സാമ്പ്രദായിക സാമ്പത്തികശാസ്ത്രം രൂപംകൊണ്ടത് യൂറോപ്യൻ ജ്ഞാനശാസ്ത്രത്തിൻ്റെ—എൻലൈറ്റൻമെന്റ് യുക്തിവാദവും വ്യക്തിവാദവും യൂട്ടിലിറ്റേറിയൻ മനുഷ്യസങ്കൽപവും—പിൻബലത്തോടെയാണ്. മൂല്യം, ആവശ്യകത, മുൻഗണന തുടങ്ങിയ അടിസ്ഥാന സങ്കൽപങ്ങളെല്ലാം നിർവചിക്കപ്പെട്ടതും ഇതേ പാശ്ചാത്യ ചട്ടക്കൂടിനകത്തുനിന്നും ദേശരാഷ്ട്ര സങ്കൽപത്തിൻ്റെ രാഷ്ട്രീയ അധികാരത്തിൽ നിന്നുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ഉയർന്നുവന്ന പല ബദൽ സാമ്പത്തിക ചിന്തകളും മൗലികമായ ഒരു ബൗദ്ധിക വിമോചനവും (Intellectual Independence) സാധ്യമാക്കാൻ കഴിയാതെ, ദുർബലപ്പെട്ടതിന് പിന്നിലും ഇതേ യാഥാർഥ്യമാണ് തെളിഞ്ഞുകാണുന്നത്. താരതമ്യേന ഇക്കൂട്ടത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ടതും പ്രചാരം നേടിയതുമായ ഒന്നായിരുന്നു ഉസ്‌മാനിയ ഖിലാഫത്തിന്റെയും ഇസ്‌ലാമിക കർമശാസ്ത്രത്തിന്റെയും പിന്നണിയിൽ വളർന്നുവന്ന ‘ഇസ്‌ലാമിക് എക്കണോമിക്സ്’. ഈ ബദൽ സാമ്പത്തിക പ്രസ്ഥാനം അതിന്റെ ലക്ഷ്യപ്രാപ്തിയിൽ നിന്ന് വഴുതിപ്പോകാനിടയായ കാരണങ്ങൾ അന്വേഷിക്കുകയാണ് ഈ ലേഖനം.
ഉസ്മാനിയ ഖിലാഫത്തിന്റെ അവസാന ദശകങ്ങളെ മനസ്സിലാക്കാതെ ആധുനിക ഇസ്‌ലാമിക ബദൽ ചിന്തകളുടെ ഉദയം തിരിച്ചറിയുക പ്രയാസമാണ്. പത്തൊൻപതാം നൂറ്റാണ്ടിൽ യൂറോപ്യൻ സൈനിക, സാമ്പത്തിക, രാഷ്ട്രീയ മേധാവിത്വം ശക്തിപ്പെട്ടത് ഖിലാഫത്തിന്റെ ക്ഷയങ്ങൾക്ക് കാരണമാവുകയും പരിഹാരമെന്നോണം 1839 മുതൽ 1876 വരെയുള്ള തൻസീമാത് (Tanzimat) പരിഷ്കാരങ്ങൾ അരങ്ങേറുകയും ചെയ്തു. ഇതുവഴി വെസ്റ്റിൽനിന്നുള്ള ചില നിയമ-ഭരണ മാതൃകകൾ ഈ പുനഃസംഘടനയുടെ ഭാഗമായി മുസ്‌ലിം സമൂഹനിർമിതിയുടെ ഭാഗവാക്കായി മാറി. യൂറോപ്യൻ സ്വാധീനമുള്ള നിയമ-ഭരണ ആഖ്യാനങ്ങളും സ്ഥാപനങ്ങളും സ്വാംശീകരിച്ചതിലൂടെ, ‘ഭരണകൂടം’ ‘നിയമം’ ‘സമ്പദ്‌വ്യവസ്ഥ’ എന്നിവയെ മനസ്സിലാക്കുന്ന രീതിയിലും മാറ്റങ്ങൾ സംഭവിച്ചു.