഇതേതുടർന്ന് ബീമാപള്ളി പ്രദേശവാസികൾ പിരിഞ്ഞുപോയി. പിറ്റേ ദിവസം, അതായത് മെയ് 17ന് ഉച്ചക്ക് കൊമ്പ് ഷിബു സ്ഥലത്തേക്ക് വീണ്ടും വന്നു. കൊമ്പ് ഷിബുവിനെ കണ്ട ജനങ്ങൾ വിണ്ടും പ്രകോപിതരായി. 2:45 നാണ് ബീമാപള്ളിക്കാർ വീണ്ടും പ്രശ്നമുണ്ടാക്കുന്നുവെന്ന് പറഞ്ഞ് ഏകപക്ഷീയമായി വെടിവെപ്പ് നടക്കുന്നത്.

6 പേർ സ്ഥലത്ത് വെച്ചുതന്നെയും 2 പേർ സംഭവത്തിന് ശേഷവും മരണപ്പെടുകയും 52 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഥലത്ത് ഇടതുപക്ഷത്തിനെതിരെ ശബ്ദങ്ങളുയർന്നെങ്കിലും നഷ്ടപരിഹാരം പ്രഖ്യാപിക്കുന്നതിലൂടെയും ജുഡീഷ്യൽ കമ്മീഷനെ നിയമിക്കുന്നതിലൂടെയും ഇടതുപക്ഷ സർക്കാരിന്റെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദനും ബീമാപള്ളിയുടെ രാഷ്ട്രീയ-സാമൂഹ്യ നീതിയുടെ ചോദ്യങ്ങളെ ഒതുക്കി തീർക്കുകയാണുണ്ടായത്. സസ്പെൻഷനിലായ പോലീസുകാർ ഡ്യൂട്ടിയിൽ തിരിച്ചുകയറി. ഇവിടെ കൊലപാതകകുറ്റം ചുമത്തി വിചാരണ നേരിടേണ്ടി വരുന്നതിന് പകരം ഒരു ദുരന്തം സംഭവിച്ചത് പോലെയാണ് ബീമാപള്ളിയെ പറ്റി ആളുകൾ ചർച്ച ചെയ്തത്. ഈ സിനിമയും അത്തരത്തിലുള്ള സമീപനം കൈക്കൊള്ളുന്നുണ്ട്. വികസനത്തിന്റെ പ്രശ്നങ്ങളും വിദ്യാഭ്യാസമില്ലായ്മയുമാണ് ബീമാപള്ളിക്കാർ നേരിടുന്ന പ്രശ്നമെന്ന ഇടതുപക്ഷ വായന ഈ സിനിമ കൊണ്ടുവരുന്നുണ്ട്. കൊല്ലപ്പെട്ടവർക്ക് നേരെ അവർ കൊല്ലപ്പെടാനുള്ള കാരണം വിദ്യാഭ്യാസമില്ലായ്മയും തൊഴിലില്ലായ്മയുമാണെന്ന് പറയുന്നത് പോലെയുള്ള ഹിംസകൾ കേരളത്തിലെ രാഷ്ട്രീയ നിരീക്ഷകർ കൊണ്ടാടി. സർക്കാറിന്റെ ഭാഗത്ത് നിന്ന് വികസനത്തിന്റെ പേരിൽ ഒരു പ്രൊജക്റ്റ് പോലും അങ്ങോട്ടേക്ക് എത്തിയതുമില്ല.

