Campus Alive

മതം, സാമൂഹികത, ഇസ്ലാം. സാമൂഹ്യശാസ്‌ത്ര പഠനങ്ങളിലെ ഇസ്ലാമിനെ പുനരാലോചിക്കുമ്പോൾ

സാമൂഹ്യ ശാസ്ത്ര ചിന്തകർ മതത്തെ പല രീതിയിൽ വ്യാഖ്യനിച്ചിട്ടുണ്ട്. ക്ലാസിക്കൽ സാമൂഹ്യശാസ്ത്ര ചിന്തകരിൽ കാൾ മാർക്സ്, എമിൽ ദുർഖേം, മാക്സ് വെബർ തുടങ്ങിയവർ വ്യത്യസ്ഥ വീക്ഷണങ്ങൾ മതത്തെക്കുറിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ആ ചിന്താധാരയിലെ ദുർഖേം, വെബർ എന്നിവരുടെ മതത്തെക്കുറിച്ചുള്ള ചിന്തകളെ വിമർശനാത്മകമായി സമീപിക്കാനും, പോസ്റ്റ് സ്ട്രക്ച്ചറൽ, ഡീ-കൺട്രക്ഷൻ പ്രതലത്തിൽ നിന്ന് കൊണ്ട് മതവുമായി ബന്ധപ്പെട്ട പഠനങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയ തലാൽ അസദിൻ്റെ പഠനങ്ങളെ മുൻ നിർത്തി ഇസ്ലാമിനെക്കുറിച്ച് ആലോചിക്കാനുമുള്ള ഒരു ശ്രമമാണ് ഈ പഠനത്തിലൂടെ ഉദ്ദേശിക്കുന്നത്.

മതത്തെക്കുറിച്ചുള്ള ദുർഖേമിൻ്റെ സംഭാവനകൾ സാമൂഹ്യ ശാസ്‌ത്ര പഠനങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ്. എപ്രകാരമാണ് ‘സമൂഹികത’ രൂപപ്പെടുന്നതെന്നും, മനുഷ്യനുമായി ബന്ധപ്പെട്ട ജീവിത വ്യവഹാരങ്ങളിൽ അവ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്നും തൻ്റെ പഠനങ്ങളിലൂടെ അദ്ദേഹം വിശദീകരിക്കുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സാമൂഹ്യ യാഥാർത്ഥ്യങ്ങളെ (social fact) മനുഷ്യൻ്റെ ബാഹ്യലോകമായി കണക്കാക്കപ്പെടുന്ന ഭാഷ, നിയമം, മതം, വിശ്വാസങ്ങൾ എന്നിവയുടെ പുറത്തു നിൽക്കുന്ന ഒന്നായാണ് മനസ്സിലാക്കേണ്ടത്. അതിൻ്റെ യാഥാർത്ഥ്യം ജൈവികവും, വൈയക്തികവുമായ മനുഷ്യ ചിന്തയിൽ നിന്ന് വേറിട്ട് മനസ്സിലിക്കേണ്ട ഒന്നായി മാറുന്നു.

ഉദാഹരണത്തിന്, ഒരു സാമൂഹിക യാഥാർത്ഥ്യത്തെ വെള്ളത്തോട് ഉപമിക്കുന്നതായി സങ്കൽപ്പിക്കുക. ഹൈഡ്രജനും, ഓക്സിജനും ചേരുമ്പോഴാണ് വെള്ളമുണ്ടാകുന്നത്. എന്നാൽ, ഇവ രണ്ടും വേർപ്പെടുത്തി ഒന്നിനെ മുൻനിർത്തി തീ അണക്കുക സാധ്യമല്ല. അതായത്, ഒരു വസ്തുവിൻ്റെ ധർമ്മം നിലനിൽക്കുന്നത് അതിൻ്റെ ഒന്നിച്ചുള്ള (collective) അവസ്തയിൽ മാത്രമാണ്. അതുപോലെ സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വിവിധ ഭാഗങ്ങളായ മനുഷ്യർ, അവരുടെ ജൈവിക സവിശേഷതകൾ, കാമനകൾ, മനശാസ്ത്രം, വ്യക്തിഗത ചരിത്രങ്ങൾ എന്നിവയെ എല്ലാം അതിൻ്റെ കൂട്ടായ സവിശേഷതകളിൽ നിന്ന് വേർപ്പെടുത്തി മനസ്സിലാക്കൽ സാധ്യമല്ല എന്നതാണ് ദുർഖേമിയൻ വീക്ഷണം. മറ്റൊരു വാക്കിൽ പറഞ്ഞാൽ, വ്യക്തിഗത ഘടകങ്ങൾക്ക് പൂർണ്ണമായ അർത്ഥം കൈവരുന്നത് അവ ‘സമൂഹം’ എന്ന ആശയവും, അതിലെ വസ്‌തുതകളുമായും പരസ്പരം ബന്ധപ്പെട്ടുകിടക്കുമ്പോൾ മാത്രമാണ്.

