Campus Alive

ഫലസ്തീൻ പ്രശ്നം: ഹമാസ് എങ്ങനെയാണ് സമീപിക്കുന്നത്?

ഫലസ്തീൻ പ്രശ്നം വീണ്ടും ചർച്ച ചെയ്യപ്പെടുകയാണ്. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ സായുധമായി നേരിട്ടു കൊണ്ടിരിക്കുന്ന പോരാട്ട പ്രസ്ഥാനമാണ് 1987 രൂപീകൃതമായ ഹറകത്തുൽ മുഖാവമത്തിൽ ഇസ്‌ലാമിയ അഥവാ ഹമാസ്. എല്ലാ ഘട്ടത്തിലും ഫലസ്തീൻ പ്രശ്നത്തിൽ (القضية الفلسطينية) ഹമാസിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. അതിനാൽ ഫലസ്തീൻ വിഷയത്തെ ഹമാസ് എങ്ങനെ സമീപിക്കുന്നു എന്നത് പ്രസക്തമാണ്. ഒന്നിലധികം തവണ മൊസാദിന്റെ വധശ്രമത്തിൽ നിന്ന് രക്ഷപെട്ട ഹമാസിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖനാണ് ശൈഖ് ഖാലിദ് മിശ്അൽ. ഹമാസ് എങ്ങനെയാണ് ഫലസ്തീൻ പ്രശ്നത്തെ വിലയിരുത്തുന്നത് എന്ന വിഷയം ‘ഹമാസ്: മആലിമു ഫിൽ ഫിക്രി വത്തജ്രിബ’ എന്ന ലേഖനത്തിൽ അദ്ദേഹം സമഗ്രമായി വിശദീകരിക്കുന്നുണ്ട്. അതിന്റെ ആശയ വിവർത്തനമാണ് ചുവടെ.


1) ഫലസ്തീൻ ഒരുതല മുതൽ മറുതല വരെ, കിഴക്ക് മുതൽ പടിഞ്ഞാറ് വരെ ഫലസ്തീൻ ജനതയുടെതാണ്. മറുവാദങ്ങൾ എന്തൊക്കയായിരുന്നാലും, അതവരുടെ രാഷ്ട്രവും, ന്യായമായ അവകാശവുമാണ്.

2) ഫലസ്തീൻ അറബ് ഇസ്‌ലാമിക ഭൂമിയാണ്. ഇസ്‌ലാമാണ് അതിന്റെ പാരമ്പര്യം. വളരെ പവിത്രമായൊരു മണ്ണാണത്. എല്ലാ മുസ്‌ലിമീങ്ങളുടെ ഹൃദയത്തിലും ഫലസ്തീനിന് മഹത്തായ പദവിയുമുണ്ട്.

3) അധിനിവേശത്തിന്റെ സാധുതയെ ഒരു നിലക്കും ഹമാസ് അംഗീകരിക്കുന്നില്ല. ഇതാണ് അടിസ്ഥാനപരവും, രാഷ്ട്രീയവും, ധാർമ്മികവുമായ നിലപാട്. അതിനാൽ തന്നെ ഇസ്റായേലിന്റെ അധിനിവേശത്തെ ഒരു നിലക്കും സമ്മതിക്കില്ല. കാലമെത്ര കഴിഞ്ഞാലും ഫലസ്തീൻ മണ്ണിന്റെ ഒരു കോണിലും ഇസ്റായേലിനെ ഞങ്ങൾ അംഗീകരിച്ച് തരികയില്ല. ഇത് അധിക കാലമൊന്നും നീളുകയില്ല; ഇൻഷാ അല്ലാഹ്. നിലവിലുള്ള എല്ലാ അധിനിവേശവും, കുടിയേറ്റവും, ജൂതവൽക്കരണവും, യാഥാർത്ഥ്യങ്ങളെ വളച്ചൊടിക്കലുമെല്ലാം വ്യർഥമാണ്. തീർച്ചയായും അതൊക്കെ അവസാനിക്കും.

