Campus Alive

ഹുസൈനിയ്യത്തിന്റെ ആത്മാവ്

ഇസ്ലാമിക ചരിത്രത്തിലെ ഇരുണ്ട ഏടുകളിലൊന്നാണ് കർബല. മഹാനായ റസൂൽ (സ) യുടെ പേരമകൻ ഹുസൈൻ ഇബ്നു അലി (റ) തൻ്റെ കൂട്ടാളികളോടൊപ്പം രക്തസാക്ഷിത്വം വരിച്ച ദിനം. അതൊരു മുഹറം പത്തിലായിരുന്നു. പ്രവാചകൻ മൂസ (അ) യുടെ വിമോചന പോരാട്ടവും നീതിക്കായുള്ള ത്യാഗപരിശ്രമങ്ങളും അയവിറക്കുന്ന അതേ ദിവസം തന്നെ കർബലയും സംഭവിച്ചത് യാദൃശ്ചികമാവണമെന്നില്ല. കാരണം, രണ്ടും ഒരുൺമയിൽ നിന്ന് രൂപപ്പെട്ടതാണ്. അഥവാ രണ്ടിൻ്റെയും ഉൾകാമ്പ് ഒന്നുതന്നെ. അത് നീതിയും വിമോചന പാഠവുമാണ്. രണ്ടും ഉയർത്തുന്ന ചോദ്യവും ഒന്നുതന്നെ. അനീതികൾക്കെതിരെ നീതിയുടെയും സത്യത്തിൻ്റെയും പടവാളാകുവാൻ ആരുണ്ടെന്ന മൂർച്ചയേറിയ ചോദ്യം.

റസൂൽ (സ) തൻ്റെ പേരക്കുട്ടികളെ ഏതൊരു പിതാമഹനെയും പോലെ അതിയായി സ്നേഹിച്ചിരുന്നു. അവരുടെ ചെറു കുസൃതികളെയെല്ലാം ഏറെ വാത്സല്യത്തോടെയാണ് റസൂൽ കൈകാര്യം ചെയ്തിരുന്നത്. ഒരിക്കൽ അവരിരുവരെയും വാരിയെടുത്തു കൊണ്ട് അദ്ദേഹം അരുളി: “ദുനിയാവിലെ എൻ്റെ രണ്ട് പരിമളങ്ങളാണിവർ” (ബുഖാരി) അവരുടെ സ്ഥാനം വ്യക്തമാക്കിക്കൊണ്ട് റസൂൽ മറ്റൊരിക്കൽ പറയുന്നുണ്ട്: “സ്വർഗത്തിലെ യുവാക്കളുടെ നേതാക്കളായിരിക്കും ഹസനും ഹുസൈനും” (തിർമിദി). അതിനാൽ, അവരോടുള്ള സ്നേഹം തന്നോടുള്ള സ്നേഹമാണന്നും അവരോടുള്ള വെറുപ്പ് തന്നോടുള്ള വെറുപ്പുമാണെന്നും അവിടുന്ന് പഠിപ്പിച്ചു.

ഒരിക്കൽ റസൂൽ(സ)ക്ക് വഹ്‌യ് ഇറങ്ങുന്ന സമയത്ത് ഹുസൈൻ (റ) അദ്ദേഹത്തിൻ്റെ മുതുകിൽ കയറി കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ജിബ്രീൽ ചോദിച്ചു: താങ്കൾ ഇവനെ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം അരുളി: ഹേ ജിബ്രീൽ! എൻ്റെ മകനെ എങ്ങനെയാണ് എനിക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുക? ജിബ്രീൽ (അ) തിരിച്ചുപറഞ്ഞു: താങ്കൾക്ക് ശേഷം താങ്കളുടെ സമുദായം തന്നെ അവനെ കൊന്നുകളയും. ശേഷം ഹുസൈൻ (റ) മരിച്ചു വീഴുന്ന മണ്ണ് റസൂലിന് കാണിച്ചുകൊടുത്തു. അന്ന് റസൂലിന് ദൃശ്യമാക്കി കൊടുത്ത ചുടുചോരയാൽ ചുമന്ന മണ്ണായിരുന്നു കർബല. അദ്ദേഹം അക്കാഴ്ച കണ്ട് പൊട്ടിക്കരയാൻ തുടങ്ങി (അഹ്മദ്). ഭൂത-വർത്തമാന ഭാരങ്ങൾക്ക് പുറമേ ഭാവിയുടെ കനം കൂടി താങ്ങുന്നവരാണ് പ്രവാചകന്മാർ. തൻ്റെ പരിമളമായ ഹുസൈൻ (റ) രക്തസാക്ഷിത്വം വരിക്കുമെന്ന് ജീവിച്ചിരിക്കുമ്പോൾ തന്നെ റസൂൽ മനസ്സിലാക്കിയിരുന്നു. അതിനാലാവാം, ആ സന്ദർഭത്തിനാരെങ്കിലും സാക്ഷിയായാൽ സത്യത്തിൻ്റെ കാവലാളായ ഹുസൈൻ(റ)നെ പിന്താങ്ങണമെന്ന് റസൂൽ അരുളിയത് (ശൗകാനി).

