Campus Alive

വാളാക്കി നീട്ടാവുന്ന കുരിശ്

സിനിമ തുടങ്ങുന്നത് ഒരു പള്ളിയിലാണ്. അവിടെ കാണുന്നത് മാമോദീസ ചടങ്ങാണ്. പള്ളീലച്ചൻ വെളുത്തവനാണ്. സിനിമയാകട്ടെ കറുപ്പിലും വെളുപ്പിലുമാണ്. ആദ്യകാല സിനിമ അങ്ങനെയായിരുന്നു. എന്താകണമെന്ന് നിശ്ചയദാർഢ്യം കുറവായിരുന്നു. കുനിഞ്ഞ് കറുക്കണോ? മുഷിഞ്ഞ് വെളുക്കണോ? ഈ സിനിമയിൽ മാമോദീസ ഏക്കുന്നത് കുറെ കറുത്തവർക്കാണ്. ഏൽക്കുന്നത് എന്നതല്ലേ ശരിയായ പ്രയോഗം. ഏക്കുക എന്നാൽ ഏച്ചു കെട്ടുക എന്നല്ലേ അർത്ഥം വരിക. അങ്ങനെയെങ്കിൽ ഇവിടെ മാമോദീസ മുങ്ങി ഇവർ എന്താണ് ഏച്ച് കൂട്ടുന്നത്? അവർ ഓരോരുത്തരായി വന്ന് സ്നാന ജലവും അപ്പക്കഷണവും വാങ്ങുകയും പുതിയ ക്രിസ്തീയ നാമങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നു. എഡ്വേർഡ്, ഫ്രാൻസിസ്, ജോർജ്… അവർ വരിവരിയായി പുറത്തേക്ക് പോകുന്നു. അവർ വരിവരിയായി ഫ്രെയ്മിന് പുറത്തേക്ക് പോകുന്നു. അടുത്ത ദൃശ്യം ഒരു പാതയാണ്. ടാറിട്ടതല്ല. ചെമ്മൺ നിറമുള്ളത്. വശങ്ങളിൽ മരങ്ങളുണ്ട്. ഏതാണാ മരങ്ങൾ? ശീമക്കൊന്ന? തെങ്ങ്? കവുങ്ങ്? വേപ്പ്? അയ്യോ ഇത് ആഫ്രിക്കയിലെ ചെമ്മൺ പാതയാണല്ലോ. ആഫ്രിക്കയിൽ തെങ്ങുണ്ടോ. അറിയില്ല. ആ പാതയിലൂടെ ഈ പുതു ക്രിസ്ത്യാനി-മുൻ ആഫ്രിക്കൻമാർ നടന്നു വരുന്നു. വെറുതെ നടക്കുകയല്ല. കയ്യിൽ കുരിശ് പിടിച്ച് ചിട്ടയായ ഒരു കൊറിയോഗ്രഫിയെ ശിരസാവഹിച്ചാണ് വരവ്. ശിരസിൽ ആവഹിച്ച്? ശിരസിൽ മാത്രമല്ല ശരീരമൊന്നാകെ അവർ ക്രിസ്തുമതത്തെ ആവഹിച്ചിട്ടുണ്ടെന്ന് അടുത്ത സീനിൽ തെളിയുന്നു. ഒരു പട്ടാളക്കാരൻ നിർദേശിക്കുന്നതനുസരിച്ച് അവർ രണ്ട് ചേരിയായി നിന്ന് കുരിശ് തിരിച്ച് പിടിച്ച് വാൾ ആക്കി മാറ്റുന്നു. പൊരുതുന്നു.