ഈ അടിസ്ഥാന വീക്ഷണകോണിൽ നിന്നുകൊണ്ട് ദുർഖേം മതത്തെ നിർവ്വചിക്കുന്നുണ്ട്. തൻ്റെ വീക്ഷണത്തിൽ മതം മനുഷ്യരെ പരസ്പരം ഒന്നിപ്പിക്കുന്ന ഒരു സമൂഹിക നിർമ്മിതിയാണ്. അത് ദൈവത്തിലോ, അതീന്ദ്രിയ ശക്തികളിലോ ഉള്ള കേവല വിശ്വാസങ്ങളല്ല, മറിച്ച് കൂട്ടമായി പങ്കുവെക്കപ്പെടുന്ന വിശ്വാസങ്ങളും, ആചാരങ്ങളും നിർവ്വഹിക്കുന്ന സാമൂഹിക പ്രവർത്തിയിലൂടെയാണ് ‘മതം’ രൂപപ്പെടുന്നത്. മതത്തെക്കുറിച്ചുള്ള തൻ്റെ നിർവ്വചനത്തെ ആസ്പദമാക്കി ദുർഖേം ലോകത്തെ പവിത്രം/മതപരം (Sacred), ലൗകികം (Profane) എന്നിങ്ങനെ രണ്ടായി തരം തിരിക്കുന്നു. ഒരു കാര്യം പവിത്രമോ, മതകീയമോ ആവുന്നത് സമൂഹം പൊതുവായി അതിനെ പവിത്രമായി അംഗീകരിക്കുമ്പോഴാണ്. ഒരു ഗോത്രചിഹ്നം (Totem) പവിത്രമായി മാറുന്നത് സാമൂഹിക നിർമ്മിതിയിലൂടെയാണ്. പ്രകൃത്യാ ഒന്നിനും തന്നെ പവിത്രത നിലനിൽക്കുന്നില്ല. അത് കൂട്ടായ സ്വത്വത്തിൻ്റെ പ്രതീകമായി വർത്തിക്കുകയാണ് ചെയ്യുന്നത്. ഈ വീക്ഷണമനുസരിച്ച് സാമൂഹിക നിർമ്മിതിയിലൂടെയാണ് മതപരമായ ആശയങ്ങൾക്കും, ആചാരങ്ങൾക്കും അതിൻ്റേതായ അർത്ഥം കൽപ്പിക്കപ്പെടുന്നത്. മറുവശത്ത് ലൗകികം എന്നത് ദൈനംദിന ജീവിതതലങ്ങളെ ഉൾകൊള്ളുന്നതാണ്. ഭക്ഷണം കഴിക്കുക, ഉറങ്ങുക, പഠിക്കുക തുടങ്ങിയ ദൈനംദിന ലൗകിക കാര്യങ്ങൾ അതിൽ ഉൾപ്പെടുന്നു. ഈ വർഗീകരണങ്ങളുടെ അടിസ്ഥാനത്തിൽ സമൂഹത്തിൽ മതപരം/ലൗകികം എന്നിങ്ങനെ വ്യക്തമായ ഒരു വിഭജനം അനിവര്യമാകുമെന്ന് ദുർഖേം വിലയിരുത്തുന്നു.

ദുർഖേമിയൻ ചിന്തയും തലാൽ അസദിൻ്റെ പ്രതികരണവും.