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തോടെ ഈ പ്രശ്നം കൂടുതൽ സങ്കീർണ്ണമാവുകയും ഖിലാഫത്തിന്റെ പതനം, യൂറോപ്യൻ കൊളോണിയൽ അധീശത്വം, പുതിയ ദേശരാഷ്ട്രങ്ങളുടെ രൂപീകരണം, മുതലാളിത്തത്തിന്റെയും സോഷ്യലിസത്തിന്റെയും വ്യാപനം എന്നിവ പുതിയ ലോകക്രമത്തിനു തിരികൊളുത്തുകയും മുസ്‌ലിം ഉമ്മത്തിന് മുന്നിൽ പുതിയ ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തു; ആധുനിക ലോകത്തിൽ മുസ്‌ലിം സമൂഹത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ക്രമം എന്തായിരിക്കണം? ഈ ചോദ്യം കേവലം മതപരമായ സ്വത്വത്തിന്റെ പ്രശ്നമായിരുന്നില്ല. ഭൂമി, തൊഴിൽ, സമ്പത്ത്, നികുതി, ബാങ്കിംഗ്, വ്യവസായവൽക്കരണം, ദാരിദ്ര്യം, സാമൂഹിക അസമത്വം തുടങ്ങിയ സാമ്പത്തിക പ്രശ്നങ്ങളുമായി അത് നേരിട്ട് ബന്ധപ്പെട്ടിരുന്നു. ഇവിടെയാണ് ആധുനിക ഇസ്‌ലാമിക സാമ്പത്തിക ചിന്തയുടെ വിത്തുകൾ കാണേണ്ടത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മുസ്‌ലിം ആധുനിക പണ്ഡിതർ പലിശ, സകാത്ത്, സമ്പത്തിന്റെ വിതരണം, പൊതുധനം, വിപണി, ഇസ്‌ലാമിക സാമൂഹികനീതി തുടങ്ങിയ വിഷയങ്ങളിൽ ഗ്രന്ഥ രചനകൾ ആരംഭിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ 1930-കളിലും 1940-കളിലും ഇസ്‌ലാമിക സാമ്പത്തിക ചിന്ത കൂടുതൽ വ്യക്തമായ ഒരു ബൗദ്ധിക പദ്ധതിയായി രൂപംകൊണ്ടിട്ടുണ്ട്.

ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന് അടിത്തറ പാകിയ പണ്ഡിതരെ രണ്ട് പ്രധാന കാലഗണനയിലായി വേർതിരിക്കാവുന്നതാണ്: അബുൽ അലാ മൗദൂദി (മ. 1979), ബാഖിർ സദ്ർ (മ. 1980), ഹമീദുള്ള ഹൈദരാബാദി (മ. 2002) എന്നിവരടങ്ങുന്ന ആദ്യകാല ചിന്തകരും, 1970-കൾക്ക് ശേഷം രൂപംകൊണ്ട ‘ഇസ്ലാമികവൽകരണ പ്രസ്ഥാനത്തിൻ്റെ’ (Islamization Movement) ഭാഗമായുണ്ടായ മറ്റൊരു വിഭാഗം പണ്ഡിതരും.
കർമ്മശാസ്ത്രാനന്തര ഇസ്ലാമിക് എക്കണോമിക്സ്
ഇസ്‌ലാമിക് എക്കണോമിക്സിൻ്റെ അപചയ കാരണങ്ങളിൽ ഒന്നാമതായി പറയാവുന്നത്, കർമശാസ്ത്ര കേന്ദ്രീകൃതമായ ഇസ്ലാമിക് ഫൈനാൻസിലേക്കുള്ള അതിയായ ശ്രദ്ധ ചെലുത്തൽ സ്വതന്ത്രമായ എപിസ്റ്റമോളജി രൂപപ്പെടുത്തുന്നതിൽ നിന്നും ഇസ്ലാമിക് എക്കണോമിക്സിനെ തടഞ്ഞു എന്നതാണ്.
