Campus Alive

അധിനിവേശത്തിന്റെ സയണിസ്റ്റ് രൂപം

നിലവിൽ ഫലസ്തീൻ കയ്യടക്കിയിട്ടുള്ള സയണിസ്റ്റ് സൈന്യങ്ങൾ അവകാശപ്പെടുന്നത് തങ്ങളുടെ പുരാതന യഹൂദ പ്രവാചകന്മാർ പ്രവചിച്ചതാണ് ‘ഈ ലോകത്തിന്റെ അന്ത്യനാളുകളിൽ’ തങ്ങളുടെ ദൈവം അവരെ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കാനായി ഒരു ‘മിശിഹയെ’ അയക്കുകയും ശേഷം തങ്ങൾ സ്വന്തമാക്കിയ ഈ പുതിയ രാജ്യത്ത് ഒരു ‘ദൈവിക’ ഭരണകൂടം സ്ഥാപിക്കുമെന്നും പിന്നീട് ഈ ‘ദൈവിക’ ഭരണകൂടം ‘മറ്റെല്ലാ രാജ്യങ്ങൾക്കുമേലും നിഷ്‌കർഷ ഭരണം നടപ്പിലാക്കുകയും’ ചെയ്യുമെന്നത്. ഇപ്രകാരം ഇപ്പോഴത്തെ അറബ് ഫലസ്തീൻ അധിനിവേശം തങ്ങളുടെ യഹൂദ പ്രവാചകൻമാർ നടത്തിയ പ്രവചനങ്ങളുടെ പൂർത്തീകരണമാണെന്ന് ഇസ്രായേലി സയണിസ്റ്റുകൾ വിശ്വസിക്കുന്നുവെങ്കിൽ മറ്റെല്ലാ രാജ്യങ്ങൾക്കുമേലും നിഷ്‌കർഷ ഭരണം നടപ്പിലാക്കാനുള്ള ‘ദൈവിക’ ദൗത്യം ഇസ്രായേൽ നിറവേറണമെന്നും മതപരമായി അവർ വിശ്വസിക്കുന്നു. മുൻ യൂറോപ്യൻ കൊളോണിയൽ ശക്തികളേക്കാൾ കൂടുതൽ നിഷ്ഠൂരമായ ഭരണമായിരിക്കും അത്.

കാലഹരണപ്പെട്ട യൂറോപ്പ്യൻ കൊളോണിയലിസത്തിനു പകരം പുതിയ തരം കൊളോണിയൽ അധിനിവേശത്തിന് യഹൂദ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ജനതയാണ് തങ്ങളെന്ന് ഇസ്രായേലി സയണിസ്റ്റുകൾ മതപരമായി വിശ്വസിക്കുന്നു.  തങ്ങൾ ഇപ്പോഴും കോളനിവൽകൃതരാണെന്നു തിരിച്ചറിയാത്ത ആഫ്രിക്കൻ ജനതക്ക് മുന്നിൽ ഇത്തരത്തിൽ പ്രച്ഛന്ന വേഷത്തിൽ അവതരിച്ച് ‘ദൈവിക’ അധികാരത്തിനും മാർഗനിർദേശത്തിനും മുന്നിൽ അവരെ സ്വയം വിധേയരാക്കുന്നു.