കർബല യുദ്ധം -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ച ചിത്രം

മുആവിയ (റ) തൻ്റെ മരണത്തിന് ശേഷം ഖലീഫയായി മകൻ യസീദിനെ നിശ്ചയിച്ചതോടെയാണ് രണ്ടാം ഫിത്നക്ക് (കുഴപ്പം) ആരംഭമാകുന്നത്. യസീദിന് സ്വഹാബികളുൾപ്പെടെ നിരവധി പേർ ബൈഅത്ത് ചെയ്തെങ്കിലും, മഹാനായ അബ്ദുല്ലാഹിബ്നു സുബൈറും ഹുസൈൻ (റ) വും അതിന് വിസമ്മതിച്ചു. അബ്ദുല്ലാഹിബ്നു സുബൈർ മക്ക കേന്ദ്രീകരിച്ച് വിമത ഭരണകൂടം സ്ഥാപിച്ചപ്പോൾ, കൂഫയിൽ നിന്ന് തനിക്ക് പിന്തുണയായി ലഭിച്ച കത്തുകളുടെ ബലത്തിൽ അവിടെ ഖിലാഫത്ത് സ്ഥാപിക്കാനാണ് ഹുസൈൻ (റ) തീരുമാനിച്ചത്. കൂഫയിലേക്ക് പോകുന്ന വഴിയിൽ ഗവർണറായിരുന്ന ഉബൈദുബ്നു സിയാദിൻ്റെ നിർദേശപ്രകാരം പുറപ്പെട്ട ഉമറുബ്നു സഅദിൻ്റെ നേതൃത്വത്തിലുള്ള നാലായിരത്തോളം വരുന്ന സംഘമാണ് ഹുസൈൻ (റ) നേയും കൂടെയുണ്ടായിരുന്ന 82 പേരെയും കർബലയിൽ വെച്ച് കൊലപ്പെടുത്തിയത്. കർബല ചരിത്രത്തെ വിശദീകരിക്കുന്നതിനപ്പുറം, അതിലെ ചില സന്ദർഭങ്ങളെ അടർത്തിമാറ്റി സമകാലികതയിൽ മനസ്സിലാക്കാനുള്ള ശ്രമമാണ് ഈ ലേഖനം.

ഹുസൈനിയ്യത്തിൻ്റെ ആത്മാവ്

ഹുസൈൻ (റ) കൂഫയിലേക്ക് പുറപ്പെടുന്നുണ്ടെന്ന വാർത്തയറിഞ്ഞ സ്വഹാബികളിൽ ചിലർ അദ്ദേഹത്തെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. അബ്ദുല്ലാഹിബ്നു അബ്ബാസും അബ്ദുല്ലാഹിബ്നു ഉമറും അദ്ദേഹത്തോട് മക്കയിൽ തന്നെ തുടരാൻ കഴിവിൽ പരമാവധി അപേക്ഷിച്ചു. ഹുസൈൻ (റ) ഓടിയടുക്കുന്നത് മരണത്തിലേക്കാണെന്ന് അവർക്കറിയാമായിരുന്നു . അതിനാലാണ് ഹുസൈൻ (റ) മക്കയിൽ തുടരാൻ വിസമ്മതിച്ചപ്പോൾ ഇബ്നു ഉമർ അദ്ദേഹത്തെ ഏറെ സ്നേഹത്തോടെ ആലിംഗനം ചെയ്ത് പറഞ്ഞത്: “കൊലപ്പെടുന്നതിൽ നിന്ന് താങ്കളെ അല്ലാഹു സംരക്ഷിക്കട്ടെ. ” കൂടാതെ, അബ്ദുല്ലാഹിബ്നു സുബൈർ (റ) അദ്ദേഹത്തോട് ചോദിക്കുന്നുണ്ട്: താങ്കൾ എങ്ങോട്ടാണ് പോകുന്നത്? താങ്കളുടെ പിതാവിനെ വകവരുത്തുകയും സഹോദരനെ വഞ്ചിക്കുകയും ചെയ്ത നാട്ടിലേക്കോ? ഹുസൈൻ (റ) മറുപടി നൽകി: “മക്കയെ മലീമസമാക്കുന്നതിനേക്കാൾ എനിക്ക് പ്രിയം ഞാൻ കൊല ചെയ്യപ്പെടുന്നതാണ്.”