കുരിശിന്റെ ഘടന നിങ്ങൾക്കെല്ലാം അറിയാമല്ലോ. അത് ഒരു അധിക ചിഹ്നമാണ്. പ്ലസ്. വാലുള്ള അധിക ചിഹ്നം എന്ന് പറഞ്ഞാൽ അധികമോ ആലങ്കാരികമോ ആകില്ല. പ്ലസ് എന്ന അടയാളത്തിന്റെ ഒരു കാൽ നീട്ടിയാൽ അത് കുരിശായി. അതിനൊരു ഗുണമുണ്ട്. നീളമുള്ള ആ കാലിനെ മുകളിലേക്ക് പിടിച്ചാൽ അതൊരു വാൾ. അതൊരു ആയുധം. അങ്ങനെ അവർ പരസ്പരം വെട്ടിമരിക്കുന്നു. മരിക്കുന്നുവെന്നത് ആലങ്കാരികമായിട്ടാണ്. അവർ കളിമട്ടിലാണ് അത് ചെയ്യുന്നത്. ഈ ആലങ്കാരികത സിനിമയിൽ ഉടനീളം കാണും. വളരെ ഗൗരവത്തിൽ സിനിമ കാണണമെന്ന് കരുതുന്നവർക്ക് ഇത് ഇഷ്ടമാവണമെന്നില്ല. എന്താണിത് കുട്ടിക്കളിയാ എന്ന് അവരെല്ലാം കോപാന്ധരായി കണ്ണുരുട്ടി ചോദിക്കാൻ സാധ്യതയുണ്ട്. അപ്പോൾ ഈ ചോദിക്കുന്നവർ മീശയുള്ളവരാണെങ്കിൽ ആ മീശത്തലയും വിറ കൊള്ളാവുന്നതാണ്. കാരണം അത് അവർ സ്കൂൾ നാടകങ്ങളിൽ മുമ്പ് കണ്ടിരിക്കാൻ സാധ്യതയുണ്ട്. മീശയില്ലാത്ത മേൽ ചുണ്ടുകളുള്ള കുഞ്ഞുസ്കൂൾ കാലത്ത് കുട്ടികൾ പൊലീസ് വേഷം കെട്ടും. അതിന് അവർക്ക് മീശ വേണം. ആ മീശ ഈ ചുണ്ടിന് മേൽ ഒട്ടിച്ച് വെച്ചതായിരിക്കും. അതാണെങ്കിലോ ഡയലോഗ് പറഞ്ഞിട്ടും സ്റ്റേജിലൂടെ നടന്നിട്ടും പോരാത്തതിന് ഇതിനകം അനവധി കുട്ടികളുടെ മീശ മുളക്കാത്ത മേൽ ചുണ്ടുകളിൽ ഇരുന്നിരുന്ന് വയസായത് കാരണവും ഈ ഒട്ടിപ്പ് മീശകൾ അൽപം വിയർപ്പേറ്റാൽ തന്നെ ശരീരത്തിൽ നിന്ന് വിട്ട് പോകാൻ തുടങ്ങും. ഫലം. കൂവൽ. കാണികൾക്കിടയിൽ നിന്നുള്ള കമന്റുകൾ. നോക്കെടാ ആ കുട്ടിപ്പോലീസിന്റെ മീശ പാറുന്നു. ആൾക്കൂട്ടം അപ്പോൾ ഒരു വാനരക്കൂട്ടം. അവർ അരങ്ങത്തെ അബദ്ധങ്ങൾ കണ്ട് മതി മറന്നു ഹസിക്കുന്നു. പരിഹാസത്തിന്റെ ഉഗ്രരൂപം പൂണ്ട്. അതു പോലെയാണ് ഈ ആഫ്രിക്കൻ സിനിമയിലെ പട്ടാള കഥാപാത്രങ്ങൾ. അവർ പരസ്പരം പോരടിക്കുന്നത് കുട്ടികൾ കളിക്കുന്ന പോലെ. അതിനെന്താ? കുട്ടികളും പട്ടാളക്കാരെ പോലെ എന്നാണോ സംവിധായകൻ ഉദ്ദേശിക്കുന്നത്.

എന്തായാലും കുറേ പേർ സംവിധായകനെ മിതം വിട്ട ഭാഷയിൽ തെറി വിളിച്ച് തിയേറ്റർ വിട്ട് പോയി. നായകൻ പിന്നീട് പാരീസിലെത്തുന്നു. നസ്രാണി നായകൻ ആദ്യമായി ജന്മനാട് വിട്ട് പോകുകയാണ്. അല്ലെങ്കിൽ നസ്രാണി ആയതിന് ശേഷമുള്ള ആദ്യത്തെ പലായനമാണ്. നാട് വിട്ട് അലയുന്നതാണ് നസ്രാണിത്തം എന്നാണോ സംവിധായകൻ പ്രഖ്യാപിക്കുന്നത്? ആഫ്രിക്കൻ രാജ്യമായ മൗറിത്താനിയയിൽ നിന്നാണ് അയാൾ പാരീസിലെത്തുന്നത്. സിനിമ കറുപ്പിലും വെളുപ്പിലുമായത് കൊണ്ട് പാരീസും മൗറിത്താനിയയും തമ്മിലെ വ്യത്യാസമൊന്നും നമുക്ക് തിരിച്ചറിയാനാവില്ല. മൗറിത്താനിയയുടെ നിറമെന്താണ്. ആഫ്രിക്കക്കൊരു നിറമുണ്ടോ. പാരീസിനൊരു തനി നിറമുണ്ടോ. ഈ സിനിമ തുടർന്ന് പരിഹാസപൂർവം കാണിച്ചു തരുന്നത് പാരീസിന്റെ തനിനിറം ആണ്. കറുപ്പും വെളുപ്പും സംവിധായകൻ ഉപയോഗിച്ചത് ഇങ്ങനെ ഒരു ആശയം പറയാനായിരിക്കുമോ. പാരീസിലേക്ക് എത്തുമ്പോൾ തന്നെ ആഹ്ലാദ ചിത്തനും ആമോദപരവശനും പ്രസന്നമുഖനുമാണ് നായകൻ. അവനെ പാരീസിലേക്ക് നയിക്കുന്നത് സാഹിത്യമാണ്. കൃത്യമായി പറഞ്ഞാൽ സാഹിത്യകാരാണ്. കാരണം സാഹിത്യം ഒരാളല്ലല്ലോ, ഒരു പാട് പേരുള്ളതല്ലേ. ഹേ ഫ്രാൻസേ ഇതാ ഞാൻ വരുന്നു. മല്ലാർമേ, ഡുമാസേ, ഹ്യൂഗോവേ, റാസീനേ, മൊലീയേറേ, ഷേക്സ്പിയറേ ഞാനിതാ വരുന്നു. നിങ്ങൾ കുരുത്ത മണ്ണിലേക്ക് നിങ്ങൾ പടർന്ന വിണ്ണിലേക്ക് നിങ്ങൾ മണം ശ്വസിച്ചു വിട്ട കാറ്റിലേക്ക്. ഇങ്ങനെ പറഞ്ഞാണ് നായകൻ പാരീസിൽ കാല് കുത്തുന്നത്. എന്താണ് ഈ ഫ്രഞ്ച് പേരുകൾക്കിടിയിൽ ഷേക്സ്പിയർ വരുന്നത്? അത് പുറകെ വിശദമാക്കാം. പക്ഷേ ഫ്രഞ്ചു നാട്ടിൽ ഫ്രഞ്ചു ഭാഷ നാവിലുള്ള ആർക്കും അയാളുടെ വരവ് ഇഷ്ടമാവുന്നില്ല. എല്ലാവരും അയാളെ അവജ്ഞയോടെയും അസഹിഷ്ണുതയോടെയുമാണ് കാണുന്നത്. അവർ തനിനിറം കാണിക്കുന്നു. എന്നാൽ ഇത്രയും പറഞ്ഞ് കഴിയുമ്പോൾ നിങ്ങൾ വിചാരിക്കും ഇതൊരു ദുഖഃ കഥന കഥയാണെന്ന്. അല്ലേയല്ല.

