Campus Alive

മുസ്ലിം ശരീരങ്ങളും ആധുനിക രാഷ്ട്ര സങ്കൽപ്പങ്ങളും

1980കൾ മുതലാണ് ഇസ്ലാമിക വേഷവിധാനങ്ങൾ യൂറോപ്പിൽ ചർച്ചയാവുന്നത്. സ്ത്രീകളുടെ ഹിജാബ്, തട്ടം, വിനോദ വസ്ത്രങ്ങൾ, പുരുഷന്മാരുടെ താടി, തൊപ്പി, തുടങ്ങിയ വസ്ത്രധാരണ രീതികളും അനുബന്ധ പൊതുമര്യാദ ചട്ടങ്ങളും നിശിതമായ പൊതു ചർച്ചകൾക്ക് കാരണമായി. ആധുനിക യൂറോപ്പ്യൻ ദേശരാഷ്ട്രങ്ങളിലെ ഈ സാമൂഹിക ചർച്ചകൾ യൂറോപ്പിന്റെ കൊളോണിയൽ ചരിത്രഗതിയിൽ നിന്നും ഉടലെടുത്തതാണ്. ഇസ്ലാമിനെ എങ്ങനെയാണ് കൊളോണിയൽ സാമ്രാജ്യം മനസ്സിലാക്കിയത് എന്ന ചരിത്ര കോണിൽ നിന്നാണ് ഇത്തരം ചർച്ചകൾ ആരംഭിക്കേണ്ടത്. യൂറോപ്പിന്റെ ആധുനികതയിൽ ആകൃഷ്ടരായി സ്വന്തം രാജ്യങ്ങളിൽ മാറ്റങ്ങൾ നടപ്പിലാക്കിയ മുസ്ലിം ഭരണകൂടങ്ങളിൽ നടത്തിയിട്ടുള്ള പുരോഗമന പ്രവർത്തനങ്ങളും ഇത്തരം ചർച്ചകളിൽ ഇടം പിടിക്കേണ്ടതുണ്ട്.

പുരുഷ ശരീരങ്ങളും സ്റ്റേറ്റ് ഇടപെടലുകളും

ഇസ്ലാമിക ലോകത്ത് കൊളോണിയൽ ഭരണകൂടങ്ങൾ ആരംഭിച്ച 19-ാം നൂറ്റാണ്ടിലാണ് പുരുഷ ശരീരങ്ങൾ ആദ്യമായി ഭരണകൂട നിയന്ത്രണങ്ങൾക്ക് വിധേയമായത്. ഫ്രാൻസിന്റെ കീഴിലുള്ള അൽജീരിയയിലും ബ്രിട്ടന്റെ കീഴിലുള്ള ഈജിപ്തിലും മുസ്ലിം പുരുഷ ശരീരങ്ങൾ സ്റ്റേറ്റ് നിയന്ത്രണങ്ങൾക്ക് വിധേയമായതുപോലെ യൂറോപ്പ്യൻ ആധുനികതയെ പുണർന്ന മുസ്ലിം ഭരണകൂടങ്ങളും ഇത്തരം സമീപനങ്ങൾ സ്വീകരിച്ചു. പൊതു ഇടങ്ങളിൽ അപ്രത്യക്ഷമായിരുന്ന സ്ത്രീകൾ പിന്നീടാണ് ധാർമിക ‘നോട്ടങ്ങൾക്ക്’ വിധേയമാകുന്നത്. ഇസ്ലാമിക ലോകത്ത് പുരോഗമന ഭരണകൂടങ്ങൾ പുരുഷ വസ്ത്രധാരണങ്ങളിൽ ആദ്യമായി ഇടപെട്ട് തുടങ്ങിയവ പരിശോധിച്ചാൽ, സുൽത്താൻ മഹ്മൂദ് രണ്ടാമന്റെ നേതൃത്വത്തിൽ ഉസ്മാനി ഭരണകൂടം കൊണ്ടുവന്ന വസ്ത്രപരിഷ്കാരം ഈ ഒരു ആധുനികവൽക്കരണത്തിന്റെ ഭാഗമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. 1826 മുതൽ ഉസ്മാനി ഭരണകൂടം പട്ടാള വസ്ത്രങ്ങൾ പൂർണ്ണമായും യൂറോപ്യൻ വൽക്കരിച്ചു. പരമ്പരാഗത തലപ്പാവിന് പകരം യൂറോപ്പ്യൻ ശിരോവസ്ത്രത്തിന് സാമ്യമുള്ള ഫെസ് തൊപ്പികൾ കൊണ്ടുവന്നു. 1829 ഇൽ  പരമ്പരാഗത ഉസ്മാനി വസ്ത്രങ്ങൾക്ക് പകരം ട്രൗസറുകളും ഫ്രോക്ക് കോട്ടുകളും അവതരിപ്പിച്ചു

