Campus Alive

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ (VBSAB) 2025: ഉന്നതവിദ്യാഭ്യാസ പരിഷ്കരണമോ കേന്ദ്രീകൃത അധികാരവൽക്കരണമോ?

‘വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ’ (VBSAB), 2025 ലോക്‌സഭയിൽ 194-ാം നമ്പർ ബില്ലായി അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖല ഘടനാപരമായി പുനർനിർവചിക്കപ്പെടുന്ന ഒരു നിർണായക ഘട്ടത്തിലേക്കാണ്  നീങ്ങുന്നത്. ഇത് ലോകോത്തര സർവ്വകലാശാലകൾ സൃഷ്ടിക്കുന്നതിനുള്ള ദൂരദർശിയായ ഒരു നീക്കമാണെന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതെങ്കിലും നിലവിലുള്ള യു.ജി.സി (UGC), എ.ഐ.സി.ടി.ഇ (AICTE), എൻ.സി.ടി.ഇ (NCTE) തുടങ്ങിയ നിയന്ത്രണ ഏജൻസികളെ ഒഴിവാക്കി അവയുടെ സ്ഥാനത്ത് പരമാധികാരമുള്ള ഒരു കേന്ദ്രീകൃത കമ്മീഷനും മൂന്ന് പ്രത്യേക കൗൺസിലുകളും സ്ഥാപിക്കുകയെന്നതാണ് ഈ നിയമനിർമ്മാണത്തിന്റെ അടിസ്ഥാന ലക്ഷ്യം.

‘Excellence’, ‘Autonomy’, ‘Bharatiya Knowledge Systems’ എന്നീ ആശയങ്ങൾ ഒറ്റനോട്ടത്തിൽ ആകർഷകമായി തോന്നുന്നുവെങ്കിലും ഫെഡറലിസം, സാമൂഹിക നീതി, വിദ്യാഭ്യാസ സമത്വം എന്നിവയുടെ ഭാവിയെ സംബന്ധിച്ച് ഗൗരവതരമായ ആശങ്കകൾ ഈ ബിൽ ഉയർത്തുന്നുണ്ട്. പ്രത്യേകിച്ച് സാമൂഹിക മുന്നേറ്റത്തിനും വിദ്യാഭ്യാസ ചലനാത്മകതക്കുമായി പൊതുമേഖലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കുന്ന ദലിത്, ആദിവാസി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഈ ബില്ലിന്റെ വ്യവസ്ഥകൾ പ്രത്യാശയേക്കാളേറെ അനിശ്ചിതത്വങ്ങളാണ് സൃഷ്ടിക്കുന്നത്.

