Campus Alive

രാഷ്ട്രീയ അതിജീവനം: ഇസ്‌ലാമികമാവുന്നതിനെക്കുറിച്ച്

എസ്.ഐ.ഒ അൽജാമിഅ തയ്യാറാക്കി കാമ്പസ് അലൈവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ‘രാഷ്ട്രീയ അതിജീവനം ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യം’ എന്ന പുസ്തകത്തെ പരിചയപ്പെടുത്താനുള്ള ശ്രമമാണിത്. രാഷ്ട്രീയ അതിജീവനത്തെക്കുറിച്ച ആലോചനകളിൽ എന്താണ് ‘ഇസ്‌ലാമികം’ എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്താനുള്ള ഉദ്യമമാണിതെന്ന് ലളിതമായി പറയാം. ഇസ്‌ലാമിക രാഷ്ട്രീയത്തിൽ  ഭരണാധികാരിയോടുള്ള ഇടപെടൽ, അതുമായി ബന്ധപ്പെട്ട് വികസിച്ചു വന്ന സാങ്കേതിക പദങ്ങൾ, മദ്ഹബുകളുടെ ഇമാമുമാർ തങ്ങളുടെ കാലത്ത് ‘രാഷ്ട്രീയം’ എന്ന മണ്ഡലത്തോട് സ്വീകരിച്ച നിലപാടുകൾ, ഇസ്‌ലാമും ക്വയറ്റിസവും, തുടങ്ങി ആധുനിക ദേശരാഷ്ട്രങ്ങളിൽ ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ അനുഷ്ഠിക്കുന്ന രാഷ്ട്രീയ ഇടപാടുകളെ വരെ ഈ ഗ്രന്ഥം ചർച്ചക്കെടുക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ട പുസ്തകം അതിന്റെ ഒന്നാം ഭാഗത്ത് ഉപരിസൂചിത വിഷയങ്ങളെ ചർച്ചക്കെടുക്കുമ്പോൾ രണ്ടാം ഭാഗത്ത് രാഷ്ട്രീയ അതിജീവനവുമായി ബന്ധപ്പെട്ട് വായിക്കാവുന്ന പ്രധാനപ്പെട്ട ചില പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നു.

ഇമാമത്ത് (ഭരണാധികാരി), ബഗ്‌യ് (വിമത സൈനിക നീക്കം), ഖുറൂജ് (ഭരണാധികാരിക്കെതിരെ പുറപ്പെടൽ), അൽ ജമാഅത്ത് (ഒരൊറ്റ ഖലീഫക്ക് കീഴിൽ യോജിച്ചവർ), ഫിത്ന (കുഴപ്പം) തുടങ്ങിയ പദാവലികളെ നിർവചിക്കുക എന്നതും അതിന്റെ വ്യവഹാര മണ്ഡലത്തെ മനസ്സിലാക്കുക എന്നതും രാഷ്ട്രീയ അതിജീവനത്തെക്കുറിച്ച ആലോചനകളിൽ വളരെ പ്രധാനമാണ്. ഡോ. ഖാലിദ് അബു ഫദ്ൽ തന്റെ വിഖ്യാതമായ ‘Reasoning with god: Reclaiming shari’ah in modern World’ എന്ന പുസ്തകത്തിൽ എഴുതുന്നു; “പരിശുദ്ധ ഖുർആൻ അവതരിച്ചതു മുതൽ നൂറ്റാണ്ടുകളായി അതിലെ സ്നേഹത്തെയും കാരുണ്യത്തെയും അലിവിനെയും കുറിച്ച വാക്കുകൾ മുസ്‌ലിംകൾ പാരായണം ചെയ്യുകയും മനഃപാഠമാക്കുകയും ചെയ്തുപോരുന്നുണ്ട്. വാക്കുകൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. പക്ഷേ, 1400 വർഷങ്ങൾക്ക് മുൻപ് സ്നേഹം, കാരുണ്യം, അലിവ് തുടങ്ങിയ പദങ്ങളുടെ അർത്ഥമെന്തായിരുന്നു? ഇന്ന് അവയുടെ അർത്ഥമെന്താണ്?”

