വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിർവഹിച്ച കാശ്മീർ ഫയൽസ് എന്ന ചിത്രം കാശ്മീരി പണ്ഡിറ്റുകളെക്കുറിച്ച ആർ.എസ്.എസ് ഭാഷ്യങ്ങളെ ഇന്ത്യയിൽ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലെയും ഭരണകൂടങ്ങൾ പ്രസ്തുത സിനിമയെ നികുതി വിമുക്തമാക്കി. മധ്യപ്രദേശ് സർക്കാർ സിനിമ കാണാൻ പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു ദിവസത്തെ അവധിയും ആസാം സർക്കാർ അര ദിവസത്തെ അവധിയും അനുവദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവരും കാശ്മീർ ഫയൽസ് എന്ന ചിത്രം കാണണമെന്ന് ആഹ്വാനം ചെയ്യുകയും എറ്റവുമൊടുവിൽ സംഘപരിവാർ അനുകൂലിയായ സംവിധായകൻ വിവേക് അഗ്നിഹോത്രിക്ക് കേന്ദ്ര സർക്കാർ വൈ കാറ്റഗറി സുരക്ഷ എർപ്പെടുത്തുന്നതിലേക്ക് വരെ കാര്യങ്ങൾ എത്തിനിൽക്കുന്നു. തുടർന്ന് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരിൽ ഒരു വിഭാഗം മുസ്‌ലിങ്ങൾക്കെതിരായി കൊലവിളികൾ ഉയർത്തുകയും തികച്ചും വംശീയമായ ആഹ്വാനങ്ങൾ മുഴക്കുകയും ചെയ്യുന്നു. മറു ഭാഗത്ത് ചിത്രം സാമുദായിക സപർദ്ധയും അന്യമത വിദ്വേഷം വളർത്തുന്നതും കാശ്മീരീ മുസ്‌ലിങ്ങളെ പൈശാചികവൽക്കരിക്കുന്നതും, അവാസ്തവവും തെറ്റിദ്ധരിപ്പിക്കുന്നതുമായ വിവരങ്ങൾ അടങ്ങിയതും കാശ്മീരിനെ സംബന്ധിച്ച ഹിന്ദു വലതുപക്ഷ ആഖ്യാനങ്ങളെ പ്രചരിപ്പിക്കാനുള്ള പ്രോപഗണ്ടയുടെ ഭാഗമാണെന്ന വിമർശനങ്ങളും മുന്നോട്ടുവയ്ക്കപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തിൽ, കാശ്മീർ ഫയൽസ് സൂക്ഷ്മമായി വിശകലനം ചെയ്യപ്പെടേണ്ടതായുണ്ട്.
കാശ്മീർ വിഷയത്തിലുള്ള സംഘപരിവാർ താൽപര്യങ്ങളെ പിന്തുണക്കുന്നു എന്നതിൽ കവിഞ്ഞ്, കശ്മീരിനെ കുറിച്ച് ഹിന്ദൂ വലതുപക്ഷം ഇക്കാലമത്രയും മുന്നോട്ടുവച്ച മുഴുവൻ അസത്യങ്ങളെയും അർദ്ധസത്യങ്ങളെയും ആധികാരികമായ വസ്തുതകളായി പരിഗണിക്കുകയും അവയെ ആഖ്യാന സാധൂകരണ ഉപാധിയായി മുൻനിശ്ചയിക്കുകയും ചെയ്യുന്നു എന്നതാണ് സിനിമ പിന്തുടരുന്ന ആഖ്യാനരീതിയുടെ മൗലികമായ ഒരു പ്രശ്നം. അഥവാ, കാശ്മീരിന്റെ ചരിത്രത്തെയും രാഷ്ട്രീയത്തെയും സംബന്ധിച്ച സവർണാധിപത്യ രാഷ്ട്രീയ കക്ഷികൾ ഇന്നുവരെ നടത്തിയ മുഴുവൻ അസത്യങ്ങളും ചോദ്യം ചെയ്യപ്പെടേണ്ടതില്ലാത്ത ആധികാരിക വസ്തുതകളാണെന്ന് സിനിമ മുൻകൂറായി തീർപ്പു കൽപ്പിക്കുന്നു. ‘ഞങ്ങൾക്കു വേണ്ടി ഞങ്ങൾ നിർമ്മിച്ച ഞങ്ങളുടെ സിനിമയാണ്’ കാശ്മീർ ഫയൽസ് എന്ന സംഘപരിവാർ തിരിച്ചറിവാണ് ഹിന്ദുത്വ കേന്ദ്രങ്ങളിൽ നിന്ന് അഭൂതപൂർവമായ പിന്തുണ സിനിമക്ക് ലഭിക്കുന്നതിന്റെ കാരണം.
ഇന്ത്യൻ ഭരണഘടന ജമ്മു & കാശ്മീർ സംസ്ഥാനത്തിന് നൽകിയ പ്രത്യേക പദവി, കാശ്മീരിൽ അസ്വസ്ഥതയും അശാന്തിയും സ്വാതന്ത്ര്യവാദത്തിനും വിഘടനവാദത്തിനും ഹിംസക്കും കാരണമായി എന്നതാണ് ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രധാനപ്പെട്ട പ്രമേയങ്ങളിൽ ഒന്ന്. ജനസംഘം ഉൾപ്പെടെയുള്ള ഹിന്ദു മെജോരിറ്റേറിയൻ പാർട്ടികളും ആർ.എസ്.എസ്-സംഘപരിവാർ കക്ഷികളും കാലങ്ങളായി ഉന്നയിക്കുന്ന വാദമാണിത്. ഇത്തരം വിവരങ്ങളെ അടിസ്ഥാന സാധൂകരണോപാധിയായി സ്വീകരിച്ചു കൊണ്ട് നിർമ്മിക്കപ്പെട്ട ഒരു സിനിമ സമൂഹത്തിൽ വിദ്വേഷ അനുരണനങ്ങൾ സൃഷ്ടിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഇത്തരമൊരു ഘട്ടത്തിൽ, രണ്ടു വിഷയങ്ങളാണ് പ്രഥമവും സൂക്ഷ്മവുമായ വിശകലനം ആവശ്യപ്പെടുന്നത്; ഒന്ന്, സിനിമ പറഞ്ഞുവെക്കുന്ന ആർട്ടിക്കിൾ 370-ാം വകുപ്പിനെ സംബന്ധിച്ചും, ആ വകുപ്പാണ് കാശ്മീർ സംഘർഷത്തിന്റെയും കാശ്മീരീ പണ്ഡിറ്റുകളുടെ ദുരവസ്ഥയ്ക്കും കാരണം എന്ന സംഘപരിവാർ ആഖ്യാനത്തിന്റെ ചരിത്രപരത; രണ്ട്, ഇത്തരമൊരു സിനിമ നിർമ്മിക്കുക വഴി എന്താണ് സംഘപരിവാർ സഹയാത്രികനായ സംവിധായകനും, സിനിമയെ കൂടുതൽ പേരിലേക്ക് എത്തിക്കുന്നതിന് അകമഴിഞ്ഞ് സഹായിക്കുന്ന ഹൈന്ദവ ശക്തികളും ലക്ഷ്യമിടുന്നത് എന്ന ചോദ്യമാണ്. മേല്പറഞ്ഞ രണ്ടു വിഷയങ്ങളാണ് ഈ ലേഖനം പ്രധാനമായി വിശകലന വിധേയമാക്കുന്നത്.
ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്ന അനുപം ഖേറിന്റെ കഥാപാത്രം, കാശ്മീർ സംഘർഷങ്ങളുടെ കാരണമായി ചൂണ്ടിക്കാണിക്കുന്നത് ആർട്ടിക്കിൾ 370-ാം വകുപ്പിനെയും, കശ്മീർ സംഘർഷത്തെ പരിഹരിക്കാൻ മുന്നോട്ടുവെക്കുന്ന നിർദ്ദേശം പ്രസ്തുത വകുപ്പ് നീക്കം ചെയ്യുക എന്നതുമാണ്. അതിനാൽ, ഈ ആഖ്യാനത്തെയാണ് ആദ്യമായി വിശകലന വിധേയമാക്കുന്നത്. മേല്പറഞ്ഞ പോലെ, സംഘപരിവാർ ദീർഘനാളായി പ്രചരിപ്പിക്കുന്ന ചരിത്രപരമായി അടിസ്ഥാനമില്ലാത്ത വിവരങ്ങളെ മുൻനിറുത്തിയാണ് ആർട്ടിക്കിൾ 370-ാം വകുപ്പുമായി ബന്ധപ്പെട്ട ആഖ്യാനം സിനിമയിൽ വികസിക്കുന്നത്. അതിനാൽ, ആർട്ടിക്കിൾ 370-ാം വകുപ്പിനെ സംബന്ധിച്ച ഭരണഘടനാ ചരിത്രത്തെയും മറ്റു ചരിത്രരേഖകളെയും മുൻനിറുത്തി ഹിന്ദുത്വ പ്രചാരണങ്ങളുടെ ചരിത്രപരമായ അടിസ്ഥാനരാഹിത്യത്തെ പരിശോധിക്കാം.