‘Light-but-Tight’ – നിയന്ത്രണ മാതൃകയും ഘടനാപരമായ പുനഃസംഘടനയും

വൈദ്യശാസ്ത്രം, നിയമം തുടങ്ങിയ ചില പ്രൊഫഷണൽ മേഖലകൾ ഒഴികെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസ മേഖലയെയും നിയന്ത്രിക്കുന്നതിനായി ‘വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ’ എന്ന പേരിൽ ഒരു നിയമാനുസൃത കോർപ്പറേറ്റ് സമിതി രൂപീകരിക്കുകയെന്നതാണ് ബില്ലിന്റെ പ്രാഥമിക ലക്ഷ്യം. ചെയർപേഴ്സൺ, റെഗുലേറ്ററി കൗൺസിൽ, അക്രഡിറ്റേഷൻ കൗൺസിൽ, സ്റ്റാൻഡേർഡ്സ് കൗൺസിൽ എന്നിവയുടെ എക്സ്-ഓഫീഷ്യോ പ്രസിഡന്റുമാർ, കേന്ദ്ര സർക്കാർ നാമനിർദ്ദേശം ചെയ്യുന്ന അംഗങ്ങൾ എന്നിവരടങ്ങിയ ഘടനയാണ് ഈ കമ്മീഷനുള്ളത്. റെഗുലേറ്ററി കൗൺസിൽ ‘Common Regulator’ എന്ന നിലയിൽ പ്രവർത്തിക്കുകയും ധനകാര്യ വിവരങ്ങൾ, അധ്യാപക ഘടന, അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസ ഫലങ്ങൾ തുടങ്ങിയവയുടെ പൊതുജനാവലോകനം ലക്ഷ്യമിട്ടുള്ള നിർബന്ധിത വിവരപ്രകാശനം നടപ്പിലാക്കുകയും ചെയ്യും. കൂടാതെ അംഗീകൃത സ്ഥാപനങ്ങൾക്ക് ഘട്ടം ഘട്ടമായി സ്വയംഭരണാധികാരം നൽകുന്ന ‘Graded Autonomy’ സംവിധാനവും ഇത് പ്രോത്സാഹിപ്പിക്കുന്നു. അക്രഡിറ്റേഷൻ കൗൺസിൽ ഫലാധിഷ്ഠിത മൂല്യനിർണ്ണയ ചട്ടക്കൂട് രൂപപ്പെടുത്തുമ്പോൾ സ്റ്റാൻഡേർഡ്സ് കൗൺസിൽ പഠന നിലവാരങ്ങളും ക്രെഡിറ്റ് സംവിധാനങ്ങളും നിർണയിക്കുന്നു. നിയമലംഘനങ്ങൾക്കെതിരെ സാമ്പത്തിക പിഴ മുതൽ സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ വരെയുള്ള നടപടികൾ സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് ഇത് പരമാധികാരവും നൽകുന്നു.

ഈ പരിഷ്കാരം നിയന്ത്രണ ഏജൻസികളുടെ ആവർത്തന സ്വഭാവവും ഉന്നതവിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണവും കുറക്കുമെന്നും ദേശീയ വിദ്യാഭ്യാസ നയം (NEP 2020) ലക്ഷ്യമിടുന്ന ബഹുവിഷയ സ്വയംഭരണ സ്ഥാപനങ്ങളുടെ രൂപീകരണത്തിന് വഴിയൊരുക്കുമെന്നും ഇതിനെ അനുകൂലിക്കുന്നവർ വാദിക്കുന്നു. എന്നാൽ സംസ്ഥാനങ്ങളുടെ പ്രാതിനിധിത്വം വളരെ പരിമിതപ്പെടുത്തുകയും പാഠ്യപദ്ധതി, ഭരണനിർവഹണം, ക്യാമ്പസ് നയങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്ര ഇടപെടലുകൾക്ക് വിപുലമായ സാധ്യത സൃഷ്ടിക്കുകയും ചെയ്യുന്നതിനാൽ ഇന്ത്യൻ ഫെഡറൽ ഘടനയുടെ അടിസ്ഥാന ആത്മാവിനെ ഈ ബിൽ ദുർബലപ്പെടുത്തുമെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്.

കേരളം പോലുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവർത്തകർ ഭരണനടപടികളിലെ ലളിതവൽകരണത്തെ സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും പ്രാദേശിക ആവശ്യങ്ങൾക്കും സാമൂഹിക സാഹചര്യങ്ങൾക്കും അനുസൃതമായി വിദ്യാഭ്യാസ നയങ്ങൾ രൂപപ്പെടുത്താനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. വിവരപ്രകാശനത്തിനും അക്രഡിറ്റേഷനും ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിലൂടെ സുതാര്യത വർധിക്കാമെങ്കിലും ഇന്ത്യയിലെ ഡിജിറ്റൽ വിഭജനത്തിന്റെ യാഥാർഥ്യം പരിഹരിക്കപ്പെടാത്തിടത്തോളം ഈ മാതൃകയുടെ ഫലപ്രാപ്തി പരിമിതമായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