വാക്കുകളെ അത് ചരിത്രത്തിൽ വിനിമയം ചെയ്യപ്പെട്ട അർത്ഥങ്ങളിൽ നിന്നു കൂടി കണ്ടെടുക്കേണ്ടതിനെക്കുറിച്ചാണ് ഡോ. ഫദ്ൽ പറയുന്നത്. ഖുർആനിക സൂക്തങ്ങളും അതിലെ പദാവലികളും ചരിത്രത്തിനകത്ത് പ്രവർത്തിച്ചതിന്റെ ചരിത്രം കൂടി അന്വേഷിക്കേണ്ടതിന്റെ അനിവാര്യതയിലേക്കാണത് നമ്മെ കൊണ്ട് ചെന്നെത്തിക്കുന്നത്. അത്തരത്തിൽ കേവലമായ രാഷ്ട്രീയ വിമർശനങ്ങൾ മുതൽ നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ വരെ ‘ബഗ്‌യും’, ‘ഖുറൂജും’ ആയി വ്യാഖാനിക്കുന്നതിനെയും തങ്ങളാണ് ‘അൽജമാഅത്ത്’ (യഥാർത്ഥ ഇസ്‌ലാം) എന്ന് വാദിക്കുന്നതിനെയുമൊക്കെ പ്രമാണങ്ങളിൽ നിന്ന് മാത്രമല്ല അത് ഇടപെട്ട ചരിത്ര സന്ദർഭങ്ങളെ വിലയിരുത്തുന്നതിൽ നിന്ന്  കൂടിയാണ് അഭിമുഖീകരിക്കാൻ കഴിയുക എന്ന് ഇവിടെ നമുക്ക് മനസ്സിലാക്കാം.

ഇസ്‌ലാമിക ദൈവശാസ്ത്രവും കർമശാസ്ത്രവും സവിശേഷമായ ചരിത്രാനുഭവങ്ങളെ വിശദീകരിക്കാനും മനസ്സിലാക്കാനും പ്രയോഗിച്ച പദാവലികളെ തന്നെ ആധുനികമായ സന്ദർഭത്തിൽ അതുപോലെ ആവർത്തിക്കുന്നതിന്റെ അപകടത്തെക്കുറിച്ച സൂചനകൾ ഇതിലുണ്ട്. ഇതിനെ Juristic Culture, Linguistic practice എന്നീ പദാവലികളിലൂടെ മറ്റൊരു തരത്തിൽ ഡോ. ഫദ്ൽ തന്നെ തന്റെ ‘Rebellion and Violence in Islamic law’ എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ‘രാഷ്ട്രീയ അതിജീവനം ഇസ്‌ലാമിക വ്യാവഹാരിക പാരമ്പര്യം’ എന്ന പുസ്തകം ആദ്യമായി തന്നെ അത്തരത്തിലുള്ള പദാവലികളെ സാമാന്യമായി പരിചയപ്പെടുത്തുന്നുണ്ട്. അതിൽ തന്നെ ഇമാമിനോട്/ഭരണാധികാരിയോടുള്ള അനുസരണത്തിന്റെ പരിധിയെക്കുറിച്ച ചർച്ചകളും കടന്നു വരുന്നുണ്ട്. അഹ്‌ലുസ്സുന്നയിൽ നിന്ന് വിഭിന്നമായി ശീഈ ദൈവശാസ്ത്രം ഇമാമത്തിനെ മനസ്സിലാക്കുന്നത് ഇമാമിന് عصمة (പാപസുരക്ഷിതത്വം) ഉണ്ട് എന്ന സ്വഭാവത്തിലാണ്. ഖുറൂജുമായി ബന്ധപ്പെട്ട ചർച്ചകൾ അഖീദ ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിക്കുന്നത് ഇത് കൊണ്ട് കൂടിയാണെന്ന് കാണാനാവും. ‘അല്ലാഹുവിന്റെ കൽപനകളെ ധിക്കരിച്ചു കൊണ്ട് ആർക്കും അനുസരണമില്ല’ എന്ന ഇസ്‌ലാമിലെ അടിസ്ഥാന തത്വത്തിൽ നിന്ന് അനുസരണത്തിന്റെ അതിർവരമ്പുകൾ കൃത്യപ്പെടുന്നുണ്ട്. ഇമാമിനെ നിശ്ചയിക്കൽ  നിർബന്ധമാണ് എന്നിരിക്കിലും അത്തരത്തിൽ ഇമാമില്ലാത്ത ഒരു സാഹചര്യത്തിലും ‘ഇസ്‌ലാമികം’ ആകാനുള്ള മുസ്‌ലിംകളുടെ സാധ്യതയെക്കുറിച്ചും പുസ്തകം ചർച്ച ചെയ്യുന്നുണ്ട്.