ചുറ്റുമുള്ള സ്വഹാബികളെ പോലെ തൻ്റെ പുറപ്പെടലിൻ്റെ അന്ത്യം ഹുസൈൻ (റ) വും ഏറെക്കുറെ മനസ്സിലാക്കിയിരുന്നു. താൻ ഓടിയണയുന്നത് ഒരുപക്ഷേ തൻ്റെ മരണത്തിലേക്കാണെന്ന ബോധ്യം അദ്ദേഹത്തിനുമുണ്ടായിരുന്നു. എന്നിട്ടും നീതിയുടെ കാവലാളാവാൻ അദ്ദേഹം ദൃഢപ്രതിജ്ഞയെടുത്തു. റസൂൽ (സ) തിരികൊളുത്തിയ ഇസ്‌ലാമിക ഖിലാഫത്തെന്ന ദീപത്തെ കെടുത്തിക്കളയാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിനായി തൻ്റെ ആത്മാവിനും സമ്പത്തിനും ബന്ധുമിത്രാതികൾക്കും മേൽ അല്ലാഹുവിൻ്റെ ദീനിനെ പ്രതിഷ്ഠിച്ചു. ആ മാർഗത്തിൽ ത്യജിക്കുന്നതെല്ലാം നൂറിരട്ടിയായി തിരിച്ചുകിട്ടുമെന്ന അചഞ്ചലമായ വിശ്വാസത്തിനുടമയായിരുന്നു ഹുസൈൻ (റ). കീർക്കഗാഡിയൻ (Kierkegaard) ഭാഷയിൽ, യഥാർത്ഥ “വിശ്വാസത്തിൻ്റെ പടയാളി” (knight of faith).

Søren Kierkegaard

സാമാന്യബോധത്തെയും ‘പൊതു’ നൈതികതയെയും നിശ്ചലമാക്കുന്ന പടയാളി. ശരിയായ വിശ്വാസത്തിന്റെ പ്രകാശം ഹൃദയത്തിൽ സന്നിവേശിച്ചവർക്കല്ലാതെ ആ നിമിഷത്തെ മനസ്സിലാക്കാൻ കഴിയില്ല. അവർ ചോദിച്ചുകൊണ്ടിരിക്കും എന്താണ് ഹുസൈൻ (റ) നേടിയതെന്ന്. റസൂൽ (സ) വിശദീകരിച്ച പോലെ ഇവിടെയാണ് മുഅ്മിനിൻ്റെ ജീവിതം അത്ഭുതമായി മാറുന്നത്. (عجبا لأمر المؤمن). സാമാന്യതയെ കവച്ചുവെക്കുന്ന അത്ഭുതം. തൻ്റേതായതെല്ലാം എല്ലാമായവനായി സമർപ്പിക്കുന്ന അത്ഭുതം. സ്വതാൽപര്യങ്ങൾക്കപ്പുറം, സർവ്വശക്തൻ്റെ തൃപ്തിക്കായി സത്യമാർഗത്തിൽ ഉറച്ചുനിൽക്കുന്ന അത്ഭുതം. ഹുസൈനിയ്യത്തിൻ്റെ ആത്മാവ് ഈ അത്ഭുതമാണ്. സ്ഥിതി പൂർണ്ണമായി തനിക്കെതിരായി എന്നുറപ്പിച്ച ഘട്ടത്തിലും ഈ അത്ഭുതം അദ്ദേഹത്തിൻ്റെ വാക്കുകളിൽ കാണാം.

“തിരുചര്യ മൃതിയടയുകയും കാപട്യം തഴച്ചുവളരുകയും ശരീഅത്തിൻ്റെ നിയമനടപടികൾ നിശ്ചലമാവുകയും ചെയ്തിരിക്കുന്നു. അതിനാൽ, താങ്കൾ മുന്നോട്ട് വരിക. അല്ലാഹു താങ്കളാൽ ഈ സമുദായത്തെ പുനരുജ്ജീവിപ്പിക്കട്ടേ” എന്ന കാലത്തിൻ്റെ വിളിക്ക് ഉത്തരം നൽകിയാണ് താൻ വന്നതെന്ന് ശത്രുസൈന്യത്തിൻ്റെ മുമ്പിൽ അദ്ദേഹം ആർജവത്തോടെ പ്രഖ്യാപിക്കുന്നുണ്ട്. അഥവാ, ‘ഞാൻ’ എന്ന കെണിയെ മറി കടന്ന്, സ്വന്തമായതെല്ലാം സൃഷ്ടാവിനും നമ്മൾക്കും (ഉമ്മത്ത്) വേണ്ടി ത്യജിച്ച് നീതിക്കായി നിലകൊള്ളലാണ് ഹുസൈനിയൻ അത്ഭുതവും ആത്മാവും.

