അമേരിക്കയിൽ ഇലക്ഷൻ നടക്കുന്ന മാസം ഫലസ്തീനെക്കുറിച്ച് ആലോചിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം അനേകം തിരിച്ചറിവുകൾ ഉൾക്കൊള്ളുന്ന ഒരു പ്രക്രിയയാണ്. എന്തു കൊണ്ടാണ് അമേരിക്കൻ തിരഞ്ഞെടുപ്പിൽ വിദേശ നയം ഒരു പ്രശ്നമായിരിക്കുന്നത്? ഒരു താരതമ്യം നടത്തിയാൽ നമ്മുടെ നാട്ടിലെ തിരഞ്ഞെടുപ്പിൽ വിദേശ നയം, ഒന്നുകൂടി സവിശേഷമായി പറഞ്ഞാൽ, നമ്മുടെ രാജ്യത്തിന് മറ്റൊരു രാജ്യവുമായുള്ള ബന്ധം തെരഞ്ഞെടുപ്പിനെ വലിയ അളവിൽ സ്വാധീനിക്കുന്ന ഒരു വിഷയമായി വരാറില്ല. അമേരിക്കയെ സംബന്ധിച്ചിടത്തോളം വിദേശ നയം ഒരു സവിശേഷ പ്രശ്നമാണെന്ന് മാത്രമല്ല, വിദേശനയം ചില രാഷ്ട്രീയ വിഭാഗങ്ങളെ മറ്റു രാഷ്ട്രീയ വിഭാഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന ഒരു ഘടകം കൂടിയാണെന്ന് കാണാം. തീവ്രവാദത്തെക്കുറിച്ച് സമീപ ചരിത്രത്തിൽ വ്യാപകവൽക്കരിക്കപ്പെട്ടതും സാമാന്യവൽക്കരിക്കപ്പെട്ടതുമായ വ്യവഹാരങ്ങളും വരർധിച്ച കുടിയേറ്റവും അതോടൊപ്പം അമേരിക്കൻ പട്ടാളക്കാർ പുറം നാടുകളിൽ അനുഭവിക്കുന്ന സുരക്ഷാ പ്രശ്നങ്ങളും അമേരിക്കൻ ജനതക്ക് പ്രശ്നകരമായ ഒന്നാക്കി വിദേശ നയത്തെ മാറ്റി. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് അമേരിക്ക ഒരു സാമ്രാജ്യമാണ് (empire) എന്നതാവാം ഒരു പക്ഷേ ഈ വിവരണത്തിന്റെ ഒരു എളുപ്പ ചുരുക്കം. ഫലസ്തീനിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യ അമേരിക്കയുമായി ബന്ധപ്പെടുന്നത് അമേരിക്കൻ വിദേശ നയത്തോടുള്ള വിമർശനത്തിന്റെ ഭാഗമായിട്ടാണോ അതോ അതിനപ്പുറമുള്ള മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ? ഞാൻ ഈ ലേഖനത്തിൽ അന്വേഷിക്കാൻ പോകുന്നത് ഈ പ്രശ്നത്തെയാണ്.
തലാൽ അസദിന്റെ ഓൺ സൂയിസൈഡ് ബോംബിംഗ് അഥവാ ചാവേറാക്രമണത്തെ സംബന്ധിച്ച് എന്ന 2007-ലെ പുസ്തമാണ് ഈ അന്വേഷണത്തിന്റെ അവലംബം. ഈ പുസ്തകത്തെ ഞാന് പുനർ വായിക്കാൻ തുടങ്ങുന്നത് ലബനോനിലെ പ്രതിരോധ പ്രസ്ഥാനമായ ഹിസ്ബുല്ലയുടെ രക്തസാക്ഷ്യം വഹിച്ച നേതാവ് ഹസൻ നസ്രുള്ള പ്രഭാഷണങ്ങളുടെ വെളിച്ചത്തിലാണ്. നിന്നുള്ളയുടെ പ്രഭാഷണങ്ങളുടെ ഒരു സവിശേഷത എന്തെന്നാൽ അത് ലബനാനിലെ രാഷ്ട്രീയ സാഹചര്യത്തെയും ഇസ്രായേലിനെതിരെയുള്ള പ്രതിരോധത്തിന്റെ സമകാലീനതയെ സംബന്ധിച്ചും എപ്പോഴും പൊതുജനത്തിന് വിശകലന വ്യക്തത നല്കും എന്നതാണ്. പ്രത്യേകിച്ച് തെക്കൻ ലെബനാനിലെ സാധാരണക്കാർക്ക്. ഇസ്രയേലിന്റെയും യൂറോപ്യൻ രാജ്യങ്ങളുടെയും മാധ്യമപരവും പ്രോപഗണ്ടാപരവുമായ സ്വാധീനം വലിയ അളവിൽ നിലനിൽക്കുന്ന ലെബനാനിൽ പലപ്പോഴും സമകാലീനതയെ കുറിച്ച് വ്യക്തത നൽകുന്നത് നസ്രുളളയുടെ പ്രഭാഷണങ്ങളാണ്. പ്രത്യേകിച്ച്, തൂഫാനുൽ അഖ്സക്ക് ശേഷം പ്രതിരോധ മാർഗ്ഗത്തിൽ ഹിസ്ബുല്ലയുടെയും ലെബനാന്റെയും പങ്കിനെക്കുറിച്ചും പുതുതായി സംഭവിക്കുന്ന സംഭവ വികാസങ്ങളെക്കുറിച്ചും അവസാന വാക്ക് നസ്റുല്ലയുടെ പ്രഭാഷണങ്ങളായിരിക്കും. അതു കൊണ്ട് തന്നെ, മുസ്ലിംകളുടെ ലെനിനെന്ന് നോർമൻ ഫിങ്കെല്സ്റ്റീനും താൻ കണ്ടതില് വെച്ച് ഏറ്റവും ബുദ്ധിമാനായ നേതാവെന്ന് എഡ്വേഡ് സൈദും വിശേഷിപ്പിച്ച നസ്റുള്ളയുടെ രക്തസാക്ഷ്യം സാധാരണക്കാരായ ലെബനീസ് ജനതക്കേല്പിച്ച ആഘാതം വലുതാണ്. സവിശേഷമായി, അതിഭീകരമാം വണ്ണം വിഭജിതമായ ജനതയാണ് ലെബനീസ് സമൂഹം. ആ സമൂഹത്തെ ഒരു ചരടിൽ കോർത്ത് നിറുത്തി മുന്നോട്ടു കൊണ്ട് പോകുക എന്ന ഭാരിച്ച ദൗത്യം ഇനി ആരേറ്റെടുക്കും എന്ന ചോദ്യം നിലനിൽക്കുന്നു.