മുഹമ്മദ് ആബിദ് ഹോണ്ടോ

ഇനിയാണ് സംവിധായകൻ മുഹമ്മദ് ആബിദ് ഹോണ്ടോയുടെ ദൃശ്യവിരുത് വെള്ളിത്തിര കയ്യടക്കാനും കാണികൾ കാണാനും പോകുന്നത്. അതിന് മുമ്പ് സംവിധായകനെ പറ്റി. ഇയാൾ മൗറിത്താനിയ വിട്ട് പാരീസിലെത്തുന്നത് 1959ൽ. ഈ സംവിധായകന്റെ സിനിമയിലെ നായകനെ പോലെ തന്നെ. ജനിക്കുന്നത് 1936ൽ. 1967ൽ ഈ സിനിമ സംവിധാനം ചെയ്തു. മൗറിത്താനിയയിലെ അത്തർ മേഖലയിലെ ഐനുൽ ബെറി മത്താറിൽ മൗറിത്താനിയക്കാരി ഉമ്മയുടെയും സെനഗലുകാരൻ ബാപ്പയുടെയും മകനായി ജനിക്കുന്നു. ഈ സംവിധായകന്റെ സിനിമയിലെ നായകനെ പോലെയല്ല. കാരണം സംവിധായകൻ മുസ്‌ലിമും നായകൻ ക്രിസ്ത്യാനിയുമാണല്ലോ. ക്രിസ്ത്യൻ നായകനെ സംവിധാനം ചെയ്യുന്ന മുസ്‌ലിം സംവിധായകൻ. ആഫ്രിക്കൻ-ക്രിസ്ത്യൻ-മതംമാറി നായകനെ സംവിധാനം ചെയ്യുന്ന ആഫ്രിക്കൻ സംവിധായകൻ. ബാപ്പയേയും ഉമ്മയേയും കുറിച്ച് മാത്രമേ പറയാൻ നിർവ്വാഹമുള്ളൂ. കാരണം വിക്കിപീഡിയയിൽ വലയിട്ടപ്പോൾ അത്രമാത്രമേ ഈ സംവിധായകനെ കുറിച്ച് എനിക്ക് കിട്ടിയുള്ളൂ. മൊറോക്കോയിലെ റബാത്തിൽ ഇന്റർനാഷണൽ ഹോട്ടൽ സ്കൂളിൽ ഷെഫ് ആയി പഠിക്കാൻ ചേർന്നു. അനന്തരം മാർസെയിൽസ്, പാരീസ് തുടങ്ങിയ സ്ഥലങ്ങളിൽ പാചകക്കാരൻ, കൃഷിത്തൊഴിലാളി, വെയിറ്റർ, തുറമുഖ തൊഴിലാളി, സാധനങ്ങൾ എത്തിക്കുന്നവൻ എന്നീ പണികൾ ചെയ്തു. ഇതിൽ എടുത്തുപറയേണ്ട പണി വെയ്റ്ററുടേതാണ്. ഇതിൽ ഇദ്ദേഹത്തിന്റെയും സമസ്ത ആഫ്രിക്കൻ കുടിയേറ്റക്കാരുടെയും അവസ്ഥയെ പ്രതീകാത്മകമായി സൂചിപ്പിക്കുന്ന വാക്ക് കൂടിയായി വെയിറ്റർ എന്ന ജോലിയെ കാണണം. വെയിറ്റർ- കാത്ത് നിൽപ്പോർ. മറ്റുള്ളവർ നൽകുന്ന നിർദ്ദേശങ്ങൾക്ക് വേണ്ടി കാത്തു നിന്ന് അവർക്ക് വേണ്ട സാധനങ്ങൾ എത്തിക്കുന്ന സാധാരണ വെയിറ്റർമാരെ നമ്മൾ കോഴിക്കോടും കൊച്ചിയിലും പരപ്പനങ്ങാടിയിലും പൊന്നാനിയിലും കണ്ടിട്ടുണ്ടാവും. ഒരു പക്ഷേ പോകാൻ വിട്ടു പോയ മറ്റേതൊരു നഗരത്തിലും. എന്നാൽ ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിൽ പാരീസിൽ കാത്ത് നിൽക്കുന്ന കറുത്തവന്റെ അനുഭവം ദുസ്സഹമാണെന്നാണ് മുഹമ്മദ് കരുതുന്നത്. അതിനാൽ “ഓ സൺ” എടുക്കുന്നതിന് അദ്ദേഹത്തിന് തോന്നലുണ്ടായി. സർഗാത്മക ചോദനയായി ഇവിടെ അനുഭവം മാറുന്നതായി കാണാം. കല അനുഭവത്തിൽ നിന്നാണെന്ന ചിന്താഗതിയെ സമൂലവും സമഗ്രവുമായി സപ്പോർട്ട് ചെയ്യുന്നു ഇപ്പറഞ്ഞവ. ഇക്കാലത്ത് ഷേക്സ്പിയർ, റേസീൻ, മോലിയേർ എന്നിവരുടെ നാടകങ്ങളിൽ അഭിനയിക്കുന്നുണ്ട്. അങ്ങനെയാണ് ഓ സണിലെ നായകന് ഷേക്സ്പിയറെ കൂടി മറ്റുള്ള ഫ്രാൻസുകാരായ മഹാസാഹിത്യകാരുടെ കൂട്ടത്തിൽ കൂട്ടുന്നതിന് പ്രേരണയാവുന്നത്.