ഹുസൈനിയൻ ആത്മാവ് അക്രമികളുടെയും ഏകാധിപതികളുടെയും പേടി സ്വപ്നമാണ്. അതവരുടെ ഉറക്കം കെടുത്തികൊണ്ടിരിക്കും. അത് തുറന്നുവിടുന്ന ‘രാഷ്ട്രീയ ആത്മീയത’ (political spirituality) കേവലം ബാഹ്യമായ അധികാര മാറ്റത്തെ കുറിച്ചല്ല സംസാരിക്കുക. മറിച്ച്, നമ്മളുടെ ചിന്തയെയും നൈതികതയെയും സ്വത്വത്തെയും രൂപപ്പെടുത്തുന്ന അധികാര ബന്ധങ്ങളെ കുറിച്ചാണ്. യസീദ് അധികാരത്തിലേറിയെന്നതായിരുന്നില്ല ഹുസൈൻ (റ) ൻ്റെ പ്രശ്നം, മറിച്ച് ആ അധികാരാരോഹണം ഖിലാഫത്തിൻ്റെ അന്തസത്തയെ ചോർത്തിക്കളയുമെന്നതായിരുന്നു. അതിനെതിരിലാണ് ഹുസൈൻ (റ) ഇറങ്ങിപ്പുറപ്പെട്ടത്. ഗസ്സയിലെ മനുഷ്യർ ഈയർത്ഥത്തിൽ സമകാലിക ഹുസൈനികളാണ്. അവിടെ ശഹാദത്ത് വരിക്കുന്ന ഒരോ കുഞ്ഞും ആധുനികതയെ രൂപപ്പെടുത്തിയ അധികാര ബന്ധങ്ങളെ പുനർവിചിന്തനം ചെയ്യാൻ നിർബന്ധിപ്പിക്കുന്നു. നമ്മളുടെ ലോകബോധവും വീക്ഷണങ്ങളും എത്രമാത്രം ഹിംസാത്മകവും കോളനിവത്കൃതവുമാണെന്ന് അത് തുറന്നുകാട്ടുന്നു. പകരം, നമ്മൾ രൂപപ്പെടുത്തേണ്ട ഭാഷയുടെയും ഭാവനയുടെയും ചെറുത്തുനിൽപ്പിൻ്റെയും ആവശ്യകത വ്യക്തമാക്കുന്നുമുണ്ട്. ഈ ഹുസൈനിയ്യത്തിൻ്റെ ആത്മാവ് ആവാഹിച്ച് നീതിയുടെ കാവലാളാവാനാണ് കർബലയും ഗസ്സയും ഒന്നാമതായി പറഞ്ഞുവെക്കുന്നത്.

ഭൗതികതയുടെ ചതി

മഹാനായ സഅദുബ്നു അബീ വഖാസ് (റ) മദീനയുടെ വെളിയിൽ ആട് മേച്ചുകൊണ്ടിരിക്കുന്ന സമയത്ത് ദൂരെ നിന്ന് തൻ്റെ മകൻ ഉമറുബ്നു സഅദ് കുതിരപ്പുറത്ത് വരുന്നത് കണ്ടു. അദ്ദേഹം പറഞ്ഞു: “ആ വരുന്നവൻ്റെ തിന്മയിൽ നിന്ന് അല്ലാഹുവിൽ ഞാൻ ശരണം തേടുന്നു.” അടുത്തെത്തിയ മകൻ വാപ്പയോട് ചോദിച്ചു: മദീനയിൽ ജനങ്ങൾ അധികാരത്തിനായി തർക്കിച്ചു കൊണ്ടിരിക്കുമ്പോൾ താങ്കൾ ആട്ടിൻപറ്റങ്ങളെ മേയ്ച്ചുകൊണ്ടിരിക്കുകയോ? സഅ്ദ് (റ) തിരിച്ചുപറഞ്ഞു: “റസൂൽ (സ) പറയുന്നതായി ഞാൻ കേട്ടു: അല്ലാഹുവിന് ഏറ്റവും പ്രിയം തഖ്‌വയുള്ളവനും മറഞ്ഞിരിക്കുന്നവനും സ്വയം പര്യാപ്തനുമായ അടിമയെയാണ്. മകനേ! നീ അവരിൽ ഉൾപ്പെടണമെന്നാണ് എൻറെ ആഗ്രഹം.” ഇതു കേട്ടയുടൻ വന്നയാൾ ധിക്കാരരൂപേണ തൻ്റെ കുതിരയുമായി തിരിച്ചുപോയി.

എന്തുകൊണ്ടാണ് സഅ്ദ് (റ) തൻ്റെ മകന് അങ്ങനെയൊരു ഉപദേശം നൽകിയത്? അതിൻ്റെ കാരണം കർബലയിൽ വ്യക്തമാകുന്നുണ്ട്. ഹുസൈൻ (റ) നെ വകവരുത്താനായി ഉബൈദുബ്നു സിയാദ് അയച്ച സൈന്യത്തിൻ്റെ നേതാവായിരുന്നു ഉമറുബ്നു സഅദ്. താൻ പടയായി പോകുന്നത് ആരുടെയടുത്തേക്കാണെന്ന് ഉമറിന് നല്ല ബോധ്യമുണ്ടായിരുന്നു. മഹാനായ റസൂലിൻ്റെ പേരമകൻ്റെ അടുത്തേക്ക്. ആദ്യം വിസമ്മതിച്ച് പിൻമാറാൻ ശ്രമിച്ചെങ്കിലും ഇബ്നു സിയാദിൻ്റെ ഭീഷണിക്ക് മുമ്പിൽ വഴങ്ങേണ്ടിവന്നു. ” നീ പിൻമാറിയാൽ നിന്നെ ഞാൻ സ്ഥാനഭ്രഷ്ടനാക്കും, നിൻ്റെ വീട് തകർക്കും, ശേഷം നിന്നെ കൊന്ന് കളയും.” ദുനിയാവും ആഖിറത്തും വെവ്വേറയായി ഉമറിന് മുമ്പിൽ നീട്ടിയപ്പോൾ അദ്ദേഹം ദുനിയാവിനെ തിരഞ്ഞെടുത്തു. സത്യമാർഗത്തിൽ ഉറച്ചുനിൽക്കുന്നതിനു പകരം, ഐഛികമായ ഇഹലോകത്തിന് മുൻഗണന നൽകി. ഹുസൈൻ (റ) നെതിരെ യുദ്ധം ചെയ്യുന്നതിൽ വ്യസനമുണ്ടായിരുന്നെങ്കിലും, സ്വന്തമായതെല്ലാം നഷ്ടപ്പെടുമോ എന്ന ഭീതിയിൽ അസത്യത്തിൻ്റെ ധ്വജവാഹകനായി മാറി. അവസാനം, ദുനിയാവും അദ്ദേഹത്തിന് നഷ്ടമായി (خسر الدنياوالآخرة). കർബലക്ക് ശേഷം തിരിച്ചു പോകുന്ന വഴിയിൽ അദ്ദേഹം നെടുവീർപ്പിടുന്നുണ്ട്: ” എൻ്റെ കുടുംബത്തിലേക്ക് ഞാൻ കൊണ്ടുവന്നതുപോലെ മോശമായ ഒന്ന് മറ്റാരും കൊണ്ടുവന്നിട്ടില്ല. ഞാൻ ഇബ്നു സിയാദിനെ അനുസരിച്ചു. അല്ലാഹുവിനെ ധിക്കരിച്ചു. കുടുംബ ബന്ധം മുറിച്ചു.”

