Campus Alive

ഖാജിമാർ തെരുവിലെ അത്താഴം

തമിഴ്നാട്ടിലെ നോമ്പ് കഥകൾ, ഭാഗം ഒന്ന്


തമിഴ്നാട്ടിലെ മധുരൈ, ക്ഷേത്രങ്ങളുടെ നഗരം എന്നാണ് അറിയപ്പെടുന്നത്. സംസ്ഥാനത്തെ വലിയ നഗരങ്ങളിൽ മൂന്നാമത്. തമിഴ് നാടിന്റെ സാംസ്ക്കാരിക തലസ്ഥാനം എന്ന സ്ഥാനപ്പേര്. വൈഗൈ നദിക്ക് അരികിലായി ലോകാത്ഭുതങ്ങളുടെ 30 അംഗ ചുരുക്ക പട്ടികയിൽ ഇടം പിടിച്ച മീനാക്ഷി അമ്മൻ കോവിൽ അടക്കം എത്രയോ ക്ഷേത്രങ്ങൾ. എന്നാൽ, ദക്ഷിണേഷ്യയിലെ ഏറ്റവും പുരാതനമായ മുസ്ലിം പള്ളികൾ ഒന്ന് വലിയ പരിക്കുകൾ ഒന്നും കൂടാതെ ഇന്നും ഇവിടെ നിലനിൽക്കുന്നു എന്നത് അധികം ആർക്കും അറിയില്ല.

മധുരൈ റയിൽവേ സ്റ്റേഷനിൽ നിന്ന് കഷ്ടി ഒരു കിലോമീറ്റർ നടന്നാൽ ഖാജിമാർ തെരുവിലേക്കുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീല ബോർഡ് കാണാം. 1.10 ന്റെ ചെന്നൈ എഗ്മോർ_കൊല്ലം എക്സ്പ്രസ്സ് ഇറങ്ങി അങ്ങോട്ട് എത്തുമ്പോൾ റോഡിൽ ഒരു കൂട്ടം പയ്യന്മാർ ചട്ടിപ്പന്ത് കളിക്കുകയാണ്. പന്തും ചട്ടികളും ആണ് ആയുധങ്ങൾ. ടൈൽസും, ഓടും ഒക്കെ ഉപയോഗിക്കാറുണ്ട്. അട്ടിയായി വെക്കാൻ കഴിയുന്ന പരന്ന കല്ലുകളും ആവാം. നാട്ടിൽ ഏഴ് ചട്ടികളാണ് പൊതുവെ. ഇവിടെ 10 ആണ്. രണ്ട് ടീമുകളായി പിരിഞ്ഞ് ഒരു ടീമ്, എറിഞ്ഞിട്ട ചട്ടികൾ നേരെ ആക്കാൻ ശ്രമിക്കുമ്പോൾ എതിർ ടീമ് അതിന് സമ്മതിക്കാതെ പന്ത് കൊണ്ട് എറിഞ്ഞ് ഓടിക്കലാണ് കളി എന്ന് ചുരുക്കി പറയാം. കളി അത്യാവശ്യം നല്ല വയലന്റും ഒച്ചയും വിളിയും ഒക്കെ അടങ്ങിയതാണ്. തൊട്ടപ്പുറത്തെ പോലീസ് സ്റ്റേഷനിൽ ആണെങ്കിൽ വെളിച്ചവും ആൾപ്പെരുമാറ്റവും ഒന്നും കാണാനുമില്ല. നോമ്പുകാല രാത്രികളിൽ പല മുസ്ലിം സെറ്റിൽമെൻറ്റുകളിലും ഇത് പോലെ ഉള്ള പല പരിപാടികൾ കാണാം. പൊന്നാനിയിൽ ഒളിഞ്ഞിരുന്ന് കൂട്ടുകാരുടെ മേൽ വാട്ടർ ബലൂൺ എറിയൽ ഒരു ട്രെന്റാണ്.