പ്രച്ഛന്നവേഷം

തങ്ങളുടെ പുതിയ തരം കൊളോണിയലിസത്തെ വിജയകരമായി ഒളിച്ചുകടത്താൻ തങ്ങൾക്ക് കഴിഞ്ഞിരിക്കുന്നുവെന്ന് ഇസ്രായേൽ സയണിസ്റ്റുകൾ കരുതുന്നു. സാമ്പത്തിക ‘സഹായം’ എന്ന സൗഹൃദ വാഗ്ദാനങ്ങളിലൂടെയും സാമ്പത്തികമായി പ്രതിസന്ധികൾ നേരിടുന്ന പുതുതായി സ്വതന്ത്രമായ ആഫ്രിക്കൻ രാജ്യങ്ങൾക്കായി മറ്റ് പ്രലോഭനകരമായ സമ്മാനങ്ങൾ നീട്ടിയും ഇരകളെ നേടിയെടുക്കുന്ന സയണിസ്റ്റ് കൊളോണിയലിസം കൂടുതൽ ‘ഉദാരവും’ ‘മനുഷ്യസ്‌നേഹിയുമായ’ ഒരു വ്യവസ്ഥ ആയാണ് പ്രത്യക്ഷപ്പെടുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ ആഫ്രിക്കൻ ജനത നിരക്ഷരരായിരുന്നതിനാൽ യൂറോപ്പ്യൻ സാമ്രാജ്യത്വശക്തികൾക്ക് ‘ബലവും ഭയവും’ ഉപയോഗിച്ച് അവരെ ഭരിക്കുക എളുപ്പമായിരുന്നു. എന്നാൽ ആഫ്രിക്കൻ ജനത പ്രബുദ്ധരായി മാറിയ ഈ കാലഘട്ടത്തിൽ അന്നത്തെ പുരാതന രീതികൾ ഉപയോഗിച്ച് അവരെ വരുതിയിലാക്കുക അസാധ്യമാണ്. അതിനാൽ സാമ്രാജ്യത്വവാദികൾ പുതിയരീതികൾ ആവിഷ്‌കരിക്കാൻ നിർബന്ധിതരായി. ബലപ്രയോഗവും ഭയപ്പെടുത്തലും വിലപ്പോവാത്തതിനാൽ ആഫ്രിക്കൻ ജനതയെ സ്വമേധയാ ഉള്ള വിധേയത്വത്തിലേക്ക് നയിക്കുന്ന ആധുനിക തന്ത്രങ്ങളെ അവർക്ക് അവലംബിക്കേണ്ടി വന്നു.

‘ഡോളറിസം’ ആണ് ഇരുപതാം നൂറ്റാണ്ടിലെ ആധുനിക നവസാമ്രാജ്യത്വത്തിന്റെ പ്രധാന ആയുധം. സമ്മാനങ്ങളും മറ്റെല്ലാ തരത്തിലുള്ള സാമ്പത്തിക സഹായങ്ങളും സാങ്കേതിക സഹായ വാഗ്ദാനങ്ങളും നൽകി ഒരു സുഹൃത്തും ഗുണഭോക്താവുമായി സ്വയം അവതരിക്കാൻ ശേഷിയുള്ള ഡോളറിസത്തിന്റെ ശാസ്ത്രത്തിൽ വിദഗ്ധരാണ് സയണിസ്റ്റുകൾ. അതിനാൽ നവ ‘സ്വതന്ത്ര’ ആഫ്രിക്കൻ രാജ്യങ്ങളിൽ പലതിലുമുള്ള സയണിസ്റ്റ് ഇസ്രായേലിന്റെ ശക്തിയും സ്വാധീനവും പതിനെട്ടാം നൂറ്റാണ്ടിലെ യൂറോപ്പ്യൻ കൊളോണിയലിസത്തേക്കാൾ ത്വരിതവും അചഞ്ചലവുമാണ്… ഈ പുതിയ തരം സയണിസ്റ്റ് കൊളോണിയലിസം കേവലം രൂപത്തിലും രീതിയിലും മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്, ലക്ഷ്യവും ഉദ്ദേശവുമൊക്കെ ഒന്ന് തന്നെ.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, യൂറോപ്പ്യൻ സാമ്രാജ്യത്വവാഹകർ ആഫ്രിക്കയിലെ പ്രബുദ്ധരായ ജനത തങ്ങളുടെ പഴയ ഭരണരീതിയായ ഭയത്തിനും ബലപ്രയോഗത്തിനും വഴങ്ങില്ലെന്ന് മുൻകൂട്ടി കാണുകയും, തന്ത്രശാലികളായ ഈ സാമ്രാജ്യത്വവാഹകർക്ക് ഒരു ‘പുതിയ ആയുധവും’ ആ ആയുധത്തിന് ‘പുതിയ അടിസ്ഥാനവും’ നിർമ്മിക്കേണ്ടതായി വരികയും ചെയ്തു.