ഖാലിദ് മിശ്അൽ

4) ഫലസ്തീൻ വിമോചനം മതപരവും ദേശപരവുമായ ഉത്തരവാദിത്വമാണ്. അത് നിർവഹിക്കൽ ഫലസ്തീൻ ജനതയുടെയും ഇസ്‌ലാമിക സമൂഹത്തിന്റെയും ബാധ്യതയാണ്. നീതിയുടെയും ന്യായത്തിന്റെയും പരിപ്രേക്ഷ്യത്തിൽ ഫലസ്തീൻ വിമോചനം മാനുഷികമായൊരു ഉത്തരവാദിത്വവുമാണ്.

5) സായുധ പോരാട്ടമാണ് ഫലസ്തീൻ വിമോചനത്തിന്റെയും, അവകാശങ്ങൾ തിരിച്ച് പിടിക്കുന്നതിന്റെയും ശരിയായ വഴി. അതോടൊപ്പം രാഷ്ട്രീയവും, നയതന്ത്രപരവും, നിയമപരവും ഒക്കെയായ ചെറുത്ത് നിൽപ്പും ആവശ്യമാണ്. ഈ പോരാട്ടത്തിൽ സമുദായത്തിന്റെ മുഴുവൻ ശക്തിയും സംയോജിപ്പിക്കൽ അനിവാര്യമാണ്.

6) തിരിച്ചടിക്കുക എന്നത് മാർഗ്ഗമാണ്; ആത്യന്തിക ലക്ഷ്യമല്ല. രക്ത ചൊരിച്ചിൽ ഇല്ലാതെ മറ്റെതങ്കിലും മാർഗ്ഗേണ ഫലസ്തീൻ വിമോചനം സാധ്യമാവുമെങ്കിൽ അത് സ്വീകരിക്കാൻ ഞങ്ങൾ തയ്യാറാണ്. പക്ഷേ ഇത്രയും കാലത്തെ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത് അധിനിവേശക്കാരെ തുരത്തി ഓടിക്കാൻ, അവരുടെ അക്രമണം അവസാനിപ്പിക്കാൻ, ഫലസ്തീൻ തിരിച്ച് പിടിക്കാൻ എല്ലാ രൂപത്തിലുമുള്ള പ്രത്യാക്രമണമല്ലാതെ മറ്റൊരു വഴിയുമില്ല എന്നതാണ്. അതിൽ പ്രധാനപ്പെട്ടതാണ് സായുധമായി തിരിച്ചടിക്കൽ.

7) ജൂതരായി എന്ന കാരണത്താൽ ഞങ്ങൾ ജൂതന്മാരുമായി യുദ്ധത്തിലേർപ്പടുന്നില്ല. സിയോണിസ്റ്റ് അധിനിവേശ സിദ്ധാന്തം പേറുന്ന ജൂതന്മാരുമായാണ് ഹമാസിന്റെ യുദ്ധം. ഞങ്ങളെ കീഴടക്കാൻ, ഞങ്ങളുടെ അവകാശങ്ങൾ കൈയ്യടക്കാൻ, ഞങ്ങളുടെ ഫലസ്തീൻ പിടിച്ചെടുക്കാൻ വരുന്നവരോട് അവരുടെ മതം, വംശം, പരമ്പര, ദേശം ഒന്നും പരിഗണിക്കാതെ ഞങ്ങൾ യുദ്ധം ചെയ്തിരിക്കും.

8) സിയോണിസ്റ്റ് പദ്ധതി വംശീയതയിലും, അക്രമോത്സുകതയിലും, തീവ്രവാദത്തിലും കെട്ടിപ്പടുക്കപ്പെട്ടതാണ്. അതിനാൽ തന്നെ അത് ഫലസ്തീൻ ജനതയുടെ തന്നെ ശത്രുവാണ്. നമുക്ക് മേൽ വലിയ അപായവും, നമ്മുടെ സമാധാനത്തിനും ക്ഷേമത്തിനും വമ്പിച്ച ഭീഷണിയുമാണത്. സിയോണിസം മനുഷ്യ കുലത്തിന് തന്നെ അപകടമാണ് എന്ന് ഞാൻ പറഞ്ഞാൽ അത് അതിരുവിടലാവുകയില്ല.