അവർ കളിയിലും ഞങ്ങൾ അരികിലൂടെ നടത്തത്തിലും ശ്രദ്ധിച്ചു. തൊട്ടപ്പുറത്ത് 4- 5 കാർന്നോമ്മാർ വട്ടം കൂടി ഇരുന്ന് സംസാരിക്കുന്നു. കുറച്ച് കൂടി മുന്നോട്ട് നടന്നപ്പോൾ പള്ളി കണ്ടു, ഖാജിമാർ പെരിയ പള്ളിവാസൽ. ഏഴ് നൂറ്റാണ്ടുകൾക്ക് മുൻപ് AD 1284ൽ (ഹിജ്‌റ 683) ആണ് ഈ പള്ളി നിർമ്മിക്കപ്പെട്ടത്.

13ാം നൂണ്ടാണ്ടിൽ ഖാസി സെയ്ദ് താജുദ്ധീൻ ഒമാനിൽ നിന്ന് ഇന്ത്യയിൽ എത്തി. അന്ന് മധുരൈ ഭരിച്ചിരുന്ന മാരവർമൻ കുലശേഖര പാണ്ട്യൻ ഒന്നാമൻ അദ്ദേഹത്തിന് ഭൂമി സമ്മാനിക്കുകയും പള്ളി നിർമ്മിക്കാൻ അനുവാദം നൽകുകയും ചെയ്തു എന്നാണ് ചരിത്രം. അവിടെ നിന്ന് ഇങ്ങോട്ട് ഇന്ന് വരെ അദ്ദേഹത്തിന്റെ കുടുംബം പള്ളിയുടെ സംരക്ഷണവും നടത്തിപ്പും ചെയ്ത്  പോരുന്നു. ഈ തെരുവിൽ താമസിക്കുന്നവരിൽ 400 ഓളം കുടുംബങ്ങൾ കാസി താജുദ്ദീന്റെ പരമ്പരയിൽ പെടുന്നവരാണ്.

കേരളത്തിലെ ആദ്യകാല പള്ളികളിൽ നിന്ന് വ്യത്യസ്തമായി ചോള-പാണ്ട്യ അമ്പലങ്ങളുടെ വാസ്തുശൈലിയാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. പ്രത്യേകിച്ചും പള്ളിയുടെ ഉൾഭാഗത്ത്. ക്ഷേത്രങ്ങൾക്കുള്ളിൽ കാണുന്ന പോലെ ഉള്ള ഒരുപാട് തൂണുകൾ. കരിങ്കല്ല് കൊണ്ടാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. വാതിലുകൾക്ക് പൊതുവെ ഉയരം കുറവാണ്. തമിഴ്നാട്ടിലെ ആദ്യകാല പള്ളികളുടെ നിർമ്മാണത്തിൽ എല്ലാം തന്നെ ഈ ഒരു നിർമ്മാണ രീതി കാണാൻ കഴിയും.

പള്ളി അടച്ചിട്ടിരിക്കുകയാണ്. റമളാൻ പ്രമാണിച്ച് മുന്നിൽ പന്തൽ കെട്ടി അലങ്കരിച്ചിരിക്കുന്നു. ഇഷാ നമസ്കാരത്തിന് ശേഷം പൊതുവെ ഒരു പള്ളികളിലും ഇപ്പൊ ആളുകളെ താമസിപ്പിക്കാറില്ല. വിശ്വാസികളിലുള്ള വിശ്വാസക്കുറവ് കൊണ്ടൊന്നുമല്ല. മറിച്ച്, സ്റ്റേറ്റ് സംവിധാനത്തിനോടുള്ള പേടി കൊണ്ടാണ്. മുന്നിലുള്ള കരിങ്കൽ പീഠത്തിൽ ഒരാൾ ഇരുന്ന് മൊബൈലിൽ കുത്തികളിക്കുന്നു. ഒറ്റക്കല്ലിൽ തീർത്തിരിക്കുന്ന ഈ ഇരിപ്പിടം ഒരുപക്ഷേ പള്ളി ഉള്ള കാലം മുതൽക്കേ ഉള്ളതായിരിക്കാം.

