Campus Alive

മതകീയ ആഖ്യാനങ്ങള്‍, സുന്നി പാരമ്പര്യം, ഇസ്ലാമോഫോബിയ: ആയിശ (റ) യുടെ വിവാഹപ്രായത്തെ മുന്‍നിര്‍ത്തി ചില ആലോചനകള്‍

2022 സെപ്റ്റംബര്‍ അവസാനത്തിലാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ഞാന്‍ പി.എച്ച്.ഡി വൈവ പൂര്‍ത്തീകരിക്കുന്നത്. ഇസ്‌ലാമിലെ പ്രവാചകന്‍ മുഹമ്മദ് നബി (സ) ആയിശയെ ചെറുപ്രായത്തില്‍ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട വിവാദ ഹദീസായിരുന്നു എന്റെ പഠന വിഷയം: ഹദീസിന്റെ ആധികാരിക വിവരണത്തില്‍ വിവാഹം കഴിയുമ്പോള്‍ ആയിശക്ക് ആറോ ഏഴോ വയസ്സായിരുന്നു പ്രായം, ശാരീരികമായി ബന്ധപ്പെടുന്ന വേളയില്‍ ഒമ്പത് വയസ്സും. ഉദാഹരണത്തിന്, സുന്നി പാരമ്പര്യത്തിലെ ഏറ്റവും സ്വീകാര്യമായ ഹദീസ് ആഖ്യാന ഗ്രന്ഥമായ സ്വഹീഹുല്‍ ബുഖാരിയില്‍ രേഖപ്പെടുത്തുന്നു:
മുഹമ്മദ് ബിന്‍ യൂസുഫ് ഉദ്ധരിക്കുന്നു: ‘സുഫ്‌യാനിൽ നിന്നും ഹിഷാമില്‍ നിന്നും അദ്ദേഹത്തിന്റെ പിതാവില്‍ നിന്നും, ആയിശയില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടത്, അവര്‍ക്ക് ആറ് വയസ്സുള്ളപ്പോള്‍ പ്രവാചകന്‍ (സ) അവരെ വിവാഹം ചെയ്തു. ഒമ്പത് വയസ്സുള്ളപ്പോള്‍ അവർ അദ്ദേഹത്തിനടുക്കല്‍ എത്തി, എന്നിട്ടവര്‍ ഒമ്പത് [വര്‍ഷം] അദ്ദേഹത്തോടൊപ്പം ജീവിച്ചു.’
ഈ ഹദീസിനെ പാഠപരമായും, രൂപപരമായും, ഭൂമിശാസ്ത്രപരമായും ചരിത്രപരമായും സൂക്ഷ്മവിശകലനത്തിന് വിധേയമാക്കാനാണ് ഞാന്‍ ശ്രമിച്ചത്. CE 8ാം നൂറ്റാണ്ടില്‍ ഇറാഖിലാണ് ഈ ഹദീസിന്റെ എല്ലാ രൂപങ്ങളും ഉണ്ടായിട്ടുള്ളത് എന്നതിന് ശക്തമായ തെളിവുകള്‍ കാണാന്‍ എനിക്ക് സാധിച്ചു. മറ്റൊരര്‍ഥത്തില്‍, ആയിശയുമായി മുഹമ്മദിന്റെ വിവാഹം പൂര്‍ത്തീകരിക്കപ്പെടുന്നത് ആയിശക്ക് ഒമ്പത് വയസ്സ് പ്രായമുള്ളപ്പോഴാണ് എന്ന പ്രസ്താവനയെ പിന്താങ്ങുന്ന തെളിവുകളൊന്നും ഏഴാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നിന്നും ലഭിക്കുകയില്ല.
എന്റെ തിസീസ് വിഷയത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ ഞാന്‍ എങ്ങനെയാണ് ഈ വിഷയത്തിലേക്ക് എത്തിച്ചേര്‍ന്നതെന്നും, എന്റെ പഠനത്തിന്റെ അനന്തരഫലങ്ങള്‍ എന്തെല്ലാമായിരിക്കുമെന്നും ആളുകള്‍ ചോദിച്ചു തുടങ്ങി. ഞാന്‍ എങ്ങനെ ഈ ഹദീസിലേക്കെത്തി, എന്തിന് അത് പഠനവിഷയമായി തിരഞ്ഞെടുത്തു, ഹദീസിന്റെ സാമൂഹിക പ്രസക്തി എന്തെല്ലാമാണ്, എന്റെ കണ്ടെത്തലുകളുടെ ഫലത്തെ കുറിച്ച് ഞാന്‍ എന്ത് കരുതുന്നു തുടങ്ങിയതെല്ലാം വിശദമായി വിവരിക്കാം. മറുവശത്ത് എന്റെ വാദങ്ങളും തെളിവുകളും കണ്ടെത്തലുകളും മറ്റൊരിക്കല്‍ വിശദമാക്കാം.
മതവിരോധിയും ഇസ്‌ലാമോഫോബുമായിരുന്ന കൗമാര കാലത്താണ് ആയിശയുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട ഹദീസ് ഞാന്‍ കാണുന്നത്. ‘പാശ്ചാത്യ സംസ്‌കാരവും’ ‘ജ്ഞാനോദയ മൂല്യങ്ങളും’ ‘ശാസ്ത്രവും”യുക്തിയും’ പിന്‍പറ്റുന്ന ആളായാണ് ഞാന്‍ സ്വയം അഭിമാനിച്ചിരുന്നത്, അതോടൊപ്പം പൊതുവില്‍ മതങ്ങള്‍, പ്രത്യേകിച്ചും ഇസ്ലാമാണ് ലോകത്തിലെ അധിക സാമൂഹിക തിന്മകളുടെയും കാരണം എന്നും ഞാന്‍ വിശ്വസിച്ചു പോന്നു. അതിനാല്‍ തന്നെ മതങ്ങളെ, പ്രത്യേകിച്ചും ഇസ്‌ലാമിനെ വിമര്‍ശിക്കുന്നതിനേക്കാള്‍ നല്ല മറ്റൊരു കാര്യവുമില്ലെന്ന് ഞാന്‍ ധരിച്ചു പോന്നു.
യഥാര്‍ഥത്തില്‍, പുതു മതവിരോധികള്‍, പ്രത്യേകിച്ചും ഇസ്‌ലാമോഫോബുകള്‍ അരക്ഷിതാവസ്ഥയിലും, വിരോധത്തിലും വംശീയ വിദ്വേഷത്തിലും ജീവിക്കുന്നവരായിരിക്കും, ഞാനും അതിന് അപരാധമായിരുന്നില്ല. ഞാന്‍ നേരത്തെ പറഞ്ഞ ‘തത്വങ്ങള്‍’ എന്റെ ആധിപത്യ മനോഭാവത്തെ റാഷണലൈസ് ചെയ്യുന്നതും, വ്യത്യസ്ത തരം ബലിയാടുകളെ അടിക്കാനുമുള്ള ആയുധങ്ങളും മാത്രമായിരുന്നു. ഇസ്‌ലാമോഫോബുകളെ സംബന്ധിച്ചിടത്തോളം അവരുടെ ലക്ഷ്യം മുസ്‌ലിംകള്‍ ആണെങ്കിലും, വളരെ എളുപ്പത്തില്‍ അവരുടെ വിദ്വേഷത്തെ മറ്റേതൊരു ന്യൂനപക്ഷ, പുറം-വിഭാഗത്തിലേക്കും കൂടി തിരിക്കാന്‍ അവരുടെ ലളിതമായ വ്യാജ ആരോപണങ്ങളിലൂടെ കഴിയും. യഥാര്‍ഥത്തില്‍, നൂറ്റാണ്ടുകളോളം അമേരിക്കയില്‍ നിലനിന്നിരുന്ന കത്തോലിക്കാ വിരുദ്ധതയും ഐറിഷ് വിരുദ്ധതയും ഇറ്റാലിയന്‍ വിരുദ്ധ വംശീയ വിദ്വേഷവും ഇന്ന് സമാനമായ രീതിയില്‍ ഇസ്‌ലാമോഫോബിയയായി രൂപമാറ്റം ചെയ്യപ്പെട്ടതാണ്. ടാര്‍ഗറ്റുകള്‍ ഓരോ തലമുറകളിലും മാറുന്നുവെങ്കിലും അവരുടെ പൊള്ളയായ ആരോപണങ്ങളുടെ രീതിശാസ്ത്രം സമാനമായ രീതിയില്‍ തുടരുകയാണ്.
ഏകദേശം അര പതിറ്റാണ്ടോളം നീണ്ടുനിന്ന എന്റെ ഇസ്‌ലാമോഫോബിയ ആക്റ്റിവിസത്തില്‍ ഞാന്‍ കണ്ടെത്തിയ കാര്യമാണ് ആയിശയുടെ വിവാഹവുമായി ബന്ധപ്പെട്ട ഹദീസിനോളം മുസ്‌ലിംകളെ (കുറഞ്ഞത്, ഇംഗ്ലീഷ് സംസാരിക്കുന്ന മുസ്‌ലിംകളെയെങ്കിലും) പ്രതിരോധത്തിലാക്കിയ മറ്റൊന്നും ഇല്ല എന്നുള്ളത്. പലപ്പോഴും എന്റെ ഇസ്‌ലാമോഫോബിയ കാലത്ത് ഞാന്‍ ഈ വിഷയത്തെ ഉപയോഗിച്ചിട്ടുമുണ്ട്.
സ്വാഭാവികമായും, (ഞാനടക്കം) ഇസ്‌ലാമോഫോബുകള്‍ ധരിച്ചത് മുസ്‌ലിംകള്‍ ഈ ഹദീസിനെ ആധികാരികമായി അംഗീകരിക്കുന്നതോടെ മുസ്‌ലിംകള്‍ക്കിടയില്‍ ശൈശവ വിവാഹം എന്ന ഭീകരമായ സാമൂഹിക തിന്മ വ്യാപകമായി എന്നാണ്. അതിനാല്‍ തന്നെ ഈ ഹദീസിന്റെ പേരില്‍ മുസ്‌ലിംകളെ വിമര്‍ശിക്കുന്നതോടെ തങ്ങള്‍ ലോകത്തെ കൂടുതല്‍ മികച്ച ഇടമാക്കി പരിവര്‍ത്തിപ്പിക്കുന്നു എന്ന് അവര്‍ കരുതുന്നു.
രണ്ട് തരത്തില്‍ ഇതൊരു തെറ്റായ ധാരണയാണ്. ഒന്നാമതായി എന്റെ അനുഭവത്തില്‍ അധിക ഇസ്‌ലാമോഫോബുകളും ആത്മവഞ്ചിതരാണ്. അഥവാ, ഈ ഹദീസിനെ കുറിച്ച് ചോദ്യങ്ങളുന്നയിച്ച് ഒരു മുസ്‌ലിം അതിനെ തള്ളിക്കളയുകയാണെങ്കില്‍ ഇസ്‌ലാമോഫോബുകള്‍ അയാളുടെ വാദങ്ങളെ എതിര്‍ക്കുകയും ഈ ഹദീസ് സുന്നി പാരമ്പര്യത്തില്‍ ആധികാരികമായതാണെന്നും മുസ്‌ലിംകള്‍ അത് അംഗീകരിക്കല്‍ നിര്‍ബന്ധമാണെന്നും പറയുകയും ചെയ്യും. ഇസ്‌ലാമോഫോബുകളുടെ ലക്ഷ്യം ശൈശവവിവാഹം ഇല്ലാതാക്കുക എന്നതാണെങ്കില്‍ എന്തിനാണ് ഈ ഹദീസിനെ എതിര്‍ക്കുന്ന മുസ്‌ലിംകളോട് അവര്‍ തര്‍ക്കിക്കുകയും ശൈശവ വിവാഹത്തെ സാധൂകരിക്കുന്ന ഹദീസ് അംഗീകരിക്കാന്‍ അവരെ നിര്‍ബന്ധിക്കുകയും ചെയ്യുന്നത്? അതല്ല മുസ്‌ലിംകളെ അധിക്ഷേപിക്കുകയാണ് അവരുടെ ലക്ഷ്യമെങ്കില്‍ ഇത് ഏറ്റവും നല്ല മാര്‍ഗമാണ്: മുസ്‌ലിംകള്‍ ഏത് അഭിപ്രായം സ്വീകരിച്ചാലും അവരെ അക്രമിക്കാനുള്ള ആരോപണങ്ങളുമായി വീണ്ടും ഇസ്‌ലാമോഫോബുകള്‍ വരുന്നു. വംശീയവാദികളുടെയും അപരവിദ്വേഷികളുടെയും ഹോമോഫോബുകളുടെയുമെല്ലാം അവസ്ഥ ഇതു തന്നെയാണ്. അവരുടെ യഥാര്‍ഥ ലക്ഷ്യം അപരനോടുള്ള വിദ്വേഷം തന്നെയാകുന്നു.
രണ്ടാമതായി, വിവാഹപ്രായവുമായി ബന്ധപ്പെട്ട ഹദീസ് അംഗീകരിക്കുന്നതിലൂടെ മുസ്‌ലിംകള്‍ക്കിടയില്‍ ശൈശവ വിവാഹമുണ്ടാകുന്നു എന്ന ധാരണ തീര്‍ത്തും തെറ്റാണ്. ഇസ്ലാമോഫോബുകളിൽ നിന്നുമുള്ള തീര്‍ത്തും അധിക്ഷേപിക്കുന്ന വിധത്തിലുള്ള വാദങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ തന്നെ ഇങ്ങനെ വരുന്നു: [സുന്നി] മുസ്‌ലിംകള്‍ പ്രവാചകന്‍ ചെറിയ കുട്ടിയെ വിവാഹം കഴിച്ച ഹദീസ് അംഗീകരിക്കുന്നു; [സുന്നി] മുസ്‌ലിംകള്‍ പ്രവാചകനെ മാതൃകാപുരുഷനായി കാണുന്നു, അതിനാല്‍ [സുന്നി] മുസ്‌ലിംകള്‍ ചെറിയ കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവാദമുണ്ടെന്ന് വിശ്വസിക്കുന്നു; അപ്പോൾ [സുന്നി] മുസ്‌ലിംകള്‍ കുട്ടികളെ വിവാഹം കഴിക്കുന്നു. ആശയപരമായിത്തന്നെ ഇവിടെ വ്യക്തമായും പ്രശ്‌നങ്ങളുണ്ട്. ഹദീസ് (അല്ലെങ്കില്‍ ഹദീസ് അംഗീകരിക്കുന്നത്) മാത്രം അല്ല യഥാര്‍ഥത്തില്‍ മുസ്‌ലിം കര്‍മങ്ങളെ രൂപപ്പെടുത്തുന്നത്, മറിച്ച് ഹദീസിന്റെ മുൻനിർത്തിയുള്ള വ്യവഹാരങ്ങളും വിശദീകരണങ്ങളും കൂടിയാണ്. അപ്പോൾ പ്രവാചകന്‍ കുട്ടിയെ വിവാഹം ചെയ്തു എന്ന ഹദീസ് അംഗീകരിക്കുന്നതിലൂടെ മാത്രം ശൈശവവിവാഹം സാധൂകരിക്കപ്പെടുന്നില്ല, മറിച്ച് ആ ഹദീസ് ഉണ്ടായിവന്നിട്ടുള്ള ചരിത്രപശ്ചാത്തലത്തെയും സാഹചര്യത്തെയും സമയത്തെയും കുറിച്ചുള്ള മുസ്‌ലിം ആഖ്യാനങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് അതിന്റെ പ്രായോഗികത നിര്‍ണയിക്കപ്പെടുന്നത്. ഈ ഹദീസ് രൂപകപരമായാണോ അതല്ല അക്ഷരാര്‍ഥത്തിലുള്ളതാണോ എന്നതും അക്ഷരാര്‍ഥത്തിലാണെങ്കില്‍ തന്നെ പ്രവാചകന് പ്രത്യേകമായി ഉള്ളതാണോ എന്നും അന്വേഷിക്കപ്പെടേണ്ടതുണ്ട്. പ്രവാചകന് പ്രത്യേകമാക്കപ്പെട്ടതല്ലെങ്കില്‍ ആയിശ ആ പ്രായത്തില്‍ കുട്ടിയായിരുന്നോ എന്നതും ചോദ്യമായി വരേണ്ടതുണ്ട്.
