Campus Alive

ജെൻഡർ : ജ്ഞാന ശാസ്ത്രപരവും രാഷ്ട്രീയവുമായ അപകോളനീകരണത്തെക്കുറിച്ച്

“ജെൻഡർ തിയറി”യോട് വിമർശനപരമായ വിയോജിപ്പുകൾ സാധ്യമാക്കാനുള്ള പുതിയ ഒരു ചക്രവാളം ഇത്തരം ഇടർച്ചകൾ തുറന്നിടുന്നുണ്ട്. ആസന്നമായ, എന്നാൽ ഇനിയും പൂർത്തിയായിട്ടില്ലാത്ത ഒരു അപകോളനീകരണ നീക്കത്തിന്റെ (decolonial turn) ഭാഗമാണ് അവ- പശ്ചാത്യേതര സന്ദർഭങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള സമീപകാല പശ്ചാത്യൻ പഠനങ്ങളുടെ ജ്ഞാനശാസ്ത്രപരവും രാഷ്ട്രീയവുമായ ചട്ടങ്ങളെ പുനർ ഉത്പാദിപ്പിക്കുന്ന “കുതന്ത്രപരമായ യൂണിവേഴ്സലിസത്തിന്”1 വലിയ വെല്ലുവിളിയാണ് ഇത് ഉയർത്തുന്നത്. കൊളോണിയാലിറ്റിയും മറ്റു ഇന്റർസെക്ഷണൽ കാറ്റഗറികളായ മതം, വംശം (race), ജെൻഡർ മുതലായവയും തമ്മിലുള്ള ബന്ധത്തെ പ്രതി-ചരിത്രവത്കരിക്കുക വഴി (counter historicization), അവയുടെ ആശയപരവും രാഷ്ട്രീയവുമായ പ്രത്യാഘാതങ്ങളെ സ്വാതന്ത്രമായും (independently) ഇന്റർസെക്ഷണലായും വിലയിരുത്താൻ കഴിയുന്നതാണ്. ജെൻഡർ പഠനങ്ങളിലെ (gender studies) അപകോളനീകരണ മൊമന്റ് അതിന്റെ നിർമാണ ദശയിലാണ്, “ജെൻഡറിന്റെ കോളനിപരത” (coloniality of gender) എന്നാ ആശയത്തിന്റെ പുനഃ/പരിഗണനകൾ ഇപ്പോൾ ഉയർത്തപ്പെട്ടു കൊണ്ടിരിക്കുന്നുണ്ട്.2 മതം എന്ന കാറ്റഗറിയിൽ നിന്നു ഭിന്നമായി ഈ മൊമന്റ് പക്ഷേ, പശ്ചാത്യൻ സന്ദർഭങ്ങളിൽ പുരുഷ കേന്ദ്രീകൃത അധികാരത്തെ തുറന്നു കാണിക്കാൻ ഫെമിനിസ്റ്റുകൾ ഉപയോഗിച്ച ജെൻഡർ എന്ന ആശയത്തിന്റെ സങ്കീർണമായ ചരിത്രത്തിൽ അകപ്പെട്ടു കിടക്കുകയാണ്. അതുകൊണ്ടുതന്നെ, ഈ വിശകലനപരമായ കാറ്റഗറി പ്രാഥമികമായും ഒരു വിമോചന ഉപാധി എന്ന നിലക്കാണ് മനസ്സിലാക്കപ്പെടുന്നത്.

ഉദാഹരണത്തിന്, ജെൻഡറിനെയും മതത്തെയും കുറിച്ച് 1980കളിലും 90കളിലും പുറത്തുവന്ന വിമർശന പഠനങ്ങളുടെ സ്വഭാവം ജെൻഡേർഡ് അസമത്വങ്ങളെയും അസന്തുലിതത്വങ്ങളെയും “വിധ്വംസകമായി അസ്വസ്ഥപ്പെടുത്തുന്ന”തും അവയിൽ “ചരിത്രപരമായ വിള്ളലുകൾ” സാധ്യമാക്കുന്നതുമായിരുന്നു.3 ഴോൺ വാലഷ് സ്ക്കോട്ട് അദ്ദേഹത്തിന്റെ ‘ജെൻഡർ ആൻഡ് ദി പൊളിറ്റിക്സ് ഓഫ് ഹിസ്റ്ററി’ എന്ന പുസ്തകത്തിൽ പറയുന്നത് പോലെ, ജെൻഡറിന്റെ വ്യവസ്ഥാപരമായ ചോദ്യങ്ങൾ (programmatic questions) വിവിധ പഠന ശാഖകളിലും അറിവിന്റെ പല മേഖലകളിലും ഇടർച്ച/അട്ടിമറി സാധ്യമാക്കുന്ന ഫ്രെയിം ആയി തുടരുന്നു. അത്തരം ചോദ്യങ്ങളിൽ ഉള്ളടങ്ങിയിരിക്കുന്നത്,