നസ്റുള്ളയുടെ പ്രഭാഷണങ്ങളിൽ നിരന്തരം കടന്നു വരാറുള്ള ഒരു വാദമാണ് ഗാസയിലെ കൂട്ടക്കൊല അവസാനിപ്പിക്കാനുളള ചരട് അമേരിക്കൻ ഗവണ്മെന്റിന്റെ കയ്യിലാണ് എന്നത്. നസ്റുള്ള നിരന്തരം ആവർത്തിക്കുന്ന വാദമാണ് ഇസ്രായേൽ എന്നത് ജൂയിഷ് സുപ്രീമസിയുടെ ഭാഗമായി നിലനിൽക്കുന്ന ഒരു പവർ പ്രൊജക്ടാണ് എന്ന വാദം ശരിയല്ല എന്നത്. സുന്നീ സമൂഹങ്ങൾ, പ്രത്യേകിച്ച് അറബ് നാടുകളിൽ, ഇസ്രായേലിനെ കാണുന്നത് ഒരു ജൂയിഷ് പൈശാചികതയുടെ ഉല്പന്നമായാണ്. ഈ സങ്കല്പം നസ്റുള്ളയെ സംബന്ധിച്ചിടത്തോളം ഒരു സാമ്രാജ്യത്വ നിർമ്മിതിയാണ്. ഇസ്രായേൽ യഥാർത്ഥത്തിൽ ഒരു അമേരിക്കൻ സാമ്രാജ്യത്വ നിർമ്മിതിയാണ് എന്നതാണ് നസ്റുള്ളയുടെ വാദം. ഇതിന്റെ കാരണങ്ങളിലൊന്ന് ഇസ്രായേലിനെ നിലനിർത്തുന്ന ഭൗതിക അടിസ്ഥാന സൗകര്യം അമേരിക്കയാണ് എന്നാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ ജൂതർ അമേരിക്കൻ സാമ്രാജ്യത്തെ നിയന്ത്രിക്കുകയല്ല, മറിച്ച് അമേരിക്കൻ സാമ്രാജ്യം ജൂയിഷ് സൂപ്രീമസിയെ നിർമ്മിക്കുകയാണ് എന്നു ചുരുക്കം. ഇത് കൃത്യമായ ഒരു ഭൗതിക വിശകലനമാണ്.
നസറുള്ളയെ കുറച്ച് കൂടി വികസിപ്പിച്ചു ചിന്തിക്കുന്നത് ഇവിടെ പ്രധാനമാണ് എന്നു തോന്നുന്നു. പലപ്പോഴും സുന്നീ അറബ് രാജ്യങ്ങൾ ഇസ്രായേലിനെക്കുറിച്ച് ചിന്തിക്കുന്നത് ഈ ഭൗതിക യാഥാർത്ഥ്യത്തെ തിരിച്ചറിയാതെയാണ് എന്നു ചുരുക്കം. ഇതിന് കാരണം, സുന്നീ ദേശ രാഷ്ട്രീയം വികസിച്ചു വന്നത് അമേരിക്കൻ സാമ്രാജ്യത്തെ കേന്ദ്രീകരിച്ചാണ്. പ്രത്യേകിച്ച് ഈജിപ്ത് കേന്ദ്രീകരിച്ച സുന്നീ അറബ് രാഷ്ട്രീയം യോം കിപ്പൂർ (ഇസ്രായേലുമായുള്ള ആറുദിന യുദ്ധം) യുദ്ധത്തോട് കൂടി അവസാനിച്ചു. ഈ ഘട്ടം മുസ്ലിം അറബ് രാഷ്ട്രീയത്തെ സംബന്ധിച്ച് സുപ്രധാനമാണ്. ഈ യുദ്ധം അറബ് ദേശീയതയെയും അവസാനിപ്പിച്ചു.
അറബ് ദേശീയതയായിരുന്നു മുസ്ലിം രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട പോസ്റ്റ് കൊളോണിയൽ ആവിഷ്കാരം. ഈ ഘട്ടത്തിൽ സോവിയറ്റ് യൂണിയൻ അറബ് ദേശീയതയിലൂന്നിയ മുസ്ലിം അന്താരാഷ്ട്രീയത്തെ വലിയ അളവില് പിന്തുണച്ചു. പക്ഷെ, യോം കിപ്പൂർ യുദ്ധത്തോടു കൂടി അറബ് ദേശീയതയും അതിന്റെ അടിസ്ഥാന സൗകര്യമായി വർത്തിച്ചിരുന്ന ഈജിപ്തും സിറിയയും തകരുകയും സൗദിയും ദുബായിയും കേന്ദ്രീകരിച്ച പുതിയൊരു സുന്നീ മുസ്ലിം സമ്പന്നത രൂപപ്പെട്ടു വരികയും ചെയ്തു.
ഇതാകട്ടെ, മുസ്ലിം രാഷ്ട്രീയത്തിന്റെ അതുവരെ ഉണ്ടായിരുന്ന ഈജിപ്ത് കേന്ദ്രീകരിച്ച സോഷ്യലിസ്റ്റ് സ്വഭാവത്തിൽ നിന്നുള്ള പൂർണമായ വിടുതലായിരുന്നു. ഇങ്ങനെ ഈജിപ്ഷ്യൻ സോവിയറ്റ് സോഷ്യലിസത്തിൽ നിന്നുള്ള അമേരിക്കൻ കേന്ദ്രീകൃത ഫൈനാൻഷ്യൽ കാപിറ്റലിസത്തിലേക്കുള്ള മുസ്ലിം ലോകത്തിന്റെ പരിവർത്തനമാണ് ഇസ്രായേലിന്റെ ചരിത്രത്തിൽ നിർണ്ണായകമായി വർത്തിക്കുന്നത്. ഈ പരിവർത്തനമാണ് ഇസ്രായേലിന്റെ വെസ്റ്റ് ഏഷ്യയിലെ നിർണായകമായ പങ്കിനെ ഊട്ടിയുറപ്പിച്ചതും. ഇത് സംഭവിക്കുന്നത് അമേരിക്കൻ രക്ഷാകർതൃത്വത്തിലാണ്. ഇതിനെയാണ് നസ്രുള്ള വെല്ലുവിളിച്ചത്.