ദുർഖേം മുന്നോട്ടു വെക്കുന്ന സാമൂഹ്യശാസ്ത്ര പഠനങ്ങളിലെ മതത്തെക്കുറിച്ചുള്ള ഇത്തരമൊരാഖ്യാനത്തിൻ്റെ പ്രശ്‌നങ്ങളെ തലാൽ അസദ് തൻ്റെ പഠനങ്ങളിൽ വിശദീകരിക്കുന്നുണ്ട്. സാമൂഹ്യ ചിന്തകൻ ക്ലിഫേർഡ് ഗിറ്റ്സിൻ്റെ മതത്തെക്കുറിച്ചുള്ള നിഗമനങ്ങളോടാണ് പ്രാഥമികമായി അസദ് സംവദിക്കുന്നതെങ്കിലും, സാമൂഹ്യശാസ്‌ത്ര പഠനങ്ങളിൽ പൊതുവെ ‘മതം’ എപ്രകാരം ഒരു സർവ്വലൗകിക (Universal) ആശയമായി മാറി എന്നതിനെ പ്രശ്നവൽക്കരിക്കുകയാണ് ചെയ്യുന്നത്. ദുർഖേമിനെ സംബന്ധിച്ച്, അദ്ദേഹത്തിൻ്റെ പ്രവർത്തനവാദ (functionalist perspective) രീതിശാസ്ത്രമനുസരിച്ച്, മതം ഏതുതരം സാർവ്വത്രികമായ ധർമ്മമാണ് സമൂഹത്തിന് വേണ്ടി ചെയ്യുന്നത് എന്നതാണ് മുഖ്യ പരിഗണന. ഇത്തരമൊരു വീക്ഷണകോണിൽ നിന്ന് മതവുമായി ബന്ധപ്പെട്ട ആചാരങ്ങൾ, ചിഹ്നങ്ങൾ എന്നിവയെല്ലാം പൊതു ഐക്യം (solidarity) നിർമ്മിക്കാനുതകുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളാണ്.

എമിൽ ദുർഖേം

എന്നാൽ അസദിൻ്റെ രീതിശാസ്ത്രത്തിൽ മതം എന്ന സംവർഗ്ഗം എപ്രകാരമാണ് ചരിത്രപരമായി നിർമ്മിക്കപ്പെട്ടതെന്നും ഏതു തരം അധികാര ബന്ധങ്ങളാണ് അവയെ നിർവ്വചിക്കുകയും, നിലനിർത്തുകയും ചെയ്യുന്നതെന്നുമാണ് അന്വേഷിക്കുന്നത്. മതവുമായി ബന്ധപ്പെട്ട ആചാരങ്ങളെ അധികാരം ഏപ്രകാരമാണ് നിർവ്വചിക്കുകയും, നിയന്ത്രണ വിധേയമാക്കുകയും ചെയ്യുന്നതെന്നും അസദ് പരിശോധിക്കുന്നുണ്ട്. മധ്യകാല ചരിത്രത്തിലെ ക്രൈസ്തവ മതനവീകരണാനന്തരം ചരിത്രപരമായി രൂപപ്പെടുകയും, തുടർന്ന് കൊളോണിയൽ – മതേതര അധികാര ഘടനയിലൂടെ ആഗോള തലത്തിൽ ക്രൈസ്തവേതര വിശ്വാസ – ചിന്താ സമ്പ്രദായങ്ങളുടെ മേൽ ‘മതമെന്ന’ സംവർഗം അടിച്ചേൽപ്പിക്കപ്പെടുന്നത് എങ്ങനെയെന്നും ഇതിലൂടെ അദ്ദേഹം അന്വേഷിക്കുന്നുണ്ട്. അതിലൂടെ ഇസ്ലാമുമായി ബന്ധപ്പെട്ട പഠനങ്ങളിൽ എങ്ങനെയാണ് ഇത്തരമൊരു സാർവ്വലൗകിക നിർവ്വചനം നിലനിൽക്കുന്നതെന്നും, അതിനെ വിമർശനാത്മകമായി വിലയിരുത്തുകയും ചെയ്യുന്നുണ്ട്.

ക്രൈസ്തവ മതനവീകരണ സങ്കൽപ്പത്തിലെ മതമെന്ന നിർവ്വചനം മറ്റിതര വിശ്വാസ സങ്കൽപ്പങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെടുമ്പോൾ, ഇസ്ലാം ഉൾപ്പെടെയുള്ള പാരമ്പര്യങ്ങളുടെ സത്തയെ രൂപപ്പെടുത്തുന്ന സവിശേഷമായ ചരിത്ര പശ്ചാത്തലങ്ങളെ, അധികാര സമവാക്യങ്ങളെ മനസ്സിലാക്കുന്നതിൽ പരാജയപ്പെടുകയാണ് ചെയ്യുന്നത്. പർദ്ദയുമായി ബന്ധപ്പെട്ട വിഷയം മനസ്സിലാക്കുമ്പോൾ ഇത് കൂടുതൽ വ്യക്തമാവും.