സംവിധായകൻ മഹേഷ് നാരായണൻ

ചെറിയതുറ വെടിവെപ്പ് എന്നായിരുന്നു ബീമാപള്ളി വെടിവെപ്പിനെ കുറിച്ച് മനോരമയിൽ വന്ന വാർത്തകൾ. അതിനെ ബീമാപള്ളി വെടിവെപ്പാക്കി മാറ്റിയതിൽ മുസ്‌ലിം ആക്ടിവിസ്റ്റുകൾക്കും പത്രപ്രവർത്തകർക്കും വലിയ പങ്കുണ്ട്. കാരണം ബീമാപള്ളിക്കാർ ചെറിയതുറ ആക്രമിച്ചത് കൊണ്ടാണ് വെടിവെപ്പ് ഉണ്ടായത് എന്നാണ് ആ തലക്കെട്ടിന്റെ രാഷ്ട്രീയം. രാഷ്ട്രീയ വിദ്യാർത്ഥികളെ സംബന്ധിച്ച് ബീമാപള്ളി ഒരു ടെക്സ്റ്റാണ്. കേരള വികസനത്തിന്റെ കഥകൾ, തീവ്രവാദി പട്ടം, പത്രതലക്കെട്ടുകൾ, പോലീസ്, രാഷ്ട്രീയക്കാർ, ഇങ്ങനെ പലതും ഒരു ദേശത്തിനെ എങ്ങനെയാണ് വളഞ്ഞിട്ട് ആക്രമിക്കുന്നതെന്ന് നമുക്ക് മനസ്സിലാക്കാം.

മാലിക്ക് സിനിമയിൽ ചന്ദ്രന്റെ കൊലപാതകം തന്നെ പരിശോധിച്ചാൽ, ഒരു സവർണ ഹിന്ദു നേതാവിന്റെ കൊലപാതകമാണ് ലത്തീൻ കത്തോലിക്കരും മുസ്‌ലിംകളും തമ്മിലുള്ള സംഘട്ടനത്തിലേക്ക് നയിക്കുന്നത്. അതായത് സവർണ ജാതിയിൽ നിന്ന് അധികാരം നഷ്ടപ്പെടുമ്പോൾ ക്രമിനലുകളാക്കി ചിത്രീകരിച്ച് മുസ്‌ലിം രാഷ്ട്രീയത്തെ ഉന്മൂലനം ചെയ്യുന്നതിന്റെ പ്രതീകമായി കൂടി ഇതിനെ വായിക്കാം.

അൻവർ എന്ന അമൽ നീരദ് സിനിമയിൽ നിന്ന് മാലിക്കിനുള്ള വ്യത്യാസം എന്താണ്? ബാബു സേട്ടിൽ നിന്ന് മാലിക്കിൽ എത്തുമ്പോൾ തീവ്രവാദം എന്ന വിഷയം ഒഴിഞ്ഞുമാറാതെ തന്നെ കിടക്കുന്നു? മുസ്‌ലിം സംഘടനാ രാഷ്ട്രീയത്തെ തന്നെ പ്രതിക്കൂട്ടിലാക്കി അതിനപ്പുറത്തേക്ക് ചർച്ച ചെയ്യാൻ കഴിയാത്ത വിധത്തിൽ ഇടതുപക്ഷം എല്ലായ്പ്പോഴും ഒരുക്കുന്ന രാഷ്ട്രീയക്കെണി പോലെയാണ് മാലിക് സിനിമയും കിടക്കുന്നത്.

മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫ്’ എന്ന സിനിമയും വസ്തുതകളെ മറച്ചു വെച്ചാണ് നിർമ്മിക്കപ്പെട്ടത്. നേഴ്സുമാർ അവിടെ ആളുകൾ മാന്യമായാണ് പെരുമാറിയതെന്ന് പറഞ്ഞിട്ടും അതിനെയെല്ലാം മറികടന്ന് വംശീയമായ ഭാവനകളെയാണ് സിനിമ കടത്തിവിട്ടത്. വിദേശ ഉൽപന്നങ്ങളുടെ കൂടെ തോക്ക് എത്തുന്നത് അത്തരം വംശീയ ഭാവനയുടെ ഭാഗമാണ്. മുസ്‌ലിംകളെ ആക്രമിക്കാൻ വരുന്ന ഹിന്ദുത്വ ഫാസിസത്തിന്റെ നിർമ്മിതിയാണ് അദ്ദേഹത്തിന്റെ ഭാവനയിൽ വിരിയുന്നത്. സമാനമായ രീതിയിൽ മുസ്‌ലിം സംഘടനയെ തേടി കടപ്പുറത്ത് ആയുധശേഖരണവുമായി ഒരു കപ്പൽ വന്നുവെന്ന വാർത്ത ജന്മഭൂമി പണ്ട് കൊടുത്തിരുന്നു. പിന്നീട് ജന്മഭൂമിക്കെതിരെ കേസിന് പോവുകയും പ്രസ്തുത മുസ്‌ലിം സംഘടന അവരെ കൊണ്ട് ജന്മഭൂമിയിൽ തന്നെ മാപ്പ് എഴുതിക്കുകയും ചെയ്തിട്ടുണ്ട്. ഇങ്ങനെയൊക്കെ നടന്ന കേരളത്തിൽ നിന്നാണ് മഹേഷ് നാരായണൻ ഈ കഥകൾ പാചകം ചെയ്തെടുക്കുന്നത് എന്ന് കൂടി മനസ്സിലാക്കേണ്ടതുണ്ട്.