സമകാലിക ലോകം നിരവധി ഉമറുബ്നു സഅദ്മാരാൽ നിബിഢമാണ്. സന്മാർഗം സൂര്യവെളിച്ചം പോലെ വ്യക്തമായിട്ടും, അതിനെ അവഗണിച്ചവരാണവർ. നശ്വരമായ സുഖസൗകര്യങ്ങളിലാണ് അവരുടെ കണ്ണും മനവും. ദീനും ദുനിയാവും വിഛേദിക്കപ്പെടുമ്പോൾ അവർ ദുനിയാവിന് പ്രാമുഖ്യം കൽപിക്കും. അല്ലാഹുവിൻ്റെ അണഞ്ഞുപോകാത്ത ദീപം എന്നും അവരുടെ മനസ്സിൽ രണ്ടാം കിടമായിരിക്കും. ഖുർആൻ വിശദീകരിക്കുന്നതുപോലെ ഓരത്തുനിന്നുകൊണ്ട് അല്ലാഹുവിനെ ആരാധിക്കുന്നവർ (ومن الناس من يعبد الله على حرف). അഥവാ, സ്വതാൽപര്യങ്ങൾക്ക് വേണ്ടി ദീനിനെ ബലിയാടാക്കുന്നവർ. ഇഹ-പര ലോകങ്ങൾ ഒരുമിച്ച് നഷ്ടപ്പെടുമെന്നതാണ് അവരുടെ പരിണിതി. ഇവരാണ് എന്നെന്നും ചൂഷക ഭരണകൂടങ്ങളുടെ പിടിവള്ളി. തൻ്റേത് നഷ്ടപ്പെടാത്തിടത്തോളം കാലം അവർ മൗനികളായിരിക്കും. അവരെ വേട്ടയാടാൻ തുടങ്ങുമ്പോൾ അതിനെ ചെറുക്കാൻ ആരും അവശേഷിക്കുകയുമില്ല. അതുകൊണ്ടാണ് ഹുസൈൻ (റ) യുദ്ധത്തിന് മുമ്പ് ഉമറുബ്നു സഅദിനെ ഓർമ്മപ്പെടുത്തുന്നുണ്ട്: “ഹേ ഉമർ, നീ ചെയ്യുന്നതെല്ലാം നിന്നെ വേട്ടയാടുന്ന ഒരു ദിവസം വരും”.

ലോകത്ത് മുസ്ലിം ഉമ്മത്ത് സമാനതകളില്ലാതെ പ്രയാസമനുഭവിക്കുമ്പോൾ നിസ്സംഗതയും മൗനവും തുടരുന്നവരെ കൂടിയാണ് ഹുസൈൻ (റ) താക്കീത് ചെയ്യുന്നത്. ഗസ്സയിലെ വംശഹത്യയും, സുഡാനിലെ പട്ടിണി മരണങ്ങളും, റോഹിങ്ക്യൻ ജനതയുടെ രോധനവും, കശ്മീറിലെ ഉപരോധവും, ഇന്ത്യയിൽ വർധിച്ചുവരുന്ന ഇസ്‌ലാമോഫോബിയയും തങ്ങളുമായി യാതൊരു ബന്ധമില്ലെന്ന് വിശ്വസിക്കുന്നവരെയാണ് അദ്ദേഹം അഭിസംബോധന ചെയ്യുന്നത്. അതിനാൽ, ഭൗതികതയിൽ അഭിരമിക്കുന്നതിനപ്പുറം, “അല്ലാഹു താങ്കളാൽ ഈ സമുദായത്തെ പുനരുജ്ജീവിപ്പിക്കട്ടേ” എന്ന കാലത്തിൻ്റെ വിളിയെ ജീവിതത്തിലേക്ക് ഏറ്റെടുക്കാനാണ് ഹുസൈനിയ്യത്ത് നമ്മളോട് ആവശ്യപ്പെടുന്നത്.