ഈ പരിവർത്തനം നടക്കുന്ന എഴുപതുകളുടെ അന്ത്യത്തിൽ മറ്റൊന്നു കൂടി നടക്കുന്നുണ്ട്. അതാണ് ഇറാനിയൻ ഇസ്ലാമിക വിപ്ലവം. ഇറാനിയൻ ഇസ്ലാമിക വിപ്ലവം മുസ്ലിം ലോകത്തിന്റെ അമേരിക്ക കേന്ദ്രീകരിച്ച ഈ വ്യവസ്ഥാ മാറ്റത്തെ പ്രകടമായി വെല്ലുവിളിച്ചു. ഈ ഘട്ടത്തിൽ അമേരിക്ക സൗദിയുമായി പെട്രോ -ഡോളർ കരാറിലേർപ്പെടുകയും വെസ്റ്റേഷ്യയിൽ നിന്നുള്ള ഊർജോല്പാദനം അമേരിക്കൻ ഫൈനാൻഷ്യൽ മധ്യസ്ഥതയിലാക്കപ്പെടുകയും ചെയ്തു. നേരെ തിരിച്ച്, ഇറാനാകട്ടെ, അമേരിക്കൻ സാംഗ്ഷനുകളാൽ ഞെരിഞ്ഞമരുകയും ലോക മാർക്കറ്റിലേക്കുള്ള ഇറാനിയൻ ഊർജോല്പാദനം തടയപ്പെടുകയും ചെയ്തു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഇറാൻ, സുന്നീ മുസ്ലിം രാജ്യങ്ങളുടെ ഈ വ്യവസ്ഥാ മാറ്റത്തിന് ഒരു ഭീഷണിയായി ചിത്രീകരിക്കപ്പെടുകയും ഈ ഭീഷണിക്കെതിരായ ഒരു സെക്യൂരിറ്റി ബെൽറ്റ് വെസ്റ്റ് ഏഷ്യയിൽ അമേരിക്ക നിർമ്മിച്ചെടുക്കുകയും ചെയ്തു. ഈ ഇറാൻ വിരുദ്ധ സെക്യൂരിറ്റി ബെൽറ്റിന്റെ കേന്ദ്രമാണ് സൗദി അറേബ്യയും തുർക്കിയും.
ചുരുക്കി പറഞ്ഞാൽ എഴപതുകൾക്കു ശേഷം, ഈജിപ്തിന്റെ തകർച്ചാനന്തരം രൂപപ്പെട്ടു വന്ന അമേരിക്കൻ കേന്ദ്രീകൃത സുന്നീ മുസ്ലിം ലോക ക്രമത്തിനകത്ത് പുനർ നിർമ്മിക്കപ്പെട്ട ഒരു ലിബറൽ പ്രൊജക്ടാണ് ഇസ്രായേൽ. അതു കൊണ്ടാണ് ഇറാൻ, ഒരേ സമയം ഇസ്രായേലിന്റെയും തുർക്കിഷ്-സുന്നീ-ഗൾഫ് രാജ്യങ്ങളുടെയും പ്രതിസ്ഥാനത്ത് ചേർക്കപ്പെടുന്നത്. നസ്രുള്ളയെ സംബന്ധിച്ചിടത്തോളം ഈ ട്രജക്ടറിയാണ് ഇസ്രായേലിന് ഏറ്റവും പ്രധാനം.
ഈ ട്രജക്ടറിയുടെ സമകാലീക സാക്ഷാത്കരണമാണ് അബ്രഹാം എക്കോർഡ് എന്നറിയപ്പെടുന്ന, ട്രമ്പ് അഡ്മിനിസ്ട്രേഷൻ രൂപപ്പെടുത്തി നടപ്പിലാക്കിയ, നോർമലൈസേഷൻ പ്രൊജക്ട്. അത് പ്രകാരം, ജറൂസലം പൂർണമായൂം ഇസ്രായേലിന്റെ നിയന്ത്രണത്തിലാവും. ഒക്ടോബർ ഏഴിന് നടന്ന ഹമാസിന്റെ വിപ്ലവപകരമായ മിലിറ്ററി ഓപ്പറേഷൻ വെല്ലുവിളിച്ചത് ഈ ട്രജക്ടറിയെയാണ്.
അമേരിക്കൻ വിദേശനയവും ലിബറലിസവും.