ഏത് സാഹചര്യങ്ങളിൽ, എപ്രകാരമാണ് ഓരോ ലിംഗങ്ങൾക്കും പ്രത്യേകമായ റോളുകളും ചുമതലകളും നിർവചിക്കപ്പെട്ടത്; എപ്രകാരമാണ് “പുരുഷൻ” “സ്ത്രീ” എന്നീ കാറ്റഗറികളുടെ അർഥത്തിൽ കാലത്തിനും സ്ഥലങ്ങൾക്കും അനുസരിച്ച് മാറ്റങ്ങൾ വന്നത്; എങ്ങനെയാണ് ലിംഗ സ്വഭാവങ്ങളുടെ നിയന്ത്രണ ചട്ടങ്ങൾ ഉത്പാദിപ്പിക്കപ്പെടുകയും അടിച്ചേൽപ്പിക്കപ്പെടുകയും ചെയ്തത്; എങ്ങനെയാണ് “പുരുഷത്വത്തിന്റെയും” (masculinity) “സ്ത്രീത്വത്തിന്റെയും” (femininity) ചോദ്യങ്ങളിൽ അധികാരത്തിന്റെയും അവകാശങ്ങളുടെയും (rights) പ്രശ്നങ്ങൾ ഉടലെടുത്തത്; സാധാരണ ജനങ്ങളുടെ ജീവിതങ്ങളിലും ആചാരങ്ങളിലും പ്രതീകാത്മകമായ നിർമിതികൾ/വ്യവസ്ഥകൾ സ്വാധീനം ചെലുത്തിയത് എപ്രകാരമാണ്; സാമൂഹികമായ കൽപനകൾക്ക് അതിൽ നിന്നും അതിനെതിരെയും ലിംഗ സ്വത്വങ്ങൾ നിർമിക്കപ്പെട്ടത് എപ്രകരമാണ്.4

ഫെമിനിസ്റ്റ് രാഷ്ട്രീയം മുഖേനയും, ആധുനികതയുടെ (modernity) ജെൻഡേർഡ് യഥാർഥ്യങ്ങളുടെ വ്യാപനം മൂലവും ഈ ചോദ്യങ്ങൾ ഏറെകണ്ട് സ്വാഭാവികവത്കരിക്കപ്പെട്ടിട്ടുണ്ട്. ജെൻഡറിന്റെ മർമ പ്രധാനമായ ചോദ്യങ്ങൾ അവയുടെ അനുമാനങ്ങളുടെ ചരിത്രപരമായ പ്രത്യേകതകളെ മുൻനിർത്തി വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, വലിയ മാറ്റങ്ങൾക്കൊന്നും വിധേയമായിട്ടില്ല. മറിച്ച്, ജെൻഡറിലേക്കും അതിന്റെ സഹജമായ ആശയങ്ങളിലേക്കും വിമർശനപരമായ നോട്ടങ്ങൾ മുന്നോട്ട് വെച്ചുകൊണ്ട്, മറ്റനേകം ചോദ്യങ്ങൾ മുന്നോട്ടു വെക്കുന്ന ക്വിയർ തിയറി, പുരുഷത്വ പഠനങ്ങൾ (masculinity) മുതലായ ഉപ വിഷയങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇത്തരം ചോദ്യങ്ങളുടെ സന്ദർഭ നിരപേക്ഷവും വിമർശന രഹിതവുമായ വിവർത്തനങ്ങൾ ഉണ്ടാവുന്നതിൽ സ്ക്കോട്ട് തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. സംഖ്യാപരമായ ജെൻഡറിങ് മാതൃകളിലേക്ക് ചുരുക്കാതെ ഒരു തുറന്ന ചോദ്യമായി നിലനിൽക്കുമ്പോൾ മാത്രമേ ‘ജെൻഡർ’ എന്ന വിശകലന കാറ്റഗറി ഉപയോഗപ്രദമാവുന്നുള്ളൂ.5