ഇത് ഒരു സൈദ്ധാന്തിക ധാരണ മാത്രമല്ല: മറിച്ച് ഞാന്‍ സംവദിച്ച മുസ്‌ലിംകളില്‍ അധികപേരുടെയും ആദ്യത്തെ മറുപടി തന്നെ ആയിശ ചെറു പ്രായത്തില്‍ തന്നെ പ്രായപൂര്‍ത്തി കൈവരിച്ചവരോ അതല്ലങ്കില്‍ ശാരീരികമായി പക്വമതിയോ ആയിരുന്നു എന്നതാണ്. യഥാര്‍ഥത്തില്‍, ആധുനികതയുടെ സ്വാധീനത്താല്‍ മുസ്‌ലിം അപ്പോളജിസ്റ്റുകള്‍ നിര്‍മിച്ചെടുത്ത ആഖ്യാനമല്ല ഇത്. മറിച്ച് ക്ലാസിക്കല്‍ ഇസ്‌ലാമിക പാരമ്പര്യത്തില്‍ ഞാന്‍ പരിശോധിച്ച ഹദീസുകളിലെല്ലാം തന്നെ ആയിശ പ്രായപൂര്‍ത്തിയായവളോ ശാരീരിമായി പക്വത കൈവരിച്ചവളോ ആയിരുന്നു എന്ന് കാണാം.
• പേര്‍ഷ്യന്‍ ചരിത്രകാരനും നിയമജ്ഞനുമായ മുഹമ്മദുബ്‌നു ജാബിറു ത്വബരി (മരണം 310/923) യുടെ അഭിപ്രായത്തില്‍ ‘പ്രവാചകന്‍ വിവാഹം ചെയ്ത വേളയില്‍ ആയിശ ലൈംഗികതയില്‍ ഏര്‍പ്പെടാന്‍ പറ്റാത്ത (ലാ തസ്‌ലുഹു ലില്‍ ഇജ്മാഅ്) പ്രായപൂര്‍ത്തി എത്താത്ത പെണ്‍കുട്ടി (സഗീറ) ആയിരുന്നു’, അഥവാ ആയിശയുമായുള്ള ശാരീരിക ബന്ധം അവര്‍ക്ക് പ്രായപൂര്‍ത്തി എത്തുന്നത് വരെ നീട്ടിവെക്കുകയായിരുന്നു എന്നര്‍ഥം, ജൊനാഥന്‍ ബ്രൗണും ഇത് പറയുന്നുണ്ട്.
• ബഗ്ദാദി ഹദീസ് പണ്ഡിതനും നിയമജ്ഞനുമായ അഹ്‌മദുബ്‌നു മുഹമ്മദ് ബിന്‍ ഹമ്പലിന്റെ (മരണം 241/855) അഭിപ്രായത്തില്‍ ഒരു പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയെത്തുന്നത് (ലം തകുന്‍ ബലഗത്) വരെ അവളുടെ വിവാഹം ആര്‍ക്കും നടത്താന്‍ അവകാശമില്ല, അവളുടെ പിതാവിനൊഴികെ; എന്നാല്‍ അത്തരം പെണ്‍കുട്ടി ഒമ്പത് വയസ്സാകുമ്പോള്‍ അവള്‍ അക്കാര്യത്തില്‍ അന്വേഷം നടത്തേണ്ടതുണ്ട്.- ആയിശയുടെ ഹദീസിന്റെ വെളിച്ചത്തിലാണത്. അതുപോലെ ശാരീരിക ബന്ധം ഇതുവരെ സംഭവിക്കാത്തതുകൊണ്ട് ഒരു ഭര്‍ത്താവ് പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിക്ക് (സഗീറ) വിവാഹ പരിപാലനം നടത്താന്‍ പാടുള്ളതല്ല; എന്നാല്‍ പെണ്‍കുട്ടിക്ക് ഒമ്പത് വയസ്സാവുകയും പ്രായപൂര്‍ത്തിയെത്തുകയും ചെയ്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു കഴിഞ്ഞാന്‍ സംരക്ഷണം നല്‍കല്‍ ഭര്‍ത്താവിന്റെ ബാധ്യതയായി വരുന്നു- ആയിശയുടെ ഹദീസിന്റെ വെളിച്ചത്തിലാണത്. ആയിശക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് അവര്‍ക്ക് പ്രായപൂര്‍ത്തിയായതെന്നും അതാണ് വിവാഹ പൂര്‍ത്തീകരണത്തിന്റെ മാനദണ്ഡമെന്നുമാണ് ഇബ്‌നു ഹമ്പല്‍ അര്‍ഥമാക്കുന്നത്, അഥവാ ഒമ്പത് വയസ്സ് എന്നുള്ളത് പ്രായപൂര്‍ത്തിയുടെയും ശാരീരിക ബന്ധം തുടങ്ങുന്നതിന്റെയും അടിസ്ഥാനമായി അദ്ദേഹം കാണുന്നു. കെസിയ അലിയും ഇത് പരാമര്‍ശിക്കുന്നുണ്ട്.
• ആയിശയുടെ (അല്ലെങ്കില്‍, പില്‍ക്കാലത്ത് ആരോ അവരുടെ വാക്കുകളില്‍ കൂട്ടിച്ചേര്‍ത്തത് അഭിപ്രായത്തില്‍, ‘അപവാദത്തെ'(അല്‍ ഇഫ്ക്) കുറിച്ചുള്ള പ്രസക്ത ഹദീസിന്റെ ഒരു വിവരണത്തില്‍, ഹദീസ് പണ്ഡിതന്‍ സുലൈമാനുബ്‌നു അഹ്‌മദ് അൽ ത്വബ്റാനി (മരണം 360/971) രേഖപ്പെടുത്തുന്നു: ‘പ്രവാചകന്‍ (സ) ഞാന്‍ മക്കയിലെ മഴയത്ത് [കളിക്കുന്ന ചെറുപ്രായത്തില്‍] എന്നെ വിവാഹം ചെയ്തു, പുരുഷന്‍ ആഗ്രഹിച്ചതൊന്നും എനിക്കന്നില്ലായിരുന്നു (വ മാ ഇന്ദി മാ യര്‍ഗബു ഫീഹി അരിജാല്‍)- എനിക്ക് ആറു വയസ്സുള്ളപ്പോള്‍’. അതായത്, ശാരീരിക ബന്ധം തുടങ്ങുന്ന വേളയില്‍. ഒമ്പത് വയസ്സിലാണ് ആയിശക്ക് പുരുഷന്‍ ആഗ്രഹിക്കുന്നത് (അഥവാ, ശാരീരികമായി വികാസം പ്രാപിച്ച അവസ്ഥ) എത്തുന്നത്.
ഇസ്‌ലാമിക ശരീഅത്തില്‍ ഹനഫീ പാരമ്പര്യത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ആയിശ ഒമ്പത് വയസ്സില്‍ പ്രായപൂര്‍ത്തി കൈവരിച്ചത് കൊണ്ടാണ് അവരുടെ വൈവാഹികപൂർവ്വ ശാരീരിക ബന്ധം പൂര്‍ത്തീകരിക്കപ്പെടുന്നത് വൈകിയത് എന്ന് ഹനഫീ പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.
• മുഹമ്മദ് ബിന്‍ അഹ്‌മദ് അല്‍ സർഖശി (മരണം 483/1090) യുടെ അഭിപ്രായത്തില്‍,’പ്രായപൂര്‍ത്തി (എത്തിയതിന്) ശേഷമാണ് അദ്ദേഹം അവരുമായി ശാരീരിക ബന്ധം നടത്തിയത് എന്ന് വ്യക്തമാണ് (അദ്ദാഹിര്‍ അന്നഹു ബനാ ബിഹാ ബഅദല്‍ ബുലൂഗ്)’
• ബുര്‍ഹാനുദ്ദീന്‍ മഹ്‌മൂദ് ബിന്‍ അഹ്‌മദ് (മരണം 616/1219) ഇത് ആവര്‍ത്തിക്കുന്നുണ്ട്. ‘പ്രായപൂര്‍ത്തി (എത്തിയതിന്) ശേഷമാണ് അദ്ദേഹം അവരുമായി ശാരീരിക ബന്ധം നടത്തിയത് എന്ന് വ്യക്തമാണ് (അദ്ദാഹിര്‍ അന്നഹു ബനാ ബിഹാ ബഅദല്‍ ബുലൂഗ്)’
• അവസാനമായി, താജു ശരീഅ മഹ്‌മൂദ് ബിന്‍ സദ്‌റിന്റെ (മരണം 673/1274-75) അഭിപ്രായത്തില്‍: ‘ആയിശയില്‍ നിന്നുമുള്ള നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഒമ്പത് വയസ്സിന്റെ തുടക്കത്തില്‍ പ്രായപൂര്‍ത്തി (ബലാഗ) എത്തുകയും അവരുമായി പ്രവാചകന്‍ (സ) ആ പ്രായത്തില്‍ ശാരീരിക ബന്ധം ആരംഭിക്കുകയും ചെയ്തു. പ്രവാചകന്‍ (സ)യുടെ വൈവാഹിക-ശാരീരിക ബന്ധങ്ങളെല്ലാം സന്താനോത്പാദനത്തിന് മാത്രം വേണ്ടിയായതിനാല്‍ (മഅലൂം അന്ന അല്‍ ബിനാ മിന്‍ റസൂലുല്ലാഹി ലാ യകൂനു ഇല്ലാ ലി തവാലൂദു വത്തനാസുല്‍) പ്രായപൂര്‍ത്തിയാവാതെ അത് സാധ്യമാവുകയില്ല (വലാ യതഹഖഖാനി ഇല്ലാ ബദഅല്‍ ബുലൂഗ്); അങ്ങനെയാണ് അവരുടെ പ്രായപൂര്‍ത്തി അറിഞ്ഞത് (ഫ ഉലിമ ബിദാലിക ബുലൂഗുഹാ)
തീര്‍ച്ചയായും, ഇതിന് എതിർ അഭിപ്രായങ്ങളും കാണാം
• ഹിജാസ് -ഈജിപ്ത്യന്‍ നിയമജ്ഞനായ മുഹമ്മദ് ബിന്‍ ഇദ്രീസു ശാഫിഈ (മരണം 204/820) യുടെ അഭിപ്രായത്തില്‍ ‘ആയിശ കുട്ടിയായിരിക്കെ (സഗീറ) തന്നെ രണ്ട് കാര്യങ്ങള്‍, വിവാഹ ഉടമ്പടിയും (നികാഹ്) ശാരീരികമായ ബന്ധവും (അദ്ദുഖൂല്‍) നടന്നു’
• ഖുറാസാനി ഹദീസ് പണ്ഡിതന്‍ മുഹമ്മദ് ബിന്‍ ഇസ്മാഈല്‍ അല്‍ ബുഖാരി (മരണം 256/870)യുടെ അഭിപ്രായത്തില്‍ ആയിശയുടെ ഹദീസ് ഇനിപ്പറയുന്ന കാര്യങ്ങളെ സൂചിപ്പിക്കുന്നു: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടികളെ പിതാവ് വിവാഹം കഴിപ്പിക്കുന്നത് [അനുവദനീയമാണ്], അവന്റെ [അല്ലാഹുവിന്റെ] കല്‍പ്പനയുടെ വെളിച്ചത്തിലാണത്,; ആര്‍ത്തവമുണ്ടായിട്ടില്ലാത്തവരും (വല്ലാഹീ ലം തഹിള്നാ) (ഖുര്‍ആന്‍: 65:4); അവന്‍ അവരുടെ വിവാഹാനന്തര മൂന്ന് മാസത്തെ കാത്തിരിപ്പ് (ഇദ്ദ) നിര്‍ണയിച്ചു, പ്രായപൂര്‍ത്തി എത്തുന്നതിന് മുമ്പ് (ഖബ്‌ലല്‍ ബുലൂഗ്) [വിവാഹപൂര്‍വ്വ ശാരീരിക ബന്ധത്തിനായി]’
എന്നിരുന്നാലും, ഈ വിഷയത്തില്‍ ക്ലാസിക്കല്‍ ശരീഅ പാരമ്പര്യത്തില്‍ ശാഫിഈയെയും ബുഖാരിയെയും പിന്തുടരുന്നവര്‍ ന്യൂനപക്ഷമാണ്. മറിച്ച് അധിക പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്: ‘ഹദീസിന്റെ വെളിച്ചത്തില്‍ പറയുകയാണെങ്കില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന വേളയില്‍ ആയിശ കുട്ടിയായിരുന്നില്ല’.
അതായത്, ആയിശയുടെ വിവാഹവുമായി ബന്ധപ്പെട്ട ഹദീസ് (അല്ലെങ്കില്‍ ഹദീസിനെ വെറുതെ അംഗീകരിക്കല്‍) എന്തുകൊണ്ട് ചില മുസ്‌ലിംകള്‍ (മുന്‍കാലങ്ങളിലോ ഇപ്പോഴോ) ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടുന്നു എന്ന കാര്യത്തെ വിശദീകരിക്കാനായി ഉപയോഗിക്കാൻ കഴിയുകയില്ല: മറിച്ച് എന്തുകൊണ്ട് ചില മുസ്‌ലിംകള്‍ ഈ ഹദീസിനെ ശൈശവവിവാഹത്തെ ന്യായീകരിക്കാനായി ഉപയോഗിക്കുന്നുവെന്നും എന്തുകൊണ്ട് മറ്റുള്ള മുസ്‌ലിംകള്‍ (ബഹുഭൂരിപക്ഷം) അത് ചെയ്യുന്നില്ല എന്നും അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇവിടെയും ഇസ്‌ലാമോഫോബിയ ആഖ്യാനങ്ങള്‍ തെറ്റാണെന്ന് കാണാം; കാരണം ആയിശയുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട ഹദീസ് (അല്ലെങ്കില്‍ ആ ഹദീസ് അംഗീകരിക്കല്‍) എന്തുകൊണ്ട് മുസ്‌ലിംകള്‍ (മുന്‍കാലത്തോ ഇപ്പോഴോ) ശൈശവവിവാഹത്തില്‍ ഏര്‍പ്പെടുന്നു എന്നത് വിശദീകരിക്കുന്നില്ല. ഈ ഹദീസോ അതിനെ അംഗീകരിക്കലോ ശൈശവവിവാഹത്തിന്റെ കാരണവുമല്ല. ദിമിത്രി ഗുതാസ് അദ്ദേഹത്തിന്റെ ലേഖനത്തില്‍ ഇസ്ലാമിക ലോകത്ത് ശൈശവവിവാഹം നിലനിന്നിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നും എന്നാല്‍ അവിടങ്ങളിലെ ശാസ്ത്രത്തിന്റെ വളര്‍ച്ചയെ കുറിച്ച് ധാരാളമായി കാണാമെന്നും നിരീക്ഷിക്കുന്നുണ്ട്. സമാനമായി ഇസ്ലാമിക പാഠങ്ങളിലും പാരമ്പര്യങ്ങളിലും (ഖുര്‍ആന്‍,ഹദീസ്,ഫിഖ്ഹ്) പരാമർശിക്കപ്പെട്ട രീതിയിലാണ് മുസ്ലിം ലോകത്ത് ‘സ്ത്രീകളുടെ ജീവിതങ്ങളും അവരുടെ സ്വഭാവവും പദവിയും സ്ഥാനവും’ നിലനിന്നിരുന്നത് എന്ന് കരുതുന്നത് തെറ്റായ ധാരണയാണ് എന്ന് നാദിയ അൽ ശൈഖ് നിരീക്ഷിക്കുന്നുണ്ട്., സമാനമായി, സ്വവര്‍ഗലൈംഗികതയും സ്വവര്‍ഗാനുരാഗവും ഹദീസ് പാഠങ്ങളും ഫിഖ്ഹും കര്‍ശനമായി നിരോധിക്കുന്നുണ്ട് എങ്കിലും ആധുനിക പൂര്‍വ്വ മുസ്‌ലിം സമൂഹങ്ങളില്‍ വ്യാപകമായി അവ നിലനിന്നിരുന്നതായി കാണാം.
ആയിശയുടെ വിവാഹവുമായി ബന്ധപ്പെട്ട ഹദീസ് ചില മുസ്‌ലിംകളെങ്കിലും ചെറിയ കുട്ടികളെ വിവാഹം ചെയ്യുന്നതിന് കാരണമാകുന്നു എന്ന് ഇസ്‌ലാമോഫോബുകള്‍ വാദിക്കുന്നു. അതുപോലെ തന്നെ ഓക്‌സിജനും ബിഗ് ബാംഗും മുസ്‌ലിംകള്‍ കുട്ടികളെ വിവാഹം കഴിക്കുന്നതിന്റെ കാരണങ്ങളാണ്. അഥവാ മേല്‍പറഞ്ഞ സിദ്ധാന്തമനുസരിച്ച് പ്രായോഗികമായ പലതരം കാരണങ്ങളാല്‍ മുസ്‌ലിംകള്‍ ശൈശവവിവാഹത്തിലേര്‍പ്പെടുന്നതിനാല്‍ ഏതെങ്കിലും ഒരു പ്രത്യേക കാരണത്തെ (അഥവാ, വിവാഹ പ്രായത്തെ കുറിച്ചുള്ള ഹദീസ്) എടുത്തുപറയുന്നത് പൂര്‍ണമായും അര്‍ഥരഹിതമാണ്.