ഇസ്ലാമിക് എക്കണോമിക്സും ഇസ്ലാമിക് ഫൈനാൻസും ഒന്നല്ല. ഒരു ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥിതിയുടെ ലക്ഷ്യം എന്തായിരിക്കണം, മനുഷ്യൻ്റെ സാമ്പത്തിക പെരുമാറ്റത്തെ എങ്ങനെ മനസ്സിലാക്കണം, സമ്പത്ത്, ക്ഷേമം, ഉടമസ്ഥാവകാശം, നീതി, വിതരണം എന്നിവയെ എങ്ങനെ നിർവചിക്കണം തുടങ്ങിയ അടിസ്ഥാന ചോദ്യങ്ങളാണ് ഇസ്ലാമിക് എക്കണോമിക്സ് ചർച്ച ചെയ്യുന്നത്. എന്നാൽ ഇസ്ലാമിക് ഫൈനാൻസിലെ ചർച്ചകളുടെ സിംഹഭാഗവും നിലനിൽക്കുന്ന സാമ്പത്തിക-ധനകാര്യ ഇടപാടുകളെ ശരീഅത്ത് അനുസൃതമാക്കുന്നതിനുള്ള ഫിഖ്ഹ് പരിശോധനകളിലാണ് കേന്ദ്രീകരിച്ചത്. അതിനാൽ “ഒരു ഇടപാട് പലിശരഹിതമാണോ?” എന്ന ചോദ്യത്തിന് മുൻതൂക്കം ലഭിക്കുമ്പോൾ, “ഒരു ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിൽ ധനവ്യവസ്ഥയുടെ സാമൂഹിക ലക്ഷ്യം എന്തായിരിക്കണം?” എന്ന കൂടുതൽ അടിസ്ഥാനപരമായ ചോദ്യം പിന്തള്ളപ്പെടുന്നു. നിയമപരമോ മാനദണ്ഡാത്മകമോ ആയ വിശകലനം (normative/legal analysis) ശക്തമായിരുന്നെങ്കിലും, അതിനോട് ചേർന്നുതന്നെ വസ്തുതാധിഷ്ഠിത സാമ്പത്തിക വിശകലനം (positive economic analysis) എങ്ങനെ വികസിപ്പിക്കണം എന്നത് കൂടുതൽ സങ്കീർണ്ണമായ പ്രശ്നമായി തുടരുകയാണ് ഉണ്ടായത്.
ഇവിടെ കർമശാസ്ത്രപരമായ രീതിയും “സാമ്പത്തിക”ത്തിൻ്റെ സത്തയും തമ്മിലുള്ള വ്യത്യാസം നിർണായകമാണ്. ഒരു സാമ്പത്തിക ശാസ്ത്രത്തിന് സ്വന്തം ജ്ഞാനശാസ്ത്രം രൂപപ്പെടണമെങ്കിൽ, ആത്യന്തികമായി എന്താണ് സാമ്പത്തിക യാഥാർഥ്യം എന്ന് നിർവചിക്കണം; എന്താണ് അളക്കേണ്ടത് എന്ന് തീരുമാനിക്കണം; മനുഷ്യന്റെ സാമ്പത്തിക പെരുമാറ്റത്തെക്കുറിച്ച് എന്ത് സങ്കൽപമാണ് സ്വീകരിക്കേണ്ടത് എന്ന് വ്യക്തമാക്കണം; വ്യക്തി, സമൂഹം, വിപണി, രാഷ്ട്രം, ധാർമികത എന്നിവ തമ്മിലുള്ള ബന്ധത്തെ വിശദീകരിക്കണം. അതോടൊപ്പം തന്നെ, ആ സങ്കൽപങ്ങളെ പരിശോധിക്കുന്നതിനുള്ള രീതിശാസ്ത്രവും വികസിപ്പിക്കേണ്ടതുണ്ട്.