ജെൻഡറിനെ ഒരു തുറന്ന ചോദ്യമായി നിലനിർത്തുന്നതിന്റെ ഒരു ഉദാഹരണമാണ് ഒയെവുമിയുടെ ‘വാട്ട്‌ ജെൻഡർ ഈസ്‌ മദർഹൂഡ്‌’ (2016) എന്ന പുസ്തകം. ‘ദി റിപ്രോഡക്ഷൻ ഓഫ് മദറിങ്’ (1978) എന്ന പുസ്തകത്തിൽ നാൻസി ചോടോറോവ് അവതരിപ്പിച്ചിരിക്കുന്ന തിസീസിന്റെ മറിച്ചിടലാണ് യഥാർഥത്തിൽ ഒയെവുമി നടത്തുന്നത്. പുരുഷ മേധാവിത്വത്തിന്റെ പ്രശ്നത്തെ അമ്മയുടെ മനസ്ഥിതി (psyche)ലാണ് ചോടോറോവ് കുടിയിരുത്തുന്നത്, എന്നാൽ പുരുഷ മേധാവിത്വത്തെ ഒരു സർവ വ്യാപിയായ ചരിത്ര യഥാർഥ്യമായി കാണുന്നതിനെ തന്നെ ഒയെവുമി ചോദ്യം ചെയ്യുന്നു.6 ഭരണകർത്താവ് എന്ന അർഥം വരുന്ന യോറുബ പദത്തിന് ജെൻഡേർഡ് ആയ ‘രാജാവ്’ എന്ന അർഥം നൽകുന്നതിനെ അവർ ഉദാഹരിക്കുന്നുണ്ട്, കൈമാറി കിട്ടിയ വമൊഴി ചരിത്രത്തെയും ഭാഷയെയും സാംസ്‌കാരികമായി ജെൻഡർവത്കരിക്കുന്നതിന്റെ മാതൃകകളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഉദാഹരണം.7 പത്തൊമ്പതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിലെയും യൂറോപ്പിലെ സെക്ഷ്വൽ നോർമറ്റിവിറ്റികളോട് ചേർത്തു നിർത്തിക്കൊണ്ട് കോളനിവത്കരണത്തിലൂടെയും ആധുനികതയിലൂടെയും മുസ്‌ലിം ലോകത്തെ സെക്ഷ്വാലിറ്റിയെ കുറിച്ചുള്ള ആശയങ്ങൾ എങ്ങനെയാണ് പുനരാലോചിക്കപ്പെട്ടത് എന്നതിന്റെ സൂക്ഷമമായ വായനയിൽ ഉപരിസൂചിത ഉൾക്കാഴ്ച്ചകൾ മാറ്റൊലി കൊള്ളുന്നുണ്ട്.8 ആഫ്രിക്കൻ ഭാഷയെയും സംസ്കാരത്തെയും കോളനിവത്കരണത്തിന്റെ പ്രയോക്താക്കൾ (തെറ്റായി)വിവർത്തനം ചെയ്തതിന്റെ നിരവധി പ്രയാസമുളവാക്കുന്ന ഉദാഹരണങ്ങൾ ഓയെവുമി ഉദ്ധരിക്കുന്നുണ്ട്, ഇത്തരം (വ്യാകരണപരവും ആശയപരവുമായ) വിവർത്തനങ്ങളിൽ അകപ്പെട്ടു പോവുന്നതിൽ നിന്ന് തദ്ദേശീയ ജ്ഞാനശാസ്ത്രത്തെ വിമോചിപ്പിക്കുന്നതിന്, തദ്ദേശീയ ഭാഷയിൽ ഉൾക്കൊണ്ടിരിക്കുന്ന ആശയ ലോകത്തെ പുനർനിർമിക്കുകയും, മറ്റൊരു വശത്ത് ഒരു വിശകലന കാറ്റഗറി എന്ന നിലക്ക് ജെൻഡറിന്റെ വംശാവലിയും (അതിന്റെ രാഷ്ട്രീയവും) വിമർശനപരമായി മനസ്സിലാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് അവർ പറഞ്ഞുവെക്കുന്നു.

1980കൾ മുതൽ പ്രചാരത്തിലുള്ള ജെൻഡറിന്റെ വ്യവസ്ഥാപരമായ ചോദ്യങ്ങൾ ഇസ്‌ലാം-ജെൻഡർ സ്കോളർഷിപ്പിൽ അതി പ്രധാനമാണ്. എന്നാൽ അവയുടെ പിളർപ്പുണ്ടാക്കുന്ന വിധത്തിലുള്ള പ്രയോഗങ്ങൾ, ഈ മേഖലയെ നിർമിക്കുന്ന സാംസ്‌കാരികവും സ്ഥാപനപരവും ജ്ഞാനശാസ്ത്രപരവുമായ ഘടകങ്ങളിൽ സവിശേഷമായി വർത്തിക്കുന്നവയാണ്.

