Campus Alive

‘തെരുവുകളിൽ ഞങ്ങളുണ്ടാകും, അതത്ര സുരക്ഷിതമല്ലെങ്കിലും’

പ്രിയ സുഹൃത്തും ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും ജെ.എൻ.യു സ്റ്റുഡൻസ് യൂണിയൻ കൗൺസിലറുമായ അഫ്രീൻ ഫാത്തിമയുടെ പിതാവ് ജാവേദ് മുഹമ്മദിനെ യു.പി പോലീസ് അന്യായമായി അറസ്റ്റ് ചെയ്‌തിരിക്കുന്നു. അവരുടെ കൂടെ പോലീസ് പിടിച്ച് കൊണ്ടു പോയ അദ്ദേഹത്തിന്റെ ഭാര്യയും, അഫ്രീന്റെ ഇളയ സഹോദരിയും യാതൊരു വാറന്റും ഇല്ലാതെ രണ്ടു ദിവസത്തോളം പോലീസ് കസ്റ്റഡിയിലായിരുന്നു. തങ്ങൾക്കെതിരെ സമരം ചെയ്യുന്നവരുടെ വീടും സ്വത്തുക്കളും തകർക്കുക എന്ന പതിവ് തന്ത്രം തന്നെയാണ് യു.പിയിലെ സംഘപരിവാർ ഹിന്ദു ദേശീയവാദ ഭരണകൂടം ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്. ജാവേദിന്റെ  വീട് ‘അനധികൃതം’ ആണെന്ന പേരിലാണ് പോലീസും അധികാരികളും പൊളിച്ചുമാറ്റിയിരുക്കുന്നത്. പിതാവിനോടൊപ്പം അഫ്രീൻ ഫാത്തിമയും ഈ ‘കലാപാസൂത്രണത്തിൽ’ ഭാഗമാണോ എന്നന്വേഷിക്കും എന്നാണ് നിലവിൽ പോലീസിന്റെ ഭാഷ്യം.

അലഹബാദിലെ അറിയപ്പെട്ട സാമൂഹിക പ്രവർത്തകനാണ് ജാവേദ് മുഹമ്മദ്. പൗരത്വ നിയമ വിരുദ്ധ പ്രക്ഷോഭങ്ങളിലും മറ്റും അദ്ദേഹം നേതൃത്വപരമായ പങ്ക് വഹിച്ചിട്ടുണ്ട് എന്നതും ശരി തന്നെ. പക്ഷേ, അതെങ്ങനെയാണ് കലാപ പ്രവർത്തനമാവുന്നത്? ഇന്ത്യയിൽ ഭരണകൂടത്തിന്റെ മനുഷ്യത്വ വിരുദ്ധമായ നടപടികളോടുള്ള പ്രതികരണങ്ങളെ കലാപ പ്രവർത്തനമോ ഭീകരവാദ പ്രവർത്തനമോ ആയാണ് പരിഗണിക്കപ്പെടുന്നത്. പ്രവാചക നിന്ദയിൽ പ്രതിഷേധിച്ച രണ്ട് പിഞ്ചു കുട്ടികളെയാണ് ജാർഖണ്ഡ് പോലീസ് വെടിവെച്ചു കൊന്നത്. മതേതരനും ഫാസിസ്റ്റ് വിരുദ്ധനുമെന്ന് സ്വയം പ്രഖ്യാപിച്ച ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്റെ പോലീസ് പോലും ഇതാണ് ചെയ്യുന്നത്. മമത ബാനർജിയുടെ പശ്ചിമ ബംഗാൾ പോലീസ് അൻപതോളം മുസ്ലിംകളെയാണ് ഈ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് തടവിലടച്ചത്. ഡൽഹി ജുമാ മസ്ജിദിനടുത്ത് പ്രക്ഷോഭം നടത്തിയവർക്കെതിരെ എൻ.എസ്.എ ചുമത്തും എന്ന വാർത്തകളും വന്നു കൊണ്ടിരിക്കുന്നു. യു.പിയിലാവട്ടെ ഗ്യാങ്‌സ്റ്റർ ആക്റ്റ് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ജാവേദ് മുഹമ്മദടക്കമുള്ള അറസ്റ്റിലായ നൂറോളം മുസ്ലിംകൾക്കു മേൽ ചുമത്തിയിരിക്കുന്നത്. സമരക്കാരുടെ ‘അനധികൃത’ സ്വത്തുവകകൾ തകർത്തു നീക്കം ചെയ്യുമെന്നാണ് പോലീസ് പ്രഖ്യാപനം. യു.പിയിലെ സഹാരംഗ്പൂരിൽ പ്രക്ഷോഭത്തിൽ പങ്കെടുത്ത അബ്ദുൽ വാക്വിഫ്, മുസമ്മിൽ എന്നിവരുടെ വീടുകളും ബുൾഡോസർ ഉപയോഗിച്ച് പോലീസ് ഇടിച്ചു നിരത്തി. ജഹാങ്കീർപുരിയിലും കാർഗോണിലും ഉന്നാവോയിലും നടന്ന പോലെ തന്നെ അലഹബാദിലും നടപ്പിലാക്കാനാണ് ഭരണകൂട ശ്രമം.