മുൻഗണനകൾ നഷ്ടപ്പെട്ടുപോയ പണ്ഡിതവിഭാഗം

ഒരിക്കൽ മഹാനായ ഇബ്നു ഉമർ (റ) ൻ്റെ അടുക്കൽ ഒരു വ്യക്തി കൊതുകിൻ്റെ രക്തത്തിൻ്റെ വിധിയെ പറ്റി ചോദിച്ചു. അദ്ദേഹം തിരിച്ചു ചോദിച്ചു: “താങ്കൾ എവിടെ നിന്നാണ് ?” “ഞാൻ ഇറാഖുകാരനാണ്”, വന്നയാൾ മറുപടി നൽകി. ഉടനെ ഇബ്നു ഉമർ (റ) കുപിതനായി കൊണ്ട് പറഞ്ഞു: “ഇയാളെ നോക്കൂ! ഇവർ റസൂലിൻ്റെ പേരമകനെ കൊന്നുകളഞ്ഞതിനുശേഷം എന്നോട് കൊതുവിന്റെ രക്തത്തെപ്പറ്റി ചോദിക്കുന്നു. റസൂൽ അരുളിയതായി ഞാൻ കേട്ടിട്ടുണ്ട്: ഹസനും ഹുസൈനും ദുനിയാവിലെ എൻ്റെ രണ്ടു പരിമളങ്ങളാണ്.” (ബുഖാരി)

പാണ്ഡിത്യം നിലനിൽക്കുന്നത് അറിവിൽ മാത്രമല്ല, സമകാലികതയുടെ തിരിച്ചറിവിൽ കൂടിയാണെന്നാണ് ഈ രംഗം വ്യക്തമാക്കുന്നു. ഇബ്നുൽ ഖയ്യിം (റ) പറയുന്നു: “ഫഖീഹെന്നാൽ ശരീഅത്തിനെയും സമകാലികതയെയും കൂട്ടിയിണക്കുന്നവനാണ്.” അഥവാ, സമകാലികതയിൽ നിന്ന് അടർത്തിമാറ്റപ്പെട്ട അറിവും വ്യവഹാരങ്ങളുമെല്ലാം അർത്ഥശൂന്യമാണ്. എന്തുകൊണ്ടാണ് കൊതുകിന്റെ രക്തത്തിന്റെ വിധി പറയുന്നതിനു പകരം ഇബ്നു ഉമർ (റ) ഹുസൈൻ (റ) ൻ്റെ ശഹാദത്തിനെ പറ്റി ആരാഞ്ഞത്? ദൈവിക വെളിച്ചമുള്ള പാണ്ഡിത്യം ഐഛിക വ്യവഹാരങ്ങളിൽ കുടുങ്ങിനിൽക്കുന്നതിനു പകരം ദീനിൻ്റെ അന്തസത്തയെയും ചൈതന്യത്തെയും ഉൾകൊണ്ടതായിരിക്കും. വിഭാഗീയതക്കും ചിദ്രതക്കും വളമിടാതെ, ഉമ്മത്തിൻ്റെ ഐക്യവും കെട്ടുറപ്പും സമാധാനവുമായിരിക്കും അവരുടെ പരമലക്ഷ്യം. അക്കാരണത്താലാവണം ഫത്‌വ ആരാഞ്ഞ വ്യക്തിയെ അദ്ദേഹം നിശിതമായി വിമർശിച്ചത്.

എന്നാൽ, ഇന്ന് ഉമ്മത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നത് ‘പണ്ഡിതന്മാർ’ തന്നെയാണെന്നതാണ് ഏറെ ഖേദകരം. സമുദായത്തിത്തെ പുനരുജ്ജീവിപ്പിക്കേണ്ട പണ്ഡിതന്മാർ വഴികേടിലായാൽ അവർക്കാര് വഴി കാണിക്കും? ജീവൽ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്നതിനു പകരം രുകാലത്ത് പ്രസക്തമായിരുന്ന അഖീദ- ഫിഖ്ഹീ ചർച്ചകളിലാണ് ഇന്നും അവർ അഭിരമിച്ചിരിക്കുന്നത്. അതിലൂടെ, ഏറെ വികാസക്ഷമതയുള്ള ശരീഅത്തിനെ മ്യൂസിയത്തിലെ പുരാവസ്തുവാക്കി മാറ്റിയവർ. ഗസ്സയിൽ വംശഹത്യ തുടരുമ്പോഴും നിരപരാധികളുടെ രക്തം ചീന്തപ്പെടുമ്പോഴും അവിടുത്തെ ചെറുത്തുനിൽപ്പ് സംഘങ്ങളുടെ ഈമാൻ അളക്കുന്ന പണിയിലാണ് ഇവരിലൊരു കൂട്ടം. അവരോടുള്ള ഉണർത്തൽ കൂടിയാണ് ഇബ്നു ഉമർ നടത്തുന്നത്. “പതിനായിരക്കണക്കിന് മനുഷ്യർ മരിച്ചു വീഴുമ്പോഴും തഅവീലിനെ (تأويل) പറ്റിയാണോ നിങ്ങളുടെ ആവലാതി.”