വിവാഹപ്രായവുമായി ബന്ധപ്പെട്ട ഹദീസ് ശൈശവ വിവാഹത്തിന് കാരണമാകുന്നു എന്ന് ഇസ്‌ലാമോഫോബുകള്‍ പറയുമ്പോള്‍ മതത്തെ നവീകരിക്കാനോ പുതിയ രൂപത്തിൽ അതിനെ മുന്നോട്ടുവെക്കാനോ അല്ല അവര്‍ ശ്രമിക്കുന്നത്. മറിച്ച്- ബോധപൂര്‍വ്വമോ അല്ലാതെയോ- ശെശവ വിവാഹങ്ങള്‍ സംഭവിക്കുന്നു എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു ആഖ്യാനത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ പിഴവുകളെയാണ് മുകളില്‍ ചൂണ്ടിക്കാണിച്ചത്. അഥവാ ഹദീസ് അംഗീകരിക്കുന്നതിലൂടെ മാത്രം ശൈശവ വിവാഹം നിലനില്‍ക്കുന്നില്ല.
ശൈശവ വിവാഹത്തെ കുറിച്ച് പഠനങ്ങള്‍ ധാരാളമായി വന്നിട്ടുണ്ട്. അതിനാല്‍ തന്നെ അതിനെ കുറിച്ചുള്ള ഊഹാപോഹങ്ങളുടെ ആവശ്യമില്ല. ‘ശൈശവ വിവാഹം ലോകത്ത് എല്ലാ ഭാഗങ്ങളിലും നിലനില്‍ക്കുന്നു, വ്യത്യസ്ത സംസ്‌കാരങ്ങളിലും മതങ്ങളിലും ഗോത്രങ്ങളിലും അത് ഉള്ളതായി കാണാം’ എന്ന് അന്താരാഷ്ട്ര സ്ത്രീ ആരോഗ്യ സംഘടന അഭിപ്രായപ്പെടുന്നുണ്ട്. ഇസ്‌ലാമിക നിയമങ്ങള്‍ പ്രാബല്യത്തിലുള്ള മുസ്‌ലിം രാഷ്ട്രങ്ങളേക്കാള്‍ ശൈശവവിവാഹ നിരക്കുള്ള രാഷ്ട്രങ്ങള്‍ ധാരാളമുണ്ട് എന്ന് റേച്ചല്‍ വോഗല്‍സ്‌റ്റെയ്ന്‍ ( Director WFPP) നിരീക്ഷിക്കുന്നുണ്ട്. 2007ല്‍ International Centre for Research on Women ന്റെ പഠനമനുസരിച്ച് ‘രാഷ്ട്രങ്ങളില്‍ ഒരു മതവും ശൈശവവിവാഹത്തെ അംഗീകരിച്ച് അത് നടപ്പില്‍ വരുത്തുന്നില്ല’, അഥവാ, ‘കുട്ടികളെ നേരത്തെ വിവാഹം കഴിപ്പിക്കുന്നതിനെ അഭിമുഖീകരിക്കാനായി ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെക്കുന്നത് അഭികാമ്യമല്ല. പകരം (വോഗല്‍സ്‌റ്റെയ്ന്‍ അഭിപ്രായപ്പെടുന്നത് പോലെ) ‘ഉയര്‍ന്ന ശൈശവ വിവാഹ നിരക്കുള്ള രാഷ്ട്രങ്ങളില്‍ ഏതെങ്കിലും ഒരു പ്രത്യേക വിശ്വാസമല്ല അതിന് കാരണമായി വരുന്നത്. മറിച്ച് ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ തുടങ്ങിയവ മൂലമാണ് അത് സംഭവിക്കുന്നത്’. പാരമ്പര്യ ഇസ്‌ലാമോഫോബുകള്‍ കരുതുന്നത് പോലെ മറ്റു മതസ്ഥരേക്കാള്‍ ശൈശവ വിവാഹത്തില്‍ ഏര്‍പ്പെടുന്നത് മുസ്‌ലിംകളല്ല.
തീര്‍ച്ചയായും, ശൈശവവിവാഹത്തില്‍ ഏര്‍പ്പെടുന്ന മുസ്‌ലിംകള്‍ ആയിശയുടെ ഹദീസിനെ തങ്ങളുടെ വാദങ്ങളെ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുന്നില്ല എന്ന് ഇതിനര്‍ഥമില്ല. എന്നാല്‍ ന്യായീകരിക്കാനായി ഉപയോഗപ്പെടുത്തുന്നു എന്നത് ആ പ്രവൃത്തിയുടെ കാരണമതാണ് എന്ന് അര്‍ഥം നല്‍കുന്നില്ല. മറുവശത്ത് നേരത്തെ വിവരിച്ചതുപോലെ ഹദീസ് സ്വയം ഒരു പ്രവൃത്തിക്ക് ഹേതുവാകുന്നുമില്ല. എന്നാല്‍ വ്യത്യസ്ത തരം സാമൂഹിക സാഹചര്യങ്ങള്‍ (ദാരിദ്ര്യം, വിദ്യാഭ്യാസമില്ലായ്മ) ഇപ്പോഴും ശൈശവവിവാഹത്തിന്റെ പ്രധാന കാരണങ്ങളായി തുടരുകയും ചെയ്യുന്നു, പലപ്പോഴും ഇത്തരം സാമൂഹിക പരിസ്ഥിതികളാണ് പാഠങ്ങളെ (Texts) പ്രത്യേക തരത്തില്‍ വ്യാഖ്യാനിക്കുന്നതിലേക്ക് നയിക്കുന്നത്. മറ്റൊരര്‍ഥത്തില്‍, വിശ്വാസികള്‍ തങ്ങളുടെ വിശ്വാസങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നവരാണെങ്കിലും തങ്ങളുടെ സാമൂഹിക സാഹചര്യങ്ങള്‍ക്കനുസൃതമായി പലതരത്തില്‍ മതപാഠങ്ങളെ അവർ വ്യാഖ്യാനിക്കാറുണ്ട്. പലപ്പോഴും വിശ്വാസപാഠങ്ങളും മതചരിത്രവും തമ്മില്‍ വ്യക്തമായ വൈരുധ്യങ്ങളും ഉണ്ടാവാറുണ്ട്.
തീര്‍ച്ചയായും, ഇസ്‌ലാമോഫോബിക് വാദങ്ങളുമായി ഇടപെട്ടുകൊണ്ട് അതുന്നയിക്കുന്നവരുടെ ഹൃദയങ്ങളും മനസ്സുകളും മാറ്റാം എന്നത് തെറ്റായ ധാരണയാണ്. കാരണം തീര്‍ത്തും ആഴത്തിലുള്ളതും യുക്തിവിരുദ്ധവുമായ വംശീയ മനോഭാവമാണ് അവരെ അത്തരം വാദങ്ങളിലേക്ക് എത്തിക്കുന്നത്: വളരെയധികം പ്രചാരത്തിലുള്ള ഇസ്‌ലാമോഫോബിക് വാദങ്ങള്‍ വെറും നിസ്സാരവും പൊള്ളയായതുമായ ആരോപണങ്ങളാണ് എന്ന് സമര്‍ഥിച്ചാല്‍ പോലും അവരുടെ മനോഭാവങ്ങളില്‍ മാറ്റങ്ങളൊന്നും ഉണ്ടാവുന്നില്ല.
എന്നാല്‍, അവയോടുള്ള എതിര്‍വാദങ്ങള്‍ എല്ലാം തന്നെ ചിലപ്പോള്‍ പാഴായിപ്പോവുകയില്ല: ഞാന്‍ അതിന് ഉദാഹരണമാണ്, 2014ല്‍ എന്റെ ബിരുദപഠനത്തിന്റെ അവസാനത്തില്‍ ഞാന്‍ ഇസ്‌ലാമോഫോബിയ വാദങ്ങള്‍ എല്ലാം ഉപേക്ഷിച്ചു. മതനിരാസം എന്നെ നേര്‍വഴിയില്‍ നിന്നും വ്യതിചലിപ്പിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഒന്നാമതായി: നാമമാത്രമായി മാത്രം മതവിശ്വാസികളായ ആളുകള്‍ അനുഭവിക്കുന്ന യാതനകളും പ്രയാസങ്ങളും ഒരു ഭാഗത്ത് കാണുന്നു, മറുവശത്ത് യു.എസ്.എയും യു.കെയും പോലുള്ള മതേതര രാഷ്ട്രങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ലാഭേഛയാലും-ആഭ്യന്തര സുരക്ഷയുടെ പേരിലുമായി നടക്കുന്ന അധിനിവേശങ്ങള്‍, ബോംബിംഗ്, ഡ്രോണ്‍ ആക്രമണം, ചാവേറുകള്‍, പോലീസ് അതിക്രമങ്ങള്‍, ഉപഭോക്തൃ സ്വേച്ഛാധിപത്യം, ഉപരോധങ്ങള്‍, സാമ്പത്തിക കുത്തകള്‍, ആഗോള മുതലാളിത്തം മൂലമുള്ള പ്രാദേശിക സാമ്പത്തിക തകര്‍ച്ച തുടങ്ങിയവയെല്ലാം നിലനില്‍ക്കുന്നു. രണ്ടാമതായി, ദാരിദ്രത്താലും വിദ്യാഭ്യാസക്കുറവിനാലുമാണ് ശൈശവ വിവാഹം യഥാര്‍ഥത്തില്‍ നടക്കുന്നത് എങ്കില്‍, വെറുതെ മതത്തെ പഴിചാരി സമയം കളയുന്നതിന് പകരം ദാരിദ്ര്യമില്ലാതാക്കാനും സ്ത്രീ വിദ്യാഭ്യാസം നടപ്പിലാക്കാനുമാണ് ഒരാള്‍ ശ്രമിക്കേണ്ടത് എന്ന തിരിച്ചറിവും വന്നു (ഈ അര്‍ഥത്തില്‍, 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പോടുകൂടി പ്രസക്തി നഷ്ടമായ പുതിയ മതനിരാസ പ്രസ്ഥാനങ്ങളെ ഞാന്‍ മുന്‍കൂട്ടി തള്ളിക്കളയുകയായിരുന്നു).
എന്റെ പൊതുവായ ലോകവീക്ഷണത്തില്‍ ഞാന്‍ അപ്പോഴേക്കും സംശയത്തോടെ കണ്ടുതുടങ്ങിയിരുന്ന പാശ്ചാത്യ അധീശത്വം മുഴുവനായി എനിക്ക് മുന്നില്‍ വെളിവായ ഘട്ടത്തിലാണ് ഇസ്‌ലാമോഫോബിയയും നിരീശ്വരവാദവും ഞാന്‍ ഉപേക്ഷിക്കുന്നത്. എന്നാല്‍ ഇസ്ലാമോഫോബിയ വാദങ്ങള്‍ നിരാകരിക്കുന്നതിലൂടെ എതിരാളികളോട് ശത്രുത ആരംഭിക്കുകയല്ല ചെയ്യുന്നത്. മറിച്ച് ഇസ്ലാമോഫോബിയ വെച്ചുപുലര്‍ത്തുന്നവരുടെ എതിരാളികള്‍ക്കും ഇസ്‌ലാമോഫോബിയയുടെ ഇരകള്‍ക്കും അതിജീവനത്തിനുള്ള ടൂളുകള്‍ കണ്ടെത്താന്‍ നാം ശ്രമിച്ചുതുടങ്ങുന്നു.
ഇസ്‌ലാമോഫോബിയയും മതരാഹിത്യവും ബിരുദ കാലത്ത് ഉപേക്ഷിച്ചതിന് ശേഷം ഞാനൊരു ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇസ്ലാമിക പാഠങ്ങളിലും ഇസ്‌ലാമിക ചരിത്രത്തിലും അടിസ്ഥാന ജ്ഞാനമുണ്ടെങ്കിലും രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമോ ആയ വ്യക്തമായ കാഴ്ച്ചപ്പാട് എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെയായിരുന്നു ഞാന്‍ ഇസ്‌ലാമോഫോബും നിരീശ്വരവാദിയുമായത്. എന്നിരുന്നാലും അപ്പോഴേക്കും ആദ്യകാല ഇസ്‌ലാമിക ചരിത്രത്തില്‍ പ്രത്യേകിച്ചും ഹദീസ് ചരിത്രത്തില്‍ ആകൃഷ്ടനായ ഞാന്‍ ഇസ്‌ലാമിക പഠനത്തിലും ഇസ്ലാമിക ചരിത്രത്തിലും ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ എം.ഫിലിന് അഡ്മിഷന്‍ നേടി (2016-18).
2017ല്‍ എം.ഫില്‍ തിസീസിനായുള്ള വിഷയം തിരഞ്ഞെടുക്കേണ്ടുന്ന സമയമായപ്പോള്‍, ഞാന്‍ ഹദീസ് പഠനത്തിന് പ്രാമുഖ്യം നല്‍കുകയും ഹദീസിന്റെ ഉറവിടത്തെയും ആഖ്യാനങ്ങളുടെ വികാസത്തെയും അന്വേഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. ഇവിടെയാണ് ഞാന്‍ ഒരു ഒറ്റ ഹദീസിനെ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്, അങ്ങനെ പല ഹദീസുകളും പരിശോധിച്ചതിന് ശേഷം എനിക്ക് ഏറ്റവും പരിചിതമായ ആയിശയുടെ വിവാഹ പ്രായവുമായി ബന്ധപ്പെട്ട ഹദീസ് ഞാന്‍ തിരഞ്ഞെടുക്കുകയായിരുന്നു. പല അര്‍ഥത്തില്‍ ആ ഹദീസ് നല്ല ഒരു കേസ് സ്റ്റഡി മെറ്റീരിയലാണ്: ഒന്നാമതായി, അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ആ ഹദീസിനെ നല്ല ഒരു പഠനവിഷയമാക്കുന്നുണ്ട്, രണ്ടാമതായി, വ്യത്യസ്ത ധാരകളിലായി വ്യത്യസ്ത ആഖ്യാനങ്ങളുള്ള ആ ഹദീസിന്റെ യഥാര്‍ഥ ഉറവിടവും പാഠവും സാഹചര്യവും അന്വേഷിക്കല്‍ മികച്ച അക്കാദമിക പ്രവര്‍ത്തനം തന്നെയാണ്, മൂന്നാമതായി, വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണെങ്കില്‍ പോലും ഈ ഹദീസിന്റെ പാഠചരിത്രം (Textual History) തീരെ അന്വേഷിക്കപ്പെട്ടിട്ടില്ല. ഇതിനെക്കാളെല്ലാമുപരി, ഞാന്‍ ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ നിലകൊണ്ടിരുന്ന ഘട്ടത്തില്‍ പലപ്പോഴും ഉപയോഗിച്ച ഒരു ഹദീസിനെ അക്കാദമിക മണ്ഡലത്തില്‍ ചരിത്ര നിരൂപണത്തിന് വിധേയമാക്കുക എന്നത് വലിയ താല്‍പര്യത്തോട് കൂടെയാണ് ഞാന്‍ കണ്ടത്.