വെസ്റ്റ് ഏഷ്യയിലെ അമേരിക്ക കേന്ദ്രീകരിച്ച ഈ പരിവർത്തനം, അമേരിക്കൻ ആഭ്യന്തര രാഷ്രടീയത്തെയും മാറ്റി മറിച്ചു. ആഭ്യന്തര രാഷ്രീയം, വിദേശനയം എന്നിങ്ങനെയുള്ള വ്യാവഹാരിക വേർതിരിവുകൾ തന്നെ യഥാർത്ഥത്തിൽ അമേരിക്കൻ സാമ്രാജ്യത്വ താല്പര്യങ്ങളാൽ അതി-നിർണ്ണയിക്കപ്പെട്ടതാണ് എന്ന തിരിച്ചറിവ് ഇവിടെ വളരെ പ്രധാനമാണ്. ഈ ഭാഗത്തിൽ ഞാൻ വിശദീകരിക്കാൻ പോകുന്നത് ഈ പോയിന്റാണ്. ഇവിടെയാണ് തലാൽ അസദിന്റെ ഓൺ സൂയിസൈഡ് ബോംബിങ്ങ് എന്ന പുസ്തകത്തിന്റെ പ്രസക്തി. അസദ് ഈ പുസ്തകത്തിൽ നടത്തുന്ന വാദങ്ങളിലൊന്ന്, അമേരിക്കൻ ലിബറൽ സമുദായത്തിന്റെ സ്വതന്ത്ര വിഷയി ആണെന്ന അവകാശവാദത്തെ സാധ്യമാക്കുന്നത് അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മിലിറ്ററി സുപ്രീമസിയും മൂന്നാം ലോക രാജ്യങ്ങളിൽ അമേരിക്ക നടത്തുന്ന രക്തച്ചൊരിച്ചിലും ആണെന്നാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തങ്ങൾ ഫ്രീയും അട്ടോണമസും ആണെന്ന, അമേരിക്കൻ ലിബറലിസത്തിന്റെ ആത്മാവായ, സ്വയം ചിന്ത അമേരിക്കൻ വിഷയികൾക്ക് സാധ്യമാകുന്നത് അമേരിക്കൻ സാമ്രാജ്യത്വം രക്തച്ചൊരിച്ചിലിലൂടെ സാധ്യമാക്കിയ ഇടത്തിലൂടെയാണ്. അമേരിക്കൻ ഉദാരവാദികൾ സ്വയം ചിന്തിക്കുന്നത് തങ്ങൾ സ്വതന്ത്രരാണെന്നാണ്. ഇങ്ങനെ സ്വയം സ്വതന്ത്രരാണെന്ന അവകാശവാദത്തിലൂടെയാണ് അവർ സ്വന്തം സ്വത്വത്തെ നിർണയിക്കുന്നത്; അത് ലിംഗ സ്വത്വമാകട്ടെ, മത സ്വത്വമാകട്ടെ, മറ്റു സ്വത്വങ്ങളാകട്ടെ. ഈ സ്വയം രൂപപ്പെടൽ, അല്ലെങ്കിൽ സ്വന്തത്തെക്കുറിച്ചുള്ള അവകാശവാദത്തിന് രണ്ട് പ്രശ്നങ്ങളാണുള്ളത്.
ഒന്ന്, അത്തരം സ്വാതന്ത്ര്യവാദ അവകാശങ്ങൾ ആ വിഷയികളുടെ തന്നെ പല തരത്തിലുള്ള സ്റ്റേറ്റിനും മാർക്കറ്റിനും മേലുള്ള അവലംബത്തെ മറച്ചു വെക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഉദാരസ്വാതന്ത്ര്യ വാദികൾ, യഥാർത്ഥത്തിൽ പാരതന്ത്ര്യരാണ്. ഈ പാരതന്ത്ര്യം നിലനിൽക്കുന്നത് അമേരിക്കൻ സ്റ്റേറ്റിനും ലോക മാർക്കറ്റിനെയും അവലംബിച്ചാണ്.
രണ്ടാമത്തെ പ്രശ്നം ഈ സ്വാതന്ത്ര്യവാദങ്ങൾ സാധ്യമാക്കപ്പെടുന്നത് അമേരിക്കൻ സാമ്രാജ്യം നിർമ്മിച്ചെടുത്ത ആഭ്യന്തര ഇടം എന്ന ഇടത്തിനകത്താണ്. ഈ ആഭ്യന്തര ഇടമാകട്ടെ വിദേശ ഇടത്തെ ബാഹ്യവൽക്കരിച്ചും എതിർ നിർത്തിയും ആണ് സാധ്യമായിരിക്കുന്നത്. ഒന്നുകൂടി വിശദമാക്കിയാൽ, അമേരിക്കൻ ഉദാരവാദികൾ അല്ലെങ്കിൽ ഉദാരവിഷയികൾ സാധ്യമാക്കപ്പെട്ടിരിക്കുന്നത് വിദേശ ഇടത്തെ ബാഹ്യപ്പെടുത്തിക്കൊണ്ടും എതിർ നിർത്തിയും രൂപപ്പെടുത്തിയ ആഭ്യന്തര ഇടത്തിനകത്താണ്. ഈ ഇടപരമായ ഭാഗംവെക്കലിലൂടെയാണ് അമേരിക്കൻ ഉദാരവിഷയി നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ഈ വിദേശം, ആഭ്യന്തരം എന്നിങ്ങനെയുള്ള ഇടപരമായ ഭാഗംവെക്കൽ, അമേരിക്കൻ ഉദാരവിഷയിയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിക്കുമ്പോൾ തന്നെ, ഈ ഭാഗംവെക്കൽ മറ്റു ചില ഇടപാടുകളെ കൂടി സാധ്യമാക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനം ഹിംസയോടുള്ള ഉദാരവാദികളുടെ സമീപനമാണ്.
ഒക്ടോബർ ഏഴിലെ ആക്രമണത്തിനോടുള്ള പലരുടെയും ആദ്യ പ്രതികരണം എന്നത് തങ്ങൾ ഫലസ്തീൻ വിമോചനത്തിന് അനുകൂലമാണെങ്കിലും ഹിംസക്കെതിരാണ് എന്നായിരുന്നു (ജൂഡിത് ബഡ്ലറുടെ എഴുത്തുകളും ബെർണി സാന്റേഴ്സിന്റെ പ്രസ്താവനകളും കാണുക).
ഹിംസാതീതമായ മറ്റു വിമോചനപ്രവർത്തനങ്ങളിലേർപ്പെടുക എന്നതാണ് ഫലസ്തീൻ വിമോചനത്തിന്റെ ഉപാധിയായി അവതരിപ്പിക്കപ്പെട്ടത്. ഇത്, ഇസ്രായേലിന്റെ വ്യാപാര ഉല്പന്നങ്ങൾ ബഹിഷ്കരിക്കുക അടക്കമുള്ള മാർഗ്ഗങ്ങളെക്കുറിച്ച് കൂടുതലായി ആലോചിക്കുന്നതിലേക്ക് നയിച്ചു. ഹിംസ എന്നത് എതാണ്ട് ചരിത്ര നിരപേക്ഷമായ ഒരു വസ്തുവായി സമീപിക്കപ്പെട്ടു. ഹിംസക്കെതിരെ ജനാധിപത്യം മികച്ച ഒരു മാർഗ്ഗമായും ജനാധിപത്യം അതിനാൽ തന്നെ ഹിംസാരഹിതമായ ഒന്നായും ഉദാരവാദികൾ പൊതുവിൽ മനസിലാക്കി.