ഡോളറിസം

ഇരുപതാം നൂറ്റാണ്ടിലെ സാമ്രാജ്യത്വത്തിന്റെ ഏറ്റവും മികച്ച ആയുധമാണ് സയണിസ്റ്റ് ഡോളറിസം. ഈ ആയുധത്തിന്റെ പ്രധാന താവളങ്ങളിലൊന്നാവട്ടെ സയണിസ്റ്റ് ഇസ്രായേലുമാണ്. അറബ് ലോകത്തെ ഭൂമിശാസ്ത്രപരമായി വിഭജിക്കാനും ആഫ്രിക്കൻ നേതാക്കൾക്കിടയിൽ ഭിന്നിപ്പിന്റെ വിത്ത് വിതയ്ക്കാനും ആഫ്രിക്കക്കാരെ ഏഷ്യക്കാർക്കെതിരെ നിർത്താനും പാകത്തിലാണ് തന്ത്രശാലികളായ യൂറോപ്പ്യൻ സാമ്രാജ്യത്വശക്തികൾ ഇസ്രായേലിനെ ബുദ്ധിപൂർവ്വം പ്രതിഷ്ഠിച്ചിരിക്കുന്നത്.

സയണിസ്റ്റ് ഇസ്രായേലിന്റെ അറബ് ഫലസ്തീൻ അധിനിവേശം നവസ്വതന്ത്ര അറബ് രാജ്യങ്ങളെ തങ്ങളുടെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്നതിലും ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ നിന്ന് തടഞ്ഞു. പകരം ആയുധങ്ങൾക്കു വേണ്ടി കോടിക്കണക്കിന് ഡോളർ ചിലവഴിക്കുന്നതിലേക്ക് അറബ് ലോകത്തെ തള്ളിവിട്ടു.

തങ്ങളുടെ പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ബൗദ്ധികമോ സാങ്കേതികമോ ആയ ശേഷി അറബ് നേതാക്കൾക്കില്ലെന്ന് ആഫ്രിക്കൻ ജനതയ്ക്ക് മുന്നിൽ കാണിക്കുന്നതിന് അറബ് ലോകത്ത് തുടരുന്ന ഈ താഴ്ന്ന ജീവിതനിലവാരത്തെ സയണിസ്റ്റ് പ്രചാരകർ സമർത്ഥമായി ഉപയോഗിച്ചു. അങ്ങനെ, പരോക്ഷമായി അറബികളിൽ നിന്നും ആഫ്രിക്കക്കാരെ അകറ്റുകയും പകരം ഇസ്രായേലിനെ വഴികാട്ടിയും  സാങ്കേതിക സഹായിയുമായി കാണാൻ പ്രേരിപ്പിക്കുകയും ചെയ്തു.

“പക്ഷിയുടെ ചിറകുകൾ അവർ അരിയുകയും, ശേഷം അവരോളം വേഗത്തിൽ പറക്കാത്തതിന് അതിനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു”.

സാമ്രാജ്യത്വവാദികൾക്ക് എല്ലായ്പ്പോഴും തങ്ങളെത്തന്നെ ഉത്തമരായി പ്രതിഷ്ഠിക്കാൻ സാധിക്കുന്നത് ഇത്തരത്തിൽ സയണിസ്റ്റ്-മുതലാളിത്ത ഗൂഢാലോചനയാൽ സാമ്പത്തികമായി തകർക്കപ്പെട്ട നവസ്വതന്ത്രരാജ്യങ്ങൾക്കെതിരെ അവർ മത്സരിക്കുന്നതിനാലാണ്. ന്യായവും നീതിയുക്തവുമായ മത്സരത്തിൽ അവർക്ക് ചെറുത്ത് നിൽക്കാൻ കഴിയില്ല. അത്കൊണ്ടാണ് ആഫ്രിക്കൻ-അറബ് രാജ്യങ്ങൾ സോഷ്യലിസത്തിന് കീഴിൽ ഒന്നിക്കുന്നതിന് വേണ്ടി ഗമാൽ അബ്ദുൾ നാസർ നടത്തിയ ആഹ്വാനത്തെ അവർ ഭയപ്പെടുന്നത്.

മിശിഹ?