അഖീദ – ഫിഖ്ഹി ചർച്ചകൾ പ്രധാനമല്ലെന്നല്ല ഞാൻ പറയുന്നത്. മറിച്ച്, നമ്മുടെ ചിന്തകളെ തീ പിടിപ്പിക്കേണ്ടത് സമകാലിക മുസ്ലിം സമുദായത്തിൻ്റെയും മറ്റു ജനലക്ഷങ്ങളുടെയും അവസ്ഥയല്ലേ. അവിടെ നിന്നല്ലേ നമ്മുടെ അഖീദ- ഫിഖ്ഹി വ്യവഹാരങ്ങൾ ആരംഭിക്കേണ്ടത്. താഹാ അബ്ദുറഹ്മാൻ വിശദീകരിക്കുന്നപോലെ നമ്മുടെ മജ്ജയും മസ്തിഷ്കവും പുതിയൊരു പുലരിയെ വിഭാവന ചെയ്യാനും പ്രാവർത്തികമാക്കാനും അല്ലാഹുവിനായി പണയം നൽകേണ്ടതല്ലേ? അതല്ലാതെ, സമകാലികതയെ പടിയടച്ച് പിണ്ഡം വെച്ച വ്യവഹാരങ്ങളും ചർച്ചകളുമെല്ലാം കൊതുകിൻ രക്തത്തിൻ്റെ മസ്അല പോലെ അപകടകരമാണ്.

ആദ്യത്തിനും അന്ത്യത്തിനുമുടയവൻ അല്ലാഹു

കർബലയിലെ കൂട്ടക്കുരുതിക്ക് ശേഷം മഹാനായ ഹുസൈൻ (റ) ൻ്റെ ശിരസ്സ് വെട്ടി മാറ്റി ഇബ്നു സിയാദിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. അയാൾ തൻ്റെ കയ്യിലുണ്ടായിരുന്ന വടികൊണ്ട് ആ തിരുശിരസ്സിൽ കുത്തിനോവിക്കാൻ തുടങ്ങി. അപ്പോൾ അത് കണ്ടുനിന്ന അനസുബിനു മാലിക് (റ) പറഞ്ഞു: “അല്ലാഹുവാണേ, താങ്കൾ വടിവെച്ച് കുത്തുന്ന ഇടങ്ങളിലെല്ലാം റസൂൽ (സ) ചുംബിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.”

കർബലയുടെ സൂത്രധാരനായിരുന്നു ഇബ്നു സിയാദ്. ക്രൂരതക്കും അക്രമത്തിനും പേരുകേട്ട ഭരണാധികാരി. ഏകാധിപതികളുടെ സ്വാഭാവിക പരിണതിയിൽ നിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല ഇബ്നു സിയാദിൻ്റെ പര്യവസാനവും. അയാൾ കർബല കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്കു ശേഷം മറ്റൊരു ഏകാധിപതിയായ മുഖ്താർ അന്നഖഇയുടെ കയ്യാൽ വധിക്കപ്പെട്ടു. എന്താണ് ഇബ്നു സിയാദ് ഹുസൈൻ (റ) നോട് ചെയ്തത്, അതുതന്നെ അയാൾക്കും ഏറ്റുവാങ്ങേണ്ടിവന്നു. വധിക്കപ്പെട്ട ഇബ്നു സിയാദിന്റെ തലവെട്ടി മുഖ്താർ അന്നഖഇയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടു. അയാൾ തൻ്റെ വടി കൊണ്ട് ജീവനറ്റ ശിരസ്സിൽ കുത്തികൊണ്ടിരുന്നു.

ഭൂമി മുഴുവൻ കീഴ്പ്പെടുത്തിയാലും ഏകാധിപതികളുടെ അന്ത്യം ഇതിനു സമാനമായിരിക്കും. മനുഷ്യ ചരിത്രത്തിലുടനീളം കഴിഞ്ഞു പോയ ഏകാധിപതികളുടെ പര്യവസാനം തന്നെയാണ് ഇബ്നു സിയാദും ഏറ്റുവാങ്ങിയത്. കാലമെന്നും ഒരുപോലെ നിലനിൽക്കുകയെന്നത് അല്ലാഹുവിൻ്റെ നടപടിക്രമമല്ല. ഒരുനാൾ ശക്തൻ ദുർബലനാവുകയും ദുർബലൻ ശക്തനാവുകയും ചെയ്യും. ഒരുനാൾ ബനൂ ഇസ്റാഈലുകാർ അടിമകളായിരുന്നെങ്കിൽ കാലങ്ങൾക്ക് ശേഷം അവർ പ്രതാപികളായി മാറിയ പോലെ. അല്ലാഹു പറയുന്നു: “ജനങ്ങൾക്കിടയിൽ നാം നാളുകളെ മാറ്റിമറിച്ചുകൊണ്ടിരിക്കും”(3: 140) ഈ ആയത്തിനെ വിശദീകരിച്ചുകൊണ്ട് ഇമാം റാസി പറയുന്നു: “ദിവസങ്ങൾ മാറിമറിയും എന്നതുകൊണ്ടുള്ള ഉദ്ദേശം അല്ലാഹു ചിലപ്പോൾ സത്യവിശ്വാസികളെ സഹായിക്കുകയും മറ്റു ചിലപ്പോൾ സത്യനിഷേധികളെ സഹായിക്കുകയും ചെയ്യുമെന്നല്ല, മറിച്ച്, അവൻ ചില സമയങ്ങളിൽ സത്യനിഷേധികളെ കഠിനമായി പരീക്ഷിക്കുന്നത് പോലെ തന്നെ സത്യവിശ്വാസികളെയും പരീക്ഷിക്കുമെന്നതാണ്.” അതിൻ്റെ യുക്തി, തുടർന്ന് ഈ ആയത്ത് വിശദീകരിക്കുന്നത് പോലെ, ആരാണ് കറകളഞ്ഞ സത്യവിശ്വാസി എന്ന് തിരിച്ചറിയാനും അവരുടെ പദവി ഉയർത്താനും വേണ്ടിയാണ്.