Soleil O, (Oh, Sun – 1970)

ആദ്യ സമയങ്ങളിൽ മുഹമ്മദ് ഫ്രഞ്ച് നടി ഫ്രാൻസ്വാ റോസേയുടെ കീഴിൽ അഭിനയവും സംവിധാനവും പഠിക്കാനായി ചേരുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഈ കാലയളവിനെ ഫ്രാൻകോഫീലിക് പീരിയഡായിട്ടാണ് ദിന ഷെർസർ 1996-ൽ തയ്യാറാക്കിയ തന്റെ ‘സിനിമ, കൊളോണിയലിസം, പോസ്റ്റ് കൊളോണിയലിസം: പേഴ്സ്പെക്റ്റീവ്സ് ഫ്രം ഫ്രഞ്ച് ആന്റ് ഫ്രാങ്കോഫോൺ വേൾഡ്’ എന്ന കൃതിയിൽ അൽപം വൈരാഗ്യത്തോടെ തന്നെ അവതരിപ്പിക്കുന്നത്. പിന്നീട് തന്റെ സ്വത്വത്തെ തിരിച്ചറിഞ്ഞ് സ്വന്തം തിയേറ്റർ തുടങ്ങുന്ന കാലയളവിനെയാണ് ഷെർസർ സന്തോഷത്തോടെ രേഖപ്പെടുത്തുന്നത്.