“ഇവിടെ കടകൾ വല്ലതും ഉണ്ടോ?” “ഇല്ല, പക്ഷെ അത്താഴത്തിനാണെങ്കിൽ 3.30 ആകുമ്പോൾ ITI ലേക്ക് വന്നാൽ മതി.” ബട്ട്ലാഹൌസ് പ്രതീക്ഷിച്ച് വന്ന് ഒന്നും കാണാതെ നിരാശയിൽ ആയതിൽ നിന്ന് ഒരു ചെറിയ ആശ്വാസം. പട്ടിണി കെടക്കണ്ട, ഭക്ഷണമുണ്ട്. അതും ഫ്രീ. ചായ കുടിക്കാൻ തിരിച്ച് നടക്കുമ്പോൾ ചട്ടിപ്പന്ത് കളിക്കാരും ക്ഷണിക്കാൻ മറന്നില്ല. “ഭായ്, 3. 30 ആജാനാ”. ചായ കുടിച്ച് വന്ന് പ്രത്യേകിച്ച് ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട്, ഒരു വീടിന്റെ പടിയിൽ ഇരുന്ന് കളി കാണാം എന്ന് തീരുമാനിച്ചു.

“അകത്ത് വന്ന് ഇരിക്കാം” ITI യിൽ നിന്ന് ഒരാൾ വന്ന് പറഞ്ഞു. പേര് മുഷാഫ്. മധുരൈ അമേരിക്കൻ കോളേജിൽ ബി.കോം വിദ്യാർഥിയാണ്. തമിഴ് നാട്ടിലെ നോമ്പ് അനുഭവങ്ങൾ തേടി ഇറങ്ങിയതാണ് എന്ന് പറഞ്ഞപ്പോൾ നിങ്ങൾ തീർച്ചയായും ചെന്നൈയിലെ മന്നാടി ഏരിയയിൽ പോണം എന്ന് പറഞ്ഞു അവൻ. ഷിയാ മുസ്ലിങ്ങൾ താമസിക്കുന്ന ഇടം. സുന്നി മുസ്ലിങ്ങളിൽ നിന്നും വ്യത്യസ്തമായ അനുഭവങ്ങൾ അവിടെ കാണാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തൊട്ടപ്പുറത്ത് ചട്ടിപ്പന്ത്‌ കളി മുറുകി കൊണ്ടിരിക്കുകയാണ്. വാശിയും ഒച്ചയും വിളികളും ഏറിയും കുറഞ്ഞും ഇരിക്കുന്നു. അപ്പോഴാണ് ഒരു ബസ്സ് ഗേറ്റിന് മുന്നിൽ വന്ന് നിൽക്കുന്നത് കണ്ടത്. കളിക്കാരൊക്കെ നൊടിയിടയിൽ ഗല്ലികൾ വഴി ഓടി മറഞ്ഞു. ബസ്സിൽ നിന്ന് ഒരാൾ കയ്യിൽ ഒരു വടിയുമായി ഇറങ്ങി. പരിചയമുള്ള കോലം. കടും നീല ബസ്സിന്റെ മുന്നിൽ ഇങ്ങനെ എഴുതിയിരിക്കുന്നു. “പോലീസ്”. പടച്ചോനെ ഇടിവണ്ടി. ഉള്ളിലൂടെ വെറുതെ ഒരു കൊള്ളിയാൻ മിന്നി മറഞ്ഞു. കളിക്കാരുടെ ശല്യം സഹിക്ക വയ്യാതെ ആരോ വിളിച്ചതാണ് അവരെ. സാധാരണ ഇത്തരം അവസരങ്ങളിൽ ആളുകൾ കണ്ടം വഴി ആണല്ലോ ഓടാറ്. ഖാജിമാർ തെരുവിൽ കണ്ടം ഇല്ലാത്തത് കൊണ്ടും ഗല്ലികൾ ധാരാളം ഉള്ളത് കൊണ്ടും ആണ് നമ്മുടെ ചട്ടിപ്പന്തുകാർക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്. നഗരങ്ങൾ ഗ്രാമങ്ങളെ വിഴുങ്ങിയപ്പോൾ ഗല്ലികൾ കണ്ടങ്ങളെയും ഓടിച്ചിരിക്കുന്നു.