ദുർഖേമിയൻ കാഴ്ച്ചപ്പാടിൽ പർദ്ദയോ, ഹിജാബോ ഒരു വിഭാഗത്തിൻ്റെ വിശ്വാസത്തെ പ്രതിനിധീകരിക്കുന്ന അടയാളമാണ് (Symbol). സമൂഹിക പൊതുമര്യാദകളെ സ്വമേധയാ ആന്തരികവൽക്കരിച്ച പ്രവർത്തിയുടെ ഉദാഹരണം. എന്നാൽ അധികാരത്തിലൂടെ പർദ്ദ ധരിക്കുക എന്ന പ്രക്രിയ ഏപ്രകാരമാണ് നിർമ്മിക്കപ്പെടുന്നത്, നിയമവിധേയമാക്കുന്നത്, അടിച്ചമർത്തപ്പെടുന്നത് എന്നിവയിലേക്കാണ് അസദിൻ്റെ പഠനം ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സ്‌റ്റേറ്റ് ഹിജാബ് അല്ലെങ്കിൽ നിഖാബ് നിരോധിക്കുന്നതിലൂടെ അത് മതപരമായ ഒരു പ്രവർത്തിയെ തടസ്സപ്പെടുത്തുന്നതിലും, സാമൂഹിക ഐക്യത്തെ ദുർബലപ്പെടുത്തുന്നതിലും പരിമിതപ്പെടുന്നില്ല. മറിച്ച്, അസദിൻ്റെ വീക്ഷണത്തിൽ മതേതര സമൂഹത്തിന് അനുയോജ്യമായ ആചാരങ്ങൾ/ശാരീരിക പ്രകടനങ്ങൾ ഏതെല്ലാമാണെന്ന് നിർവ്വചിച്ചുകൊണ്ട് വ്യക്തികളെ, അവരുടെ ശരീരങ്ങളെ നിയന്ത്രിക്കാൻ ഭരണകൂടം അതിൻ്റെതായ നിയമവും, അധികാരവും പ്രയോഗിക്കുകയാണ് ചെയ്യുന്നത്. എന്താണ് ഹിജാബ് കൊണ്ടോ പർദ്ദ കൊണ്ടോ അർത്ഥമാക്കുന്നത് എന്നതിൽ നിന്ന് അവ ഏതു രീതിയിലാണ് ശരീരം, നിയമം, തുടങ്ങിയ ഇടങ്ങളിൽ ഉപയോഗിക്കപ്പെടുന്നത് എന്നതിലാണ് അസദിൻ്റെ അന്വേഷണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഈജിപ്തിലെ സർവ്വകലാശാലകളിൽ നിഖാബ് നിരോധിക്കുന്നതിൻ്റെ കാരണം ഒരു മതേതര വ്യവസ്ഥയെ നിലനിർത്തുന്ന, മതപരം/ലൗകികമെന്ന അഭിവാജ്യ ഘടനയെ വിള്ളലേൽപ്പിക്കുന്ന ഒരു പ്രതീകത്തെ സ്‌റ്റേറ്റ് ഇടപെട്ട് നിയന്ത്രണ വിധേയമാക്കുന്നു എന്ന സ്വഭാവിക സാമൂഹ്യശാസ്ത്ര യുക്തിയിൽ വിശദീകരിക്കാനാവും. എന്നാൽ സാധാരണവും, അച്ചടക്കമുള്ളതുമായ ശരീരം എന്താണെന്ന് നിർവ്വചിക്കാൻ ഭരണകൂടം അതിൻ്റെ പരമാധികാരം എപ്രകാരമാണ് പ്രയോഗിക്കുന്നതെന്നാണ് ഇതിൽ നിന്നും തിരിച്ചറിയാൻ സാധിക്കേണ്ടത്. ഇവിടെ ഏതുതരം ഇസ്ലാമാണ് അനിവാര്യമെന്ന് സ്‌റ്റേറ്റ് നിർവ്വചിക്കുകയും, അതിലൂടെ മതേതര താൽപര്യത്തിനുതകുന്ന ‘മോഡറേറ്റ്’ ഇസ്ലാമിൻ്റെ നിർമ്മിതി സാധ്യമാക്കുകയും ചെയ്യുന്നു. ഇവിടെ ഇസ്ലാം എന്ത് പ്രവർത്തനമാണ് നിർവ്വഹിക്കുന്നത് എന്നതിൽ നിന്ന് ആരാണ് ഇസ്ലാം എന്താവണമെന്ന് നിർവ്വചിക്കുന്നതെന്നും, ഏതുതരം അധികാരമാണ് അത്തരമൊരു നിർവ്വചനം സാധ്യമാക്കുന്നത് എന്നതിലേക്കും നമ്മുടെ അന്വേഷണത്തെ കൊണ്ടുപോകുന്നു.