1923ല്‍ കമാൽ അത്താത്തുർക്കിന്റെ നേതൃത്വത്തിൽ മതനിരപേക്ഷ തുർക്കി സ്ഥാപിതമായപ്പോൾ ഇസ്ലാമിക വേഷവിധാനങ്ങൾക്ക് പകരം യൂറോപ്യൻ വസ്ത്രങ്ങൾ നിർബന്ധിതമായി അടിച്ചേൽപ്പിക്കപ്പെട്ടു. പുതിയ ദേശരാഷ്ട്രത്തിലെ ഇസ്ലാമിക ചിഹ്നങ്ങൾ തുടച്ചുനീക്കാനുള്ള ഇങ്ങനെയുള്ള പദ്ധതി ആദ്യമായി നടപ്പിലാക്കപ്പെട്ടത് പുരുഷ ശരീരങ്ങളിൽ നടപ്പാക്കിയ യൂറോപ്പ്യൻ വൽക്കരണത്തിലൂടെ ആയിരുന്നു. 1925 ൽ ഫെസ് തൊപ്പികൾ പോലും പൂർണമായും നിരോധിക്കപ്പെട്ടു. പകരം യൂറോപ്പ്യൻ തൊപ്പി സർക്കാർ നിർബന്ധമാക്കി. പിന്നോക്കാവസ്ഥയിൽ നിന്നും അജ്ഞതയിൽ നിന്നും തുർക്കി പൗരന്മാർ ആധുനിക പ്രബുദ്ധതയിലേക്ക് ആഗമനം ചെയ്തതിന്റെ തെളിവായി അത്താത്തുർക്ക് പുതിയ വസ്ത്ര പരിഷ്കാരങ്ങളെ ന്യായീകരിച്ചു.

സമാനമായ പ്രക്രിയ ഇറാനിലും കാണാൻ സാധിക്കും. പത്തൊമ്പതാം  നൂറ്റാണ്ടിൽ ഖജർ ഭരണകൂടം ഭരിച്ചിരുന്ന ഇറാൻ ചെറിയ രീതിയിൽ പുരുഷ വസ്ത്ര പരിഷ്കാരങ്ങൾ നടപ്പിലാക്കി തുടങ്ങിയിരുന്നു. റിസാ ഷാ പഹ്ലവി ഭരണത്തിൽ വന്നതിനുശേഷമാണ് നിർബന്ധിതമായ പരിഷ്കാരങ്ങൾ പ്രയോഗത്തിൽ വരുന്നത്. 1928 ആയപ്പോഴേക്കും  പുരുഷ വസ്ത്രങ്ങൾ യൂറോപ്യൻ മാതൃകയിലേക്ക് മാറ്റി. ദേശീയത ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കാൻ ആയിരുന്നു പഹ്ലവിയുടെ ഈ നീക്കം. വ്യത്യസ്ത ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനും ആധുനിക യൂറോപ്പിനോട് തുല്യരാണ് ഇറാനി ജനതയെന്ന് പ്രതീകാത്മകമായി സംവേദനം ചെയ്യുന്നതിനും വേണ്ടിയായിരുന്നു ഈ വസ്ത്രധാരണ ശൈലി മാറ്റങ്ങൾ.