അൽപം ഷെർസറെ ഞാൻ ഉദ്ധരിക്കാം: “യോരൂബ ദൈവമായ ഷാങ്കോ ഒരുനാൾ മുഹമ്മദ് താമസിക്കുന്ന മുഷിഞ്ഞ പാരീസിലെ വടക്ക് കിഴക്കൻ ബാനിലൂ ആയ സെയിൻ സെയിന്റ് ഡെനിസീലെ ദ്രവിച്ച ഒറ്റമുറി പാർപ്പിടത്തിലേക്ക് ചെന്നു. മുഹമ്മദ് ഹോണ്ടോയോട് ഇടിവട്ടിന്റെയും മിന്നലിന്റെയും ദൈവം വളരെ മാന്യമായി ചോദിച്ചത്രേ. നിനക്കിപ്പോ ഞങ്ങളെയൊന്നും വേണ്ടല്ലേ. അതിനെ തുടർന്ന് അതുവരെ താൻ പ്രവർത്തിച്ച് കൊണ്ടിരുന്ന തിയറ്റർ കമ്പനിയെയും ഷേക്സ്പിയറിനെയും മോലിയേറെയും ഉപേക്ഷിച്ച് ഷാങ്കോ എന്ന തിയറ്റർ ആരംഭിച്ചു”. തുടർന്ന് ഹെയ്തിയൻ കവിയായ റെനെ ഡെപസ്റ്ററുടെയും എയ്മി സെസയറുടെയും കൃതികൾ അവതരിപ്പിക്കാൻ തുടങ്ങി. ഫ്രഞ്ച് ബാധയിൽ നിന്നും യോരൂപ ദൈവം ഇദ്ദേഹത്തെ കാത്ത് രക്ഷിച്ചുവെന്നും ഇതൊരു കോളനിയാനന്തര അവസ്ഥയിലേക്കുള്ള ദൈവിക ചുവടുവെപ്പാണെന്നും ആശ്വാസത്തോടെ ഷെർസർ എഴുതി. മുഹമ്മദിനെ കറുത്ത പടച്ചോൻ കാത്തു. ഷെർസറിനാണ് ഫ്രഞ്ചുകാല മുഹമ്മദിനോട് നീരസം. യൊരൂബ ദൈവത്തിന് അത്ര കോപമുണ്ടെന്ന് തോന്നുന്നില്ല. ഇടിവെട്ടിന്റെയും മിന്നലിന്റെയും ദൈവമായിട്ട് പോലും മുഹമ്മദിനെ അത് രണ്ട് കൊണ്ടും വിഷമിപ്പിച്ചില്ല. ഇടിവെട്ടിന്റെ ദൈവം തന്നെ വിട്ടു പോയതിലുള്ള വിഷമമാണ് മുഹമ്മദിനോട് പറഞ്ഞത്. മുഹമ്മദ് എന്നാൽ തന്നെ അർത്ഥം സ്തുതിക്കപ്പെടേണ്ടവൻ എന്നാണല്ലോ. ആഫ്രിക്കൻ ഇടിവെട്ട് ദൈവത്തിനും മുഹമ്മദിനെ സ്തുതിക്കാതിരിക്കാനാവില്ല.

എന്നാൽ ദുഖത്തിൽ ചാലിച്ച കഥനകഥ തയ്യാറാക്കാൻ ഇദ്ദേഹം തയ്യാറായില്ല എന്ന് ആഫ്രിക്കൻ പോസ്റ്റ് ഡോക്ടറൽ ഗവേഷകനായ അബൂബക്കർ സനോഗോ പറയുകയുണ്ടായി. അദ്ദേഹമിപ്പോൾ കാനഡയിലെ കാൾട്ടൺ യൂണിവേഴ്സിറ്റിയിൽ ഫിലിം സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറാണ്. ഞാൻ കാണുമ്പോൾ അദ്ദേഹം തന്റെ നീണ്ട പഠനം എഴുതിക്കൊണ്ടിരിക്കുകയാണെന്നും പൂർത്തിയായാലുടനെ എനിക്ക് അയച്ചു തരാമെന്നും പറഞ്ഞു. വേവോളം കാത്തിരുന്നാൽ ആറോളം കാത്തിരിക്കണമെന്ന് കുട്ടിക്കാലത്ത് കേട്ട പഴഞ്ചൊല്ല് ഞാനോർത്തു. അദ്ദേഹം എഴുതിക്കൊണ്ടിരിക്കുന്നത് ഒന്ന് വേഗതയിലാക്കണമെന്നും ഈ സിനിമ കണ്ടതിൽ പിന്നെ ഈ സംവിധായകനെ കുറിച്ച് കൂടുതലായി അറിയാനുള്ള എന്റെ ജിജ്ഞാസയെ കഴുത്ത് ഞെരിച്ച് കൊല്ലാൻ എനിക്കാവില്ലെന്നും ഞാൻ സനോഗയോട് പറഞ്ഞു. സനോഗ മലയാളികളുടെ ഈ വാസനയെ മുക്തകണ്ഠം പ്രശംസിച്ചു. ഞാൻ നമ്ര ശിരസ്കനായി. മലയാളിക്ക് ലോക സിനിമ എന്നത് പശുവിന് പുല്ല് പോലെ പ്രിയപ്പെട്ട തീറ്റപ്പണ്ടമാണെന്ന് ഞാൻ സനോഗയോട് പറഞ്ഞു. പക്ഷെ ആഫ്രിക്കയിലെ സിനിമകളല്ല ഞങ്ങൾക്ക് പ്രിയപ്പെട്ട പുല്ല്. അത് ഫ്രാൻസിൽ നിന്നുള്ള ന്യൂ വേവ് ആണെന്ന് പറഞ്ഞു. നായകൻ ഫ്രാൻസിലേക്ക് പോകുന്ന സിനോപ്സിസ് ഫെസ്റ്റിവൽ ബുക്കിൽ കണ്ടതിനാലാണ് ഞാൻ ഓ സൺ കാണാൻ കേറിയതെന്ന രഹസ്യം സനോഗയോട് പരസ്യമാക്കി.