1846-ലെ ആംഗ്ലോ-സിഖ് യുദ്ധത്തിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സിഖ് സാമ്രാജ്യത്തെ പരാജയപ്പെടുത്തുകയും തുടർന്ന് സിഖ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന ജമ്മുവും കാശ്മീരും ഉൾപ്പെടുന്ന പ്രദേശങ്ങൾ ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിൽ വരികയും ചെയ്തു. പിന്നീട് 1846-ൽ നടന്ന അമൃതസർ ഉടമ്പടിയിലൂടെ ഈസ്റ്റ് ഇന്ത്യാ കമ്പനി ജമ്മു-കാശ്മീർ ഉൾപ്പടെയുള്ള പ്രദേശങ്ങൾ സിഖ് സാമ്രാജ്യത്തിന്റെ മഹാരാജാവ് ആയിരുന്ന മഹാരാജാ രഞ്ജിത്ത് സിംഗിന്റെ ഭരണ സംവിധാനത്തിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന ദോഗ്ര രജപുത്ര വംശജനായ ഗുലാഭ് സിംഗിന് 75 ലക്ഷം രൂപക്ക് കൈമാറുകയും അദ്ദേഹത്തെ ജമ്മു – കാശ്മീരിന്റെ മഹാരാജാവായി അംഗീകരിക്കുകയും ചെയ്തു. 1949-വരെ കാശ്മീർ ഭരിച്ചത് ദോഗ്ര രാജവംശമാണ്.
ബ്രിട്ടിഷ് രാജ് ഘട്ടത്തിൽ അവിഭക്ത ഇന്ത്യയിൽ ഉണ്ടായിരുന്നത് രണ്ടു തരത്തിലുള്ള ഭരണ സംവിധാനമായിരുന്നു. ഒന്ന്, ബ്രിട്ടീഷ് ഭരണകൂടം നേരിട്ട് ഭരണം നടത്തുന്ന പ്രവിശ്യകൾ (Directly ruled provinces), മറ്റൊന്ന് നാട്ടുരാജ്യങ്ങൾ (princely states). ഇതിൽ പ്രസിഡൻസികൾ എന്ന് പിൽക്കാലത്ത് അറിയപ്പെട്ടിരുന്ന പ്രവിശ്യകൾ, ആദ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലും പിന്നീട് ബ്രിട്ടിഷ് രാജ്ഞിയുടെ നേരിട്ടുള്ള അധീനതയിലും ആയിരുന്നെങ്കിൽ നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്നത് ഇന്ത്യൻ രാജാക്കൻമാർ തന്നെയായിരുന്നു. മാത്രമല്ല, തത്വത്തിൽ അവ സ്വതന്ത്രവുമായിരുന്നു. 500-ൽ കൂടുതൽ നാട്ടുരാജ്യങ്ങൾ ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു മുൻപുണ്ടായിരുന്നു.
1946-ൽ ബ്രിട്ടീഷ് ഇന്ത്യയുടെ സ്വാതന്ത്ര്യവും ഭരണാവകാശങ്ങളും ഇന്ത്യൻ രാഷ്ട്രീയ നേതൃത്വത്തിന് കൈമാറുന്നതിനുള്ള ചർച്ചകൾക്കായി ക്യാബിനറ്റ് മിഷൻ ഇന്ത്യയിൽ എത്തിയ ഘട്ടത്തിൽ, ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം പ്രധാനമായി ചർച്ച ചെയ്ത വിഷയം ബോംബെ, മദ്രാസ് തുടങ്ങിയ പ്രസിഡൻസികളുടെ ഭാവിയെ സംബന്ധിച്ചും വിഭജനത്തെ സംബന്ധിച്ചുമായിരുന്നു. ഈ ഘട്ടത്തിൽ, 500-ലധികം വരുന്ന നാട്ടുരാജ്യങ്ങൾക്ക് വലിയ പ്രാധാന്യം ലഭിച്ചിരുന്നില്ല. 1947 ജൂൺ 2-ാം തിയതി ഇന്ത്യാ വിഭജന പ്രഖ്യാപനം നടക്കുന്ന ഘട്ടത്തിൽ മാത്രമാണ്, നാട്ടുരാജ്യങ്ങൾ സജീവ പരിഗണനയിൽ വരുന്നത്. 1947-ലെ ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ട് പ്രകാരം നാട്ടുരാജ്യങ്ങൾക്ക് വിഭജനത്തോടെ നിലവിൽ വരുന്ന ഇന്ത്യൻ ദേശരാഷ്ട്രത്തിനൊപ്പമോ പാകിസ്ഥാനൊപ്പമോ ചേരാനും അതിനു സന്നദ്ധമല്ലെങ്കിൽ സ്വതന്ത്ര്യ രാജ്യമായി നിലകൊള്ളാനും ഉള്ള അവകാശം ഉണ്ടായിരുന്നു. എന്നാൽ, നാട്ടുരാജ്യങ്ങൾ സ്വതന്ത്രമായി നിലകൊള്ളുന്നത് ചരിത്രത്തോടുള്ള അനീതിയും ഇന്ത്യയുടെ അന്തസ്സത്തക്ക് യോജിച്ചതുമല്ല എന്ന നിലപാടാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും അതിന്റെ സമുന്നതരായ നേതാക്കളും സ്വീകരിച്ചത്. കാരണം അവിഭക്ത ഇന്ത്യയുടെ 48% വരുന്ന ഭൂമിയും 28% ജനങ്ങളും നാട്ടുരാജ്യങ്ങളുടെ അധികാര പരിധിയിൽ ആയിരുന്നു ഉണ്ടായിരുന്നത്. അന്നത്തെ ഇന്ത്യയുടെ വൈസ്രോയ് ആയിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവും സമാനമായ ഒരു നയമായിരുന്നു സ്വീകരിച്ചത്.
എന്നാൽ തങ്ങൾ സ്വതന്ത്ര രാഷ്ട്രങ്ങളായി നിലകൊള്ളാനാണ് ആഗ്രഹിക്കുന്നത് എന്ന് പല നാട്ടുരാജ്യങ്ങളും നിലപാടെടുത്തപ്പോൾ നാട്ടുരാജ്യങ്ങളെ ഇന്ത്യക്കൊപ്പമോ പാകിസ്ഥാനൊപ്പമോ ചേർക്കണമെന്ന ലക്ഷ്യം കോൺഗ്രസും മുസ്‌ലിം ലീഗും ഏറ്റെടുത്തു. 1947 ആഗസ്റ്റ് 15-നു മുമ്പായി പ്രസ്തുത ലക്ഷ്യം നേടണമെന്ന സമയ പരിധിയുടെ പ്രശ്നവും ഈ ഘട്ടത്തിൽ നേരിട്ടു. പ്രസ്തുത നയം നടപ്പാക്കാനുള്ള ഏറ്റവും ലളിതമായ ഒരു പദ്ധതി മുന്നോട്ടു വെച്ചത് അന്നത്തെ മിനിസ്ട്രി ഓഫ് സ്റ്റേറ്റ്സ് വകുപ്പ് സെക്രട്ടറിയായിരുന്ന വി.പി മേനോനും വകുപ്പു മന്ത്രിയായിരുന്നത് സർദാർ വല്ലഭായ് പട്ടേലും ആയിരുന്നു. 1935-ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ടിനെ മുൻനിർത്തി വി.പി മേനോൻ മുന്നോട്ടു വെച്ച പരിഹാരം ഇന്ത്യയിലെ നാട്ടു രാജ്യങ്ങളോട് മൂന്ന് വിഷയത്തിലുള്ള അധികാരം (പ്രതിരോധം, വിദേശ നയം, വാർത്താ വിനിമയം) ഇന്ത്യൻ ഗവൺമെന്റിന് കൈമാറാനും ബാക്കി വിഷയങ്ങളിൽ അവർക്ക് അവരവരുടെ അധികാര പരിധിയിൽ സ്വതന്ത്രമായ നിയമ നിർമാണ അധികാരം നിലനിർത്തുകയും കൈകാര്യം ചെയ്യുകയും ചെയ്യാം എന്നതായിരുന്നു. ഈ നയത്തെ അടിസ്ഥാനപ്പെടുത്തിയാണ് ബഹുഭൂരിപക്ഷം നാട്ടുരാജ്യങ്ങളും 1947 ആഗസ്റ്റ് 15-നു മുമ്പ് ഇന്ത്യൻ യൂണിയനൊപ്പം ചേർന്നത്. എന്നാൽ ഈ ഘട്ടങ്ങളിലെല്ലാം ഭൂവിസ്തൃതിയിൽ വലുതും ഭൂമിശാസ്ത്രപരമായി തന്ത്രപ്രധാനവുമായ നാട്ടുരാജ്യങ്ങളായ കാശ്മീർ, തിരുവിതാംകൂർ, ഹൈദരാബാദ്, ഭോപാൽ, ജുനഗർ തുടങ്ങിയ പ്രദേശങ്ങൾ തങ്ങൾ സ്വതന്ത്ര രാജ്യങ്ങളായി നിലകൊള്ളാൻ തീരുമാനിച്ചിരിക്കുന്നു എന്ന നിലപാടാണ് കൈക്കൊണ്ടത്. അഥവാ, സ്വതന്ത്രമായ അസ്തിത്വം വേണമെന്ന ആവശ്യം കശ്മീർ വിഷയത്തിൽ മാത്രം ഉയർന്ന ഒന്നായിരുന്നില്ല. മാത്രമല്ല, തിരുവിതാംകൂർ ഒരു സ്വതന്ത്ര്യ ഹിന്ദു രാജ്യമായി നിലകൊള്ളുമെന്ന് പ്രഖ്യാപിച്ചപ്പോൾ, പ്രസ്തുത നടപടിയെ അഭിനന്ദിച്ചു കൊണ്ട് ആർ.എസ്.എസ് സ്ഥാപകരിൽ ഒരാളായ വി.ഡി സവർക്കർ തിരുവിതാംകൂർ ദിവാന് കത്തെഴുതുകയും ചെയ്തു.