ഉദാഹരണത്തിന്, സാമ്പ്രദായിക സാമ്പത്തിക ശാസ്ത്രത്തിൽ വ്യക്തിയുടെ മുൻഗണന, ഉപയുക്തത (utility), ദൗർലഭ്യം (scarcity), യുക്തിപരമായ തിരഞ്ഞെടുപ്പ് (rational choice) തുടങ്ങിയ ആശയങ്ങൾ സാമ്പത്തിക വിശകലനത്തിന്റെ പ്രധാന ഘടകങ്ങളായി മാനദണ്ഡമാക്കുമ്പോൾ, ഒരു ഇസ്ലാമിക സാമ്പത്തിക സമീപനം ഇതേ മനുഷ്യസങ്കൽപം സ്വീകരിച്ചുകൊണ്ട് അതിനുമുകളിൽ “ഹലാൽ”, “സകാത്ത്”, “രിബ” തുടങ്ങിയ ചില normative നിയന്ത്രണങ്ങൾ മാത്രം ചേർത്താൽ, അത് യഥാർഥത്തിൽ ഒരു പുതിയ സാമ്പത്തിക ചിന്താപദ്ധതിയായി രൂപം പ്രാപിക്കുമോ എന്ന ചോദ്യം ഉയരുന്നു. മനുഷ്യന്റെ സാമ്പത്തിക പെരുമാറ്റത്തെക്കുറിച്ചുള്ള ഇസ്ലാമിക ലോകവീക്ഷണത്തിന്റെ അടിസ്ഥാന ധാരണ തന്നെ വ്യത്യസ്തമായതിനാൽ, അതിനനുസരിച്ചുള്ള പുതിയ സിദ്ധാന്തങ്ങളും മാതൃകകളും വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത ഇവിടെ ഉടലെടുക്കുന്നു.
ഇതിൽ നിന്നുള്ള വിമോചന ശ്രമമായാണ് മസൂദുൽ ആലം ചൗദരിയുടെ തൗഹീദീ എപ്പിസ്റ്റമോളജിയെ (Tawhidi Epistemology) വായിക്കേണ്ടത്. സാമ്പത്തികശാസ്ത്രത്തിൻ്റെ അടിസ്ഥാന ധാരണകൾ തന്നെ തൗഹീദിൽ അധിഷ്ഠിതമായ ഒരു ജ്ഞാനശാസ്ത്ര-രീതിശാസ്ത്ര ചട്ടക്കൂടിലൂടെ പുനർനിർമിക്കണമെന്നതാണ് അദ്ദേഹത്തിന്റെ പദ്ധതി. തൗഹീദ് അറിവിൻ്റെ ഏകത്വത്തെ (unity of knowledge) സൂചിപ്പിക്കുന്നു; അതിലൂടെ സാമ്പത്തിക ജീവിതത്തിലെ ഭൗതികവും ധാർമികവുമായ ഘടകങ്ങളെ പരസ്പരം വേർതിരിക്കാതെ ഒരേ വിശകലന ചട്ടക്കൂടിനുള്ളിൽ പഠിക്കാനുള്ള സാധ്യത തുറക്കപ്പെടുന്നു.

തൗഹീദീ ജ്ഞാനശാസ്ത്രത്തിൽ mathematical formalism, econometric applications, socio-scientific inquiry എന്നിവയ്ക്ക് പ്രാധാന്യമുണ്ട്. എന്നാൽ അവയുടെ ലക്ഷ്യവും ഘടനയും പുനഃക്രമീകരിക്കപ്പെടുന്നത് മനുഷ്യൻ, സമൂഹം, ധാർമികത, ക്ഷേമം എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു ഏകീകൃത ലോകദർശനത്തിനുള്ളിലാണ്. അതുപ്രകാരം, ഇസ്ലാമിക് ഫൈനാൻസിൻ്റെ സ്ഥാപനവൽക്കരണം മാത്രം ഇസ്ലാമിക് എക്കണോമിക്സിന്റെ വിജയമായി കാണാനാവില്ല; സാമ്പത്തികശാസ്ത്രത്തിന്റെ അടിസ്ഥാന സങ്കൽപങ്ങളെയും രീതിശാസ്ത്രത്തെയും പുനർനിർവചിക്കാൻ അതിന് കഴിയുന്നുണ്ടോ എന്നതാണ് കൂടുതൽ അടിസ്ഥാനപരമായ ചോദ്യം.