അബൂബക്കർ സനോഗോ

സനോഗ എന്നെ ഒരു ചായക്കടയിലേക്ക് ക്ഷണിച്ചു. ക്ഷമിക്കണം ഞാനാണ് സനോഗയെ ചായക്കടയിലേക്ക് ക്ഷണിച്ചത്. കാരണം ഞാനല്ലേ ഈ നാട്ടുകാരൻ. അദ്ദേഹം അന്യനാട്ടുകാരനല്ലേ. ക്ഷണിക്കപ്പെടുന്നവൻ എന്നും അന്യനാട്ടുകാരൻ ആയിരിക്കണം എന്നതല്ലോ നാട്ടുനടപ്പ്. ന്യൂ തിയറ്ററിന് മുന്നിലെ കടയിലേക്കാണ് ഞങ്ങൾ നീങ്ങിയത്. നീക്കം വളരെ പതുക്കെയായിരുന്നു. പത്തടി നടന്നെത്താവുന്ന ചായക്കടയിലേക്ക് സംസാരത്തിന്റെ ആക്കം കാരണം ഓരോരോ പാദങ്ങളായി മാത്രമേ എത്താനായുള്ളൂ. വാക്കുകളിലെ സ്വാധീനക്കുറവും റോഡിലെ ട്രാഫിക്ക് തിരക്കും നടത്തം മെല്ലെയാക്കുന്നതിൽ പങ്കെടുത്തു. അവിടെ ഞാൻ മെല്ലിച്ച് നിൽക്കുന്ന ചായക്കാരനോട് രണ്ട് സ്ട്രോങ് ചായക്ക് ആജ്ഞ നൽകി. സനോഗ ബുർക്കിനോഫാസക്കാരനാണ്. ബുർക്കിനോഫാസയിൽ നിന്ന് 1394 കിലോമീറ്ററുണ്ട് മൗറിത്താനിയയിലേക്ക്. ബുർക്കിനോഫാസയുടെ തലസ്ഥാനമായ വുഗാദുഗോവിൽ നടക്കുന്ന ഫെസ്പാകോ എന്ന ഫിലിം ഫെസ്റ്റിവലിൽ വെച്ചാണ് ആദ്യമായി താൻ ഈ സിനിമ കണ്ടെതന്ന് അബൂബക്കർ സനോഗ പറഞ്ഞു. പൊന്നാനിയിൽ നിന്ന് തിരുവനന്തപുരത്ത് വന്ന് സിനിമ ഞാൻ കാണുന്ന പോലെ ആയിരിക്കും എന്ന് ഞാൻ ദൂരം കണക്ക് കൂട്ടി. ബുർക്കിനോഫാസയിലെ നോർദ് മേഖലയിൽ നിന്ന് പത്ത് മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്താണ് സനോഗ ഫെസ്റ്റിവൽ കാണാൻ പോയത്. ആദ്യത്തെ FESPACO കാണുന്നത് 2005 ലാണ്. ഞാനും ആദ്യത്തെ ഫെസ്റ്റിവൽ കാണാൻ തിരുവനന്തപുരത്തേക്ക് തീവണ്ടി കയറുന്നത് അതിനടുത്ത കൊല്ലം. ഞാൻ സേം പിച്ച് പറഞ്ഞു. സനോഗയെ നുള്ളി. സനോഗക്ക് സൗമ്യമായി നൊന്തു. സനോഗ കറുത്ത തടിയൻ ചുണ്ടുകളിലൂടെ വെളുത്ത് മുഴങ്ങുന്ന പല്ലുകൾ പുറത്തേക്ക് കാട്ടിയും ചെറിയ കണ്ണുകളെ പരമാവധി വിടർത്തിയും ചിരിച്ചു. ഇന്ത്യക്കാർക്കിടയിൽ തൊട്ടുകൂടായ്മയുണ്ടെന്നാണ് താൻ കേട്ടതെന്നും എന്നാൽ ഇപ്പോൾ നിങ്ങൾ ഇടക്കിടക്ക് സേം പിച്ച് ശരീരത്തിൽ നുള്ളുന്നതിൽ നിന്നും നിങ്ങൾക്ക് ശരീരം വളരെ പ്രിയപ്പട്ടതാണെന്ന് ഞാൻ അനുമാനിക്കട്ടെയോ എന്ന് എന്നോട് ചോദിച്ചു. അതിനെന്താ എന്ന് ഞാനും ആവേശം കൊടുത്ത് വീണ്ടും നുള്ളി.