ഫെഡറലിസത്തിന്റെ പ്രതിസന്ധി: സംസ്ഥാനങ്ങളുടെ പാർശ്വവൽക്കരണം

വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമായതിനാൽ കേന്ദ്ര-സംസ്ഥാന സഹകരണം ഭരണഘടനാപരമായ ആവശ്യകതയാണ്. എന്നിരുന്നാലും VBSAB നിർദ്ദേശിക്കുന്ന ഭരണഘടനാപരമായ ഘടന വ്യക്തമായി കേന്ദ്രീകൃത അധികാര മാതൃകയിലേക്കാണ് വഴിമാറുന്നത്. കൗൺസിലുകളിലെ സംസ്ഥാന പ്രതിനിധികളുടെ കാലാവധി പരിമിതപ്പെടുത്തുകയും കേന്ദ്ര സർക്കാരിന്റെ ഉപദേശപ്രകാരം രാഷ്ട്രപതിക്ക് അധ്യക്ഷ നിയമനങ്ങളിൽ നിർണായക അധികാരം നൽകുകയും ചെയ്യുന്നു. ‘Persistent Default’ എന്ന പേരിൽ കൗൺസിലുകളെ മറികടക്കാനും സർവ്വകലാശാലാ സ്വത്തുക്കൾ ഏറ്റെടുക്കാനും കേന്ദ്രത്തിന് നൽകിയിരിക്കുന്ന അധികാരങ്ങൾ രാഷ്ട്രീയ പ്രേരിത ഇടപെടലുകൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്. കേരളത്തിലെ വിദ്യാഭ്യാസ വിദഗ്ദര് ഇതിനെ സംസ്ഥാന സർവ്വകലാശാലകളുടെ സ്വയംഭരണാധികാരത്തിനുള്ള വെല്ലുവിളിയായാണ് കാണുന്നത്. അവരുടെ നിരീക്ഷണപ്രകാരം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള ഒന്നാം തലമുറ വിദ്യാർത്ഥികൾക്ക് സംസ്ഥാന സർവ്വകലാശാലകൾ പ്രധാന ആശ്രയകേന്ദ്രങ്ങളാണ്.

ധനസഹായവും ഗുണനിലവാര മാനദണ്ഡങ്ങളും നിർണയിക്കുന്ന പ്രക്രിയകളിൽ സംസ്ഥാനങ്ങളുടെ പങ്ക് ചുരുക്കുന്നത് നയരൂപീകരണത്തിന്റെ ജനാധിപത്യ സ്വഭാവത്തെ ദുർബലപ്പെടുത്തുമെന്നും പ്രാദേശിക നേതാക്കൾ ചൂണ്ടിക്കാണിക്കുന്നു. രാഷ്ട്രീയ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർവ്വകലാശാലകളിൽ കേന്ദ്ര ഇടപെടലുകൾ നടന്ന മുൻകാല അനുഭവങ്ങൾ ‘ദേശീയ മികവ്’ എന്ന പേരിൽ കേന്ദ്രാധിപത്യത്തിന്റെ വ്യാപനത്തെക്കുറിച്ചുള്ള ആശങ്കകൾക്ക് ആക്കം കൂട്ടുന്നു. സമത്വത്തിനും ബഹുഭാഷാ വിദ്യാഭ്യാസത്തിനും മുൻഗണന നൽകുന്ന കേരളത്തിന്റെ പൊതുവിദ്യാഭ്യാസ പാരമ്പര്യവും പ്രാദേശിക സാമൂഹിക യാഥാർഥ്യങ്ങൾക്കനുസൃതമായ പാഠ്യപദ്ധതി വികസനവും കേന്ദ്രീകൃത നിർദ്ദേശങ്ങളിലൂടെ പ്രതികൂലമായി ബാധിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു.