1947 ആഗസ്റ്റ് 15 നു ഇന്ത്യ ഒരു സ്വതന്ത്ര ദേശരാഷ്ട്രമായി പ്രഖ്യാപിച്ചു കഴിഞ്ഞ ഘട്ടത്തിൽ, പ്രധാനമായും മൂന്ന് നാട്ടുരാജ്യങ്ങളെ മുൻനിർത്തിയാണ് ഇന്ത്യ-പാക്കിസ്ഥാൻ ചർച്ച വികസിച്ചിരുന്നത്; കാശ്മീർ, ഹൈദരാബാദ്, ജുനഗർ എന്നീ മൂന്ന് നാട്ടുരാജ്യങ്ങളായിരുന്നു അവ. ഇന്ത്യ സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോൾ, ജുനഗറിലെ ദിവാൻ തങ്ങൾ പാക്കിസ്ഥാനിൽ ലയിക്കാൻ തീരുമാനിച്ചിരിക്കുന്നു എന്ന നിലപാട് പ്രഖ്യാപിച്ചു. യഥാർത്ഥത്തിൽ ഇതിനു ശേഷമാണ് ആദ്യമായി ഹിതപരിശോധന (Plebiscite) ആകാം എന്ന നിലപാട് ഇന്ത്യ കൈക്കൊള്ളുന്നത്. തുടർന്ന് കശ്മീർ വിഷയത്തിലും ഹിതപരിശോധന ആകാം എന്ന നിലപാട് ഇന്ത്യ സ്വീകരിച്ചു.
370-ാം വകുപ്പുമായി ബന്ധപ്പെട്ട ചർച്ചകളിലുടനീളം, കാശ്മീർ വിഷയം നെഹ്റുവിനു പകരം സർദാർ വല്ലഭായ് പട്ടേൽ ആയിരുന്നു കൈകാര്യം ചെയ്തിരുന്നതെങ്കിൽ ഒരിക്കലും 370-ാം വകുപ്പ് എന്ന ഒരു തെറ്റ് സംഭവിക്കില്ലായിരുന്നുവെന്നും ‘പാക് അധിനിവേശ കാശ്മീർ’ (POK) എന്നു വിളിക്കപ്പെടുന്ന പ്രദേശങ്ങളുൾപ്പടെ ഇന്ത്യയുടെ ഭാഗമാകുമായിരുന്നുവെന്നും ഉള്ള വാദങ്ങൾ സംഘപരിവാർ പ്രതിനിധികളും ഇന്ത്യൻ പൊതുബോധവും ഉറച്ചു വിശ്വസിക്കുകയും മുന്നോട്ടുവെക്കുകയും ചെയ്തു. ഇന്ത്യൻ പൊതുബോധത്തിന്റെ ഈ ധാരണകളെയെല്ലാം സിനിമ പിന്താങ്ങുന്നുണ്ട്. എങ്ങനെയെന്നാൽ, 370-ാം വകുപ്പ് രാഷ്ട്രീയമായി അബദ്ധവും നയപരമായി ഒരു ദുരന്തവുമാണെന്ന സന്ദേശം കാശ്മീർ ഫയൽസ് മുന്നോട്ടുവെക്കുന്നുണ്ട്. 370-ാം വകുപ്പിനെ അട്ടിമറിക്കുന്ന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇതേ വാദം മുന്നോട്ടുവെച്ചിരുന്നു എന്നത് ചേർത്തു വായിക്കണം. 1989-90 കാലഘട്ടത്തിലെ കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയുടെയും കാശ്മീർ പ്രശ്നത്തിന്റെയും മർമ്മമെന്ന നിലയിൽ സിനിമ മുന്നോട്ടു വെക്കുന്ന സുപ്രധാന വാദമെന്ന നിലക്ക് സവിശേഷമായ വിശകലനം ഈ വാദം അർഹിക്കുന്നുണ്ട്.
ചരിത്രപരമായി കാശ്മീരിന്റെ പ്രത്യേക പദവിയും വിപുലമായ സ്വയം ഭരണാവകാശവും ഒരു രാഷ്ട്രീയാബദ്ധവും നയപരമായ വീഴ്ച്ചയുമായിരുന്നോ? പട്ടേൽ കാശ്മീർ വിഷയം കൈകാര്യം ചെയ്തിരുന്നെങ്കിൽ കാശ്മീർ സമ്പൂർണമായി ഇന്ത്യക്കൊപ്പം നിൽക്കുമായിരുന്നോ?
1947-ൽ കാശ്മീർ, ഹൈദരാബാദ്, ജുനഗർ എന്നീ നാട്ടുരാജ്യങ്ങളെ സംബന്ധിച്ച ഇന്തോ-പാക് ചർച്ചകൾ നടക്കുന്ന ഘട്ടത്തിൽ, മൗണ്ട് ബാറ്റൺ പ്രഭുവും ജിന്നയും നെഹ്റുവും പട്ടേലും പങ്കെടുത്ത ഒരു യോഗത്തിൽ, കാശ്മീരിനു പകരം ജുനഗർ ഇന്ത്യക്കു വിട്ടു നൽകാൻ തയ്യാറാണ് എന്നും അതിലൂടെ നാട്ടുരാജ്യങ്ങളുടെ പ്രശ്നം പരിഹരിക്കാമെന്നുമുള്ള ഒരു പരിഹാര സിദ്ധാന്തം ജിന്ന ഇന്ത്യൻ പ്രതിനിധികൾക്കു മുമ്പാകെ സമർപ്പിക്കുന്നുണ്ട്. എന്നാൽ ഈ പരിഹാര സിദ്ധാന്തം തള്ളിക്കളഞ്ഞു കൊണ്ട് പട്ടേൽ മുന്നോട്ടുവെച്ച പരിഹാരം, ഹൈദരാബാദ് ഇന്ത്യക്കു വിട്ടു നൽകാമെങ്കിൽ കാശ്മീർ പാകിസ്ഥാനു വിട്ടു നൽകാൻ തങ്ങൾ തയ്യാറാണ് എന്നതാണ്. ഇക്കാര്യം 1947 നവംബർ 11-ാം തിയ്യതി, ആദ്യമായി ഇന്ത്യൻ സൈന്യം ജുനഗറിലേക്ക് നീങ്ങിയ ഘട്ടത്തിൽ, പട്ടേൽ നടത്തിയ ഒരു പൊതു പരിപരിപാടിയിൽ അദ്ദേഹം വ്യക്തമാക്കുന്നുണ്ട്; “ഹൈദരാബാദ് വിട്ടുനൽകാൻ നിങ്ങൾ തയ്യാറാണെങ്കിൽ കാശ്മീർ വിട്ടുതരാൻ ഞങ്ങളും തയ്യാറാണെന്ന് പാക്കിസ്ഥാനികളോട് ഞങ്ങൾ പറഞ്ഞിട്ടുണ്ട്” എന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചുരുക്കത്തിൽ സംഘപരിവാരിന്റെ പ്രചരണത്തിന് വിഭിന്നമായി, 1947-ൽ തന്നെ ഹൈദരാബാദിന് പകരം കാശ്മീർ പാകിസ്ഥാന് കൈമാറാൻ പട്ടേൽ ഒരുക്കമായിരുന്നു. മാത്രമല്ല, 370-ാം വകുപ്പ് പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ എകപക്ഷീയമായ തീരുമാനമായിരുന്നു എന്നും പട്ടേൽ അതിന് എതിരായിരുന്നു എന്ന വാദവും ചരിത്രപരമായി അടിസ്ഥാനരഹിതമാണ്. അത് ബോധ്യപ്പെടാൻ പ്രസ്തുത വാദത്തെ ഭരണഘടനാ ചരിത്രത്തെ മുൻനിർത്തി വിശകലനം ചെയ്യണം.