സനോഗ അന്ന് യൂണിവേഴ്സിറ്റി ഓഫ് കുദോഗുവിൽ ടീച്ചേഴ്സ് ട്രെയ്നിങ്ങിന് പഠിക്കുകയായിരുന്നു. കുദോഗു യൂണിവേഴ്സിറ്റി 1995ൽ ബോബ ഡിയലാസോ നഗരത്തിൽ യൂണിവേഴ്സിറ്റി പോളിടെക്നിക് ഓഫ് ബോബോ എന്ന പേരിൽ യൂണിവേഴ്സിറ്റി ഓഫ് വുഗാദുഗുവിന്റെ  രണ്ടാം കാമ്പസ് എന്ന നിലയിൽ ആണ് തുടങ്ങുന്നത്. അന്ന് പ്രാദേശിക ക്വാട്ട നിലവിൽ വന്നതിന്റെ ഫലമായാണ് സനോഗക്ക് ഇവിടെ അഡ്മിഷൻ കിട്ടിയത്. വീട്ടുകാർക്ക് സന്തോഷമായി മകന് ഇങ്ങനെ അവസരം കിട്ടിയതിൽ. വീട്ടുകാർക്ക് സങ്കടമായി മകൻ ഇങ്ങനെ അവസരം കിട്ടിയത് അധികം വൈകാതെ കളഞ്ഞതിൽ. കാരണം സിനിമ. കാരണം മുഹമ്മദ് ആബിദ് ഹോണ്ടോ. കാരണം ഓ സൺ. ഞാനാലോചിച്ചു മനുഷ്യന്റെ ജീവിതത്തെ ചീത്തയാക്കുന്നതിൽ സിനിമയുടെ പങ്കേ. അതേയെന്ന് സനോഗയും പങ്ക് വെച്ചു. ഞങ്ങൾ ചായ കുടിച്ചു തീർത്തു. എന്റെ വായിൽ അവസാന വലിയുടെ ഊക്കിൽ ചായപ്പിണ്ടി കേറി വന്നു. ഞാനത് തുപ്പി കളഞ്ഞു. സനോഗ അടുത്ത ഷോക്ക് കേറാനുണ്ടെന്ന് പറഞ്ഞ് നടന്നു. പക്ഷെ ഞാനിരുന്ന് വീണ്ടും ആലോചിച്ചു. ഈ സിനിമ ഒരു കുട്ടിക്കളിയാണെന്ന് എന്റെ കൂടെ സിനിമാഹാളിലിരുന്നവർക്ക് പലർക്കും തോന്നി. അവരിൽ പലരും ഇറങ്ങിപ്പോയി. ചിലർ ഉറങ്ങിപ്പോയി. അവരെ ചൊടിപ്പിച്ച കാര്യങ്ങൾ എന്താവാം. അവ ഓരോന്നായി ഞാൻ വെറുതെ വിടർത്തി നോക്കാൻ തീരുമാനിച്ച് ഒരു ചായ കൂടി പറഞ്ഞു. ഇതിലൊരു രസകരമായ കാഴ്ച ഉണ്ട്. നായകൻ ഏതോ അഡ്രസ് തിരക്കി വഴി തെറ്റി ഒരു ഫ്ലാറ്റിലെ മുറിയിലേക്ക് കേറുന്നു. കാരണം അതിന്റെ വാതിൽ അടച്ചിരുന്നില്ല. മെല്ലെ തള്ളി. അത് തുറന്നു. തള്ളിത്തുറന്നു. തള്ളുവിൻ തുറക്കപ്പെടും എന്ന ക്രിസ്ത്യൻ മതത്തിന്റെ അനുശാസന അനുസരിച്ചെന്ന പോലെ. ആ ഫ്ലാറ്റ് മുറിയിൽ രണ്ടേ രണ്ടാൾ. അവർ ടിവി കണ്ട് കൊണ്ടിരിക്കുന്നു. ഒരു ടിവി രണ്ട് പേർ ഒന്നിച്ചിരുന്ന് കാണുകയല്ല. രണ്ടു പേർക്കും രണ്ട് ടി.വി. അക്കാലത്ത് ടി.വി വളരെ അമൂല്യമായ വസ്തുവാണെന്നോർക്കണം. ഓരോരുത്തർക്കും ഓരോ സ്ക്രീൻ വെച്ച് കിട്ടുന്ന അവസ്ഥ സംജാതമായിട്ടില്ല.