സാമൂഹിക സമത്വവും ഉൾക്കൊള്ളലും: ബില്ലിലെ മൗനങ്ങൾ

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സംവരണവും വിദ്യാഭ്യാസ ഉൾക്കൊള്ളലും സംബന്ധിച്ച വ്യക്തമായ വ്യവസ്ഥകളുടെ അഭാവമാണ് ഈ ബില്ലിന്റെ ഏറ്റവും ശ്രദ്ധേയമായ പോരായ്മകളിലൊന്ന്. ഭരണഘടനയുടെ 15(5) അനുച്ഛേദം സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പിലാക്കാനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്നുണ്ടെങ്കിലും പുതിയ റെഗുലേറ്ററി സംവിധാനത്തിന് അതിന്റെ മേൽനോട്ട ചുമതലയോ നിർബന്ധിത അധികാരമോ ബില്ലിൽ വ്യക്തമാക്കിയിട്ടില്ല. സ്വകാര്യ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗങ്ങളുടെ പ്രാതിനിധ്യം വളരെ കുറവാണെന്ന പശ്ചാത്തലത്തിൽ സംവരണ നയം നിയമപരമായി ഉറപ്പാക്കണമെന്ന് കോൺഗ്രസ് പാർട്ടി ആവശ്യപ്പെടുന്നുണ്ടെങ്കിലും ബിൽ ഈ വിഷയം ഭാവിയിലെ ഉപനിയമങ്ങൾക്ക് വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്.

സ്കൂൾ വിദ്യാഭ്യാസത്തിൽ നിന്ന് ഉന്നതവിദ്യാഭ്യാസത്തിലേക്കുള്ള കുറഞ്ഞ പരിവർത്തന നിരക്കും സാമൂഹികമായി അനുകൂലമല്ലാത്ത കലാലയാന്തരീക്ഷവും കാരണം ദലിത്, ആദിവാസി വിദ്യാർത്ഥികൾ ഇതിനകം തന്നെ പ്രതിസന്ധിയിലാണുള്ളത്. അക്രഡിറ്റേഷനിലെ ഫലാധിഷ്ഠിത മൂല്യനിർണ്ണയ രീതികൾ പിന്നാക്ക വിദ്യാർത്ഥികളുടെ പുരോഗതിക്കായി നിക്ഷേപം നടത്തുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം സാമൂഹികമായി മുൻതൂക്കമുള്ള വിദ്യാർത്ഥി സമൂഹങ്ങളെ കേന്ദ്രീകരിക്കുന്ന സ്ഥാപനങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കാനിടയുണ്ട്. ഈ സാഹചര്യത്തിൽ caste-disaggregated equity data ഉൾപ്പെടുന്ന സമത്വാധിഷ്ഠിത മൂല്യനിർണ്ണയ ചട്ടക്കൂടുകൾ അനിവാര്യമാണെന്ന് സാമൂഹിക സംഘടനകൾ ചൂണ്ടിക്കാണിക്കുന്നു. ഒ.ബി.സി വിഭാഗങ്ങൾക്ക് പൊതുമേഖലാ സ്ഥാപനങ്ങളിൽ സംവരണമുണ്ടെങ്കിലും സ്വകാര്യ മേഖലയിൽ അതിനുള്ള നിയമപരമായ മേൽനോട്ട സംവിധാനം ബിൽ നിർദ്ദേശിക്കുന്നില്ല.

ഭരണഘടനയുടെ 30-ാം അനുച്ഛേദം ഉറപ്പുനൽകുന്ന ന്യൂനപക്ഷ വിദ്യാഭ്യാസാവകാശങ്ങളും കേന്ദ്രീകൃത നിയന്ത്രണത്തിലൂടെ ദുർബലപ്പെടാൻ സാധ്യതയുള്ളതിനാൽ സ്ഥാപനപരമായ വൈവിധ്യ മാനദണ്ഡങ്ങൾ ഉറപ്പാക്കേണ്ടത് നിർണായകമാണ്. സ്ത്രീകൾ, ഗ്രാമീണ യുവാക്കൾ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങൾ നേരിടുന്ന ഡിജിറ്റൽ-സാമ്പത്തിക അസമത്വങ്ങൾ ഓൺലൈൻ അധിഷ്ഠിത അക്രഡിറ്റേഷൻ സംവിധാനങ്ങളിലൂടെ കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ട്. ‘Graded autonomy’ എന്ന ആശയം സാമ്പത്തികവും സാമൂഹികവുമായി കൂടുതൽ വിഭവങ്ങളുള്ള വരേണ്യ സ്ഥാപനങ്ങൾക്ക് കൂടുതൽ പ്രയോജനം ചെയ്യാനിടയുള്ളതാണ്. ഇങ്ങനെയായാൽ ഡിജിറ്റൽ വിഭജനവും സാമ്പത്തിക പരിമിതികളും നേരിടുന്ന ഗ്രാമീണ കോളേജുകൾക്ക് കുറഞ്ഞ റേറ്റിംഗും കുറഞ്ഞ ധനസഹായവും മാത്രമേ ലഭിക്കൂ. ഇതിന്റെ ആഘാതം പ്രധാനമായും അവിടെ പഠിക്കുന്ന ദലിത്, ആദിവാസി, ഒ.ബി.സി വിദ്യാർത്ഥികളിലേക്കായിരിക്കും വ്യാപിക്കുക.