അഫ്രീൻ ഫാത്തിമ പിതാവ് ജാവേദ് മുഹമ്മദിനൊപ്പം

ഇതിന്റെ ഭാഗമായാണിപ്പോൾ അഫ്രീൻ ഫാത്തിമയുടെയും വീട് പോലീസ് ബുൾഡോസർ ഉപയോഗിച്ച് തകർത്തിരിക്കുന്നത്. ഒരു കുടുംബത്തിന്റെ ജീവിതവും ജീവനോപാധികളും തകർക്കുകയും അവര ഭീകര നിയമങ്ങൾ ചാർത്തി ജയിലിലടക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിലെ മുസ്‌ലിം വിരുദ്ധ ദേശീയതയുടെ മൂർത്തീകരണം ഇവിടെ സംഭവിക്കുന്നതായി കാണാം. ഇവിടെ, യു.എ.പി.എയും എൻ.എസ്.എയും ഗുണ്ടാ നിയമങ്ങളും മുസ്‌ലിംകളെ നിശബ്ദരാക്കാനുള്ള ഭരണകൂട ഉപകരണങ്ങൾ മാത്രമായി പൂർണമായും മാറിയിരിക്കുന്നു.

പ്രവാചക നിന്ദയടങ്ങിയ പ്രസ്താവനകൾ നടത്തിയ ബി.ജെ.പി ദേശീയ നേതാക്കൾക്കെതിരെ പോലീസ് നടപടിയുണ്ടാവാത്തതിൽ പ്രതിഷേധിച്ചാണ് അലഹബാദിലടക്കം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നത്. അത്തരം പ്രക്ഷോഭങ്ങളെ കലാപശ്രമങ്ങളെന്ന് മുദ്രകുത്തി സമര നേതാക്കളെ അറസ്റ്റ് ചെയ്യുന്നതിലൂടെ പ്രതിഷേധങ്ങൾ ഇല്ലാതാക്കാമെന്നാണ് പോലീസ് വ്യാമോഹിക്കുന്നത്. ഇന്ത്യയിൽ കാലങ്ങളായി നിലനിൽക്കുന്ന ഇസ്‌ലാമോഫോബിയയുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രവാചകനെതിരെയുള്ള തെറിവിളികൾ.  വെറുപ്പ് മാത്രം ഭക്ഷണമാക്കിയ ഒരു കൂട്ടം വംശീയ വാദികളുടെ വിഹാരകേന്ദ്രമായ ഒരു നാട്ടിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്? മുസ്‌ലിംകളുടെ പൗരത്വവും വസ്ത്ര സ്വാതന്ത്ര്യവും ഭക്ഷണ ശീലങ്ങളും മുതൽ അവരുടെ വിശ്വാസങ്ങൾ വരെ ഈ മണ്ണിൽ നിന്ന് തുടച്ചുനീക്കപ്പെടണം എന്ന വ്യവസ്ഥാപിത ബോധ്യങ്ങളിൽ നിന്നാണ് സംഘ പരിവാരമെന്ന ഈ വംശീയ പ്രത്യയശാസ്ത്രം പ്രവർത്തിക്കുന്നത്. മുസ്‌ലിംകൾ തങ്ങളുടെ ഒന്നാമത്തെ  ശത്രുക്കളാണെന്ന് എഴുതി വെച്ച് പ്രവർത്തിക്കുന്ന ലോകത്തെ ഒരേയൊരു പ്രത്യയശാസ്ത്രം ഈ ഹിന്ദുത്വ ദേശീയത തന്നെയാണെന്ന് പറയാം.