എന്റെ എം.ഫില്‍ കാലത്തും തുടര്‍ന്നുള്ള ഡി.ഫില്‍ കാലത്തും ഈ ഹദീസിന്റെ ലഭ്യമായ എല്ലാ വേര്‍ഷനുകളെയും ഒരുമിച്ച് ചേര്‍ത്ത് വിശകലന വിധേയമാക്കുകയും അവയുടെ ഇസ്‌നാദും മത്‌നും, രൂപങ്ങളും, ഭൂമിശാസ്ത്രവുമെല്ലാം ചരിത്രപരമായി നിരൂപണങ്ങൾക്ക് വിധേയമാക്കുകയും ചെയ്തതിലൂടെ ഈ ഹദീസില്‍ ഉണ്ടായിട്ടുള്ള കൂട്ടിച്ചേര്‍ക്കലുകളെയും ഹദീസിന്റെ പ്രാദേശികമായ വേര്‍ഷനുകളെയും തിരിച്ചറിയാനും ഹദീസിന്റെ യഥാര്‍ഥ പാഠത്തെ (Text) കണ്ടെത്താനും കഴിഞ്ഞു. ആദ്യത്തില്‍, സുബൈറിദ് മദീനയിലെ ഉര്‍വ്വബ് ബിന്‍ സുബൈറും (മരണം 93-101/711-720) അദ്ദേഹത്തിന്റെ ശിഷ്യന്മാരുമാണ് ഈ ഹദീസ് രൂപീകരിച്ചതും പ്രചരിപ്പിച്ചതുമെന്നാണ് ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ ഹദീസിന്റെ ഇസ്‌നാദുകളുടെ ഭൂമിശാസ്ത്ര വിതരണത്തെ മുന്‍നിര്‍ത്തിയും ആദ്യകാല മദനീ ഉറവിടങ്ങള്‍ മറഞ്ഞുകിടക്കുന്നതായി ബോധ്യപ്പെടുത്തിയും യാസ്മിന്‍ അമീന്‍ എന്നെ തിരുത്തുകയും ഹദീസിന്റെ യഥാര്‍ഥ ഉറവിടം അബ്ബാസീ ഇറാഖാണെന്ന സൂചന എനിക്ക് നല്‍കുകയും ചെയ്തു. പിന്നീടുള്ള അന്വേഷണങ്ങളില്‍ 8ാം നൂറ്റാണ്ടിന്റെ പകുതിയില്‍ മക്കയില്‍ നിന്നും കൂഫയിലേക്ക് പോയ ഹിഷാം ബിന്‍ ഉര്‍വ (മരണം 146-147/763-766) യാണ് ഈ ഹദീസിന്റെ യഥാര്‍ഥ നിര്‍മാതാവും പ്രചാരകനുമെന്ന് കണ്ടെത്താന്‍ കഴിഞ്ഞു. അക്കാലത്ത് കൂഫയില്‍ ശക്തിപ്രാപിച്ചിരുന്ന ശിയാ വിഭാഗത്തിനെതിരായ ആയുധമായാണ് ആയിശ ഹദീസ് സുന്നി വിഭാഗം പ്രചരിപ്പിച്ചത്. അഥവാ, വിവാഹ വേളയില്‍ ആയിശ കന്യകയായിരുന്നുവെന്നും അത് പ്രവാചകന്റെ മറ്റുഭാര്യമാരില്‍ നിന്നും അവരെ വ്യത്യസ്തയാക്കുന്നുവെന്നും സുന്നികൾക്ക് സ്ഥാപിക്കേണ്ടിയിരുന്നു, ഇത് സ്വാഭാവികമായും പ്രവാചകന്റെ ഏറ്റവും പ്രിയപ്പെട്ട പത്‌നി ആയിശയാണ് എന്ന സുന്നി വാദത്തെ ബലപ്പെടുത്താനായി അവര്‍ ഉപയോഗിച്ചു- അതായിരിക്കാം ഹിഷാമിന്റെ താല്‍പര്യം. പിന്നീടാണ് ഹിഷാമിന്റെ ഹദീസ് വ്യത്യസ്ത മത്നുകളും പുതിയ ഇസ്‌നാദുകളുമായി അബ്ബാസി ഖിലാഫത്തിലെ പല ഭാഗങ്ങളിലും പ്രചരിപ്പിക്കപ്പെട്ടതും അതിന് ശേഷം ഒമ്പതാം നൂറ്റാണ്ടിലെ ഹദീസ് ക്രോഡീകരണങ്ങളില്‍ ഇടം പിടിച്ചതും. ഈ പഠനത്തിന്റെ വിശദവിവരങ്ങള്‍ മറ്റൊരിടത്ത് വിശദീകരിക്കാം.
ആയിശ ഹദീസിനും അത് കൊണ്ടുവന്ന വിവാദങ്ങള്‍ക്കും എതിരെ വിമര്‍ശനങ്ങളുണ്ടായിരുന്ന സുന്നി മുസ്‌ലിംകള്‍ എന്നാൽ, ആ ഹദീസ് മുസ്‌ലിം ലോകത്തുണ്ടാക്കിയ ചലനങ്ങളില്‍ സംതൃപ്തരായിരുന്നു. എന്നാല്‍ സുന്നി പാരമ്പര്യത്തോട് വ്യക്തിപരമായി ആത്മാര്‍ഥത വെച്ചുപുലര്‍ത്തിയിരുന്ന പ്രധാനപ്പെട്ട ഹദീസ് വക്താക്കളും പാരമ്പര്യ പണ്ഡിതന്മാരും അക്കാദമീഷ്യന്മാരും ഇതിനെ എതിര്‍ത്തിരുന്നു എന്നു കാണാം. എല്ലാത്തിലുമുപരി സുന്നി പാരമ്പര്യത്തിലെ ‘സ്വഹീഹായ’ ഒന്നിനെ മാത്രമല്ല മറിച്ച് ‘അറിയപ്പെട്ടതും വ്യാപകമായി പ്രചാരം നേടിയതുമായ’ ഹദീസിനെ കൂടിയാണ് ഞാന്‍ വിശകലന വിധേയമാക്കിയത്. ചിലപ്പോള്‍ മുസ്‌ലിം അപോളജിസ്റ്റുകളെ കൂട്ടുപിടിച്ച് ഖുര്‍ആനും ഹദീസിനും എതിരായ ഒരു ഇസ്‌ലാമിക് സ്റ്റഡീസ് അനലോഗി ആവശ്യപ്പെടുന്ന ബാര്‍ട്ട് എഹ്‌റ്മാനെ (Bart Ehrman) പോലുള്ളവര്‍ എന്റെ ഗവേഷണത്തെ ചൂഷണം ചെയ്‌തേക്കാം. എന്നാല്‍ മതചരിത്രത്തെ കുറിച്ച് പഠിക്കുന്ന എല്ലാ സെക്കുലര്‍ ക്രിട്ടിക്കല്‍ ചിന്തകരുടെയും അവസ്ഥ ഇതാണ്:(ഉള്ളതിൽ വിശ്വാസയോഗ്യരായവരെ കണ്ടെത്തി ബാക്കിയുള്ളവരെ ഒഴിവാക്കുക എന്നതാണ് ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഉത്തമമായ കാര്യം)