9) ഖുദ്സിനെയും, ഇസ്‌ലാമിക സമൂഹവും കൃസ്തീയ സമൂഹവും അതിന് കൽപ്പിക്കുന്ന പവിത്രതയെയും ഹമാസ് ചേർത്ത് നിർത്തുന്നു. അതിൽ ഒന്നും പരിത്യജിക്കുകയോ, ഒന്നിലും പരിധി ലംഘിക്കുകയോ ചെയ്യുകയില്ല. ഖുദ്സ് നമ്മുടെ അവകാശവും ആത്മാവും ചരിത്രവും വർത്തമാനം ഭാവിയും ഒക്കെയാണ്. അതാണ് ഫലസ്തീനിന്റെ തലസ്ഥാനം. മുസ്‌ലിമീങ്ങളുടെ മോഹഗേഹവും ആത്മാഭിമാനത്തിന്റെ പ്രതീകവുമാണത്. ഫലസ്തീനിൽ ഇസ്റായേലിന് ഒരു അവകാശവുമില്ല എന്നത് പോലെ തന്നെ ഖുദ്സിലുമില്ല.

10) 1948ലോ, 1967ലോ ഒക്കെയായി ഫലസ്തീനിൽ നിന്ന് കുടിയിറക്കപ്പെട്ട, പാലായനം ചെയ്യപ്പെട്ട ജനതക്ക് ഫലസ്തീനിലേക്ക് തന്നെ തിരിച്ച് വരാനുള്ള അവകാശത്തിന് വേണ്ടിയുള്ള പോരാട്ടം ഹമാസ് മുറുകെ പിടിക്കുന്നു. അതോടൊപ്പം ഫലസ്തീന് പകരം മറ്റൊരു ഭൂമി എന്ന ഫോർമുലകളെ തള്ളിക്കളയുകയും ചെയ്യുന്നു.

ഫലസ്തീൻ ജനതക്ക് ഫലസ്തീനിന് പകരമായി ഫലസ്തീനല്ലാതെ മറ്റൊന്നും ആവശ്യമില്ല. ഇത്രയും കാലത്തെ പോരാട്ടങ്ങൾ ഫലസ്തീനിന് വേണ്ടിയുള്ള ഈ ജനതയുടെ കടുംപിടുത്തത്തിന്റെ തെളിവാണ്.

11) ഫലസ്തീൻ രാഷ്ട്രത്തിന്റെ ഏകീകരണം ഹമാസിന്റെ ലക്ഷ്യമാണ്. ഖുദ്സ് ഉൾപ്പെടുന്ന പടിഞ്ഞാറൻ തീരം, ഗസ്സ പ്രവിശ്യ, ജൂതന്മാർ കൈയേറ്റം ചെയ്യപ്പെട്ട പ്രദേശം; ഇവയല്ലാം ഉൾപ്പെടുന്നതാണ് ഫലസ്തീൻ. അതിൽ നിന്ന് ഒന്നിനെ വേർപെടുത്തുക അസാധ്യമാണ്. ഇവ മൊത്തമായും ഫലസ്തീൻ ജനതയുടെതാണ്.

12) മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഉൾപ്പെടുന്ന ഫലസ്തീൻ ജനതയുടെ ചിന്താപരവും, രാഷ്ട്രീയവും, പ്രത്യയശാസ്ത്രപരവുമായ ഘടകങ്ങളെയും, ജനതയുടെ എല്ലാ കൊടുക്കൽ വാങ്ങലുകളെയും ചേർത്ത് വെച്ചുള്ള ഐക്യവും ഹമാസ് മുന്നോട്ട് വെക്കുന്നു.

13) ഫലസ്തീൻ രാഷ്ട്രീയ സംവിധാനത്തിന്റെയും സ്ഥാപനങ്ങളുടെയും ഏകീകരണം, എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ശരിയായ അടിത്തറയിൽ രാഷ്ട്രീയ ഘടന നിർമിക്കണം. നിലവിലുള്ള പലതും നമ്മുടെ മേൽ നിർബന്ധിതമായി തീർന്നതാണ്. വേർപിരിവുകൾ മാറ്റി നിർത്തി ഒറ്റ അണിയായി മാറുക എന്നതാണ് അടിസ്ഥാനം.