പോലീസ് വണ്ടി റിവേഴ്‌സ് എടുത്ത് പോയതോടെ ക്ഷീണിതരായ കളിക്കാർ ഓരോരുത്തരായി ഓടിമറഞ്ഞ ഗലികളിൽ നിന്ന് തലപൊന്തിച്ച് പുറത്ത് വന്ന് തുടങ്ങി. ജഗ്ഗുകളിൽ വെള്ളം എടുത്ത് ഗുള് ഗുളാ കുടിച്ചും ബീഫിന്റെ ടേസ്റ്റ് നോക്കിയും അവർ ക്ഷീണം അകറ്റി. “ഉളുപ്പുണ്ടോടാ ഇങ്ങനെ ഓടാൻ” പാത്രങ്ങൾ എടുത്ത് വെക്കുന്നതിനിടയിൽ യൂസുഫ് ഭായ് ചോദിച്ചു. പോലീസ് വന്നപ്പോൾ തുടങ്ങിയ ചിരി മൂപ്പർ ഇനിയും നിറുത്തിയിരുന്നില്ല. പല്ലിലെ കറകളും മോണയിലെ കറുപ്പും കട്ടിയുള്ള നല്ല കിടു ആക്കിച്ചിരി. “ഭായ്, നിങ്ങൾ ചിരിച്ചോ. വേണ്ടപ്പെട്ടിടത്ത് വല്ലോം ആണ് ഇടി കിട്ടുന്നതെങ്കിൽ പിന്നെ അവൾ തിരിഞ്ഞ് പോലും നോക്കില്ല” കൂട്ടച്ചിരി.

ഞങ്ങൾ വെറുതെ വാട്സപ്പിലെയും ഇൻസ്റ്റാഗ്രാമിലെയും കൂട്ടുകാരുടെയും കൂട്ടുകാരികളുടെയും വിവരങ്ങളും വിരഹങ്ങളും താഴേക്കും മേലോട്ടും തോണ്ടി കളിച്ച് ഇരുന്നു. മൂന്ന് മണി അകാൻ ആയതോടെ ഖാജി താജുദ്ദീൻ ITI യുടെ ഗേറ്റിന് മുന്നിൽ ഒരു ചെറിയ ക്യൂ രൂപപ്പെട്ടു. അധികം വൈകാതെ അതിന്റെ നീളം കൂടാനും തുടങ്ങി. കൃത്യം മൂന്ന് മണിക്ക് പള്ളിയിൽ നിന്ന് പെരുമ്പറ മുഴങ്ങി. അത്, ഒരു മിനിറ്റോളം നീണ്ട് നിന്നു. വലിയ താളത്തിലൊന്നുമല്ല. ആളുകളെ ഉറക്കത്തിൽ നിന്ന് ഉണർത്താനുള്ള ശക്തമായ മുഴക്കങ്ങൾ. റമദാനിൽ ആളുകളെ വിളിച്ചുണർത്താൻ കാലങ്ങളായുള്ള രീതിയാണ്. അത്താഴത്തിന്റെ സമയം കഴിയാറാകുമ്പോഴും ഈ ശബ്ദം കേൾക്കാം. അത് കേട്ട് മനുഷ്യർ മാത്രമല്ല, പരിസരത്തുള്ള എല്ലാ കിളികളും ഉണർന്നു എന്ന് മനസ്സിലായി. റമളാനിൽ കിളികളും അത്താഴത്തിന് ഉണരുന്നു. സമയം ആകും മുൻപ് ഉറക്കം ഉണർത്തിയതിനുള്ള പ്രതിഷേധമോ എന്തോ കൂട്ടമായി ചിലച്ച് അവർ കിഴക്കോട്ട് പറന്നു.

3.30 ഓടു കൂടി ഭക്ഷണം വിളമ്പി തുടങ്ങി. ഓരോ ദിവസവും 150 നും 200 നും ഇടയിൽ ആളുകൾ  ITI നിന്നും അത്താഴം കഴിക്കുന്നു. അതിൽ യാത്രക്കാരുണ്ട്, രാത്രിയിൽ ജോലി ചെയ്യുന്ന ഓട്ടോ തൊഴിലാളികളും ക്ലീനിംഗ് തൊഴിലാളികളും അങ്ങനെ പല ആളുകൾ. ഖാജിമാർ തെരുവിലെ തമാസക്കാരിൽ പാവപ്പെട്ടവർക്കും ITI തന്നെ ശരണം. പ്രായമായ ഉമ്മമാരും  കുഞ്ഞാമിനമാരും പാത്രങ്ങളുമായി വന്ന് ഭക്ഷണം വാങ്ങി കൊണ്ട് പോകുന്നു. ബീഫും, ചോറും, കടലക്കറിയും, രസവും, മോരും, പപ്പടവും, പഴവും അടങ്ങുന്ന നല്ല കിടിലൻ  അത്താഴം.