സാമൂഹ്യ ശാസ്‌ത്ര പഠനങ്ങളിൽ പ്രബലമായ ‘മതമെന്ന’ സംവർഗ്ഗത്തെ ആസ്‌പദമാക്കി ഇസ്‌ലാമിനെ പഠനവിധേയമാക്കുന്നതിലെ അപര്യാപ്തതകളെയാണ് അസദ് തൻ്റെ പഠനങ്ങളിലൂടെ ചൂണ്ടിക്കാണിക്കുന്നത്. ഇസ്ലാമിൻ്റെ ആചാരങ്ങൾ, പ്രവർത്തന രീതികൾ എന്നിവ പാശ്ചാത്യ ക്രിസ്ത്യൻ മതകീയ സിദ്ധാന്തത്തിൽ അനിവാര്യമായി രൂപപ്പെടുത്തിയ മതപരം/ലൗകികം എന്ന വിഭജനത്തെ എപ്പോഴും അപ്രസക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പ്രസ്തുത നിർവ്വചനം വെച്ച് ഇസ്ലാമിനെ ആലോചിക്കുമ്പോൾ അപര്യാപ്തതകൾ നിലനിൽക്കും. ഹിജാബ് എന്തിനു ധരിക്കുന്നു എന്ന ചോദ്യം ഇസ്ലാമിനെ സംബന്ധിച്ച് പ്രധാനപ്പെട്ട ചോദ്യമാകുന്നില്ല, അതൊരിക്കലും ഏതെങ്കിലുമൊരു അർത്ഥത്തെ വഹിക്കുന്ന കേവല പ്രതീകമായി (Symbolic) ചുരുങ്ങുന്നില്ല. മറിച്ച് ഹിജാബ് സ്വയം തന്നെ ഒരു ജീവിത രീതിയും, വ്യാകരണവും ഉള്ളടങ്ങിയ ഒരു പ്രവർത്തനം സാധ്യമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഹിജാബിന് മതേതരമായ ഒരു അവകാശമായി നിലനിൽക്കുക എന്നത് അസാധ്യമാണ്.

മതത്തെക്കുറിച്ചുള്ള വെബറിയൻ ചിന്തയും, അസദിയൻ വിമർശനവും.

മാക്സ് വെബർ

ആശയങ്ങൾ ഭൗതിക സാഹചര്യങ്ങളുടെ പ്രതിഫലനമായി മനസ്സിലാക്കുന്ന മാർക്സിൽ നിന്നും, മതത്തെ സമൂഹത്തിന്റെ പ്രതിഫലനമായി വീക്ഷിച്ച ദുർഖേമിയൻ വാദത്തിൽ നിന്നും വ്യത്യസ്തമായി, മതപരമായ ആശയങ്ങൾക്ക് സ്വതന്ത്രമായ ഒരു കാരണശക്തിയുണ്ടെന്നാണ് (causal force) വെബർ നിരീക്ഷിക്കുന്നത്. മതവിശ്വാസങ്ങളുടെ ഉള്ളടക്കങ്ങളായ മോക്ഷം, ദൈവിക വിധി (predestination), പരലോക ജീവിതം എന്നിവയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മനുഷ്യന്റെ ദൈനംദിന ജീവിത രീതിയെ, അവരുടെ സാമ്പത്തിക പെരുമാറ്റത്തെ എങ്ങനെയാണ് രൂപപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാനാണ് അദ്ദേഹം ശ്രമിച്ചത്. തൻ്റെ വിഖ്യാത ഗ്രന്ഥമായ Protestant ethics and the spirit of capitalism ത്തിൽ അദ്ദേഹം ഈ ആശയത്തെ വിശദീകരിക്കുന്നുണ്ട്. ലോകത്ത് മറ്റെവിടെയും സംഭവിക്കാത്ത വിധം, പാശ്ചാത്യ നാടുകളിൽ മാത്രം യുക്തിബോധത്തിലധിഷ്ഠിതമായ ഒരു മുതലാളിത്ത ജീവിതരീതി രൂപപ്പെടാൻ കാരണമായ സവിശേഷ സാഹചര്യങ്ങളെന്തായിരുന്നു എന്നതാണ് വെബറിൻ്റെ പ്രധാന ചോദ്യം.