ഇന്ത്യയിൽ ഭരണകൂടം നേരിട്ട് ഇടപെട്ടിട്ടില്ലെങ്കിലും കൊളോണിയൽ കാലത്ത് വന്ന വസ്ത്രധാരണ പരിശോധിച്ചാൽ, കൊളോണിയൽ ആധുനികത പുരുഷ ശരീരങ്ങളിൽ വരുത്തിയിട്ടുള്ള മാറ്റങ്ങൾ വ്യക്തമായി മനസ്സിലാവും. യൂറോപ്യൻ ആധുനികതയെ പുണർന്ന ബംഗാളി ഭദ്രലോകും പാഴ്സികളും പുരോഗതിയുടെ പൊതു അറിയിപ്പായിട്ടാണ് ഈ വസ്ത്രധാരണകളെ സ്വീകരിച്ചത്. യൂറോപ്യൻ വസ്ത്രധാരണകളെ സർ സയ്യിദ് മുഹമ്മദ് ആംഗ്ലോ ഓറിയന്റൽ സ്കൂളിൽ സ്വീകരിക്കാനും കാരണം ഇതുതന്നെ.

പുതിയ ദേശരാജ്യങ്ങൾ സമഗ്രാധിപത്യമായ (totalitarian) രാഷ്ട്രീയമാണ് മുന്നോട്ടുവയ്ക്കുന്നത്. വ്യക്തികൾ സ്വതന്ത്രങ്ങളായ, ചെറിയ സംഘടിത രൂപങ്ങളായി നിലനിന്നിരുന്ന മധ്യകാലത്ത് നിന്നും വ്യത്യസ്തമായി ആധുനിക രാഷ്ട്ര സിദ്ധാന്തങ്ങൾ രാഷ്ട്ര ഗാത്രത്തിലെ അനിവാര്യമായ അടിസ്ഥാന ഘടകമായാണ് വ്യക്തിയെ പരിഗണിക്കുന്നത്. ഒരു വ്യക്തിയുടെ ശരീരം അയാളുടെ സ്വന്തമാണെങ്കിലും അതിന്റെ അവസ്ഥയും നിലനിൽപ്പും ദേശരാജ്യങ്ങളുടെ വ്യവഹാരങ്ങൾക്കനുസരിച്ച് ആയിരിക്കും. താൻ എങ്ങനെയാവണമെന്ന് വിവക്ഷിക്കപ്പെടുന്നത് ദേശരാജ്യങ്ങളിലെ  രാഷ്ട്രീയ, ഭരണഘടന മൂല്യങ്ങൾക്ക് അനുസരിച്ചായിരിക്കും. അതുകൊണ്ടാണ് ഹിജാബ് ധരിക്കാൻ വ്യക്തിക്ക് അനുവാദം ഇല്ലാതിരിക്കുന്നതും, തടയാൻ രാഷ്ട്ര സംവിധാനങ്ങൾക്ക് സാധിക്കുന്നതും.

Mustafa Kemal Atatürk

പുരോഗമന മുസ്ലിം ഭരണകൂടങ്ങൾ വസ്ത്രം മാറ്റങ്ങളിലൂടെ ചരിത്രത്തിൽ നിന്നുള്ള ഭേദനമാണ് ലക്ഷ്യമിട്ടത്. യൂറോപ്യൻ വസ്ത്ര ധാരണയിലൂടെ ഭരണകൂടങ്ങൾ തങ്ങൾ അകപ്പെട്ട പിന്നോക്കാവസ്ഥയിൽ നിന്നുള്ള പ്രതിച്ഛായ മാറ്റമാണ് ഉദ്ദേശിച്ചത്. അതിലൂടെ ഇസ്ലാമിന്റെ സ്വാധീനം കുറക്കാനും ഭരണകൂടത്തോടുള്ള എതിർപ്പുകൾ നിരാകരിക്കാനും വസ്ത്രധാരണ മാറ്റങ്ങളിലൂടെ ശ്രമിച്ചു. വ്യത്യസ്ത ജനസമൂഹങ്ങളെ ഒന്നിപ്പിക്കാനുള്ള ഒരു രാഷ്ട്രീയ ഉപായം കൂടിയായിരുന്നു ഈ മാറ്റങ്ങൾ