എന്നാല്‍ എന്റെ പഠനത്തെ സുന്നി പാരമ്പര്യവാദികള്‍ വലിയൊരു ഭീഷണിയായി കാണേണ്ടതില്ല. അതായത്, പരമ്പരാഗത ഹദീസ് വ്യവഹാരങ്ങള്‍, സാധാരണയായി കരുതുന്നതുപോലെ തീര്‍ത്തും ഫലപ്രദമായി ക്രോഡീകരിക്കപ്പെട്ടതാണ് എന്ന് ഹനഫീ, മാലികീ ധാരകള്‍ കരുതുന്നില്ല. കാരണം അവരുടെ മതതത്വങ്ങളില്‍ അധികവും ഹദീസ് പൂര്‍വ്വ (Pre-Hadith) അല്ലെങ്കില്‍ പാരാ-ഹദീസ് (Para-Hadith) പ്രാദേശിക പാരമ്പര്യങ്ങളില്‍ നിന്നും (കൂഫയില്‍ നിന്നും മദീനയില്‍ നിന്നും) ഉരുത്തിരിഞ്ഞു വന്നതാണ്. പാരമ്പര്യ സുന്നി ഹദീസ് വ്യവഹാരങ്ങളുടെ അടിത്തറയായി നിലകൊണ്ട് ഹദീസ് പക്ഷക്കാരില്‍ (അസ്ഹാബുല്‍ ഹദീസ്) നിന്നും ഹദീസ് നിരൂപകരില്‍ നിന്നും സ്വതന്ത്ര്യമായിരുന്നു മാലികീ- ഹനഫീ ഫിഖ്ഹീ ധാരകള്‍. എല്ലാത്തിലുമുപരി ആദ്യകാല മാലികീ-ഹനഫീ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ ആയിശയുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട ഹദീസ് കാണുവാന്‍ സാധിക്കുകയില്ല. ആദ്യമായി മാലികീ-ഹനഫീ പാരമ്പര്യങ്ങളില്‍ അത് വന്നത് അബ്ദുല്‍ വഹാബ് ബിന്‍ അലി അല്‍ ഖാദി (മരണം 422/1031)യുടെ ‘അല്‍ മഊന അലാ മദ്ഹബ് ആലിമുല്‍ മദീന’ യിലാണ്.
പരമ്പരാഗത ഹദീസ് നിരൂപണങ്ങളില്‍ പൂര്‍ണമായും ആശ്രയിച്ചിരുന്ന ശാഫിഈ-ഹമ്പലീ ഫിഖ്ഹീ ധാരകളുടെ സ്ഥാപകരാണ് ആയിശയുടെ ഹദീസിനെ പൂര്‍ണമായും ആശ്രയിച്ചത്. എന്നാൽ ഇത് പൊതുവില്‍ കരുതുന്നത് പോലെ അത്ര ഉറച്ച നിലപാടുമല്ല: ഉദാഹരണത്തിന്, ഈയടുത്ത് സിറിയയിലെ ശാഫിഈ മുഹദ്ദിസ് ആയ സലാഹുദ്ദീന്‍ ബിന്‍ അഹ്‌മദ് അല്‍ ഇദ്‌ലിബി ഇങ്ങനെ വാദിക്കുന്നുണ്ട്: ‘ആയിശയില്‍ നിന്നുതന്നെ ഉദ്ദരിക്കപ്പെട്ടിട്ടുള്ള ഹദീസ് ആണെങ്കില്‍ കൂടി അവരുടെ വാര്‍ധക്യത്തിലെ ‘ഓര്‍മക്കുറവ്’ മൂലം (നിസ്യാന്‍) ഒരു തെറ്റ് ആ ഹദീസില്‍ ഉണ്ട്, ‘നിലവിലുള്ള ചരിത്രപരമായ തെളിവുകളുമായി’ ആ ഹദീസ് പൊരുത്തപ്പെടുന്നില്ല എന്നും കാണാം’.
കൂടാതെ, ഹിഷാമില്‍ നിന്നും അദ്ദേഹത്തിന്റെ ശിഷ്യരില്‍ നിന്നും ഉത്ഭവിച്ച ഹദീസാണിത് എന്ന എന്റെ വാദത്തോടൊപ്പം തന്നെ, ഹദീസ് നിദാന ശാസ്ത്രം പരിശോധിക്കുമ്പോള്‍ ഈ ഹദീസ് കൈമാറ്റം ചെയ്യപ്പെട്ട ശൃംഖലയെ പലരും പൂര്‍ണമായോ ഭാഗികമായോ അവിശ്വസിക്കുന്നുണ്ട് എന്നതും കാണാവുന്നതാണ്. ഉദാഹരണത്തിന് ഹിഷാമിനെ കുറിച്ചുള്ള ചില കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
 യഹിയാ ബിന്‍ സഈദ് അല്‍ ഖത്താന്‍ (മരണം 198/813): ‘ഉറക്കത്തില്‍ ഞാന്‍ മാലിക് ബിന്‍ അനസിനെ കണ്ടു, അപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് ഹിഷാം ബിൻ ഉര്‍വയെ കുറിച്ച് ചോദിച്ചു, അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ നമ്മുടെ അടുത്ത് (മദീനയില്‍) ആയിരിക്കെ അദ്ദേഹം സ്വഹീഹായത് പറഞ്ഞു, അദ്ദേഹം നമ്മുടെ അടുക്കല്‍ നിന്നും പുറപ്പെട്ടു പോയപ്പോള്‍ (കൂഫയിലേക്ക്) ദുര്‍ബലമായത് പറഞ്ഞു’
 അബ്ദു റഹ്‌മാന്‍ ബിന്‍ കിറാസ് (മരണം 283/896): ‘ഇറാഖിലെ ആളുകളോട് വിവരിച്ച ഹദീസിന്റെ പേരില്‍ മാലിക് ഹിഷാം ബിന്‍ ഉര്‍വ്വയോട് ദേഷ്യപ്പെട്ടതായി ഞാനറിഞ്ഞു, മാലിക് അത് അംഗീകരിച്ചിരുന്നില്ല’