വിദേശ സർവ്വകലാശാലകളെ ഫീസ് നിയന്ത്രണങ്ങളില്ലാതെ പ്രവർത്തിക്കാൻ അനുവദിക്കുന്നത് വിദ്യാഭ്യാസ ലഭ്യതയിലെ സാമൂഹ്യ-സാമ്പത്തിക അസമത്വങ്ങളെ കൂടുതൽ ആഴത്തിലാക്കാൻ ഇടയാക്കും. സാമൂഹിക പശ്ചാത്തലങ്ങളെ അടിസ്ഥാനമാക്കിയുള്ള ഫലസൂചികകൾ ഇല്ലാത്ത സാഹചര്യത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർത്ഥികളെ മാത്രം തെരഞ്ഞെടുക്കാൻ സ്ഥാപനങ്ങൾ പ്രേരിപ്പിക്കപ്പെടാനുള്ള സാധ്യതയും നിലനിൽക്കുന്നു. അതേസമയം പിന്നാക്ക വിദ്യാർത്ഥികളുടെ അക്കാദമിക പുരോഗതിക്കായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ നിലവിലുള്ള അക്രഡിറ്റേഷൻ സംവിധാനങ്ങളിൽ മതിയായ അംഗീകാരം നേടാതെ പോകാനും സാധ്യതയുണ്ട്. ഈ ഘടനാപരമായ പ്രശ്നങ്ങളെ മുൻനിർത്തി സാമൂഹിക നീതി, ഉൾക്കൊള്ളൽ, വിദ്യാഭ്യാസ സമത്വം എന്നിവയെ സ്ഥാപന മൂല്യനിർണ്ണയത്തിന്റെ കേന്ദ്ര ഘടകങ്ങളാക്കുന്നതിനായി ‘Equity Audit’ നിർബന്ധമാക്കണമെന്ന് വിവിധ സാമൂഹിക സംഘടനകൾ ആവശ്യപ്പെടുന്നു.

വിപണികേന്ദ്രിത സ്വയംഭരണവും സ്വകാര്യവൽക്കരണവും

‘Autonomous degree-granting colleges’ എന്ന ആശയത്തിനും അന്തർദേശീയ സഹകരണങ്ങൾക്കും ബിൽ നൽകുന്ന പ്രാധാന്യം ഉന്നതവിദ്യാഭ്യാസ മേഖലയെ കൂടുതൽ ആഗോളവൽക്കരിക്കപ്പെട്ടതും ചലനാത്മകവുമായ ഘടനയിലേക്ക് നയിക്കാനുള്ള സാധ്യത വഹിക്കുന്നു. എന്നാൽ സമത്വത്തെ അടിസ്ഥാനമാക്കിയ വ്യക്തമായ മാനദണ്ഡങ്ങൾ ഇല്ലാത്ത സാഹചര്യത്തിൽ ഇത് നിലവിലുള്ള സാമൂഹിക അസമത്വങ്ങളെ കൂടുതൽ സ്ഥിരപ്പെടുത്താൻ ഇടയാക്കും. പൊതുജനാവലോകനത്തിനായുള്ള വിവരപ്രകാശനം സ്ഥാപനങ്ങളുടെ സുതാര്യത വർധിപ്പിക്കാൻ സഹായകരമാകുമെങ്കിലും ഓൺലൈൻ അധിഷ്ഠിത നിർബന്ധിത നടപടികൾ ഇംഗ്ലീഷ് പരിജ്ഞാനം പരിമിതമായവരെയും കുറഞ്ഞ ഇന്റർനെറ്റ് സൗകര്യമുള്ള വിദ്യാർത്ഥികളെയും കൂടുതൽ പിന്നാക്കത്തിലാക്കാൻ സാധ്യതയുണ്ട്. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് ചൂണ്ടിക്കാണിച്ചതുപോലെ, “ഈ ബിൽ elite capture-ന് സാധ്യത സൃഷ്ടിക്കുന്നതും സാമൂഹിക നീതിയുടെ അടിസ്ഥാനങ്ങളായ പൊതുസർവ്വകലാശാലകളുടെ സ്വയംഭരണാധികാരം കൂടുതൽ ചുരുക്കുന്നതുമാണ്.” അതുപോലെ തന്നെ PRS India അക്രഡിറ്റേഷൻ മാനദണ്ഡങ്ങളിൽ സാമൂഹിക നീതി സൂചികകൾ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും മുന്നോട്ടുവയ്ക്കുന്നു.