സ്ത്രീകളുടെ വസ്ത്രങ്ങളും ദേശരാഷ്ട്രങ്ങളും

ഇസ്ലാമിക ലോകം കൊളോണിയൽ ആധുനികതയുമായുള്ള  സമ്പർക്കത്തിന്റെ ആരംഭത്തിൽ സ്ത്രീകളുടെ വസ്ത്രങ്ങൾ ‘പർദ്ദസമ്പ്രദായത്തിൽ’ തന്നെ തുടർന്നു. ആധുനിക സ്റ്റേറ്റുകളുടെ പ്രതിനിധികൾ പുരുഷന്മാർ മാത്രമായിരുന്നു തുടക്കത്തിൽ. സ്ത്രീകളുടെ അദൃശ്യതയും ശാലീനതയും പ്രോത്സാഹിപ്പിക്കപ്പെട്ടു. സമൂഹത്തിന്റെ, കുടുംബത്തിന്റെ, അന്തസ്സിന്റെ ആധുനിക മാപിനികളായി  സ്ത്രീ ശരീരങ്ങൾ പരിഗണിക്കപ്പെട്ടു

ഉസ്മാനിയ ഭരണകൂടത്തിൽ തൻസീമാത് (Tanzimat 1839-1876) പരിഷ്കാരങ്ങൾ നടപ്പിൽ വന്നപ്പോഴും രണ്ടാം ഭരണഘടന നിലവിൽ വന്നപ്പോഴും (1908-1911) സ്ത്രീ ശരീരങ്ങൾ ചർച്ചയാവാൻ തുടങ്ങി. പ്രധാനമായും മൂന്ന് വാദങ്ങൾ ഈ സമയങ്ങളിൽ ഉയർന്നുവന്നു. ആദ്യത്തേത് റാഡിക്കൽ യൂറോപ്പ്യൻ പിന്തുണ പ്രഖ്യാപിച്ചവരുടേതായിരുന്നു. ഉസ്മാനികളുടെ അപചയത്തിനു സ്ത്രീകളുടെ പർദ്ദസമ്പ്രദായത്തിന് പങ്കുണ്ടെന്ന് അവർ വാദിച്ചു. സാമൂഹിക പുരോഗതിക്ക് വേണ്ടി സ്ത്രീകൾ സ്വതന്ത്രരാവണമെന്നും  അതിനായി യൂറോപ്യൻ വസ്ത്രധാരണകൾ കൊണ്ടുവരണമെന്നും അവർ ശഠിച്ചു. രണ്ടാമത്തെ വാദമുയർത്തിയ പാരമ്പര്യ മുസ്ലിം നേതൃത്വം ഈ ഒരു വാദത്തെ ശക്തമായി എതിർത്തു. സ്ത്രീകളുടെ ധാർമികത ഉസ്മാനി ഭരണകൂടത്തിന്റെ അടിത്തറയാണെന്നും അതിനാൽ സ്ത്രീകൾ പൊതു ഇടങ്ങളിൽ വരരുതെന്നും അവർ വാദിച്ചു. തുർക്കിയിലെ ദേശീയ വാദികളാണ് മൂന്നാമത്തെ വിഭാഗം. തുർക്കിഷ് പാരമ്പര്യ വസ്ത്രങ്ങളാണ് തുർക്കിഷ് ജനതയ്ക്ക് നല്ലത് അതിനാൽ ഇസ്ലാമിക വേഷവിധാനങ്ങൾ വെടിയേണ്ടതുണ്ട് എന്നതായിരുന്നു ഇവരുടെ നിലപാട്.

ആദ്യം തന്നെ പുരുഷ വസ്ത്രങ്ങളെ നിയന്ത്രിച്ച അത്താത്തുർക്ക് പക്ഷേ സ്ത്രീകളുടെ കാര്യത്തിൽ അമാന്തം കാണിച്ചു. തുടക്കത്തിൽ ഭരണകൂട കേന്ദ്രങ്ങളിലും പൊതു ഇടങ്ങളിലും സ്ത്രീകളുടെ ഹിജാബ് സംവിധാനത്തെ നിരുത്സാഹപ്പെടുത്തി. പിന്നീട് മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ ആധുനിക മൂല്യങ്ങൾക്ക് യോജിച്ചതല്ലെന്ന് ന്യായീകരിച്ച് നിയന്ത്രണങ്ങൾ കൊണ്ടുവന്നു. പൊതു ഇടങ്ങളിൽ ഹിജാബ് നിരോധിക്കപ്പെട്ടു. ഇറാനിലും സമാനമായ രീതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെങ്കിലും പരാജയപ്പെടുകയാണുണ്ടായത്