പാക്കിസ്ഥാൻ പിന്തുണയോടെ പശ്തൂൺ ആദിവാസി ഗോത്ര വിഭാഗം കാശ്മീരിലേക്ക് നടത്തിയ സൈനിക മുന്നേറ്റത്തെ തടയാൻ മഹാരാജാ ഹരി സിംഗ് ഇന്ത്യയുടെ സൈനിക സഹായം തേടുന്ന ഘട്ടത്തിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് 1947 ഒക്ടോബറിൽ ഹരി സിംഗ് ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനൊപ്പം ലയിപ്പിക്കുന്നത്. സ്വതന്ത്ര നാട്ടുരാജ്യമായ ജമ്മു കാശ്മീരിനെ ഇന്ത്യൻ യൂണിയനൊപ്പം ചേർക്കുന്നതിനായി ഇന്ത്യയും കാശഅമീരും ഒപ്പുവെച്ച ഔദ്യോഗിക ഉടമ്പടിയാണ് ‘Instrument of accession’ എന്നറിയപ്പെടുന്നത്. ഇന്ത്യൻ യൂണിയനും യൂണിയന്റെ ഭാഗമാകുന്ന പ്രദേശവും തമ്മിലുള്ള ബന്ധം, ഇന്ത്യൻ യൂണിയന്റെ പ്രസ്തുത പ്രദേശത്തിന്മേലുള്ള നിർമനിർമാണാധികാര പരിധി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഥമ രേഖ കൂടിയാണ് ‘Instrument of Accession’. അഥവാ, ഇന്ത്യൻ യൂണിയന്റെ ഭാഗമാവുന്ന പ്രദേശങ്ങളും ഇന്ത്യൻ യൂണിയനും തമ്മിലുള്ള ബന്ധത്തെ നിർവചിക്കുന്ന രേഖ കൂടിയാണിത്. ഈ ഉടമ്പടി പ്രകാരം പ്രതിരോധം, വിദേശകാര്യം, വാർത്താവിനിമയം എന്നീ മൂന്ന് വിഷയങ്ങളൊഴികെയുള്ള ഒരു വിഷയത്തിന്മേലും ഇന്ത്യൻ ഭരണകൂടത്തിന് കാശ്മീരിൽ നിയമനിർമാണ അധികാരം ഉണ്ടായിരിക്കുന്നതല്ല. 1948 മാർച്ച് മാസത്തിൽ, ഹരി സിംഗ്, കാശ്മീരിലെ അക്കാലത്തെ ഏറ്റവും ജനകീയ നേതാവായിരുന്ന ശെയ്ഖ് മുഹമ്മദ് അബ്ദുല്ലയെ കശ്മീരിന്റെ ഇടക്കാല പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തു, അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഒരു ഇടക്കാല മന്ത്രി സഭയും ഗവൺമെന്റും രൂപീകരിക്കപ്പെട്ടു.
1948-ൽ രൂപീകരിക്കപ്പെട്ട പ്രസ്തുത ഗവൺമെന്റിന് ഒരു ഭരണഘടനാ നിർമ്മാണ സഭ രൂപീകരിക്കാനും കാശ്മീരിനു വേണ്ടി പ്രത്യേക ഭരണഘടന രൂപപ്പെടുത്താനുമുള്ള ചുമതല കൂടി നൽകപ്പെട്ടു. നിയമപ്രകാരം, ഇന്ത്യൻ ഭരണഘടനയുടെ ഭാഗമായ, ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയോ ഭാവിയിൽ ഇന്ത്യൻ പാർലിമെന്റോ പാസാക്കുന്ന ഒരു വകുപ്പം സ്വാഭാവികമായൊ സ്വമേധയോ കാശ്മീരിന് ബാധകമാവില്ല. മറിച്ച് ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദങ്ങൾ കാശ്മീരിന് ബാധകമാവമെന്നുണ്ടെങ്കിൽ പ്രസ്തുത വകുപ്പ് കാശ്മീർ ഭരണഘടനാ സമിതി അത് തങ്ങളുടെ ഭരണഘടനയിൽ എഴുതിച്ചേർക്കണം, അതായിരുന്നു വ്യവസ്ഥ. എങ്കിൽ മാത്രമേ രണ്ടു ഭരണഘടനകൾക്കും പരസ്പരം സംഘർഷങ്ങളില്ലാതെ മുന്നോട്ടു പോകാനാവൂ. ഈ നിയമത്തിന്റെ തുടർച്ചയായി, ഇന്ത്യൻ യൂണിയനും ജമ്മു കാശ്മീരും തമ്മിലുള്ള ഭരണഘടനാ ബന്ധത്തെ സംബന്ധിച്ച നയരൂപരേഖയും മറ്റു നിയമങ്ങളും തീരുമാനിക്കുക എന്ന ലക്ഷ്യത്തോടെ ശെയ്ഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ മൂന്ന് സഹപ്രവർത്തകരും ഇന്ത്യൻ ഭരണഘടനാ നിർമ്മാണ സഭയുടെ ഭാഗമായി.
1949 മെയ് 15, 16 തിയ്യതികളിലാണ് ശെയ്ഖ് അബ്ദുല്ലയും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും കോൺഗ്രസ് പാർട്ടിയുടെ പാർലിമെന്ററി നേതൃത്വവും ആദ്യമായി യോഗം ചേരുന്നത്. പട്ടേലിന്റെ വീട്ടിൽ വെച്ച് നടന്ന യോഗത്തിൽ നെഹ്റുവും പങ്കെടുത്തിരുന്നു. തുടർന്ന് 370-ാം വകുപ്പിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട് അഞ്ച് മാസക്കാലം നീണ്ടു നിന്ന ദീർഘവും സങ്കീർണവുമായ ചർച്ചകളുടെ ചുമതല എൻ ഗോപാലസ്വാമി അയ്യങ്കാർ എന്ന കോൺഗ്രസ് നേതാവിനായിരുന്നു. അദ്ദേഹം കാശ്മീരിന്റെ ദിവാനായി ദീർഘകാലം പ്രവർത്തിച്ച് പരിചയമുള്ളയാളും ചർച്ചയുടെ ചുമതല വഹിക്കുന്ന ഘട്ടത്തിൽ ഗവൺമെന്റ് ഓഫ് ഇന്ത്യയിൽ വകുപ്പു നിശ്ചയിക്കപ്പെട്ടിട്ടില്ലാത്ത ഒരു മന്ത്രിയുമായിരുന്നു.