ഹിംസയോടുള്ള ഇത്ര കണിഷമായ നിലപാടിലേക്ക് ഉദാരവാദികളെ എത്തിച്ചതെന്താണ്? ഇവിടെയാണ് തലാൽ അസദിന്റെ ഓൺ സൂയിസൈഡ് ബോംബിംങ് എന്ന പുസ്തകത്തിന്റെ ഇടപെടൽ ഒന്നു കൂടി പ്രസക്തിയാർജിക്കുന്നത്. ഈ പുസ്തകം മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട വാദങ്ങളിലൊന്ന്, ഹിംസ യഥാർത്ഥത്തിൽ, ഉദാരവാദ രാഷ്ട്രീയത്തിന്റെ രൂപപ്പെടലിന്റെ അടിസ്ഥാന ഹേതുക്കളിലൊന്നാണ് എന്നതാണ്. ഇതിൽ ഉദാരവാദത്തെ സാധ്യമാക്കിയ ദേശ രാഷ്ട്ര നിർമ്മാണത്തിന്റെ ആവിർഭാവ കാരണം ഹിംസയാണ് എന്നത് മാത്രമല്ല, മറിച്ച്, ഉദാരവാദ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഉള്ളടക്കങ്ങളായ സ്വാതന്ത്യം, ജനാധിപത്യം, സമത്വം തുടങ്ങിയ ആശയങ്ങൾ തന്നെ കൊളോണിയൽ ഹിംസയിലൂടെ രൂപപ്പെട്ടതാണ് എന്നതും ഉള്ളടങ്ങിയിട്ടുണ്ട്. ഇപ്രകാരം, ഹിംസ എന്നത് ഉദാരവാദ രാഷ്ട്രീയത്തിനുള്ളിൽ ഉളളച്ചേർന്നവ തന്നെയാണ് എന്നാണ് അസദ് വാദിക്കുന്നത്.
പക്ഷേ, ഇവിടെ നമുക്ക് പ്രധാനം, എങ്ങനെയാണ് ഉദാരവിഷയി ഹിംസയെ ഇത്ര എളുപ്പം പുറത്തേക്ക് നിർത്തുന്നത്? അല്ലെങ്കിൽ, ഹിംസ ഉദാരവാദ ഉള്ളടക്കങ്ങളിൽ ഉളളച്ചേർന്നിട്ടും എങ്ങനെയാണ് ഉദാരവാദികൾക്ക് ഹിംസ വിരോധത്തെ ഒരു സവിശേഷമായ രാഷ്ട്രീയ വാദമായി വികസിപ്പിച്ചെടുക്കാൻ കഴിയുന്നത്?
ഹിംസാവിരോധം തങ്ങളെ തന്നെ സാധ്യമാക്കിയ സാമ്രാജ്യത്തിന്റെ ഹിംസയെ മറച്ചു പിടിക്കാൻ മാത്രമല്ല ഉദാരവാദികളെ സഹായിക്കുന്നത്, മറിച്ച്, ആഭ്യന്തരം- വിദേശം എന്നിങ്ങനെയുള്ള വേർതിരിവിനെ കൂടി സാധ്യമാക്കാൻ ഉദാരവാദികളെ അത് സഹായിക്കുന്നു. ഒന്നു കൂടി വിശദമാക്കിയാൽ, ഹിംസയെ ഉദാരവാദികൾ വിദേശ പ്രശ്നമായും ആഭ്യന്തര മണ്ഡലം ഹിംസാരഹിതമായ ഒന്നായും, അതിനാൽ തന്നെ, ജനാധിപത്യപരമായ ഒന്നായും കാണുന്നു. യഥാർത്ഥത്തിൽ, ഹിംസയെ ഇപ്രകാരം വിദേശ പ്രശ്നമായി കണ്ടു കൊണ്ട് ബാഹ്യവൽക്കരിക്കുന്നതു കൊണ്ടാണ് ആഭ്യന്തര മണ്ഡലം ജനാധിപത്യപരവും സ്വതന്ത്ര്യവുമായ ഒന്നായും നിലനിർത്തപ്പെടുന്നത്.
ഉദാരവാദികളായ വിഷയികൾ സ്വയം നിർമ്മിച്ചെടുക്കുന്നത് ഈ വിദേശം അഥവാ ബാഹ്യം എന്നും ആഭ്യന്തരം അഥവാ വിഷയിയുടെ അകം എന്നുമുള്ള സാമ്രാജ്യത്വ വേർതിരിവിലൂടെയാണ്.
മറ്റു വാക്കുകളിൽ പറഞ്ഞാൽ ഒരു വിമർശന-വിഷയി രൂപപ്പെടുന്നത് വിമർശിക്കപ്പെടുന്നതിന്റെ ബാഹ്യവൽക്കരണത്തിലൂടെയാണ്. ഈ ബാഹ്യവൽക്കരണത്തിന് വിഷയിയെ സജ്ജമാക്കുന്നത്, ആ വിഷയി നിലനിൻക്കുന്ന സാമ്രാജ്യത്വ-ഇടത്തിലൂടെയാണ്. ഹിംസ ഒരു വിമർശന-വിധേയമായ വസ്തുവായി മാറ്റപ്പെടുന്നത് ആ വസ്തുവിന്റെ വിഷയിയിൽ നിന്നുള്ള ബാഹ്യവൽക്കരണത്തിലൂടെ മാത്രമല്ല, മറിച്ച്, വിഷയിയെ തന്നെ നിർമ്മിക്കുന്ന ബാഹ്യം-ആഭ്യന്തരം എന്നിങ്ങനെയുള്ള വേർതിരിവിലൂടെ കൂടിയാണ്. ഈ വാദം ഞാൻ മുന്നോട്ട് വെക്കുന്നത് അമേരിക്കൻ ഉദാരവാദത്തിന്റെ സവിശേഷമായ സാഹചര്യത്തിലാണ് എന്നത് ഞാൻ ഊന്നാനാഗ്രഹിക്കുന്നു.