സയണിസ്റ്റുകളുടെ ‘മതപരമായ’ അവകാശവാദമായ അവരുടെ മിശിഹായാൽ വാഗ്ദത്ത ഭൂമിയിലേക്ക് നയിക്കപ്പെടുമെന്നതും ആ പ്രവചനത്തിന്റെ സഫലീകരണമാണ് ഇസ്രായേലിന്റെ ഇപ്പോഴത്തെ അറബ് ഫലസ്തീൻ അധിനിവേശമെന്നതും ശരിയാണെങ്കിൽ, അവരുടെ പ്രവാചകൻമാർ പറഞ്ഞ അവരെ നയിക്കുന്ന മിശിഹാ എവിടെ? റാൽഫ് ബഞ്ചയാണ് (Ralph Bunche) സയണിസ്റ്റുകൾക്ക് അധിനിവേശ ഫലസ്തീൻ കൈവശം വയ്ക്കാനുള്ള ‘ഇടപെടലുകൾ’ നടത്തിയത്! റാൽഫ് ബഞ്ചാണോ സയണിസത്തിന്റെ മിശിഹ? റാൽഫ് ബഞ്ച് അവരുടെ മിശിഹാ അല്ലെങ്കിൽ, അവരുടെ മിശിഹ ഇതുവരെ വന്നിട്ടില്ലെങ്കിൽ, അവർ തങ്ങളുടെ മിശിഹയുടെ ആഗമനത്തിന് മുന്നേ ഫലസ്തീനിൽ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?

മാൽക്കം എക്സ്

ആയിരം വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ പൂർവികർ അവിടെ താമസിച്ചിരുന്നുവെന്ന ‘മതപരമായ’ വാദത്തിന്റെ പേരിൽ അറബ് ഫലസ്തീൻ ആക്രമിക്കാനും അറബ് പൗരന്മാരെ അവരുടെ വീടുകളിൽ നിന്ന് പിഴുതെറിയാനും അറബ് സ്വത്തുക്കൾ പിടിച്ചെടുക്കാനും സയണിസ്റ്റുകൾക്ക് നിയമപരമോ ധാർമ്മികമോ ആയ അവകാശമുണ്ടോ? ഒരായിരം വർഷം മുമ്പ് മാത്രമാണ് മൂറുകൾ സ്പെയ്നിൽ തമാസിച്ചിരുന്നത്. എന്നാൽ ഇക്കാരണത്താൽ യൂറോപ്പ്യൻ സയണിസ്റ്റുകൾ ഫലസ്തീനിലെ നമ്മുടെ അറബ് സഹോദരങ്ങളോട് ചെയ്യുന്നത് പോലെ  ഐബീരിയൻ ഉപദ്വീപിൽ അധിനിവേശം നടത്താനും സ്പാനിഷ് പൗരന്മാരെ തുരത്താനും തുടർന്ന് ഒരു പുതിയ മൊറോക്കൻ രാഷ്ട്രം സ്ഥാപിക്കാനുമുള്ള നിയമപരവും ധാർമ്മികവുമായ അവകാശം ഇന്നത്തെ മൂർസിന് ലഭിക്കുമോ…?

ചുരുക്കത്തിൽ, അറബ് ഫലസ്തീനിലുള്ള ഇസ്രായേലിന്റെ ഇപ്പോഴത്തെ അധിനിവേശത്തെ ന്യായീകരിക്കാനുള്ള സയണിസ്റ്റ് വാദത്തിന് ചരിത്രത്തിൽ ബൗദ്ധികമോ നിയമപരമോ ആയ അടിത്തറയില്ല. എന്തിനധികം സ്വന്തം മതാടിസ്ഥാനത്തിൽ പോലും ഇല്ല. എവിടെ അവരുടെ മിശിഹ?


(1964 സെപ്തംബർ 17 ന് ‘ദി ഈജിപ്ത്യൻ ഗസറ്റ്’ പത്രത്തിൽ ‘Zionist Logic’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചതാണീ കുറിപ്പ്. വിവർത്തനം: സിബ്ഗത്തുള്ള സാഖിബ്)

മാൽകം എക്സ്