അഞ്ചു മാസക്കാലം നീണ്ടു നിന്ന ചർച്ചകൾക്കൊടുവിൽ 370-ാം വകുപ്പിന്റെ സ്വഭാവത്തെ സംബന്ധിച്ച് (തുടക്കത്തിൽ 306 – A വകുപ്പായിരുന്നു, പിന്നിടാണ് അത് 370-ാം വകുപ്പായി ഭരണഘടനയിൽ ഉൾപ്പെടുത്തിയത്) ധാരണയായപ്പോൾ, എൻ ഗോപാലസ്വാമി അയ്യങ്കാർ സർദാർ വല്ലഭായ് പട്ടേലിന് ഒരു കത്തെഴുതുന്നുണ്ട്. അതിൽ അദ്ദേഹം എഴുതുന്നത് ഇപ്രകാരം ആണ്: “ഈ വകുപ്പിലെ എല്ലാ വ്യവസ്ഥകളും താങ്കൾക്ക് സ്വീകാര്യമാണെന്ന് നെഹ്റു ജീയെ താങ്കൾ നേരിട്ട് അറിയിക്കാമോ. നിങ്ങൾ അംഗീകരിച്ചാൽ മാത്രമേ നെങ്രു ജി ഷെയ്ഖ് അബ്ദുല്ലയ്ക്ക് കത്തയക്കുകയുള്ളൂ”. ഈ രേഖകളെല്ലാം സൂചിപ്പിക്കുന്നത് കാശ്മീരീന് പ്രത്യേക പദവിയും വിപുലമായ സ്വയംഭരണാവകാശങ്ങളും നൽകുന്നതിന് പട്ടേൽ എതിരായിരുന്നില്ല എന്നും സംഘപരിവാർ പ്രചരണത്തിൽ നിന്ന് വ്യത്യസ്തമായി, പട്ടേൽ 370-ാം വകുപ്പിന്റെ ശക്തനായ വക്താവായിട്ടുമാണ് ചരിത്രത്തിൽ കാണപ്പെടുന്നത് എന്നുമാണ്.
ഇതിൽ നിന്ന് വ്യക്തമാവുന്ന ഒരു കാര്യം, ‘കാശ്മീർ ഫയൽസ്’ എന്ന സിനിമ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിരുദ്ധമായി, 370-ാം വകുപ്പ് ഒരു നയതന്ത്ര വീഴ്ച്ചയോ രാഷ്ട്രീയാബദ്ധമോ ആയിരുന്നില്ലെന്നും മറിച്ച് കാശ്മീരി ജനതയുടെ താൽപര്യത്തെ മുൻനിർത്തി കാശ്മീരി രാഷ്ട്രീയ നേതൃത്വവും ഇന്ത്യയുടെ താൽപര്യം മുൻനിർത്തി ഇന്ത്യൻ രാഷ്ട്രീയ നേതൃത്വവും വളരെ വിശദമായി തന്നെ ചർച്ച ചെയ്ത് എടുത്ത ഒരു നീക്കമായിരുന്നു അതെന്നാണ്. മാത്രമല്ല ഈ ഘട്ടത്തിലെല്ലാം തന്നെ ഇന്ത്യ കാശ്മീരിൽ ഒരു ഹിതപരിശോധന നടത്തും എന്ന തങ്ങളുടെ ഉറപ്പ് വീണ്ടും ഉയർത്തി പിടിക്കുന്നുണ്ട് എന്ന വസ്തുതയും പ്രത്യേകം ശ്രദ്ധ അർഹിക്കുന്നുണ്ട്.
ഈയൊരു ചരിത്രപശ്ചാത്തലത്തിൽ നിന്ന് വേണം ആർട്ടിക്ക്ൾ 370-ാം വകുപ്പ് ആണ് കശ്മീരിൽ വിഘടനവാദത്തെയും അസ്ഥിരതയെയും രൂപപ്പെടുത്തിയത് എന്നും അശാന്തിയുടെ പ്രസ്തുത സാഹചര്യത്തിലാണ് ക്രൂര മുസ്‌ലിങ്ങൾ കശ്മീരി രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണയോടെ കാശ്മീരിലെ പണ്ഡിറ്റുകളെ കൊല്ലുകയും നാടുകടത്തുകയും ചെയ്തത് എന്ന വാദത്തെ നാം പരിശോധിക്കാൻ.
കാശ്മീരിൽ അശാന്തിയുടെ വിത്തുകൾ പാകിയത് കാശ്മീരിന് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകിയ സ്വാന്ത്രത്തിലേക്കും സ്വയം ഭരണാവകാശത്തിലേക്കും അധിനിവേശം നടത്താൻ ശ്രമിച്ച ഇന്ത്യൻ ഭരണകൂടങ്ങളാണെന്ന് ചരിത്രകാരനും മുൻ ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗവുമായിരുന്ന ശ്രീനാഥ് രാഘവൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
രാജഭരണത്തിനു കീഴിൽ, ബ്രാഹ്മണ്യത്തിന്റെ സാംസ്കാരിക അധിവേശത്താലും സാമ്പത്തിക രാഷ്ട്രീയ അനീതിയാലും അടിച്ചമർത്തപ്പെടുകയും ഹിംസിക്കപ്പെടുകയും ചെയ്തുകൊണ്ടിരുന്ന കാശ്മീരികളുടെ ജീവിത സാഹചര്യങ്ങളെ മറികടക്കാൻ വിപുലവും വിപ്ലവാത്മകവുമായ പദ്ധതികളാണ് ശെയ്ഖ് അബ്ദുല്ലക്കുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ‘നയാ കാശ്മീർ അജണ്ട്’ എന്നത് കാശ്മീരിന്റെ സമഗ്രാ പുരോഗതിയെ ലക്ഷ്യം വെച്ചുകൊണ്ടുള്ള, കാശ്മീരി ജനതയുടെ സാംസ്കാരിക സാമ്പത്തിക വിമോചനത്തെ അനിവാര്യവും സാധ്യവും ആക്കുന്ന തരത്തിൽ ഉള്ളവയായിരുന്നു. ഈ ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു കാശ്മീർ പ്രധാനമന്ത്രിയാവുന്നതിനു മുമ്പുള്ള അദ്ദേഹത്തിന്റെ പ്രക്ഷോഭങ്ങളും സമരങ്ങളും. ഒരു ഭരണാധികാരി എന്ന നിലയിൽ ഉള്ള അദ്ദേഹത്തിന്റെ സാമൂഹിക വീക്ഷണത്തിന്റെയും, കാശ്മീരി രാഷ്ട്രീയത്തെ നൈതികവൽക്കരിക്കുകയും ജനാധിപത്യവൽക്കരിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് അദ്ദേഹം 1951-ൽ നെഹ്റുവിന് എഴുതിയ കത്തിൽ തങ്ങളുടെ ഭരണാധികാരിയായി മഹാരാജാവിനെയോ അത്തരത്തിലുള്ള രാജപരമ്പരയിലുള്ള ഭരണാധികാരികളെയോ ആവശ്യമില്ല, മറിച്ച് തിരഞ്ഞെടുക്കപ്പെട്ട ‘സദർ-എ-റിയാസത്’ ആയിരിക്കണം ജമ്മു കാശ്മീരിന്റെ തലവൻ ആയിരിക്കേണ്ടത് എന്ന നയം സ്വീകരിക്കുന്നത്. 1952-ലെ ഡൽഹി ഉടമ്പടിയിലൂടെ ഇന്ത്യാ ഗവൺമെന്റ് പ്രസ്തുത ആവശ്യത്തെ അംഗീകരിച്ചിരുന്നു. പ്രസ്തുത നയം, കാശ്മീരി ജനതയുടെ മുന്നിൽ കാശ്മീരി ഭരണകൂടത്തെ സുതാര്യവും ജനകീയവുമാക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയായിരുന്നു എന്ന് ‘ശെയ്ഖ് മുഹമ്മദ് അബ്ദുല്ല; ട്രാജിക് ഹീറോ ഓഫ് കാശ്മീർ’ എന്ന പുസ്തകത്തിൽ അജിത് ഭട്ടാചർജീ വ്യക്തമാക്കുന്നുണ്ട്.