ശൈഖുൽ ഇസ്‌ലാം ഇബ്നു തൈമിയ (റ) പറയുന്നു; “രണ്ട് നിർബന്ധമായ കാര്യങ്ങൾ ഒരുമിക്കുകയും അതിൽ ഏതെങ്കിലും ഒന്ന് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് വരികയും ചെയ്താൽ അതിൽ ഏറ്റവും അനിവാര്യമായതിനെ മുന്തിക്കുക. അപ്പോൾ ബാക്കിയുള്ള കാര്യം നിർബന്ധമായി ഗണിക്കുകയില്ല. ഏറ്റവും അനിവാര്യമായത് നിർവഹിക്കുന്നതിന് വേണ്ടി മറ്റേതിനെ ഒഴിവാക്കിയവൻ നിർബന്ധമായ കാര്യത്തിൽ ഉപേക്ഷ വരുത്തിയവനായി ഗണിക്കപ്പെടുകയില്ല”.[1]

അതുപോലെ ഇമാം ഗസാലി (റ) പറയുന്നു; “നിർബന്ധിത സാഹചര്യങ്ങൾ നിഷിദ്ധമായവയെ അനുവദനീയമാക്കും. ശവം കഴിക്കൽ ഹറാമാണെന്ന് നമുക്കറിയാമല്ലോ. പക്ഷേ മരണം അതിലേറെ പരിഗണിക്കേണ്ടതാണ്. ഈ വസ്തുത അവഗണിച്ച്, ഭരണാധികാരിയുടെ നിബന്ധനകൾ ഒത്തുവരുന്നില്ല എന്ന വാദമുയർത്തി നമ്മുടെ കാലത്ത് ഇമാമത്ത് റദ്ദായതായി വിധിക്കുന്ന ആരെങ്കിലുമുണ്ടാകുമോ? അനുയോജ്യനായ ഭരണാധികാരിയെ കൊണ്ടുവരാൻ അവൻ അശക്തനായിരിക്കെ, അല്ലെങ്കിൽ ഉപാധികൾ സമ്മേളിച്ച ഒരാൾ ഇല്ലാതിരിക്കെ ഏതാണ് ഉത്തമമാവുക? ഖാളിമാർ സ്ഥാനഭ്രഷ്ടരാണ്. വിലായാത്തുകൾ നിയമവിരുദ്ധമാണ്. വിവാഹങ്ങൾ അസാധുവാണ്, സമസ്ത പ്രദേശങ്ങളിലെയും ഭരണാധികാരികളുടെ ഇടപാടുകളും അസാധുവാണ്. മനുഷ്യകുലം ഒന്നടങ്കം ഹറാമിൽ മുന്നോട്ടു പോകുന്നു എന്ന് വിധിക്കലാണോ അതല്ല, നിർബന്ധിതാവസ്ഥയും സാഹചര്യവും പരിഗണിച്ച് ഇമാമത്ത് നിലനിൽക്കുന്നതും, വിലായാത്തുകളും ഭരണാധികാരിയുടെ ഇടപാടുകളും സാധുവാണെന്ന് അഭിപ്രായപ്പെടുന്നതുമാണോ ഉത്തമമായിട്ടുള്ളത്. വിദൂരത്തുള്ളത് അതിവിദൂരമായതിനെ പരിഗണിക്കുമ്പോൾ സമീപസ്ഥമാണെന്നതും, ഉപദ്രവങ്ങളിൽ ലഘുവായതാണുത്തമമെന്നതും സുവിദിതമാണ്. അത് തെരഞ്ഞെടുക്കൽ ബുദ്ധിശാലിക്ക് നിർബന്ധവുമാണ്”.[2]