രാഷ്ട്രീയത്തെ നിർണ്ണയിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്ന മാധ്യമം എന്ന നിലയിൽ സിനിമകളെ പ്രോപഗണ്ടക്ക് വേണ്ടിയാണ് ഫാസിസ്റ്റുകൾ ഏറ്റവും കൂടുതൽ ഉപയോഗിച്ചത്. ജനങ്ങളെ അത്രമേൽ സ്വാധീനിക്കുന്ന ഇത്തരമൊരു മാധ്യമത്തിലൂടെ പോലീസ് തന്നെയാണ് കൊലപാതികകൾ എന്ന യാഥാർത്ഥ്യത്തെ തുറന്നുപറയാനുള്ള ശ്രമങ്ങൾ സിനിമ നടത്തുന്നുണ്ടെന്നത് പ്രധാനമാണ്. പക്ഷേ അപ്പോഴും, മെഷീൻ ഗണ്ണും അതുപയോഗിക്കുന്ന മറഞ്ഞിരിക്കുന്ന ഗ്രൂപ്പുകളുമടങ്ങിയ ഫാന്റസികൾ നിർമ്മിക്കുന്നതിലൂടെ, 2009 മെയ് 17 ന് മനോരമാ പത്രം റിപ്പോർട്ട് ചെയ്തത് പോലെ റോക്കറ്റ് ലോഞ്ച് സിസ്റ്റങ്ങൾ ബീമാപള്ളിയിൽ ഉപയോഗിച്ചുവെന്ന തരത്തിലുള്ള നിർമ്മിതികളിലേക്ക് സംവിധായകന്റെ വംശീയഭാവനാലോകം തിരിച്ചുവരുന്നുണ്ട്. കേരളത്തിൽ നിന്ന് യു.എ.പി.എ പോലുള്ള നിയമങ്ങൾ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്നവരിലേക്ക് വെറുതെ മുഖം തിരിച്ച് നോക്കാൻ മലയാളിക്ക് ആത്മവിശ്വാസം നൽകുന്ന സീനുകളെയാണ് സിനിമ പുനരുൽപാദിപ്പിക്കുന്നത്.

ഒരു മുസ്‌ലിം ഡോണിന്റെ ഉത്ഭവവും അതിന്റെ കഥയുമെല്ലാം സ്വതന്ത്രമായി പറയാൻ സിനിമ ശ്രമിക്കുന്നുവെന്നതാണ് മാലികിലെ എടുത്തുപറയേണ്ട മറ്റൊരു സംഗതി. ദേവാസുരത്തിലെ നീലകണ്ഠനെ പോലെ പശ്ചാത്താപവും കരച്ചിലും പ്രണയവും ഒക്കെയുള്ള സ്വതന്ത്ര കർതൃത്വത്തിലാണ് അയാളുള്ളത് എന്നത് കൊണ്ട് മാലിക്ക് തീർച്ചയായും സ്വീകരിക്കപ്പെടേണ്ടത് തന്നെയാണ്. അതേസമയം, സംവിധായകന്റെ നേരത്തേ പറഞ്ഞ വംശീയ ഭാവന തീവ്രവാദത്തെ ചുറ്റിപ്പറ്റിയുള്ളതും ഇടതുപക്ഷത്തെ വെള്ളപൂശുന്നതുമായ ഒരു ഗ്ലോബൽ ഹിന്ദുത്വ രാഷ്ട്രീയത്തെ തന്നെയാണ് പറഞ്ഞുവെക്കുന്നത്.

ഹാഷിര്‍ കെ മുഹമ്മദ്‌