ഇസ്ലാമൈസേഷൻ മൂവ്മെന്റും ആത്മകേന്ദ്രീകൃതമായ വ്യവഹാരവും
രണ്ടാമതായി, ഇസ്ലാമൈസേഷനു (Islamization of Knowledge) ശേഷം വന്ന ഇടപെടലുകളിൽ അധികവും “ഇസ്ലാമിക് എക്കണോമിക്സ്” എന്ന പഠനശാഖയുടെ സ്വയത്തിൽ തന്നെ ചർച്ചകളെ ബന്ധിക്കുകയും യഥാർഥ ജീവിത പ്രശ്നങ്ങൾക്കുള്ള പരിഹാര നിർദേശങ്ങളോ സ്ഥൂലമായ മാറ്റത്തിനുതകുന്ന പദ്ധതികളോ മുന്നോട്ടുവെയ്ക്കുകയുണ്ടായില്ല. ഇസ്‌ലാമിക് എക്കണോമിക്സ് എന്താണ്, ഇസ്‌ലാമികവും സാമ്പ്രദായികവുമായ സാമ്പത്തികശാസ്ത്രങ്ങൾ തമ്മിലുള്ള വ്യത്യാസമെന്താണ്, സാമ്പത്തികശാസ്ത്രത്തെ എങ്ങനെ ഇസ്‌ലാമികവൽക്കരിക്കാം തുടങ്ങിയ ചോദ്യങ്ങൾ തന്നെ അതിൻ്റെ അക്കാദമിക വ്യവഹാരത്തിലെ പ്രധാന വിഷയങ്ങളായി മാറി. അതായത്, സാമ്പത്തിക യാഥാർഥ്യത്തെ പഠിക്കുന്ന ഒരു ശാഖ എന്ന നിലയിൽ ജീവിത യാഥാർഥ്യങ്ങളിലേക്ക് നീങ്ങേണ്ടിയിരുന്ന ചർച്ചകളുടെ വലിയൊരു ഭാഗം, ആ ശാഖയുടെ തന്നെ സ്വഭാവത്തെയും സാധുതയെയും നിർവചിക്കുന്നതിലേക്കാണ് ശ്രദ്ധ ചെലുത്തിയത്. പ്രമുഖ ഇസ്ലാമിക സാമ്പത്തികശാസ്ത്ര പണ്ഡിതരായ നജാത്തുല്ലാഹ് സിദ്ദിഖി, അബ്ദുൽ അസീം ഇസ്‌ലാഹി എന്നിവർ തന്നെ സൂചിപ്പിക്കുന്നത്, അനുഭവാധിഷ്ഠിത പഠനങ്ങളുടെ അപര്യാപ്തത സമകാലിക ഇസ്ലാമിക സാമ്പത്തിക ചിന്തയിലെ പ്രധാന വിടവുകളിലൊന്നായി മനസ്സിലാക്കേണ്ടിയിരിക്കുന്നുവെന്നാണ്. ഇസ്ലാമിക് എക്കണോമിക്സിന്റെ അടിസ്ഥാന ദൗർബല്യം മാനദണ്ഡാത്മക സിദ്ധാന്തങ്ങളുടെ (normative theory) അഭാവമല്ല; മറിച്ച്, അവയിൽനിന്നുള്ള നിർദ്ദേശങ്ങളെയും സിദ്ധാന്തങ്ങളെയും അനുഭവപരമായി പരിശോധിക്കാവുന്ന അനുമാനങ്ങളായും (empirically testable hypotheses), യഥാർഥ സാമ്പത്തിക പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന പ്രശ്നാധിഷ്ഠിത സാമ്പത്തിക വിശകലനമായും രൂപാന്തരപ്പെടുത്തുന്നതിലെ അപര്യാപ്തതയാണ്.