ഭക്ഷണം കഴിച്ച് ഞങ്ങൾ പതുക്കെ പള്ളിയിലേക്ക് നടന്നു. അത്താഴം കഴിച്ച് കഴിഞ്ഞ സുഹൃത്തുക്കൾ കൂട്ടമായി നിന്ന് സംസാരിക്കുന്നു. ഗേറ്റ് കടന്ന് നേരെ മുന്നിൽ പഴയ ഒരു ഹൌളാണ്. പഴയ കാല എല്ലാ മുസ്ലിം പള്ളികളിലെയും പോലെ ഒരു കുഞ്ഞ് കുളം. ചുറ്റിലും ഇരുന്ന് വുളു ചെയ്യാൻ പാകത്തിൽ കല്ലുകൊണ്ടുള്ള ഇരിപ്പിടങ്ങൾ. ഇവിടെ നിന്നും,(ഇരുന്നുള്ള വുളു) നിന്ന് കൊണ്ട് വുളു ചെയ്യുന്ന ഹൌളുകളിലേക്കുള്ള മാറ്റം എങ്ങനെ ആയിരുന്നു എന്ന് ഞാൻ എപ്പോഴും ചിന്തിക്കാറുണ്ട്. ഹൌളിന് നേരെ പിറകിലായാണ് മധുരൈ ഹസ്രത്തുമാരുടെ മഖ്ബറകൾ. മിർ അഹ്മദ് ഇബ്രാഹിം, മിർ അംജദ് ഇബ്രാഹിം, അബ്ദുസ്സലാം ഇബ്രാഹിം. സുലൈമാൻ നബി ഈ മഹാന്മാരുടെ ജനനത്തെ കുറിച്ച് പ്രവചിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്. ജയ്മൂർ എന്ന് പേരായ ഒരു ജിന്നിനെയും അന്ന് തന്നെ അദ്ദേഹം ഇവരുടെ സേവനങ്ങൾക്കായി ചുമതലപ്പെടുത്തി. ബിൽക്കീസ് രാജ്ഞിയുടെ കൊട്ടാരം കണ്ണടച്ച് തുറക്കും മുൻപ് കണ്മുന്നിൽ കൊണ്ട് വന്ന് തരാൻ വരെ കഴിവുള്ള ജിന്നാത്തുകൾ സുലൈമാൻ നബിയുടെ സേവകരായും സുഹൃത്തുക്കളായും ഉണ്ടായിരുന്നുവല്ലോ.

മധുരൈ ഹസ്രത്തുമാരെ കുറിച്ചുള്ള കഥകൾ ഏറെയാണ്. അവരുടെ ജനനവും ജീവിതവും കറാമത്തുകളും യാത്രകളും മരണവും എല്ലാം തന്നെ കേട്ടറിവായും പാട്ടറിവായും തലമുറകൾ കൈമാറി വരുന്നു.

അതിൽ, ഒരു കഥ ഇങ്ങനെയാണ്. ഏറെ കാലമായി കുഞ്ഞുങ്ങൾ ഇല്ലാതെ വിഷമിച്ചിരുന്ന മിർ നി’അമതുള്ള യുടെ ബീവി ഒരു സ്വപ്നം കണ്ടു. ഏർവാടിയിലെ സെയ്ദ് ബാദുഷ തങ്ങൾ വന്ന് അള്ളാഹുവിന്റെ അനുഗ്രഹത്താൽ ഒരു കുഞ്ഞിനെ സമ്മാനിക്കുന്നതായിരുന്നു സ്വപനം. കുഞ്ഞുങ്ങളില്ലാത്തവർ സന്താനസൗഭാഗ്യം ലഭിക്കാൻ ഏർവാടിയിൽ വന്ന് തൊട്ടിൽ കെട്ടി പ്രാർത്ഥിക്കുന്നത് ഇന്നും ഒരു വിശ്വാസമാണ്. അവിടെ നിന്ന് മൂന്നാമത്തെ വർഷം ബീവി പെരിയ ഹസ്രത്തിന് ജന്മം നൽകി. കുഞ്ഞിന് അഹ്മദ് ഇബ്രാഹിം എന്ന് പേരിട്ടു.