രണ്ട് പേരും മുറിയുടെ രണ്ട് അറ്റങ്ങളിലിരുന്നാണ് ടെലിവിഷൻ കാണുന്നത്. അവർ ആണും പെണ്ണുമാണ്. അവർ ഭാര്യയും ഭർത്താവുമായിരിക്കണം. അവർ ജോലി കഴിഞ്ഞ് വന്നവരായിരിക്കണം. അവർ പിണക്കത്തിലായിരിക്കണം. ഇതൊക്കെ നമുക്ക് ഊഹിക്കാൻ മാത്രമേ പറ്റുകയുള്ളൂ. പാരീസ് പോലുള്ള നഗരത്തിൽ ബന്ധങ്ങൾക്ക് ശൈഥില്യം സംഭവിച്ച ദുഖവാർത്തയാണോ നമ്മോട് ഈ സിനിമാക്കാരൻ ഈ രംഗം വെച്ച് തന്ന് സംവദിക്കുന്നത്? ഈ സിനിമ ഇതിനാലൊന്നുമല്ല എന്നെ ആകർഷിച്ചത്. പാരീസിലെ ഒരു ബാറിലേക്ക് നായകൻ കേറിച്ചെല്ലുന്നു. എന്നാൽ അവിടെ ഇരുന്ന് മദ്യപിക്കുന്ന വെളുത്തവൻ പരിതപിക്കുന്നത് ഈ നാട് കറുത്തവരാൽ നിറയാൻ പോകുകയാണെന്നാണ്. മറ്റൊരു രംഗം കൂടി എന്നെ ഹഠാദാകർഷിച്ചു. ഒരു തെരുവിലൂടെ നടന്നു വരുന്ന വെളുത്ത ഫ്രഞ്ചുകാരൻ. അയാളോട് എതിരെ വരുന്ന കറുത്തവൻ തീ ചോദിക്കുന്നു. വല്ല സിഗരറ്റും കത്തിക്കാനാവും. അയാൾ കറുത്തവന് അഗ്നി നൽകുന്നു. കറുത്തവൻ അഗ്നിദേവന് നന്ദി പറഞ്ഞ് നടന്ന് മറയുന്നു. വെളുത്ത അഗ്നിദേവൻ മുന്നോട്ട് നീങ്ങാൻ ശ്രമിക്കുമ്പോൾ അതാ വരുന്നു ഒരു പട. ഒരു കൂട്ടം. ഒരു പറ്റം. കറുത്തവർ. അവർ ഇയാളെ തിര പോലെ മുക്കി കടന്നു പോകുന്നു. അഗ്നിദേവൻ ആയതിനാൽ മാത്രം അയാൾ ഉലഞ്ഞില്ല. തീയിൽകുരുത്തവൻ വെയിലത്ത് വാടില്ലല്ലോ എന്ന് വീണ്ടും പഴഞ്ചൊല്ല് ഞാനോർത്തു. അത്രയും ആയപ്പോഴേക്കും ഞാൻ തീരുമാനിച്ചു ഈ സിനിമ നമ്മുടെ മലയാളനാടിന്റെ ഇപ്പോഴത്തെ പരിതാവസ്ഥക്കുള്ള അലിഗറി. അന്നത്തെ ഫ്രാൻസിൽ കറുത്തവർ എന്താണോ ഇന്നത്തെ കേരളത്തിൽ ബംഗാളികൾ അതല്ലേ എന്ന് എനിക്ക് ആശങ്ക പെരുത്തു. അല്ല എനിക്ക് ശരിക്കും ഉറപ്പായി. ബംഗാളികൾ അനതിവിദൂരമല്ലാത്ത ഭാവിയിൽ കേരളം കീഴ്പെടുത്തുമോ എന്ന് മലയാളിക്ക് ശങ്ക തുടങ്ങിയിട്ട് നാളേറെയായി. ഈ സിനിമ എനിക്ക് ഗുണമാപഠമാണ് തന്നത്. പാരീസിൽ കറുത്തവർ കുടിയേറി കയ്യേറ്റം നടത്തുന്ന അവസ്ഥ വരച്ചു കാണിച്ച മികച്ച സിനിമയാണിത്. ഇത് പോലെ നമ്മുടെ നാടും അധികം വൈകാതെ ബംഗാളികളാലും എരപ്പാളികളാലും നിറയുമല്ലോ എന്നോർത്തു ഞാൻ. ഈ സിനിമ എല്ലായിടത്തും കാണിക്കണം. അതുവഴി മലയാളികളെ ബംഗാളികളുടെ അധിനിവേശത്തെ പറ്റി ബോധവൽക്കരിക്കണം. ഈ സിനിമ അതിനൊരു സിദ്ധൗഷധമാണ്. മുഹമ്മദ് ഹോണ്ടോയെ ഞാൻ മനസ് കൊണ്ട് നമിച്ചു. എന്തൊരു ദീർഘവീക്ഷണമുള്ള സംവിധായകൻ. ദീർഘവീക്ഷണം സിനിമാക്കാർക്കും കലാകാരന്മാർക്കും ഒഴിച്ചുകളയാനാവാത്തതത്രേ. ഫ്രഞ്ചുകാരെ കറുത്തവരുടെ കയ്യേറ്റത്തെ കുറിച്ച് ഉദ്ബോധിപ്പിച്ച സംവിധായകൻ. എന്നാണാവോ നമുക്കൊരു മുഹമ്മദ് ഉണ്ടാകുക. ഉള്ള മുഹമ്മദിനെ തിരിച്ചറിയുന്നും ഇല്ലല്ലോ. ഞാൻ മനസിലുറപ്പിച്ചു. ഞാനാകും മലയാള സിനിമയുടെ മുഹമ്മദ് ഹോണ്ടോ. സിനിമ പഠിക്കണം. സിനിമ ഒരു സിദ്ധൗഷധമാണെന്ന് പഠിപ്പിക്കണം. മലയാളിക്ക് വരാനിരിക്കുന്ന ആഫത്തിനെ കുറിച്ച് ഓർമ്മിപ്പിക്കണം. കണ്ടാൽ പിന്നെ നോക്കണ്ട എന്നല്ലേ.

ഹുദൈഫ റഹ്മാന്‍