ഇസ്ലാമൈസേഷൻ ഓഫ് നോളഡ്ജിന്റെ പദ്ധതിപരമായ ചർച്ചകൾക്ക് ലഭിച്ച ശ്രദ്ധയ്ക്കനുപാതമായി അതിന്റെ രീതിശാസ്ത്രപരമായ അടിത്തറ വികസിച്ചില്ലെന്ന് അസ്‌ലം ഹനീഫ് വിമർശിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഇസ്ലാമിക് എക്കണോമിക്സ് “not yet fully developed” ആയിത്തുടരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അതിന്റെ methodological aspects-ന്റെ “non development” ആണ്. സയ്യിദ് ഫരീദ് അലത്താസ് ഇസ്ലാമിക് എക്കണോമിക്സ് “has not succeeded in extricating itself from modernist discourse of development” എന്നും പറഞ്ഞു വെക്കുന്നു. അതായത്, ആധുനികതയെയും പാശ്ചാത്യ വികസന മാതൃകകളെയും വിമർശിക്കുന്നതോടൊപ്പം തന്നെ അവയുടെ അടിസ്ഥാന വ്യവഹാരങ്ങളിൽനിന്ന് പൂർണ്ണമായി സ്വതന്ത്രമാകാൻ ഇസ്ലാമിക് എക്കണോമിക്സിന് കഴിഞ്ഞില്ല. പ്രസ്തുത വിഷയത്തിന്റെ ജനകീയതയെയും ലക്ഷ്യപ്രാപ്തിയെയും ഇത് സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
അധികാരഘടനയുടെ പിന്തുണയും ഗണിതശാസ്ത്രവും
മൂന്നാമതായി, ഫഹ്രിയെ അഫാക്കാൻ, ആദം ലെവൻ്റ് പോലുള്ള പുതിയകാല പണ്ഡിതർ ചൂണ്ടിക്കാണിക്കുന്നത്, ശക്തമായ സ്ഥാപനപരമായ അധികാര പിൻബലം (Institutional Power Backing) ഇല്ലാത്തത് ഇസ്ലാമിക് എക്കണോമിക്സിന്റെ പ്രയോഗവത്കരണത്തിന് വിനയായിട്ടുണ്ട് എന്നാണ്. അതായത്, സാമ്പത്തികശാസ്ത്രത്തിന്റെ വളർച്ചയെ അതിന്റെ ആശയങ്ങളുടെ ആന്തരിക ശക്തിയിലൂടെ മാത്രം വിശദീകരിക്കാൻ കഴിയില്ല; ആ ആശയങ്ങൾ എവിടെ ഉൽപാദിപ്പിക്കപ്പെടുന്നു, ആരാണ് അവയെ പഠിപ്പിക്കുന്നത്, ഏത് സ്ഥാപനങ്ങളാണ് അവയെ അംഗീകരിക്കുന്നത്, ഏത് രാഷ്ട്രീയ-സാമ്പത്തിക ശക്തികളാണ് അവയെ പ്രയോഗിക്കുന്നത് എന്നതും പരിശോധിക്കേണ്ടതുണ്ട്.
പാക്കിസ്ഥാൻ, മലേഷ്യ എന്നീ രാജ്യങ്ങൾ മാതൃകയായി പറയപ്പെടാറുണ്ടെങ്കിലും അപകോളനീകരണ യത്നത്തിലെ “ദേശരാഷ്ട്രങ്ങളുടെ” തന്നെ ഇടപെടലുകളായി മാത്രമേ അവയെ കാണാൻ സാധിക്കുകയുള്ളൂ. ആദം ലെവന്റും ഫഹ്‌രിയെ അഫാക്കാനും അവരുടെ “Islamic Economics and Economics as a System of Power” എന്ന പഠനത്തിൽ കൂടുതൽ വ്യക്തമായി മുന്നോട്ടുവെക്കുന്നത്, ഇസ്‌ലാമിക് എക്കണോമിക്സിന്റെ സൈദ്ധാന്തികമായ അസംഘടിതാവസ്ഥയെ അതിന്റെ ആഭ്യന്തര രീതിശാസ്ത്രപരമായ ദൗർബല്യം കൊണ്ട് മാത്രം വിശദീകരിക്കാനാവില്ല എന്നാണ്.