അത്തരം വർക്കുകളിലെ മൂന്ന് പ്രധാനപ്പെട്ടതും പലപ്പോഴും ബന്ധപ്പെടുന്നതുമായ ചിന്തകളെ ഇപ്രകാരം വിശദീകരിക്കാം: 1. ജെൻഡറിനെ കുറിച്ചുള്ള ചരിത്രപരവും പ്രമാണപരവുമായ അന്വേഷണങ്ങൾ, ഇസ്‌ലാമിക സദർഭങ്ങളിൽ ജെൻഡർ തിയറിയെ അടയാളപ്പെടുത്താനും അതിന്റെ പ്രതി-ചരിത്രവത്കരണങ്ങൾ (counter historicizations) നിർമിക്കാനുമുള്ള പ്രയാസത്തെ ഇത് വെളിപ്പെടുത്തുന്നു; 2. ഓറിയന്റലിസത്തിന്റെ ഉത്തരാധുനിക വിമർശനങ്ങൾ, ആധുനികതയുടെ ജ്ഞാനശാസ്ത്ര മാതൃകകൾക്കുള്ളിൽ നിന്നുകൊണ്ട് ജെൻഡറിനെ കുറിച്ചുള്ള ഓറിയന്റലിസ്റ്റ് ശരികളെ (ഭൂത കാലത്തിനും വർത്തമാന കാലത്തിലും ഉത്പാദിപ്പിക്കപ്പെട്ട) ചോദ്യം ചെയ്യുന്നവ; 3. മുസ്‌ലിം സന്ദർഭങ്ങളിൽ ജെൻഡർ അ/നീതിയെ കുറിച്ചുള്ള ബൗദ്ധിക/പരിഷ്കാരണ ചിന്തകൾ, ജെൻഡറിന്റെയും അതിന്റെ ലിബറൽ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെയും വിശകലന ഉപാധികളെ കാര്യമായി ഊന്നിക്കൊണ്ട്, ഇസ്‌ലാമിക നിയമത്തിലും നൈതികതയിലും ജെൻഡർ നോർമറ്റിവിറ്റിയിലും പ്രയോഗികവും രാഷ്ട്രീയവുമായ ഇടപെടലുകൾ നടത്തുന്ന ഊന്നലുകൾ എന്നിവയാണവ.