 അബ്ദു റഹ്‌മാന്‍ ബിന്‍ കിറാസ് (മരണം 283/896): ‘ അദ്ദേഹം [ഹിഷാം] മൂന്ന് തവണ കൂഫയിലേക്ക് വന്നു. [ആദ്യ] സന്ദര്‍ശനത്തില്‍, അദ്ദേഹം പറഞ്ഞു, ‘എന്റെ പിതാവ് എന്നോട് ബന്ധപ്പെട്ട് പറഞ്ഞു:’ ആയിശയില്‍ നിന്നും ഞാന്‍ കേട്ടു…’ രണ്ടാമതായി [അദ്ദേഹം വന്നു]എന്നിട്ട് പറഞ്ഞു, ‘എന്റെ പിതാവ് എനിക്ക് റിപ്പോര്‍ട്ട് ചെയ്തു, ആയിശയില്‍ നിന്നും…’ മൂന്നാമതായി അദ്ദേഹം വന്നു, എന്നിട്ട് പറഞ്ഞു, ‘എന്റെ പിതാവില്‍ [നിന്നും], ആയിശയില്‍ നിന്നും…’ അഥവാ അദ്ദേഹം തന്റെ നിവേദനത്തില്‍ പിതാവില്‍ നിന്നുമുള്ള ഇടനിലക്കാരെ ഒഴിവാക്കി എന്നർത്ഥം
 യഅഖൂബ് ബിന്‍ സയ്ബ (മരണം 262/875): ‘ഹിഷാം വിശ്വാസയോഗ്യനായിരുന്നു. അദ്ദേഹത്തെ അവിശ്വസിക്കാന്‍ ഒന്നുമില്ലായിരുന്നു. എന്നാല്‍ ഇറാഖില്‍ എത്തിയതിന് ശേഷം അദ്ദേഹം വ്യാപകമായി ഹദീസ് പ്രചരിപ്പിച്ചു, [അതിനിടയില്‍] അദ്ദേഹം പല ഇടനിലക്കാരെയും ഒഴിവാക്കി. അദ്ദേഹത്തിന്റെ പിതാവില്‍ നിന്നുമല്ലാതെ മറ്റുപലരില്‍ നിന്നും അദ്ദേഹം അത് കേട്ടിരുന്നു. എന്നാല്‍ [ആ ആഖ്യാനങ്ങളെയെല്ലാം] പിതാവിലേക്ക് [മാത്രം ചേര്‍ത്തു].
 മുഹമ്മദ് ബിന്‍ ഹജറുല്‍ അസ്ഖലാനി (മരണം 852/1449): ‘ഹിഷാം ബില്‍ ഉര്‍വ്വ പ്രശസ്ത താബിഇ ആണ്. അബുല്‍ ഹസന്‍ ബിന്‍ അല്‍ ഖത്താന്‍ അദ്ദേഹത്തെ [തെറ്റായി നിവേദനം ചെയ്തതായി] പരാമര്‍ശിക്കുന്നുണ്ട്, അതിനെ ഇമാം ദഹബി തള്ളിക്കളഞ്ഞതായി കാണാം. തീര്‍ച്ചയായും, അദ്ദേഹത്തെ [ഹിഷാമിനെ] കുറിച്ചുള്ള പ്രചാരത്തിള്ള കാര്യം എന്തെന്നാല്‍ അദ്ദേഹം മൂന്ന് തവണ ഇറാഖിലേക്ക് വന്നു. ആദ്യ [സന്ദര്‍ശനത്തില്‍], തന്റെ പിതാവിനെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹത്തില്‍ നിന്നും നേരിട്ട് കേട്ടതായി വ്യക്തമാക്കി. രണ്ടാം [സന്ദര്‍ശനത്തില്‍]