പ്രൊട്ടസ്റ്റന്റ് നവീകരണ ചിന്താ പദ്ധതി മുന്നോട്ടു വെക്കുന്ന, കഠിനാധ്വാനത്തിലും ആത്മനിയന്ത്രണത്തിലുമൂന്നിയ (ascetic) ജീവിത വീക്ഷണമാണ് ഇതിനു കാരണമായി വെബർ ചൂണ്ടിക്കാണിക്കുന്നത്. സാമ്പത്തിക വ്യവസ്ഥയുൾപ്പെടെയുള്ള സമൂഹത്തിന്റെ അടിത്തറയെത്തന്നെ രൂപപ്പെടുത്താൻ ശേഷിയുള്ള ശക്തവും സ്വതന്ത്രവുമായ ഒരു സ്ഥാപനമാണ് മതം. ദൈവവിക വിധിയെക്കുറിച്ചും (predestination) കഠിനാധ്വാനത്തെക്കുറിച്ചുമുള്ള പ്രൊട്ടസ്റ്റന്റ് ആശയങ്ങളാണ് ആധുനിക മുതലാളിത്ത വ്യവസ്തയുടെ ഉദയത്തിന് ഊർജ്ജം പകർന്നതെന്ന് അദ്ദേഹം സമർത്ഥിക്കുന്നു. വെബറുടെ വീക്ഷണമനുസരിച്ച്, മതം എന്നത് പ്രാഥമികമായി ഒരു ‘ഭ്രമാത്മക സങ്കല്പമോ’ (മാർക്സ്), അല്ലെങ്കിൽ സമൂഹത്തെ ഒന്നിപ്പിച്ചു നിർത്തുന്ന ആശയമോ (ദൂർഖേം) അല്ല. മറിച്ച്, അത് സാമൂഹികവും മനഃശാസ്ത്രപരവുമായ പരിവർത്തനങ്ങൾ സാധ്യമാക്കുന്ന ഒരു ചാലകശക്തിയാണ്. ദുരിതങ്ങൾക്കും അനീതികൾക്കും മുന്നിൽ ‘അർത്ഥം’ കണ്ടെത്താനുള്ള മനുഷ്യന്റെ അന്വേഷണമാണ് അതിനെ നയിക്കുന്നത്. തൻ്റെ Disenchatment എന്ന ആശയത്തിലൂടെ ആത്മീയവും, പവിത്രവുമായ വീക്ഷണങ്ങൾക്ക് പകരം യുക്തിചിന്ത, ബൗദ്ധികവൽക്കരണം, ശാസ്ത്രീയ വിശദീകരണങ്ങൾ എന്നിവയ്ക്ക് പ്രാമുഖ്യം കൈവരുന്നതായി വെബർ പറയുന്നു.