പശ്ചാത്യൻ യൂറോകേന്ദ്രീകൃത ജ്ഞാനശാസ്ത്ര പദ്ധതികളിൽ നിന്ന് ഉരുവം കൊള്ളുന്ന ആശയങ്ങളോടുള്ള ആശ്രിതത്വം ഇസ്‌ലാം-ജെൻഡർ പഠനങ്ങളെ ഞെരുക്കുന്നുണ്ട്. അനീതികരമായ സാമൂഹിക രാഷ്ട്രീയ അസമത്വങ്ങളെ ചെറുക്കാൻ ശ്രമിക്കുമ്പോഴും ഇസ്‌ലാമും ജെൻഡറും അതിന്റെ ഫെമിനിസ്റ്റ് രാഷ്ട്രീയവും തമ്മിലുള്ള ജ്ഞാനശാസ്ത്രപരമായ അസമത്വങ്ങളെ ഇതു ആഴത്തിൽ കോറി വെക്കുന്നുണ്ട്. ഇസ്‌ലാമിനെയും ജൻഡറിനെ കുറിച്ച അന്വേഷണങ്ങളെയും അടച്ചു നിർത്തുന്ന മുൻപേ നിർണയിച്ചു വെക്കപ്പെട്ട ചോദ്യങ്ങൾക്ക് പുറത്തു കടന്നു കൊണ്ട്, ജെൻഡറിനെ തുറന്ന ചോദ്യമായി നിലനിർത്തുക എന്നതാണ് ഇവിടെ ഉയരുന്ന/ഉയർത്തുന്ന ആവശ്യം. ഇതിന് ആദ്യം ആവശ്യമായി വരുന്നത്, ഒന്ന്, ഒരു വിശകലന കാറ്റഗറി എന്ന നിലക്ക് ജെൻഡറിന്റെ ചരിത്രപരതയെ അന്വേഷിക്കുക എന്നതാണ്, ശേഷം അതിനെ സത്താപരമായി നമ്മുടെ ലോകവീക്ഷണത്തിന്റെ ഭാഗമായി മാറ്റിയ (ഇന്ന് നമ്മൾ എല്ലാത്തിലും ജെൻഡറിനെ പല രൂപങ്ങളിൽ കാണുന്നു) ആധുനികതയുടെ അവസ്ഥയെയും ചോദ്യം ചെയ്യേണ്ടതുണ്ട്. രണ്ടാമതായി, സെക്സ് അടിസ്ഥാനപ്പെടുത്തിയുള്ള വ്യത്യാസങ്ങൾ എപ്പോഴും സവിശേഷമോ പ്രധാനമോ ആയി കാണുന്നില്ലെങ്കിൽ, അഥവാ, ജെൻഡർ വ്യത്യാസത്തിന്റെ (difference) യുക്തിയിലൂടെയാണ് വ്യാഖ്യാനിക്കാൻ താത്പര്യപ്പെടുന്നതെങ്കിൽ, എന്താണ് ജെൻഡർ പഠനങ്ങളുടെ ആശയപരമായ അർഥങ്ങൾ എന്ന് ഗൗരവതരമായി ചിന്തിക്കേണ്ടതുണ്ട് (ഇസ്‌ലാമുമായി ബന്ധപ്പെട്ട ഉപരിസൂചിത പഠനങ്ങളിൽ എല്ലാം ഈ നിരീക്ഷണങ്ങൾ സൂചിപ്പിക്കപ്പെട്ടിട്ടുണ്ട്). ജെൻഡർ വ്യത്യാസം (gender difference) മുഖ്യ സംസ്ഥാപന തത്വമായി വർത്തിക്കുന്ന പശ്ചാത്യൻ യുറോ കേന്ദ്രീകൃത ജെൻഡർ തിയറിയുടെ അനുമാനങ്ങൾക്കും ആചാരങ്ങൾക്കും പ്രധാന വെല്ലുവിളിയാവുന്നത് ഇവയാണ്. മൂന്നാമതായി, ജെൻഡറിനെ തുറന്ന ചോദ്യമായി നിലനിർത്തുക എന്നത് സൈദ്ധാന്തിക പുനരാലോചനക്ക് വേണ്ടി നിലവിലുള്ള ചോദ്യങ്ങളെ ചരിത്രവത്കരിക്കുക (എന്ത്, എന്തുകൊണ്ട്, ആരുടെ ചോദ്യങ്ങൾ9, എങ്ങനെ അവർ സർവവ്യാപിയായി മുതലായവ) എന്നതു മാത്രമല്ല, ജെൻഡറിനെ കുറിച്ചുള്ള ആശയപരമായ അറിവിനെ ഉത്പാദിപ്പിക്കുന്ന ഇസ്‌ലാമിക ജ്ഞാനശാസ്ത്രത്തെയും അതിന്റെ സ്രോതസ്സുകളെയും മുൻനിർത്തി കൊണ്ട് പുതിയ ചോദ്യങ്ങൾ ഉയർത്തി ഇത്തരം ചോദ്യങ്ങളെ പ്രവിശ്യാവത്കരിക്കേണ്ടതുമുണ്ട് (provincialize). ഉദാഹരണത്തിനു പറയുകയാണെങ്കിൽ, ജെൻഡറിനെ കുറിച്ച് ചിന്തിക്കുമ്പോൾ സെക്സ്ഡ് അല്ലാത്ത (unsexed), ജെൻഡർവത്കൃതമല്ലാത്ത (ungendered) നഫ്സ് എന്ന ആശയത്തിന്റെ സാധാരണത്വം എന്തിനെയാണ് സൂചിപ്പിക്കുന്നത്, എങ്ങനെയാണ് ജെൻഡർ ന്യൂട്രലും ജെൻഡർ-വ്യത്യസ്തവുമായ ശരീഅത്തിന്റെ ബാധ്യതകളെ പൂർത്തീകരിക്കുന്നതിനോട് അവ എങ്ങനെയാണ് ബന്ധപ്പെടുന്നത്- ഇത് രാഷ്ട്രീമായും നൈതികമായും ഇസ്‌ലാമിനുള്ളിൽ സംഭവിക്കുന്നത് മാത്രമല്ല, മറിച്ച് സാംസ്‌കാരികമായും വിശകലനപരമായും ജെൻഡർ എന്ന കാറ്റഗറിയെ സംബന്ധിച്ചും എങ്ങനെയാണ് എന്ന് ആലോചന വേണം. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ജെൻഡർ എന്ന വിശകലനപരമായ കാറ്റഗറിയെ അതിന്റെ പശ്ചാത്യൻ ഭൗതിക മെറ്റാഫിസിക്സിൽ നിന്നും വിമോചിപ്പിക്കുക സാധ്യമാണോ എന്ന ആലോചന.