വിപണികേന്ദ്രീകൃത സ്വയംഭരണാധികാരം സ്വകാര്യവൽക്കരണത്തെ വേഗത്തിലാക്കുകയും സാമൂഹിക ദൗത്യങ്ങൾക്കുമേൽ ലാഭകേന്ദ്രീകൃത സമീപനങ്ങൾക്ക് മുൻഗണന നൽകുകയും ചെയ്യാൻ സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ഗോത്ര മേഖലകളിലെയും നഗര ചേരികളിലെയും കമ്മ്യൂണിറ്റി കോളേജുകൾ കൂടുതൽ പാർശ്വവൽക്കരിക്കപ്പെടാം. ‘ഭാരതീയ ജ്ഞാന സമ്പ്രദായങ്ങൾ’ എന്ന ആശയം സാംസ്കാരികമായി പ്രസക്തമാണെങ്കിലും പ്രാദേശികവും കീഴാളവുമായ വിജ്ഞാന പാരമ്പര്യങ്ങളെ മറച്ചുവെക്കുന്ന ഏകീകൃത സാംസ്കാരിക ആഖ്യാനമായി അത് മാറാതിരിക്കാനുള്ള ജാഗ്രത അനിവാര്യമാണ്. തൊഴിൽകേന്ദ്രീകൃതവും ഓൺലൈൻ അധിഷ്ഠിതവുമായ വിദ്യാഭ്യാസ മാതൃകകൾ തൊഴിലാളിവർഗ്ഗ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കാമെങ്കിലും മതിയായ സ്കോളർഷിപ്പുകളും ഭാഷാപരമായ പിന്തുണകളും ഇല്ലാത്ത സാഹചര്യത്തിൽ അവ പരമ്പരാഗത ബിരുദ വിദ്യാഭ്യാസത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന വിഭാഗങ്ങൾക്കായുള്ള ഒരു ദ്വിതീയ വിദ്യാഭ്യാസ മേഖലയായി ചുരുങ്ങിപ്പോകാനുള്ള അപകടസാധ്യതയും നിലനിൽക്കുന്നു.

സമാപനം

വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ 2025 ന് ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ മേഖലയെ ആഗോള നിലവാരത്തിലേക്ക് ഉയർത്താനുള്ള സാധ്യതകൾ ഏറെയുണ്ട്. എന്നിരുന്നാലും അതിന്റെ കേന്ദ്രീകരണ പ്രവണതകളും സാമൂഹിക സമത്വത്തെ സംബന്ധിച്ച അപര്യാപ്തമായ വ്യവസ്ഥകളും ദലിത്, ആദിവാസി, ഒ.ബി.സി, ന്യൂനപക്ഷ വിഭാഗങ്ങൾ, ഗ്രാമീണ സ്ത്രീകൾ തുടങ്ങിയവർക്കുള്ള ഉന്നതവിദ്യാഭ്യാസ പ്രവേശനത്തെ കൂടുതൽ ദുഷ്കരമാക്കുന്ന സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതകളും വളരെയധികം ശ്രദ്ധിക്കപ്പെടേണ്ടതാണ്. അതുകൊണ്ട് ഉൾക്കൊള്ളൽ മാനദണ്ഡങ്ങൾ, സംവരണ വ്യവസ്ഥകൾ, സംസ്ഥാനങ്ങളുടെ പങ്കാളിത്തം, സാമൂഹിക നീതി സൂചികകൾ എന്നിവ വ്യക്തമായി ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്.