എന്തിനാണ് മുസ്‌ലിംകൾ തെരുവുകളിൽ പ്രതിഷേധിക്കുന്നത്? അവർക്ക് അടങ്ങിയൊതുങ്ങി ഇരുന്നൂടെ എന്നൊക്കെയാണ് പലരുടെയും ചോദ്യം. ഇവിടത്തെ ദൃശ്യ-പത്ര മാധ്യമങ്ങൾ മുസ്‌ലിം വിരുദ്ധ പ്രോപഗണ്ടയുമായി ഇറങ്ങുമ്പോൾ, ഭരണകൂടം അവരുടെ കയ്യാളായി മാറുമ്പോൾ ഞങ്ങൾക്ക് ആകെ പ്രതീക്ഷയുള്ളത് തെരുവുകളിലാണ്. തെരുവുകളാണ് ഞങ്ങളുടെ മീഡിയ. ഞങ്ങളുടെ കാര്യങ്ങൾ പറയാൻ ആകെയുള്ള ഇടം അതാണ്. പൗരത്വത്തിന്റെ പേരിൽ ഞങ്ങളെ ഈ നാട്ടിൽ നിന്നും ഓടിക്കാൻ ശ്രമിച്ചപ്പോൾ പൗരത്വ നിയമത്തിനെതിരെ ഞങ്ങൾ തെരുവുകളിലേക്കിറങ്ങി. ഹിജാബിന്റെ പേരിൽ ഞങ്ങളുടെ  വസ്ത്ര സ്വാതന്ത്യവും വിദ്യാഭ്യാസ സ്വാതന്ത്ര്യവും നിഷേധിച്ചപ്പോളും തെരുവുകൾ ഞങ്ങൾ സജീവമാക്കി. ഹാനി ബാബുവിനെപ്പോലുള്ള ഞങ്ങളുടെ അധ്യാപകരെയും ശർജീൽ ഇമാമിനെപ്പോലുള്ള ഞങ്ങളുടെ സഹപാഠികളെയും നിങ്ങൾ തുറങ്കിലടച്ചപ്പോഴും ഞങ്ങൾ തെരുവുകളിലുണ്ടായിരുന്നു. ഞങ്ങളുടെ പള്ളികളും വീടുകളും കച്ചവട സ്ഥാപനങ്ങളും തകർക്കാൻ ശ്രമിച്ചപ്പോൾ ഞങ്ങൾ തെരുവിലേക്കിറങ്ങി. ഈ തെരുവാണ് ഞങ്ങളുടെ അവസാന പ്രതീക്ഷ.

ഇന്നത്തെ ഇന്ത്യൻ മുസ്‌ലിംകൾ വൈകാരികമാവുന്നുവെന്ന് പറയുന്ന ചില  ഉപദേശകരോടും ഒന്നേ ചോദിക്കാനുള്ളൂ. ഞങ്ങളെന്ത് ചെയ്യണമെന്നാണ് നിങ്ങൾ പറയുന്നത്? ജർമൻ നാസിസത്തിന്റെ കാലത്ത് നിശബ്ദരായി ഗ്യാസ് ചേമ്പറുകൾക്ക് മുന്നിൽ വരി നിൽക്കേണ്ടി വന്ന ജൂതന്മാരെ പോലെ നിർബന്ധിതമായി ഞങ്ങളും വരി നിൽക്കണമെന്നാണോ? സമാധാനത്തിന്റെ സ്നേഹ വചനങ്ങൾ പ്രമേയമാക്കി അനേകം സമ്മേളനങ്ങള്‍ ഞങ്ങൾ നടത്തി. മതേതരത്വം ഞങ്ങളെ രക്ഷിക്കുമെന്ന് കരുതി ഒരുപാട് മതേതര സെമിനാറുകൾ നടത്തി. തിരിച്ചൊന്നും ലഭിച്ചില്ലെങ്കിലും മതേതര രാഷ്ട്രീയപാർട്ടികൾക്ക് നിരന്തരം വോട്ട് നൽകിക്കൊണ്ടിരുന്നു.  എന്തുതന്നെ സംഭവിച്ചാലും പ്രതികരിക്കൂ എന്നതിനേക്കാളേറെ പ്രതികരിക്കരുതെന്നായിരുന്നു ഞങ്ങളുടെ മത നേതൃത്വങ്ങൾ പോലും പലപ്പോഴും പറഞ്ഞ് തന്നിരുന്നത്. ഇന്ന് ക്ഷമിച്ചാൽ, നാളെ സമാധാനം വരുമെന്ന വായ്ത്താരികൾ ഞങ്ങളുടെ പഠന ക്ലാസുകളിൽ പലവുരു കേട്ടു, ഇത്രയൊക്കെ ക്ഷമിച്ചിട്ടും സഹിച്ചിട്ടും വേദന കടിച്ചമർത്തിയിട്ടും ഞങ്ങൾക്ക് എന്ത് തിരികെ ലഭിച്ചു എന്ന് ഈ ഉപദേശകർ ഒന്ന് പറയണം.