ഉദാര വിഷയി സ്വയം സ്വതന്ത്രമാണെന്ന വാദം തന്നെ, അങ്ങനെ, അമേരിക്കൻ സാമ്രാജ്യം സാധ്യമാക്കിയ ആഭ്യന്തരം-വിദേശം എന്നിങ്ങനെയുള്ള വ്യാവഹാരികമായ ഇടം തിരിവിന്റെ ഉല്പന്നമാകുന്നു. ഹിംസയെ വിമർശിക്കാനും അതുവഴി ബാഹ്യവൽക്കരിക്കാനും വിഷയിയെ സാധ്യമാക്കുന്നത് അമേരിക്കൻ സാമ്രാജ്യം മനുഷ്യരെ അരുംകൊല ചെയ്തു കൊണ്ട് രൂപപ്പെടുത്തിയ വിദേശം-ആഭ്യന്തരം എന്ന ഇടംതിരിവിന്റെ ഫലമായാണ്.
ഈ ഹിംസയുടെ ബാഹ്യവൽക്കരണം വ്യാവഹാരികമായ ഇടംനിർമ്മിക്കലിന്റെ ഭാഗം മാത്രമല്ല, മറിച്ച്, തികച്ചും അനുഭവപരമായി തന്നെ ഉദാരവാദികൾ വിശ്വസിക്കുന്ന കാര്യമാണ് ഹിംസ നടക്കേണ്ടത് മൂന്നാം ലോകത്താണ്, തങ്ങളുടെ വീട്ടിലല്ല എന്നുള്ളത്. യുദ്ധത്താൽ തകർന്ന മൂന്നാം ലോകത്തു നിന്ന് പടിഞ്ഞാറൻ നാടുകളിലേക്കുള്ള വർധിച്ച കുടിയേറ്റത്തിന്റെ അടിസ്ഥാന യുക്തി തന്നെ ഈ ഹിംസയാൽ തകർന്ന വിദേശവും സമാധാനവും സുരക്ഷിതത്വവുമുള്ള വീടും എന്ന, പഴയ, കോളനി-മെട്രോപോളിറ്റൻ വേർതിരിവാണ്. പടിഞ്ഞാറൻ സാമ്പത്തിക ക്രമം നിലനിൽക്കുന്നത് തന്നെ ഈ അടിസ്ഥാന വേർതിരിവിനെ മുൻനിറുത്തിയാണ്. ഈ ഹിംസയുടെ തീർത്തും ഭൗതികവും അനുഭവപരവുമായ ബാഹ്യവൽക്കരണമാണ് ഹിംസയെ വിദേശ വസ്തുവായി ക്ലിപ്തപ്പെടുത്തിക്കൊണ്ടുളള ആഭ്യന്തര ഉദാരവാദ- വിമർശന വിഷയിയുടെ രൂപപ്പെടലിനെ സാധ്യമാക്കിയത്.
ഹിംസയും ഫലസ്തീനിലെ വിഷയിയും.
അമേരിക്കൻ ആഭ്യന്തരവും സമാനമായി ഇസ്രായേലീ ആഭ്യന്തരവും ഇപ്രകാരം വെസ്റ്റ് ഏഷ്യയിലെ ചോരപ്പുഴയുമായി ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടു തന്നെ, ഒക്ടോബർ ഏഴ് ഈ ആഭ്യന്തരം-വിദേശം എന്നിങ്ങനെയുള്ള വേർതിരിവിനെ ശല്യപ്പെടുത്തിയതെങ്ങനെ എന്ന് അന്വേഷിക്കുന്നത് പ്രധാനമാണ്. ഒക്ടോബർ ഏഴിനെ പൊതുവിൽ അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ വിശേഷിപ്പിച്ചത് ഇസ്രായേലിന്റെ 9/11-ആയാണ്. 9/11 എന്ന രൂപകം ഇവിടെ വളരെ പ്രധാനമാണ്. 9/11-ൻ്റെ പ്രത്യേകത, അത് ബാഹ്യവല്ക്കരിക്കപ്പെട്ട ഹിംസയുടെ തിരിച്ചു വരവാണ് എന്നതാണ്. മറ്റു വാക്കുകളിൽ പറഞ്ഞാൽ, അമേരിക്ക പുറംനാടുകളിൽ നടപ്പാക്കുന്ന ഭീകര ഹിംസയുടെ ഒരു ഭാഗം തിരിച്ചു ആഭ്യന്തരത്തിലേക്ക് വരുന്ന മൊമന്റാണ് 9/11. പക്ഷെ, ആ തിരിച്ചു വരവല്ല, അമേരിക്കൻ ജനതയെ ഞെട്ടിച്ചത്, മറിച്ച്, ആഭ്യന്തരം-വിദേശം, അഥവാ, അകം-പുറം എന്നിങ്ങനെയുള്ള വേർതിരിവിന്റെ തകർച്ചയാണ്. ഈ വേർതിരിവിന്റെ തകർച്ച അമേരിക്കയെ ഒരു സാമ്രാജ്യമല്ലാതാക്കും എന്ന ഞെട്ടലാണ് അമേരിക്കൻ ജനതയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമായി 9/11 മാറ്റിയത്.
ശ്രദ്ധിക്കേണ്ട സംഗതി, 9/11 ഓപറേഷന് ഉപയോഗിപ്പെട്ടത് വിമാനമാണ്, ട്രെയിനോ കാറോ മറ്റു “ആഭ്യന്തര” വാഹനങ്ങളോ അല്ല. വിമാനത്തിന്റെ പ്രത്യേകത അത് വിദേശ യാത്രയുടെ പ്രാഥമിക ഉപകരണവും അടയാളവുമാണ് എന്നതാണ്.