അഥവാ, ഉപാധികളെല്ലാം ഒത്ത് ചേർന്ന ഇമാമില്ലാതെയും ഇസ്‌ലാമികമായി ജീവിക്കാൻ മുസ്‌ലിംകൾക്ക് കഴിയും എന്നർത്ഥം. എന്നാൽ ഇത് الرخصة (ഇളവ്) ആയാണ് പരിഗണിക്കപ്പെടുക, العزيمة (ഒരു കർമം യഥാവിധി നിർവഹിക്കൽ) ആയിട്ടല്ല[3]. ഇതിനുള്ള നിരവധി തെളിവുകൾ പുസ്തകം നൽകുന്നുണ്ട്. മറ്റൊരു തരത്തിൽ ഇത് രാഷ്ട്രീയം എന്ന മണ്ഡലത്തിന്റെ സാധ്യത കൂടി നമുക്ക് മുമ്പിൽ തുറന്ന് വെക്കുന്നുണ്ട്. മനുഷ്യബുദ്ധിയുടേയും വിശകലന/വിമർശന ശേഷിയുടെയും പ്രയോഗസ്ഥാനം എന്ന തരത്തിൽ ഭൗതിക ലോകത്തെ അഭിമുഖീകരിക്കാൻ (പൊളിറ്റിക്കലാവാൻ) വിശ്വാസികളെ ഇത് നിരന്തരം പ്രേരിപ്പിക്കുന്നു. മറ്റൊരർത്ഥത്തിൽ ‘ഇസ്‌ലാമികം’ എന്നത് ഒരു ഘട്ടത്തിലും അസാധ്യമല്ലെന്നും അത് ഏകശിലാത്മകമല്ലെന്നും ഇത് ഓർമിപ്പിക്കുന്നു. അപ്പോൾ തന്നെയും ഇത് ഇമാമത്തിനെക്കുറിച്ചും  ഇസ്‌ലാമിന്റെ ആധിപത്യം ഉണ്ടാവുന്നതിനെക്കുറിച്ചുമുള്ള വിഭാവനയെ നിരാകരിക്കുന്നതുമല്ല എന്നതും പ്രധാനമാണ്.

പിന്നീട് പുസ്തകം ക്വയറ്റിസത്തെക്കുറിച്ചും അതിന്റെ വംശാവലിയെക്കുറിച്ചും ഇസ്‌ലാമിക പാരമ്പര്യത്തിനകത്ത് അതിനെ സ്ഥാനപ്പെടുത്താനുള്ള ശ്രമങ്ങളെയും വിശകലനം ചെയ്യുന്നുണ്ട്. മദ്ഹബിന്റെ ഇമാമുമാർ ‘ക്വയറ്റിസ്റ്റ്’ സമീപനം സ്വീകരിച്ചവരായിരുന്നു എന്ന ഓറിയന്റലിസ്റ്റ് ആഖ്യാനത്തെ പുസ്തകം പ്രമാണപരമായും ചരിത്രപരമായും തള്ളിക്കളയുന്നു.