പഠിക്കാൻ അത്ര മിടുക്കൻ ആയിരുന്നില്ല നമ്മുടെ പെരിയ ഹസ്രത്. ഒരു ഉസ്താദ് അദ്ദേഹത്തെ വല്ലാതെ വഴക്ക് പറഞ്ഞു. നേരം വെളുക്കുമ്പോഴേക്കും സ്ഥലം വിട്ടോളാനും. ഏറെ വിഷമിച്ച് കരഞ്ഞ് കൊണ്ടദ്ദേഹം അല്ലാഹുവോട് ദുആ ചെയ്ത് ഉറങ്ങിപ്പോയി.  സ്വപ്നത്തിൽ കൊറേ ആളുകൾ എങ്ങോട്ടോ ഓടുന്നു. അഹ്മദ് ഇബ്രാഹിം അവരോട് എങ്ങോട്ടാണെന്ന് ചോദിച്ചു. ആല്ലാഹുവിന്റെ തജല്ലി (ദിവ്യ വെളിപാട്) കാണാൻ ഓടുകയാണ് എന്നായിരുന്നു ഉത്തരം. അദ്ദേഹവും ആ കൂട്ടത്തിന്റെ കൂടെ കൂടി. ഓടി ഒരു കുന്നിന് മുകളിൽ എത്തിയപ്പോൾ അല്ലാഹുവിന്റെ ഉജ്ജ്വലപ്രഭ അവർ കണ്ടു. “നീ ആഗ്രഹിച്ചത് എന്തോ അത് നിനക്ക് കിട്ടിയിരിക്കുന്നു” മീർ അഹ്മദ് ഇബ്രാഹീം ഒരു അശരീരി കേട്ട്. സുബ്ഹ് നിസ്കാരത്തിന് കണ്ടപ്പോൾ ഉസതാദ് അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു ” ഇന്നലെ വരെ നീ എന്റെ കീഴിൽ പഠിക്കാൻ അയോഗ്യനായിരുന്നു, എന്നാൽ ഇപ്പോൾ അങ്ങയെ പഠിപ്പിക്കാൻ ഞാൻ ഒന്നുമല്ലാത്തവൻ ആയിരിക്കുന്നു”. അദ്ദേഹം തിരികെ വന്ന് മധുരൈയിൽ ദർസ് തുടങ്ങി.

അനിയൻ അംജദ് ഇബ്രാഹിം നാട്ടുകാർക്കിടയിൽ ചിന്ന ഹസ്രത് എന്ന് അറിയപ്പെട്ടു. അദ്ദേഹം തന്റെ ഇക്കക്കൊപ്പം പ്രദേശത്ത് ഇസ്ലാമിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. ഒരിക്കൽ വൈഗൈ നദിയുടെ തീരത്ത് കൂടെ നടക്കുകയായിരുന്നു അദ്ദേഹം. അസാധാരണമാം വിധം രൂപമുള്ള ഒരു മനുഷ്യൻ വന്ന് വായ തുറക്കാൻ പറഞ്ഞു. എന്നിട്ട്, വായിലേക്ക് തുപ്പി. “നിങ്ങൾ ആരാണ്?” ചിന്ന ഹസ്രത് ചോദിച്ചു “ഞാൻ ഖിദ്ർ, നീ അത് വിഴുങ്ങുക”. ഖിളറുമായുള്ള കണ്ടുമുട്ടലിന് ശേഷം അദ്ദേഹം വിലായതിന്റെ വേറെ തലങ്ങളിൽ എത്തി എന്ന് പറയപ്പെടുന്നു.

ചിന്ന ഹസ്രത്തിന്റെ മൂത്ത മകനാണ് സെയ്ദ് അബ്ദുസ്സലാം ഇബ്രാഹിം. അദ്ദേഹം സാലിം ഹസ്രത് എന്ന് അറിയപ്പെട്ടു. ജനിച്ചപ്പോൾ ഒരു കുരുവിയോളം മാത്രം വലിപ്പം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജനനം തന്നെ അത്ഭുതമായിരുന്നു. കുഞ്ഞ് അധികകാലം തികക്കില്ലെന്ന് വൈദ്യന്മാർ വിധി എഴുതി. എന്നാൽ അല്ലാഹുവിന്റെ തീരുമാനം മറ്റൊന്നായിരുന്നു. സാലിം ഹസ്രത് ആരോഗ്യ ദൃഢഗാത്രനായി വളർന്നു. ഒരിക്കൽ സാലിം ഹസ്രത് ഖാസിമാർ പള്ളിയിൽ വുളു ചെയ്യുകയായിരുന്നു. മുഖം മറച്ച ഒരു സ്ത്രീ വന്ന് ഫാത്തിമ ബീവിയുടെ പേരിലുള്ള ഖസീദ (സങ്കീർത്തനം/ മാല) ചൊല്ലാൻ തുടങ്ങി  “ഞാൻ, ഫാത്തിമ സെഹ്ര ബത്തൂൽ..”