മറ്റു വാക്കുകളിൽ പറഞ്ഞാൽ, വിമാനം പ്രതിനിധീകരിക്കുന്നത് വിദേശീയതയുടെ ആഭ്യന്തര ഇടത്തിലേക്കുള്ള മടങ്ങി വരവിനെയാണ്. ഏതൊരു ജനതക്കും വിമാനം കുളിർമ്മയുള്ള യാത്രയെ പ്രതിനിധീകരിക്കുമെങ്കിൽ, 9/11-ഓടുകൂടി അമേരിക്കൻ വിദേശ ഹിംസയുടെ നാട്ടിലേക്കുള്ള മടങ്ങിവരവിന്റെ അടയാളമായി വിമാനം മാറിത്തീർന്നു. ഒരു പക്ഷെ, കാർ ബോംബാക്രമണത്തിനോ ട്രെയിൻ അപകടത്തിനോ നൽകാനാവാത്ത ആഘാതം വിമാനം അമേരിക്കക്കാർക്ക് നൽകിയത്, 9/11-ലൂടെ സാധ്യമായ ആഭ്യന്തരം-വിദേശം എന്നിങ്ങനെയുള്ള വേർതിരിവിന്റെ, താൽക്കാലികമായെങ്കിലും സംഭവിച്ച, തകർച്ചയിലൂടെയാണ്. ഈ വേർ തിരിവിന്റെ തകർച്ച എന്നതു കൊണ്ടർത്ഥമാക്കുന്നത് അമേരിക്കൻ സാമ്രാജ്യം താൽക്കാലികമായെങ്കിലും സാമ്രാജ്യമല്ലാതായി എന്നുമാണ്. സാമ്രാജ്യമല്ലാതാവുക എന്നാൽ അതിനർത്ഥം, അമേരിക്കൻ ഉദാരവാദ വിഷയി, നിലനിൽക്കാതാവുക എന്നാണ്. ഈ അകം-പുറം എന്ന ഇടംതിരിവിനെ പുനർ സംരക്ഷിക്കുക എന്നതാണ് 9/11 ശേഷം ലോക ചരിത്രത്തിൽ കേട്ടിട്ടില്ലാത്ത തരത്തിലുള്ള സെക്യൂരിറ്റി വ്യവസായം രൂപപ്പെടുന്നതിന്റെ ഹേതു. ചുരുക്കി പറഞ്ഞാൽ 9/11-എന്നത് അമേരിക്കൻ ലിബറലിസത്തിന്റെയും അതിനെ സാധ്യമാക്കിയ സാമ്രാജ്യത്തിന്റെയും അടിസ്ഥാന ശിലയായ അകം-പുറം അല്ലെങ്കിൽ ആഭ്യന്തരം-വൈദേശികം എന്നിങ്ങനെയുള്ള തിരിവിനെയും ആ തിരിവിലൂടെ സാധ്യമാക്കിയ ഹിംസയുടെ ബാഹ്യവല്ക്കരണത്തിന്റെയും താൽക്കാലികമായെങ്കിലും സംഭവിച്ച സസ്പെൻഷനാണ്.
ഇനി നമുക്ക് ഒക്ടോബർ ഏഴിലേക്ക് വരാം. ഒക്ടോബർ ഏഴിന്റെ ഫലസ്തീൻ അനുകൂലികളിൽ പലരും പ്രൊജക്ട് ചെയ്ത ചിത്രം, ഇസ്രായേലിന്റെ വേലിക്കെട്ട് പൊളിക്കുന്ന ബുശടോസറിന്റേതാണെങ്കിലും, പടിഞ്ഞാറൻ, പ്രത്യേകിച്ച്, അമേരിക്കൻ രാഷ്ട്രീയക്കാരും മറ്റു ഇസ്രായേലനുകൂലികളും പ്രൊജക്ട് ചെയ്ത ചിത്രം ഹമാസിന്റെ പോരാളികൾ മെഷീൻ ഗണ്ണുകളുമായി പാരാഗ്ലൈഡറിൽ പറന്നിറങ്ങുന്ന ചിത്രമാണ്. ഈ ആകാശത്തിലൂടെ തിരിച്ചുവരുന്ന ഹിംസ, ലിബറൽ വിഷയിയിൽ നിന്ന് ബാഹ്യവൽക്കരിക്കപ്പെട്ട ഹിംസയുടെ മടങ്ങിവരവിലൂടെ, ലിബറൽ വിഷയിക്ക് സംഭവിച്ച കൊളാപ്സ് കാരണം ആണ് ഒക്ടോബർ ഏഴിനെ പടിഞ്ഞാറൻ കാഴ്ചപ്പാട് സെപ്റ്റംബർ പതിനൊന്നായി വിവർത്തനം ചെയ്തത്. ഇത് വളരെ പ്രധാനമാണ്. കാരണം, തുടർന്നുള്ള ദിവസങ്ങളിൽ ഇസ്രായേലിനെ പടിഞ്ഞാറൻ രാഷ്ട്രീയ നേതാക്കൾ വിശേഷിപ്പിച്ചത് പടിഞ്ഞാറൻ സിവിലൈസേഷന്റെ അവസാന സംരക്ഷകരെന്നാണ്. അഥവാ, ഇസ്രായേൽ വെസ്റ്റേഷ്യയിൽ ഹിംസയെ ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും ബാഹ്യവൽക്കരിച്ചു നിർത്തുന്ന, അതിലൂടെ തങ്ങളുടെ തന്നെ അപാർതീഡിനെ മറച്ചു വെക്കാൻ സാധിക്കുന്ന സവിശേഷമായ ഒരു ലിബറൽ വിഷയിയെ നിർമ്മിച്ചെടുക്കുന്ന ഇടമായി മാറുന്നു. ഈ ലിബറൽ വിഷയിയുടെ നിലനില്പിന് ഹിംസയുടെ വിമർശനപരവും അനുഭവപരവും ഭൗതികവുമായ ബാഹ്യവൽക്കരണം, അഥവാ, ഫലസ്തീനികൾക്കെതിരെയുള്ള വലിയ അളവിലുള്ള ഹിംസ, അനിവാര്യമാകുന്നു. പക്ഷെ, ഫലസ്തീനികൾ നിരന്തരം പ്രതിരോധിക്കുന്നതിനാൽ തന്നെ ഈ ബാഹ്യവൽക്കരണം പലപ്പോഴും പരാജയപ്പെടുകയും ഇസ്രായേലിന്റെ സുരക്ഷയെ ഭീഷണിപ്പെടുത്തപ്പെടുകയും ചെയ്യുന്നു.