ഈ പഠന മേഖലയിലുള്ള നിരവധി മുസ്‌ലിം സ്കോളർമാരെ സംബന്ധിച്ചിടത്തോളം, “ഓർണമെന്റൽ ഡിസന്റ്” (ഇന്റിമേറ്റ് എനിമി എന്ന പുസ്തകത്തിൽ ആഷിഷ് നന്ദിയുടെ പ്രയോഗം) യൂണിവേഴ്‌സലിസ്റ്റ് പശ്ചാത്യൻ ബോധ്യത്തിലേക്ക് ഇസ്‌ലാം ജെൻഡർ അറിവുൽപാദനങ്ങൾ ചുരുങ്ങി പോവുന്നതിനെ ചെറുക്കാനുള്ള ഒരു മാർഗമാണ് ഇത്- കാരണം ഒരു സാധു (meek) ഭൂമിയെ അനന്തരമെടുക്കുന്നത് സാധുത്വം (meekness) കൊണ്ടു മാത്രമല്ല, അവർക്ക് കാറ്റഗറികളും ആശയങ്ങളും ആവശ്യമായി വരും, ചില സമയത്ത് പ്രതിരോധനങ്ങളും.10 കൂടാതെ, നിരവധി ജ്ഞാനശാസ്ത്ര പദ്ധതികളിലൂടെ പുനരാലോചനകൾ നടത്തിക്കൊണ്ട് ജെൻഡറിനെ വിശാലാർഥത്തിൽ ഒരു ഉപയോഗപ്രദമായ കാറ്റഗറിയായി നിലർത്തുന്നതും ഇതിന്റെ ഉദ്ദേശ്യമാണ്.

റെഫെറൻസ്

  1. Krishnan Ram-Prasad, “Reclaiming the Ancient World: Towards a Decolonized Classics,” July 3, 2019, https://eidolon.pub/ reclaiming-the-ancient-world-c481fc19c0e3.
  2. Maria Lugones, “The Coloniality of Gender,” in The Palgrave Handbook of Gender and Development, ed. W. Harcourt (London: Palgrave Macmillan, 2016), 13-33.
  3. മതം എന്ന കാറ്റഗറിയെ അപനിർമിച്ച തലാൽ അസാദിന്റെ വർക്ക് വളരെ പ്രധാനമായിരുന്നു. വംശം (race), ജെൻഡർ, ക്രിസ്റ്റ്യാനിറ്റി എന്നിവയുമായി ബന്ധപ്പെട്ട അതിന്റെ കൊളോനിയാലിറ്റിയെ കുറിച്ച് പഠനം നടത്തിയ ചിന്തകരെയും സ്കോളർമാരെയും കുറിച്ച ചർച്ചക്ക് “കണ്ടന്റിങ് മോഡേണിറ്റീസ്” എന്ന വെബ്സൈറ്റിൽ ഫെബ്രുവരി 2020 മുതൽ ആരംഭിച്ച സീരീസിലെ ലേഖനങ്ങൾ കാണുക. https://contendingmodernities.nd.edu/decoloniality/
  4. Morny Joy, “Gender and Religion: A Volatile Mixture,” Temenos 42, no. 1 (2006): 7-30.
  5. Joan Wallach Scott, “Gender: Still a Useful Category of Analysis?” Diogenes 225 (2010): 7-14, 9.
  6. Ibid., 14.
  7. Oyeronke Oyewumi, What Gender is Motherhood? Changing Yorùbá Ideals of Power, Procreation, and Identity in the Age of Modernity (London: Palgrave Macmillan, 2016).
  8. Ibid., 77ff; see, also, Invention of Women, 80ff.
  9. Oyewumi, Invention of Women, 176.
  10. Ashis Nandy, The Intimate Enemy: Loss and Recovery of Self Under Colonialism (New Delhi: Oxford University Press, 1988), xiii

ശുറൂഖ് നാഖിബ്