ആധുനിക രാഷ്ട്രങ്ങളും വ്യക്തികളും

യൂറോപ്പ്യൻ ഭ്രമം മാത്രമാണോ ഈ തീരുമാനങ്ങൾക്ക് പിന്നിൽ, അതോ ഇസ്ലാമിനോടുള്ള അകൽച്ചയാണോ കാരണം. എന്തുകൊണ്ടാണ് യൂറോപ്പിലും ഇന്ത്യയിലും മുസ്ലിം സ്ത്രീകളുടെ വസ്ത്രങ്ങളും ഹിതങ്ങളും പ്രശ്നവൽക്കരിക്കപ്പെടുന്നത്. ആധുനിക രാഷ്ട്രങ്ങളുടെ രൂപീകരണത്തിലും അതിന്റെ അടിസ്ഥാന തത്വങ്ങളിലുമാണ് ഇതിന്റെ അന്വേഷണം എത്തേണ്ടത്. കേവലമായ ഇസ്ലാമോഫോബിയയുടെ പേരിലും സെക്കുലറിസത്തിന്റെ ന്യായങ്ങളിലും മാത്രമായി ഇത്തരം ചർച്ചകളെ ഒതുക്കാൻ കഴിയില്ല.

പൂർവ്വ ആധുനികകാലത്ത് വ്യക്തികൾ, കുടുംബം, അടുത്ത സമൂഹം, മതം തുടങ്ങിയ ബന്ധങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു സാമൂഹിക ക്രമം നിലനിന്നിരുന്നത്. പക്ഷേ ആധുനിക ദേശരാജ്യങ്ങൾ വ്യക്തികളുടെ സ്വത്വം ദേശസങ്കല്പവുമായി ഇണക്കിയിരിക്കുകയാണ്. ഒരു വ്യക്തി രാഷ്ട്രകൂടവുമായുള്ള ഐച്ഛികമായ ഉടമ്പടിയിലാണ് ഏർപ്പെട്ടിരിക്കുന്നത്. എന്ന് പറഞ്ഞാൽ ഞാനെന്ന വ്യക്തിത്വത്തിന് സംരക്ഷണവും ആധികാരികതയും നിലനിൽപ്പും ലഭിക്കുന്നത് ഞാൻ സ്വമേധയാ രാഷ്ട്രകൂടവുമായി ഏർപ്പെട്ട ഉടമ്പടിയിലൂടെയാണ്. രാഷ്ട്രകൂടത്തിൽ നിന്ന് സ്വന്തമായി നിൽക്കാൻ എനിക്ക് അവകാശമില്ല. അതുപോലെതന്നെ എന്നെ നിയന്ത്രിക്കുന്നതും എന്റെ കർമ്മങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ആധുനിക രാഷ്ട്രകൂടത്തിന്റെ സങ്കല്പത്തിലാണ്. അതായത്, സ്വതന്ത്രരായ നാം നമ്മുടെ സ്വാതന്ത്ര്യം തീരുമാനിക്കുന്നത് രാഷ്ട്രകൂടത്തിന്റെ താൽപര്യങ്ങളിലാണ്.