മതം, വിശ്വാസം, ആചാരങ്ങൾ എന്നിവയ്ക്ക് പുതിയ വ്യാഖ്യാനങ്ങൾ ഇതിലൂടെ രൂപപ്പെടുകയാണ്. മതത്തിൻ്റെ പ്രവർത്തനം ഇനി മുതൽ നിലകൊള്ളുന്നത് ആന്തരികമായ വിശ്വാസങ്ങളിലും, ധാർമ്മികമായ മോക്ഷസിന്ധാന്തത്തിലുമാണ്. ബാഹ്യമായ ആചാരാനുഷ്ഠാനങ്ങൾക്കപ്പുറം ആന്തരികമായ വിശ്വാസ മനോഭാവങ്ങൾക്കാണ് ഇതിൽ പ്രാധാന്യം കൈവുരുന്നത്. എന്നാൽ വെബറിൻ്റെ ഇത്തരമൊരു വ്യാഖ്യാനത്തെ അസദ് വിമർശന വിധേയമാക്കുന്നുണ്ട്. Disenchatment നെ ഒരു സാർവ്വലൗകിക പ്രക്രിയയായി കാണാൻ കഴിയില്ലെന്നും അതിനെ കേവല ക്രിസ്‌ത്യൻ നവീകരണത്തിൻ്റെ ചരിത്രപരമായ ഒരു ഉൽപ്പന്നം മാത്രമായേ മനസ്സിലാക്കാൻ സാധിക്കുകയുള്ളു എന്നും അസദ് നിരീക്ഷിക്കുന്നു. മതം, പ്രാഥമികമായി രൂപപ്പെടുത്തുന്ന വിശ്വാസം, അർത്ഥങ്ങൾ, വ്യാഖ്യാനങ്ങൾ, ആന്തരിക ബോധ്യങ്ങൾ എന്നിവയാണ് പ്രധാനമെന്ന് വാദിക്കുന്ന വെബേറിയൻ ചിന്തയെ അസദ് പ്രശ്‌നവൽക്കരിക്കുന്നത് പാശ്ചാത്യേതര പാരമ്പര്യങ്ങളിലേക്ക് തൻ്റെ പഠനത്തെ കൊണ്ടുപോകുന്നതിലൂടെയാണ്. ഇസ്ലാമുൾപ്പെടെയുള്ള അത്തരം പാരമ്പര്യങ്ങളിൽ ‘മതം’ എന്നത് അത്യന്തികമായി ആന്തരിക വിശ്വാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒന്നല്ല. മറിച്ച് സ്ഥാപനവൽക്കരിക്കപ്പെട്ട അധികാരങ്ങളാൽ നടപ്പിലാക്കപ്പെടുന്ന ആചാരങ്ങൾ, ശാരീരിക അച്ചടക്കം, കർമ്മാനുഷ്ഠാനങ്ങൾ (Orthopraxy) എന്നിവയിലാണ് അതിൻ്റെ പ്രവർത്തനങ്ങൾ ഊന്നൽ നൽകുന്നതെന്ന് അസദ് തൻ്റെ പഠനങ്ങളിലൂടെ വിശദീകരിക്കുന്നു.

മതം എന്നത് തികച്ചും വ്യക്തിപരവും, ആന്തരികവും, വിശ്വാസാധിഷ്ഠിതവുമാണെന്ന പ്രൊട്ടസ്റ്റന്റ് സങ്കല്പത്തെ വെബർ മറ്റു മതപാരമ്പര്യങ്ങളെ വിശദീകരിക്കാനും ഉപയോഗിച്ചു. ‘വിശ്വാസത്താൽ’ നയിക്കപ്പെടുന്നത്, ലൗകിക വിരക്തി (methodical, this-worldly asceticism) എന്നീ പ്രത്യേകതകളടങ്ങിയ ‘മതം’ മറ്റ് മതപാരമ്പര്യങ്ങളിൽ ഇല്ലാത്തതിനാൽ, പ്രൊട്ടസ്റ്റന്റിതര പാരമ്പര്യങ്ങളെല്ലാം ‘ന്യൂനതകളുള്ളവയോ’ (deficient), ‘യുക്തിരഹിതമായതോ’ (irrational) ആയി വെബർ നിർവ്വചിച്ചു. ഇസ്ലാമിനെ വിശദീകരിക്കാനുള്ള ഇത്തരം ചിന്തയുടെ പരിമിതയിൽ നിന്നാണ് അസദ് ഇസ്ലാമിനെ ഒരു വ്യാവഹാരിക പാരമ്പര്യമായി (Discursive Tradition) വിശദീകരിക്കുന്നതെന്ന് ഇതിനോട് ചേർത്ത് മനസ്സിലാക്കേണ്ട വസ്തുതയാണ്.