അമേരിക്കൻ നേതൃത്വത്തിലുള്ള കെനീഷ്യൻ സാമ്പത്തിക ശാസ്ത്രത്തിൻ്റെ വ്യാപനത്തിനും മേധാവിത്വത്തിനും (Hegemony) യു.എസ് എന്ന രാഷ്ട്രത്തിന്റെ സ്ഥാപനപരമായ അധികാര പിന്തുണ വളരെ നിർണായകമായിരുന്നു. ഇവിടെ, പൂർവ്വാധുനിക മുസ്ലിം ലോകത്തിന്റെ മൂല്യങ്ങളും, ആധുനിക ലോകക്രമത്തെ പ്രതിരോധിക്കുന്ന പുതിയൊരു ജ്ഞാനശാസ്ത്രവും സമന്വയിപ്പിച്ച് രൂപപ്പെടുന്ന ശക്തമായൊരു രാഷ്ട്രീയ ഘടനയ്ക്ക് മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കൂ. ഒവാമിർ അൻജും, ഉഥ്മാൻ ബദർ, എന്നീ പണ്ഡിതർ മുന്നോട്ടുവെക്കുന്ന “ഉമ്മാറ്റിക് സ്റ്റഡീസ്” ഇത്തരത്തിലുള്ള സമന്വിത ഘടനകൾക്ക് ഉദാഹരണമായി മനസിലാക്കാം.
ഇതിനോട് ചേർത്തു വായിക്കേണ്ട മറ്റൊരു പ്രധാന ഭാഗമാണ് സാമ്പത്തിക ചർച്ചകളിലെ ഗണിതശാസ്ത്രത്തിന്റെ പങ്ക്. ഗണിതശാസ്ത്രത്തെ സാമ്പത്തിക വിശകലനങ്ങളിൽ ഉൾചേർക്കുന്നത് അതിൻ്റെ നിഷ്പക്ഷതയെ ഉറപ്പാക്കുമെന്നാണ് പൊതുവെ വാദിക്കപ്പെടാറുള്ളത്. എന്നാൽ, ഗണിതശാസ്ത്ര സമവാക്യങ്ങളിലെ ചരങ്ങളെ (Variables) നിശ്ചയിക്കുന്നതിൽ തന്നെ സാമ്പത്തിക വിദഗ്ദ്ധന്റെ (Economic Modeler) ജ്ഞാനശാസ്ത്രപരമായ കാഴ്ചപ്പാടുകൾ (Epistemological Subjectivity) ശക്തമായി പ്രവർത്തിക്കുന്നുണ്ട് എന്നതാണ് വസ്തുത. ഉദാഹരണത്തിന്, ജി.ഡി.പി (GDP) കണക്കാക്കുന്നത് C+I+G+(X-M) എന്ന സമവാക്യത്തിലൂടെയാണ്. ഇവിടെ അധ്വാനമൂല്യം (Labor Value), ഉപഭോഗം (Consumption) തുടങ്ങിയ ചരങ്ങളുടെ നിർവചനം തന്നെ രൂപപ്പെടുന്നത് മോഡലറുടെ ആശയപരമായ മുൻവിധികളിൽ നിന്നാണ്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ഒരു വടവൃക്ഷം മുറിച്ചുമാറ്റി തടിയാക്കി മാറ്റുമ്പോൾ അത് ജി.ഡി.പി വളർച്ചയായി രേഖപ്പെടുത്തപ്പെടുന്നുണ്ടെങ്കിലും, അതുകൊണ്ടുണ്ടാകുന്ന പാരിസ്ഥിതിക മൂലധനത്തിന്റെ (Ecological Capital) കനത്ത നഷ്ടം ഈ സമവാക്യം കണക്കിലെടുക്കുന്നേയില്ല. ചുരുക്കത്തിൽ, സമവാക്യങ്ങളിലെ ചരങ്ങളുടെ തിരഞ്ഞെടുപ്പ് തന്നെയാണ് ആകെത്തുകയായ പരിഹാരത്തെയും നിർണയിക്കുന്നത്. ഗണിതശാസ്ത്രം ഘടനാരീതിയിൽ (Syntactically) നിഷ്പക്ഷമാണെങ്കിലും, അതിന്റെ അർത്ഥതലത്തിൽ (Semantically) അത് തികച്ചും പക്ഷപാതപരമാണ്.