ആധുനിക രാഷ്ട്രകൂടങ്ങളുടെ പ്രധാന ഞരമ്പ് കുടുംബങ്ങളുടെ മേലിലുള്ള നിയന്ത്രണത്തിലൂടെയാണ്. കുടുംബ നിയന്ത്രണത്തിലൂടെ വ്യക്തിയെയും സമൂഹത്തെയും നിയന്ത്രിക്കുന്ന ശക്തിയാണ് ആധുനിക ദേശരാജ്യങ്ങൾ. അതുകൊണ്ടാണ് കുടുംബ നിയമങ്ങൾ ആധുനിക നിയമവ്യവഹാരങ്ങളുടെ പ്രധാന കക്ഷിയാവുന്നത്. അതുപോലെതന്നെ പഴയ സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് ആധുനികതയിലേക്ക് മുസ്ലിം ഭരണകൂടങ്ങളുടെ മാറ്റവും ഏറ്റവും കൂടുതൽ പ്രതിഫലിച്ചത് കുടുംബ വ്യവസ്ഥിതിയിലാണ്. സ്ത്രീ, പുരുഷ, വസ്ത്ര, കുടുംബ നിയന്ത്രണത്തിലൂടെ പുതിയ ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടാണ് ഇത്തരം ഭരണകൂടങ്ങൾ മുന്നോട്ടുവച്ചത്, ഇതിന്റെ ഭാഗമായാണ് യുവതുർക്കികൾ ഉസ്മാനി ഭരണകൂടത്തിൽ പുതിയ കുടുംബപരിഷ്കാരങ്ങൾ ആവശ്യപ്പെട്ടത്, ഏകഭാര്യത്വം, അണു കുടുംബം, വിവാഹ നിഷ്കർഷതകൾ തുടങ്ങിയ ഭേദഗതികൾ അവർ മുന്നോട്ടുവച്ചു. 1917ൽ ആദ്യമായി ഇസ്ലാമിക കുടുംബ നിയമം (The Ottoman LAw of Family Rights) ഉസ്മാനിയ ഭരണകൂടം നടപ്പാക്കുന്നതും ഈ സമ്മർദ്ദം മൂലമാണ്. 1926 ൽ അത്താത്തുർക്ക് ഇസ്ലാമിക കുടുംബ നിയമം പൂർണ്ണമായും റദ്ദ് ചെയ്ത് സ്വിസ് സിവിൽ കോഡ്  രാജ്യത്ത് നടപ്പാക്കി.

റിസാ ഷാ പഹ്ലവി

പുതിയ കുടുംബാസൂത്രണം വ്യക്തിസ്വാതന്ത്ര്യം, സ്ത്രീസമത്വം, തുല്യത തുടങ്ങിയ ആദർശങ്ങൾ നടപ്പിലാക്കാനാണെന്നാണ് ഭരണകൂടങ്ങൾ വാദിക്കുന്നതെങ്കിലും അതിലെ ചില വൈരുദ്ധ്യങ്ങൾ സൂചിപ്പിക്കാതിരിക്കാൻ വയ്യ. സ്വകാര്യ ഇടങ്ങളിൽനിന്ന് പൊതുസ്ഥലത്തേക്ക്  സ്ത്രീകൾക്ക് ലഭിച്ച സ്വാഗതം സ്വതന്ത്രയായ സ്ത്രീക്ക് ലഭിച്ച അംഗീകാരം ആയിട്ടാണ് പ്രശംസിക്കപ്പെടാറ്. പക്ഷേ പഹ്ലവിയുടെ ഇറാനിൽ സ്ത്രീകൾക്ക് ലഭിച്ച സ്വാതന്ത്ര്യം വിശകലനം ചെയ്ത പണ്ഡിതന്മാർ ചില പൊരുത്തക്കേടുകൾ എടുത്തു പറയുന്നുണ്ട്. സ്ത്രീകളുടെ ശരീരങ്ങളും, പെരുമാറ്റ രീതികളും നിയന്ത്രിക്കപ്പെട്ട് ഭരണകൂട താല്പര്യങ്ങൾക്ക് അനുസരിച്ചുള്ള സ്ത്രീ ശരീരങ്ങളെ ആയിരുന്നു പൊതു ഇടങ്ങളിൽ സ്വാഗതം ചെയ്യപ്പെട്ടത്. സാമൂഹിക ക്രമത്തിന് ബദ്ധം വരാത്ത രീതിയിൽ – അതിൽ ഇടപ്പെടാത്ത രീതിയിൽ നല്ല ഭാര്യ, സ്നേനിധിയായ അമ്മ, അച്ചടക്കമുള്ള, രാജ്യത്തോട് കൂറുള്ളവൾ എന്നീ നല്ല ഗുണഗണങ്ങൾ ഉള്ള സ്ത്രീകളെയാണ് പൊതു ഇടങ്ങളിൽ സ്വാഗതം ചെയ്യപ്പെട്ടത്. സ്വയം നിയന്ത്രണത്തിലൂടെ പുരുഷ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള സ്ത്രീകളെ  സ്റ്റേറ്റ് പ്രോത്സാഹിപ്പിക്കാൻ കാരണം കുടുംബവ്യവസ്ഥയിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനായിരുന്നു. അതുപോലെതന്നെ സ്ത്രീകളുടെ ചൂഷണം തൊഴിൽ മേഖലകളിൽ ഉറപ്പിക്കാൻ കൂടിയായിരുന്നു ഇത്തരം നീക്കം.