ആധുനിക ദേശരാഷ്ട്രങ്ങൾക്കകത്ത്  അതിജീവനത്തിന്റെ സാധ്യതകളെ ആരായുന്ന ഇസ്‌ലാമിക സംരംഭങ്ങളെ പൊതുവായും സവിശേഷമായും ചർച്ചക്കെടുക്കുന്ന ലേഖനങ്ങളാണ് തുടർന്ന് വരുന്നത്. ദേശീയത, മതേതരത്വം, ജനാധിപത്യം എന്നിവയോടുള്ള ഇസ്‌ലാമികമായ പ്രതികരണ ശ്രമങ്ങളെ മനസ്സിലാക്കാനുള്ള ഒരു പ്രവേശിക എന്ന നിലയിൽ ഈ ലേഖനങ്ങളെ മനസ്സിലാക്കാം. വിപുലമായ പഠനങ്ങളെ അവ പുതിയ കാലത്ത് ആവശ്യപ്പെടുന്നുണ്ട്. ആധുനികതക്കകത്ത് അതിന്‍റെ ദൗർബല്യങ്ങളെയും പ്രതിസന്ധികളെയും തുറന്നു കാട്ടി പുതിയൊരു ലോകത്തെക്കുറിച്ച് ആലോചിക്കാനുള്ള സാധ്യതകളെ അവ വെളിപ്പെടുത്തുന്നുണ്ട്.

പൊതുവിൽ അരാഷ്ട്രീയമെന്ന് മുദ്രകുത്തപ്പെട്ട തസ്വവ്വുഫീ പ്രസ്ഥാനങ്ങളുടെയും ധാരകളുടെയും രാഷ്ട്രീയ ഇടപെടലുകളെ ചർച്ചക്കെടുന്ന ഒരു  പഠനവും പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഫലസ്ത്വീനിലേയും ഇന്ത്യയിലേയും കേരളത്തിലേയും പോരാട്ട പാരമ്പര്യങ്ങളെയും വർത്തമാനങ്ങളെയും പഠനവിധേയമാക്കുന്ന പുസ്തകം അന്ദലൂസിന്റെ പാഠങ്ങൾ ഓർമിപ്പിക്കുന്നുണ്ട്. ‘അൽ അഹ്കാമുസുൽത്വാനിയ്യ വൽ വിലായാത്തുദ്ദീനിയ്യ’ എന്ന ഇമാം മാവർദിയുടെ ഗ്രന്ഥവും, ‘ഫിഖ്ഹുസ്സൗറ മുറാജആതുൻ ഫിൽ ഫിഖ്ഹിസ്സിയാസിയ്യിൽ ഇസ്‌ലാമി’ എന്ന ശൈഖ് അഹ്മദ് റൈസൂനിയുടെ ഗ്രന്ഥവും, ‘അൽ അസ്മ അദ്ദരിയ്യ ഫിൽ ഹളാറ അൽ ഇസ്‌ലാമിയ്യഃ മിൻ ഫിത്നത്തിൽ കുബ്റാ ഇലാ റബീഅ് അൽ അറബി’ എന്ന മുഖ്താർ ശൻഖീതിയുടെ ഗ്രന്ഥവും, ‘പൊളിറ്റിക്സ്, ലോ ആൻഡ് കമ്മ്യൂണിറ്റി ഇൻ ഇസ്‌ലാമിക് തോട്ട്; ദ തൈമിയ്യൻ മൊമെന്റ്’ എന്ന ഡോ. ഒവാമിർ അൻജുമിന്റെ ഗ്രന്ഥവും, ‘റെബല്ലിയൻ ആൻഡ് വയലൻസ് ഇൻ ഇസ്‌ലാമിക് ലോ’ എന്ന ഡോ.ഖാലിദ് അബു ഫദ്ലിന്റെ ഗ്രന്ഥവും ഈ പുസ്തകം പരിചയപ്പെടുത്തുന്നു. ഇതിൽ പ്രസ്തുത ഗ്രന്ഥങ്ങളുടെ പ്രതിപാദ്യ വിഷയങ്ങളെ ഒരു പരിധിവരെ അവതരിപ്പിക്കാൻ ലേഖകർ ശ്രമിച്ചിട്ടുണ്ട്. വിശാലമായ പഠനമേഖലയായത് കൊണ്ട് തന്നെ പുസ്തകത്തിന് സ്പർശിക്കാൻ കഴിയാതെ പോയ ധാരാളം  ഇടങ്ങളും ഉണ്ട്. വിവിധ നാടുകളെയും അതിനകത്തെ അതിജീവന ശ്രമങ്ങളെയും മാത്രമെടുത്ത് പരിശോധിക്കാൻ ശ്രമിച്ചാൽ അവ ഓരോന്നും  തന്നെ വിശാലമായി പഠിക്കേണ്ടി വരും. ചുരുക്കത്തിൽ ഇസ്‌ലാമിക രാഷ്ട്രീയ അതിജീവന ചിന്തയുടെ ആമുഖമായി നിർബന്ധമായും വായിച്ചിരിക്കേണ്ട ഒന്നായി ഈ കൃതി മാറുന്നു.