ഗസ്സയിലെ വംശഹത്യയും ഇതിനോട് ചേർത്ത് വെച്ച് വായിക്കാവുന്നതാണ്. പലപ്പോഴും നമ്മളുടെ ചെറിയ യുക്തികൊണ്ടുമാത്രം കാര്യങ്ങളെ അവലോകനം ചെയ്യാനാണ് നാം ശ്രമിക്കാറുള്ളത്. ആർത്തിരമ്പുന്ന കടലിനും ഇരച്ചുവരുന്ന ഫിർഔനിന്റെ സൈന്യത്തിനുമിടയിൽപെട്ടുപോയി എന്നു തോന്നിയ ബനൂ ഇസ്രായേലിലെ ഒരു വിഭാഗവും ചെയ്തത് പോലെ. അവർ ആർത്തട്ടഹസിച്ചു: “നമ്മളിതാ പിടികൂടപ്പെട്ടിരിക്കുന്നു”. കേവല യുക്തിക്കപ്പുറം ദൈവിക വിജ്ഞാനത്തിൻ്റെ ഉൾക്കാഴ്ച്ച കൊണ്ട് പ്രവാചകൻ മൂസ (അ) അവരെ തിരുത്തിക്കൊണ്ടു പറഞ്ഞു: “ഒരിക്കലുമില്ല. എന്നോടൊപ്പം എൻ്റെ നാഥനുണ്ട്. അവൻ എനിക്ക് രക്ഷാമാർഗ്ഗം കാണിച്ചുതരുക തന്നെ ചെയ്യും.” ( 26:61-62) കേവല യുക്തിക്കപ്പുറം ദൈവിക വെളിച്ചത്താൽ ആലോചിക്കാൻ കഴിയണമെന്നാണ് പ്രവാചകൻ മൂസയും കർബലയും നമ്മളെ ഓർമ്മപ്പെടുത്തുന്നത്. നാളുകൾ മാറിമറിയുന്നത് അല്ലാഹുവിൻറെ നടപടിക്രമമാണെങ്കിൽ ഒരിക്കൽ മസ്ജിദുൽ അഖ്സയിൽ മുസ്ലിം ഉമ്മത്ത് സ്വതന്ത്രമായി സുജൂദ് ചെയ്യുമെന്നത് നമ്മുടെ വിശ്വാസത്തിൻ്റെ ഭാഗമാണ്. ഫിർഔനിന്റെയും ഇബ്നു സിയാദിന്റെയും അധികാരം ചീട്ടുകൊട്ടാരം കണക്കെ തകർന്നുവീണത് പോലെ സയണിസവും അന്ന് തകർന്നടിയും. അവർക്ക് വിടുവേല ചെയ്യുന്ന അറബ് ഭരണാധികാരികളും അന്ന് ഗത്യന്തരമില്ലാതെ അലയും. പക്ഷേ അവസാനം അല്ലാഹുവിൻ്റെ അടുക്കൽ അവശേഷിക്കുന്ന ചോദ്യം, ഇതിനിടയിൽ നമ്മൾ എവിടെയായിരുന്നു എന്നതായിരിക്കും. കാലത്തിൻ്റെ വിളിക്കുത്തരം നൽകിയ ഹുസൈനികളായിരുന്നോ, അതോ സത്യത്തെ കുഴിച്ചുമൂടാൻ ശ്രമിച്ച ഇബ്നു സിയാദുമാരായിരുന്നോ നമ്മൾ? ആദ്യവും അന്ത്യവുമായ അജയ്യന്റെ പാതയിൽ ഹുസൈനായി നിലനിൽക്കുക എന്നതാണ് നമ്മുടെ പ്രാഥമിക ദൗത്യം. ആ മാർഗത്തിൽ സ്വർഗത്തിന് പകരമായി സ്വന്തം ആത്മാവും സമ്പത്തും ത്യജിക്കാൻ നമ്മൾക്ക് കഴിയുമോ? അതിനായി അല്ലാഹു നമ്മളെ കനിയട്ടെ.

* ഇമാം ദഹബിയുടെ “സിയറു അഅ്ലാമിന്നുബലാഅ്” എന്ന കൃതിയാണ് ഈ ലേഖനത്തിൻ്റെ പ്രധാന ചരിത്ര സ്രോതസ്സ്.

തൗഫീഖ് അസ്‌ലം