തുടർന്ന് അദ്ദേഹം നടപ്പാക്കിയ ഭൂപരിഷ്ക്കരണം കാശ്മീരിലെ ബ്രാഹ്മണ്യ സാമ്പത്തിക ചൂഷണത്തിന് തടയിടുന്നതും സാമ്പത്തികമായ വിമോചനം സാധ്യമാക്കിയതും ആയിരുന്നുവെന്ന് ഡേവിഡ് ദേവദാസ് ‘ദി സ്റ്റോറി ഓഫ് കാശ്മീർ’ എന്ന ഗ്രന്ഥത്തിൽ വിശദീകരിക്കുന്നുണ്ട്. കാശ്മീരിലെ കർഷകരും തൊഴിലാളികളും ഏറ്റെടുത്ത, കശ്മീരിന്റെ ഭാവിയെ തന്നെ നിർണായകമായി സ്വാധീനിച്ച Land to the tiller എന്ന പ്രസ്തുത നയം ഇന്ത്യയിൽ സമാനതകളില്ലാത്ത ഒന്നാണ്. അതിനു മുമ്പ്, കാശ്മീർ താഴ്വരയിലെ ഫലഭൂയിഷ്ടമായ ഭൂമിയുടെ നല്ലൊരു പങ്കും കൈവശം വച്ചിരുന്ന ഡോഗ്ര രാജവംശത്തിന്റെയും കാശ്മീരി പണ്ഡിറ്റുകളുടെയും കയ്യിൽ നിന്ന് ഭൂമി പിടിച്ചെടുത്തു കൊണ്ട് അവ കർഷകർക്കും ഭൂമി ഇല്ലാത്തവർക്കും കൈമാറാനുള്ള ഈ പദ്ധതിയാണ് ശെയ്ഖ് അബ്ദുല്ലയെ കാശ്മീരിലെ എറ്റവും ജനകീയനായ നേതാവ് എന്ന നിലയിലേക്ക് ഉയർത്തിയത്. എന്നാൽ രാജ കുടുബാംഗങ്ങളിൽ നിന്നും ജന്മിമാരിൽ നിന്നും പിടിച്ചെടുത്ത ഭൂമിക്കു പകരമായി നഷ്ടപരിഹാരം നൽകേണ്ടതില്ല എന്ന നിലപാടായിരുന്നു ശെയ്ഖ് അബ്ദുല്ലക്കുണ്ടായിരുന്നത്. ഇന്ത്യൻ ഭരണഘടനയിൽ ആദ്യ ഘട്ടത്തിൽ സ്വത്തുടമസ്ഥാവകാശം എന്നത് മൗലികാവകാശമായിരുന്നു. ആയിരിക്കെ, ഭൂപരിഷ്ക്കരണത്തിന്റെ ഭാഗമായി സർക്കാർ എറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നത് ഒരു സ്വാഭാവിക നടപടിയാണെന്ന് വന്നു. ഇതുകൊണ്ടാണ് ഇന്ത്യൻ ഭരണഘടനയുടെ മൗലികാവകാശങ്ങൾ പ്രതിപാദിക്കുന്ന വകുപ്പുകൾ ജമ്മു കാശ്മീർ ഭരണഘടനയുടെ ഭാഗമാകാതിരുന്നത് എന്ന് ശ്രീനാഥ് രാഘവൻ നിരീക്ഷിക്കുന്നുണ്ട്. ഇത്തരത്തിൽ ഭൂപരിഷ്ക്കരണത്തിലൂടെയും രാഷ്ട്രീയ പരിഷ്‌ക്കരണത്തിലൂടെയും രാഷ്ട്രീയ-സാമ്പത്തിക അധീശത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട കാശ്മീരിലെ ഡോഗ്ര, പണ്ഡിറ്റ് വിഭാഗങ്ങളാണ് കശ്മീരിന്റെ സ്വയം ഭരണാവകാശത്തിനെതിരെ ശക്തമായി നിലകൊണ്ടത്. ഡോഗ്ര സവർണ വിഭാഗത്തിന്റെ സംഘടനയായ പ്രജ പരിഷത്ത് 370-ാം വകുപ്പിനെതിരെ നിലപാടെടുത്തത്തും പിന്നീട് ജനസംഘം ദേശീയ തലത്തിൽ കശ്മീരിന്റെ പ്രത്യേക പദവിക്കെതിരെ നിലപാടെടുത്തതും സവർണ വിഭാഗങ്ങളുടെ രാഷ്ട്രീയ സംസ്ക്കാരിക സാമ്പത്തിക അധീശത്വത്തെ റദ്ദു ചെയ്യുന്ന ഇത്തരം പരിഷ്ക്കരണ നടപടികളുടെ പശ്ചാത്തലത്തിണ് എന്നു ശ്രീനാഥ് രാഘവൻ നിരീക്ഷിക്കുന്നുണ്ട്.
ഇത്തരമൊരു പശ്ചാത്തലത്തിൽ ശക്തിയാർജ്ജിച്ച സവർണ രാഷ്ട്രീയ തൽപര കക്ഷികളുടെ ശക്തമായ സമ്മർദ്ദമാണ് 1953-ൽ ശെയ്ഖ് അബ്ദുല്ലയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് പുറത്താക്കാൻ നെഹ്റുവിനെ പ്രേരിപ്പിച്ച ഘടകങ്ങളിൽ ഒന്ന് എന്ന് The parchment of kashmir എന്ന പുസ്തകത്തിൽ നൈല അലി ഖാൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. 1972-ൽ ഷിംല ഉടമ്പടി ഒപ്പിടുന്ന ഘട്ടത്തിൽ, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്ക് അവരുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി.എൻ ഹക്സർ എഴുതിയ ഒരു കത്തിൽ, 1953-ൽ ശെയ്ഖ് അബ്ദുല്ലയെ പിരിച്ചുവിട്ട നടപടിയെ ‘Original sin in Kashmir’ എന്നാണ് വിശേഷിപ്പിച്ചത്.
1953-ൽ ശെയ്ഖ് അബ്ദുല്ലയെ പിരിച്ചു വിട്ട നെഹ്റുവിന്റെ നടപടിയെ കാശ്മീരിന്റെ സ്വാന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായാണ് കാശ്മീരിലെ ജനങ്ങൾ വിലയിരുത്തിയത്. അതിനു ശേഷം, കാശ്മീരിനെതിരെ നടന്ന നിരവധിയായ കടന്നു കയറ്റങ്ങളും തിരഞ്ഞടുപ്പ് ക്രമക്കേടുകളും ഇന്ത്യൻ സൈന്യം നടത്തിയ കൂട്ടകൊലകളും ലൈംഗികാതിക്രമങ്ങളും പ്രസിഡന്റ് ഭരണവും കാശ്മീരികൾക്കെതിരെ സംഘപരിവാർ സംഘടനകളും പ്രസ്ഥാനങ്ങളും അഴിച്ചുവിട്ട വംശീയ പ്രചരണങ്ങളുമൊക്കെയാണ് കാശ്മീരിലെ യുവാക്കൾക്കിടയിൽ ഇന്ത്യാ വിരുദ്ധ വികാരം ശക്തിപ്പെടുത്തിയതെന്ന് സുമാന്ത്ര ബോസ് എഴുതിയ ‘Kashmir at the Crossroads’ എന്ന പുസ്തകത്തിൽ നടത്തുന്ന നിരീക്ഷണം പ്രസക്തമാണ്.
ഇത്തരത്തിലുള്ള ,1953-ൽ ജവഹർലാൽ നെഹറു ആരംഭിക്കുകയും പിന്നീട് വന്ന എല്ലാ കേന്ദ്ര ഭരണകൂടങ്ങളും തുടരുകയും നരേന്ദ്ര മോദി സർക്കാർ പൂർത്തീകരിക്കുകയും ചെയ്ത കാശ്മീരിന്റെ സ്വയം ഭരണാധികാരവും സ്വാതന്ത്ര്യവും റദ്ദു ചെയ്യുന്ന അടിച്ചമർത്തലും അനീതിയും നിറഞ്ഞ നടപടികളാണ് കാശ്മീർ താഴ്വരയെ ഇത്രമേൽ സങ്കീർണവും സംഘർഷഭരിതവുമാക്കിയത്. കാശ്മീർ ഫയൽസ് പറഞ്ഞുവെക്കുന്നതിൽ നിന്ന് വ്യത്യസ്തമായി, 370-ാം വകുപ്പിലൂടെ കാശ്മീരി ജനതക്ക് നൽകിയ സ്വയം ഭരണാവകാശത്തെയും കാശ്മീർ ഭരണഘടന കാശ്മീർ പൗരന്മാർക്ക് നൽകുന്ന സ്വാതന്ത്രത്തെയും രാഷ്ട്രീയ-സാമ്പത്തിക-സാമൂഹികാവകാശങ്ങളെയും അട്ടിമറിച്ചതാണ് കാശ്മീരിനെ സംഘർഷഭരിതമാക്കിയത്.
പ്രസ്തുത സംഘർഷാവസ്ഥ രൂക്ഷമായ ഘട്ടത്തിലാണ്, കാശ്മീർ ഫയൽസ് എന്ന ഈ സിനിമ കൈകാര്യം ചെയ്യുന്ന കാശ്മീരി പണ്ഡിറ്റുകൾക്കു നേരെ ആക്രമണങ്ങൾ സംഭവിക്കുകയും അവർ പലായനം ചെയ്യുകയും ചെയ്യുന്നത്.