നിലവിലെ ലോക്‌സഭാ ചർച്ചകളുടെ പശ്ചാത്തലത്തിൽ സാമൂഹിക നീതിയെ ഈ ബില്ലിന്റെ കേന്ദ്രഘടകമാക്കി മാറ്റുന്നതിനുള്ള ഭേദഗതികൾ നടപ്പാക്കുക എന്നത് പാർലമെന്റിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. യഥാർത്ഥ ‘വികസിത് ഭാരത്’ എന്ന ആശയം ഏതാനും പ്രമുഖ സ്ഥാപനങ്ങളിലെ കേന്ദ്രീകൃത മികവിലൂടെയല്ല, മറിച്ച് സാമൂഹിക പശ്ചാത്തലഭേദമന്യേ എല്ലാ പഠനമേഖലകളിലേക്കും തുല്യ വിദ്യാഭ്യാസാവസരങ്ങളും ഗുണനിലവാരവും വ്യാപിപ്പിക്കുന്നതിലൂടെയാണ് സാക്ഷാത്കരിക്കപ്പെടേണ്ടത്. അല്ലാത്തപക്ഷം ഈ നിയമം നിലവിലുള്ള സാമൂഹിക വിടവുകൾ ഇല്ലാതാക്കുന്നതിനേക്കാൾ അവയെ കൂടുതൽ ആഴത്തിലാക്കുന്ന ഉപാധിയായി മാറാൻ സാധ്യതയുണ്ട്.

നിലവിലുള്ള ഉന്നതവിദ്യാഭ്യാസ നിയന്ത്രണ സമിതികളായ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (UGC), ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ (AICTE), നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷൻ (NCTE) എന്നിവ നിഷ്കാസനം ചെയ്തുകൊണ്ട്, ഏകീകൃതവും പരമാധികാരമുള്ളതുമായ ഒരു പരമോന്നത നിയന്ത്രണ സംവിധാനം പ്രതിഷ്ഠിക്കാൻ ലക്ഷ്യമിടുന്ന ‘വികസിത് ഭാരത് ശിക്ഷാ അധിഷ്ഠാൻ ബിൽ, 2025’ നിലവിൽ ഒരു സംയുക്ത പാർലമെന്ററി സമിതിയുടെ (Joint Parliamentary Committee – JPC) സൂക്ഷ്മ പരിശോധനയിലാണ്. നിർദ്ദിഷ്ട നിയമനിർമ്മാണം അധികാര കേന്ദ്രീകരണത്തിന് വഴിവെക്കുമെന്നും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണപരവും അക്കാദമികവുമായ സ്വയംഭരണാധികാരത്തെ (Autonomy) ഹനിക്കുമെന്നുമുള്ള ആശങ്കകൾ ഇതിനകം തന്നെ വിദ്യാഭ്യാസ വിദഗ്ദർ, അക്കാദമിക സ്ഥാപനങ്ങൾ, നയരൂപകർത്താക്കൾ, സിവിൽ സമൂഹ സംഘടനകൾ എന്നിവർക്കിടയിൽ വിപുലമായ സംവാദങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ബില്ലിന്മേലുള്ള അന്തിമ ശുപാർശകൾ സമർപ്പിക്കുന്നതിന് മുന്നോടിയായി, പ്രസ്തുത പാർലമെന്ററി സമിതി ഈ മേഖലയിലെ വൈവിധ്യമാർന്ന പങ്കാളികളിൽ നിന്നും (Stakeholders) താൽപര്യമുള്ള ജനവിഭാഗങ്ങളിൽ നിന്നും വിപുലമായ അഭിപ്രായരൂപീകരണവും തെളിവെടുപ്പും നടത്തിവരികയാണ്.

മുബാറക് ഫറോക്ക്