നേരത്തെ സൂചിപ്പിച്ച ഈജിപ്തിന്റെയും സിറിയയുടെയും തകർച്ചയോടു കൂടി രൂപപ്പെട്ടു വന്ന ഗൾഫ് കേന്ദ്രീകരിച്ച പുത്തൻ സുന്നീ-അമേരിക്കൻ സമ്പന്നത നിലനിൽക്കുന്നത് സെക്യൂരിറ്റി എന്ന കാറ്റഗറിയെ അടിസ്ഥാനപ്പെടുത്തിയാണ്. സെക്യൂരിറ്റിയാണ് രാഷ്ട്രീയപരവും സാമ്പത്തികപരവും മിലിറ്ററിപരവുമായ ഉല്പാദനവ്യവസായത്തിലേക്ക് ഗൾഫ് രാജ്യങ്ങളെ മാറ്റിയത്. ഈ സെക്യൂരിറ്റി പ്രധാനം ചെയ്യുന്നത് പടിഞ്ഞാറൻ നാടുകളിൽ കൊളോണിയലിസത്തിലൂടെ സാധ്യമായതും, ഫലസ്തീനികളെ കൊല ചെയ്തു കൊണ്ട് ഇസ്രായേൽ സാധ്യമാക്കാൻ ശ്രമിക്കുന്നതുമായ ലിബറൽ വിഷയിയുടെ ഗൾഫ് നാടുകളിലെ നിർമ്മാണമാണ്. ഈ നിർമ്മാണത്തെ തിരിച്ചറിഞ്ഞു തകർക്കാൻ ശ്രമിക്കുന്ന പ്രൊജക്ടാണ് ഹിസ്ബുല്ല.
സെക്യൂരിറ്റി എന്ന സങ്കല്പം ഇസ്രായേലിന് സത്താപരമായി പ്രധാനമാണ്.
ഇതിന് ഒരു കാരണം, ഇസ്രായെലിലേക്ക് പടിഞ്ഞാറിൽ നിന്നുള്ള ജൂതരെ കൊണ്ട് വരണമെങ്കിൽ ഇസ്രായേലിന്, വികസിത രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യം അനിവാര്യമാണ്. തീർച്ചയായും ഇസ്രായേലിന്റെ ദൈവശാസ്ത്രപരവും ചരിതപരവുമായ ആഖ്യാനങ്ങൾക്ക് ന്യൂയോർക്കിലും ലണ്ടനിലും സുഖവാസമനുഷ്ഠിക്കുന്ന വെള്ളക്കാരായ ജൂത കുടുംബങ്ങളെ വരണ്ട വെസ്റ്റേഷ്യൻ മണ്ണിലേക്ക് കൊണ്ടു വരാനാകില്ല. അതു കൊണ്ട് തന്നെ, പടിഞ്ഞാറൻ ഭൗതിക സൗകര്യങ്ങളുള്ള വികസിത രാജ്യമായാൽ മാത്രമേ ഇസ്രായേലിന്, ഒരു ജൂയിഷ് സ്റ്റേറ്റായി നിലനില്ക്കാനാകൂ. സിറിയയും ലെബനാനും ജോർദാനും വെസ്റ്റ് ബാങ്കും ഗസ്സയും അതിർത്തിയിലുള്ള ഒരു രാജ്യത്തിന് പടിഞ്ഞാറൻ മോഡലിലുള്ള വികസിത രാജ്യമാകുക എന്നത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല എന്നതും കാണേണ്ടതാണ്. കാരണം, വികസിത രാജ്യമാകുക എന്നാൽ അവികസിത രാജ്യങ്ങളിൽ നിന്നുള്ള തൊഴിലിന്റെയും മിച്ചമൂല്യത്തിന്റെയും കേന്ദ്രീകരണം സാധ്യമാക്കുക എന്നാണ് അർത്ഥം. ഇങ്ങനെ, ലീനിയറായ മൂലധന സ്വാംശീകരണത്തിലൂടെ മാത്രമേ ഇസ്രായേലിന് വികസിത രാജ്യമായി നിലനിൽക്കാനാകൂ. ഈ സ്വാംശീകരണപ്രക്രിയക്ക് ഏറ്റവും പ്രധാനം മിച്ചമൂല്യത്തിന്റെ ചെറിയ അളവിലുള്ള പങ്കുവെക്കലും (ജോർദാന് നോക്കുക) വർധിച്ച തോതിലുള്ള സെക്യൂരിറ്റിയുമാണ്. ഇവ രണ്ടും സാധ്യമാക്കുക എന്ന പ്രക്രിയയിലായിരുന്നു ഇസ്രായേൽ കഴിഞ്ഞ കുറേ വർഷങ്ങളായി. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന ലബനാനുമായി മെഡിറ്ററേനിയത്തിലെ എണ്ണോല്പാദനം പങ്കു വെക്കാനുള്ള ചർച്ചകൾക്ക് ഇസ്രായേലീ നയതന്ത്രഞ്ജർ പദ്ധതിയിടുമ്പോഴാണ് ഒക്ടോബർ ഏഴ് സംഭവിച്ചതെന്നുമോർക്കുക. ഈ മൂലധന സ്വാംശീകരണത്തിന്റെ അനിവാര്യ ഫലമാണ് വെസ്റ്റ് ബാങ്കിനെ ഇസ്രായേലിന്റെ സമ്പത് വ്യവസ്ഥയിലേക്ക് പാരതന്ത്ര്യപ്പെടുത്തുക എന്നത്.
ഈ പാരതന്ത്ര്യപ്പെടുത്തലിലൂടെ ഒരു മിലിറ്ററി ഇടപെടലില്ലാതെ തന്നെ വെസ്റ്റ് ബാങ്ക് ഇസ്രായേലിന്റെ ഭാഗമായി മാറുകയും ചെയ്യും. ഈ നീണ്ടകാല പദ്ധതിയുടെ ആത്മാവിനേറ്റ തിരിച്ചടിയായിരുന്നു ഹമാസിന്റെ ഓപ്പറേഷന്.
പറഞ്ഞു വരുന്നത്, സെക്യൂരിറ്റി എന്ന സങ്കല്പം ഇസ്രായേലിന്റെ മൂലധന സ്വാംശീകരണത്തിന് അനിവാര്യമാണെന്നും അതിലൂടെ മാത്രമേ ഇസ്രായേലിന് ഒരേസമയം ഒരു എത്നിക് സ്റ്റേറ്റും അതേ സമയം പടിഞ്ഞാറന് മാതൃകയിലുള്ള വികസിത രാജ്യവുമായി നിലനിൽക്കാനാവൂ എന്നാണ്. ഹിംസയെ എളുപ്പം ബാഹ്യവല്ക്കരിക്കാൻ കഴിയുന്ന ഉദാരവാദ വിഷയിയുടെ നിർമ്മാണം അതിലൂടെ മാത്രമേ സാധ്യമാകൂ എന്നർത്ഥം.