 

കുറിപ്പുകൾ

[1] فإذا ازدحم واجبان لا يمكن جمعهما فقدم أوكدهما لم يكن الآخر في هذه الحال واجباً، ولم يكن تاركه لأجل فعل الأوكد تارك واجب في الحقيقة. (مجموع الفتاوى،٢٠:ص٥٧)

[2] الضرورات تبيح المحظوارت، فنحن نعلم أن تناول الميتة محظور ولكن الموت أشد منه، فليت شعري من لا يساعد على هذا ويقضي ببطلان الإمامة في عصرنا لفوات شروطها وهو عاجز عن الاستبدال بالمتصدي لها بل هو فاقد للمتصف بشروطها، فأي أحواله أحسن: أن يقول القضاة معزولون والولايات باطلة والأنكحة غير منعقدة وجميع تصرفات الولاة في أقطار العالم غير نافذة، وإنما الخلق كلهم مقدمون على الحرام، أو أن يقول الإمامة منعقدة والتصرفات والولايات نافذة بحكم الحال والاضطرار، فهو بين ثلاثة أمور إما أن يمنع الناس من الأنكحة والتصرفات المنوطة بالقضاة وهو مستحيل ومؤدي إلى تعطيل المعايش كلها ويفضي إلى تشتيت الآراء ومهلك للجماهير والدهماء أو يقول إنهم يقدمون على الأنكحة والتصرفات ولكنهم مقدمون على الحرام، إلا أنه لا يحكم بفسقهم ومعصيتهم لضرورة الحال، وإما أن نقول يحكم بانعقاد الإمامة مع فوات شروطها لضرورة الحال ومعلوم أن البعيد مع الأبعد قريب، وأهون الشرين خير بالاضافة، ويجب على العاقل اختياره. (الاقتصاد في الاعتقاد،١٣٠)

[3] الرخصة (ഇളവ്): യാത്രയുടെ ഘട്ടത്തിൽ നമസ്കാരം ചുരുക്കി  നിർവഹിക്കുന്നത് ഇതിന്റെ ഉദാഹരണമാണ്. العزيمة: (ഒരു കർമം യഥാവിധി നിർവഹിക്കൽ) നാല് റക്അത്ത് ഉള്ള നമസ്കാരം അങ്ങനെത്തന്നെ സാധാരണ സമയങ്ങളിൽ ജമാഅത്തായി നിർവഹിക്കൽ)

ഹാമിദ് മഞ്ചേരി