യു.പി ഭവന് മുന്നിൽ നടന്ന പ്രക്ഷോഭത്തിൽ നിന്നും

ഭരണകൂടം ഞങ്ങളുടെ കൂടെയില്ല, പോലീസ് അത്രമേൽ പൈശാചികമായി മുസ്‌ലിംകളെ വേട്ടയാടിക്കൊണ്ടിരിക്കുന്നു, കോടതിയും പലപ്പോഴും നിശബ്ദമാണ്. ബാബരി മസ്ജിദിന്റെ മിനാരങ്ങൾ നീതി കിട്ടാതെ ഇന്ത്യൻ മണ്ണിൽ ചിതലരിച്ച് കൊണ്ടിരിക്കുന്നു. ബാബരി കേസിൽ കോടതിയിൽ നിന്നെങ്കിലും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പതിറ്റാണ്ടുകൾ കാത്തിരുന്നു,  ഒടുക്കം കോടതി പറഞ്ഞത് നാമൊക്കെ കേട്ടതാണ്. ഡിഗ്രിയിലും പ്ലസ്ടുവിലും വിദ്യാഭ്യാസം നിർത്തേണ്ടി വന്ന കര്‍ണാടകയിലെ മുസ്‌ലിം പെൺകുട്ടികളുടെ കണ്ണുനീർ നമ്മുടെ കോടതികൾ കണ്ടോ എന്ന് ചോദിച്ചുപോവുന്നു. തങ്ങളുടെ വിശ്വാസ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയതിന്റെ പേരിൽ അവരിന്നും വീടകങ്ങളിലാണ്. പരീക്ഷാ ഹാളുകളിൽ നിന്ന് അവർ പുറന്തപ്പെട്ടപ്പോളും കോടതി മൗനമവലംബിച്ചു. ഇങ്ങനെ ഇവിടത്തെ സർവ്വസംവിധാനങ്ങളും നിശബ്ദമാവുമ്പോഴാണ് ഞങ്ങൾക്ക് തെരുവിലേക്കിറങ്ങേണ്ടി വരുന്നത്.

തെരുവ് ഒട്ടും സുരക്ഷിതമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങളുടെ ജീവനും ജീവിതവും അതിനായി ത്യജിക്കേണ്ടി വന്നേക്കാം. പക്ഷെ ഞങ്ങൾക്കറിയാം, റാഞ്ചിയിൽ വെടിയേറ്റു വീണ മുദസ്സിറിനെയും സാഹിലിനെയും പോലുള്ള രക്തസാക്ഷികൾ ജീവൻ നൽകിയും റഊഫ് ശരീഫിനെയും ഗുൽഫിശയെയും പോലുള്ള അനേകം മനുഷ്യർ ജയിലറ പുൽകിയും തന്നെയാണ് ലോകത്തെ മനുഷ്യാവകാശ പോരാട്ടങ്ങളൊക്കെ വിജയിച്ചതെന്ന്. ഇസ്‌ലാം സിന്ദാബാദ് ഇസ്‌ലാം സിന്ദാബാദ് എന്ന് ഉറക്കെയുറക്കെ വിളിച്ചാണ് എന്റെ മകൻ ഷഹീദായതെന്നും ആ മകനെ പെറ്റതിൽ ഞാൻ അഭിമാനിയ്ക്കുന്നുവെന്നും പതിനാല് വയസ്സുകാരനായ മുദസ്സിറിന്റെ ഉമ്മ പറഞ്ഞെങ്കിൽ, ആ ഉമ്മമാരാണ് ഈ പോരാട്ടത്തിന്റെ പ്രതീക്ഷ. ജാവേദ് മുഹമ്മദും അഫ്രീൻ ഫാത്തിമയും നേതൃത്വം നൽകിയത് മുസ്‌ലിം ജനതയുടെ അഭിമാനകരമായ അസ്തിത്വത്തിനു വേണ്ടിയുള്ള ഈ മനുഷ്യാവകാശ പോരാട്ടങ്ങൾക്കാണ്. അവരോട് നാമോരോരുത്തരും ഐക്യപ്പെടുക എന്നത് തന്നെയാണ് ഈ സമയം ആവശ്യപ്പെടുന്നത്.

 

കടപ്പാട്: മക്തൂബ് മീഡിയ

(ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ സെക്രട്ടറിയും ജെ.എൻ.യുവിൽ പിഎച്ച്ഡി വിദ്യാർത്ഥിയുമാണ് ലേഖകൻ)

വസീം ആര്‍ എസ്‌