2002-ൽ ഗുജറാത്തിലും 2013-ൽ മുസഫർ നഗറിലും 2020-ൽ ഡൽഹിയിലും സംഭവിച്ചതു പോലെ, ഒരു സംസ്ഥാനത്തെ ഭൂരിപക്ഷ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങളുടെ പിന്തുണയിലും നേതൃത്വത്തിലും നടന്ന ഒരു വംശഹത്യ എന്ന നിലയിൽ ആണ് കാശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകത്തെ സംവിധായകനായ വിവേക് അഗ്നിഹോത്രി ചിത്രീകരിച്ചിരിക്കുന്നത്. എന്നാൽ, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഭരണകൂടത്തിന്റെ പിന്തുണയോടെ, ഭൂരിപക്ഷ സമുദായം ന്യൂനപക്ഷ വിഭാഗത്തിന് നേരെ നടത്തിയ വംശഹത്യ ആയിരുന്നില്ല 1989-90 കാലഘട്ടത്തിൽ കശ്മീരിൽ നടന്നത്. പ്രധാനപ്പെട്ട മറ്റൊരു കാര്യം, സിനിമ പറയുന്നതു പോലെ, കാശ്മീരി പണ്ഡിറ്റുകളെ കൊല്ലാനും അവരുടെ സമ്പത്ത് കൊള്ളയടിക്കാനും സ്ത്രീകളെ അതിക്രമിക്കാനും അവസരം കാത്തിരുന്ന കാശ്മീരീ മുസ്‌ലിങ്ങൾ എല്ലാവരും ചേർന്ന് കാശ്മീരി പണ്ഡിറ്റുകളെ വധിക്കുകയോ പുറത്താക്കുകയോ ചെയ്യുകയായിരുന്നില്ല. മറിച്ച് വളരെ വ്യത്യസ്തമായ മറ്റൊരു രാഷ്ട്രീയ സാമൂഹിക അന്തരീക്ഷമായിരുന്നു 1989-90 ഘട്ടത്തിൽ കാശ്മീരിൽ ഉണ്ടായിരുന്നത്.
മുൻപ് സൂചിപ്പിച്ചതു പോലെ, 1953-ൽ ജവഹർ ലാൽ നെഹ്റുവിന്റെ ഭരണകാലത്ത് തന്നെ ആരംഭിക്കുന്ന, കാശ്മീരിന്റെ പ്രത്യേകാവകാശത്തെയും സ്വയം ഭരണാധികാരത്തെയും തുടർച്ചയായി അട്ടിമറിച്ചു കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങൾ, ഇന്ത്യയും കശ്മീർ ജനതയും തമ്മിലുള്ള ബന്ധത്തെ നയതന്ത്രപരമായും രാഷ്ട്രീയമായും ഏറെ സങ്കീർണവും സംഘർഷഭ രിതവുമാക്കിയിരുന്നു. ആ സാഹചര്യത്തിൽ, കാശ്മീരിന്റെ സ്വാതന്ത്ര്യം, ആത്മാഭിമാനം, നീതി എന്നീ ലക്ഷ്യങ്ങളെയും കാശ്മീരിന്റെ സാംസ്ക്കാരിക സ്വത്വത്തെ മുൻനിർത്തിയുള്ള, കാശ്മീരി ജനതയുടെ വിമോചനത്തെയും വിഭാവന ചെയ്യുന്ന മൂന്ന് തരത്തിലുള്ള വീക്ഷണങ്ങളാണ് പ്രധാനമായും കാശ്മീരിൽ ഉണ്ടായിരുന്നത്; ഇന്ത്യക്കൊപ്പം തന്നെ തുടരണമെന്ന് വാദിക്കുന്ന ഇന്ത്യാ അനുകൂല വാദക്കാർ, കാശ്മീർ പാക്കിസ്ഥാനുമായി ലയിച്ച് പാക്കിസ്ഥാന്റെ ഭാഗമാകണമെന്ന് വാദിക്കുന്ന പാക്കിസ്ഥാൻ അനുകൂല വാദക്കാർ, ഇന്ത്യക്കൊപ്പമോ പാക്കിസ്ഥാനൊപ്പമോ ചേരാതെ കാശ്മീർ ഒരു സ്വതന്ത്ര രാജ്യമായി നിലനിൽക്കണമെന്ന് വാദിക്കുന്നവർ. എന്നാൽ സിനിമയിൽ അവസാനത്തെ രണ്ടു വിഭാഗത്തെയും തീവ്രവാദികളായി ചിത്രീകരിച്ചു കൊണ്ടാണ് കഥ മുന്നോട്ടു പോകുന്നത്. ഈ വിഭാഗം, കാശ്മീരിലെ മുസ്‌ലിങ്ങളുമായി ഒത്തുചേർന്നു കൊണ്ട് പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്യുകയായിരുന്നു എന്നാണ് സിനിമ മുന്നോട്ടു വയ്ക്കുന്ന വാദം. എന്നാൽ, ഇന്ത്യൻ ചാര സംഘടനയായ RAW മുൻ മേധാവിയും കാശ്മീർ വിഷയത്തിൽ പ്രഗത്ഭനുമായ എ.എസ് ദുല്ലത്ത് വ്യക്തമാക്കുന്നതു പോലെ, മുസ്‌ലിങ്ങൾ കാശ്മീരി പണ്ഡിറ്റുകൾക്കെതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നില്ല, മറിച്ച് ഇന്ത്യനനുകൂല വാദമുള്ള പലരും അവരുടെ സ്വത്വം നോക്കാതെ തന്നെ ആക്രമിക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട് എന്നദ്ദേഹം വ്യക്തമാക്കുന്നുണ്ട്: “പണ്ഡിറ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്, എന്നാൽ അതിലുമെത്രയോ അധികം മുസ്‌ലിങ്ങളും സായുധരാൽ കൊല ചെയ്യപ്പെട്ടിട്ടുണ്ട്, അവരും പലായനം ചെയ്തിട്ടുണ്ട്” എന്നാണദ്ദേഹം പറഞ്ഞത്. 1989-90 കാലഘട്ടത്തിലെ സംഘർഷഭരിതമായ പ്രസ്തുത സാഹചര്യത്തിൽ എല്ലാ സമുദായത്തിൽ നിന്നുള്ളവർക്കും പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്, പലർക്കും ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ വസ്തുതയെ മൂടിവച്ചു കൊണ്ട്, വംശീയവാദികളായ മുസ്‌ലിങ്ങൾ കാശ്മീർ പണ്ഡിറ്റുകളെ വംശീയമായി ഉന്മൂലനം ചെയ്യുകയായിരുന്നു എന്ന സിനിമ മുന്നോട്ടുവെക്കുന്ന സന്ദേശം ചരിത്രപരമായി തെറ്റും സമൂഹത്തിൽ ഇസ്‌ലാമോഫോബിക്കുമാണ്, അതിനാൽ തന്നെ സിനിമയുടെ രാഷ്ട്രീയവും ലക്ഷ്യവും ചോദ്യം പ്രശ്നവത്ക്കരിക്കേണ്ടതുണ്ട്. 1989-90 ഘട്ടത്തിൽ 4000 കാശ്മീരി പണ്ഡിറ്റുകൾ കൊല്ലപ്പെട്ടു എന്നും 5 ലക്ഷം പേർ പാലായനം ചെയ്തുവെന്നും സിനിമയിൽ പറയുന്നു, എന്നാൽ പ്രസ്തുത കണക്കുകൾക്ക് അടിസ്ഥാനമില്ലെന്നാണ് രേഖകൾ വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രേഖകൾ പ്രകാരം 219 കാശ്മീരി പണ്ഡിറ്റുകളാണ് 1989 മുതലുള്ള കാലഘട്ടങ്ങളിൽ കൊല്ലപ്പെട്ടിട്ടുള്ളത്. കാശ്മീരി പണ്ഡിറ്റുകളുടെ സംഘടനയായ കാശ്മീരി പണ്ഡിറ്റ് സംഘർഷ് സമിതിയുടെ കണക്കുകൾ പ്രകാരം 650 പേരാണ് കൊല്ലപ്പെട്ടിട്ടുള്ളത്. സമിതിയുടെ തന്നെ കണക്കുകൾ പ്രകാരം 1 ലക്ഷം പണ്ഡിറ്റുകൾ പാലായനം ചെയ്തിട്ടുണ്ട്. കാശ്മീർ മുൻ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുല്ലയെ ഓർമ്മിപ്പിക്കും വിധം വേഷധാരികളായ വ്യക്തി സായുധരുമായി യോഗം ചേരുന്നതും ഭീകരത അഴിച്ചുവിടാൻ അനുവദിക്കുന്നതുമായ രംഗങ്ങൾ പോലെ പലതുമുളള സിനിമയിൽ പക്ഷേ, ബി.ജെ.പി പിന്തുണയുള്ള വി.പി സിംഗ് സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ ഉള്ള സമയത്ത്, ബ്രാഹ്മണിസ്റ്റായ ജഗ്മോഹൻ ഗവർണറായ ഘട്ടത്തിൽ, കശ്മീർ പ്രസിഡന്റ് ഭരണത്തിന് കീഴിലായിരുന്ന ഘട്ടത്തിലാണ് കാശ്മീരി പണ്ഡിറ്റുകളുടെ പലായനം സംഭവിച്ചത് എന്നതിനെ കുറിച്ച് യാതൊരു പരാമർശമോ സൂചനയോ നടത്തുന്നില്ല എന്നത് ശ്രദ്ധേയമാണ്.