14) പ്രഥമ ഘട്ടം വിമോചനമാണ്. ശേഷമാണ് രാഷ്ട്രം. യഥാർത്ഥ രാഷ്ട്രം എന്നത് വിമോചനത്തിന്റെ ഫലമാണ്. മുഴുവൻ ഫലസ്തീൻ ഭൂപ്രദേശത്തിന് മേലും അധീശത്വമുള്ള ഒരു രാഷ്ട്ര സംവിധാനം സ്ഥാപിക്കപ്പെടുക തന്നെ ചെയ്യണം. ജനതയെ പരിചരിക്കുകയും, അവരുടെ അവകാശങ്ങളെയും വിമോചന പദ്ധതികളെയും സേവിക്കുകയും ചെയ്യുന്ന ഒരു ഭരണാധികാര സംവിധാനവും ഉണ്ടാവണം.

15) മറ്റൊരു രാഷ്ട്രത്തെയും ആശ്രയിക്കാത്ത വിധം ഫലസ്തീനിന് സ്വതന്ത്രമായൊരു ദേശീയ നയമുണ്ടാവണമെന്ന് ഹമാസ് ആഗ്രഹിക്കുന്നു. അവ സൗഹൃദ ബന്ധം പുലർത്തുന്ന രാഷ്ട്രങ്ങളോടായാലും ശത്രുത പുലർത്തുന്ന രാഷ്ട്രങ്ങളോടായാലും ശരി. ഇതിനർത്ഥം ഫലസ്തീൻ പ്രശ്നം ഫലസ്തീൻ ജനതയുടെ മാത്രം പ്രശ്നമായി പരിമിതപ്പെടുത്തണം എന്നല്ല. ഫലസ്തീൻ ഇസ്‌ലാമിക സമൂഹത്തിന്റെ മുഴുവൻ പ്രശ്നമായി തുടരുക തന്നെ ചെയ്യും.

16) ചരിത്രത്തിലുടനീളം ഈ ജനത ഒന്നിച്ചായിരുന്നു. എല്ലാ വിധത്തിലുള്ള വൈവിധ്യങ്ങളെ (മതം, മദ്ഹബ്) അംഗീകരിച്ച് കൊണ്ട് തന്നെ ഫലസ്തീൻ ജനതയുടെ ഏകോപനത്തിന് പ്രയത്നിക്കും. ഓരോ പൗരനും തന്റെ പരിധിയെ കുറിച്ച് ബോധ്യമുണ്ടാകണം, അന്യന്റെ അവകാശം ഹനിക്കാത്ത വിധം സ്വന്തം അവകാശങ്ങൾ നേടിയെടുക്കണം, സ്വന്തം വിഭാഗങ്ങളുടെ നന്മക്ക് മേൽ ഉമ്മത്തിന്റെ നന്മയെ പരിഗണിക്കണം.

17) ഏത് നിലപാടുകളും രാഷ്ട്രീയ നീക്കങ്ങളും ഈ സൂചിപ്പിക്കപ്പെട്ട അടിസ്ഥാനങ്ങളുമായി യോജിക്കുന്നതാകണം. അതിനോട് എതിരിടുന്ന ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല. എല്ലാ നവീന തീരുമാനങ്ങളും ഈ തത്വങ്ങൾക്ക് വിധേയപ്പെട്ടതാവണം. ഫലസ്തീൻ ജനതയുടെ ക്ഷേമ സ്വപ്നങ്ങളുടെ അടിസ്ഥാനങ്ങളായ ഇവയ്ക്ക് എതിരു നിൽക്കുന്നതല്ലാം നമ്മൾ പാടെ നിരാകരിക്കണം, തള്ളിക്കളയണം.


സംഗ്രഹ വിവർത്തനം: ബിലാൽ ഇബ്നു അബ്ദുള്ള

ഖാലിദ് മിശ്അൽ