രണ്ടാമത്തെ (സന്ദർശനത്തിൽ), അദ്ദേഹം വ്യത്യസ്ത (ഹദീസുകൾ തൻ്റെ പിതാവിൽ നിന്നും) ഉദ്ധരിച്ചു, എന്നാൽ നിവേദന പരമ്പര വ്യക്തമാക്കിയില്ല( ലം യുസർരിഹിൽ ഖിസ്സ), അദ്ദേഹത്തിൽ നിന്നും അയാൾ കേൾക്കാത്തത് അദ്ദേഹത്തോട് ബന്ധപ്പെടുത്തി നിവേദനം ചെയ്യുന്നു എന്ന് ഇവിടെ വ്യക്തമാണ്( വ ഹിയ താഖ്‌തളീ അന്നഹു ഹദ്ദസ അന്ഹു ബിമാ ലം യസ്മഹു മിൻഹു). ഇത് വഞ്ചനയുടെ ഒരു രൂപമാണ് ( തദ്ലീസ് )”

മുഹമ്മദ് ബിന്‍ അഹ്‌മദ് അൽ ദഹബി (മരണം 748/1348), അലി ബിന്‍ മുഹമ്മദ് ബിന്‍ അല്‍ ഖത്താന്(മരണം628/1231) മറുപടിയായി ഹിഷാമിനെ പ്രതിരോധിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയും ഖത്താന്റെ ആരോപണങ്ങളെ ശരിവെക്കുന്നതാണെന്ന് കാണാം, ഇങ്ങനെയാണത്,