ഇസ്ലാമിക ശരീഅത്ത് വെബോറിയൻ കാഴ്ച്ചപ്പാടിൽ പരമ്പരാഗതവും, യുക്തി രഹിതവുമാണ്. കാരണമത് മുതലാളിത്ത മൂലധനവ്യവസ്ഥക്ക് അനുയോജ്യമായ യാന്ത്രിക തൊഴിൽ സമ്പ്രദായവും, തൽഫലം കൂടുതൽ ഉൽപാദക്ഷമമാകുകയും ചെയ്യുന്ന സാമ്പത്തിക ശേഖകരത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല. മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇസ്ലാം പ്രൊട്ടസ്റ്റൻ്റ്  മതചിന്ത രൂപപ്പെടുത്തുന്ന മുതലാളിത്തം സൃഷ്ട്ടിക്കാത്തതിനാൽ അത് യുക്തിരഹിതമാകുന്നു. എന്നാൽ ഇസ്ലാമിക പാരമ്പര്യത്തിന് ശാരീരികമായ അച്ചടക്കം (bodily discipline), സൂക്ഷ്മമായ നിയമയുക്തികൾ (legal reasoning), സാമൂഹിക അധികാരം (community power) എന്നിവയിലധിഷ്ഠിതമായ തനതായ ഒരു വ്യവസ്ഥയുണ്ടെന്ന് അസദ് വാദിക്കുന്നു. പക്ഷേ, ഇവ പ്രൊട്ടസ്റ്റന്റ് മാതൃകയിലുള്ള ആന്തരിക വിശ്വാസത്തിലല്ല, മറിച്ച് ശാരീരികമായ ശീലങ്ങളിലും (bodily practices), നിയമപരമായ യുക്തിചിന്തകളിലും (legal reasoning), അധികാര ബന്ധങ്ങളിലുമാണ് ആഴത്തിൽ പതിഞ്ഞിരിക്കുന്നത്.

തലാൽ അസദ്

അസദ് വെബറിയൻ ചിന്തയെ കേവലമായി ‘വിമർശിക്കുക’ മാത്രമല്ല ചെയ്യുന്നത്; മറിച്ച് ‘മതം’ എന്നത് തികച്ചും സ്വതന്ത്രവും സാർവ്വലൗകികവുമായ ഒരു പ്രത്യേക മേഖലയാണെന്ന സങ്കല്പം തന്നെ, സമൂഹങ്ങളെ നിയന്ത്രിക്കാനും തരംതിരിക്കാനും വേണ്ടി നിർമ്മിച്ചെടുത്ത കൊളോണിയൽ-ലിബറൽ രാഷ്ട്രീയ നിർമ്മിതിയാണെന്നാണ് അദ്ദേഹം വാദിക്കുന്നത്. അതുകൊണ്ടുതന്നെ, വെബറുടെ താരതമ്യ സാമൂഹികശാസ്ത്രം (comparative sociology) സ്വഭാവികമായും പാശ്ചാത്യ മേധാവിത്വത്തിന്റെ (Western hegemony) ഒരു ഉപകരണമായി മാറുകയാണ് ചെയ്യുന്നത്.

മതത്തെക്കുറിച്ചുള്ള ക്ലാസിക്കൽ വീക്ഷണത്തിൽ നിന്ന് പോസ്റ്റ് -സ്ട്രക്ച്ചറലിസ്റ്റ് വീക്ഷണത്തിലേക്കുള്ള സഞ്ചാരം എന്നത്, ‘മതം സമൂഹത്തിന് വേണ്ടി എന്താണ് ചെയ്യുന്നത്?’ (ധർമ്മം/function) എന്ന ചോദ്യത്തിൽ നിന്ന്, ‘അത് എങ്ങനെയുള്ള അർത്ഥങ്ങളാണ് ഉത്പാദിപ്പിക്കുന്നത്?’ (ഘടന/structure) എന്ന ചോദ്യത്തിലേക്കും; ഒടുവിൽ, ‘അധികാരത്തെ മുൻ നിർത്തി ‘മതം’ എന്ന വർഗ്ഗീകരണം (category) എങ്ങനെയാണ് നിർമ്മിച്ചെടുക്കപ്പെട്ടത്?’ എന്ന ചോദ്യത്തിലേക്കുമാണ് മാറുന്നത്. വിശേഷിച്ച്, പോസ്റ്റ്-സ്ട്രക്ച്ചറൽ വിമർശനം, ‘സെക്യുലർ’ എന്ന സങ്കല്പത്തിന്റെ നിഷ്പക്ഷതയെ ചോദ്യം ചെയ്തുകൊണ്ടും, മതത്തെക്കുറിച്ചുള്ള അക്കാദമിക പഠനങ്ങൾക്കുള്ളിൽ തന്നെയുള്ള സങ്കീർണ്ണവും, മറഞ്ഞിരിക്കുന്നതുമായ അധികാര സമവാക്യങ്ങളെ (power dynamics) തുറന്നുകാട്ടിക്കൊണ്ടും ഈ മേഖലയെ പുനരാലോചനകൾക്ക് വിധേയമാക്കിയിട്ടുണ്ട്.

ആമിർ സുഹൈൽ