തന്റെ വലിയുമ്മ ഫാത്തിമ ബീവി ആണെന്ന് പറഞ്ഞ് വന്നിരിക്കുന്നത് പിഴപ്പിക്കാൻ പുറപ്പെട്ട ഒരു ജിന്നോ ശൈത്താനോ ആണെന്നാണ് ഹസ്രത് കരുതിയത്. അത് മനസ്സിലായ ബീവി ഫാത്തിമ ഇങ്ങനെ പാടി  “ان بنت الرسول و لست جننا و اينل جن والشيطان منا”.  “ഞാൻ, റസൂലുള്ളാന്റെ മകൾ, അല്ലാതെ ജിന്നല്ല (നീ സംശയിച്ച പോലെ). ജിന്നിനോ ശൈത്താനോ ഒരിക്കലും നമ്മളെ പോലെ ആകാൻ കഴിയില്ല. അവർ നമ്മിൽ പെട്ടവർ അല്ല.”  ഇന്നും അഹ്ലു ബൈത്തിനെ ഇഷ്ടപ്പെടുന്നവർ ഈ മാല ചൊല്ലുന്നു. ഇവരിലൂടെയാണ് ശാദുലിയ്യ ത്വരീഖത്തിന് തമിഴ് നാട്ടിലും ശ്രീലങ്കയിലും ഒക്കെ വേരോട്ടമുണ്ടായത്.

സെഹരി(അത്താഴം) യുടെ സമയം കഴിഞ്ഞതോടെ പള്ളിയിൽ നിന്ന് വീണ്ടും പെരുമ്പറ മുഴങ്ങി. ഇത്തവണ കൊട്ടുകാരനെ നേരിട്ട് കണ്ടു. കണ്ണട ഒക്കെ ഇട്ട ഒരു ചെറിയോൻ സകല ഊക്കും എടുത്ത് ചെണ്ടയിൽ തലങ്ങും വിലങ്ങും മേടുന്നു. പള്ളിയിലേക്ക് ആളുകൾ വന്ന് തുടങ്ങി. നിസ്കാരം കഴിഞ്ഞ് കുറച്ച് നേരം മുഷാഫുമായി സംസാരിച്ചു. രാത്രിയിൽ ഒട്ടും ഉറങ്ങാത്ത അവനെ അധികം കൊല്ലണ്ട എന്ന് തോന്നി. ഇശ്ഖ് (ഇഷ്ഫാഖ്) ക്യാമറയിൽ പള്ളിയുടെ കുറച്ച് ചിത്രങ്ങൾ പകർത്തി. പള്ളിയുടെ നല്ലൊരു ഫോട്ടോ എടുക്കാൻ വേണ്ടി ഞങ്ങൾ നേരം വെളുക്കുവോളം കാത്തു. പള്ളിക്ക് തൊട്ടു മുന്നിൽ കൂടി നിൽക്കുന്ന ചങ്ങാതിമാരോട് ഒരുവൻ റമളാനിന്റെ സവിശേഷതകളെ കുറിച്ച് സംസാരിക്കുകയാണ്. ചട്ടിപ്പന്ത് കളിയിലെ പ്രധാനി ഒക്കെ ഒരു കുഞ്ഞാടിനെ പോലെ ഡബിൾ സ്റാന്റിട്ട ബൈക്കിന് മുകളിൽ ചമ്രം പടിഞ്ഞിരുന്ന് കൂട്ടുകാരന്റെ വാക്കുകൾക്ക് കാതോർക്കുന്നു.


ഫോട്ടോകൾ: ഇഷ്ഫാഖ് ഷംസ്

സുഹൈല്‍ അബ്ദുല്‍ ഹമീദ്‌