ഹിഷാം ബിൻ ഉര്‍വ്വ: ഉജ്വല വ്യക്തിത്വവും നിശ്ചയ ദാര്‍ഢ്യമുള്ളയാളും ഇമാമും ആണദ്ദേഹം, എന്നാല്‍ പ്രായാധിക്യത്താല്‍ അദ്ദേഹത്തിന്റെ ഓര്‍മയില്‍ പിശക് പറ്റിയേക്കാം. എന്നിരുന്നാലും അദ്ദേഹത്തിന് യാതൊരുവിധ സംശയവുമില്ലായിരുന്നു. എന്നാല്‍ അദ്ദേഹവും സുഹൈലുബ്ന്‍ അബീ സാലിഹും സംശയാലുക്കളാവുകയും മാറ്റം വരുത്തുകയും ചെയ്തു എന്ന് അബുല്‍ ഹസന്‍ ബിന്‍ അല്‍ ഖത്താന്‍ അദ്ദേഹത്തെ കുറിച്ച് ആരോപണമുന്നയിക്കുന്നതിന് യാതൊരു പ്രസക്തിയുമില്ല. അദ്ദേഹം ചെറുതായി മാറ്റിയിട്ടുണ്ടാവാം. കാരണം അദ്ദേഹത്തിന്റെ ഓര്‍മ യൗവന കാലത്തുണ്ടായിരുന്ന അത്രയും ഉണ്ടായിരിക്കില്ല, അതിനാല്‍ അദ്ദേഹം മനഃപാഠമാക്കിയതില്‍ ചിലത് മറന്നുപോയേക്കാം, അല്ലെങ്കില്‍ തെറ്റുപറ്റിയേക്കാം, അതിനെന്താണ്? അദ്ദേഹത്തിന്റെ മറവി പൊറുക്കപ്പെടുകയില്ലേ?

സമാനമായി, അബ്ദുല്ലാ ബിന്‍ സുബൈര്‍ അല്‍ ഹുമൈദിയുടെ (മരണം 219-220/834-835) ആയിശ ഹദീസുമായി ബന്ധപ്പെട്ട് അതിനെ പ്രതിരോധിച്ചുകൊണ്ടുള്ള പ്രസ്താവന ഇങ്ങനെയാണ്: ‘[ഇത്] അദ്ദേഹം [ഹിഷാം] നിവേദനം ചെയ്ത സഹീഹായ ഹദീസുകളില്‍ പെട്ടതാണ്’. അത്തരമൊരു പ്രസ്താവന ഈ ഹദീസിന്റെ നിവേദന ശൃംഖലയെയും ഹിഷാമിന്റെ നിവേദനങ്ങളെ കുറിച്ച് പൊതുവായും ചില സംശയങ്ങള്‍ ബാക്കിവെക്കുന്നുണ്ട്.

ഈ ഹദീസിനെ പിന്തുണക്കുന്ന അധിക ഇസ്‌നാദുകളുടെയും ശുഖലയില്‍ ഏതെങ്കിലും ഒന്നിനെ കുറിച്ചെങ്കിലും ഇത്തരം സംശയങ്ങള്‍ ബാക്കിയാവുന്നതായി കാണാം. ഹദീസ് നിവേദക പരമ്പരയില്‍ പ്രാദേശികമായ ഉറവിടങ്ങളുണ്ടാവുന്നതും ആദ്യകാല മദീനന്‍ സോഴ്‌സുകളില്‍ ഈ ഹദീസ് കാണാത്തതും മറ്റുള്ള കാര്യങ്ങളും മുന്‍നിര്‍ത്തി പാരമ്പര്യ സുന്നി ഹദീസ് വ്യവഹാരങ്ങളെ പിന്താങ്ങുന്ന ഒരാള്‍ക്കുതന്നെ ആയിശയുടെ ഹദീസ് ഹിഷാമിന്റെ വിശ്വാസയോഗ്യമല്ലാത്ത ഹദീസ് നിവേദനമായി ബോധ്യപ്പെടും. ചുരുക്കത്തില്‍, സുന്നി ഹദീസ് പാരമ്പര്യത്തിന്റെ ചട്ടക്കൂടില്‍ നിന്നുതന്നെ ആയിശയുടെ ഹദീസ് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്ന് ഒരാള്‍ക്ക് വാദിക്കാം.

തീര്‍ച്ചയായും, തങ്ങളുടെ മതത്തെ എങ്ങനെ വ്യാഖ്യാനിക്കണമെന്ന് മതവിശ്വാസികളോട് പറഞ്ഞുകൊടുക്കാന്‍ എനിക്ക് സാധിക്കുകയില്ല. സുന്നി മുസ്‌ലിംകള്‍ക്ക് അവരുടെ പാരമ്പര്യത്തെയും ഹദീസുകളെയും വ്യത്യസ്ത തരത്തില്‍ വ്യാഖ്യാനിക്കാന്‍ കഴിയും. എന്നിരുന്നാലും എന്റെ കണ്ടെത്തലുകളും കാഴ്ച്ചപ്പാടുകളും പാരമ്പര്യ സുന്നി ധാരകളുമായി ഒരിക്കലും സംഘര്‍ഷപ്പെടുന്നില്ല.

ആയിശയുടെ ഹദീസിനെ കുറിച്ചും അതിന്റെ ചരിത്രത്തെയും വ്യാഖ്യാനങ്ങളെയും സാമൂഹിക സ്വാധീനങ്ങളെയും കുറിച്ചും ഇനിയും ഒരുപാട് പറയാനാവും. എന്റെ അനുഭവം ഇവിടെ ഒന്നുകൂടി പരാമര്‍ശിക്കാം: ഞാന്‍ ആദ്യമായി ആയിശയുടെ ഹദീസിനെ അഭിമുഖീകരിക്കുന്നത് മതവിമര്‍ശകനും ഇസ്‌ലാമോഫോബും ആയാണ്, അവിടെ ആ ഹദീസിനെ ശൈശവ വിവാഹത്തെ പ്രചരിപ്പിക്കുന്ന ഒന്നായാണ് ഞാന്‍ കണ്ടത്. ഇസ്‌ലാമോഫോബിയയും മതവിമര്‍ശനവും കൈയൊഴിഞ്ഞ് ആദ്യകാല ഇസ്‌ലാമിക ചരിത്രത്തിലേക്കും പ്രത്യേകിച്ചും ഹദീസ് വ്യവഹാരങ്ങളിലേക്കും എന്റെ പഠനങ്ങൾ മാറുകയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ എം.ഫിൽ, ഡി.ഫിൽ പഠനങ്ങളിലേക്ക് ഞാൻ നീങ്ങുകയും ചെയ്ത വേളയിലാണ്, എൻ്റെ തിസീസിനായി ഒരു വിഷയം എടുക്കേണ്ട സാഹചര്യം വന്നെത്തിയത്. അങ്ങനെയാണ് അക്കാദമിക വിശകലനം നടത്താനായി ഞാൻ ആയിശയുടെ ഹദീസിലേക്ക് തിരികെ എത്തുന്നത്. ആയിശയുടെ ഹദീസിനെ കുറിച്ചുള്ള എൻ്റെ കണ്ടെത്തലുകളെ ചിലർ സ്വാഗതം ചെയ്തേക്കാം, മറ്റുചിലർ അതിനെ തള്ളിക്കളഞ്ഞേക്കാം. എന്നിരുന്നാലും സുന്നി പാരമ്പര്യത്തിൽ വളരെയധികം പ്രചാരത്തിലുള്ള ഒരു ഹദീസിനെ ഞാൻ സംശയത്തോടെ കാണുന്നു. എന്നാൽ സുന്നി പാരമ്പര്യത്തോട് സംഘർഷപ്പെടാതെ തന്നെ എൻറെ കണ്ടെത്തലുകൾക്ക് പാരമ്പര്യ ഹദീസ് വ്യവഹാരങ്ങളോടും വിശകലന രീതിശാസ്ത്രത്തോടും ഇടപെടാൻ കഴിയുമെന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.

വിവർത്തനം : അസ്ഹർ അലി

കടപ്പാട് : ഇസ്‌ലാമിക് ഒറിജിൻ ഡോട്ട്കോം

ജെ.ജെ ലിറ്റിൽ