കാശ്മീരിൽ നിന്നും സ്വയം പലായനം ചെയ്ത 23 കാശ്മീരി പണ്ഡിറ്റുകൾ കാശ്മീരി മുസ്ലിങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് എഴുതിയ, കാശ്മീരിലെ അൽ സഫ പത്രത്തിൽ പ്രസിദ്ധീകരിച്ച കത്ത് ഈ അവസരത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന ഒരു ചരിത്ര രേഖയാണ്. പ്രസ്തുത കത്തിൽ, “ജഗ്‌മോഹനും ഞങ്ങളുടെ സമുദായത്തിലെ ചില സ്വയം പ്രഖ്യാപിത നേതാക്കളും മറ്റ് നിക്ഷിപ്ത താത്പര്യക്കാരും ചേർന്ന് കശ്മീരി പണ്ഡിറ്റ് സമുദായത്തെ ബലിയാടാക്കി എന്നതിൽ തർക്കമില്ല” എന്നാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധികൾ വ്യക്തമാക്കിയത്. തുടർന്ന് അവർ നടത്തുന്ന സുപ്രധാനമായ വെളിപ്പെടുത്തലുകൾ ഇന്ത്യൻ ഭരണകൂടവും ഇന്ത്യൻ സൈന്യം ഉൾപ്പെടെയുള്ള സായുധ വിഭാഗങ്ങളും സംഘപരിവാറും ചേർന്ന് നടത്തിയ നിഗൂഢവും പൈശാചികവുമായ രഹസ്യ അജണ്ടകളിലേക്ക് വെളിച്ചം വീശുന്നതാണ്. “ഇന്ത്യൻ സേന ഒരു വലിയ വിഭാഗം കാശ്‌മീരി മുസ്‌ലിങ്ങളെ, പ്രത്യേകിച്ച് 14-നും 25-നും ഇടയിൽ പ്രായമുള്ളവരെ കൂട്ടക്കൊല ചെയ്യാൻ പദ്ധതിയിട്ടിരുന്നുവെന്നത് ഇപ്പോൾ പരസ്യമായ രഹസ്യമാണ്. അദ്വാനി, വാജ്‌പേയി, മുഫ്തി, ജഗ്‌മോഹൻ എന്നിവർ ചേർന്നാണ് ഈ പദ്ധതിക്ക് രൂപം നൽകിയത്. സത്യസന്ധവും വിശ്വാസയോഗ്യവുമായ സ്രോതസ്സുകളിൽ നിന്നും ലഭിച്ച വിവരം അനുസരിച്ച് കാശ്മീരി പണ്ഡിറ്റുകളെ നാടുകടത്താനായിരുന്നു അവർ പദ്ധതിയിട്ടിരുന്നത്. ഇതിലൂടെ അധിനിവേശ ശക്തികൾക്കെതിരായ ബഹുജന പ്രക്ഷോഭത്തെ വർഗീയ ലഹളയായി ചിത്രീകരിക്കാനും മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്യുന്നതിനെ വർഗീയതയ്‌ക്കെതിരായ പോരാട്ടമായും ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള നടപടിയായും കാണിക്കാനായിരുന്നു ശ്രമം. ഈയൊരു സാഹചര്യത്തിലും വീക്ഷണത്തിലുമാണ് വിദേശ മാധ്യമ പ്രവർത്തകരോട് താഴ്വര വിട്ട് പോകാൻ പറഞ്ഞതും, പ്രാദേശിക മാധ്യമപ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും നമ്മൾ നോക്കി കാണേണ്ടത്. യഥാർത്ഥ പ്രശ്നത്തെക്കുറിച്ച് ലോക സമൂഹത്തെ അജ്ഞാതരാക്കുകയും അധിനിവേശ ശക്തികളുടെ ദുഷിച്ച ചിത്രം ലോകത്തിനു മുന്നിൽ നൽകാനുമായിരുന്നു അവരുടെ പദ്ധതി. ബി ജെ പി, ആർ എസ് എസ്, ശിവസേന തുടങ്ങിയ ഹിന്ദു വർഗീയ സംഘടനകൾ സംസ്ഥാന ഭരണത്തിന്റെ ഒത്താശയോടെയാണ് ഈ നാടകം നടപ്പിലാക്കിയത്[…] ഇപ്പോൾ ഞങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക് മറ്റാരുമല്ല ഉത്തരവാദികൾ, അത് ഞങ്ങൾ തന്നെയാണ്. ഞങ്ങൾ വിഡ്ഢികളായിരുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ ഞങ്ങൾ വിഡ്ഢികളാകാൻ കൂടുതൽ തയ്യാറായിരുന്നു. ഹിന്ദു വർഗീയ സംഘടനകളും, ചില നേതാക്കന്മാരും, ജഗ്‌മോഹനും എല്ലാം ഇതിന്റെ ഭാഗമായെന്നു മാത്രം…” എന്നാണ് പ്രസ്തുത കത്തിൽ അവർ വെളിപ്പെടുത്തിയതും വ്യക്തമാക്കിയതും.
മേൽ സൂചിപ്പിച്ച വസ്തുതകളൊന്നും അറിയാത്തതുകൊണ്ടല്ല വിവേക് അഗ്നിഹോത്രിയുടെ സിനിമയെ അവ ബാധിക്കാത്തത്. സ്വാതന്ത്ര്യം, നീതി, രാഷ്ട്രീയാവകാശം, സാമ്പത്തിക നീതി, സാംസ്ക്കാരിക അധിനിവേശത്തിനെതിരായ ചെറുത്തു നിൽപ്പ്, സൈനിക അധിനിവേശം, ഭരണകൂട ഹിംസ, വ്യവസ്ഥാപിതമായ അപരവൽക്കരണം, വംശീയത, ലൈംഗികാതിക്രമങ്ങൾ, ഭൂമിശാസ്ത്രപരമായുള്ള സ്ഥാനത്തിന്റെ ഭാഗമായുള്ള പ്രാധാന്യം തുടങ്ങി ഒട്ടേറെ കാരണങ്ങളാൽ സങ്കീർണമാണ് കാശ്മീർ വിഷയമെന്നും അദ്ദേഹത്തിനും സിനിമയുടെ അണിയറ പ്രവർത്തകർക്കും അറിയാം. കാശ്മീരിന്റെ പ്രത്യേക പദവിയോ സ്വയംഭരണാവകാശമോ അല്ല, മറിച്ച് ഇന്ത്യയിലെ ഹിന്ദൂ വംശീയവാദികളുടെ വംശീയമായ അധിനിവേശ നയങ്ങളാണ് കാശ്മീരിനെ അങ്ങേയറ്റം പ്രക്ഷുബ്ധമാക്കിയത്. ഈ വസ്തുത തുറന്നു കാണിക്കുന്നതിനു പകരം ചരിത്രരഹിതമായ, മുസ്‌ലിം വിദ്വേഷത്തെ ആളിപടർത്താൻ വേണ്ടി മാത്രം നിർമ്മിച്ച കാശ്മീർ ഫയൽസ് ലക്ഷ്യം വെക്കുന്നത് എന്തെന്ന് വ്യക്തമാണ്; ഇന്ത്യൻ മുസ്‌ലിങ്ങളെയും കാശ്മീരി മുസ്‌ലിങ്ങളെയും വംശീയമായി ഉന്മൂലനം ചെയാനുള്ള ഹിന്ദുത്വ അജണ്ടയെ ത്വരിതപ്പെടുത്തുക. പ്രസതുത ലക്ഷ്യത്തിൽ അവർ വിജയിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് സിനിമ കണ്ടിറങ്ങിയ കാഴ്ച്ചക്കാർ ഉയർത്തിയ വംശീയ ഉന്മൂലന മുദ്രാവാക്യങ്ങൾ.