ഇത്തരം ലൈംഗികവൽക്കരിച്ച (desexualized) സ്ത്രീത്വത്തിന് വെല്ലുവിളിയായി സ്ത്രീകൾ പൊതുവേദിയിൽ വരുമ്പോൾ അത് സ്റ്റേറ്റിന്റെ താല്പര്യങ്ങൾക്ക് തടസ്സം ആവുന്നുണ്ട്. അതുകൊണ്ടുതന്നെ അത്തരം സ്ത്രീകൾ അഴിഞ്ഞാട്ടക്കാരിയായി മുദ്രകുത്തപ്പെടുകയും അവരുടെ സ്വാതന്ത്ര്യത്തിന് വിലങ്ങു തീർക്കപ്പെടുകയും ചെയ്യുന്നുണ്ട്. സി.എ.എ  പ്രക്ഷോഭകാലത്ത് ഹിജാബ് ധരിച്ച്, ഭരണഘടന ഉയർത്തിപ്പിടിച്ച മുസ്ലിം സ്ത്രീകൾ സ്റ്റേറ്റ് വിഭാവനം ചെയ്ത സ്ത്രീ സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു. യൂറോപ്പിലും അമേരിക്കയിലും മുസ്ലിം അസ്ഥിത്വവും വേഷവിധാനങ്ങളും അണിഞ്ഞ് അനീതിക്കെതിരെ രംഗത്ത് വരുന്ന മുസ്ലിം സ്ത്രീകളും രാഷ്ട്രീയ പ്രതിഷേധ രോഷം ഉയർത്തുന്നതിന്  കാരണം ഇതുതന്നെയാണ്. ഹിജാബ് ധരിച്ച്,  ഇന്ത്യയിലെ ഉന്നത കലാലയങ്ങളിൽ പഠിക്കാൻ എത്തുന്ന, ശബ്ദം ഉയർത്തുന്ന മുസ്ലിം വിദ്യാർത്ഥിനികൾ ദുരിതങ്ങൾ അനുഭവിക്കാനും കാരണം സ്റ്റേറ്റ് വിഭാവനം ചെയ്യുന്ന സ്ത്രീ സങ്കല്പവുമായി അവർ ഒത്തു പോകാത്തതിനാലാണ്.

പുതിയ ചർച്ചകൾ, സങ്കൽപ്പങ്ങൾ

1980 കൾ മുതലാണ് യൂറോപ്പിൽ മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണ കൂടുതൽ ചർച്ചയായി തുടങ്ങുന്നത്. 2004 ൽ ഫ്രാൻസ് സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും മതചിഹ്നങ്ങൾ പൂർണമായും നിരോധിച്ചു. മറ്റ് പല യൂറോപ്പ്യൻ രാജ്യങ്ങളിലും പലവിധത്തിലുള്ള നിരോധനങ്ങൾ നിലവിലുണ്ട്. യൂറോപ്യൻ മതനിരപേക്ഷതയാണ് ഈ തീരുമാനങ്ങൾക്ക് പിന്നിൽ. പക്ഷേ മതത്തെയും രാഷ്ട്രത്തെയും വേർതിരിച്ചുനിർത്തുന്ന യൂറോപ്യൻ മതനിരപേക്ഷത അതിന്റെ പ്രയോഗത്തിലൂടെ വൈയക്തികമായ മതകാര്യങ്ങളിൽ ഇടപെടുന്നുവെന്നത് മതനിരപേക്ഷതയുടെ വിരോധാഭാസമാണ്. ഇന്ത്യയിൽ മതകീയ വിശ്വാസങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടെങ്കിലും ഈ മൗലികാവകാശം സമ്പൂർണ്ണമല്ല (Absolute right). അത് മറ്റു മൗലികാവകാശങ്ങൾക്കും, സ്റ്റേറ്റ് താൽപര്യങ്ങൾക്കും വിധേയപ്പെട്ട് കിടക്കുന്ന പരിമിതമായ അവകാശമാണ് (qualified right). ശബരിമലയിൽ സ്ത്രീ പ്രവേശനം സാമൂഹിക പ്രശ്നങ്ങൾ തടയാൻ കഴിയുന്നത് മതനിരപേക്ഷതയുടെ ആശയ ലുബ്ധ കൊണ്ടാണ്.