ചുരുക്കത്തിൽ, നവ-ലിബറൽ മാതൃകയ്ക്കുള്ളിൽ നിന്നുകൊണ്ട് പലിശരഹിത ആഖ്യാനങ്ങൾ നിർമിച്ചതുകൊണ്ടോ നിലവിലുള്ള സാമ്പത്തികശാസ്ത്രത്തിന് മുകളിൽ ഇസ്‌ലാമിക മൂല്യങ്ങളുടെ ഒരു Normative layer കൂടെ ഉൾച്ചേർത്തതുകൊണ്ടോ, പാശ്ചാത്യ ബൗദ്ധികാധിപത്യത്തിൽ നിന്നുള്ള വിമോചനം സാധ്യമാകില്ല. പകരം, നിലവിലുള്ള സാമ്പത്തികജ്ഞാനത്തെ വിമർശനാത്മകമായി പരിശോധിക്കുകയും, അതിലെ ജ്ഞാനശാസ്ത്രപരമായ മുൻധാരണകൾ (epistemological assumptions) തിരിച്ചറിയുകയും, ഇസ്‌ലാമിക ലോകദർശനത്തിൽ നിന്ന് അവയെ പുനർനിർവചിക്കുകയും, പുതിയ രീതിശാസ്ത്രങ്ങൾ വികസിപ്പിക്കുകയും, അവയെ പിന്തുണയ്ക്കുന്ന അധികാര ഘടനകൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ഇസ്ലാമിക് എക്കണോമിക്സിനെ പൂർണമാക്കുന്നത്.
അതുകൊണ്ട് തന്നെ, ഇസ്‌ലാമിക് എക്കണോമിക്സിന്റെ അടുത്ത ഘട്ടം “Islamization of economics” എന്നതിൽ നിന്ന് “reconstruction of economic knowledge” എന്നതിലേക്ക് നീങ്ങേണ്ടതുണ്ട്. ചോദ്യം ഇനി “conventional economics-നെ എങ്ങനെ ഇസ്‌ലാമികമാക്കാം?” എന്നതല്ല; മറിച്ച് “ഇസ്‌ലാമിക ലോകദർശനത്തിൽ നിന്ന് സാമ്പത്തിക യാഥാർഥ്യത്തെ എങ്ങനെ പുനർവിചിന്തനം നടത്താം?” എന്നതാകേണ്ടിയിരിക്കുന്നു. ആധുനിക നവലോകക്രമത്തോടു എതിരിടുകയും അതിൻ്റെ ചൂഷണങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്ന ശക്തമായൊരു ജ്ഞാനശാസ്ത്ര അടിത്തറയ്ക്ക് മാത്രമേ ഇസ്ലാമിക് എക്കണോമിക്സ് എന്ന മഹത്തായ മുന്നേറ്റത്തിന് യഥാർഥ ചാലകശക്തിയാകാൻ സാധിക്കൂ.
അവലംബം:
- Chapra, M. U. (1992). Islam and the economic challenge. The Islamic Foundation.
- Al-Daghistani, S. (2021). The making of Islamic economic thought: Islamization, law, and moral discourses. Cambridge University Press.
- Susamto, A. A. (2020). Toward a new framework of Islamic economic analysis. American Journal of Islam and Society. https://doi.org/10.35632/ajis.v37i3-4.591
- Levent, A., & Afacan, F. (2026). Islamic Economics and Economics as a System of Power. (2026). Turkish Journal of Islamic Economics, 13(1), 61–86. https://doi.org/10.26414/A513
- Choudhury, N. (2016, April 24). Tawhidi law of unity of knowledge [Video]. YouTube.
- Arshad, M. N. M. (2025, December 4). The dual structure of Islamic economics: Economics of religion and religious economics. Islamic Economics Project.
- Gunasti, S. (2024). Modern Islam and reform in the late Ottoman Empire. In C. Tee, F. Vicini, & P. Dorroll (Eds.), The Oxford handbook of religion in Turkey (pp. 21–36). Oxford University Press. https://doi.org/10.1093/oxfordhb/9780197624883.013.37