എഡ്‌വേഡ്‌ സൈദ്  പറഞ്ഞുവെച്ച കൊളോണിയൽ ഓറിയന്റൽ ഫാന്റസികളിലൂടെയാണ് ഇപ്പോഴും ഇസ്ലാമിനെ യൂറോപ്പിൽ മനസ്സിലാക്കപ്പെടുന്നത്. വളർച്ച നിന്ന് പോയ, വേദഗ്രന്ഥങ്ങൾ അടിസ്ഥാനമാക്കിയുള്ള, അസ്വാതന്ത്ര്യത്തിന്റെ, മതഭ്രാന്തിന്റെ പേരാണ് ഇന്നും യൂറോപ്പിൽ ഇസ്ലാം. ഇത്തരത്തിലുള്ള ഇസ്ലാമിന്റെ ബാഹ്യരൂപമാണ് അവർക്ക് ഹിജാബും നിഖാബും. ലിബറൽ സെക്കുലർ യൂറോപ്പിന്റെ മൂല്യങ്ങളോട് ഒത്തുപോവാത്ത ഇസ്ലാമിന്റെ പൊതുചിഹ്നമാണ് ഹിജാബിലൂടെ യൂറോപ്പ് കാണുന്നത്. മാത്രമല്ല. വൈയക്തിക മത ചിഹ്നങ്ങൾ പൊതുമധ്യത്തിൽ പ്രദർശിപ്പിക്കപ്പെടുമ്പോൾ യൂറോപ്യൻ മതനിരപേക്ഷത തകർന്നുപോകും എന്ന ഭയവും.

വിധേയപ്പെട്ടു നിൽക്കുന്ന, മത ചിഹ്നങ്ങളില്ലാത്ത മുസ്ലിം സ്ത്രീയെ സ്വാഗതം ചെയ്യുന്ന യൂറോപ്പ്, തട്ടമിട്ട മുസ്ലിം സ്ത്രീയെ മൗലിക വാദിയായി മുദ്രകുത്താൻ കാരണം അത്തരം സ്ത്രീകൾ രാഷ്ട്രം വിഭാവനം ചെയ്യുന്ന ‘നല്ല സ്ത്രീ’ വർഗ്ഗത്തിൽ പെടാത്തതിനാലാണ്. കേരളത്തിൽ തട്ടമിട്ട്, വോട്ട് നേടിയ ഫാത്തിമ തഹ്‌ലിയയെ മത യാഥാസ്ഥിതികയായി ഇടതുപക്ഷം മുദ്രകുത്താൻ കാരണം ഏത് മുസ്ലിം സ്ത്രീയാണ് പൊതുമണ്ഡലങ്ങളിൽ ഇടപെടേണ്ടതെന്ന മുൻധാരണ പ്രകാരമാണ്. ഇന്ത്യയിലായാലും യൂറോപ്പിലായാലും തട്ടമിട്ട്, പൊതുമധ്യത്തിൽ എത്തുന്ന സ്ത്രീ ആധുനികരാഷ്ട്ര ചിന്തകളോടാണ് കലഹിക്കുന്നത്. തട്ടം രാഷ്ട്രീയമാകുന്നതും ഇക്കാരണം കൊണ്ടാണ്. ‘അഭികാമ്യമല്ലാത്ത’ മുസ്ലിം സ്ത്രീകൾ നിലവിലുള്ള രാഷ്ട്രീയ ചിന്തകളിലെ പാളിച്ചകൾ കാണിക്കുന്നതോടൊപ്പം തന്നെ സമൂഹത്തിലെ സ്ത്രീപുരുഷ ബന്ധങ്ങളെ പുനർവിചിന്തനങ്ങൾക്ക് ക്ഷണിക്കുകയാണ്.

മൂബഷിർ വി പി